അത് പറ്റില്ല ഏട്ടാ.. ഇവിടെ വന്നു എന്റെ ചൂടും പറ്റി കിടക്കുന്ന ഒരു ഭർത്താവിനെ അല്ല എനിക്ക് വേണ്ടത്. നിങ്ങൾക്ക് ഗൾഫിൽ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“നീ ഫുഡ്‌ കഴിച്ചോ.. ”

” ഉവ്വ് ഏട്ടാ.. ഏട്ടനോ.. ”

” കഴിച്ചു… ചിലപ്പോ അടുത്ത ആഴ്ച എനിക്ക് സെറ്റിൽമെന്റ് തുക കിട്ടിയേക്കും അങ്ങനാണേൽ ഞാൻ പെട്ടെന്ന് തന്നെ കേറി വരും നാട്ടിലേക്ക് ”

ദുബായിൽ നിന്നും നാട്ടിലേക്കുള്ള പതിവ് ഫോൺ വിളിയിൽ ആയിരുന്നു വിഷ്ണുവും ഭാര്യ സൂര്യയും.

“അപ്പോ എന്താ ഏട്ടന്റെ പ്ലാൻ തിരികെ നാട്ടിലേക്ക് തന്നെ വരാൻ നിൽക്കുവാണോ ”

അവളുടെ വാക്കുകളിൽ ചെറിയരീതിയിൽ വേവലാതി നിറഞ്ഞത് മനസിലാക്കി വിഷ്ണു.

” നോക്കട്ടെ… വിവാഹം കഴിഞ്ഞിട്ടും ആകെ ഒരു മാസമല്ലേ നിനക്കൊപ്പം നിൽക്കാൻ പറ്റിയുള്ളൂ. ഇനീപ്പോ കുറച്ചു നാള് നാട്ടിൽ വന്നു എന്തേലുമൊക്കെ ജോലി ചെയ്ത് നിനക്കൊപ്പം നിൽക്കാനാ എന്റെ തീരുമാനം. ഉള്ളത് കൊണ്ട് ഓണം പോലെ നമുക്ക് അടിച്ചു പൊളിച്ചു ജീവിക്കാടോ ”

അവന്റെ മറുപടി കേട്ട ശേഷം ഫോണിന്റെ മറു തലയ്ക്കൽ അല്പസമയം നിശബ്ദത പരന്നു.

“ഹലോ… സൂര്യ.. കേൾക്കുന്നില്ലേ നീ.. ”

സംശയത്തോടെ വിഷ്ണു ചോദിക്കട്ടെ ഒരു ചുടു നിശ്വാസം അവന്റെ കാതുകളിൽ വന്നടിച്ചു.

” ദേ ചേട്ടാ… ജോലി പോയി നിങ്ങള് നാട്ടിലേക്ക് വരാൻ നിൽക്കരുത്. എനിക്കത് നാണക്കേട് ആണ്. കല്യാണം കഴിഞ്ഞിട്ട് ആകെ രണ്ട് മാസമാണ് ആയിട്ടുള്ളത്. അതിനിടക്ക് നിങ്ങൾ ജോലി പോയി വന്നാൽ പിന്നെ നാട്ടുകാരുടെ മുന്നിൽ തലയുയർത്തി നടക്കാൻ പറ്റില്ല. എങ്ങനേലും വേറെ ജോലി കണ്ടെത്തി അവിടെ തന്നെ പിടിച്ചു നിൽക്കണം. ”

സൂര്യയുടെ ശബ്ദത്തിലെ പെട്ടെന്നുള്ള മാറ്റം വിഷ്ണുവിനെ അമ്പരപ്പിച്ചു.

” എന്താ സൂര്യേ നീ ഇങ്ങനൊക്കെ പറയുന്നേ.. ഞാൻ മനഃപൂർവം ഒന്നും ചെയ്തതല്ലല്ലോ . ഞങ്ങടെ കമ്പനി ആകെ പൊളിഞ്ഞ മട്ടാണ്. എല്ലാവരുടെയും ജോലി പൊയ്ക്കൊണ്ടിരിക്കുവാ. ഈ കൊറോണയൊക്കെ വന്നേ പിന്നെ ഇവിടെ വല്യ പാടാ… തത്കാലത്തേക്ക് നാട്ടിൽ വന്നു നിൽക്കാം കുറച്ചു നാൾ എന്നിട്ട് നല്ല ഓഫർ ഏതേലും നോക്കി തിരികെ കേറാം.. അതാ നല്ലത് ”

” അത് പറ്റില്ല ഏട്ടാ.. ഇവിടെ വന്നു എന്റെ ചൂടും പറ്റി കിടക്കുന്ന ഒരു ഭർത്താവിനെ അല്ല എനിക്ക് വേണ്ടത്. നിങ്ങൾക്ക് ഗൾഫിൽ നല്ല ജോലിയാണെന്ന് പറഞ്ഞല്ലേ അന്ന് പെണ്ണ് കാണാൻ വന്നത് എന്നിട്ടിപ്പോ ജോലിയും പോയി റൂമിൽ കുത്തി ഇരിക്കുന്നു. അതും പോരാഞ്ഞിട്ട് ഇപ്പോ ദേ തിരിച്ചു വരാൻ പോണെന്ന്.. ഇത് ശെരിയാവില്ല.. ഇങ്ങനാണേൽ നമ്മൾ ഒന്നിച്ചു പോകില്ല ”

അറുത്തുമുറിച്ചവൾ പറഞ്ഞു നിർത്തുമ്പോൾ ആകെ നടുക്കത്തിൽ ആയിരുന്നു വിഷ്ണു

” സൂര്യേ .. ഈ അവസരത്തിൽ എനിക്ക് സപ്പോർട്ട് ചെയ്യേണ്ടതല്ലേ നീ.. ആ നീ ആണോ ഇങ്ങനെ പറയുന്നേ.. ”

” എന്ത് സപ്പോർട്ട്… ഗൾഫു കാരനാണെന്ന് പറഞ്ഞു വന്നു എന്നെ കെട്ടിയിട്ട് ഇപ്പോ നാട്ടിൽ വന്നു കൂലിവേല എടുക്കാൻ പോണ് ന്ന് കേൾക്കുമ്പോ അതിനു ഞാൻ സപ്പോർട്ട് ചെയ്യണോ.. നിങ്ങൾ നാട്ടിൽ വരികയാണെങ്കിൽ ഞാൻ എന്റെ വീട്ടിലേക്ക് പോകും അത് ഉറപ്പ്.. ”

അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ കോൾ കട്ട്‌ ചെയ്തു സൂര്യ. കേട്ടത് വിശ്വസിക്കാൻ കഴിയാതെ നടുക്കത്തിൽ അങ്ങിനെ ഇരുന്ന് പോയി വിഷ്ണു.

മേൽ പറഞ്ഞ പോലെ രണ്ട് മാസം മുന്നെയാണ് വിഷ്ണുവിന്റെയും സൂര്യയുടെയും വിവാഹം നടന്നത്. ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർ വൈസർ ആയി ജോലി നോക്കിയിരുന്ന വിഷ്ണു വിവാഹ ശേഷം ഒരുമാസം ലീവ് കഴിഞ്ഞു തിരികെ ദുബായിൽ എത്തുമ്പോഴാണ് ജോലി നഷ്ടമാകുന്നത്.

വിവാഹം നടന്നത് വഴി ചെറിയൊരു കട ബാധ്യതയൊക്കെയായി തിരികെയെത്തിയ വിഷ്ണുവിന് പെട്ടെന്ന് ജോലി നഷ്ടമായത് വലിയൊരു ആഘാതമായിരുന്നു. അതിനിടയ്ക്കാൻ ഇപ്പോൾ ഭാര്യയുടെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു പെരുമാറ്റം കൂടി. ആകെ തകർന്നു പോയി അവൻ.

” ടാ അളിയാ നീ ടെൻഷൻ ആകാതെ.. അവള് അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞതാവും.. ”

കൂട്ടുകാർ ആശ്വസിപ്പിച്ചെങ്കിലും പെട്ടെന്നുള്ള സൂര്യയുടെ മാറ്റം വിഷ്ണുവിന് വല്ലാത്ത നടുക്കം തന്നെയായിരുന്നു . അന്ന് പിന്നീട് പലവട്ടം അവളെ വിളിക്കാൻ ശ്രമിച്ചെങ്കിലും കോളെടുക്കുവാൻ സൂര്യ തയ്യാറായില്ല. മാത്രമല്ല. വാട്ട്സാപ്പിൽ ഒരു ഗുഡ് നൈറ്റ് മെസേജ് ഇട്ട് അവൾ നെറ്റും ഓഫ്‌ ചെയ്തു വച്ചിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ വീണ്ടും വിളിച്ചു നോക്കി വിഷ്ണു. അന്നേരം കോൾ എടുത്തു സൂര്യ.

” എന്താ സൂര്യ ഇത് ഇന്നലെ എത്ര നേരം വിളിച്ചു ഞാൻ നീ എന്തെ ഫോൺ എടുക്കാതിരുന്നത്. ”

വിഷ്ണുവിന്റെ ചോദ്യം കേട്ടിട്ടും ആദ്യം നിശബ്ദയായി അവൾ .

” നീ എന്താ മിണ്ടാത്തെ ”

വീണ്ടുമവൻ ആവർത്തിച്ചു.

” ഒന്നുമില്ല.. നിങ്ങൾ നാട്ടിലേക്ക് വരുവാണേൽ ഞാൻ എന്റെ വീട്ടിലേക്ക് പോകും അച്ഛനോട് ഇന്നലെ സംസാരിച്ചു ഞാൻ. അച്ഛൻ എന്നെ വന്നു കൂട്ടിക്കൊണ്ട് പോകാമെന്നു പറഞ്ഞിട്ടുണ്ട്. ”

വിഷ്ണുവിന് അടുത്ത നടുക്കമായിരുന്നു ആ വാക്കുകൾ

” നീ ഇതെന്തൊക്കെയാണ് ഈ പറയുന്നത്. ഇത്രയ്ക്ക് കാട് കേറി ചിന്തിക്കേണ്ടതുണ്ടോ ഇപ്പോഴേ.. ഞാൻ നാട്ടിലേക്ക് വന്നാലും മാക്സിമം ഒരു ആറു മാസം അത്രയേ നിൽക്കുള്ളു എന്നിട്ട് തിരികെ ഇവിടേക്ക് തന്നെ കേറി വരും.

അതിനിടക്ക് നല്ല ഓഫർ വന്നാൽ അപ്പോൾ തന്നെ കേറും. നമുക്ക് ഒന്നിച്ചു നിൽക്കണമെന്നൊന്നും ആഗ്രഹം ഇല്ലേ നിനക്ക്. ഞാൻ അന്ന് ലീവ് കഴിഞ്ഞു കയറി വരാൻ നേരം എന്നോടൊപ്പം നിന്ന് കൊതി തീർന്നില്ല എന്ന് പറഞ്ഞു കരച്ചിൽ ആയിരുന്നല്ലോ നീ.. ആ നീയാണോ ഇപ്പോ ഇങ്ങനെ പറയുന്നേ.. ”

” അങ്ങിനെ കരഞ്ഞു ന്ന് വച്ചിട്ട് ജോലിയും കളഞ്ഞു നാട്ടിൽ വന്നു നിൽക്കുകയാണോ ചെയ്യേണ്ടത്. ഒന്നാമതെ എനിക്ക് നേരെ ചിലവിനു അയക്കാൻ പോലും ഇല്ലാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ നിങ്ങൾ ഇനീപ്പോ നാട്ടിൽ വന്നാൽ പിന്നെ എന്താകും അവസ്ഥ. ഞാനൊന്നും പറയുന്നില്ല ഇനി എന്നോടും ഒന്നും പറയാൻ നിൽക്കേണ്ട. എന്തേലും പറയാൻ ഉണ്ടേൽ എന്റെ അച്ഛൻ വിളിക്കും അന്നേരം പറഞ്ഞാൽ മതി ”
അത്രയും പറഞ്ഞു വീണ്ടും കോൾ കട്ട് ആക്കി സൂര്യ.

ഇത്തവണ ആകെ തകർന്നു പോയി വിഷ്ണു. എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു അവൻ.

” മോനെ.. നിങ്ങൾ തമ്മിൽ എന്താ പ്രശ്നം.. മോളിപ്പോ ഞങ്ങളോട് പോലും മിണ്ടുന്നില്ല അവളുടെ അച്ഛനെ വിളിച്ചു ഇവിടെ നിന്നും തിരികെ കൊണ്ട് പോകണമെന്നൊക്കെ പറയുന്നുണ്ട്. ”

വൈകുന്നേരം അല്പം ആശ്വാസത്തിനു വേണ്ടി അമ്മയെ വിളിച്ചപ്പോ കേട്ട വാക്കുകളും സ്വസ്ഥത കളയുന്നതായിരുന്നു.

” അമ്മേ ഞാൻ എന്ത് ചെയ്യാനാണ്. ശെരിയാണ് ഗൾഫിൽ ജോലിയെന്ന് പറഞ്ഞിട്ട് തന്നെയാണ് വിവാഹം നടത്തിയത് പക്ഷെ എന്റെ ജോലി പോയത് എന്റെ കുറ്റമാണോ.. ഈ അവസ്ഥയിൽ എനിക്കൊപ്പം നിൽക്കേണ്ടവൾ അല്ലെ അവൾ. ആ അവൾ ഇപ്പോൾ സ്റ്റാറ്റസ് പോരെന്നു പറഞ്ഞു എന്നെ വിട്ട് പോകാൻ നിൽക്കുവാണ്. ”

ഫോണിലൂടെ കരയുകയായിരുന്നു വിഷ്ണു. അവന്റെ ഉള്ളിലെ നോവ് ആ അമ്മ തിരിച്ചറിഞ്ഞു..

” മോൻ വിഷമിക്കേണ്ട. നീ ഇങ്ങ് കേറി വാ.. അമ്മയുണ്ട് നിനക്ക്. പോണോരൊക്കെ പോട്ടെ.. നമ്മളെ മനസിലാക്കാൻ കഴിയാത്തവരോട് കാല് പിടിച്ചിട്ട് എന്ത് കാര്യം ”

ആ വാക്കുകൾ അല്പം ആശ്വാസം പകർന്നെങ്കിലും അത് വെറും താത്കാലികം മാത്രമായിരുന്നു. രാത്രിയോടെ സൂര്യയുടെ അച്ഛന്റെ കോൾ അവന്റെ ഫോണിലേക്കെത്തി

” പറയ് അച്ഛാ.. എന്താ വിശേഷം.. ”

ഫോൺ എടുത്തപാടെ വിഷ്ണു വിശേഷങ്ങൾ തിരക്കുമ്പോൾ മറു തലയ്ക്കൽ വളരെ പരുഷമായിരുന്നു ശബ്ദം

” നിന്റെ സുഖ വിവരങ്ങൾ അറിയാൻ വിളിച്ചതല്ല ഞാൻ. ദുബായ് കാരൻ എന്ന അഡ്രെസ്സ് ഉള്ളത് കൊണ്ടാണ് എന്റെ മോളെ നിനക്ക് ഞാൻ കെട്ടിച്ചു തന്നത്. അവളെ ഒരു കൂലിവേലക്കാരന്റെ ഭാര്യയായി കാണാൻ എനിക്ക് താത്പര്യം ഇല്ല.നാട്ടിൽ വരാൻ നിൽക്കാതെ ഒരു ജോലി കണ്ടെത്തി അവിടെ തന്നെ നിൽക്കണം നീ.. അല്ലെങ്കിൽ ചിലപ്പോ പലതും നഷ്ടമായേക്കും ”

ആ വാക്കുകൾക്ക് ഒരു ഭീഷണിയുടെ സ്വയം വിഷ്ണു തിരിച്ചറിഞ്ഞു. അത്രയും നേരം തന്റെ ഉള്ളിലുണ്ടായ വിഷമം പെട്ടെന്ന് വിട്ടകലുന്നത് മനസ്സിലാക്കി അവൻ.

” അങ്ങിനെ നിങ്ങളുടെ നിർദ്ദേശം അനുസരിച്ചു നിൽക്കാനൊന്നും എന്നെ കിട്ടില്ല. എനിക്കെന്റേതായ തീരുമാനങ്ങൾ ഉണ്ട്. നിങ്ങടെ മോളെ പട്ടിണിക്കിടാതെ പോറ്റാൻ ഉള്ള കഴിവ് എനിക്കുണ്ട് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. നാട്ടിൽ വന്നാലും ഒരു കുറവും ഇല്ലാതെ അവളെ പൊന്ന് പോലെ നോക്കും ഞാൻ.. ”

വിട്ടു കൊടുത്തില്ല അവനും.

” ആഹാ.. അത്രയ്ക്ക് അഹങ്കാരം ആണോ നിനക്ക്.. അങ്ങനാണേൽ മോളെ ഞാൻ വീട്ടിലേക്ക് വിളിച്ചോണ്ട് വരുകയാണ്. നാട്ടിൽ വന്നു പിന്നെ തിരിച്ചു നീ വേറൊരു കമ്പനിയിൽ ജോയിൻ ചെയ്ത ശേഷം മാത്രം അവളെ തിരക്കിയാൽ മതി. ”

അതൊരു അവസാന വാക്കായി തോന്നി വിഷ്ണുവിന്.

” എന്നെ വിട്ട് വരാൻ അവൾ തയ്യാറാണെങ്കിൽ നിങ്ങൾ വിളിച്ചോണ്ട് പൊയ്ക്കോളൂ ”

അത്രയും പറഞ്ഞു കോൾ കട്ട്‌ ചെയ്യുമ്പോൾ വിഷ്ണുവിന്റെ ഉള്ളം നീറുകയായിരുന്നു. അന്നത്തെ ദിവസം പിന്നെ ഫോൺ കൈ കൊണ്ട് തൊട്ടില്ല അവൻ.

പിറ്റേന്ന് രാവിലെ വാട്ട്സപ്പ് ഓപ്പൺ ആക്കി നോക്കുമ്പോൾ സൂര്യ അവനെ ബ്ലോക്ക് ചെയ്തേക്കുന്നതാണ് കണ്ടത്. അതോടെ പന്തികേട് മണത്തിട്ട് അമ്മയെ വിളിച്ചു വിഷ്ണു..

” അവള് പോയെടാ.. ഇന്ന് രാവിലെ തന്നെ.. അവളുടെ അച്ഛനും മാമന്മാരുമൊക്കെ വന്നു വിളിച്ചോണ്ട് പോയി. ”

നിരാശ നിറഞ്ഞ അമ്മയുടെ വാക്കുകൾ കേട്ട് സ്തബ്ധനായങ്ങിനെ ഇരുന്ന് പോയി വിഷ്ണു.

എൻഗേജ്മെന്റ്നു ശേഷം ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന സ്നേഹ ബന്ധം ഒടുവിൽ വിവാഹ ശേഷം രണ്ടേ രണ്ട് മാസം മാത്രം ആയുസ്സ് ഉണ്ടായ ദാമ്പത്യം.. അതങ്ങിനെ അവസാനിച്ചു.

പതിയെ പതിയെ യാഥാർഥ്യത്തിലേക്ക് തിരികെയെത്തി വിഷ്ണു

” അമ്മേ.. എനിക്കിപ്പോൾ വളരെ സങ്കടം നിറഞ്ഞ അവസ്ഥയാണ്. ഈ അവസരത്തിൽ എനിക്ക് താങ്ങായി നിൽക്കേണ്ടവൾ ആണ് എന്റെ ഭാര്യ. അതിനവൾക്ക് മനസ്സില്ലേൽ പിന്നെ ഭാര്യ എന്ന സ്ഥാനത്തിനു എന്ത് അർത്ഥമാണുള്ളത്. അവള് പോട്ടെ അമ്മേ.. എന്നോടൊപ്പം ഉള്ളതിനേക്കാൾ നല്ലൊരു ജീവിതം മാറ്റാരുടെയെങ്കിലും ഒപ്പം കിട്ടുമെങ്കിൽ പോയിക്കോട്ടെ ”

മകന്റെ മറുപടി കേട്ട് ആ അമ്മ ആകെ തളർന്നു പോയി.

ഒടുവിൽ നാട്ടിലെത്തിയപ്പോൾ അവനെ തേടിയെത്തിയത് സൂര്യയുടെ വക ഡൈവോഴ്സ് നോട്ടിസ് ആയിരുന്നു. പതറിയില്ല വിഷ്ണു. ധൈര്യ സമേധം തന്നെ കോടതിയിയെ അഭിമുഖീകരിച്ചു. തനിക്കെതിരെ കുടുംബ കോടതിയിൽ നിരത്തപ്പെട്ട ആരോപണങ്ങളെ ശക്തമായി തന്നെ നേരിട്ടു അവൻ. ഒരിക്കൽ പോലും ഒന്ന് സംസാരിക്കാൻ സൂര്യ തയ്യാറായില്ല എന്ന വിഷമം ഒഴിച്ചാൽ മറ്റൊരു തരത്തിലും വിഷ്ണു തളർന്നില്ല.

‘എന്നെ മനസിലാക്കാത്തവളെ.. ഒരു ആപത്തിൽ എനിക്കൊപ്പം നിൽക്കാൻ മനസ്സ് ഇല്ലാത്തവളെ എനിക്കും വേണ്ട.. ‘

തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നും വിഷ്ണുവും. ഒടുവിൽ ആ അവസാന വിധിയെത്തി ഡൈവോഴ്സ്.

കോടതിയിൽ നിന്നും ഇറങ്ങി പോകുമ്പോൾ സൂര്യയുടെ മുഖത്ത് അല്പം പോലും വേദന കണ്ടില്ല വിഷ്ണു. എന്നാൽ കുറച്ചു നാൾ ആ വേദന അവനെ അലട്ടി ഒടുവിൽ പതിയെ പതിയെ എല്ലാം മറന്നു വിഷ്ണു.

നാട്ടിൽ ചെറിയ ചെറിയ ജോലികൾ ഒക്കെ ചെയ്ത് വരുമാനം കണ്ടെത്തി. പതിയെ പതിയെ നഷ്ടപെട്ട സന്തോഷം അവൻ വീണ്ടെടുത്തു. അതിനിടയിൽ തന്നെ പി എസ് ഇ ടെസ്റ്റുകളും എഴുതാൻ മറന്നില്ല. ഒടുവിൽ ഒരു വിയോഗം പോലെ ആ തിരിച്ചു വരവ് അവന്റെ മുന്നിൽ പുതിയൊരു വഴിത്തിരിവായി.

പി എസ് സി വഴി നാട്ടിൽ തന്നെ ഒരു ജോലി നേടി വിഷ്ണു. വിവാഹബന്ധം വേർപെടുത്തിയെങ്കിലും വിഷ്ണുവിന്റെ വിവരങ്ങൾ കൃത്യമായി തിരക്കിയിരുന്ന സൂര്യയുടെ അച്ഛന് ആ വാർത്ത ഒരു നടുക്കമായി. ഈ ഒരു ഡിവോഴ്സ് എടുത്തു ചാട്ടമായി പോയോ എന്ന തോന്നൽ അയാളെ ഉലച്ചു. അയാളെ മാത്രമല്ല സൂര്യയേയും.

ഇന്ന് വിഷ്ണുവിന്റെ രണ്ടാം വിവാഹത്തിയായുള്ള ആദ്യത്തെ പെണ്ണുകാണൽ ആണ്. പെൺകുട്ടിയും രണ്ടാം വിവാഹം ആണ്. ഭർത്താവിനെ അമിതമായ മദ്യപാനവും ഉപദ്രവവും കാരണമാണ് ആദ്യ വിവാഹം വേർപെടുത്തേണ്ടി വന്നത്.

” പയ്യനും പെണ്ണിനും എന്തേലും സംസാരിക്കുവാൻ ഉണ്ടെങ്കിൽ അപ്പുറത്തേക്ക് മാറിക്കോളു.. ”

കാരണവന്മാർ വച്ചു നീട്ടിയ അവസരം പാഴാക്കിയില്ല വിഷ്ണു.

” തനിക്കെന്നെ ഇഷ്ടമായോ ”

അവന്റെ ചോദ്യം കേട്ട് ആദ്യമൊന്ന് പുഞ്ചിരിച്ചു ആ പെൺകുട്ടി.

” ആദ്യ കാഴ്ചയിൽ തോന്നുന്ന ഇഷ്ടമല്ല മനപ്പൊരുത്തം എന്നത് ആദ്യ വിവാഹത്തിൽ മനസ്സിലാക്കിയവളാണ് ഞാൻ ആ എന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ പെട്ടെന്നൊരു മറുപടി തരാൻ ബുദ്ധിമുട്ട് ആകും ”

അനുഭവത്തിൽ നിന്നുമാണ് അവൾ മറുപടി പറഞ്ഞത്. ആ വാക്കുകൾ ആകട്ടെ വിഷ്ണുവിന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു.

“താൻ പറഞ്ഞത് വളരെ ശെരിയാണ്.. ഈ പറഞ്ഞ പോലെ ആദ്യ കാഴ്ചയിൽ തോന്നിയ ഇഷ്ടത്തിന് പിന്നാലെ പോയവനാണ് ഞാനും. ഒടുവിൽ.. ”

ഒന്ന് നിർത്തി നെടുവീർപ്പിട്ടു വിഷ്ണു. ശേഷം വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി..

“ഞാൻ ഒരു സാധാരണക്കാരൻ ആണ്. സർക്കാർ ജോലിയൊക്കെ കിട്ടിയെങ്കിലും അതിന്റെ പേരിൽ ആഡംബരം ഒന്നും കാട്ടുവാൻ താത്പര്യമില്ല. എനിക്കൊപ്പം വന്നാൽ തനിക്കു ഒരു സാധാരണ ലൈഫ് ആയിരിക്കും. അതിൽ സുഖം ഉണ്ടാകാം സന്തോഷം ഉണ്ടാകാം സങ്കടങ്ങളും ഉണ്ടാകാം. എല്ലാ അവസ്ഥകളിലും എനിക്കൊപ്പം നിൽക്കുവാനുള്ള മനസ്സ് തനിക്കുണ്ടെങ്കിൽ മാത്രം നമുക്ക് മുന്നിലേക്ക് പോകാം. ”

അവന്റെ വാക്കുകൾ കേട്ട് ആ പെൺകുട്ടി പുഞ്ചിരിച്ചു.

” ഭർത്താവിന്റെ അമിതമായ മദ്യപാനവും ഉപദ്രവവും കാരണം ജീവിതം മടുത്തു ജീവനൊടുക്കിയാലോ എന്ന് പോലും ചിന്തിച്ചവളാണ് ഞാൻ. ആ എനിക്ക് നിങ്ങൾ ഇപ്പോ ഈ വച്ചു നീട്ടുന്ന ജീവിതം ഒരു സ്വർഗ്ഗമാണ്. ”

അത്രമാത്രമേ അവൾ പറഞ്ഞുള്ളു. ആ വാക്കുകളിൽ വിഷ്ണുവിന്റെ ഉള്ളം നിറഞ്ഞു. തിരികെ മറ്റുള്ളവർക്കരികിൽ എത്തുമ്പോൾ ഏറെ സന്തോഷവാനായിരുന്നു അവൻ.

” എനിക്ക് ഇഷ്ടപ്പെട്ടു. നിങ്ങൾക്കും ഇഷ്ടമാണെങ്കിൽ അധികം വൈകാതെ തന്നെ വിവാഹം നടത്താം ”

വിഷ്ണു അത് പറയുമ്പോൾ ആ പെൺകുട്ടിയുടെ അച്ഛന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയായിരുന്നു അവർക്കുള്ള ഗ്രീൻ സിഗ്നൽ.

ഒന്നിച്ചു പുതിയൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ടാണവർ അവിടെ നിന്നും പിരിഞ്ഞത്.