(രചന: Nitya Dilshe)
ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു .. നോക്കാതെ തന്നെ അറിയാമായിരുന്നു അത് റോസ് ആണെന്ന് ..ഈ യാത്രയിൽ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും അവൾ വിളിച്ചുകൊണ്ടേയിരുന്നിരുന്നു ..
തനിക്കിതൊക്കെ പരിചിതമാണെന്നു പറഞ്ഞിട്ടും അതൊന്നും അവൾക്കു ആശ്വാസമാകുന്നുണ്ടായിരുന്നില്ല ..
അവൾക്കുവേണ്ടി ഞാനെന്തോ ഫേവർ ചെയ്യുന്നത് പോലായിരുന്നു ..ഉള്ളിന്റെയുള്ളിൽ ഒന്ന് കാണാൻ ആഗ്രഹിക്കുന്നതു സത്യത്തിൽ ഞാനല്ലേ .. പക്ഷെ അത് ഇങ്ങനെ ഒരവസ്ഥയിൽ ആയിരുന്നില്ലെന്ന് മാത്രം ..
പുറത്തു മോൻ കാത്തുനില്പുണ്ടെന്നു പറഞ്ഞിരുന്നു.. കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായില്ല.. മാനുവൽ എന്ന മനുവിന്റെ കൊച്ചുപതിപ്പ് .. ഒരു വേദന ഹൃദയത്തിലൂടെ പാഞ്ഞു ഗർഭപാത്രത്തിലെത്തി നിന്നു …
“ആന്റി. ” എന്ന് വിളിച്ചു അവൻ കൈയുയർത്തി .
കാർ അവൻ തന്നെയാണ് ഡ്രൈവ് ചെയ്തത് ..തിരക്കിലൂടെ അനായാസേന ഡ്രൈവ് ചെയ്തു പോകുന്നത് നോക്കിയിരുന്നത് കണ്ടാവണം അവൻ പറഞ്ഞു
“”ലൈസൻസ് അടുത്താണ് എടുത്തത്.. പപ്പയുമായി മിക്കതും ഹോസ്പിറ്റലിൽ പോകേണ്ടി വരും ..അങ്ങനെയാ ഓടിച്ചു പഠിച്ചത് ..” അവന്റെ ചിരി മനുവിനെ ഓർമിപ്പിച്ചു ..
മനുവിനെ ഞാൻ ആദ്യമായി കാണുമ്പോൾ ഇവനെക്കാൾ കുറച്ചുകൂടി മുതിർന്നതായിരുന്നു ..
എപ്പോഴാണ് ഇഷ്ടം തുടങ്ങിയത് ?…
അവനെ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ, അതിനേക്കാൾ മുൻപേ അവൻ എന്നെ ശ്രദ്ധിച്ചിരുന്നു എന്ന് ആ നോട്ടത്തിൽ നിന്നും മനസ്സിലായി ..പ്രണയം പൂത്തു വിടർന്ന മൂന്നു വർഷങ്ങൾ ..
വല്ലാതെ പ്രണയം തോന്നുന്ന നിമിഷങ്ങളിൽ അവനെന്നെ ചേർത്ത് പിടിച്ചിരുന്നു.. നെറുകയിൽ ഒന്ന് ചുംബിച്ചു പിടിവിടും .. അപ്പോഴെല്ലാം അവന്റെ ഹൃദയതാളം തൊട്ടടുത്തു കേൾക്കാം …അവന്റെ ഗന്ധം അടുത്തറിയാം ..
ഒരുമിച്ചു ജീവിക്കാൻ തയ്യാറെടുത്ത യാത്രയിലാണ് എല്ലാം കീഴ്മേൽ മറിഞ്ഞത് ..പാതി വഴിയിൽ വച്ച് വീട്ടുകാർ തടഞ്ഞു ..ഒരുമിച്ചത് ഞങ്ങളല്ല ഇരുവീട്ടുകാരുമാണെന്നു അപ്പോഴാണ് മനസ്സിലായത് ..
കാറിൽ നിന്നിറങ്ങിയപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ ..ഈ വീടിനുള്ളിൽ എവിടെയോ മനുവുണ്ട് .. നീണ്ട ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു കണ്ടുമുട്ടൽ ..
വേദനകൾ മുഴുവൻ കരഞ്ഞു തീർത്താണ് വന്നത് .. എന്നിട്ടും ഇപ്പോൾ പതറിപ്പോകുന്നു.. വരേണ്ടിയിരുന്നില്ലെന്നു തോന്നി ..ഇതുവരെ ഉണ്ടായിരുന്ന ഉത്സാഹം പെട്ടന്നങ്ങ് പോയപോലെ ..
ഉമ്മറപ്പടിയിൽ തന്നെ റോസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു .. കോളേജിൽ ഉള്ളപ്പോൾ ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ട്.. മനുവിന്റെ കസിൻ എന്ന് പറഞ്ഞു പരിചയപ്പെട്ടിട്ടുണ്ട് ..
അന്നൊക്കെ ഒരു ശത്രുവിനെപ്പോലെ രൂക്ഷമായി തന്നെ നോക്കിക്കൊണ്ടു പോയവൾ ..ഇന്ന് ഒരുപാട് പരിചയമുള്ളവളെ പോലെ…ചിരിയോടെ വന്നവൾ ആശ്ലേഷിച്ചു ..
“”സൈറയുടെ നമ്പർ കിട്ടാൻ ഒത്തിരി ബുദ്ധിമുട്ടി ..വിളിച്ചപ്പോഴും വരുമെന്ന പ്രതീക്ഷയില്ലായിരുന്നു..മനുവിന്റെ അവസ്ഥ അറിഞ്ഞാൽ വരാതിരിക്കില്ലെന്നു തോന്നി ..എന്റെ പ്രാർത്ഥന ദൈവം കേട്ടു ..””
കണ്ണുകൾ കാണേണ്ടയാളെ തിരയുകയായിരുന്നു …
“”മനു റൂം വിട്ടധികം പുറത്തിറങ്ങാറില്ല ..ഇന്നലെ വൈകീട്ടാണ് ഹോസ്പിറ്റലിൽ നിന്ന് വന്നത് ..വീട്ടിൽ പോണമെന്നു മനുവിന് വാശിയായിരുന്നു ..യാത്ര കഴിഞ്ഞു വന്നതല്ലേ ..ഭക്ഷണം കഴിച്ചിട്ടു കാണാം ..””
വിശപ്പുണ്ടായിരുന്നില്ല ..മനസ്സ് വല്ലാതെ പിടച്ചുകൊണ്ടിരുന്നു …
“” സൈറ വരുന്നത് പറഞ്ഞിട്ടില്ല ..ഈ ജീവിതത്തിൽ ഞാൻ എന്തെങ്കിലും സന്തോഷം കൊടുക്കണ്ടേ ..”” പറയുമ്പോൾ ശബ്ദം ഇടറി..കണ്ണൊന്നു നനഞ്ഞുവോ ..
മുകളിലെ മുറിയിലേക്ക് ആദ്യം കയറിയത് റോസ് തന്നെ ആയിരുന്നു ..പാതി തുറന്ന വാതിലിലൂടെ കണ്ടു ..ഏതോ ബുക്കും വായിച്ചു ബെഡിന്റെ ഹെഡ് റെസ്റ്റിൽ ചാരിയിരിക്കുന്ന മനുവിനെ ..
ഒരു കരച്ചിൽ വന്ന് തൊണ്ടയെ നീറ്റി ശ്വാസംമുട്ടിച്ചു കടന്നുപോയി ..ഓടിച്ചെന്നാ നെഞ്ചിൽ വീണു കരയണമെന്നു തോന്നി..
“”സൈറാ ..കയറി വാ ..””റോസിന്റെ ശബ്ദം അകലെ എവിടെനിന്നോ കേൾക്കുന്നത് പോലെയാണ് തോന്നിയത് ..
വായിച്ചുകൊണ്ടിരുന്ന ആൾ ഞെട്ടി മുഖമുയർത്തി നോക്കുന്നത് കണ്ടു ..ശരീരം ശിലപോലെ ഉറച്ചു പോയിരുന്നു ..
റോസ് വാതിൽ മുഴുവൻ തുറന്നു , വാതിൽക്കൽ നിന്ന് വീണ്ടും വിളിച്ചു ..പഴയ മനുവല്ല, റോസിന്റെ മനുവാണെന്നു മനസ്സിനെ വീണ്ടുമോർമിപ്പിച്ചു അകത്തേക്ക് നടന്നു..
കണ്ണുകളുയർത്തി നോക്കാൻ എന്തോ ഭയം പോലെ ..മനസ്സിൽ കടിഞ്ഞാണിട്ട് പൂട്ടിയതെല്ലാം കെട്ട് പൊട്ടി പുറത്തുവരുമോ എന്ന ഭയം ..കണ്ടത് വിശ്വസിക്കാനാവാത്തതു പോലെ ഇരിക്കുന്ന മനുവിനെ ഇടംകണ്ണിലൂടെ കണ്ടു ..
അങ്ങിങ്ങു നരകയറിയ മുടികൾ ..ക്ഷീണിച്ച ശരീരം മുഖത്തൊരു കണ്ണട സ്ഥാനം പിടിച്ചിരിക്കുന്നു.. വിഷാദിച്ച മുഖം ..മുൻപ് എത്ര വലിയ വിഷമങ്ങൾ പറഞ്ഞാലും അത് ചിരിച്ചുകൊണ്ട് നിസ്സാരവത്കരിക്കുന്ന മനുവിനെ ഓർത്തു .. മനു ചെരിഞ്ഞു എന്റെ പിറകിലേക്ക് നോക്കുന്നത് കണ്ടു …
“”സൈറ തനിച്ചാണ് വന്നിരിക്കുന്നത് ..” മനുവിന്റെ നോട്ടത്തിനു ഉത്തരം റോസ് ആണ് നൽകിയത് ..
“”ഹാരിസ് ??..കുട്ടികൾ ??..”” മനു ചോദ്യഭാവത്തിൽ എന്നെ നോക്കി .അത്ഭുതമാണ് തോന്നിയത്.. വർഷങ്ങൾ കഴിഞ്ഞും എന്നെ വിവാഹം കഴിച്ച ആളുടെ പേര് മനു ഓർത്തിരിക്കുന്നു ..
“”സുഖമായിരിക്കുന്നു ..” പറയുമ്പോൾ ശബ്ദം നേർത്തിരുന്നു …
“എത്ര കുട്ടികളാ..ഫോണിലൂടെ ഞാൻ ഒന്നും ചോദിച്ചില്ല. ..”” റോസിന്റെ ശബ്ദത്തിൽ കുറ്റബോധമുണ്ടായിരുന്നു ..
“”രണ്ടുപേർ ..”” ഞാൻ പുഞ്ചിരിച്ചു .
“”നിങ്ങൾ സംസാരിക്കു ..എനിക്ക് താഴെ കുറച്ചു ജോലിയുണ്ട് ..”” റോസ് ഞങ്ങൾക്ക് സംസാരിക്കാൻ സൗകര്യമൊരുക്കുകയാണെന്നു മനസ്സിലായി ..
കുറേനേരം ഞങ്ങൾക്കിടയിൽ മൗനമായിരുന്നു.. ഹൃദയങ്ങൾ തമ്മിൽ സംവദിക്കുന്നുണ്ടായിരുന്നു .. അതിന്റെ തരംഗങ്ങൾ കണ്ണുകളിൽ കണ്ടു ..മനു തന്നെയാണ് സംസാരിച്ചു തുടങ്ങിയത് ..
“”അവസാനമായി നമ്മൾ കണ്ടതിന്റെ പിറ്റേന്നായിരുന്നു വിവാഹം അല്ലെ ??ഫോട്ടോ കണ്ടിരുന്നു ..അത് കാണിക്കാൻ എല്ലാവര്ക്കും വലിയ ഉത്സാഹമായിരുന്നു ..
പരാജിതന്റെ വേദന ചിലർക്ക് ലഹരിയാണ്.. ഹാരിസിനെ ഒന്ന് കാണണമെന്നുണ്ടായിരുന്നു …
സാരമില്ല ..ഇനി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല.. .
അന്ന് ഒരുമിക്കാതിരുന്നത് നന്നായെന്ന് തോന്നും ചിലപ്പോൾ …ഇല്ലെങ്കിൽ മരണത്തെ കാത്തിരിക്കുന്ന ഈ സുഖം ..അത് ഉണ്ടാവില്ലായിരുന്നു ..”” ശാന്തമായിരുന്നു വാക്കുകളെങ്കിലും അത് മനസ്സിനേൽപിക്കുന്ന പ്രഹരം വലുതായിരുന്നു ..
മനസ്സിന്റെ ശക്തി ചോർന്നു പോവുന്നതറിഞ്ഞു ..ഒരു ബലത്തിനായ് ജനലിന്റെ കമ്പികൾ മുറുകെപ്പിടിച്ചു ..ആർത്തലച്ചു കരയണമെന്നു തോന്നി …ശ്വാസംമുട്ടി മരിച്ചു പോകും എന്ന് തോന്നി ..
മനു അടുത്ത് വന്നു സാന്ത്വനിപ്പിക്കാനായി കൈയുയർത്തി ..പെട്ടെന്നെന്തോ ഓർത്തപോലെ തിരിച്ചു നടന്നു …
താഴെ ഡൈനിങ്ങ് ടേബിളിൽ തലയ്ക്കു കൈകൊടുത്തു റോസ് ഇരിപ്പുണ്ടായിരുന്നു ..കാലടി ശബ്ദം കേട്ട് കണ്ണുകൾ ധൃതിയിൽ തുടക്കുന്നത് കണ്ടു ..ഒരു ചിരിയോടെ എഴുന്നേറ്റു ..
“”ഇറങ്ങുകയാണ് …ഇപ്പോൾ തിരിച്ചു ട്രെയിനുണ്ട് ..””
“”മോൻ തിരിച്ചു കൊണ്ടുവിടും ..ഇനി വരുമ്പോൾ എല്ലാവരെയും കൂട്ടി വരണം ..”” റോസ് മോനെ വിളിച്ചു സ്റ്റേഷനിൽ കൊണ്ടുവിടാൻ പറഞ്ഞു ..
മുഖത്ത് നോക്കാൻ കഴിയുന്നില്ലായിരുന്നു ..എന്റെ മനസ്സും കലങ്ങിയ കണ്ണുകളും ഒളിപ്പിക്കാനാണ് ശ്രമിച്ചത് ..എത്രയും പെട്ടെന്ന് അവിടെ നിന്നും പോകാനാണ് ആഗ്രഹിച്ചത് ..റോസ് അടുത്ത് വന്ന് കൈകൾ കവർന്നു ..
“”ക്ഷമിക്കാൻ വയ്യാത്ത തെറ്റാണു ഞാൻ ചെയ്തതെന്ന് കാലം തെളിയിച്ചു ..നിങ്ങളെ വേർപിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു മുൻപിൽ ..ചെറുപ്പത്തിലേ എല്ലാവരും പറഞ്ഞു മോഹിപ്പിച്ചതാ മനു. റോസിന്റെയാണെന്ന് …
നിങ്ങളുടെ പ്രണയം കണ്ടപ്പോൾ അസൂയയായിരുന്നു ..ദേഷ്യമായിരുന്നു …പിന്നീടത് വാശിയായി മാറി ..
നിങ്ങൾ പിരിഞ്ഞപ്പോൾ മനുവിനെ എനിക്ക് തന്നെ കിട്ടുമെന്ന് തോന്നി ..പിന്നെയും കാത്തിരിക്കേണ്ടിവന്നു മൂന്നു വർഷങ്ങൾ …പല പല തന്ത്രങ്ങൾ ..ഒടുവിൽ ഞാൻ ജയിച്ചു ..എന്റെ വാശിയിൽ വിവാഹം നടന്നു ..പക്ഷെ അത് വലിയ തോൽവിയായിരുന്നു ..
മനുവിന്റെ മനസ്സിൽ നിങ്ങൾ മാത്രമേ ഉള്ളു .. ഒരിക്കൽ പോലും എന്നെയൊരു ഭാര്യയായി കണ്ടില്ല ..മ ദ്യപിച്ച ഒരു രാത്രിയിൽ ആദ്യമായെന്നെ അറിയുമ്പോഴും നിങ്ങളുടെ പേരായിരുന്നു എന്നെ വിളിച്ചത് ..
അതിൽ എനിക്കൊരു മകനെ കിട്ടി ..സന്തോഷവതി തന്നെയാണ് ഞാൻ ..അത്രയെങ്കിലും കരുണ എനിക്ക് കിട്ടിയല്ലോ ..
നിങ്ങൾ തനിച്ചായിരുന്നെങ്കിൽ എന്നേ മനുവിനെ ഞാൻ സന്തോഷത്തോടെ നിങ്ങൾക്ക് വിട്ടുതന്നേനെ ..”” പറയുമ്പോൾ വല്ലാതെ വിങ്ങുകയും കിതക്കുകയും ചെയ്തിരുന്നു അവൾ ..അവസാനത്തെ വാചകം പറഞ്ഞപ്പോൾ ശബ്ദം ചിലമ്പിച്ചിരുന്നു ..
അവളുടെ കണ്ണുനീർ എന്റെ കൈകളിൽ വീണുപൊള്ളി .. കൂടുതൽ കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല ..പുറത്തു സ്റ്റാർട്ട് ചെയ്തിട്ട കാറിൽ ഓടിച്ചെന്നു കയറി ..
ഹൃദയം വിങ്ങിപ്പൊട്ടി അപ്പോൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു … ഞാൻ ഇപ്പോഴും തനിച്ചാണ് ..ഹാരിസ് നല്ലൊരുമനുഷ്യനായിരുന്നു..
എനിക്കൊരിക്കലും അയാളുടെ ഭാര്യവാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ തന്നെ സൗഹാർദമായ് പിരിഞ്ഞു ..മറ്റൊരു വിവാഹം കഴിഞ്ഞു ഭാര്യക്കും അതിലെ രണ്ടുമക്കൾക്കുമൊപ്പം അയാളിപ്പോൾ സന്തോഷത്തോടെ കഴിയുന്നു ….