അവളെ പറഞ്ഞ് കളിയാക്കിയെന്ന് ഒരു വയസ്സനെ എന്തിനാണ് കല്യാണം കഴിച്ചത് എന്ന് ചോദിച്ച്..

(രചന: നിത)

“” നീയറിഞ്ഞൊ മേലേടത്തെ ആ ചെക്കനും അവന്റെ പെണ്ണും കൂടി ഡിവോഴ്സ് ആയി!””

രമ്യ അത് കേട്ടതും ഒന്ന് ഞെട്ടിപ്പോയി.. പറയുന്നത് അയൽക്കാരി ശാന്തേടത്തി ആയതുകൊണ്ട് തന്നെ അതിൽ മുഴുവനും ശരിയുണ്ടാകും എന്ന് പറയാനും കഴിയില്ല അതുകൊണ്ടുതന്നെ അവൾ മറ്റു രണ്ടുപേരോട് ചോദിച്ചതിനു ശേഷം മാത്രമാണ് അത് കൺഫോം ചെയ്തത്.

കേട്ടത് ശരി തന്നെയാണ് മേലെടത്തെ സജീഷ് ചേട്ടനും ഭാര്യ വിജിതയും ഡിവോഴ്സ് ആയി..

രമ്യയ്ക്ക് അത്ഭുതം തോന്നി നാടടക്കി വിളിച്ച ഒരു ഭയങ്കര കല്യാണമായിരുന്നു അവരുടെത്.
പലപ്പോഴും അവിടെ ഓരോന്ന് കണ്ട് താൻ അജിയേട്ടനോട് വഴക്ക് വരെ ഇട്ടിട്ടുണ്ട്.
എന്നാലും ഇതെന്തിനായിരിക്കും അവർ തമ്മിൽ പിരിഞ്ഞത് അതോർത്തിട്ട് അവൾക്ക് ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല..
പിന്നെ അജിത്ത് വരുന്നത് വരെ കാത്തിരുന്നു.

വന്നപ്പോൾ ചൂടോടെ പോയി വിശേഷം പറഞ്ഞിരുന്നു ആദ്യം അജിത്തിനും കേട്ടത് വിശ്വസിക്കാൻ പറ്റിയില്ല കാര്യം സജീഷ് തന്റെ കൂട്ടുകാരനാണ്.. വിവാഹത്തിനു മുമ്പ് നല്ല കൂട്ടായിരുന്നു പക്ഷേ വിവാഹം കഴിഞ്ഞതിനുശേഷം അവൻ ഇങ്ങോട്ട് വരികയോ കൂട്ടുകാരുമായി സഹകരിക്കുകയോ ഒന്നും ചെയ്യാറില്ലായിരുന്നു.

ഭാര്യ മാത്രം മതി എന്ന സ്റ്റാൻഡ് ആയിരുന്നു ഇതിപ്പോ എന്ത് പറ്റി എന്ന് ഒരു പിടിയും ഇല്ല..

അങ്ങനെയാണ് രമ്യയോട് പറഞ്ഞ് ഒന്ന് കവലയിലേക്ക് ഇറങ്ങിയത് അവിടെ ചെന്നാൽ പിന്നെ ന്യൂസിന് ഒരു ക്ഷാമവും ഉണ്ടാവില്ല.

അങ്ങനെയാണ് ആ പ്രദേശത്തെ ബിബിസി ന്യൂസ് എന്നറിയപ്പെടുന്ന ശിവേട്ടൻ ആ വഴിക്ക് വരുന്നത്!!
കണ്ടപ്പോൾ തന്നെ ചോദിച്ചത് നിന്റെ കൂട്ടുകാരൻ, കല്യാണം ഒഴിഞ്ഞത് അറിഞ്ഞില്ലേ എന്നാണ്..
അറിഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ ആൾക്ക് അത്ഭുതം..

“”” എന്റെ പൊന്നു അജി ആ പെണ്ണും സജീഷും തമ്മിൽ പ്രായത്തിന് ഒരുപാട് വ്യത്യാസമുണ്ടായിരുന്നു!!! സജീഷിന് അവളെ കിട്ടിയപ്പോൾ എന്തോ നിധി കിട്ടും പോലെ ആയിരുന്നു അന്ന് ഞങ്ങളെല്ലാം പറഞ്ഞതാണ് ഇത് എത്ര കാലം ഇങ്ങനെ മുന്നോട്ടു പോകും എന്നേ നോക്കേണ്ടൂ എന്ന്…

ആ പെണ്ണ് ഒരു പൊട്ടിത്തെറിച്ച പെണ്ണാണ്!! സതീഷിനെ പോലെ കുറച്ച് പഴഞ്ചൻ ചിന്താഗതിക്കാരോടൊന്നും ആ പെണ്ണിന് അഡ്ജസ്റ്റ് ചെയ്ത് പോകാൻ പറ്റില്ല..
ഇവിടെയും അതുതന്നെ സംഭവിച്ചു, കുറച്ചുകാലം അവന്റെ കൂടെ നിന്നിട്ട് അവൾക്ക് മടുത്തു അവൾ അവളുടെ പാട്ടിനു പോയി അവനാണെങ്കിൽ ഇപ്പോൾ എന്തോ പോയ അണ്ണാന്റെ പോലെ ഇരിക്കുകയാണ്!!!!

അതും പറഞ്ഞ് ശിവേട്ടൻ അങ്ങോട്ട് പോയി ശരിയാണ്, വിവാഹമേ വേണ്ട എന്ന് പറഞ്ഞ് നിൽക്കുകയായിരുന്നു സജീഷ് പക്ഷേ ഇവളെ കണ്ടതും അവന്റെ തീരുമാനങ്ങളെല്ലാം അവൻ മാറ്റി കാരണം അവൾ ഒരു സുന്ദരി തന്നെയായിരുന്നു പിന്നെ അവനെക്കാൾ പതിനാലോ പതിമൂന്നോ വയസ്സിനു താഴെ!!!

ആ പെണ്ണിന്റെ വീട്ടുകാർക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല അവർ വാടകയ്ക്ക് ആയിരുന്നു.. ആ സമയത്താണ് അവളുടെ ആങ്ങള ഒരു പെണ്ണിനെയും വിളിച്ച് വീട്ടിലേക്ക് വരുന്നത് അന്യമതത്തിൽപ്പെട്ട ഒരു പെണ്ണായിരുന്നു അത് അതുകൊണ്ടുതന്നെ ഇനി തന്റെ മകളുടെ വിവാഹം നടക്കില്ല എന്ന് ഭയത്താൽ, ആദ്യം വന്ന ആലോചനയ്ക്ക് തന്നെ അവർ സമ്മതം പറയുകയായിരുന്നു അതായിരുന്നു സജീഷിന്റെത്..

ഒരുപക്ഷേ ആ കുട്ടിയുടെ സമ്മതം പോലും അവർ നോക്കി കാണില്ല..
പക്ഷേ സജീഷ് ആ സമയത്ത് ലോട്ടറി അടിച്ചത് പോലെ ആയിരുന്നു കൂട്ടുകാര് വേണ്ട നാട്ടുകാര് വേണ്ട പെണ്ണ് മാത്രം മതി എന്ന് അവൾ വരുന്നതിന് എന്തൊക്കെ ഒരുക്കങ്ങൾ ആയിരുന്നു..

വീട് മോടി പിടിപ്പിക്കുന്നു, അവൾക്ക് പുറത്തേക്ക് പോകാതിരിക്കാൻ വേണ്ടി റൂമിൽ തന്നെ ബാത്റൂം പണിയുന്നു ഒരു എൽസിഡി ടിവി റൂമിൽ കൊണ്ടുവന്ന് ഫിറ്റ് ചെയ്യുന്നു!!!

അങ്ങനെ എന്തൊക്കെ കാര്യങ്ങളാണ് അവൻ അവിടെ കാട്ടിക്കൂട്ടിയത് അതുകൊണ്ട് ഇവിടെയായിരുന്നു പുകിൽ ഞാൻ വരുമ്പോൾ നിങ്ങൾ എന്തെങ്കിലും ഈ വീട്ടിൽ ചെയ്തോ?? റൂമിലേക്ക് ഒരു പുതിയ കട്ടില് എങ്കിലും വാങ്ങിയിരുന്നോ?? കൂട്ടുകാരൻ ഓരോന്ന് ചെയ്യുന്നത് കണ്ടില്ലേ, അതെങ്കിലും കണ്ട് പഠിച്ചു കൂടെ എന്നെല്ലാം പറഞ്ഞു എന്നെ നിലത്ത് നിർത്തിയിട്ടില്ല ഇവൾ..

സത്യം പറഞ്ഞാൽ അവനെ ഒന്ന് കയ്യിൽ കിട്ടിയാൽ അന്ന് രണ്ടെണ്ണം പൊട്ടിക്കാം എന്നുവരെ തോന്നിയിട്ടുണ്ട് പക്ഷേ ഇതിപ്പോ വല്ലാത്ത സങ്കടമായി.

കല്യാണം കഴിഞ്ഞതിനു ശേഷം അവൻ ആരെയും മൈൻഡ് ചെയ്തിരുന്നില്ല പലപ്പോഴും പല കാര്യങ്ങൾക്കും വിളിക്കുമ്പോൾ ഇല്ല എന്നാണ് പറഞ്ഞിരുന്നത് വീട്ടിൽ ഭാര്യയുടെ കൂടെ തന്നെ കഴിയും..

എന്തായാലും അവനെ ഒന്ന് കാണണം എന്ന് തോന്നിപ്പോയി..

അവിടെ ചെന്ന് കണ്ടപ്പോൾ അത് സജീഷ് ആണ് എന്ന് വിശ്വസിക്കാൻ പ്രയാസം..
അവൾക്കുവേണ്ടി ജീൻസ് ഇട്ട് തുടങ്ങിയ, ടൂവീലറിന് ലൈസൻസ് എടുത്ത..
ആ പഴയ സജീഷിന്റെ നിഴല് മാത്രം ആയിരുന്നു അത്..

“”” എടാ അജി സുഖമല്ലേ??? “” ഏറെക്കാലത്തിനുശേഷം അവൻ ചിരിയോടെ എന്റെ അരികിൽ വന്നു കുറെ നേരം സംസാരിച്ചു അവന്റെ പേഴ്സണൽ കാര്യം ചോദിക്കണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ പിന്നെ അവൻ തന്നെ ഇങ്ങോട്ടേക്ക് എല്ലാം പറഞ്ഞു..

“”” ഞാൻ ജോലിക്ക് പോയാൽ അവൾക്ക് വീട്ടിലിരിക്കാൻ വയ്യ ബോറടിയാണ് എന്ന് പറഞ്ഞത് അന്നേരം ഞാനാണ് പറഞ്ഞത് വല്ല കമ്പ്യൂട്ടർ കോഴ്സ് ചെയ്തോളാൻ!!!

അങ്ങനെയാണ് അവൾ കോഴ്സ് ചെയ്യാൻ പോയത് പക്ഷേ അവിടെയുള്ള ഒരു ചെറുക്കനുമായി അവൾ ഇഷ്ടത്തിലായി!!
അവിടെയുള്ളവരെല്ലാം അവളെ പറഞ്ഞ് കളിയാക്കിയെന്ന് ഒരു വയസ്സനെ എന്തിനാണ് കല്യാണം കഴിച്ചത് എന്ന് ചോദിച്ച്…
അവൾക്ക് പിന്നെ എന്റെ കൂടെ നടക്കാൻ പോലും നാണക്കേടായിരുന്നു പലരീതിയിൽ അവൾ എന്നെ അവോയ്ഡ് ചെയ്തു..

പക്ഷേ ഞാനെന്ത് തെറ്റ് ചെയ്തിട്ടാണ് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലേ അവൾ ഈ വിവാഹത്തിന് സമ്മതിച്ചത് പിന്നെ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നതിന്റെ അർത്ഥം എന്താണ്..

ഞാൻ കുറെ അഡ്ജസ്റ്റ് ചെയ്തു നോക്കി അവൾക്ക് വേണ്ടി ഒരുപാട് മാറി പക്ഷേ അതൊന്നും അവളുടെ കണ്ണിൽ പോലും പിടിച്ചില്ല..

എന്നെക്കാൾ ചെറുപ്പം ആളുകളെയാണ് അവൾക്ക് ഇഷ്ടം എന്നെ സ്നേഹിക്കാൻ പോലും കഴിയുന്നില്ല എന്ന് അവൾ തുറന്നു പറഞ്ഞു.

ഒടുവിൽ അവൾ അവന്റെ കൂടെ പോയി എന്നെക്കാൾ ചെറുപ്പമായ അവളുടെ ടേസ്റ്റിനൊത്ത ആളിന്റെ കൂടെ!!!

അവന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് ശരിക്കും എനിക്ക് സങ്കടം വന്നു ഞാൻ അവനെ ആശ്വസിപ്പിച്ചു പക്ഷേ ചിരിയോടെ അവൻ പറഞ്ഞു..

“”” അതല്ലടാ പ്രശ്നം!! അവനിപ്പോൾ അവളെ മടുത്തു.. അവളുടെ വീട്ടിൽ കൊണ്ട് പോയി ഉപേക്ഷിച്ചു… ഇപ്പോ അവരെന്നെ വിളിക്കുകയാണ് ഒരു കോംപ്രമൈസ് ചർച്ചയ്ക്ക്!!! അവളോട് ക്ഷമിക്കാൻ വയ്യ പക്ഷേ അവളോടുള്ള സ്നേഹം മനസ്സിൽ അങ്ങനെ തന്നെ ഉണ്ട് താനും..

ഇടയ്ക്ക് വിചാരിക്കും എല്ലാം ക്ഷമിച്ച് അവളെ ഇങ്ങോട്ട് കൊണ്ടുവന്നാലോ എന്ന് പിന്നെ അവൾ എന്നോട് ചെയ്തതും ആലോചിക്കും..
എനിക്കൊരു തീരുമാനമെടുക്കാൻ വയ്യ.

അവന്റെ അപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

ഞാൻ അവനോട് തന്നെ ഒരു തീരുമാനമെടുക്കാൻ പറഞ്ഞു.

ഒടുവിൽ അവന്റെ തീരുമാനം ഇതായിരുന്നു, ഈ നാടുവിട്ട് മറ്റ് എങ്ങോട്ടെങ്കിലും പോവുക അവളുടെ വിശേഷങ്ങൾ ഒന്നും അറിയാത്ത ഒരു നാട്ടിലേക്ക്…

പിന്നെ മനസ് എല്ലാം ശാന്തമായതിനുശേഷംമാത്രം തിരിച്ചുവരിക ഇനി അവൾ തന്റെ ജീവിതത്തിൽ വേണ്ട..
അത്രയും സ്നേഹിച്ചിട്ട് അവൾക്കായി മാത്രം ജീവിച്ചിട്ട് ഒരു നിമിഷം കൊണ്ട് തന്നെ ഉപേക്ഷിച്ചവളെ ഇനി ഒരിക്കലും തന്റെ ജീവിതത്തിൽ വേണ്ട എന്നവൻ തീരുമാനിച്ചു അടുത്ത ദിവസങ്ങളിൽ തന്നെ അവൻ വിദേശത്തേക്ക് പോയി..

അവന്റെ തീരുമാനം ശരിയോ തെറ്റോ എന്നൊന്നും പറയാൻ ഞാൻ ആളല്ല പക്ഷേ, അവളും അത് അർഹിക്കുന്നു എന്ന് മാത്രം എനിക്കറിയാം..