നാല് വർഷത്തെ ദാമ്പത്യം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്, അതിൽ ഒരു മോനുമുണ്ട്. ആസിഫും വേറെ വിവാഹം..

(രചന: ഞാൻ ഗന്ധർവ്വൻ)

“ഹായ് ഇക്കാ, സുഖാണോ”

വാട്സാപ്പിൽ സേവ് അല്ലാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നപ്പോൾ ആസിഫ് ആ പ്രൊഫൈൽ നോക്കി

“മുഹ്സിന”

ആസിഫിന്റെ ആദ്യ ഭാര്യയാണ് മുഹ്സിന. അവന്റെ രണ്ട് കുട്ടികളുടെ ഉമ്മ. നാല് വർഷത്തെ ദാമ്പത്യം. ഇന്നവൾ മറ്റൊരാളുടെ ഭാര്യയാണ്, അതിൽ ഒരു മോനുമുണ്ട്. ആസിഫും വേറെ വിവാഹം കഴിച്ചു, അതിൽ ഒരു മോളുമുണ്ട്.

“ഹായ്, ഇതെന്താ ഇങ്ങോട്ട് മെസ്സേജ് ഒക്കെ”

“ഹേയ്, ഒന്നുല്ല… വെറുതേ, ഇങ്ങക്ക് സുഖല്ലേ”

“മ്മ്, സുഖം… നിനക്കോ…?”

“അൽഹംദുലില്ലാഹ്”

കുറച്ച് സമയത്തെ മൗനത്തിന് ശേഷം അവൾ വീണ്ടും ടൈപ്പ് ചെയ്തു

“എന്തോ നിങ്ങളെ ഓർമ വന്നു പെട്ടെന്ന്. എന്റെ ഒരു ഫ്രണ്ട് നിങ്ങളെ കുറിച്ച് പറഞ്ഞിരുന്നു കഴിഞ്ഞ ആഴ്ച്ച”

“മ്മ്…”

“ഇപ്പൊ കള്ള് കുടിയൊക്കെ നിർത്തി, ഭയങ്കര ഡീസന്റ് ആയെന്ന് അറിഞ്ഞു. സന്തോഷം തോന്നി. ഞാൻ ഒരുപാട് കൊതിച്ചതാ അങ്ങനൊരു ആസിഫിക്കയെ”

ആസിഫ് മറുപടി ഒന്നും പറഞ്ഞില്ല. അവൾ വീണ്ടും ടൈപ്പ് ചെയ്തു

“നിങ്ങളുടെ കള്ള് കുടിയല്ലേ നമ്മുടെ ജീവിതം തകർത്തത്…? എനിക്ക് എന്ത് ഇഷ്ടായിരുന്നു അറിയോ ഇങ്ങളെ, ഞാൻ കാല് പിടിച്ച് പറഞ്ഞിട്ടും ഇങ്ങള് കള്ള് കുടി നിർത്തിയില്ലല്ലോ”

ഇത് ടൈപ്പ് ചെയ്യുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആസിഫ് മറുപടി പറയാൻ പറ്റാതെ വല്ലാത്തൊരു അവസ്ഥയിൽ ഫോണും നോക്കി അങ്ങനെ നിന്നു

“ഇപ്പൊ ഇങ്ങള് നല്ലപോലെ ജോലിക്കൊക്കെ പോയി അന്തസ്സായി കുടുംബം നോക്കുന്നുണ്ട് എന്ന് ഫ്രണ്ട് പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി ഇക്കാ, പക്ഷേ വല്ലാത്ത സങ്കടവും… ഇങ്ങനൊരു ആസിഫിക്കയെ ആഗ്രഹിച്ചല്ലേ ഞാൻ എല്ലാ കഷ്ടപ്പാടും സഹിച്ച് ഇങ്ങളെ കൂടെ നാല് വർഷം ജീവിച്ചത്.

എന്നിട്ട് ഇങ്ങളെന്നോട് ദയ കാണിച്ചോ…? ഞാൻ കുട്ടികളേം കൂട്ടി നിങ്ങളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് എന്റെ വീട്ടിലേക്ക് പോവുമ്പോൾ, ഒരുവാക്ക്… ഒരൊറ്റ വാക്ക് നിങ്ങൾ പറഞ്ഞോ, മുഹ്‌സിനാ ഞാൻ ഇനി കുടിക്കില്ല നിന്നേം മക്കളേം നന്നായി നോക്കാം എന്ന്. ഞാൻ ആഗ്രഹിച്ചിരുന്നു അങ്ങനൊരു വാക്ക്”

ആസിഫിന്റെ കണ്ണ് നിറഞ്ഞു

“നീ മറ്റൊരാളുടെ ഭാര്യയായി ജീവിക്കാൻ തുടങ്ങിയ ആ ദിവസമാണ് നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്. അന്നാണ് ഞാൻ അവസാനമായി മദ്യപിച്ചതും. എനിക്കും നിന്നെ ഒരുപാട് ഇഷ്ടായിരുന്നു.

പക്ഷേ, മദ്യത്തിന് അടിമപ്പെട്ടിരുന്ന ഞാൻ എന്റെ ചുറ്റിലും ഉള്ളതൊന്നും കണ്ടില്ല. ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോഴേക്കും എനിക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. ഒരുപാട് തവണ നേരിൽ വന്ന് നിന്റെയും മക്കളുടേയും കാലിൽ വീണ് മാപ്പ് അപേക്ഷിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ നീ മറ്റൊരാളുടെ ഭാര്യയല്ലേ…”

“എന്റേയും ഇക്കയുടേയും ഇണക്കങ്ങളും പിണക്കങ്ങളും കുഞ്ഞു കുഞ്ഞു തല്ല്പിടിത്തങ്ങൾക്കും ഭ്രാന്തമായ പ്രണയങ്ങൾക്കും സാക്ഷിയായ നമ്മുടെ കട്ടിലിൽ കിടന്നാണോ ഇക്ക ഇപ്പോൾ ഈ മെസ്സേജ് അയക്കുന്നത്”

ഈ മെസ്സേജ് വായിച്ചപ്പോൾ അവന്റെ മനസിലൂടെ ഒരുപാട് ഓർമകൾ കടന്നുപോയി. മുഹ്സിനയും ഒന്നിച്ചുള്ള ജീവിതം, കുട്ടികൾ…

“ഇക്കാ…”

“പറയ്”

“മറ്റൊരു പെണ്ണ് ജീവിതത്തിൽ വന്നതിന് ശേഷം എപ്പോഴെങ്കിലും നിങ്ങൾ എന്നെ ഓർത്തിട്ടുണ്ടോ…?”

ആസിഫിന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു അപ്പോൾ

“ഇതിന്റെ ഉത്തരം നിനക്ക് അറിയില്ലേ, നിനക്ക് എന്നെ ഓർക്കാതിരിക്കാൻ പറ്റോ…? അങ്ങനെതന്നെ അല്ലേ ഞാനും”

“മ്മ്… എനിക്ക് ദേഷ്യം വരുമ്പോൾ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് വലിച്ച് തല്ലുകൂടിയിരുന്ന പുതപ്പിനോടും, ഞാൻ എടുത്തെറിഞ്ഞിരുന്ന തലയണകളോടും എന്റെ അന്വേഷണം പറയണം. അതിലൊക്കെ ഇപ്പോഴും എന്റെ മണം ഉണ്ടാകും”

ആസിഫിന്റെ കൈകൾ വിറച്ചു. അവൾ വീണ്ടും ടൈപ്പ് ചെയ്തു

“ഇപ്പോഴത്തെ ഭാര്യയെ ഒരുപാട് സ്നേഹിക്കണം, എന്നെ വേദനിപ്പിച്ചത് പോലെ ആ പാവത്തിനെ ഒരിക്കലും സങ്കടപ്പെടുത്തരുത്”

ടൈപ്പ് ഒന്ന് നിറുത്തിയിട്ട് ഒരു സ്മൈലി അയച്ച് അവൾ തുടർന്നു

“കുറച്ച് കഴിഞ്ഞ് പഴേപോലെ നിങ്ങളുടെ ഉടായിപ്പ് സ്വഭാവൊന്നും അവളുടെ മുന്നിൽ എടുക്കരുത് ട്ടോ. എന്നെപ്പോലെ ആവണം എന്നില്ല എല്ലാവരും”

“മ്മ്…”

ആസിഫ് ഒന്ന് മൂളി

“എന്നാ ശരി ഇക്കാ, ഞാൻ ഇനി മെസ്സേജ് അയക്കില്ല. എന്തോ കുറച്ച് സംസാരിക്കാൻ തോന്നി, മെസ്സേജ് അയച്ചു.

എത്ര കെട്ടിയാലും ആദ്യത്തേത് മരിക്കുന്നവരെ മറക്കാൻ പറ്റില്ല ഇക്കാ. ഒരുപാട് പ്രതീക്ഷകളോടെ നമ്മൾ ആദ്യമായി കടന്നുവന്ന വഴികൾ നല്ലതായാലും ചീത്ത ആയാലും അതങ്ങനെ കണ്ണിനുള്ളിൽ കിടക്കുന്നുണ്ടാകും. ഇക്കാ, എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടായിരുന്നു…”

ഈ മെസ്സേജും അയച്ച് ആസിഫിനെ ബ്ലോക്ക് ചെയ്ത് മുഹ്സിന പൊട്ടിക്കരഞ്ഞു…

ചിലതൊന്നും അങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റില്ല, അത്രക്ക് കൊതിച്ചിട്ടുണ്ടാകും അവർ നല്ലൊരു ജീവിതം…