(രചന: Nitya Dilshe)
“”ചേച്ചി.. താഴെ ഷീറ്റ് വിരിച്ച് കിടക്കാനോ സോഫയിൽ കിടക്കാനോ.. ഒന്നും എനിക്ക് പറ്റില്ലാട്ടോ..””
“എന്ത് ???””
“”അല്ല കഥകളിലൊക്കെ അങ്ങനെയാണല്ലോ.. ഇഷ്ടമില്ലാത്ത വിവാഹം കഴിഞ്ഞാൽ…”” പറഞ്ഞത് അബദ്ധമായോ എന്ന സംശയത്തിൽ ഞാനൊന്നു നിർത്തി..
“”ഹോ..ഈ പെണ്ണിന്റെ ഒരു കാര്യം.. കണ്ട കഥകളെല്ലാം വായിച്ച്… “”ചേച്ചിയുടെ ചിരി കേട്ടു..
“”ഇത് അങ്ങനെയൊന്നും ആവില്ല.. നീ വേണ്ടാത്തതൊന്നും ചിന്തിച്ചു കൂട്ടേണ്ട.. അവനോടൊന്നു സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടാവൂ..”
“”അല്ല ചേച്ചി, ഇത് ശര്യാവുംന്നു തോന്നണില്ല… അയാൾ എന്റെ മുഖം പോലും കണ്ടിട്ടുണ്ടോന്നു തന്നെ സംശയാണ്…ചേച്ചിയും കണ്ടതല്ലേ..
എൻഗേജ്മെന്റ് ഡേ തന്നെ ആർക്കോ വേണ്ടിയെന്നോണമാണ് അയാൾ റിംഗ് ഇട്ടത്… ലൈഫ് വച്ചൊരു റിസ്ക് എടുക്കാൻ എനിക്ക് വയ്യ..അച്ഛനോട് ചേച്ചി കൂടി ഒന്നു പറയണം..
ഇപ്പോ തന്നെ എൻഗേജ്മെന്റ് കഴിഞ്ഞു മാസം ഒന്നാവാറായി.. ഇതുവരെ അയാൾ എന്നെ ഒന്ന് വിളിച്ചുകൂടിയില്ല…””പരിഭവവും വേദനയുമുണ്ടായിരുന്നു അവളുടെ വാക്കുകളിൽ..
“”മോളെ ഞാൻ പറഞ്ഞാലും ഇക്കാര്യം അച്ഛൻ കേൾക്കുമെന്നു തോന്നുന്നില്ല..അച്ഛന്റെ പ്രിയസുഹൃത്തിന്റെ മോൻ..എല്ലാം കൊണ്ടും നല്ല ബന്ധം..അച്ഛൻ ആ സന്തോഷത്തിലാണ്..നീയൊരു കാര്യം ചെയ്യൂ..
അയാളെ വിളിച്ചൊന്നു സംസാരിക്കൂ..അയാൾടെ മനസ്സിൽ എന്താണെന്ന് അറിയാലോ.. എന്നിട്ടു തീരുമാനിക്കാം..നമ്പർ ഞാൻ സംഘടിപ്പിച്ചു തരാം.. ഓഫീസ് എത്തിയെടി…. പിന്നെ വിളിക്കാം..'”
ചേച്ചി പറഞ്ഞതു തന്നെയാണ് ശരിയെന്നു തോന്നി..അയാൾക്കെന്താണ് പറയാനുള്ളത് എന്നു കൂടി കേൾക്കണമല്ലോ…
മിക്കവാറും സ്ഥിരം കേൾക്കാറുള്ള തേപ്പ് തന്നെ ആവണം…വൈകിയിട്ട് നമ്പർ ചേച്ചി ടെക്സ്റ്റ് ചെയ്ത് തന്നിരുന്നു.. ആ നേരത്ത് വിളിക്കേണ്ടെന്നു കരുതി..
നമ്പർ കിട്ടിയപ്പോൾ ആകെയൊരു പരിഭ്രാന്തി.. വിളിക്കാണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചു.. അച്ഛനെങ്ങാൻ അറിഞ്ഞാൽ പിന്നെ വീടിനു പുറത്താ..ചേച്ചി ധൈര്യം തന്നു..
ആ ധൈര്യത്തിന്റെ പുറത്താണ് പിറ്റേന്ന് കോളേജിൽ പോകുന്നതിനു മുൻപ് ആളെ വിളിച്ചത്.. പരിചയമില്ലാത്ത നമ്പർ കണ്ടാവണം വല്ലാത്തൊരു കടുപ്പം ‘ഹലോ’ ക്കുണ്ടായിരുന്നു..അപ്പൊ തന്നെ പേടിച്ചു കട്ട് ചെയ്തു…
കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിക്കുന്നു..നോക്കിയപ്പോൾ അതേ നമ്പർ..ആൾ തിരിച്ചു വിളിക്കുന്നു..വിറച്ചാണ് ഹലോ പറഞ്ഞത്..
“”ഞാൻ യുക്തയാണ്..””ശ്വാസം പിടിച്ചു പറഞ്ഞൊപ്പിച്ചു..മറുപുറം പെട്ടെന്ന് സൈലന്റ് ആയി..എന്തിനെന്നോ ഏതിനെന്നോ എന്ന ചോദ്യം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല…..
“‘ ok..യുക്ത..എപ്പോഴാണ് ഒന്നു കാണാൻ കഴിയുക..??”‘ ആ ചോദ്യം പ്രതീക്ഷിക്കാത്തത് കൊണ്ട് ഞാനാണ് ഞെട്ടിയത്.. മറുപടി കിട്ടാത്തത് കൊണ്ടാവും വീണ്ടും ശബ്ദമെത്തി..
“”എനിക്കൊന്നു നേരിൽ കണ്ടു സംസാരിക്കണം…””
എത്ര ദിവസമുണ്ടായിരുന്നു മനുഷ്യാ..ഞാൻ അങ്ങോട്ടു വിളിച്ചപ്പോഴാണോ സംസാരിക്കാൻ തോന്നിയത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ ശബ്ദം പുറത്തു വന്നില്ല..
‘” യുക്ത..ഫ്രീ എന്നാണെന്ന് നോക്കിയിട്ട് പറയു.. ഇതേ നമ്പർ വാട്സാപ്പ് ഉണ്ട്.. മെസ്സേജ് ചെയ്താൽ മതി..””
പറഞ്ഞ ദിവസം തന്നെ അയാൾ എത്തി..റെസ്റ്റോറന്റിൽ അയാൾക്കൊപ്പം കയറുമ്പോൾ ഉള്ളിലൊരു പരിഭ്രമവും ഭയവുമുണ്ടായിരുന്നു..ആദ്യമായാണ് തനിച്ച്..
അതും കൂടുതൽ പരിചയമില്ലാത്ത പുരുഷനൊപ്പം… അധികം തിരക്കില്ല..ഏതോ ഗസൽ റിഥം ചെറുതായി പ്ലേ ചെയ്യുന്നുന്നുണ്ട്..ഏസി യുടെ തണുപ്പിലും നെറ്റിയിൽ വിയർപ്പുപൊടിഞ്ഞു.. ഒഴിഞ്ഞൊരു കോർണർ നോക്കി ഇരുന്നു..
എന്റെ പരിഭ്രമം അറിഞ്ഞാവാം അയാൾ ഗ്ലാസ്സിൽ വെള്ളമൊഴിച്ചു അടുത്തേക്ക് നീക്കി വച്ചു..ഫുഡ് ഓർഡർ ചെയ്തതിനു ശേഷമാണ് സംസാരിച്ചു തുടങ്ങിയത്..
വിചാരിച്ചത് പോലെതന്നെ അയാൾക്കൊരു പ്രണയമുണ്ടായിരുന്നു.. രണ്ടു വീട്ടുകാരുടെയും സമ്മതം കിട്ടിയതോടെ വിവാഹത്തിനടുത്തു വരെ എത്തിയ ബന്ധം..
അമൃത..ആ കുട്ടിക്ക് ‘അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു… അമ്മക്കൊരു ആക്സിഡന്റ് പറ്റി.. ഞങ്ങൾ നാട്ടിൽ പോകുന്നു എന്ന് പറഞ്ഞാണ് അവസാനമായി വിളിച്ചത്..
പിന്നീടൊരു വിവരവുമില്ല.. രണ്ടുവർഷമായി..ആ കുട്ടി തിരിച്ചു വരുമെന്ന് അയാൾ പ്രതീക്ഷിക്കുന്നു.. ഇപ്പോഴും ആ കുട്ടിയെപ്പറ്റിയുള്ള അന്വേഷണത്തിലാണ്.. അയാളുടെ അമ്മക്ക് സുഖമില്ല.. അവരുടെ നിർബന്ധം കൊണ്ടാണ് ഞാനുമായുള്ള വിവാഹത്തിന് സമ്മതിച്ചതത്രെ..
ഇങ്ങനെയൊന്നു പ്രതീക്ഷിച്ചതു കൊണ്ടാണെന്നു തോന്നുന്നു വിചാരിച്ചത്ര ഷോക്ക് തോന്നിയില്ല..
ഞാൻ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് അയാൾക്കൊരു മറുപടി ഉണ്ടായിരുന്നില്ല..
തിരിച്ചിറങ്ങുമ്പോൾ പറയാൻ കരുതിയിരുന്നത് തന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു..
“”ഒന്നുകിൽ നിങ്ങൾ തന്നെ ഈ വിവാഹത്തിൽനിന്നു പിന്മാറണം..അല്ലെങ്കിൽ ആ കുട്ടിയെ മറന്ന് എന്നെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാമെങ്കിൽ മാത്രം എനിക്ക് വിവാഹത്തിന് സമ്മതം..”‘ അയാളുടെ മുഖത്തൊരാശ്വാസം കണ്ടു…
പഞ്ച് ഡയലോഗ് ഒക്കെ അടിച്ചു വന്നെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ടായിരുന്നു..ഈ വിവാഹം നടക്കാതിരുന്നാൽ ഒരുപക്ഷേ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിനായിരിക്കും തിരശീല വീഴുക ..
ഇങ്ങനൊരു ആലോചന വന്നപ്പോഴെ അച്ഛന്റെ മുഖത്തെ സന്തോഷം കണ്ടതാണ്..വരുന്നത് പോലെ വരട്ടെ എന്നാശ്വസിച്ചു..
പിന്നീടെല്ലാദിവസവും മാധവ് വിളിക്കുമായിരുന്നു..(അയാൾ എന്ന എന്റെ വിളി അപ്പോഴേക്കും മാറി).തുടക്കം രണ്ടു മിനിറ്റിനുള്ളിൽ ഒതുങ്ങിയിരുന്ന ഫോൺ കോൾസിന്റെ ദൈർഘ്യം ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരുന്നു…
ഒരിക്കലും പ്രണയത്തോടെ സംസാരിച്ചിരുന്നില്ല.. അന്നേ.ദിവസത്തെ ഏതൊരു ചെറിയ കാര്യവും പരസ്പരം ഷെയർ ചെയ്തിരുന്നു..
ഒരിക്കൽ മാധവ് ചോദിച്ചു..””വിവാഹത്തിന് ഡേറ്റ് നോക്കാൻ വീട്ടിൽ പറയട്ടെ.??.””മാധവിൽ നിന്ന് ഇത്ര പെട്ടെന്ന് അങ്ങനൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല
“”ആ കുട്ടി തിരിച്ചു വന്നാലോ ??””ഒരു മറുചോദ്യമാണ് ചോദിക്കാൻ തോന്നിയത്..
“”ഇല്ല..ഇനി വരില്ലെന്ന് മനസ്സു പറയുന്നു..ഇപ്പോൾ അതിനെക്കുറിച്ചോർക്കാറില്ല..മറ്റൊരു മുഖമാണ് മനസ്സിൽ..””
പിന്നീട് വിവാഹത്തിന്റെ തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നു.. വിവാഹത്തലേന്നു പതിവുള്ള “ഗുഡ് നൈറ്റ്’ പറയാൻ മാധവ് വിളിച്ചിരുന്നു.
സംസാരിക്കുന്നതിനിടയിൽ ആരോ ‘മാധവ് ‘ എന്നു വിളിച്ചത് കേട്ടു… മാധവ് ‘”അമൃത”” എന്നു പറഞ്ഞതും ഫോൺ കട് ആയി.. മാധവിന്റെ ശബ്ദത്തിലെ വിറയലും പതർച്ചയും അമൃത ആരെന്ന് വ്യക്തമായിരുന്നു..
വെറും തോന്നലാവുമെന്നു പേടിച്ചതെന്തോ അതു സംഭവിക്കാൻ പോകുന്നു..ഫോണും പിടിച്ചു കുറേനേരം അവിടെ തന്നെ ഇരുന്നു..
പന്തലിൽ ആളുകൾക്ക് നിർദേശങ്ങൾ കൊടുത്തുകൊണ്ട് അച്ഛൻ അപ്പോഴും ഓടി നടക്കുന്നുണ്ട്..അച്ഛമ്മയുടെ ആഗ്രഹമായിരുന്നു വീട്ടിൽ വച്ചുള്ള വിവാഹം..
ചേച്ചി കിടക്കാൻ വന്നു വിളിച്ചപ്പോഴാണ് അവിടെ നിന്നും എണീറ്റത്..എന്റെ മുഖഭാവം കണ്ടാവണം എന്തുപറ്റിയെന്നു ആവർത്തിച്ചു ചോദിച്ചു.. ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ നെഞ്ചുപൊട്ടി പോകുമെന്നു തോന്നി..ചേച്ചിയോട് പറഞ്ഞപ്പോഴേക്കും കരഞ്ഞുപോയി..
“”ഏയ് ഒന്നുമില്ലെടി “” എന്നെന്നെ ആശ്വസിപ്പിച്ച് ചേച്ചി തന്നെയാണ് മാധവിന് ഫോൺ ചെയ്തത്..പക്ഷെ മാധവിന്റെ ഫോൺ സ്വിച്ഡ് ഓഫ് ആയിരുന്നു..
നാളത്തെ ദിവസം എന്തായിരിക്കും എന്റെ വിധി എന്നോർത്തു ഉറങ്ങാൻ കഴിഞ്ഞില്ല..ഒന്നുമില്ലെന്ന് പറഞ്ഞു ചേച്ചി ആശ്വസിപ്പിക്കുണ്ടെങ്കിലും ആ മനസ്സിലും പരിഭ്രാന്തിയുണ്ടെന്നു മുഖം വിളിച്ചറിയിച്ചു ..
രാവിലെ മുതൽ ആ വാർത്ത പ്രതീക്ഷിച്ചു കൊണ്ടാണ് ഇരുന്നത്.. ആരൊക്കെയോ വരുന്നു പോകുന്നു..എന്നെ ഒരുക്കുന്നു…യാന്ത്രികമായി ഇരുന്നു കൊടുത്തു..അതിനിടയിൽ ആരോ പറഞ്ഞു കേട്ടു ..വരനും കൂട്ടരും എത്തിയെന്ന്..
മണ്ഡപത്തിൽ മാധവിന്റെ അടുത്ത് ഇരിക്കുമ്പോൾ ആ മുഖത്തെ ഭാവമെന്തെന്നു അറിയണമെന്നുണ്ടായിരുന്നു…
ഇതുവരെ മാധവിനെ നഷ്ടപ്പെടുമോ എന്ന ഭയമായിരുന്ന ഉള്ളിലെങ്കിൽ ഇപ്പോൾ പ്രാണനെ പോലെ കരുതിയ ആളെ വിട്ടുനല്കുന്ന ആ കുട്ടിയുടെ അവസ്ഥ ഓർത്തുള്ള വിഷമമാണ്..
“”എന്താ ഇത്ര വലിയ ആലോചന.??””മാധവിന്റെ പതിഞ്ഞ സ്വരം കാതിനരികിൽ എത്തി…
മുഖമുയർത്തിയപ്പോൾ എല്ലാ കണ്ണുകളും ഞങ്ങളുടെ നേർക്കാണ്..അതോടെ ചോദിക്കാൻ വന്നത് വിഴുങ്ങി..
താലി കെട്ടുമ്പോൾ ആ മുഖം കണ്ടു..ആദ്യമായി കണ്ണുകളിൽ നിറയെ പ്രണയത്തോടെ മാധവ്..
മനസ്സ് വീണ്ടും എന്തിനോ അസ്വസ്ഥമാകുന്നു.. മാധവിനെ അവിടെ നിന്നും വലിച്ചു കൊണ്ടുപോയി എല്ലാം ചോദിച്ചറിഞ്ഞാലെ മനസ്സ് ശാന്തമാകു എന്നു തോന്നി…
തിരക്കൊന്നു കുറഞ്ഞപ്പോൾ അതു ചോദിക്കാൻ തുടങ്ങിയതും സുന്ദരിയായൊരു പെണ്കുട്ടി അടുത്തേക്ക് വന്നു..മാധവ് പരിചയപ്പെടുത്തി..
‘അമൃത ‘..
ആ കുട്ടിയുടെ നെറ്റിയിലെ സിന്ദൂരത്തിലേക്കാണ് കണ്ണുകൾ ഓടിയെത്തിയത്…ആ ചുവപ്പ് മനസ്സിലൊരു തണുപ്പാണ് പടർത്തിയത് ….
“”സാഹചര്യം കൊണ്ട് അവൾക്കു മറ്റൊരാളെ വിവാഹം ചെയ്യേണ്ടി വന്നു..ആ സ്റ്റോറി പിന്നെ പറഞ്ഞു തരാം..”” മാധവ് പതിയെ പറഞ്ഞു..
“”ഇന്നലെ ഫോണിനെന്തു പറ്റി ??””പതിവ് പോലെ എന്റെ മറുചോദ്യം വന്നു..
“”അത് ചാർജ് കഴിഞ്ഞു ഓഫ് ആയിപ്പോയി.. നീ ഉറങ്ങിയെന്നു വിചാരിച്ചു പിന്നെ വിളിച്ചില്ല..””ചമ്മിയ മുഖത്തോടെ മാധവ് പറഞ്ഞു..
ഹഗും ഫോട്ടോയെടുപ്പും കഴിഞ്ഞ് അവർ മണ്ഡപത്തിൽ നിന്നിറങ്ങിയതും മനസ്സിലുള്ള ചോദ്യം പിന്നേക്കു മാറ്റിവെക്കാൻ തോന്നിയില്ല..
“”ആ കുട്ടി വിവാഹം കഴിയാതെയാണ് വന്നതെങ്കിലോ..?? അപ്പോൾ ഈ വിവാഹം നടക്കുമായിരുന്നോ..??””
“”തീർച്ചയായും..ഇതേ നടക്കു.എനിക്കുള്ളത് നീയാണെന്ന് ഉറപ്പായിരുന്നു…വിവാഹത്തിന് ഡേറ്റ് നോക്കട്ടെ എന്നു നിന്നോട് ചോദിച്ചപ്പോഴേ ഞാനത് മനസ്സിൽ തീരുമാനിച്ചിരുന്നു..””
വീണ്ടും ഫോട്ടോക്ക് ചേർന്നുനിൽക്കുമ്പോൾ ശരീരം കൊണ്ട് മാത്രമല്ല..മനസ്സുകൊണ്ടും വല്ലാതെ ചേർന്നിരുന്നു ഞങ്ങൾ….