തിരിച്ചറിവുകൾ
(രചന: Neji Najla)
“രാജുവേട്ടാ…. “
ദേവു ഉറക്കെ കരഞ്ഞുകൊണ്ട് രാജുവിന്റെ മടിയിലേക്ക് വീണു .കൈയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നു.
“എന്താ ദേവു എന്തുപറ്റി”
രാജു ചോദിച്ചു
.”നമ്മുടെ നീനു മോൾ….”
ദേവുവിന് മറുപടി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾ മൊബൈൽ ഫോൺ രാജുവിന് നീട്ടി.
നീനുവിന്റെ മെസേജ് അവൻ കണ്ടു.
“അമ്മാ… ഞാൻ പോകുന്നു നീരജിന്റെ കൂടെ പറഞ്ഞാൽ നിങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്ന് അറിയാം അതുകൊണ്ടുതന്നെ ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനമെടുത്തു.
ഇനി അന്വേഷിച്ചു സമയം കളയാനും തിരിച്ചുവിളിക്കാനും വരേണ്ടതില്ല , തിരിച്ചുവരാൻ വേണ്ടിയല്ല ഞാൻ പോന്നത് ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു അച്ഛനോടും പറഞ്ഞേക്കൂ”.
രാജുവിന് നിന്നനിൽപ്പിൽ ഉരുകിപ്പോവുകയാണെന്ന് തോന്നി. കോളേജിൽ നിന്നും വരുന്ന സമയം കഴിഞ്ഞിട്ടും മോളെ കാണാതിരുന്നതു കൊണ്ട് വിളിച്ചു നോക്കാൻ വേണ്ടി മൊബൈൽ ഫോൺ എടുത്തതായിരുന്നു ദേവു അപ്പോഴാണ് മോളുടെ മെസേജ് കണ്ടത്.
”രാജുവേട്ടാ വണ്ടിയെടുക്ക് വേഗം “
ദേവു കരഞ്ഞു കൊണ്ടു പറഞ്ഞു. രാജു വണ്ടിയെടുത്തു ദേവു തിടുക്കത്തിൽ അതിൽ കയറി.കുറച്ചു സമയങ്ങൾക്ക് ശേഷം നീരജിന്റെ വീടിന്റെ മുൻപിൽ വണ്ടി നിന്നു.
“ഇതെന്താ രാജുവേട്ടാ ഇവിടെ..? ഇങ്ങോട്ടേക്കല്ല വണ്ടി തിരിക്കൂ..”
രാജു ദേവു പറഞ്ഞ വഴിയിലൂടെ വണ്ടി തിരിച്ചു .നഗരം വിട്ട് ഗ്രാമ പ്രദേശത്ത് എത്തി. വളഞ്ഞും തിരിഞ്ഞും പലതവണ വഴി തെറ്റിയും അവസാനം അവർ ഒരു കൊച്ചു വീടിന്റെ മുന്നിലെത്തി.
നേരം വളരെ ഇരുട്ടിത്തുടങ്ങിയിരുന്നു. പടികടന്ന് ചരൽവിരിച്ച മുറ്റത്തേയ്ക്ക് കാൽ പതിച്ചപ്പോൾ കാലുകൾ ചുട്ടുപൊള്ളുന്നതുപോലെ ദേവുവിനുതോന്നി. ദേവുവിന്റെ പിറകെ രാജുവും നടന്നു. പരസ്പരം അവർ ഒന്നും സംസാരിക്കുന്നില്ലായിരുന്നു.
കതകിനടുത്തെത്തി അവൾ ഉറക്കെ വിളിച്ചു
“അമ്മാ… വാതിൽ തുറക്കൂ..,”
അവൾ വാതിലിൽ മുട്ടിയപ്പോൾ വാതിൽ അടച്ചിട്ടില്ല എന്നു മനസ്സിലായി അവൾ അത് തള്ളി തുറന്ന് ഉള്ളിലേക്ക് കയറി. കോലായിലെ കട്ടിലിൽ തന്നെ അമ്മ കിടക്കുന്നു.
അമ്മയുടെ അടുത്തിരുന്ന് അവൾ ഉറക്കെ കരഞ്ഞു.
“രാജുവേട്ടാ എന്റെ അമ്മ അച്ഛനില്ലാത്ത എന്നെ കൂലിപ്പണിയെടുത്തായിരുന്നു ഊട്ടിയതും ഉടുപ്പിച്ചതും പഠിപ്പിച്ചതും വളർത്തിയതും.. ഒരു വാക്കുപോലും പറയാതെയല്ലെ ഏട്ടന്റെ കൂടെ ഞാൻ അന്ന് ഇറങ്ങിപ്പോന്നത്. നമ്മുടെ മോൾ നമ്മോട് കാണിച്ച മര്യാദ പോലും ഞാൻ എന്റെ പാവം അമ്മയോട് കാണിച്ചില്ലല്ലോ..”
ദേവുവിന് തേങ്ങൽ അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
“ആരാരുമില്ലാത്ത അമ്മയെ ഒറ്റയ്ക്കാക്കി ഒരു വാക്ക് പറയാതെ ഞാൻ പോയപ്പോൾ ഇന്നോളം എത്ര വേദന സഹിച്ചിട്ടുണ്ടാവും എന്റെ അമ്മ..
ഇന്ന് ഈ രാത്രിയിലും എന്നെ പ്രതീക്ഷിച്ചാവില്ലേ അമ്മ വാതിൽ പോലും അടയ്ക്കാതെ ഉറങ്ങാൻ കിടന്നത്? അല്ലെ രാജുവേട്ടാ…എനിക്ക് സഹിക്കാൻ കഴിയുന്നില്ല”.
ദേവുവിന്റെ കരച്ചിലടക്കാൻ ആശ്വസിപ്പിക്കാനായി വാക്കുകൾ തിരയുകയായിരുന്നു രാജു.
പക്ഷേ ഇതൊന്നും അറിയാതെ ഇരുപത് വർഷങ്ങൾക്കുമുമ്പ് തന്റെ മകൾ പോകുമ്പോൾ കൊണ്ടുപോകാൻ മറന്നിട്ട് പോയ അവളുടെ
പുസ്തകങ്ങളും വസ്ത്രങ്ങളും മാറോടടക്കിപ്പിടിച്ച് ഒരിക്കലും ഉണരാതെ ഉറങ്ങുകയായിരുന്നു വാർദ്ധക്യത്താലും വിരഹ ദുഖത്താലും വാടിക്കരിഞ്ഞ ആ പാവം അമ്മ.