(രചന: Nitya Dilshe)
അവൾ വാച്ചിലേക്ക് നോക്കി ..സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു .. ഇന്നും ഇറങ്ങാൻ വൈകി ..
ഇനിയും നീട്ടിവക്കാൻ വയ്യ.. വഴിയോരക്കച്ചവക്കാരുടെ ബഹളങ്ങൾ ശ്രദ്ധിക്കാതെ വേഗതയിൽ നടന്നു …
ലൈറ്റുകളാൽ പ്രകാശപൂരിതമായ
സ്വർണക്കടക്ക് മുന്നിലെത്തിയപ്പോൾ അവൾക്കു ചെറിയൊരു പരിഭ്രമം തോന്നി .. ആദ്യമായാണ് തനിച്ചിങ്ങനൊരു കാര്യം …
ശീതീകരിച്ച ഷോറൂമിലേക്കു കടന്നതും സുമുഖനായ ചെറുപ്പക്കാരൻ അടുത്തെത്തി.. അയാൾ കാണിച്ചു കൊടുത്ത കസേരയിലിരുന്ന് അവൾ ചുറ്റും നോക്കി ..
കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണങ്ങൾ ഭംഗിയിൽ നിരത്തിവച്ചിരിക്കുന്നു ..
അവളുടെ ആവശ്യം അവൾക്കു വലുതും കേൾക്കുന്നയാൾക്കു ചെറുതുമായതു കൊണ്ടാവും ദിവസത്തിന്റെ മുഴുവൻ ക്ഷീണവും മുഖത്തുണ്ടെങ്കിലും അടുത്തിരിക്കുന്നവരോട് ചോദിച്ച ചായ സൽക്കാരം അവൾക്കു കിട്ടാതെ പോയത് ..
ജിമുക്കികളോരോന്നിന്റേയും വില ചോദിക്കുമ്പോൾ അയാൾ കാൽകുലേറ്ററിൽ വിരലുകളോടിച്ചു…
തുക അവൾക്കുനേരെ കാണിച്ചു … ഓരോ തുക കാണിക്കുമ്പോഴും വാടിയ മുഖത്തോടെ അവൾ ബാഗ് ഒന്നുകൂടി നെഞ്ചോട് ചേർത്തു …
അവസാനം ഇഷ്ടപ്പെട്ട കുഞ്ഞു ജിമുക്കി സ്വന്തമാക്കിയപ്പോൾ ഒരു ലോകം തന്നെ വെട്ടിപ്പിടിച്ച സന്തോഷം തോന്നി ..
ബില്ല് കൊടുത്തു കടക്കു പുറത്തിറങ്ങിയതും നേരത്തെ കണ്ട ചെറുപ്പക്കാരൻ അവളെ തിരിച്ചു വിളിച്ചു ..
അയാൾക്കൊപ്പം മാനേജർ എന്നെഴുതിയ മുറിക്കുള്ളിലേക്ക് കയറിയപ്പോൾ അവൾ ശരിക്കും ഭയന്നിരുന്നു ..
മുറിക്കുള്ളിലെ കസേരയിലിരിക്കുന്ന ആളെ കണ്ടതും മനസ്സിലൊരു മഞ്ഞുവീണ സുഖം ..തണുത്ത കാറ്റിൽ ഒരുപാട് മന്ദാരപ്പൂക്കൾ മേലെ വന്നു വീഴുന്ന സുഖം ..
ഒരുപാട് തവണ പ്രണയം പറഞ്ഞിട്ടും അവൾ ഒളിപ്പിച്ചു വച്ച അവളുടെ പ്രണയം.. അവളെ കണ്ട് അയാളൊന്നു ഞെട്ടി ..ആദ്യമായി അയാൾക്ക് നേരെ അവൾ പുഞ്ചിരിച്ചു ..
അയാളുടെ മുഖം ഗൗരവമേറിയതായിരുന്നു.. ഒരു പരിചയഭാവം പോലും മുഖത്തില്ല.. ഒപ്പമുള്ളയാൾ തട്ടിപ്പറിക്കുന്നതു പോലെ പഴകിത്തുടങ്ങിയ ബാഗ് വലിച്ചതും എന്തിനെന്ന ചോദ്യം അറിയാതുയർന്നു ..
“”എടുത്ത സാധനം നിങ്ങളായെടുത്തു തരുന്നോ, അതോ ഞങ്ങൾ തന്നെ എടുക്കണോ ??”” അയാളുടെ മുഖത്ത് പരിഹാസമായിരുന്നു ..
ആത്മാഭിമാനത്തിൽ കൂടം കൊണ്ടടി കിട്ടിയതുപോലെയാണ് തോന്നിയത്.. ഒരു നിമിഷത്തേക്ക് ബോധം നഷ്ടപ്പെട്ടപോലെ ..
അവൾ കസേരയിലിരിക്കുന്ന അവളുടെ പ്രണയത്തെ നോക്കി .. അയാൾ തല കുനിച്ചിരിക്കുകയാണ് ..
അപ്പോഴേക്കും ഒപ്പമുള്ളയാൾ ബാഗിലെ സാധനങ്ങൾ മുഴുവൻ മേശപ്പുറത്തേക്കു കുടഞ്ഞിട്ടു കഴിഞ്ഞിരുന്നു.. ഉള്ളു നീറി .. നെഞ്ച് വിങ്ങി.. നിന്ന നിൽപ്പിൽ മരിച്ചുപോയെങ്കിൽ എന്നാണവളപ്പോൾ ആഗ്രഹിച്ചത് ..
വിചാരിച്ചത് കണ്ടെത്താൻ കഴിയാത്തതു കൊണ്ടാവും അയാൾ മാനേജർക്കരുകിലെത്തി എന്തോ പറഞ്ഞു ..അയാളുടെ മുഖം ചുവന്നു ..
അയാൾ എഴുന്നേറ്റവൾക്കരികിലെത്തി.. പതിയെ പറഞ്ഞു ..
“”എവിടെയാ നീയാ മാല ഒളിപ്പിച്ചു വച്ചേ .. അതങ്ങിടുത്തു കൊടുത്തേക്ക്.. പോലീസൊക്കെ വന്നാൽ പിന്നെയത് കേസാകും .. നാണക്കേടാവും ..””
കഷ്ടപ്പെട്ടു പഠിച്ചു ..ആഗ്രഹിച്ച പോലെ ജോലികിട്ടി .. ഇനി തന്റെ പ്രണയം തിരിച്ചു പറയാൻ കാത്തിരുന്നവന്റെ മുഖത്തേക്കവൾ തീക്ഷണമായി നോക്കി ..
അപ്പോഴേക്കും പുറത്തു നിന്നൊരാൾ ഓടിവന്നു ഇവരെ വിളിച്ചെന്തോ അടക്കം പറഞ്ഞു ..
അയാളുടെ മുഖത്തിനൊരയവ് വന്നു .. പെട്ടെന്ന് തന്നെ അയാൾ പഴയ കാമുകനായി ..
“”ഗൗരി പൊയ്ക്കോളൂ ..അല്ലെങ്കിൽ വേണ്ട .. നേരം ഇരുട്ടി .. ഞാൻ കൊണ്ടുചെന്നാക്കാം ..””
“”ഇപ്പോൾ തനിക്കു കാണാതായ മാല കിട്ടിയോ ??””അവളുടെ ശബ്ദത്തിനു വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു ..
“” സോറിടോ ..താനല്ല ..തന്റെ തൊട്ടടുത്തിരുന്നവരായിരുന്നു ..cctv യിൽ വ്യക്തമായുണ്ട് ..”” അയാളുടെ മുഖത്ത് ജാള്യത കണ്ടു ..
“” ഞാൻ തനിച്ചു പൊയ്ക്കൊള്ളാം .. തന്നെക്കാൾ വിശ്വാസമാണ് ഇപ്പോൾ ലോകത്തുള്ള മറ്റെല്ലാവരെയും ..പിന്നെ മാനനഷ്ടത്തിന് ഞാൻ കേസ് കൊടുക്കുന്നുണ്ട് ..ഇനിയാർക്കും ഇങ്ങനെയൊന്നു ഉണ്ടാവാതിരിക്കാൻ ..””
ഇത്തവണ പതിഞ്ഞതും ഉറച്ചതുമായ ശബ്ദം അവളുടേതായിരുന്നു.. അയാളുടെ മുഖം വിളറുന്നത് കണ്ടു ..
പുറത്തേക്കിറങ്ങിയപ്പോൾ അതുവരെ പിടിച്ചു നിർത്തിയ വേദന കണ്ണുനീരായി ഒഴുകിയിറങ്ങി ..
വാങ്ങിയ കുഞ്ഞു കമ്മൽ അണിയുമ്പോഴുള്ള അനിയത്തിക്കുട്ടിയുടെ മുഖത്തെ ചിരിയാലോചിച്ചപ്പോൾ ആ കണ്ണീരിനിടയിൽ അവളിൽ അറിയാതൊരു ചിരി വിടർന്നിരുന്നു ..