എന്നോട് തന്നെ അല്ലാതെ എനിക്കാരാ ഉള്ളത് എന്റെ കാര്യം നോക്കാൻ ഞാനല്ലേ ഉള്ളൂ, മുഖത്തേക്ക് നോക്കാതെ..

സൗന്ദര്യപ്പിണക്കം
(രചന: നിഹാരിക നീനു)

എന്റെ അപ്പു എട്ട് വയസ്സാ വരാൻ പോണെ എന്നിട്ടും വൃത്തിയിൽ ചോറുണ്ണാൻ പഠിച്ചില്ലേ? ഉണ്ണാൻ ഇരുന്നിടത്ത് ഇനി ആദ്യം തൂത്തുവാരി വൃത്തിയാക്കണം.

എന്തിനാ പറയുന്നത്, ഊണ് വിളമ്പിയാൽ അമ്മ വായിൽ തര്വോ ന്ന് ചോദിക്കുന്നോനാ.

ന്റെ കൃഷ്ണാ മഴയല്ലേ ചാറുന്നേ.. അയ്യോ ഏട്ടന് നാളെ ഇടാൻ ഉള്ളതൊക്കെ പുറത്ത് അഴയിൽ കിടക്കാണല്ലോ. ഒക്കെ ഒരു വിധം ഉണങ്ങിക്കാണും.

ഓടി പോയി. മുറ്റം പച്ച പിടിച്ചതും വഴുക്കലുള്ളതും ഒന്നും ഓർത്തില്ല. മനസ് മുഴുവൻ അഴയിൽ കിടക്കുന്ന തുണികളായിരുന്നു.

ഒരു കാൽ വച്ച് അടുത്ത സ്റ്റെപ്പ് വച്ചതും പുറകിലേക്ക് വഴുക്കി മുട്ടുകുത്തി വീണു.

“അപ്പൂ.. ദേ ഇങ്ങോട്ടൊന്നു വന്നേ.”

ഹണ്ണീ ബണ്ണിടെ മുന്നിൽ നിന്നും എണീക്കാൻ ഇത്തിരി വൈക്ലവ്യം. പക്ഷെ ചെന്നില്ല എങ്കിൽ അടയാത്ത അമ്മയുടെ വായ ഓർത്തപ്പോൾ അപ്പു എണീറ്റു ചെന്നു.. വീണിട്ടും എവിടെ ഒക്കെയോ കുത്തി പിടിച്ച് എണീറ്റ് അവൾ തുണികൾ എടുത്തിരുന്നു.

“അപ്പൂ ഇത് കൊണ്ട് പോയി അകത്ത് വക്ക്.”

“അമ്മ വീണ്വോ?”

“വീണയല്ല, തബല, കൊഞ്ചാതെ അതൊക്കെ കൊണ്ടിട്ട് വാടാ ചെക്കാ”

“അമ്മേടെ ദേഷ്യം കണ്ടാ തോന്നുലോ ഞാനാ ഉന്തിട്ടത് ന്ന്.” വീണതിന്റെ ദേഷ്യം തീർത്തതായിരുന്നു അപ്പുവിനോട്.

“മഴക്ക് പെയ്യുന്നെങ്കിൽ രാവിലെ പെയ്യാരുന്നില്ലേ? വെയിലിനെ പറഞ്ഞയക്കണോ? അത് കണ്ടിട്ടല്ലേ ഞാൻ തുണികളൊക്കെ പുറത്തിട്ടത്.

അല്ലെങ്കിൽ മഴയെ എന്തിനാ പറയണേ, ഒരു നൂറ് ഷർട്ടും പാൻറും ഉണ്ട് അതൊന്നും ഇടില്ല. ഇല്ലാത്ത പോലെ ഈ രണ്ടെണ്ണമേ വേണ്ടൂ. അതൊന്ന് ഉണക്കി എടുക്കാൻ മനുഷ്യര് പെടുന്ന പാട് വല്ലതും ആർക്കെങ്കിലും അറിയ്വോ?”

“അപ്പേട്ടാ അമ്മ ആരെയാ ചീത്ത പറയണത്?”

അമ്മുവാണ്, അഞ്ചു വയസുകാരി, ഇളയവൾ.

“നിന്നെ അല്ല അമ്മുട്ട്യേ. അത് മഴയെയും വെയിലിനെയും പിന്നെ അച്ഛനെയുമാണ്. “

അപ്പൂനെ എന്ത് പറഞ്ഞാലും അവൻ അമ്മക്കുട്ടിയാ. അമ്മക്ക് ഒരു ചെറിയ മുറിവ് പറ്റുന്നത് പോലും അവന് ടെൻഷനാ.

വീണതിന്റെ വേദന നന്നായി ഉണ്ടായിരുന്നു.

അപ്പു ‘എന്താ അമ്മേ ., വേദനിക്കുന്നോ?’ എന്നൊക്കെ ചോദിച്ച് എന്നിട്ടും അമ്മയുടെ ഒപ്പം ഉണ്ട് പാവം.

“അപ്പൂ. കുട്ടി പോയി വേദനക്ക് പുരട്ടുന്ന ഓയിൻമെന്റ് ഉണ്ടോ നോക്കൂ. “

അവൻ പോയി എടുത്തിട്ട് വന്നു. പക്ഷെ ഞെക്കി ഞെക്കി മുമ്പേ അതിന്റെ ആത്മാവിനെ വരെ പുറത്തെടുത്തിരുന്നു.

“അമ്മേ ഇതിലൊന്നും ഇല്ല.”

അതി വിദഗ്ദമായി നോക്കിട്ടും അതിൽ നിന്നൊന്നും കിട്ടാനില്ല. അവസാനം അറ്റ കൈക്ക് അതിനെ സിസേറിയൻ ചെയ്തു. ഇത്തിരി കിട്ടി.

“വൈകുന്നേരത്ത് ഇനി വേദന കൂടുമോ ആവോ? അച്ഛനോട് എന്തേലും മരുന്ന് കൊണ്ട് വരാൻ പറയാം. അപ്പു അമ്മേടെ ഫോൺ ഒന്നു കൊണ്ട് വര്വോ ?”

“ഹലോ ഏട്ടാ ഞാനൊന്ന് വീണു.. “

“വീഴേ? എപ്പഴും ഞാൻ പറയണതാ ശ്രദ്ധിക്കണം ശ്രദ്ധിക്കണം എന്ന്. അതെങ്ങനാ ഒരു ശ്രദ്ധയും ഇല്ലല്ലോ എവിടെയാ വീണത്? എങ്ങനാ വീണത്? എപ്പഴാ വീണത്? എന്തൊക്കെയാ പറ്റീത്. എല്ല് പൊട്ടിയോ? നീരുണ്ടോ?… ബ്ലാ. ബ്ലാ. ബ്ലാ.. “

“അയ്യോ എന്റെ എട്ടാ ഒന്നും പറ്റീട്ടില്ല. നിലത്ത് വച്ച് കുത്തിയപ്പോ ചെറുതായി ഒരു വേദന. അതിന് പുരട്ടാൻ ഒരു ഓയിൻമെന്റ് കൊണ്ടു തരാമോ?? “

“ഞാൻ വരണോ? പ്രശ്നമുണ്ടോ? ഡോക്ടറുടെ അടുത്ത് പോണോ? അതും ഇപ്പോ എങ്ങോട്ടാ ഒന്ന് പോവുന്നേ? എല്ലാടത്തും കൊറോണയല്ലേ? നീരു വരുന്നുണ്ടോ നീ ഓടി നോക്കിയോ? നടക്കാമോ?.”

” ശരിട്ടോ, എട്ടാ പറ്റുമെങ്കിൽ കൊണ്ട് വരൂ. ഞാൻ കട്ടാക്കാ. “

എന്റെ ഭാഗത്തും തെറ്റുണ്ട്, ഞാൻ വിളിക്കാൻ പാടില്ലായിരുന്നു. ഒന്നും വേണ്ടായിരുന്നു. ഇതിലും ഭേദം വരുന്ന വേദന സഹിക്കണതായിരുന്നു.

വൈകീട്ട് ഏട്ടൻ വന്നു. മക്കടെ മിഠായി കവർ പോലും സാനിറ്റൈസർ ഇട്ട് തുടച്ചു കൊടുത്തു. അമ്മു പറഞ്ഞ നബാട്ടി യും അപ്പു ന് കാരം ബോർഡിൽ ഇടാനുള്ള പൗഡറും കൊടുത്തു.

ഓയിൻമെൻറും നോക്കി വായും പൊളിച്ച് നിന്നത് മിച്ചം.. ആള് മിണ്ടാതെ ബാത്ത് റൂമിൽ കയറി.

വാങ്ങി കൊണ്ടു വരാത്തതിനേക്കാൾ സ്വന്തം കാര്യത്തിൽ പ്രിയപ്പെട്ടവർ കാണിക്കുന്ന ഉപേക്ഷ ഇത്തിരി ഒന്നുമല്ല വേദനിപ്പിക്കുക.

“ഒരായിൻമെന്റ് കിട്ടീല എന്ന് വച്ച് എനിക്ക് ഒരു ചുക്കും വരാൻ പോണില്ല. പണ്ടൊക്കെ ആൾക്കാർ ഓയിൻ മെൻറുണ്ടായിട്ടാ?”

ഒരു തരം സോർ ഗ്രേപ്പിസം വർക്ക് ഔട്ടായി.

“നിയിതാരോടാ പിറുപിറുക്കുന്നേ?”

കുളിയൊക്കെ കഴിഞ്ഞ് സുന്ദരക്കുട്ടനായി എട്ടൻ ഇതാ മുന്നിൽ ..

“എന്നോട് തന്നെ അല്ലാതെ എനിക്കാരാ ഉള്ളത്? എന്റെ കാര്യം നോക്കാൻ ഞാനല്ലേ ഉള്ളൂ.”

മുഖത്തേക്ക് നോക്കാതെ ഏട്ടന് ദോശ ചുടോടെ ചുട്ട് പ്ലേറ്റിൽ ഇട്ടു കൊടുക്കുമ്പോൾ അറിയാമായിരുന്നു എന്റെ ദേഷ്യവും പിണക്കവും കണ്ട്  ഏട്ടൻ ചിരിക്കുകയായിരുന്നു എന്ന് .

എന്തൊക്കെയോ പിന്നീട് ഏട്ടൻ ചോദിക്കുന്നതിനെല്ലാം മൗനമായിരുന്നു ഉത്തരം.

“മിണ്ടൂലേ?”

അതിനും ഉത്തരം കൊടുത്തില്ല.

“എന്തിനാ നീയീ മുഖം വീർപ്പിച്ചിരിക്കുന്നത്?”

അറിയില്ലേ? എന്റെ കാര്യം ഒട്ടും മനസിലില്ലാഞ്ഞിട്ടല്ലേ ഞാൻ പറഞ്ഞത് മേടിക്കാതെ വന്നത്? കൊണ്ടുവരണ്ട, പക്ഷെ ഞാൻ മറന്നതാ എന്ന് ഒരു വാക്ക് ….. എൻ്റെ കാര്യല്ലേ അത്രയൊക്കെ മതി ലേ?”

“ഇത് സീരിയലിലെ ഡയലോഗ് പോലെ ഉണ്ടല്ലോ?”

ദേഷ്യപ്പെട്ട് പോകുന്ന ഭാര്യയെ കണ്ട് ചിരിച്ചു.

“ഒടുവിൽ ഒരു പൊതിയെടുത്ത് കൊടുത്തു. ഇതാ നീ പറഞ്ഞത്.”

കാട്ടിതും പറഞ്ഞതും ചിന്തിച്ച് കൂട്ടിയതുമെല്ലാം വെറുതെ ആയല്ലോ എന്നു വിചാരിച്ച് ചമ്മി നിന്നു.

“ടീ പൊട്ടിക്കാളി. നിന്റെയും മക്കൾടെം കാര്യല്ലാതെ എനിക്കെന്താ ഓർക്കാൻ… നിൻ്റെയീ കുറുമ്പ് കാണാൻ വേണ്ടീട്ടല്ലേ ഞാൻ ?” എന്നും പറഞ്ഞ് ആ നെഞ്ചിലേക്ക് അടുപ്പിച്ചപ്പോൾ കണ്ണുകൾ അറിയാതെ എന്തിനോ നിറഞ്ഞിരുന്നു.

ഇതിൽ പറഞ്ഞിരിക്കുന്നത് ആരുമായും ബന്ധമില്ലാത്തവരാണ് സൂർത്തുക്കളേ……. ഒരു ബന്ധോം ഇല്ലാത്തവർ…

Leave a Reply

Your email address will not be published. Required fields are marked *