ഇന്ന് നിന്റെ വീട്ടിൽ നിന്റെ ബെഡിൽ തന്നെ ആകാം. ഓക്കേ അല്ലെ നീ.. അല്ലെന്ന് പറഞ്ഞാൽ അറിയാലോ.. നിന്റെ കുളിസീൻ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” ആതിരേ.. മോളെ എന്താ പ്രശ്നം ഇതിപ്പോ ആഴ്ച ഒന്നാകുന്നു നീ ആകെ അസ്വസ്ഥയാണ്… അച്ഛൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നാണോ നീ കരുതുന്നത്. ”

മാധവന്റെ ചോദ്യം കേട്ട് ആകെ പരുങ്ങി ആതിര..

” ഒ.. ഒന്നുല്ല.. അച്ഛാ.. അച്ഛന് വെറുതെ തോന്നിയതാവും.. ”

മറുപടി പറഞ്ഞൊപ്പിച്ചു വേഗത്തിൽ അയാളുടെ മുന്നിൽ നിന്നും മാറുവാനായി തിരിയവേ അമ്മ ശ്രീദേവിയും അവൾക്ക് മുന്നിലേക്കെത്തി.

” മോളെ.. നീ വെറുതെ ഒഴിഞ്ഞു മാറല്ലേ.. അച്ഛൻ ചോദിച്ചേന് വ്യക്തമായ മറുപടി നൽകാതെ ഇന്ന് നിന്നെ വിടില്ല ഞങ്ങൾ ”

അതോടെ ആകെ കുഴഞ്ഞു അവൾ .

“ഒന്നുമില്ല അമ്മേ .. നിങ്ങൾക്ക് തോന്നുന്നതാ.. ഞാൻ വെറുതെ.. എക്‌സാമൊക്കെ ആയി വരുവല്ലേ ആ ഒരു ടെൻഷനിൽ ”

ഒഴിഞ്ഞു മാറാൻ വീണ്ടും ശ്രമിച്ചു അവൾ
അതോടെ മാധവൻ ബലമായവളെ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി ആതിരയെ.

“അച്ഛന്റെ കണ്ണിൽ നോക്കികൊണ്ട് നിനക്ക് പറയാമോ ഒന്നുമില്ല എന്ന്..”

ഇത്തവണ ശെരിക്കും പെട്ടു. സത്യം പറയാതെ രക്ഷയില്ല എന്ന് മനസിലാക്കിയതോടെ നിസഹായയായി പൊട്ടിക്കരഞ്ഞു അവൾ. അത് കണ്ട് ആകെ നടുങ്ങി മാധവനും ശ്രീദേവിയും.

” എന്താ മോളെ.. എന്തായിത്.. ഇത്രയ്ക്കു വിഷമിക്കുവാനും മാത്രം എന്താ ഉണ്ടായേ ”

ശ്രീദേവി ആകെ വെപ്രാളത്തിലായി

” അമ്മേ.. അച്ഛാ.. എന്റെ ജീവിതം തുലഞ്ഞു.. അവൻ ആ പട്ടി… തുലച്ചു ”

പൊട്ടിക്കരഞ്ഞു കൊണ്ട് തന്നെയാണ് ആതിര മറുപടി പറഞ്ഞത്.

“ജീവിതം തുലഞ്ഞെന്നോ.. എന്താ മോളെ എന്താ പ്രശ്‌നം ”

നടുക്കത്തോടെ പതിയെ അവളുടെ മുഖം പിടിച്ചുയർത്തി മാധവൻ.

“ആര്.. ആരുടെ കാര്യമാ മോള് പറയുന്നേ.. എന്താ പ്രശ്നം ”

“അത് അച്ഛാ.. അപ്പുറത്തെ.. അർജുൻ.. ”

ആതിരയുടെ മറുപടി കേട്ടിട്ട് ആകെ നടുങ്ങി മാധവനും ശ്രീദേവിയും.

” അർജുനോ.. അവൻ എന്താ നിന്നെ ചെയ്തെ… നിങ്ങൾ പണ്ട് മുതൽക്കേ ഉള്ള കളിക്കൂട്ടുകാർ അല്ലെ ”

അവിശ്വസനീയമായി നോക്കി ശ്രീദേവി.
അതോടെ തളർന്നു ബെഡിലേക്കിരുന്നു പോയി ആതിര.

” അതെ.. കൂട്ടുകാരൻ ആണ്. അങ്ങിനെയാണ് ഞാൻ കണ്ടിരുന്നത് പക്ഷെ അവൻ…. ”

അത് പറഞ്ഞു നിർത്തുമ്പോൾ ആതിരയുടെ മുഖത്തേക്ക് രോഷം ഇരട്ടിക്കുന്നത് ശ്രദ്ധിച്ചു മാധവൻ. പതിയെ അവൾക്കരികിലേക്ക് ഇരുന്നു അയാൾ.

” മോള് ടെൻഷൻ ആകാതെ. റിലാക്സ് ആക്.. എന്താ പറ്റിയെ അച്ഛനോട് പറയ്.”

അച്ഛന്റെ വാക്കുകളിൽ അല്പം ആശ്വാസം തോന്നി ആതിരയ്ക്ക്.

” അച്ഛാ.. അവൻ… കുറച്ചു നാളായി അവന്റെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ട്. എന്നോട് ഇഷ്ടമാണെന്നൊക്കെ പറഞ്ഞിട്ട് മെസേജ് അയച്ചു തുടങ്ങി. പാതിരാത്രിയൊക്കെ ഫോണിൽ വിളിക്കും. പലവട്ടം ആയപ്പോ ഞാൻ അവന്റെ നമ്പർ ബ്ലോക്ക് ചെയ്‌തു… പിന്നീട് നേരിട്ട് ആയി.. ഞാൻ പരമാവധി അവനിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു. പക്ഷെ ഇപ്പൊ അവൻ…. ”

ബാക്കി പറയുവാൻ കഴിയാതെ പൊട്ടിക്കരഞ്ഞു പോയി ആതിര. അതോടെ പ്രശ്നം അല്പം ഗുരുതരമാണെന്ന് മനസിലാക്കി മാധവൻ. അവളുടെ വിഷമം കണ്ട് ആകെ അസ്വസ്ഥയായി അവൾക്കരികിലേക്കിരുന്നു ശ്രീദേവിയും.

” മോളെ.. എന്താ. ഇപ്പോ എന്താ അവൻ നിന്നോട് ചെയ്തത്.. എന്താണേലും തുറന്ന് പറയ് നീ.. ”

“അത്… അവന്റേൽ എന്റെ ഒരു വീഡിയോ ഉണ്ട്… ഞാ.. ഞാൻ.. കുളിക്കുന്നത്… ഇവിടെ നമ്മുടെ വീട്ടിലെ ബാത്‌റൂമിനകത്ത് നിന്ന് ”

ഇത്തവണ ശെരിക്കും നടുങ്ങി പോയി മാധവനും ശ്രീദേവിയും.

” എന്താ.. എന്താ മോളെ നീ പറഞ്ഞെ.. ”

നടുക്കം മാറാതെ ചാടിയെഴുന്നേറ്റു മാധവൻ.

” സത്യമാണച്ഛാ.. അവൻ… അവൻ എന്നെ ചതിച്ചു ”

അത്രയും പറഞ്ഞു ആതിര മുഖം പൊത്തി പൊട്ടിക്കരയുമ്പോൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ അങ്ങിനെ ഇരുന്നു ശ്രീദേവി.

ഒന്നും മിണ്ടുവാൻ കഴിയാതെ മാധവനും അൽപനേരം അങ്ങിനെ നിന്നു ശേഷം വീണ്ടും ആതിരയ്ക്ക് അരികിലേക്കിരുന്നു.

” മോളെ.. എന്നിട്ട്.. നീ ഇതെങ്ങിനെ അറിഞ്ഞു അവൻ… അവൻ എന്തേലും പറഞ്ഞോ നിന്നോട്. ”

ഉള്ളിലെ ഭയം കാരണം വിറച്ചു വിറച്ചാണയാൽ ചോദിച്ചത്. ആ ഭയം സത്യമായി.

“അതെ അച്ഛാ.. ആ വീഡിയോ പുറത്ത് കാണിക്കാതിരിക്കണമെങ്കിൽ.. ഞാൻ അവനോടൊപ്പം ചെല്ലണമെന്ന് എവിടേക്കോ.. എന്നിട്ട്.. ”

അത്രയും പറഞ്ഞു കൊണ്ട് നിറണ്ണുകളുമായി ആതിര തന്റെ മാറിലേക്ക് ചായവേ ചേർത്തു പിടിച്ചു തലോടി മാധവൻ..

” എന്റെ ദേവ്യേ.. ഇതെന്താ ഈ കേൾക്കണേ. ഇനീപ്പോ എന്താ ചെയ്‌ക.. ”

ആകെ ഭയത്തിൽ ശ്രീദേവിയും പൊട്ടിക്കരഞ്ഞു പോയി.

” നിങ്ങൾ ഇങ്ങനെ ബഹളം വയ്ക്കല്ലേ… ഇനീപ്പോ ബഹളം വച്ചിട്ട് കാര്യം ഇല്ല.. നമുക്ക് ഇത് എന്തേലും ചെയ്തെ പറ്റു.. ”

ഒരച്ഛന്റെ കരുതൽ മാധവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

” എന്ത് ചെയ്യാൻ.. വേഗം പോലീസിൽ അറിയിക്ക്.. ഇനി അതെ ഉള്ളു വഴി.. ”

ശ്രീദേവി പറയുന്നത് കേട്ട് അല്പം ആലോചനയിൽ ആണ്ടു മാധവൻ. ശേഷം അവൾക്ക് നേരെ നോക്കി

“അവനെ വിശ്വസിക്കാൻ പറ്റില്ല.. പോലീസൊക്കെ അറിഞ്ഞു കേസായാൽ ചിലപ്പോ വാശിക്ക് അവൻ ആ വീഡിയോ ലീക്ക് ആക്കിയാലോ..”

അടുത്ത നടുക്കമായിരുന്നു മാധവന്റെ ആ വാക്കുകൾ.

” അമ്മേ.. ഞാൻ..ഞാൻ ഇനി എന്താ ചെയ്ക.. ചത്തു കളയും ഞാൻ…”

ആകെ ഭയന്ന് വിറച്ചു ആതിര.

” വിഷമിക്കല്ലേ മോളെ.. അങ്ങിനൊന്നും ചിന്തിക്കല്ലേ നമുക്ക് ഒരു പരിഹാരം കാണാം ”

ഉറച്ചതായിരുന്നു മാധവന്റെ വാക്കുകൾ.

” നമുക്ക് സുഷമ്മയോട് കാര്യം പറയാം.. മകന്റെ തോന്ന്യവാസത്തിനുള്ള പരിഹാരം അവര് തന്നെ കാണട്ടെ.. ”

ശ്രീദേവിയുടെ ആ അഭിപ്രായത്തോടും യോജിച്ചില്ല മാധവൻ.

” വേണ്ട.. ഇപ്പോൾ അത് വേണ്ട.. അവൻ ചെയ്ത തോന്ന്യവാസത്തിനു ആദ്യം ഒരു പണി കൊടുക്കണം അവന്. എന്നിട്ട് മതി വീട്ടുകാരെ ഒക്കെ അറിയിക്കുന്നത്. അയല്പക്കം ആയതിനാൽ കുഞ്ഞിലേ മുതലെ അവനെയും മോനെ പോലെ അല്ലെ കണ്ടത് നമ്മൾ. എന്നിട്ട് അവൻ ഈ പണി കാണിച്ചെങ്കിൽ തിരിച്ചു ഇരട്ടി പണി ഒരെണ്ണം കൊടുക്കണം. ”

മാധവൻ എന്തോ മനസ്സിൽ തീരുമാനിച്ചിട്ടുണ്ട് എന്ന് മനസിലാക്കി ആതിരയും ശ്രീദേവിയും.

” എന്നാലും ഇത്രയും സഹകരണത്തോടെ അയല്പക്കത്തായിട്ടും അവനിത് ചെയ്യാൻ എങ്ങിനെ തോന്നി. ”

ശ്രീദേവിയുടെ ഞെട്ടൽ മാറിയിരുന്നില്ല.

പതിയെ എഴുന്നേറ്റു മാധവൻ ശേഷം ആതിരയുടെ നെറുകയിൽ ഒന്ന് തലോടി.

” മോള് വിഷമിക്കേണ്ട. നടക്കാൻ ഉള്ളത് നടന്നു. പക്ഷെ ഇനി നിനക്ക് ഒന്നും ഉണ്ടാകില്ല. അച്ഛൻ ഉണ്ട് നിനക്കൊപ്പം അവന്റെ പ്രശ്നം നമുക്ക് ഇന്നോടെ തീർക്കാം.. എന്ത് ചെയ്യണം ന്ന് ഞാൻ പറഞ്ഞു തരാം അത് പോലെ മോളങ്ങ് ചെയ്താൽ മതി.”

ആ വാക്കുകൾ കേൾക്കെ വല്ലാത്ത ആശ്വാസവും ധൈര്യവും തോന്നി ആതിരയ്ക്ക് അച്ഛനോട് ഈ കാര്യം മുന്നേ പറയേണ്ടതായിരുന്നു എന്ന് തോന്നിപോയി അവൾക്ക്.

“സുഷമ്മേ.. സുഷമ്മേ…”

നേരം സന്ധ്യയാകവേ മതിലിനോട് ചേർന്ന് നിന്ന് രണ്ട് വട്ടം ശ്രീദേവി വിളിച്ചപ്പോൾ ആണ് ആ വിളി കേട്ട് സുഷമ്മ പുറത്തേക്ക് വന്നത്.

” എന്താ ശ്രീദേവി.. ഞാൻ അകത്ത് ടീവി കണ്ടിരിക്കുവാരുന്നു അത്കൊണ്ട് ആദ്യം വിളിച്ചത് കേട്ടില്ല. ”

” സുഷമ്മേ.. ഞങ്ങൾക്ക് ഒരു മരണം. ഏട്ടന്റെ അമ്മായി മരിച്ചു. ഇനീപ്പോ പോയാൽ ഇന്ന് രാത്രി തിരിച്ചു വരവ് നടക്കില്ല. ഇവിടെ മാധവേട്ടന്റെ അമ്മയ്ക്ക് വയ്യാതിരിക്കുവല്ലേ അതുകൊണ്ട് ആതിരയെ കൂട്ടിനു ആക്കിയിട്ട് പോകാം ന്നാ വിചാരിക്കുന്നത്.

പക്ഷെ എനിക്കൊരു പേടി. അവർക്ക് കൂട്ടിനു ആരും ഇല്ലല്ലോ ഇവിടെ… അമ്മയ്ക്ക് ആണേൽ വയ്യാത്തതും ആണ് പറ്റുമെങ്കിൽ അർജുനെ ഇന്നൊരു ദിവസത്തേക്ക് ഒന്ന് കൂട്ട് കിടക്കാൻ വിടോ ഇവിടേക്ക്. അവന് കിടക്കാനുള്ള മുറിയൊക്കെ ഞാൻ റെഡിയാക്കി ഇടാം ”

ശ്രീദേവിയുടെ ചോദ്യം കേട്ട് പുഞ്ചിരിച്ചു സുഷമ്മ.

” അതിനെന്താ അവൻ വന്നു കിടക്കും ഞാൻ പറയാം അവനോട്. ”

ഈ സംഭാഷണം വീടിനുള്ളിൽ നിന്നു കേട്ട അർജുന്റെ മിഴികളിൽ ഒരു തിളക്കം തെളിഞ്ഞു.

” ദൈവമേ.. അവസരം നീ ഇങ്ങട് കൊണ്ട് തരുവാണോ.. ”

വല്ലാത്തൊരു ആവേശത്തോടെ നേരെ ഫോണിനരികിലേക്ക് പാഞ്ഞു അവൻ. വീഡിയോ കാണിച്ചു കൊടുത്തു ഭീഷണിപ്പെടുത്തിയതിനാൽ ഫോണിലെ ബ്ലോക്ക് ആതിര മാറ്റിയിരുന്നു. നേരെ അവളുടെ നമ്പർ എടുത്ത് കോൾ ചെയ്തു അർജുൻ.

” ഹ… ഹലോ..”

ആതിരയുടെ പതിഞ്ഞ സ്വരം മറുതലയ്ക്കൽ കേൾക്കവേ ആകെ കുളിരുകോരി അവൻ.

” നിന്റെ വീട്ടിൽ ഇന്ന് രാത്രി ആരും ഇല്ലല്ലേ.. ശ്രീദേവി ആന്റി ദേ ഇപ്പോ എന്നോട് ഇങ്ങട് വന്നു കൂട്ട് കിടക്കാൻ വരാവോ ന്ന് ചോദിച്ചിട്ടുണ്ട്… അവർക്ക് അറിയില്ലലോ എനിക്ക് കൂട്ട് കിടക്കാൻ അല്ല കൂടെ കിടക്കാൻ ആണ് ഇഷ്ടം എന്ന് ”

ആ മുനവച്ചുള്ള സംസാരസത്തിനു മറുപടി നൽകിയില്ല ആതിര. അത് വകവെക്കാതെ കാര്യത്തിലേക്ക് കടന്നു അവൻ

” അപ്പോ ഇനീപ്പോ വേറെ എവിടേക്കും പോകേണ്ട . ഇന്ന് നിന്റെ വീട്ടിൽ നിന്റെ ബെഡിൽ തന്നെ ആകാം. ഓക്കേ അല്ലെ നീ.. അല്ലെന്ന് പറഞ്ഞാൽ അറിയാലോ.. നിന്റെ കുളിസീൻ നാട് മുഴുവൻ കണ്ട് കുളിരു കോരും ”

ചെറിയൊരു ഭീഷണി കൂടിയുണ്ടായിരുന്നു അവസാനം.

” സമ്മതിച്ചാൽ ആ വീഡിയോ നീ ഡിലീറ്റ് ചെയ്യോ ”

ആതിരയുടെ പതിഞ്ഞ സ്വരം വീണ്ടും അവന് ആവേശം ആയി.

” ഉറപ്പായും.. ഇതുവരെ ഈ വീഡിയോ ഞാൻ യൂ എസ് ബി യിൽ ആക്കീട്ടില്ല. നീ എന്റെ ആഗ്രഹത്തിന് വഴങ്ങിയാൽ ഇന്ന് തന്നെ നിന്റെ മുന്നിൽ വച്ച് ഞാൻ ഇത് ഡിലീറ്റ് ആക്കും ”

ആ മറുപടി കേട്ടിട്ട് മൗനമായി ആതിര.

” ഹലോ.. നീ കേൾക്കുന്നില്ലേ.. എന്താ ഓക്കേ അല്ലെ.. ”

അവളുടെ മറുപടി ഇല്ലാതായപ്പോൾ അർജുന് സംശയമായി.

” സമ്മതമാണ് ”

അത്രയും പറഞ്ഞു കോൾ കട്ട്‌ ആക്കി ആതിര. പക്ഷെ ആ കേട്ട വാക്കുകൾ സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ കുഴഞ്ഞു അർജുൻ. എത്രയോ നാളായി ഉള്ളിൽ കടന്നു കൂടിയ ഒരു ആഗ്രഹം.. അതാണ് ഇന്ന് സഫലീകരിക്കൽ പോകുന്നത്. ആകെ കുളിരു കോരി അവന്.

‘ പൊന്ന് മോളെ ഇന്നത്തെ കാര്യം നടന്നാൽ പിന്നെ സ്ഥിരം നീ എനിക്ക് വഴങ്ങും. അതിനുള്ളത് കൂടി ഇന്ന് റെഡിയാക്കിയിട്ടേ ഞാൻ അവിടുന്ന് ഇറങ്ങു ‘

കയ്യിലിരിക്കുന്ന ഫോണിലേക്ക് നോക്കി ആത്മഗതത്തോടെ അർജുൻ ബെഡിലേക്ക് ചാഞ്ഞു.

സമയം ഏഴു മണി ആയപ്പോഴേക്കും ഷെഡിൽ നിന്നും മാധവൻ കാർ ഇറക്കി. സുഷമ്മയോട് ഒരിക്കൽ കൂടി പറഞ്ഞേൽപ്പിച്ചു ശ്രീദേവിയും കാറിലേക്ക് കയറി. അവരെ യാത്രയാക്കാൻ ആതിരയും പുറത്തേക്ക് വന്നിരുന്നു. കാർ ഗേറ്റ് കടന്ന് പോയതും ആതിര പോയി ഗേറ്റ് അടച്ചു തിരികെ വന്നു.

” മോളെ.. പേടിക്കണ്ട കേട്ടോ എന്തേലും ആവശ്യം ഉണ്ടേൽ എന്നെ വിളിച്ചാൽ മതി. പിന്നെ ഒൻപത് മണി കഴിയുമ്പോൾ അർജുൻ വരും കേട്ടോ..”

സുഷമ്മ വിളിച്ചു പറയുമ്പോൾ ‘ശെരി’ എന്ന അർത്ഥത്തിൽ തലയാട്ടി ആതിര. ശേഷം അവള് പതിയെ വീടിനുള്ളിലേക്ക് കയറി അത് നോക്കി നിന്ന ശേഷം സുഷമ്മ തിരിയുമ്പോൾ പിന്നിൽ അർജുനും ഉണ്ടായിരുന്നു.

” പണ്ട് മുതൽക്കേ ഉള്ള അയല്പക്കം അല്ലേ… ആ ഒരു അടുപ്പത്തിലും വിശ്വാസത്തിലും ആണ് നിന്നെ കൂട്ട് കിടക്കാൻ വിളിച്ചതും. അല്ലേൽ ഒരു പെൺകൊച്ചും വയസായ അമ്മയും ഉള്ള വീട്ടിൽ നിന്നെ പോലൊരു ചെറുക്കനെ കൂട്ട് കിടക്കാനായി ആരേലും വിളിക്കോ.. നിന്നെ സ്വന്തം മോനെ പോലാ അവർക്ക്. ”

അത്രയും പറഞ്ഞു അർജുന്റെ മുടിയിഴകളിൽ ഒന്ന് തലോടി അകത്തേക്ക് പോയി സുഷമ്മ. ആ പറഞ്ഞത് കേട്ടിട്ട് ഉള്ളിൽ എവിടെയോ ഒരു കുറ്റബോധം തോന്നാത്തിരുന്നില്ല അർജുന്. എന്നാൽ ആതിരയെ പറ്റി ഓർക്കവേ വീണ്ടും ആ ചിന്ത മാറി.

‘ ഇതൊക്കെ ആരും അറിയാൻ പോണില്ലല്ലോ.. ‘

മനസ്സിൽ ഓർത്തു വീണ്ടും മുറിയിലേക്ക് പോയി അവൻ.

സമയം വീണ്ടും നീങ്ങി ഒൻപത് മണി കഴിഞ്ഞതോടെ പതിയെ ആതിരയുടെ വീട്ടിലേക്ക് പോയി അർജുൻ. രണ്ട് മൂന്ന് വട്ടം തുടരെ തുടരെ ബെൽ മുഴക്കിയപ്പോൾ ആണ് ആതിര വാതിൽ തുറന്നത്. അവളെ കണ്ട പാടെ ആകെ ആവേശത്തിലായി അർജുൻ.

” വൗ.. അടിപൊളി ആയിട്ടുണ്ട്. എന്നാ ഭംഗിയാ ഇന്ന് നിന്നെ കാണാൻ. നല്ലോണം അണിഞ്ഞൊരുങ്ങി അല്ലെ… ”

കുസൃതി ചിരിയോടെ അവൻ ചോദിക്കുമ്പോൾ മറുപടി പറയാതെ തിരികെ ഉള്ളിലേക്ക് നടന്നു അവൾ . പിന്നാലെ കയറി ചെല്ലുമ്പോൾ മാധവന്റെ അമ്മ അവിടിരുന്നിരുന്നു

” ഹായ്. അച്ഛമ്മേ.. എന്നാ ഉണ്ട് വിശേഷം സുഖമാണോ ”

അവർക്കരികിലേക്കിരുന്നു അർജുൻ.

” സുഖം മോനെ.. നീ ചോറൊക്കെ കഴിച്ചോ.. ”

സ്നേഹത്തോടെ അവർ ചോദിക്കുമ്പോൾ പുഞ്ചിരിയോടെ ‘അതെ’ എന്ന് തലയാട്ടി അർജുൻ.
പിന്നെയും കുറച്ചു നേരം ടീവി നോക്കി ഇരുന്നു ഇടക്കിടക്ക് ആതിരയെ പാളി നോക്കുന്നുണ്ടായിരുന്നു അവൻ. പത്തു മണി ആകാറായപ്പോഴേക്കും അച്ഛമ്മ പതിയെ എഴുന്നേറ്റു.

” മോളെ നീ.. അർജുന് മുറി കാണിച്ചു കൊടുക്ക്. എന്നിട്ട് കിടക്കാം നമുക്ക് ”

അത് കേട്ട പാടെ എഴുന്നേറ്റു അർജുനും. ആതിരയുടെ പിന്നാലെ മുറിയിലേക്ക് പോകവേ അക്ഷമനായിരുന്നു അവൻ.

” ആതിര.. എപ്പോഴാ.. സമയം പറയ് നീ.. ”

മുറിയിൽ എത്തിയ പാടെ ക്ഷമ നശിച്ചു ആതിരയെ പിടിച്ചു തന്നോട് ചേർത്തു നിർത്തി അവൻ. എന്നാൽ വേഗത്തിൽ കുതറി മാറി അവൾ.

” അ.. അച്ഛമ്മ ഉറങ്ങാൻ ഇച്ചിരി ടൈം എടുക്കും.. ”

അവളുടെ ശബ്ദത്തിലെ പതർച്ചയും ഭയന്ന ഭാവവും എല്ലാം അർജുന് ഹരമായി.

” ഓക്കേ ഞാൻ ഒരു പതിനൊന്ന് മണി ആകുമ്പോ നിന്റെ മുറിയിലേക്ക് വരാം ഡോർ ലോക്ക് ചെയ്യണ്ട.. പിന്നെ പേടിക്കണ്ട നീ. കാര്യം കഴിഞ്ഞാൽ ആ നിമിഷം ഞാൻ വീഡിയോ ഡിലീറ്റ് ചെയ്യും അത് ഉറപ്പ് ”

ആ വാക്കുകൾ കേട്ട് തല കുലുക്കി മറുപടി പറയാതെ തിരികെ നടന്നു ആതിര. അവളെ തന്നെ നോക്കി അൽപനേരം വെള്ളമിറക്കി നിന്ന ശേഷം പതിയെ മുറിക്കുള്ളിൽ കേറി ഡോർ ലോക്ക് ചെയ്‌തു അർജുൻ.

സമയം പിന്നെയും ഇഴഞ്ഞു നീങ്ങി കാത്തിരുന്നു കൃത്യം പതിനൊന്ന് ആയപ്പോഴേക്കും പതിയെ മുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി അർജുൻ. ശേഷം ഒച്ചയുണ്ടാക്കാതെ നേരേ ആതിരയുടെ മുറിയുടെ നേരെ നടന്നു. പറഞ്ഞ പോലെ വാതിൽ തുറന്ന് തന്നെ കിടന്നിരുന്നു.

” ഇവള് ആള് കൊള്ളാലോ .. വാതിലൊക്കെ തുറന്നിട്ടേക്കുന്നു ”

ആവേശത്തിൽ പിറു പിറുത്തു കൊണ്ടവൻ പതിയെ മുറിക്കുള്ളിലേക്ക് കയറി വാതിൽ അടച്ചു.

അടുത്ത നിമിഷം പുറത്തു നിന്നും ആതിര ആ വാതിൽ പൂട്ടി.

” ലൈറ്റ് ഇട്ടേക്ക് അമ്മ”

ഇരുട്ടിൽ അവളുടെ ശബ്ദം ഉയർന്നു നിമിഷങ്ങൾക്കകം ഹാളിൽ വെളിച്ചം തെളിച്ചു ശ്രീദേവി. അപ്പോഴേക്കും മുറിക്കുള്ളിൽ തട്ടും മുട്ടും. ശബ്ദവും പതിഞ്ഞ നിലവിളിയൊച്ചയുമൊക്കെ കേട്ടു തുടങ്ങി. കുറച്ചു സമയം അത് നീണ്ടു നിന്നു. ശേഷം നിശബ്ദമായി.

അല്പം കൂടി കഴിയവേ ഉള്ളിൽ നിന്നും ഡോറിൽ രണ്ട് വട്ടം തട്ടുന്ന ഒച്ച കേട്ടു. അതൊരു സിഗ്നൽ ആയിരുന്നു. വേഗം പോയി വാതിൽ തുറന്നു ആതിര. പതിയെ മാധവൻ പുറത്തേക്കിറങ്ങി. ഒന്ന് പാളി ഉള്ളിലേക്ക് നോക്കവേ പൂർണ്ണ നഗ്നനായി നിലത്ത് കുത്തിയിരിക്കുന്ന അർജുനെയാണവൾ കണ്ടത്. പെട്ടെന്ന് നോട്ടം മാറ്റി സംശയത്തോടെ മാധവനെ നോക്കി ആതിര. അത് കണ്ടിട്ട് ചിരിച്ചു അയാൾ.

” മോളെ. നിന്റെ ഒരു വീഡിയോ എടുത്തു ന്ന് പറഞ്ഞില്ലേ അവൻ. അതുപോലൊരെണ്ണം ഞാനും ഇങ്ങ് എടുത്തു. ഈ നാണക്കേട് പെണ്ണുങ്ങൾക്ക് മാത്രം അല്ലല്ലോ ആണുങ്ങൾക്കും അതാകാം.. കുറച്ചു നാള് അത് നമുക്ക് യൂ എസ് ബി യിൽ സൂക്ഷിക്കാം ഇവൻ നല്ല നടപ്പ് ആണെന്ന് മനസിലായാൽ മാത്രം നശിപ്പിച്ചു കളഞ്ഞേക്കാം ”

ആ പറഞ്ഞത് കേട്ട് ചിരിച്ചു പോയി ആതിര. അപ്പോഴേക്കും കയ്യിൽ ഇരുന്ന ഫോൺ അവൾക്ക് നേരെ നീട്ടി മാധവൻ.

” ദേ അവന്റെ ഫോണാ. ലോക്കൊക്കെ മാറ്റീട്ടുണ്ട് നീ പറഞ്ഞ നിന്റെ ആ വീഡിയോ അതിൽ നോക്കീട്ട് ഡിലീറ്റ് ആക്കിയേക്ക് എന്നിട്ട് ഇങ്ങ് താ കുറച്ചു നാൾ ഇത് എന്റേൽ ഇരിക്കട്ടെ ”

ആ ഫോൺ കയ്യിലേക്ക് വാങ്ങി ചികയുമ്പോഴേക്കും അവശനായി പതിയെ വേച്ചു വേച്ച് അർജുൻ പുറത്തേക്ക് വന്നിരുന്നു

” ചെറുക്കനെ ഇടിച്ചു ചതച്ചോ.. കണ്ടിട്ട് നല്ല വയ്യായ്ക ഉണ്ടല്ലോ ”

ശ്രീദേവിയുടെ ചോദ്യം കേട്ടിട്ട് പുഞ്ചിരിച്ചു മാധവൻ.

” അത് പിന്നെ ചെയ്ത തെറ്റിന്റെ വ്യാപ്തി നല്ലത് പോലെ മനസ്സിലാക്കണേൽ കുറച്ചു ദിവസം ഇത്പോലെ വേച്ചു വേച്ചൊക്കെ നടക്കണം.. അല്ലേടാ മോനെ ”

മാധവന്റെ ചോദ്യം കേട്ട് അവശതയിലും വെളുക്കെ ഒന്ന് പുഞ്ചിരിച്ചു അർജുൻ.

” ഞാൻ പറഞ്ഞു തന്നതൊക്കെ ദേ ആതിരയോട് ഒന്ന് പറഞ്ഞെ ”

മാധവൻ ആവശ്യപ്പെട്ടത് പ്രകാരം പതിയെ ആതിരയുടെ മുന്നിൽ ചെന്നു അർജുൻ.

“ആ.. ആതിര.. ഞാൻ ചെയ്തത് തെറ്റാണ്.. എന്നോട് ക്ഷമിക്കണം ”

അവന്റെ ആ വാക്കുകൾ കേട്ട് ഉള്ളിൽ ഇരച്ചു കയറിയ രോഷത്തെ അടക്കി ആതിര.എന്നാൽ ശ്രീദേവിക്ക് അതിനു കഴിഞ്ഞില്ല ആതിരയെ പിടിച്ചു മാറ്റി മുന്നിലേക്ക് കേറി അർജുന്റെ വലതു കവിളിൽ ആഞ്ഞടിച്ചു അവൾ.

” അമ്മേ.. ”

അടിയുടെ ആഘാതത്തിൽ പിന്നിലേക്ക് വേച്ചു പോയി അവൻ.

” കള്ള തെമ്മാടി… സ്വന്തം മോനെ പോലെയാ നിന്റെ ഞാൻ കരുതിയെ.. ”

ശ്രീദേവിയുടെ അമർഷം അടങ്ങിയിരുന്നില്ല. പേടിച്ചു ഭയന്നു നിന്ന അർജുന്റെ ചുമലിലേക്ക് പതിയെ കയ്യിട്ടു മാധവൻ.

” അപ്പോ മോനെ.. കിട്ടാൻ ഉള്ളതൊക്കെ വെടിപ്പിന് കിട്ടീലേ.. ഇനീപ്പോ നീ വിട്ടോ.. വീട്ടിൽ തിരക്കിയാൽ അങ്കിളും ആന്റിയും വന്നു അതോണ്ട് തിരിച്ചു വന്നതാണെന്ന് പറഞ്ഞാൽ മതി ”

മാധവൻ പറഞ്ഞത് കേട്ട് പതിയെ പുറത്തേക്ക് നടന്നു അർജുൻ. നല്ല രീതിക്ക് ഒന്ന് പെരുമാറിയതിനാൽ അല്പം അവശനായിരുന്നു അവൻ. വാതുക്കൾ വരെ നടന്നതിയിട്ട് ഒന്ന് നിന്നു അർജുൻ ശേഷം പതിയെ തിരിഞ്ഞു

” അങ്കിൾ.. ആ വീഡിയോ. അത് ആരെയും കാണിക്കല്ലേ ”

അവന്റെ വാക്കുകൾ കേട്ട് മാധവൻ മാത്രമല്ല ആതിരയും ശ്രീദേവിയും ചിരിച്ചു പോയി..

” ഇല്ലില്ല കാണിക്കില്ല.. ഞാനും കാണില്ല എനിക്കതിനുള്ള ത്രാണിയില്ല. പക്ഷെ സേഫ് ആയി എന്റെ കയ്യിൽ തന്നെ വച്ചേക്കാം ”

ആതിരയാണ് അവനുള്ള മറുപടി നൽകിയത്. അതോടെ ഇളിഭ്യനായി പതിയെ പുറത്തേക്ക് നടന്നു അർജുൻ.

ഒന്നും വേണ്ടായിരുന്നു എന്ന് അപ്പോൾ അവന്റെ മനസ്സിൽ വല്ലാത്ത കുറ്റബോധവും അപമാനഭാരവും ഒക്കെ തോന്നിയിരുന്നു.

സന്തോഷത്തോടെ ഓടിച്ചെന്ന് മാധവനെ കെട്ടിപ്പിടിക്കുമ്പോൾ വല്ലാത്ത സംതൃപ്തിയിൽ ആതിരയുടെ മിഴികൾ തുളുമ്പി. ശ്രീദേവിയും അവരുടെ അരികിൽ എത്തിയിരുന്നു.

“താങ്ക്സ് അച്ഛാ.. താങ്ക്സ് അമ്മേ.. ”

രണ്ടാൾക്കും ഓരോ മുത്തം നൽകി അവൾ.

ജീവിതത്തിലെ ഏത് വലിയ പ്രശ്നങ്ങളിലും നമ്മുടെ മാതാപിതാക്കൾ ഒപ്പമുണ്ടേൽ ഒന്നുമല്ല.. ആ സത്യം അന്നവൾ മനസിലാക്കി.

” എന്താടാ ഇപ്പൊ വന്നേ.. ”

“മരണത്തിൽ പോയിട്ട് ഇപ്പോ അവര് വന്നമ്മേ.. അതാ ഞാനിങ്ങ് വന്നേ.. ”

അയല്പക്കത്തെ ചോദ്യവും ഉത്തരവും കേട്ട് പൊട്ടിച്ചിരിച്ചു പോയി മാധവനും ശ്രീദേവിയും പിന്നെ ആതിരയും…