അവളെ ചുറ്റിപ്പിടിച്ചവൻ ഒന്നുമറിയാതുള്ള നല്ല ഉറക്കത്തിലാണ്, കുറുമ്പോടെ മുഖമെടുത്തു..

(രചന: Nitya Dilshe)

മുഖത്തേക്കാരോ വെള്ളമൊഴിച്ചതു പോലെ തോന്നിയപ്പോഴാണ് അവൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റത് … പുറത്തു തകർത്തുപെയ്യുന്ന മഴയാണ് .. കൈയ്യെത്തിച്ചു റാന്തൽ വിളക്കിന്റെ തിരിയല്പം ഉയർത്തി …

നിമിഷങ്ങൾ കഴിഞ്ഞതും അടുത്ത വെള്ളത്തുള്ളി മുഖത്തു തന്നെ ..കണ്ണ് ഉത്തരത്തിലേക്കു നീണ്ടു …വൃത്തത്തിൽ നനഞ്ഞു കിടപ്പുണ്ട് ..

അവളെ ചുറ്റിപ്പിടിച്ചവൻ ഒന്നുമറിയാതുള്ള നല്ല ഉറക്കത്തിലാണ് … കുറുമ്പോടെ മുഖമെടുത്തു അവളുടെ മുഖത്തോടടുപ്പിച്ചു .. അടുത്ത തുള്ളി കൃത്യമായി ആ കൺപോളക്കു മുകളിൽ …

ഇമയൊടൊപ്പം ഉടലും വെട്ടിയവൻ  കൺ‌തുറന്നു .. പകപ്പോടെ ചുറ്റും നോക്കി ..അവൾക്കു ചിരി ഒതുക്കാനായില്ല .. കണ്ടതും ദേഷ്യം കൊണ്ട് മുഖം ചുവന്നവനെ നോക്കി മുകളിലേക്ക് കണ്ണ് കാണിച്ചു ..

അടുക്കളയിലെ പാത്രങ്ങളോരോന്നും ആ ഒറ്റമുറി വീട്ടിൽ നിരന്നിരുന്നു ..പല ശബ്ദത്തിൽ …പല താളത്തിൽ …ഓരോന്നിലും വെള്ളത്തുള്ളികൾ ചിതറിത്തെറിക്കുന്നത് കൗതുകത്തോടവൾ നോക്കിയിരുന്നു ..

മഴയൊന്നു ശമിച്ചെങ്കിലും തണുത്തുവിറച്ചു ചിണുങ്ങിയിരിക്കുന്ന അടുപ്പ്  കത്താൻ  മടിപിടിച്ചു നിന്നു .. അതിനനുനുസരിച്ച് അവളുടെ മുഖവും കണ്ണുകളും ചുവന്നു വന്നു ..

പുറത്തേക്കു പോകാൻ നിൽക്കുന്ന അവനെ നോക്കി അവൾ പറഞ്ഞു …

“” കാലവർഷം തുടങ്ങിയിട്ടേ ഉള്ളു .. പുര മേയണം ..””

കൈകൾ അറിയാതാവന്റെ കീശയിലേക്കു നീണ്ടു .. കല്യാണം കഴിഞ്ഞതിന്റെയും പാർട്ടി നടത്തിയതിന്റെയും അവശേഷിപ്പ് കുറച്ചു ചില്ലറയായി ഇരുപ്പുണ്ട്  ..

മറുപടി പറയാതവൻ പുറത്തേക്കിറങ്ങി ..
മാനം ഇപ്പോഴും തെളിയാതെ ഇരുണ്ടു മൂടി കിടന്നു ..

വേലിക്കപ്പുറത്തു നിന്നും തലവെട്ടം  കണ്ടപ്പോഴേ മുടിയിലെ കെട്ടുകളറുത്തുകൊണ്ടവൾ മുറ്റത്തേക്കിറങ്ങി നിന്നു ..

“” മഴ കാരണം പണിയില്ല “”

ആരോടെന്നില്ലാതെ പറഞ്ഞു കയറി വന്നു ..

അവളെ കടന്നതും വാസന സോപ്പിന്റെ ഗന്ധം .. ഒരു നിന്നു  ..ഇടതുകൈകൊണ്ടവളെ വലിച്ചടുപ്പിച്ചു നെഞ്ചോടു ചേർത്തു .. പ്രണയത്തോടെ കണ്ണുകളിലേക്കു നോക്കി ..

“” കൂട്ടുകാരാരോടെങ്കിലും ചോദിക്കാമായിരുന്നു.. പുര മേയാൻ കുറച്ചു പണം ..”” അവൾ പകുതിയിൽ നിർത്തി ..

അവന്റെ കൈകൾ അയഞ്ഞു .. കണ്ണുകളിലെ പ്രണയം ഒരു നിമിഷം കൊണ്ടില്ലാതായി ..

“” നോക്കട്ടെ .. “” നീരസത്തോടെ പറഞ്ഞവൻ അകത്തു കയറി ..

അന്നന്ന് അദ്ധ്വാനിച്ചു  ജീവിക്കുന്നോരാ.. പലപ്പോഴും താനാണ് കടം കൊടുത്ത് സഹായിക്കാറുള്ളത് .. അവരുടെ പക്കൽ ഒന്നുമില്ലെന്നറിഞ്ഞു തിരിച്ചു ചോദിക്കുന്നതെങ്ങനെ ..??കെട്ടിയപ്പോഴേ പ്രാരാബ്ധക്കാരനായ് എന്ന് പറയിപ്പിക്കാനോ ??

മുറി നിറയെ പാത്രങ്ങൾ നിരന്നു തട്ടി തടഞ്ഞു  .. അത്യാവശ്യമുള്ളവ പ്ലാസ്റ്റിക് കവറിൽ  പൊതിഞ്ഞു വച്ചിട്ടുണ്ട് ..മേൽക്കൂര മുഴുവൻ നനഞ്ഞിരിപ്പാണ് .. പലയിടത്തും ഓല ദ്രവിച്ചു തുടങ്ങി ..അതിലൂടെ ചെറുതായി പ്രകാശം അരിച്ചെത്തുന്നുണ്ട് …

അടുക്കളയിൽ തട്ടലും മുട്ടലും കേൾക്കുന്നുണ്ട് .. ചെന്ന് നോക്കി .. അവളൊരു റേഡിയോ ശബ്‌ദിപ്പിക്കാനുള്ള പണിയിലാണ് .. ടോർച്ചിലെ ബാറ്ററി അഴിച്ചു താഴെ ഇട്ടിട്ടുണ്ട് ..

മുൻപ് ‘അമ്മ പണിയെടുക്കുന്ന വീട്ടിൽ നിന്നും കിട്ടിയതാണ് ..അവരുടെ വീട്ടിൽ ടിവി എത്തിയപ്പോൾ ഉപേക്ഷിച്ചത്  … കൊണ്ടുവന്ന അന്ന് മുഴുവൻ ഇതിനു ചുറ്റുമായിരുന്നു ..

ഉച്ചത്തിൽ ശബ്ദം കൂട്ടി  നാട്ടുകാരെ മുഴുവൻ അറിയിച്ചിട്ടുണ്ട് ..അറിയാത്ത ഭാഷ വന്നാലും നിർത്തിവെക്കാതെ  ..

രണ്ടുമൂന്നു ഇടിയും കുത്തും തട്ടലും കിട്ടിയപ്പോൾ റേഡിയോ ശബ്ദിച്ചു തുടങ്ങി ..

അവളുടെ മുഖത്ത് ചിരി തെളിഞ്ഞു .എന്തോ നേടിയെടുത്ത ഭാവമാണ്  ..കുറേനാളായി ആ മുഖത്ത് ചിരി കാണാത്തതു കൊണ്ടാവോ  കണ്ടതും ആ ചിരി അവനിലേക്കും പടർന്നു …

അവനെ വിശ്വസിച്ചു കൂടെയിറങ്ങി വന്നവളാണ്.. കൊണ്ട് വരുമ്പോഴുണ്ടായിരുന്ന വിശ്വാസം തകർന്നു തുടങ്ങിയിരിക്കുന്നു ..

ദുരിതത്തിൽ നിന്നും കൂടുതൽ ദുരിതത്തിലേക്കാണോ കൈപിടിച്ച് കൊണ്ടുവന്നത്… മനസ്സ് അസ്വസ്ഥമാണ് …

കയറിക്കിടക്കാൻ ചെറുതെങ്കിലും കിടപ്പാടം ഉണ്ടെന്നൊരു ധൈര്യമായിരുന്നു അവളെ വിളിച്ചുകൊണ്ടു വരുമ്പോൾ …’അമ്മ മരിച്ചതിൽ പിന്നെ അതിഥിയെ പോലെ ഇടക്കൊന്നു കയറി വരും ..

മിക്കതും ഇരുട്ടിൽ വന്നുകയറി വെളിച്ചം വീഴുന്നതിനു മുൻപ് പോവുകയാണ് പതിവ് .. വീടിന്റെ അവസ്ഥ കണ്ടിരുന്നില്ല .. വിവാഹത്തിന്റെ തലേന്നാണ് കൂട്ടുകാരാണ് ഇത് കുറച്ചെങ്കിലും വൃത്തിയാക്കിയെടുത്തത് ….

വാർത്ത വന്നതും അവൾ റേഡിയോയുടെ ശബ്ദം കൂട്ടി ..  ശക്തമായ കാറ്റിനും മഴക്കും സാധ്യത എന്ന് കേട്ടതും മുഖം മങ്ങി .. ദൈന്യതയോടെ മുകളിലേക്ക് നോക്കിയിരിപ്പുണ്ട് …

മേൽക്കൂരയിലെ ദ്വാരങ്ങളുടെ വലിപ്പം കൂടിക്കൊണ്ടിരിക്കുന്നു .. പുതിയവ വന്നു തുടങ്ങി ..വെള്ളത്തുള്ളികൾക്കു പാത്രം തികയാതെ വന്നിരിക്കുന്നു .. മുറിക്കുള്ളിൽ അവ കുഞ്ഞു നീർച്ചാലുകൾ സൃഷ്ടിച്ചിരിക്കുന്നു .. പലയിടങ്ങളിലൂടെ ഒഴുകി ചിലത് ചിലയിടത്ത് സംഗമിക്കുന്നുണ്ട് ..

മുറിക്കുള്ളിലൊരു മൂലയിൽ നനഞ്ഞ പക്ഷിയെ പോലെ അവൾ കൂനിപ്പിടിച്ചിരിപ്പുണ്ട് ..വെള്ളം ചിതറിത്തെറിച്ച് ദേഹം നനക്കുന്നുണ്ട് …റാന്തൽ വിളക്കിനെ നോക്കിയാണിരുപ്പെങ്കിലും മനസ്സ് അവിടെങ്ങുമില്ല …കണ്ണുകളിൽ പഴയ തെളിച്ചമില്ല …

എന്തെങ്കിലുമൊരു തീരുമാനമുണ്ടാക്കണം .. ഇനിയും കണ്ടില്ലെന്നു നടിക്കാൻ വയ്യ ..

നാളെ മുതലാളിയെ കണ്ടു പറഞ്ഞു നോക്കണം .. ഇതുവരെ കണക്കു പറഞ്ഞൊന്നും വാങ്ങിയിട്ടില്ല  .. ഇനിയും ഇല്ലാത്ത അഭിമാനം പിടിച്ചിരിക്കാൻ വയ്യ ..ആ വഴി ഓർത്തതും മനസ്സിനൽപം ആശ്വാസം കിട്ടി ..

നേരം നന്നായ്  വെളുക്കുന്നതിനു മുൻപേ തോട്ടിൽ പോയി കുളിച്ചു വന്നു ..

അടുക്കളയിൽ നിന്നും റേഡിയോ ശബ്ദിക്കുന്നുണ്ട് .. ഈയിടെയായി വീട്ടിലിപ്പോൾ ഇതിന്റെ ശബ്ദം മാത്രമേയുള്ളു …

കാപ്പിയുമായവൾ പിറകെ വന്നെങ്കിലും വന്നിട്ടാകാമെന്നു പറഞ്ഞു ധൃതിയിൽ പുറത്തിറങ്ങി .. മുതലാളി പോകും മുൻപ് വീട്ടിൽ ചെന്ന് കാണണം ..

കാര്യങ്ങൾ മടിച്ചവൻ പറഞ്ഞപ്പോഴേ പണമെടുത്തു നീട്ടി .. ചോദിക്കാത്തതിൽ വഴക്കു പറഞ്ഞു ..,
കുറച്ചു നാളായുണ്ടായിരുന്ന ആശങ്കകൾക്ക് വിരാമമായി ..

കുറച്ചു  മുൻപേ ചിന്തിക്കേണ്ടതായിരുന്നു .. ഇത് കാണുമ്പോഴുള്ള അവളുടെ മുഖത്തെ തെളിച്ചം കാണാൻ മനസ്സ് തിടുക്കം കൂട്ടി ..

കാറ്റിനെയും മഴയെയും വകവെക്കാത്തവൻ വീട്ടിലേക്കു നടന്നു .. വീടിനടുത്തെത്തിയതും ആളുകൾ ഓടിയടുക്കുന്നു .. ഓടിച്ചെന്നു നോക്കിയപ്പോൾ കണ്ടു .. വീടിന്റെ സ്ഥാനത്തൊരു മൺകൂന …ഇടക്കുയർന്നു നിൽക്കുന്ന കമ്പുകൾ …

പകച്ചു നിന്നു … ഇതിനുള്ളിലെവിടെയോ അവൾ .. ഈ ലോകത്തു തനിക്കാകെ ഉണ്ടായിരുന്നവൾ …തന്നെ വിശ്വസിച്ചു കൂടെ പോന്നവൾ …

ചിന്ത വന്നതും ആദ്യമായി ഇതുവരെ കൂട്ടുണ്ടായിരുന്ന തന്റേടം ചോർന്നു പോകുന്നതറിഞ്ഞു .. നെഞ്ച് വിലങ്ങി ..കണ്ണിൽ ഇരുട്ട് കയറി .. മൺകൂനക്കിടയിൽ റേഡിയോയുടെ ശബ്ദം കേട്ടു ..

ചുറ്റും നിൽക്കുന്നവർ വിളിച്ചുകൂവുന്നത് ശ്രദ്ധിക്കാനാവുന്നില്ല .. മൺകൂനയിലേക്കു നടക്കാൻ തുടങ്ങിയവനെ ആരൊക്കെയോ ചേർന്ന് പിടിച്ചു വച്ചു .. .

എവിടെ നിന്ന് തുടങ്ങണം .. ഒരു നിമിഷം സംശയിച്ചു നിന്നു ..ഭ്രാന്തനെപ്പോലെ ഓടിനടന്നു
കൈകൾകൊണ്ട്  വേഗത്തിൽ മണ്ണുമാറ്റാൻ ശ്രമിച്ചു …

പെട്ടെന്ന് പിന്നിലൂടെ ശരീരത്തെ ആരോ പുൽകുന്നതറിഞ്ഞു ..വാസനസോപ്പിന്റെ മണം .. സ്വപ്നമോ യഥാർത്ഥ്യമോ ?? . കണ്ണീരോടെ തിരിഞ്ഞുനോക്കി ..

“” കുളിക്കാൻ പോയതായിരുന്നു ..”” അവൾ ചുറ്റിപ്പിടിച്ചു വിതുമ്പുന്നുണ്ട് ..

ഒരു നിമിഷം കൊണ്ട് മനസ്സുണർന്നു .. ഇരുകൈകൾകൊണ്ടവളെ വലിച്ചടുപ്പിച്ചു വലിഞ്ഞുമുറുക്കി .. മുഖം ചേർത്ത് പിടിച്ചു ചുംബിച്ചു ..

ഇനിയൊരിക്കലും ആർക്കു വേണ്ടിയും അവളെ സങ്കടപ്പെടുത്തില്ലെന്നു മനസ്സിലുറപ്പിച്ചു ..

പോയ ധൈര്യം തിരികെ വരുന്നതറിഞ്ഞു .. അവളൊപ്പമുണ്ടെങ്കിൽ എന്തിനെയും നേരിടാനുള്ള
മനക്കരുത്ത്  ..അപ്പോഴും അവരെ നനച്ചുകൊണ്ട് മഴ കനത്തുപെയ്യുന്നുണ്ടായിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *