അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് തന്നിലേക്ക്  അവൻ ചേർത്തു നിർത്തി, എന്റെ കുഴപ്പം ഞാനിപ്പോൾ നികത്തി തരാംട്ടോ..

(രചന: പാർവതി മഹാദേവൻ)

തന്റെ രചനകൾക്ക്‌ ഇത്രയും ആരാധകരുണ്ടെങ്കിലും, ഒരു കാര്യം പറയാതെ ഇരിക്കാൻ വയ്യ. തന്റെ വാക്കുകളിൽ താൻ പ്രണയം കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, പ്രണയത്തിന്റെ യഥാർത്ഥ ഫീൽ കൊണ്ട് വരാൻ തനിക്ക് കഴിഞ്ഞട്ടില്ല.”-

ഇപ്പോഴും
ആ വാക്കുകൾ കാതുകളിൽ തുളച്ചു കയറുന്ന പോലെ അവൾക്ക് തോന്നി…
ആ ഓർമയിൽ  അവളുടെ കണ്ണുകൾ  ചിമ്മി അടച്ചെങ്കിലും ചുണ്ടുകളിൽ ഒരു കുഞ്ഞി ചിരി ഇപ്പോഴും നിറഞ്ഞു നിന്നു.

ഓർമകളുടെ പഴയ കാലം മനസിൽ കടന്ന് വരുമ്പോൾ തന്റെ കണ്ണുകളിൽ തന്റെടിയായ ആ പഴയ മീരയെ  അവൾ കണ്ടു…

എന്താടി എന്ന്  ആരെങ്കിലും ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കുന്നവൾ…
കോളേജിൽ നടക്കുന്ന  അന്യായങ്ങൾക്ക് എതിരെയുള്ള ഏത് പ്രതിഷേധ സമരത്തിനും മുൻപന്തിയിലുണ്ടാകുമവൾ.
എത്ര വല്യ മല ഇളകി വന്നാലും, താൻ ചെയ്യുന്ന കാര്യത്തിൽ ഒരു കുലുക്കവുമില്ലാതെ ഉറച്ചു നിൽക്കുന്നവൾ.

തനിക്ക് പ്രകടിപ്പിക്കാനുള്ള ഓരോ പ്രതിഷേധങ്ങളും ശക്തമായ വാക്കുകളാൽ പറയുകയും, അക്ഷരങ്ങളാൽ തൂലികയിൽ പകർത്തുകയും ചെയ്യുന്നവൾ.
വിപ്ലവങ്ങൾക്ക് വേണ്ടി മാത്രം തൂലിക ചലിപ്പിച്ചവൾ…..
അതായിരുന്നു മീര എന്ന താൻ.

പിന്നെ എപ്പോഴോ കഥകളുടെയും കവിതകളുടെയും ലോകത്തേക്ക് ക്ഷണമൊന്നുമില്ലാതെ തന്നെ എത്തിപ്പെട്ടു…
വെറുതെ മനസിൽ തോന്നിയ ഓരോന്ന് എഴുതി കൂട്ടി…

കോളേജ് മാഗസിനിലേക്ക്  ഒരു ആർട്ടിക്കിൾ വേണമെന്ന് പറഞ്ഞതിന് വേണ്ടി  കുറച്ച് വരികൾ എഴുതിയാലോ എന്ന ആലോചനയിൽ നിന്നുമാണ് പ്രണയമെന്ന വിഷയത്തെ കുറിച്ച് എഴുതാമെന്ന് കരുതിയത്.

ക്യാമ്പസ്സിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രണയങ്ങളോട് തീർത്തും എതിർപ്പും പുച്ഛവും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന തന്നിൽ നിന്നും പ്രണയം എന്ന വിഷയത്തെ കുറിച്ചൊരു കവിത ആരും പ്രതീക്ഷിച്ചിരുന്നില്ല….
എല്ലാരുടെയും മുൻപിലെ ഹൃദയമില്ലാത്തവൾ
അന്ന്  ഹൃദയത്തെ കുറിച്ചെഴുതിയ വരികൾ എല്ലാർക്കും അതിശയമായിരുന്നു…

“മീരയുടെ കൃഷ്ണനെ കുറിച്ചെഴുതിയ വരിയായിരിക്കും…. “- എന്ന അടക്കി പിടിച്ചുള്ള സംസാരം കേട്ടാണ് പിറ്റേന്ന് താൻ ക്ലാസിലേക്ക് വരുന്നത്.

ശരിക്കും അത് കേട്ടപ്പോൾ കലിയാണ് വന്നത്.
മീരയുടെ കൃഷ്ണൻ പോലും…..
അങ്ങനെ ഒരു കൃഷ്ണന് വേണ്ടിയും കാത്തിരിക്കുന്നവളല്ല ഈ മീര……
അങ്ങനെ ഒരു പ്രണയവും തനിക്ക് ആരോടുമില്ല………..

അങ്ങനെ തന്നെ എല്ലാരോടും പറഞ്ഞു…
പക്ഷെ, അതിന് ശേഷം തന്റെ തൂലികയിൽ
നിന്നും സൃഷ്ടിക്കപ്പെട്ടതെല്ലാം പ്രണയത്തെ കുറിച്ച് തന്നെയായിരുന്നു.
മനസ്സിൽ പ്രണയത്തെ എതിർത്തു കൊണ്ട് പ്രണയത്തെ കുറിച്ച് തൂലികയിലൂടെ പടർത്തിയ നിമിഷങ്ങൾ…..
എത്ര വിരോധമായ പ്രതിഭാസം….

എഴുതിയ രചനകളെല്ലാം തന്നെ പ്രസിദ്ധീകരിച്ചു.
അങ്ങനെ വിരലിൽ എണ്ണാൻ കഴിയുന്ന അത്ര ആൾക്കാർ വായിച്ചു തുടങ്ങിയ തന്റെ രചനകൾ കൂടുതൽ ആൾക്കാർ വായിക്കാൻ തുടങ്ങിയിരിക്കുന്നു.
പലരും മീരയുടെ പ്രണയം ചാലിച്ച വരികളെ കുറിച്ച് പുകഴ്ത്തി പറഞ്ഞു….

പക്ഷെ, ഒരിക്കൽ ഒരുവൻ മാത്രം….
” എടൊ തന്റെ രചനകൾക്ക് ഒരു ആത്മാവില്ലെടോ….
ജീവനില്ലാത്ത ഒരു ജഡം പോലെയാണ് തന്റെ രചനകൾ എനിക്ക് തോന്നുന്നത് “- വെറും അപരിചിതനായ അയാളുടെ വാക്കുകൾ എന്നെ വല്ലാതെ മുറിവേൽപ്പിച്ചു… ഒപ്പം അതെനിക്ക്  അയാളോട് ദേഷ്യവും തോന്നിച്ചു.

“എന്റെ ഓരോ രചനകളും എന്റെ ആത്മാവിനാലാണ് ഞാൻ സൃഷ്ടിച്ചത്… അത് കൊണ്ട് തന്നെ അതിന് ജീവനില്ലെന്ന് നിങ്ങൾ പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല.”-  അവൾ വാശിയോടെ തന്നെ അയാളോട് അന്ന് തർക്കിച്ചു.

“അതെ, തന്റെ ആത്മാവ് തന്നെയാടോ പ്രശ്നം.
തന്റെ ആത്മാവിലില്ലാത്ത ഒരു ഭാവമാണ് തന്റെ രചനയിൽ താൻ പടർത്തുന്നത്. അത് കൊണ്ട് തന്നെയാ കൃത്രിമമായി താൻ സൃഷ്ടിച്ച ആ ഭാവം നിറഞ്ഞ തന്റെ രചനയ്ക്ക് ജീവനില്ലാത്തത്.”- അയാളുടെ വാക്കുകൾ കേട്ട് തന്റെ വായ അറിയാതെ അടഞ്ഞു പോയി.

**ശരിയാണ് അയാള് പറഞ്ഞത്.
തന്റെ ആത്മാവിലില്ലാത്ത ഭാവം തന്നെയാണ്
തന്റെ രചനകളിൽ  നിറഞ്ഞു നിൽക്കുന്നത്… പക്ഷേ അതൊന്നും ഒരിക്കലും താൻ മനപ്പൂർവം  കൃത്രിമമായി സൃഷ്ട്ടിച്ചതല്ല….. അറിയാതെ തന്നെ തന്റെ തൂലികയാൽ സൃഷ്ടിക്കപ്പെട്ടതാണ്  അതിലെ ഓരോ പ്രണയജോഡികളും….
ഓരോ പ്രണയം തുളുമ്പുന്ന വരികളും…**(മീര  മനസിലോർത്തു)

പിന്നീടുള്ള ദിനങ്ങളിൽ തന്റെ മനസ്സിൽ ജന്മം കൊണ്ട വരികളൊന്നും അവൾ എഴുതിയില്ല.
അവൾക്ക് തൂലികയിൽ പടർത്താൻ തോന്നിയില്ലാന്ന് പറയുന്നതാവും ശരി.
തന്റെ ആത്മാവിലില്ലാത്ത ഭാവം ഇനിയും പടർത്തുന്നത് അർത്ഥ ശൂന്യമായി അവൾക്ക് തോന്നി.

പലരും ചോദിച്ചു.. മീരയുടെ തൂലിക എന്താ  നിശ്ചലമായതെന്ന്?

അവൾക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു…
“കാത്തിരുപ്പാണ്…….”

പക്ഷെ, എന്തിന് വേണ്ടിയുള്ള കാത്തിരുപ്പ്?
അത് പലരും ചോദിച്ചപ്പോഴും വെറുതെ ചിരിച്ചതെ ഉള്ളു. എന്തിനുള്ള കാത്തിരുപ്പാണെന്ന് അവളും തേടുകയായിരുന്നു….
ആത്മാവിലെ ഭാവങ്ങൾ മാറുന്നതിനു വേണ്ടിയുള്ള കാത്തിരുപ്പ്….
അതവളുടെ മനം മാത്രം അവളോട്‌ മൊഴിഞ്ഞു.

വർഷങ്ങൾക്ക് ശേഷം….

വീണ്ടും മീരയുടെ തൂലിക ചലിച്ചിരിക്കുന്നു…..
അവളുടെ രചന….
*നിനയ്ക്കാതെ തളരിട്ട വസന്തകാലം.*

“മീരയുടെ കാത്തിരുപ്പ് അവസാനിച്ചതിന്റെ സൂചനയല്ലേ വർഷങ്ങൾക്ക് ശേഷമുള്ള ഈ രചന? “- ആ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുൻപിൽ ചിരിയോടെ നിന്നതല്ലാതെ  അവൾ ഒന്നും പറഞ്ഞില്ല.

“താൻ ചിരിക്കാതെ കാര്യം പറയെടോ. എനിക്ക് ഇത് മാഗസിനിൽ റിപ്പോർട്ട്‌ ചെയ്യാനുള്ളതാ…..”- അയാൾ ഈർഷയോടെ അവളോട്‌ മൊഴിഞ്ഞു.

“അതെ, എന്റെ ഇത്രയും നാളത്തെ കാത്തിരുപ്പിന്റെ വിരാമമാണ് ഈ രചന… അത് പോലെ പുതിയ കാത്തിരുപ്പിന്റെ തുടക്കവുമാണ് ഈ രചന “- മീര ചിരിയോടെ പറഞ്ഞു.

“ഈ അഞ്ചു വർഷം വേണ്ടി വന്നോ തനിക്ക് ഈ കാത്തിരുപ്പ് അവസാനിപ്പിക്കാൻ?”-  അപ്പോഴേക്കും അയാളുടെ അടുത്ത ചോദ്യം  വന്നു കഴിഞ്ഞിരുന്നു.

“വേണ്ടി വന്നു… ഈ അഞ്ചു വർഷങ്ങൾ…
എന്നിലേക്ക് മാറ്റങ്ങൾ കൊണ്ടു വരാൻ. എന്റെ ആത്മാവിലേക്ക്‌ പുതിയ ഭാവങ്ങൾ നിറയ്ക്കാൻ…
നിറമാർന്ന വസന്തമാകുന്ന ലഹരി നിറയ്ക്കാൻ……
ആ ലഹരി എന്റെ തൂലികയാൽ നിറം ചാർത്താൻ….”- മീര  നിറഞ്ഞ ചിരിയോടെ പറഞ്ഞു.

“Is it true?
നിങ്ങൾക്ക് ആ ലഹരി പൂർണമായും തൂലികയിൽ പടർത്താൻ സാധിച്ചോ?”- കുസൃതി ചിരിയോടെയുള്ള അയാളുടെ ചോദ്യം കേട്ട്  മീര അയാളെ കൂർപ്പിച്ചു നോക്കി.

“അതെ എനിക്ക്  ആ ലഹരി പൂർണമായും തൂലികയിൽ പടർത്താനായി എന്ന് തന്നെയാണ്  എന്റെ വിശ്വാസം.”- മീര ആത്മവിശ്വാസത്തോടെ പറഞ്ഞു.

“പൂർണമായി തനിക്ക് ആ ലഹരി തന്റെ അക്ഷരങ്ങളിൽ പകർത്താനായില്ലെന്ന് ഞാൻ പറഞ്ഞാൽ?”- ഒറ്റപ്പുരികം ഉയർത്തി
പിടിച്ച് അയാള് പറയുന്നത് കേട്ട് മീര
അയാളെ നോക്കി.

“അങ്ങനെ നിങ്ങൾക്ക് തോന്നിയാൽ അത് നിങ്ങളുടെ പരാജയമാണെന്നെ ഞാൻ പറയു.”- മീര  ഉറച്ച ശബ്ദത്തിൽ പറഞ്ഞിട്ട് വെട്ടി തിരിഞ്ഞു നടന്നു.

പക്ഷെ അപ്പോഴും ആ ചെറുപ്പക്കാരന്റെ മുഖത്ത് പുഞ്ചിരി മാത്രം നിറഞ്ഞു നിന്നു.

“നിനക്കായി  ഞാൻ എഴുതിയ ഓരോ അക്ഷരങ്ങൾക്കും ശക്തിയുണ്ടായിരുന്നു.
എന്റെ ഹൃദയത്തിന്റെ ഉള്ളറയിൽ തളച്ചിട്ട അക്ഷരങ്ങളായിരുന്നു അവ.

പലപ്പോഴും കെട്ടു വിട്ടു പോയ പട്ടം പോലെ,
ചങ്ങല പൊട്ടിച്ചു പുറത്ത് ചാടാൻ നിൽക്കുന്ന
പ്രാന്തനെ പോലെ എന്റെ അക്ഷരങ്ങളും
എന്നിൽ നിന്നും മോചനം ആഗ്രഹിച്ചു.
എന്നിട്ടും എന്റെ അക്ഷരങ്ങൾക്ക് ജീവനില്ലെന്ന് പറഞ്ഞു കൊണ്ട് നീ എന്നെ
വിമർശിച്ചു.” –  മേശപ്പുറത്തിരുന്ന കടലാസിലെ ആ വരികൾ വായിക്കുമ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി തത്തി കളിച്ചു.

“ആഹാ, മീരയുടെ പുതിയ കാത്തിരുപ്പിന്റെ തുടക്കമാണോ ഇത്? “- ചോദ്യം ചോദിക്കുന്നതിനോടൊപ്പം അവളുടെ
തലയ്ക്കിട്ടൊരു കൊട്ട് കൊടുക്കാനും അവൻ മറന്നില്ല…

“പോ അവിടുന്ന്..
എന്നോട് നിങ്ങൾ ഒന്നും ചോദിക്കേണ്ട….
ഇല്ലെങ്കിൽ തന്നെ, നിങ്ങൾക്ക് തന്നെ സ്വന്തമായിട്ട് ഓരോ
ഉത്തരങ്ങളുണ്ടല്ലോ…..”- മീര പരിഭവത്തോടെ  പറയുന്നത് കേട്ട്  അവൻ ഉറക്കെ ചിരിച്ചു.

അത് കൂടെ കേട്ടപ്പോൾ മീരയ്ക്ക് പിടിച്ചു നിൽക്കാനായില്ല. അവൾ  അവന്റെ അടുത്ത് ചെന്ന് അവന്റെ കവിളിൽ ദേഷ്യത്തോടെ  പല്ലുകളാഴ്ത്തി….

“ആഹ്…. എടി പട്ടി കുട്ടി….
അടയ്ക്കയുടെ അത്രയുള്ള നീ എത്തി കുത്തി നിന്നെന്നെ കടിച്ചെല്ലേ……?”- അവൻ  മീരയെ കൂർപ്പിച്ചു  നോക്കി കൊണ്ട് ചോദിച്ചു.

” എന്നെ കളിയാക്കിയാൽ ഇനിയും ഞാൻ  നിങ്ങളെ കടിക്കും…..കെട്ട്യോനാണെന്നെന്നും ഞാൻ നോക്കില്ല മിസ്റ്റർ.”- മീര അവനെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഓഹ് ആയിക്കോട്ടെ… എന്നും കൊള്ളുന്നതല്ലേ…. ഇതൊക്കെ നമുക്ക് ശീലമായി……..
ആ അതൊക്കെ പോട്ടെ…. നീ എന്റെ പരാജയമാണെന്നൊക്കെ പറയുന്നത് കേട്ടല്ലോ?”- അവൻ ചോദിക്കുന്നത് കേട്ട് മീര അവനെ നോക്കി ശരിയാണെന്ന മട്ടിൽ തല കുലുക്കി….

“അതേല്ലോ…. എനിക്ക് എന്റെ ആത്മാവിലെ ഭാവം മൊത്തത്തിൽ എന്റെ തൂലികയിൽ പടർത്താൻ കഴിയിഞ്ഞില്ലെന്ന് നിങ്ങൾ പറഞ്ഞാൽ അതിനർത്ഥം നിങ്ങളുടെ പരാജയം തന്നെയാണ് “- മീര

“എന്റെയോ?”- സംശയത്തോടെയുള്ള അവന്റെ ചോദ്യത്തിന് മീര അവനെ നോക്കി ചിരിച്ചു.

“അതെ നിങ്ങളുടെ തന്നെ….
എന്റെ ആത്മാവിൽ അന്നില്ലെന്ന് നിങ്ങൾ പറഞ്ഞ ആ ഭാവമുണ്ടല്ലോ… അതെന്നിൽ ജനിപ്പിച്ചത് ദേ ഈ താലിയുടെ അവകാശിയാണ്….
എന്നിലെ അന്തരംഗത്തിൽ നിന്നും അത്രയും ആഴത്തിൽ പ്രണയമെന്ന ഭാവം പടർത്തിയത് എന്റെ ഈ അവകാശിയാണ്.
അങ്ങനെയുള്ളപ്പോൾ….

എന്റെ ആത്മാവിലെ ലഹരി പൂർണമായും എനിക്ക് എന്റെ തൂലികയിൽ പടർത്താൻ കഴിഞ്ഞില്ല എന്ന് പറയുമ്പോൾ………
അതാരുടെ കുഴപ്പമാ Mr. അനന്തൻ ?
നിങ്ങൾ തന്നെ പറയ്……”- വലത്തെ പുരികം ഉയർത്തി  പിടിച്ച് കുസൃതി ചിരിയോടെ ചോദിക്കുന്നവളെ കണ്ട്  അവന് ചിരി പൊട്ടിയെങ്കിലും, അവനത് ചുണ്ട് കടിച്ച് പിടിച്ചു കൊണ്ട് അടക്കി നിർത്തി. മുഖത്ത് ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു കൊണ്ട് അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് തന്നിലേക്ക്  അവൻ ചേർത്തു നിർത്തി.

“എന്റെ കുഴപ്പം ഞാനിപ്പോൾ നികത്തി തരാംട്ടോ………”-തന്റെ കണ്ണുകളിലേക്ക് നോക്കി വശ്യതയോടെ പറയുന്നവനെ കണ്ട് മീരയുടെ കണ്ണുകൾ പിടച്ചു.
ഒപ്പം അവളുടെ ചൊടികളിൽ നാണത്തിന്റെ ചുവന്ന പൂക്കൾ വിരിഞ്ഞു.

അത് കണ്ട് അനന്തൻ ചിരിയോടെ അവളുടെ നുണക്കുഴി കവിളുകളിൽ അമർത്തി ചുംബിച്ചു.
അവൾ അവന്റെ നെഞ്ചിലും തന്റെ പ്രണയം ചാലിച്ച ചുംബനം സമ്മാനിച്ചു.

മീരാനന്തം
അവന്റെ അനന്തമായ പ്രണയം മീരയിൽ എന്നും പടർന്നു കൊണ്ടേ  ഇരിക്കും…
ഒപ്പം മീരയുടെ ആഴത്തിലുള്ള അനുരാഗം അനന്തനിലും എന്നും പൊഴിഞ്ഞു കൊണ്ടേ ഇരിക്കും……
ആ പ്രണയത്തിൻ ലഹരിയിൽ അവളുടെ തൂലിക എന്നെന്നും ചലിക്കും……..