ആശാന് അടുപ്പിലും ആകാം
(രചന: Nisha L)
“ലളിതേ… ലളിതേ…. “
“എന്താ നാരായണിയമ്മേ..? “
“അല്ല നിന്റെ മോള് വന്നിട്ട് ഒരാഴ്ച ആയല്ലോ.. തിരിച്ചു പോകുന്നില്ലേ..? “
“അതെന്താ നാരായണിയമ്മേ അങ്ങനെ ചോദിക്കുന്നത്…? എന്റെ മോൾ, എന്റെ വീട്ടിൽ അല്ലാതെ വേറെ എവിടെ പോയി നിക്കും…. കല്യാണം കഴിച്ചു വിട്ടു എന്ന് കരുതി അവൾക്കു ഇവിടെ വന്ന് നിൽക്കാൻ പാടില്ല എന്നുണ്ടോ..?”
ലളിത തുടർന്നു..
“അവളുടെ ഭർത്താവ് ലീവ് തീർന്ന് ഗൾഫിലേക്ക് പോയി.. അപ്പോൾ അവനാണ് പറഞ്ഞത് വീട്ടിൽ പോയി രണ്ടാഴ്ച നിന്നോ എന്ന്…
കൂടാതെ അവന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെയുമാണ് അവൾ വന്നത്… പിന്നെന്താ..?”
“അല്ല ലളിതേ കെട്ടിച്ചു വിട്ട പെൺപിള്ളേർ ഭർത്താവിന്റെ വീട്ടിൽ അല്ലെ നിൽക്കേണ്ടത്.. അതു കൊണ്ട് ചോദിച്ചു പോയതാണേ…”
“അല്ല നാരായണിയമ്മേ, നിങ്ങളുടെ മൂത്ത മകൾ പ്രസവത്തിനു വന്നതല്ലേ നിങ്ങളുടെ വീട്ടിൽ. ഇപ്പൊ കൊച്ചിന് രണ്ടു വയസായല്ലോ.. എന്നിട്ടും എന്താ അവൾ തിരിച്ചു പോകാത്തത്..? “
“അ.. അത്… അതു പിന്നെ.. അവിടെ അവൾക്കു വീട്ടു ജോലിയും കൊച്ചിനെ നോക്കലും എല്ലാം കൂടി പറ്റില്ല. അതാ പോകാത്തത്.. “
ലളിതക്ക് ദേഷ്യം വന്നു. അവൾ പറഞ്ഞു..
“എനിക്ക് ജോലിയുണ്ട്.. നാരായണിയമ്മ ചെല്ല്.. “
ഹ്മ്മ്.. പരട്ട കിളവി..അവർക്ക് എന്തും ആകാം.. അല്ലെങ്കിലും ആശാന് അടുപ്പിലും ആകാം എന്നാണല്ലോ ചൊല്ല്…
ഇവരുടെ ഇളയ മകളെ ഒരു പയ്യന്റെ കൂടെ പലയിടത്തും വച്ച്, പലരും കണ്ട കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്.. അതൊന്നും ഇവർ അറിയുന്നില്ലേ ആവോ.. ആത്മഗതം ചെയ്തു കൊണ്ട് ലളിത ജോലികളിലേക്ക് തിരിഞ്ഞു..
“ലളിതേ.. ലളിതേ.. നീയറിഞ്ഞോ…? “
“എന്താ സാവിത്രി ചേച്ചി…? “
“എടി… ആ നാരായണിയുടെ മോളെ ഒരു ചെക്കന്റെ കൂടെ ഏതോ ലോഡ്ജിൽ നിന്ന് പോലീസ് പിടിച്ചെന്ന്.. “
“ങ്ഹേ… എപ്പോ.. “?
അപ്പോഴേക്കും നാരായണിയുടെ നെഞ്ചത്തടിയും നിലവിളിയും കേട്ടു തുടങ്ങി.
“അല്ലെങ്കിലും അവർക്ക് സ്വന്തം വീട്ടിലെ കാര്യം നോക്കാൻ സമയം ഇല്ലാരുന്നല്ലോ… ഇനിയെങ്കിലും നന്നായാൽ മതിയാരുന്നു. “
ലളിത സാവിത്രിയോട് പറഞ്ഞു., നാരായണിയെ ആശ്വസിപ്പിക്കാനായി അവിടേക്ക് നടന്നു….
ചിലർ അങ്ങനെയാണ് സ്വന്തം വീട്ടിലെ കാര്യം ഉണക്ക മീൻ മണം പോലെ നാടു മുഴുവൻ പരന്നാലും അവർ അറിയില്ല.. അപ്പോഴും അവരുടെ ക്യാമറ കണ്ണുകൾ അടുത്ത വീട്ടിലെ അടുക്കളയിലേക്ക് സൂം ചെയ്തു വച്ചിരിക്കും….