ഇറങ്ങി പോടി ഒന്ന്, ഉളുപ്പില്ലാത്ത ഇങ്ങനൊരു സാധനം എത്ര പറഞ്ഞാലും കുറച്ച് സമാധാനം..

ഉളുപ്പില്ലാത്തവൾ
(രചന: Nijila Abhina)

“ഇങ്ങനെ സ്നേഹിക്കാനും മാത്രം എന്ത് പുണ്യ ശ്രീയേട്ടാ ഞാൻ ചെയ്തിട്ടുള്ളത്”

ഒരു പൂച്ചക്കുട്ടിയെപ്പോലെ മാറിലൊട്ടിക്കിടന്ന് നേഹയത് ചോദിക്കുമ്പോൾ എന്റെ കണ്ണുകളിൽ പോലും പുഞ്ചിരിയായിരുന്നു..

അവളെപ്പറ്റി ഞാനോർത്തു… എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന വെള്ളാരം കണ്ണുള്ള മാലാഖ….

ഓർമ വെച്ച നാള് മുതൽ കലപില കൂട്ടി കൂടെയുണ്ട്… സ്കൂളിൽ പോകാൻ ശ്രീയേട്ടാന്ന് കൂവി വിളിച്ചു കുടക്കമ്പി തിരിച്ച് ഇടവഴിയിൽ കാത്തു നിൽക്കുന്ന കുറുമ്പി…

അച്ഛൻ കൊണ്ടന്നതാ ശ്രീയേട്ടൻ കഴിച്ചോന്ന് പറഞ്ഞ് എന്നും പാവാട പോക്കറ്റിൽ നിന്ന് കടല മിട്ടായി പെറുക്കി തന്നിരുന്ന ന്റെ കുഞ്ഞി…

കുഞ്ഞിയെ നോക്കിക്കോണേടാന്ന് പറയാറുള്ള രമാന്റിയുടെ മുഖത്തേക്ക് നോക്കി ആ കുഞ്ഞി കൈ മുറുകെ പിടിച്ച് കാരണവർ ചമഞ്ഞ നാളുകൾ…

കൗമാരത്തിന്റെ തുടക്കത്തിൽ മൃദുലയെന്ന സ്വപ്നം മനസ്സിൽ കടന്നു കൂടിയപ്പോഴും ആദ്യമായി പറഞ്ഞത് കുഞ്ഞിയോടാണ്…. അന്നത് മൂളിക്കേട്ടു ഞാൻ പൊട്ടീന്ന് വിളിക്കാറുള്ള പാവം..

“കുഞ്ഞീ നീയെന്താ ഒന്നും മിണ്ടാത്തേ… നീ പറയുന്ന പോലെയാ ഇനി ബാക്കി.. ”

“നല്ല കുട്ടിയാ ശ്രീയേട്ടാ…

“അതിന് നീയെന്തിനാ പെണ്ണേ കരയുന്നത്….

“ഒന്നൂല്ല… ഞാൻ വെറുതെ….

” ഒന്നും വേണ്ടാ എനിക്ക്. പറഞ്ഞത് മായ്ച്ചു കളഞ്ഞേക്ക്… നിനക്കിഷ്ടല്ലാത്ത ഒന്നും.. അത് ശെരിയാകില്ല ല്ലേ കുഞ്ഞാ..

“ആരാ പറഞ്ഞെ ഇല്ലാന്ന്.. ഞാൻ കുശുമ്പ് കൊണ്ട് കരഞ്ഞതല്ലേ…. പുതിയ ആളുകൾ വരുമ്പോ ശ്രീയേട്ടന്റെ മനസ്സിൽ ഞാനാരും അല്ലാണ്ടാവോന്നുള്ള പേടിയാ…

“നീയാരും അല്ലാണ്ടാവാൻ ഞാനില്ലാതെയായോ കുഞ്ഞു… ”

ചങ്ക് നീറിയാണത് ചോദിച്ചത്….

ന്നാലും… ന്നാലും എനിക്ക് പേടിയാടാ ഏട്ടാ… നീയെന്നെ ഇട്ടിട്ട് പോവോന്നുള്ള പേടി…. ശ്രീയേട്ടനറിയോ ഒരു ദിവസം പോലും പറ്റില്ല ഈ പൊട്ടിക്ക് ഏട്ടനില്ലാതെ….

പറ്റണം….. എന്നായാലും വേണ്ടേ അങ്ങനെ… നീ കെട്ടി പോയാൽ….

“മതി നിർത്തിക്കോ ബാക്കി കേക്കണ്ട എനിക്ക്”

അന്നൊക്കെ അതൊരു തമാശയായിരുന്നു..

കോളേജിൽ പഠിക്കുമ്പോൾ ഒരിത്തിരി സമയം കിട്ടിയാൽ സംശയവുമായി ശ്രീയേട്ടാ എന്ന് വിളിച്ച് വരുന്ന അവളുടെ കണ്ണുകളിൽ എന്നുമൊരു തിളക്കം കാണാറുണ്ട്….. മൃദുലയോടുള്ള ദിവ്യ പ്രണയം കാരണമാവാo കണ്ടിട്ടും കാണാതെ നടിച്ചിരുന്നു ആ വെള്ളാരം കണ്ണുകളെ…

“ശ്രീയേട്ടാ ഈ പ്രണയത്തിന്റെ നിർവചനം എന്താന്നറിയോ?

പെട്ടെന്നുള്ള അവളുടെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അറിയാതെ തുറിച്ചു നോക്കിയപ്പോൾ അവൾ പൊട്ടി ചിരിച്ചു…..

അറിയില്ല ല്ലേ…..

പ്രണയം…. അതിനൊരു നിർവചനം മാത്രേയുള്ളു കുഞ്ഞി …. ന്റെ മൃദു…

അന്നാ കണ്ണുകളിൽ നിറഞ്ഞ വേദന കണ്ടിരുന്നു.. കണ്ടിട്ടും കാണാതെ നടിച്ചു. പരിഹസിച്ചു നോവിച്ചു വിട്ടപ്പോൾ എന്തോ എന്റേയും കണ്ണുകൾ നിറഞ്ഞിരുന്നു….

ടാ പൊട്ടാ നിന്റെ ഒണക്ക പ്രേമത്തിലെ നായികയെ എനിക്കൂടെ കാണിച്ചു തരോന്നുള്ള അവളുടെ ചോദ്യത്തിന്

നീയിപ്പോ എന്തിനാ അവളെ കണ്ടിട്ട്… സമയം ആവട്ടെ…

“ന്നാലും ന്നോട് പറഞ്ഞൂടെ….

“അതിന് നീയാരാ?

“ഞാനാരും അല്ലേ ശ്രീ….

അല്ലെന്ന് പറഞ്ഞില്ലേ…..

വെറുതെ വേണ്ടാട്ടോ… ഇനീപ്പോ അങ്ങനെ ആണെങ്കിലും പറയണ്ട.. ന്റെ മനസിലെ തോന്നലുകളൊക്കെ അങ്ങനെ തന്നെ ഇരിക്കട്ടെ ഇതുവരെ എന്നെ കാണിച്ചു തരാത്ത നിന്റെ മൃദു പോലും ഒരു സങ്കൽപം മാത്രാണെന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം…

അതോണ്ട് ഞാൻ. ഞാനാരും അല്ലെന്നു മാത്രം പറയല്ലേ ഏട്ടാ…

“ഇറങ്ങി പോടി ഒന്ന്.. ഉളുപ്പില്ലാത്ത ഇങ്ങനൊരു സാധനം… എത്ര പറഞ്ഞാലും… കുറച്ച് സമാധാനം… കുറച്ച് പ്രൈവസി അത് മതി എനിക്ക് ഒന്ന് പോയി തരോ..

കൈകൂപ്പിയത് പറയുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ച് അവളൊന്ന് പുഞ്ചിരിച്ചു.. ഞാൻ കണ്ടതിൽ വെച്ചേറ്റവും നിസഹായമായ പുഞ്ചിരി…

മം ഞാൻ പോവാ… എന്നേലും ഈ ശല്യത്തിന്റെ വില ഏട്ടനറിയും. അന്നൊരു പക്ഷേ ഞാനുണ്ടായീന്ന് വരില്ല..

ഒന്ന് പോയി തരുവോ തമ്പ്രാട്ടി… ഉളുപ്പ് വേണം കുറച്ചൊക്കെ….. എനിക്ക് വേറെ പണിയുണ്ട്…..

കണ്ണ് നിറച്ച് മനസ് നീറിയാണ് പോയതെങ്കിലും പിന്നെയും വന്നു ശ്രീയേട്ടാ എന്ന് വിളിച്ചോണ്ട്…. അല്ലെങ്കിലും അതെന്റെ മാത്രം അഹങ്കാരമായിരുന്നു ഞാനെത്ര നോവിച്ചു വിട്ടാലും ഒരുളുപ്പും കൂടാതെ പിന്നാലെ വരുന്ന പൊട്ടത്തി…

മിണ്ടാതെ നടന്നപ്പോൾ ചിരി വന്നു എനിക്ക്. എത്ര നേരത്തേക്ക് കാണണം എന്നറിയാലോ..

മൂന്നും നാലും ദിനങ്ങൾ കഴിഞ്ഞ് ഒരാഴ്ചയിലേക്ക് മൗനം വഴി മാറിയപ്പോൾ ഒരുതരം ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥയിലേക്ക് ഞാനും വീഴുകയായിരുന്നു…

നേരം വെള്ള കീറുംമ്പോൾ കുഞ്ഞുണ്ണി കൊണ്ട് വന്ന വെള്ള പേപ്പർ നിവർത്തി തുടങ്ങുമ്പോൾ ഞാൻ പിന്നെയും പുഞ്ചിരിച്ചു.

എനിക്കറിയാരുന്നു ഇതിലപ്പുറം നിന്നെക്കൊണ്ട് പോകാനാവില്ലന്ന്.

ശ്രീയേട്ടന്,

പറയാനുള്ളതൊക്കെ പലപ്പോഴായി പറയാതെ പറഞ്ഞിട്ടുണ്ട് ഞാൻ….. ഇനിയും നാലക്ഷരമായി വീണ്ടുമതിനെ ഇവിടെ കുറിക്കുന്നതിൽ എന്താ അർത്ഥം ല്ലേ.

പണ്ടെന്നോ അച്ഛൻ പറഞ്ഞത് ഓർമയിൽ തെളിയുന്നു. അർഹതയില്ലാത്തത് ആഗ്രഹിക്കരുത്.

ചിലപ്പോഴൊക്കെ മനസ്സ് അങ്ങനെയാണല്ലോ..വേണ്ടാത്തതിനെ മാത്രം പ്രതീക്ഷിക്കും….

പേടിക്കണ്ട നിഴലായി പോലും ഞാനുണ്ടാവില്ല ശ്രീയേട്ടന്റെ ലൈഫിൽ. എങ്കിലും ഒരിക്കലും പറയാൻ പറ്റാതെ പോയത് ഇന്ന് ഞാൻ പറയട്ടെ.,

“ഒരുപാട് സ്നേഹിച്ചു പോയി. ഒരുപാടൊരുപാട്….. എന്നിലുള്ള എന്നെയും നിന്നെയും തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ …..

പറയാതെ പോയാൽ ഇനിയൊരു ഏറ്റു പറച്ചിൽ സാധിക്കുമോ? അറിയില്ല ….

ഏറെ ഇഷ്ടമുള്ള വരികളെ കടം കൊള്ളുന്നു.

“ഇനി കാണുക എന്നൊന്നുണ്ടാവില്ല.
നീ മരിച്ചതായ് ഞാനും ഞാൻ മരിച്ചതായ് നീയും കണക്കാക്കുക ”

എന്ന് ഏട്ടന്റെ മാത്രം നേഹ (ഈ സംബോധന പരാജയം സമ്മതിച്ച ഒരുവളുടെ അവസാന ആഗ്രഹമായി കണക്കാക്കുക )

വെള്ള പേപ്പർ വിറച്ചു താഴെ വീണു. കണ്ണുകൾ നിറഞ്ഞു കവിയുംമ്പോൾ മനസ്സിൽ നിറയെ അവളായിരുന്നു… ഒഴിവാക്കി വിട്ടത് ചേർത്ത് പിടിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടോ മൃദു എന്ന ന്റെ സങ്കല്പം സമ്മതിക്കാഞ്ഞിട്ടോ അല്ല കുഞ്ഞാ. അത് അത് നിനക്ക് വേണ്ടി മാത്രമായിരുന്നു..

എന്നെ മനസിലാക്കാൻ മാത്രം നീയെന്തേ ശ്രമിച്ചില്ല. ഭിത്തിയിൽ അള്ളി പിടിച്ചു ഞാൻ. അമ്മ വന്നു നെറുകയിൽ കൈ വെക്കുമ്പോൾ ആ കൈ കണ്ണിൽ ചേർത്ത് ആർത്തു കരഞ്ഞു ഞാൻ.

“അമ്മേ അവള് ”

ഇത് കണ്ടോ കുഞ്ഞുണ്ണിക്ക് കൊടുത്തു വിട്ടതാ.

പേപ്പർ എടുത്തു നീട്ടുമ്പോൾ അസാധാരണമായതെന്തോ കണ്ട പോലെ അമ്മ വിങ്ങി കരഞ്ഞു…

“ഹരിയേട്ടാ ഇത് കാണുന്നുണ്ടോ? പിച്ചും പേയും പുലമ്പാൻ തുടങ്ങീട്ട് ദിവസങ്ങൾ കഴിഞ്ഞു പേടിയാകാ മനസ്സിൽ” …

“നീ അവനെ അകത്തേക്ക് കൊണ്ട് പൊയ്ക്കോ. ആ കുട്ടിയുടെ ഓർമ്മകൾ എന്നെ വരെ പൊള്ളിക്കുന്നു. അപ്പൊ അവനെ…..

അച്ഛന്റെ സംസാരം അമ്മയുടെ ചെയ്തികൾ ഒന്നും പിടികിട്ടുന്നില്ല. എങ്കിലും അവളെഴുതിയ ലെറ്റർ അതെന്നെ മുറിവേൽ പ്പിച്ചു കൊണ്ടിരുന്നു.

” മോൻ പോയി കിടന്നോ ”

അകത്തേക്ക് നടക്കുമ്പോൾ അവളുടെ കരഞ്ഞ മുഖമാണ് നിറയെ മനസ്സിൽ നിറഞ്ഞത്.. എപ്പോഴാണ് മയങ്ങിയത് എന്നറിയില്ല കണ്ണ് തുറക്കുമ്പോൾ നേഹ തൊട്ടടുത്തു കിടപ്പുണ്ടായിരുന്നു..

ആദ്യമായി കണ്ടത് പോലെ അവളെ വരിഞ്ഞു മുറുക്കി ഞാൻ… ഇത്രയും ദിവസം കൊണ്ട് ഞാനവളെ അത്രമാത്രം മിസ്സ്‌ ചെയ്തിരുന്നു.

ഉളുപ്പില്ലാത്തവള്. അവളെ ഇടയ്ക്ക് വിളിക്കുന്ന പേര് ഞാനോർത്തു. അതെ അതെത്ര മാത്രം സത്യമാണ്.. ഒരുളുപ്പും ഇല്ലാണ്ട് ഓർമകളെ പോലും വെറുതെ വിടാറില്ലായിരുന്നു.

“ന്തിനാ ശ്രീഏട്ടാ നീയെന്നെ ഇങ്ങനെ സ്നേഹിക്കണേ ”

അവളുടെ ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു ന്റെ മറുപടി.

അതിന് മറുപടിയായി അവളെന്റെ കയ്യിൽ മുറുകെ പിടിക്കുമ്പോൾ അറിയാതെ ന്റെ ചുണ്ടിലും ആ വരികൾ ഒരൽപ്പം ഇടറലോടെ എത്തി നോക്കി

“ഇത്രമേലെന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്തിനു നീയെന്നെ വിട്ടകന്നു എന്നെ തനിച്ചാക്കി…

Leave a Reply

Your email address will not be published. Required fields are marked *