നവിയേട്ടനെ കൊണ്ട് നമ്മളിലാരെയെങ്കിലും കെട്ടിച്ചാലോ എന്നൊരു ആലോചന അമ്മ..

ഒരവധിക്കാലത്ത്
(രചന: Nitya Dilshe)

തണുത്ത കാറ്റ് മുഖത്തടിച്ചപ്പോൾ ദീപിക പതിയെ കൺ തുറന്നു.. കാർ മെയിൻ റോഡ് കഴിഞ്ഞു വീട്ടിലേക്കുള്ള ചെമ്മൺ പാതയിലേക്ക് കയറിയിരിക്കുന്നു..

കഴിഞ്ഞ വർഷം വന്നപോലല്ല.. പൊട്ടിപ്പൊളിഞ്ഞെങ്കിലും  ഈ റോഡും ഇപ്പോൾ ടാർ ചെയ്തിട്ടുണ്ട്.. ടയറിനടിയിൽ മണ്ണ് ഞെരിയുന്ന ശബ്ദം….

അച്ഛൻ പതിവ് പോലെ ഇവിടെയെത്തിയപ്പോൾ എസി ഓഫ് ചെയ്ത്  കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടുണ്ട്….ഇരുവശവും പാടമാണ്.. ഒരു മഴ തോർന്നു കഴിഞ്ഞു ..

അടുത്ത മഴക്കുള്ള ഒരുക്കങ്ങൾ തുടങ്ങിട്ടുണ്ട്.. അടുത്തിരിക്കുന്ന അനിയത്തി ഗീതികയെ നോക്കി…അവൾ അമ്മയുടെ തോളിലേക്കു ചായ്ഞ്ഞു ഉറങ്ങുന്നുണ്ട്..

“ഡീ.. എണീറ്റെ.. വീടെത്താറായി..”‘അമ്മ അവളെ തട്ടി വിളിച്ചു… ഒന്നു ചിണുങ്ങിയെങ്കിലും കണ്ണുകൾ പാതി തുറന്നു ഉറക്കമത്തിൽ ചോദിച്ചു..
“എപ്പഴാ നമ്മൾ കൊച്ചിക്കു പോണേ..”

കേട്ടതും അമ്മയുടെ മുഖമൊന്നു വിടർന്നു..നോട്ടം നേരെ അച്ഛനിലെത്തി..അമ്മയുടെ വീടാണ് കൊച്ചിയിൽ..അവിടെ നിൽക്കാനാണ് അവൾക്കിഷ്ടം…

“”ഗീതു..ഇപ്രാവശ്യം നിനക്കു ബോറടിക്കില്ല.. എല്ലാരും ഓണത്തിന് വരണ് ണ്ട്.. വല്യച്ഛനും കുടുംബവും ഒരാഴ്ച മുൻപേ എത്തിയിട്ടുണ്ട്..പ്രസീദ അമ്മായിയും കുടുംബവും ഈ ആഴ്ച തന്നെ എത്തും..”

അച്ഛന്റെ സന്തോഷം വാക്കുകളിലും മുഖത്തും കാണാനുണ്ട്.. എല്ലാ വർഷവും ദുബായിൽ നിന്നും എത്താറുണ്ടെങ്കിലും എല്ലാവരും ഒരുമിച്ചുണ്ടാവുന്നത് അപൂർവ്വമാണ്..  ..അച്ഛന്റെ ചേട്ടനാണ് പ്രസാദ് വല്യച്ഛൻ..

അവർക്ക് ഒരു മോളാണ്..അഞ്ജു  ചേച്ചി..ചേച്ചി MCA കഴിഞ്ഞു ഇപ്പോൾ വർക് ചെയ്യുന്നു.. പിന്നെയുള്ളത് കുഞ്ഞനിയനാണ്..കുഞ്ഞുണ്ണി..
അവൻ പത്തിൽ എത്തിയതെ ഉള്ളു..

പ്രസീദ അമ്മായി മുംബൈയിലാണ്. രണ്ടു ആൺ മക്കൾ..മൂത്തചേട്ടൻ  നവീൻ ഇപ്പോൾ മാമന്റെ ബിസിനസ്സ് നോക്കി നടത്തുന്നു..രണ്ടാമത്തെ ആൾ എന്നെപ്പോലെ BBA  കഴിഞ്ഞു നിൽക്കുന്നു..

വീട്ടിലെത്തിയതും ഉമ്മറത്ത് തന്നെ അച്ഛച്ഛനും അച്ഛമ്മയുമുണ്ട്…പഴയ തറവാട്‌ പുതുക്കി പണിതതാണ്…..

ഞങ്ങളെ കണ്ടതും പതിവുപോലെ സന്തോഷക്കണ്ണീർ നിറച്ച് നിൽക്കുന്നുണ്ട്..പിന്നെ കെട്ടിപ്പിടുത്തവും ഉമ്മവക്കലും…

അകത്തു കയറി…കണ്ണുകൾ കൊണ്ടുള്ള എന്റെ പരതൽ കണ്ടാവും ഉടനെ ഉത്തരമെത്തി..

“പ്രസാദ് കുട്ടികളുമായി പുറത്തേക്കു പോയിരിക്കാ..”

ബാഗും വലിച്ചു മോളിലെത്തി.. ഞങ്ങൾ കുട്ടികൾക്കുള്ള മുറികൾ മുകളിലാണ്..ഗോവണി കയറി മുകളിലുള്ള ആദ്യമുറിയുടെ മുന്നിലെത്തിയതും ഒന്നു നിന്നു….

ചാരിയിട്ട വാതിൽ തുറന്നകത്തു കയറി.. നവിയേട്ടന്റെ മുറിയാണ്.. വെറുതെ എല്ലായിടവും ഒന്ന് തൊട്ടു തലോടി.. ഓർമകൾ മനസ്സിലേക്കെത്തിയതും കവിളുകളിൽ ചുവപ്പു പടരുന്നതറിഞ്ഞു…

പ്ലസ് ടു  കഴിഞ്ഞു വെക്കേഷന് വന്ന സമയം…. കുളിക്കാൻ ബാത്‌റൂമിൽ കയറി ഇട്ടിരുന്ന ഡ്രസ്സ് അഴിച്ചതും നോക്കിയത് ചുവരിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത തവളയിലേക്കാണ്.. പല്ലി.. പാറ്റ എല്ലാറ്റിനെയും പേടിയാണ്..അതിനും മുകളിലാണ് ഈ വൃത്തികെട്ട സാധനം…

ഡോർ തുറന്നു അലറിക്കൂവി പുറത്തേക്കോടി… റൂമിനു പുറത്തെത്തിയതും ആരെയോ ഇടിച്ചു നിന്നു.. പേടികൊണ്ടു ഇടിച്ചയാളെ ഇറുകെപ്പിടിച്ചു.. ശരീരം വിറക്കുകയായിരുന്നു..

അൽപ സമയം കഴിഞ്ഞാണ് ആളെ നോക്കിയത്.. നവിയേട്ടൻ.. ആൾ എപ്പോഴും ഗൗരവക്കാരനാണ്.. ഞങ്ങൾ കുട്ടികളുമായി വലിയ കമ്പനി ഇല്ല .. അകന്നുമാറി താഴേക്ക് ഓടാനാഞ്ഞതും പിടി വീണു..

എന്റെ വയറിൽ കൈചുറ്റി റൂമിലേക്ക് തന്നെ തൂക്കിയെടുത്തു നടന്നു…. ബെഡിൽ കിടന്ന ബ്ലാങ്കെറ്റ് എടുത്തു പുതപ്പിച്ചപ്പോഴാണ് വെറുമൊരു പെറ്റിക്കോട്ടു മാത്രമാണ് വേഷമെന്നു തിരിച്ചറിഞ്ഞത്…

പിന്നീട് നവിയേട്ടനെ ഫേസ് ചെയ്യാൻ ചമ്മലായിരുന്നു.. കുറച്ചു ദിവസം കഴിഞ്ഞതും ഞാൻ തിരിച്ചു ദുബായിലേക്കും ചേട്ടൻ മുബൈക്കും പോയി..

പിന്നീട് ഇതുവരെ കണ്ടിട്ടില്ല.. ചുവരൊന്നു ആകെ നോക്കിയിട്ടേ അതിനു ശേഷം ബാത്‌റൂമിൽ കയറു..

കുളിച്ചു ഭക്ഷണം കഴിഞ്ഞതും ഇവിടത്തെ എന്റെ പ്രിയ ഇടങ്ങളിലൊന്നായ കുളപ്പടവിലെത്തി… വെള്ളത്തിൽ ഇറങ്ങാൻ ഭയമാണ്..

പടവിൽ ഇരുന്ന് കാലുകൾ വെള്ളത്തിലേക്ക് ഇറക്കിവക്കും.. കുഞ്ഞിമീനുകൾ വന്ന്‌ കാലിൽ ഇക്കിളികൂട്ടും…അതൊരു സുഖാണ്..

“ദീപു..”..അഞ്ജു ചേച്ചിയാണ്..അവർ പുറത്തുപോയി വന്നിരിക്കുന്നു..ഓടിപ്പോയി കെട്ടിപ്പിടിച്ചു…

വിശേഷം പറച്ചിലും കളിതമാശകളുമായി ദിവസങ്ങൾ വേഗം പോയി.. അതിനിടയിൽ നവിയേട്ടൻ ഒഴിച്ചു ബാക്കി എല്ലാരും എത്തിയിരുന്നു..ചേട്ടൻ ഓണത്തിന് രണ്ടുദിവസം മുൻപ് എത്തുമെന്ന് അറിഞ്ഞു..

റൂമിൽ ദുബായ് ഫ്രണ്ട്സുമായി ചാറ്റ് ചെയ്യുന്നതിനിടയിലാണ് അഞ്ജു ചേച്ചി റൂമിലേക്ക് വന്നത്..

“ദീപു, ഡി.. നിന്നോട് ചെറിയമ്മ വല്ലോം പറഞ്ഞോ..?” വന്നതും ചോദ്യമെത്തി..

“ഇല്ലല്ലോ..”എന്താണ് കാര്യമെന്ന മട്ടിൽ പുരികമുയർത്തി..

“നവിയേട്ടനെ കൊണ്ട് നമ്മളിലാരെയെങ്കിലും കെട്ടിച്ചാലോ എന്നൊരു ആലോചന..’അമ്മ പറഞ്ഞതാ….” പറഞ്ഞതും ആൾടെ മുഖത്ത് ചുവപ്പു പടർന്നു..

“അഞ്ജു ചേച്ചി തന്നാ നവിയേട്ടന് സ്യൂട്ട്..”

മൊബൈലിൽ ഗെയിം കളിച്ചോണ്ടിരുന്ന ഗീതുവിന്റെ ശബ്ദമെത്തി..അല്ലെങ്കിലും ഇതൊക്കെ കാണാനും കേൾക്കാനും അവൾക്കു പ്രത്യേക കഴിവാ..

ടി വി യിൽ റൊമാന്റിക് സീൻ വരുന്നത് പലപ്പോഴും അവൾടെ മുഖം കണ്ടിട്ടാ ഞാനറിയാറ്.. അല്ലെങ്കിൽ അടുത്തു ബോംബിട്ടാൽ അറിയാത്തവളാ …

അതും കൂടി കേട്ടതോടെ ചേച്ചിയുടെ മുഖം ഒന്നുകൂടി തുടുത്തു.. ചേച്ചി തന്നെയാണ് സുന്ദരി.. എന്നേക്കാൾ നിറവും മുടിയും ചേച്ചിക്ക് തന്നെയാണ്..

തലയിൽ എണ്ണ തേച്ചു കുളിക്കാനും മുഖത്ത് മഞ്ഞൾ തേക്കാനും ‘അമ്മ പറയുന്നത് അനുസരിക്കാത്തതിൽ ആദ്യമായി കുറ്റബോധം തോന്നി..

നവിയേട്ടന് ചേച്ചിയെ തന്നെയാവും ഇഷ്ടപ്പെടുക.. ഉള്ളിലൊരു കുശുമ്പ് മുള പൊട്ടുന്നതറിഞ്ഞു.. കുറച്ചു ദിവസം അതോർത്തു സമാധാനവും ഉറക്കവും പോയെങ്കിലും പിന്നീട് മനസ്സ് അതുമായി അഡ്ജസ്റ്റ് ആയി..

ഓണത്തിന് തലേന്നാണ് നാവിയേട്ടൻ  എത്തിയത്.. ചേച്ചിയെ ഹഗ് ചെയ്യുന്നത് കണ്ടു..എന്നെ നോക്കി പുഞ്ചിരിച്ചു ഒരു ഹായ്‌  പറഞ്ഞു ..ചേച്ചി പ്ലസ് ടൂ കാലത്ത് എൻട്രൻസ് കോച്ചിങ്ന് കുറച്ചു നാൾ അമ്മായിടെ അടുത്തായിരുന്നു..

ആ അടുപ്പവും അവർക്കുണ്ട്..നമ്മൾ പിന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചത് കൊണ്ടു വലിയ മൈൻഡ് ചെയ്തില്ല..കള്ളത്തരം മനസ്സിലുള്ളത് കൊണ്ടാവും നവിയേട്ടന്റെ മുഖത്ത് നോക്കാൻ  ഒരു ചമ്മൽ..

എന്നുമുള്ള രാത്രി കാഴ്ച്ചക്കായി മുകളിലെ വരാന്തയിൽ ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ കേട്ടു.. . എന്തോ വലിച്ചെറിഞ്ഞു. ഉടയുന്നു..  നവിയേട്ടന്റെ മുറിയിൽ നിന്നാണ്.
ശബ്ദവും ഉയർന്ന് കേൾക്കാം..

ഇംഗ്ലീഷ് ഹിന്ദി മിക്സ് ചെയ്താണ് സംഭാഷണം… ഹിന്ദി വലിയ പിടിയില്ല.. ഉച്ചത്തിലുള്ള ചീത്തവിളി ഹൃദയമിടിപ്പ് ഉച്ചസ്ഥായിയിൽ എത്തിക്കും….പിന്നെ അറിയുന്ന ഭാഷയാണെങ്കിൽ കൂടി ഒന്നും മനസ്സിലാവാറില്ല…

അമ്മായിയും റൂമിൽ ഉണ്ടെന്നു മനസ്സിലായി..അമ്മായിയുടെ ശബ്ദം പതിയെയാണ്..വിവാഹത്തെപ്പറ്റിയാണെന്ന് മാത്രം തലച്ചോർ പറഞ്ഞു തന്നു..

വേഗം റൂമിലേക്ക് നടന്നു..അവിടെയെല്ലാരും ഫിലിമിൽ മുഴുകിയത് കൊണ്ട് ഒന്നും അറിഞ്ഞിട്ടില്ല..ഏതോ ഇംഗ്ലീഷ് ഹൊറർ മൂവിയാണ്..ധൈര്യം കൂടുതലായോണ്ട് നോക്കാൻ പോയില്ല..മൂടിപ്പുതച്ചു കിടന്നുറങ്ങി..

പിറ്റേന്ന്  നവിയേട്ടന്റെ കൈയ്യിൽ പുതിയ ഫോൺ കണ്ടപ്പോൾ മനസ്സിലായി ഇന്നലെ പൊട്ടിയത് ഫോൺ ആണ്..

ഈ മനുഷ്യന് ഭ്രാന്താണോ എന്നു സംശയിച്ചു.. അല്ലെങ്കിൽ എന്ത് സൗമ്യനാണ്.. ഇങ്ങനെയുള്ളവർക്കു കലി കേറിയാൽ ഭ്രാന്താവുമെന്നു കേട്ടിട്ടുണ്ട്..

ഇന്നലെ അത് അറിഞ്ഞു..ഇപ്പോൾ മുഖം പഴയപോലെ ശാന്തമാണ്..ഇനി ഇങ്ങേർക്കു വേറെ വല്ല ലൈനും ഉണ്ടാവോ.. ഇന്നലത്തെ കലിയുടെ കാരണം തേടിയപ്പോൾ പലതും മനസ്സിലേക്കെത്തി..

പതിവ് പോലെ കുളപ്പടവിൽ ചെന്നപ്പോൾ കണ്ടു.. നവിയേട്ടനും ചേച്ചിയും പടവിൽ ഇരിക്കുന്നു..ചേട്ടൻ ചേച്ചിയുടെ ഷോൾഡറിൽ പിടിച്ചിട്ടുണ്ട്…

ഈ സീൻ കണ്ടപ്പോൾ പറഞ്ഞു പഠിപ്പിച്ചതെല്ലാം മനസ്സ് മറന്നു…ഉള്ളിൽ എന്തോ ഒരു വിങ്ങൽ..എന്തായാലും ചേച്ചിയോട് ഇഷ്ടക്കേടില്ലെന്നു മനസ്സിലായി…

അവരെ ശല്യപ്പെടുത്താതെ പിൻതിരിഞ്ഞു നടക്കാനൊരുങ്ങിയതും വിളി വന്നു..
“ദീപു, എന്താടി മിണ്ടാതെ പോകുന്നത്..വന്നിരിക്കടി..”ചേച്ചിയാണ്..

വല്ലാത്തൊരു അവസ്ഥയിലായി.. നവിയേട്ടന്റെ മുഖത്തേക്ക് പാളി നോക്കിയപ്പോൾ, ചേച്ചിയുടെ ഷോൾഡറിൽ നിന്നും കൈ എടുത്തിട്ടില്ല..അവിടെ കുസൃതി ചിരിയാണ്….എന്നെ കളിയാക്കുന്നതാണാവോ…

ഭാഗ്യത്തിന് ‘അമ്മ വിളിക്കുന്നു എന്നു പറഞ്ഞു ഗീതുവിന്റെ വിളിയെത്തി..അല്ലെങ്കിൽ ഇങ്ങനെ കേൾക്കുന്നതെ കലിയാണ്…

നൂറു തവണ അമ്മയെ സ്തുതിച്ചു..കേട്ടപാതി കേൾക്കാത്ത പാതി ഓടിപ്പോയി..ചേട്ടനെയും ചേച്ചിയേയും ഇണക്കുരുവികളെ പോലെ പലയിടത്തും കണ്ടുതുടങ്ങി….

ഓണത്തിന് അമ്മയുടെ നിർബന്ധത്തിനു വഴങ്ങി  സെറ്റമുണ്ടുടുത്തു.. ആദ്യമായി ഉടുക്കുന്നത് കൊണ്ടു നടക്കാനും ഇരിക്കാനും വല്ലാത്ത ബുദ്ധിമുട്ട്….ചേച്ചിയും സെറ്റ് മുണ്ടിൽ തന്നെയാണ്..

താഴെ എത്തിയതും ചേച്ചിയെ നോക്കി നവിയേട്ടൻ അടിപൊളി എന്നു കാണിക്കുന്നത് കണ്ടു.. ..ചേച്ചി ആകെ പൂത്തുലഞ്ഞു നിൽപ്പുണ്ട്..അങ്ങോട്ടു നോക്കാൻ പോയില്ല..എന്തിനാ നല്ല ദിവസായിട്ടു മനസ്സു വിഷമിപ്പിക്കുന്നെ..

ഇതൊക്കെ ഊരി എറിഞ്ഞു എങ്ങോട്ടെങ്കിലും പോകാൻ തോന്നി..എല്ലാരും ഭംഗിയുണ്ടെന്നൊക്കെ പറഞ്ഞതു കൊണ്ട് ഊണ് കഴിയുന്നത് വരെ അതേ വേഷത്തിൽ പിടിച്ചു നിന്നു….

രാത്രി, പുറത്തെ വരാന്തയിലേക്കു വന്നപ്പോൾ ചേച്ചിയും നവിയേട്ടനും അവിടെ കുറുങ്ങി നിൽപ്പുണ്ട്..ഇവർക്ക് വേറൊരു സ്ഥലവും കിട്ടിയില്ലേ എന്നോർത്തു ദേഷ്യം വന്നു..

കുളപ്പടവിൽ  പറ്റിയ അബദ്ധം ആവർത്തിക്കണ്ടല്ലോ എന്നോർത്തു അങ്ങോട്ടു തന്നെ നടന്നു..നല്ല നിലാവുണ്ട്.. ആകാശം നിറയെ നക്ഷത്രങ്ങൾ.. നക്ഷത്രങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ ഇന്നിനി മഴ പെയ്യില്ല..അച്ഛമ്മ പറഞ്ഞതോർത്തു..

അവർക്കിടയിൽ കട്ടുറുമ്പാവേണ്ടല്ലോ എന്നോർത്തു പതിയെ വരാന്തയുടെ അങ്ങേയറ്റത്തേക്ക് നടന്നു..എങ്ങനെ ഇവിടന്നു രക്ഷപ്പെടാം എന്നോർക്കെ കേട്ടു..

“രാവിലെ സാരിയിൽ നല്ല സുന്ദരിയായിരുന്നുട്ടോ.. എന്നെ വിവാഹം കഴിക്കുന്നതിൽ ഇഷ്ടക്കേടുണ്ടോ..??”” ഹോ..ഇവർക്കിതൊക്കെ എന്റെ അടുത്ത് നിന്നു പറയണോ..

ഈർഷ്യയോടെ തിരിഞ്ഞതും തൊട്ടുമുന്പിൽ നവിയേട്ടൻ…കൈകെട്ടി തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഗൗരവത്തോടെ നിൽപ്പുണ്ട്..കണ്ടതും എർത്ത് അടിച്ച പോലെ പിന്നിലേക്കുചാടി…

ചേച്ചിയെ നോക്കി..ആൾ പഴയസ്ഥലത്ത് തന്നെ ആകാശക്കാഴ്ചകൾ കണ്ടു നിൽപ്പുണ്ട്…. നോക്കിയതും എന്നെ കണ്ടു..ചിരിയോടെ അടുത്ത് വന്നു..

“”നീ വല്ലാത്ത ആൾ തന്നെ ട്ടൊ..ഒരു പിടിയും തരണില്ലല്ലോ..നവിയേട്ടന്റെ  മനസ്സിൽ ഞാനല്ല..നീയാണ്…

എന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ ചേട്ടൻ അമ്മായിയോട് ചൂടാവാണ് ചെയ്തത്..അന്ന് നീ കുളക്കടവിൽ വന്നപ്പോൾ അതാണ്‌ ഞങ്ങൾ പറഞ്ഞോണ്ടിരുന്നത്.. ഞാൻ അപ്പൊ തന്നെ അത് വിട്ടു..

എനിക്ക് ഇതല്ലേ വേറൊന്ന്..അത്രേ ഉള്ളു..എന്തൊക്കെ അടവുകൾ എടുത്തു നിന്റെ മനസ്സൊന്നറിയാൻ.. .”

കേൾക്കുന്നത് വിശ്വസിക്കാൻ കഴിയാതെ അമ്പരപ്പോടെ നിൽക്കായിരുന്നു..

“ഇനിയെങ്കിലും ഒന്നു പറയെടി ..” ചേച്ചി വയറിനിട്ടു കുത്തി..മറുപടി പറഞ്ഞില്ല.. പകരം ചേച്ചിയുടെ കവിളിൽ ഒരുമ്മ കൊടുത്ത് ഓടി… സ്നേഹത്തോടെ….

Leave a Reply

Your email address will not be published. Required fields are marked *