(രചന: Nisha L)
അവൻ പേടിയോടെ ചുറ്റും നോക്കി. ആരെങ്കിലും കണ്ടു കാണുമോ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തെറ്റ് ചെയ്യുന്നത്.
പത്തു വയസുകാരൻ വിനുകുട്ടൻ,, ക്ലാസ്സിൽ അടുത്തിരിക്കുന്ന ശ്രീകുട്ടന്റെ പെൻസിൽ “ഒന്ന് എഴുതാൻ തരുമോ? ” എന്ന് ചോദിച്ചു. അവൻ കൊടുത്തില്ല.
ചില്ലുകൂടിനുള്ളിൽ മുന മാറ്റി മാറ്റി ഇടുന്ന നല്ല തിളങ്ങുന്ന പെൻസിൽ. അത് കൊണ്ട് ഒന്ന് എഴുതി നോക്കണം എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ചോദിച്ചു നോക്കി. കിട്ടിയില്ല.
ക്ലാസ്സിന്റെ ഇടവേളയിൽ കുട്ടികളെല്ലാം വെളിയിൽ പോയ തക്കത്തിന് വിനുകുട്ടൻ ആ പെൻസിൽ ശ്രീയുടെ ബാഗിൽ നിന്ന് എടുത്തു. വെളിയിൽ പോയ കുട്ടികൾ തിരികെ വരും മുൻപ് ഈ പെൻസിൽ കൊണ്ട് എന്റെ പേരൊന്നു എഴുതണം.. അവൻ മനസിൽ വിചാരിച്ചു..
“വിനു… നീയെന്താ ക്ലാസ്സിൽ തന്നെ ഇരിക്കുന്നെ.. നിനക്ക് വയ്യേ..? “ചോദിച്ചു കൊണ്ട് കൂട്ടുകാരൻ കിച്ചു അകത്തേക്ക് വന്നു.
വിനുകുട്ടൻ ഒന്ന് പരിഭ്രമിച്ചു.. പെട്ടെന്ന് പെൻസിൽ സ്വന്തം ബാഗിൽ വച്ചു.
“ഒന്നുമില്ലെടാ ഞാൻ വെറുതെ ഇവിടെ ഇരുന്നതാ.. വാ നമുക്ക് പോയി കളിക്കാം. ” പറഞ്ഞിട്ട് അവൻ കിച്ചുവിനെയും കൂട്ടി പുറത്തേക്ക് ഓടി.
കളിയെല്ലാം കഴിഞ്ഞു വന്നപ്പോൾ സ്കൂളിലെ ഒരു ടീച്ചറിന്റെ അച്ഛൻ മരിച്ചു,,, അതു കൊണ്ട് സ്കൂളിന് അവധി പ്രഖ്യാപിച്ചു എന്ന അറിയിപ്പ് വന്നു.
ബെൽ അടിച്ചപ്പോൾ കുട്ടികൾ എല്ലാം വീട്ടിൽ എത്താനുള്ള ആവേശത്തിൽ ഇറങ്ങി ഓടി. കൂട്ടത്തിൽ വിനുവും. അവൻ ആ പെൻസിലിന്റെ കാര്യം മറന്നേ പോയി.
“എന്താ മോനെ ഇന്ന് നേരത്തെ…? “അമ്മ ചോദിച്ചു.
“ഒരു ടീച്ചറിന്റെ അച്ഛൻ മരിച്ചു.. ഇന്ന് അവധിയാ.. “പറഞ്ഞിട്ട് ബാഗും വലിച്ചെറിഞ്ഞു അവൻ കളിക്കാൻ ഓടി. കളിച്ചു കൊണ്ടിരിക്കെയാണ് അവൻ വീണ്ടും ആ പെൻസിലിന്റെ കാര്യം ഓർത്തത്.
ഈശ്വര അമ്മ ബാഗ് വല്ലതും നോക്കിയാൽ…. ആ പെൻസിൽ കണ്ടാൽ അതിനെ കുറിച്ച് ചോദിക്കും. കള്ളം പറഞ്ഞാൽ അമ്മ കൈയോടെ പിടിക്കും… എന്നെ ഇന്ന് കൊല്ലും… അവൻ കളി മതിയാക്കി വേഗത്തിൽ വീട്ടിലേക്ക് ഓടി..
വീട്ടിൽ എത്തിയ അവൻ ബാഗ് പരിശോധിച്ചു.. ഭാഗ്യം പെൻസിൽ അവിടെ തന്നെയുണ്ട്.. അമ്മ കാണാതെ അവൻ പെൻസിൽ ഒളിച്ചു വച്ചു..
പക്ഷേ അന്ന് അവന് ഒന്നിനും ഉത്സാഹം തോന്നിയില്ല.. ആരെങ്കിലും അറിഞ്ഞാൽ കള്ളൻ എന്ന പേര് വീഴും. അമ്മക്കും അച്ഛനും അത് സഹിക്കാൻ പറ്റില്ല.
ഈശ്വര ഞാൻ ചെയ്ത തെറ്റ് കാരണം എന്റെ അമ്മയും അച്ഛനും തല കുനിഞ്ഞു നിൽക്കേണ്ടി വരും.. അതു ഓർക്കേ അവന്റെ കുഞ്ഞു മനസ് വിങ്ങി..
എത്രയും പെട്ടെന്ന് നാളെ ആയിരുന്നെങ്കിൽ ആ പെൻസിൽ തിരികെ അവന്റെ ബാഗിൽ വയ്ക്കാമായിരുന്നു.
ഇനി ഒരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യരുത്. ആ പെൻസിൽ കൊണ്ട് എഴുതാനുള്ള ഒരു കൊതി തോന്നി എടുത്തു പോയതാണ്.. പക്ഷേ ഇപ്പോൾ..” നീ തെറ്റുകാരനാണ്.. “..എന്ന് അവന്റെ കുഞ്ഞു മനസ്സ് ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു…
ഇനി ഒരിക്കലും മറ്റൊരാളുടെ വസ്തു മോഹിക്കില്ല.. എന്റെ അമ്മയും അച്ഛനും കഷ്ടപ്പാടുകൾക്കിടയിൽ ആവശ്യമുള്ളതൊക്കെ വാങ്ങി തരുന്നുണ്ട്.. എന്നിട്ടും ഞാൻ… ഓർകുംതോറും അവന്റെ കുഞ്ഞു കണ്ണിൽ നീർ വന്നു മൂടി..
“മോനെന്താ വിഷമിച്ചിരിക്കുന്നത്..? “അമ്മ തലയിൽ തഴുകി ചോദിച്ചു..
“ഒന്നുമില്ല അമ്മേ.. എനിക്ക് ഉറക്കം വരുന്നു.. “
“അയ്യോ.. അതെന്തു പറ്റി ഇന്ന്… സുഖമില്ലേ എന്റെ കുഞ്ഞിന്..? ” അമ്മ അവന്റെ നെറ്റിയിൽ കൈ വെച്ചു നോക്കി..
“കുഴപ്പമൊന്നും ഇല്ലല്ലോ.. ഓടി കളിച്ചതിന്റെ ക്ഷീണം ആയിരിക്കും… എന്നാൽ കുഞ്ഞു വല്ലതും കഴിച്ചു ഉറങ്ങിക്കോ.. “
തെറ്റ് ചെയ്തു എന്ന ചിന്ത അവന്റെ കുഞ്ഞു മനസിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു…
പിറ്റേന്ന് സ്കൂളിൽ എത്തിയ അവൻ,,
വിഷമിച്ചിരിക്കുന്ന ശ്രീകുട്ടനെ കണ്ടു…
“വിനു എന്റെ പെൻസിൽ കളഞ്ഞു പോയെടാ.. ഞാൻ വീട്ടിൽ പറഞ്ഞില്ല.. അറിഞ്ഞാൽ അച്ഛൻ എന്നെ കൊല്ലും. ” അവനെ കണ്ട പാടെ ശ്രീ പറഞ്ഞു.
“നീ ബാഗിൽ നോക്കെടാ… “
“ഞാൻ നോക്കി.. ബാഗിൽ ഇല്ല.. “
“ഇങ്ങു താ ഞാനൊന്നു നോക്കട്ടെ.. ദേ.. കിട്ടിയെടാ നിന്റെ പെൻസിൽ..”
“എവിടെ.. എവിടെ.. ഇന്നലെ മൊത്തം നോക്കിയിട്ട് എനിക്ക് കിട്ടിയില്ലല്ലോ.. ” തിളങ്ങുന്ന മുഖത്തോടെ ശ്രീ പറഞ്ഞു..
“ഇന്നലെ നീ ചോദിച്ചിട്ട് ഞാൻ പെൻസിൽ തന്നില്ലല്ലോ… അതുകൊണ്ട് എന്നെ വിഷമിപ്പിക്കാൻ തേവരു മാറ്റി വച്ചതാകും.. ഇന്നാ.. ഇന്നു മുഴുവൻ നീ ഇതുകൊണ്ട് എഴുതിക്കോ.. ” സന്തോഷത്തോടെ ശ്രീ ആ പെൻസിൽ വിനുവിന് നീട്ടി.
“വേണ്ട.. എനിക്ക് വേണ്ട.. ഇന്നലെ അങ്ങനെ ഒരു ആഗ്രഹം തോന്നി.. പക്ഷേ… ഇന്ന് എനിക്ക് ആ ആഗ്രഹം ഇല്ല.. എനിക്ക് വേണ്ടെടാ.. നീ എഴുതിക്കോ.. ” വിനു നിരസിച്ചു കൊണ്ട് പറഞ്ഞു.
ഒറ്റ ദിവസം കൊണ്ട് ഞാൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ട്.. ഇനി ഒരിക്കലും ഒന്നും മോഷ്ടിക്കില്ല.. സത്യസന്ധമായി വാങ്ങുന്നതും മോഷ്ടിക്കുന്നതും രണ്ടും രണ്ടാണ്. എനിക്ക് അത് മനസിലായി. ഇനി ഒരിക്കലും ഞാൻ എന്റെ ജീവിതത്തിൽ മോഷ്ടിക്കില്ല.. വിനുകുട്ടൻ മനസ്സിൽ ഉറച്ച തീരുമാനം എടുത്തു.
ചില സമയങ്ങളിൽ മുതിർന്നവരേക്കാൾ പക്വതയോടെ ചിന്തിക്കാനും, തെറ്റ് മനസിലാക്കാനും, അത് തിരുത്താനും കുട്ടികൾക്ക് കഴിയാറുണ്ട്…