അമ്മായി അമ്മ
(രചന: Nisha L)
അരുണിന്റെയും അശ്വതിയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച ആകുന്നു. കല്യാണം കഴിഞ്ഞ് അവൾ ആ വീട്ടിലേക്ക് കാലെടുത്തു വെച്ചപ്പോൾ മുതൽ മനസ്സിൽ ഒരു ഭീതി ഉണ്ടായിരുന്നു.
അരുണിന് വിദേശത്ത് ജോലി ആയതുകൊണ്ടും അരുണിന്റെ ഒരേ ഒരു പെങ്ങൾ കുടുംബസമേതം ഡൽഹിയിൽ ആയതുകൊണ്ടും ഇനിയുള്ള തന്റെ ജീവിതമെന്നു പറയുന്നത് കൂടുതലും അമ്മായിഅമ്മയും താനും മാത്രം ഉള്ളതായിരിക്കും.
എത്രയെത്ര കഥകൾ കേട്ടിരിക്കുന്നു, തന്റെ ചിറ്റയുടെ മോളും അമ്മായി അമ്മയും തമ്മിൽ വാക്കേറ്റമുണ്ടായി അവസാനം ബന്ധം വേർപെടുത്തി,
അടുത്ത കൂട്ടുകാരിയുടെ ചേച്ചിയുടെ പേരിൽ ചേച്ചിയുടെ ഭർത്താവിന്റെ അമ്മ മോഷണക്കുറ്റത്തിന് കേസ് കൊടുത്തു.
ഈ അമ്മായിയമ്മമാരെല്ലാം ചിരിച്ചുകൊണ്ട് പണി തരുന്നവരാണെന്ന് തനിക്ക് എത്രയോ പേർ പറഞ്ഞ അനുഭവങ്ങളിൽനിന്ന് അറിയാം. ഇവിടെ താൻ ജാഗരൂകയായിരിക്കണം.
“അശ്വതി.. മോളെ ഈ പച്ചക്കറി ഒന്ന് അരിഞ്ഞോ.. ഞാൻ ഈ മീൻ വൃത്തിയാക്കി വരാം.. “
മ്മ്.. മോളെന്നൊക്കെ വിളിക്കുന്നു.. എത്ര ദിവസം കാണുമോ എന്തോ.. എന്തായാലും കൂടുതൽ അടുപ്പിക്കണ്ട.. അമ്മായിഅമ്മയല്ലേ.. ഇതൊക്കെ മോനെ കാണിക്കാനുള്ള അടവായിരിക്കും.. കേട്ട കഥകളിലെ അമ്മായി അമ്മമാരൊക്കെ മോനെ കാണിക്കാൻ സ്നേഹം വാരിക്കോരി ചൊരിയുന്നത് കേട്ടിട്ടുണ്ട്..
“മോൻ തിരിച്ചു പോയി കഴിഞ്ഞാൽ പിന്നെ ഇവിടെ ചുമ്മാതിരിക്കുവല്ലേ.. നിനക്ക് എന്തെങ്കിലും ജോലിക്ക് ശ്രമിച്ചു കൂടെ.. “? ഈ ദിവസം രാധ ചോദിച്ചു
“ഓ.. ഞാൻ അരുണേട്ടനോട് പറഞ്ഞതാ.. പക്ഷേ സമ്മതിച്ചില്ല.. “
“അതെന്താ.. അവൻ ഇങ്ങു വരട്ടെ.. ഞാൻ സംസാരിച്ചു നോക്കാം.. “
“ഡാ… മോനെ.. നീ പോയി കഴിഞ്ഞാൽ അവൾ ഇവിടെ വെറുതെ ഇരിക്കുവല്ലേ.. അതിനെ എന്തെങ്കിലും ജോലിക്ക് വിട്ടൂടെ… “
“എന്തിന്… ഞാൻ ജോലി ചെയ്യുന്നില്ലേ… നിങ്ങൾക്ക് കൂടി വേണ്ടി.. “
“അതു ശരി തന്നെ… ഒന്നുമില്ലെങ്കിലും ഇത്രേം പഠിച്ച കുട്ടിയല്ലേ.. സ്വന്തമായി വരുമാനം ഉണ്ടെങ്കിൽ എപ്പോഴും നിന്റെ മുന്നിൽ കൈ നീട്ടി നിക്കേണ്ടി വരില്ലല്ലോ.. അതു കൊണ്ട് പറഞ്ഞതാ അമ്മ.. “
അരുൺ ഒരു നിമിഷം ആലോചിച്ചു… പൊയ്ക്കൊള്ളാൻ അനുവാദം നൽകി..
അശ്വതിക്ക് പക്ഷേ അത് തീരെ ഇഷ്ടമായില്ല… ഞാൻ ചോദിച്ചപ്പോൾ പോകണ്ട എന്ന് പറഞ്ഞു.. ഇപ്പോൾ ഈ തള്ള പറഞ്ഞപ്പോൾ അനുവാദം തന്നിരിക്കുന്നു.. അങ്ങനെ ഇപ്പോൾ ഇവരുടെ ശുപാർശയിൽ എനിക്ക് ജോലിക്ക് പോകണ്ട…
“വേണ്ട… എനിക്ക് ജോലിക്ക് പോകാൻ ഇഷ്ടമില്ല… ഞാൻ പോകുന്നില്ല.. “
രാധ അവളെ അത്ഭുതത്തോടെ നോക്കി..ഇതെന്താ ഇപ്പോൾ ഇങ്ങനെ പറയുന്നത്… എന്ന ഭാവത്തിൽ…
അങ്ങനെ ആദ്യരാത്രിയും ഹണിമൂൺ ഒക്കെ കഴിഞ്ഞ് ലീവ് തീർന്നു.അരുൺ മടങ്ങി പോയി.. ഇപ്പോൾ വീട്ടിൽ രാധയും അശ്വതിയും മാത്രം..
ഉച്ചയ്ക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണം എന്ന വിചാരത്തോടെയാണ് അടുക്കളയിലേക്ക് പോയത് അപ്പോഴാണ് അമ്മായിഅമ്മയുടെ ഡയലോഗ്
“മോള് പോയി ടീവി കണ്ടോ.. നമുക്ക് രണ്ടു പേർക്കുള്ള ആഹാരം ഉണ്ടാക്കിയാൽ പോരെ.. അത് എനിക്ക് ഒറ്റയ്ക്ക് ചെയ്യാനുള്ളതേയുള്ളു… “
അശ്വതി സംശയത്തോടെ അവരെ നോക്കി…
ഹ്മ്മ് പുതിയ അടവായിരിക്കും.. ഞാൻ ഒന്നും ചെയ്യുന്നില്ല എന്ന് അടുത്ത വീട്ടിലെ പെണ്ണുങ്ങളെ അറിയിക്കാൻ ഉള്ള കുരുട്ടു ബുദ്ധി തന്നെ…
രാധ പറഞ്ഞത് കേൾക്കാതെ അവളും ജോലികളിൽ കൂടി.. രണ്ടു പേരും കൂടി ചെയ്തപ്പോൾ ജോലി എല്ലാം പെട്ടെന്ന് കഴിഞ്ഞു…
വെറുതെ ഇരുന്നു ബോറടിച്ചപ്പോൾ കുറച്ചു പച്ചക്കറി വിത്ത് ഇരിക്കുന്നത് നടാൻ അവൾ തീരുമാനിച്ചു…
മുമ്പ് ആ ഭാഗത്ത് കൃഷി ഒന്നും നടത്തിയിട്ടില്ലാത്തതിനാൽ മണ്ണിന് ഒക്കെ നല്ല ഉറപ്പായിരുന്നു തൂമ്പയെടുത്ത് കിളച്ചെ മതിയാവൂ. അമ്മ കൃഷിപ്പണി ചെയ്യുമ്പോൾ സഹായിക്കുമെങ്കിലും, തൂമ്പഎടുത്ത് പറമ്പ് കിളച്ച് പരിചയമില്ലാത്തതിനാൽ ആവണം അവളുടെ നടു വെട്ടി.
“അയ്യോ.. അമ്മേ… എന്റെ നടു.. “
അവൾ നിലവിളിച്ചു..
“യ്യോ… എന്താ മോളെ.. എന്ത് പറ്റി..? “”
“നടുവ് ഉളുക്കിന്നാ തോന്നുന്നേ..” കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു…
“നിന്നോട് ഇപ്പൊ ആരാ പറഞ്ഞത് തൂമ്പ എടുത്തു കിളക്കാൻ… നിനക്ക് ഇതൊക്കെ ചെയ്തു ശീലമില്ലാത്തതല്ലേ കൊച്ചേ… “
“ദൈവമേ… എന്റെ കൊച്ചിന് എന്തു പറ്റിയതാണോ… രാധയുടെ കണ്ണുകളും നിറഞ്ഞു ഒഴുകി…
വേദനക്കിടയിലും അശ്വതി അത്ഭുതത്തോടെ അവരെ നോക്കി…
എന്റെ നടു ഉളുക്കിയതിനു ഇവർ എന്തിനാ കരയുന്നത്.. ഒരു നിമിഷം തന്റെ ചിന്തകൾ തെറ്റായിരുന്നോ എന്ന് അവൾക്ക് തോന്നി…
അശ്വതിയുടെ മനസ്സിൽ കുറ്റബോധത്തിന്റെ ഒരു തരി വീണു..
രാധ പെട്ടെന്ന് തന്നെ അടുത്തുള്ള ഒരു ഓട്ടോ വിളിച്ചു അവളെ ഹോസ്പിറ്റലിൽ എത്തിച്ചു..
ഡോക്ടർ പരിശോധിച്ചു ഒരാഴ്ച റസ്റ്റ് പറഞ്ഞു..
കിടക്കയിൽ നിന്ന് അനങ്ങാൻ സമ്മതിക്കാതെ അവൾക്കു വേണ്ട ആഹാരവും വെള്ളവും അവർ ബെഡ് റൂമിൽ കൊണ്ട് കൊടുത്തു.. അവൾ കഴിച്ച പത്രങ്ങളും,, ഇട്ട തുണിയും കഴുകി കൊടുത്തു..
അശ്വതി തിരിച്ചറിയുകയായിരുന്നു ഇതുവരെ അവർ കാണിച്ച സ്നേഹത്തിൽ കളങ്കം ഇല്ലായിരുന്നു..
തെറ്റ് പറ്റിയത് എനിക്കാണ്.. എന്റെ മനസിലെ മാറാല പിടിച്ച ചിന്തകൾക്കാണ്.. .. പറഞ്ഞു കേട്ട അമ്മായിഅമ്മമാരെ പോലെ തന്നെയാണ് തന്റെ അമ്മായി അമ്മയും എന്ന് ചിന്തിച്ച എനിക്കാണ് തെറ്റ് പറ്റിയത്.. മാപ്പ്… മനസിലാക്കാതെ പോയതിനു… തെറ്റിദ്ധരിച്ചു പോയതിനു…
തിരുത്തണം… എന്റെ തെറ്റുകൾ എനിക്ക് തിരുത്തണം.. തന്ന സ്നേഹം ഇരട്ടിയായി തിരിച്ചു കൊടുക്കണം.. നല്ല ഒരു മകളായി ഇനിയുള്ള കാലം കൂടെ നിക്കണം..
മുൻവിധികളോടെ ജീവിതത്തെ സമീപിച്ചാൽ ശരികളും തെറ്റായി തോന്നും എന്ന പാഠം സ്വന്തം അനുഭവത്തിൽ നിന്നും ഉൾക്കൊണ്ടു കൊണ്ട് അവൾ തെറ്റുകൾ തിരുത്താൻ മനസ്സ് കൊണ്ട് തയ്യാറെടുത്തു…