ഭാര്യ
(രചന: Neji Najla)
“നിനക്ക് നൂറ് നാവായിരുന്നല്ലോ.. നിന്റെ ഭർത്താവിനെ പറ്റി പറയുമ്പോൾ.. ഞാൻ നിന്റെ അമ്മയെയും നിവിനേട്ടനെയും ഒക്കെ അറിയിക്കാൻ പോവുകയാണ് നിന്റെ ഒരു പുന്നാര ഭർത്താവിന്റെ സ്വഭാവ സർട്ടിഫിക്കറ്റ്..”
ദൃശ്യ ദേഷ്യം കൊണ്ട് ചുവന്നു.
“എടീ അപ്പുറത്ത് ഏട്ടൻ ഉണ്ട് നീ ഒന്ന് പത്ക്കേ പറ..”
“എത്ര വട്ടം പറഞ്ഞതാ അയാളൊരു വഷളൻ ആണെന്ന്… വളയിടീക്കലിന്റെ അന്നത്തെ ഫോട്ടോസ് എന്റെ കൂട്ടുകാരെ കാണിച്ചപ്പോൾ ഞാൻ ആകെ നാണം കെട്ടുപോയി. ഇങ്ങനെ ഒരുത്തനെ ആണോ നിന്റെ കസിന് കിട്ടിയേന്നു ചോദിച്ച്.. നിന്റെയൊരു ഏട്ടൻ”
ദൃശ്യയുടെ വാക്കുകൾ നന്ദയുടെ ഇടനെഞ്ചിൽ വിങ്ങലുണ്ടാക്കി. എങ്കിലും അവളത് പുറത്ത് കാണിക്കാതെ ദൃശ്യയോട് തട്ടിക്കേറി.
“നീ കിടന്നു പിടക്കാതെ എന്റെ ഏട്ടൻ എന്ത് ചെയ്തെന്നാ നീ പറയുന്നത്..?” ദൃശ്യ അവളുടെ മൊബൈൽ നന്ദയുടെ നേർക്ക് നീട്ടി എന്നിട്ട് പറഞ്ഞു.
“ഞാനായിട്ട് പറയുന്നില്ല നീ ഇതൊന്നു നോക്കി സ്വയം തീരുമാനിച്ചാൽ മതി കൂട്ടുകാർ പറഞ്ഞപ്പോ എനിക്കും വിശ്വാസം വരാത്തത് കൊണ്ട് ഞാൻ തന്നെ ടെസ്റ്റ് ചെയ്തതാ എന്റെ മെസഞ്ചറിൽ “
നന്ദ ദൃശ്യയുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി. അപ്പോഴാണ് ജീവൻ അങ്ങോട്ട് വന്നത്. ദൃശ്യയെ കണ്ട് അവൻ ഒന്ന് പരിഭ്രമിച്ചു.
ഈ സമയം ദൃശ്യയുടെ മെസഞ്ചറിൽ ജീവന്റെ മെസേജുകൾ കണ്ട് നന്ദ ഞെട്ടിത്തരിച്ച് നിന്നുപോയി.
ഈശ്വരാ എന്തൊക്കെയാണ്.. നന്ദക്ക് കൂടുതൽ ഒന്നും കാണാൻ കരുത്തുണ്ടായിരുന്നില്ല.
“ഇതിൽ മാത്രം ഒതുങ്ങുന്നില്ല മോളെ.. കൂടുതൽ അറിഞ്ഞാൽ നീ ഈ നിമിഷം ഇയാളെ ഇവിടെ വിട്ട് നിന്റെ പാട്ടിന് പോകും”
ദൃശ്യ പറയുന്നത് മുഴുവനും കേൾക്കാൻ വയ്യാത്ത വിധം നന്ദയുടെ ചെവി കൊട്ടിയടച്ചു പോയിരുന്നു.
ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയാൽ വല്ല കോളുകളും വന്നാൽ മാത്രമല്ലാതെ ഏട്ടൻ മൊബൈൽ തൊടാറില്ല. ഫാമിലി ഗ്രൂപ്പിൽ പോലും ഒന്ന് കേറാൻ തന്നെയും അനുവദിക്കാറില്ല.
“ഞാനില്ലാത്ത കുറെ സമയം ഉണ്ടല്ലോ.. അപ്പോൾ നീ ഫോണിൽ കളിക്ക്..ഇത് നമുക്ക് മാത്രമുള്ള സമയമാണ് മോളെ.. അതാർക്കും പങ്കു വെക്കാൻ ഞാൻ സമ്മതിക്കില്ലെന്ന് പറയുന്ന തന്റെ ഏട്ടൻ..
ദൃശ്യ കലിപ്പോടെ നന്ദയെയും ജീവനെയും മാറി മാറി നോക്കി. ജീവൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.
നന്ദയുടെ കൂട്ടുകാരി മാത്രമല്ല അവളുടെ കസിൻ സിസ്റ്ററും കൂടിയാണ് ദൃശ്യ. ബാംഗ്ലൂരിൽ പഠിക്കുകയാണവൾ. കുടുംബത്തിലെ ഒരു കല്യാണത്തിന് വന്നതായിരുന്നു നന്ദയും ജീവനും. അവിടെ വച്ചാണ് ദൃശ്യയെ കണ്ടതും അവളുടെ ഈ സംസാരവും.
നന്ദയുടെയും ജീവന്റെയും വിവാഹം കഴിഞ്ഞ് അഞ്ചുമാസം തികയുന്നതേയുള്ളൂ. കല്യാണത്തിന് ശേഷം ഒന്നുരണ്ട് വട്ടം നന്ദയെ കണ്ടപ്പോൾ ദൃശ്യ ജീവനെ പറ്റി പറഞ്ഞിരുന്നു.
ഒരുപാട് പെൺകുട്ടികളെ ഒരേസമയം പ്രണയിക്കുകയും അവരുമൊത്ത് പലയിടത്തും കറങ്ങിനടക്കുകയുമൊക്കെ ചെയ്തിരുന്ന ആളായിരുന്നു എന്നുമൊക്കെ.
നന്ദയുടേയും ജീവന്റെയും ഫോട്ടോസ് കാണിച്ചപ്പോൾ അവളുടെ കൂട്ടുകാർ പറഞ്ഞുള്ള അറിവാണ് ദൃശ്യക്ക് ഇതൊക്കെ. എന്തൊക്കെ പറഞ്ഞിട്ടും നന്ദ പറഞ്ഞു .
“അതെല്ലാം കല്യാണത്തിന് മുൻപ്.. അതൊന്നും ഇപ്പൊ എനിക്ക് കാര്യമാക്കേണ്ട കാര്യമില്ല ദൃശ്യ..
ഇന്ന് എന്റെ ഏട്ടന്റെ ലോകത്ത് ഞാനും എന്റെ ലോകത്ത് ഏട്ടനും മാത്രം ” പക്ഷേ ദൃശ്യക്ക് അതൊന്നും അങ്ങനെ വിടാൻ കഴിഞ്ഞില്ല.
“നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ… എനിക്കും നിനക്ക് നല്ലത് വരണേ എന്ന പ്രാർത്ഥനയേ ഉള്ളൂ… കല്യാണം കഴിഞ്ഞ് അധികമാവുന്നതിന്റെ മുൻപ് തന്നെ ഒരു തീരുമാനമെടുത്താൽ നിനക്ക് കൊള്ളാം”
നന്ദയുടെ മനസ്സിൽ ദൃശ്യ അന്നുപറഞ്ഞ വാക്കുകൾ ഇടിമുഴക്കം പോലെ ആവർത്തിച്ചുകൊണ്ടിരുന്നു.
അപ്പോഴേക്കും നന്ദയുടെ സഹോദരൻ നിതിനും അമ്മയും അങ്ങോട്ടെത്തി. അവർക്കൊക്കെ ദൃശ്യ അവളുടെ മൊബൈൽ കാണിച്ചു.
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
നിതിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.
എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിൽക്കുന്ന ജീവന്റെ മുഖത്തേക്കും വല്ലാത്തൊരവസ്ഥയിൽ നിൽക്കുന്ന നന്ദയുടെ മുഖത്തേക്കും അവർ മാറി മാറി നോക്കി.
നിതിനേട്ടന്റെ മുഖത്ത് എന്തും ചെയ്യാൻ മടിക്കാത്ത ഭാവം കണ്ട് നന്ദ ഭയന്ന് പോയി. പെട്ടെന്നാണ് നന്ദ ഉറക്കെയുറക്കെ ചിരിച്ചത്. എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.
“ഇവൾക്ക് വട്ടായോ…” ദൃശ്യ ചോദിച്ചു.
“ആ..ടി.. നിനക്കാ ഇപ്പൊ വട്ടാവുക..” അതും പറഞ്ഞ് നന്ദ വീണ്ടും ചിരിച്ചുകൊണ്ട് ജീവന്റെ അടുത്തേക്ക് നടന്നു ചെന്നു.
“ഏട്ടാ… ഞാൻ പറഞ്ഞില്ലേ ദൃശ്യയെ പറ്റി..
എട്ടനേകുറിച്ച് ഇവൾക്ക് ഭയങ്കര ഡൗട് ആയിരുന്നെന്ന്… ഏട്ടനെ ടെസ്റ്റ് ചെയ്യാൻ വേണ്ടി ഇവൾ മെസേജ് അയച്ചപ്പോഴെ ഞാൻ കരുതിയതാണ് ഇവൾക്കൊരു പണികൊടുക്കണം എന്ന്..
അതേതായാലും കലക്കി. ന്നാലും ക്ലൈമാക്സ് ഇങ്ങനെ ആവും ന്ന് ഞാനും പ്രതീക്ഷിച്ചില്ല.. പാവം എന്റെ ജീവിതത്തെ കുറിച്ചുള്ള ആധിയാണ് പെണ്ണിന്.. ഇങ്ങനേം ഉണ്ടോ ഒരു സ്നേഹം. “
നന്ദ ചിരി അടക്കാൻ പാടുപെട്ടു.
നന്ദയുടെ ചിരി കണ്ട് അമ്മയും നിറഞ്ഞ കണ്ണുകൾ തുടച്ച് ചിരി തുടങ്ങി.ഒപ്പം നിതിനും ചിരിച്ചപ്പോൾ ജീവനും കൂടെ ചിരിച്ചു. പക്ഷേ ദൃശ്യ മാത്രം കലിയടങ്ങാതെ നിൽപ്പാണ്.
“ഇനിയെങ്കിലും എന്റെ ഏട്ടനെ വെറുതെ വിടൂ ദൃശ്യ..” നന്ദ ദൃശ്യയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു.
“ദൃശ്യ പ്ലീസ്… ആരുടെ മുമ്പിലും എന്റെ ഏട്ടൻ ചെറുതാവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല… തൽക്കാലത്തേക്ക് ഇത് എനിക്ക് വിട്ടേര്…ഞാനും നീയുമല്ലാതെ ഇനിയൊരു ഈച്ച പോലും ഇക്കാര്യം അറിയരുത്.. ഞാൻ മാറ്റും എന്റെ ഏട്ടനെ എനിക്ക് വേണം എന്റെ ഏട്ടനെ”
ദൃശ്യയെ കെട്ടിപ്പിടിച്ച് അവളുടെ ചെവിയിൽ ഇത്രയും പറഞ്ഞ് ആരും കാണാതെ കണ്ണുകൾ തുടച്ച് നന്ദ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.
ബൈക്കിൽ ജീവന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോൾ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല.
നന്ദയുടെ കണ്ണീരുകൊണ്ട് ജീവന്റെ ഷർട്ടിന്റെ പിൻഭാഗം മുഴുവനും നനഞ്ഞുകുതിർന്നിരുന്നു.
വീട്ടിലെത്തി ബൈക്കിൽ നിന്നിറങ്ങി മുറിയിലേക്ക് നടക്കുമ്പോൾ ഇപ്പോൾ വീണുപോകും എന്ന് നന്ദയ്ക്ക് തോന്നുന്നുണ്ടായിരുന്നു.
മുറിയിൽ എത്തിയ പാടെ ബെഡിലേക്ക് വീണ നന്ദയെ കണ്ട് ജീവന് തന്റെ ഹൃദയം നുറുങ്ങിപ്പോകുന്ന വേദന അനുഭവപ്പെട്ടു.
അവനവളെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു പൊട്ടിക്കരഞ്ഞു…
നന്ദ… നീ എന്റെ ഭാഗ്യമാണ്… നീയല്ലാതെ വേറൊരു പെണ്ണിനും എന്നെ ഇങ്ങനെ സ്നേഹിക്കാനാവില്ല…
ഇതിനൊക്കെ പകരം തരാൻ ഇനിയെന്റെ ജീവിതം നിന്റെ മുൻപിൽ നീ തീരുമാനിക്കുന്ന പോലെ..
എന്തിനും നിനക്ക് വിട്ടു തന്നിരിക്കുന്നു.അന്നേരം നിന്റെ അഭിനയം കണ്ട്..നിയന്ത്രിക്കാനാവാതെ തളർന്ന് പോയി നന്ദാ.. നീ ചിരിക്കുമ്പോൾ പൊട്ടിക്കരയാതിരിക്കാൻ പാടുപെടുകായിരുന്നു ഞാൻ.”
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നന്ദ ജീവനെ നോക്കി. ഒന്നും പറയാനാവാതെ അവന്റെ നെഞ്ചിലേക്ക് വീണ് അവൾ തേങ്ങിക്കരഞ്ഞു.
ഏതൊരു ഭർത്താവും കൊതിച്ചു പോകുന്ന സൗഭാഗ്യമാണ് തന്റെ ഭാര്യ എന്ന് തിരിച്ചറിഞ്ഞ ജീവൻ ജീവന്റെ ജീവനായി അവളെ ഹൃദയത്തോട് ചേർത്തു പിടിച്ചു.
കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും വ്യത്യാസപ്പെടുത്തി ഒരു യഥാർത്ഥ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത് എഴുതിയതാണ്..
ദാമ്പത്യ ജീവിതത്തിൽ ഒരാൾ മറ്റൊരാളുടെ തെറ്റിനെ ക്ഷമയോടെ തിരുത്തി സ്നേഹത്തോടെ ചേർത്ത് പിടിച്ചാൽ.. പ്രതീക്ഷിക്കാൻ കഴിയാത്തത്ര സ്നേഹവും പരിഗണനയും തിരിച്ചു കിട്ടുമെന്ന് ജീവന്റെയും നന്ദയുടെയും ഇപ്പോഴുള്ള ജീവിതം തെളിയിക്കുന്നുണ്ട്.