പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത് മുതൽ വയ്യ… വയ്യ എന്ന് അല്ലാതെ ഒരു വാക്ക് നിന്റ വായിൽ നിന്നും വീണിട്ടുണ്ടോ..

(രചന: മിഴി മോഹന)

ലോകത്ത് നീ മാത്രം ആണോ ഗർഭിണി ആയത്…. എന്റെ അമ്മയും ഞങ്ങൾ മൂന്ന് മക്കളെ പ്രസവിച്ചതാ… എന്റെ ചേച്ചിയും രണ്ട് പ്രസവിച്ചു…ചേട്ടന്റെ ഭാര്യയും പ്രസവിച്ചത് ഇവിടെ വെച്ച് ആണ്…

അവർക്ക് ആർക്കും ഇല്ലാത്ത എന്ത് പ്രശ്നം ആണ് നിനക്ക് കൂടുതൽ ഉള്ളത് വീണേ..”” പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത് മുതൽ വയ്യ… വയ്യ എന്ന് അല്ലാതെ ഒരു വാക്ക് നിന്റ വായിൽ നിന്നും വീണിട്ടുണ്ടോ..”

ശരത്തിന്റെ ഓരോ ചോദ്യത്തിന് ഉത്തരം നൽകാൻ ആവാതെ കുഴഞ്ഞു അവൾ…

ശരത്തേട്ടാ അവരുടെ കാര്യം ഒന്നും എനിക്ക് അറിയില്ല… പക്ഷെ തുടക്കം മുതലേ എനിക്ക് ബിപി കൂടുതൽ ആണ് കോംപ്ലിക്കേഷൻ ഉണ്ടെന്നും ഡോക്ടർ പറഞ്ഞത് നിങ്ങളും കേട്ടത് അല്ലെ… “”

വീണ തിരിച്ചു ചോദിക്കുമ്പോൾ ശരത്തിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു… കയ്യിൽ ഇരുന്ന ചീപ്പ് കട്ടിലിലേക്ക് വലിച്ചു എറിഞ്ഞു കൊണ്ട് അവളെ നോക്കി…

പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ അങ്ങനെ പലതും പറയും കാശ് അടിച്ചു മാറ്റാൻ വേണ്ടിയുള്ള കുതന്ത്രം… അതിനു നിന്ന് കൊടുക്കാൻ എന്നെ കിട്ടില്ല.. “”

ആദ്യമേ പറഞ്ഞതാ ഞാൻ സർക്കാർ ആശൂത്രിയിൽ പോയാൽ മതി എന്ന് അപ്പോൾ നിന്റ വീട്ടുകാർക്ക് അല്ലെ നിർബന്ധം പ്രൈവറ്റിൽ തന്നെ പോണം എന്ന്… അവർക്ക് ഇങ്ങെനെ പറഞ്ഞാൽ പോരെ കാശ് മുടക്കുന്നത് ഞാൻ അല്ലെ….. അഷ്ടിക്ക് വക ഇല്ലാത്ത നിന്റ വീട്ടുകാർക്ക് ഉപദേശിക്കാൻ അല്ലെ അറിയൂ.. “” മ്മ്ഹ്ഹ്.”

അവളെ മാത്രം അല്ല ആ വീട്ടുകാരെയും ആകെ കുറ്റപ്പെടുത്തി ശരത് മുറിക്ക് പുറത്തു ഇറങ്ങുമ്പോൾ കേട്ടു പുറത്ത് നിന്നും ശരത്തിന്റെ ചേച്ചിയുടെ ശബ്ദം…

നീയും നിന്റ പെണ്ണുംപിള്ളയുടെ കൂടെ മുറിയിൽ കയറി അട ഇരിക്കാൻ തുടങ്ങിയോ.. “”?

അവനെ കണ്ടതും ഉള്ള അവരുടെ ചോദ്യം മുറിയിൽ വരെ വന്നു..

അവൾക് എന്തോ വയ്യാഴിക എന്ന്..” ചേച്ചി എപ്പോൾ വന്നു..?

ശരത് ചോദിക്കുമ്പോഴേക്കും വീണ വയറും താങ്ങി പുറത്തേക്ക് ഇറങ്ങി വന്നു..

ഞാൻ വന്നിട്ട് കുറെ നേരം ആയി.. എനിക്ക് വരാതെ ഇരിക്കാൻ പറ്റില്ലല്ലോ… ഇവിടെ കിടന്നു കഷ്ടപെടുന്നത് എന്റെ അമ്മ അല്ലെ.. “” തമ്പുരാട്ടിക്ക് ഗർഭത്തിന്റെ പേരും പറഞ്ഞ് മുറിയിൽ കയറി കിടന്നാൽ മതിയല്ലോ.. “‘

ചേച്ചി അമ്മ കൊണ്ട് കൊടുത്ത ചായ കുടിച്ചു കൊണ്ട് രണ്ട് പേരെയും രൂഷമായി നോക്കി…

ഞാൻ ഇവിടെ വന്നിട്ട് മണിക്കൂർ ഒന്ന് ആയി…ഞാൻ വരുമ്പോൾ വയ്യാത്ത അമ്മ മുറ്റം അടിക്കുകയാ..”” മൂത്തവൻ പെണ്ണുംപിള്ളയെയും കൊണ്ട് അവന്റ സുഖം തേടി പോയപ്പോൾ അമ്മയ്ക്ക് ഒരു കൂട്ട് ആകട്ടെ എന്ന് കരുതി ആണ് നിന്നെ പിടിച്ചു കെട്ടിച്ചത്.. അത് ഇപ്പോൾ ഇങ്ങനെയും… അച്ചി കോന്തൻ.. “”

ആ സ്ത്രീ പറയുന്നത് കേട്ടതും ശരത്തിന് അരിശം കയറി..

കേട്ടല്ലോടി കുടുംബക്കാരുടെ മുൻപിൽ എന്നെ നാണം കെടുത്താൻ തന്നെ അല്ലെ നിന്റ ഉദ്ദേശ്യം….. ഓരോ അസുഖം പറഞ്ഞ് കേറി ഇരുന്നോളും… പിന്നെ പണി ചെയ്യണ്ടല്ലോ… “”

അവന്റ ദേഷ്യം കണ്ടതും ചേച്ചി ഒന്ന് തണുത്തു…

നീ ഇനി അവളോട് ദേഷ്യപെടാൻ ഒന്നും നിക്കണ്ട… ഇതൊക്കെ അമ്മയുടെ കുഴപ്പമാ…. ആദ്യം തന്നെ മരുമോളെ നിലയ്ക്ക് നിർത്താൻ പഠിക്കണം..””

ഞാൻ എന്ത് ചെയ്യാനാ ശാരി… ആ അടുപ്പ് ഒന്ന് ഊതാൻ പറഞ്ഞാൽ തുടങ്ങും തല കറക്കം… കുനിഞ്ഞു ഒന്ന് തൂക്കാൻ പറഞ്ഞാൽ പറയും നടു വേദന ആണെന്ന്……

ആശൂത്രീന്ന് ആ ഡോക്ടർ പറഞ്ഞിട്ടുണ്ട് പോലും മേല് അനങ്ങി പണി എടുക്കരുത് എന്ന്…. പണി എടുത്തില്ലങ്കിൽ എന്താ വയറു കീറി കൊച്ചിനെ എടുത്താൽ പോരെ അവൾക്ക്… കാശ് മുടക്കുന്നത് ഇവൻ അല്ലേ.. “” ആയമ്മ പറയുമ്പോൾ ശരത്തിന്റെ ചേച്ചി വീണയെ ആകെ ഒന്ന് നോക്കി…

എന്തായാലും അമ്മ ഇനി വിഷമിക്കണ്ട രണ്ട് ദിവസം ഞാൻ ഇവിടെ ഉണ്ട് ഞാൻ കൈകാര്യം ചെയ്തോളാം ഇവളെ….. “” ദേണ്ടേ എന്റെ കൃഷ്ണെട്ടന്റെ മൂത്ത പെങ്ങളുടെ മോള് ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട് വീട്ടിലെ എല്ലാ പണിയും ചെയ്യുമായിരുന്നു…

ആ വലിയ വയറും വച്ചു കുനിഞ്ഞു നിന്നവൾ തൂക്കുന്നത് കാണാൻ തന്നെ ഒരു അഴക് ആയിരുന്നു… അത് കൊണ്ട് എന്താ… ഒന്ന് വേദന എടുത്തതെ ഉള്ളു ശൂന്ന് പറഞ്ഞു കൊച്ച് ഇങ്ങ് പുറത്തു വന്നു…

അല്ലാതെ നിന്റെ പെണ്ണുംപിള്ളയെ പോലെ.. “” അവർ വീണയുടെ മുഖത് നോക്കാതെ മുഖം വെട്ടിച്ചു ആ നിമിഷം…

ഞാൻ പറയുന്നതാ ചേച്ചി അവളോട് പണി എടുക്കാൻ കേൾക്കില്ല എന്ന വാശി അല്ലെ.. “” ശരത്തും അവളെ കുറ്റപെടുത്തിയപ്പോൾ കണ്ണുനീർ നിയന്ത്രിക്കാൻ ആയില്ല അവൾക്..

ഹാ.. “” ഇനി ഇപ്പോൾ ഞാൻ ഉണ്ടല്ലോ.. നീ ധൈര്യം ആയി ജോലിക്ക് പൊയ്ക്കോ.. “” ചേച്ചി കസേരയിൽ നിന്നും എഴുനേറ്റു വീണയ്ക്ക് അടുത്തേക്ക് വന്നു…

ആ എന്തെങ്കിലും കാണിക്ക്… ഇനി ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല അവളോട്… “”

ചേച്ചിയ്ക്ക് കടിച്ചു തിന്നാൻ ആയിട്ട് അവളെ ഇട്ടു കൊടുത്ത് ശരത് പോകുമ്പോൾ നിസ്സഹായ ആയിരുന്നു അവൾ..

ശരത് പുറത്തേക്ക് പോയതും ശാരി വീണയെ അടിമുടി ഒന്ന് നോക്കി…

പണി എടുക്കാതെ ഇരിക്കുന്നത് കൊണ്ട് ആകെ ഒന്ന് കൊഴുത്തല്ലോടി… ഈ കൊഴുപ്പ് എല്ലാം കൂടി കൂടിയാൽ പേറ് പാട് ആകും.. “”

അല്ലങ്കിലും തീറ്റയ്ക്ക് കുറവ് ഒന്നും ഇല്ല ശാരി… നല്ല സാധനങ്ങൾ വല്ലോം കണ്ട് കിടന്ന കുടുംബമാണോ… കയ്യിൽ കിട്ടിയപ്പോൾ നല്ല പോലെ വലിച്ചു വാരി തിന്നുന്നുണ്ട് അത് ശരീരത്ത് കാണാനും ഉണ്ട്… “””

പറഞ്ഞു കൊണ്ട് ശരത്തിന്റെ അമ്മ കസേരയിൽ നിന്നും എഴുനേറ്റു.. “”

അല്ല അമ്മ എങ്ങോട്ട് പോവാ.. “”? ശാരി അവരെ അടിമുടി നോക്കി..

ടെറസിന്റെ മുകളിൽ കുറച്ചു തുണി ഉണക്കാൻ ഇട്ടിട്ടുണ്ട്..”” ഞാൻ അത് എടുത്തോണ്ട് വരാം… ഇനിയും വൈകിയാൽ മഞ്ഞു കൊണ്ട് നനയും.. “”

ആയമ്മ മുൻപോട്ട് നടക്കാൻ ആഞ്ഞതും ശാരി അവരെ വിലക്കി..

ഈ വയ്യാത്ത കാലും വെച്ചു ആണോ അമ്മ പുര മണ്ടേൽ കേറാൻ പോകുന്നത്… “”

ഞാൻ കേറിയില്ലെങ്കിൽ പിന്നെ നീ കേറുവോ.. നിനക്ക് നടുവ് വേദന ഉള്ളത് അല്ലെ.. “‘

ആ എനിക്ക് കേറാൻ പറ്റില്ല.. എന്റെ നടു വെട്ടിയിരിക്കുവാ… ഇവൾക് പോയി എടുത്തു കൂടെ… ഗർഭിണികൾ സ്റ്റെപ് കേറുന്നത് നല്ലതാ… ഗർഭാശയ വാതിൽ അയയും..””

ശാരി പറഞ്ഞതും ഒരു ഞെട്ടലോടെ അവരെ നോക്കി വീണ…

ചേച്ചി ഞാൻ.. “”

കൂടി പോയാൽ പത്തോ പതിനെട്ടോ പടി കാണും… അല്ലങ്കിലും രാവിലെയും വൈകുന്നേരവും പടി കയറുന്നത് നല്ലതാ നിനക്ക് ഒരു എക്സർസൈസ് ആകും… അമ്മ അവിടെ ഇരിക്ക് അവള് പോയി എടുത്തോളും.. “‘

ശാരി അമ്മയെ പിടിച്ചു സെറ്റിയിൽ ഇരുത്തി കൊണ്ട് പറയുമ്പോൾ മറുത്ത് ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി വീണ…..

ടെറസിലേക്ക് ഉള്ള സ്റ്റേർ കേസ് പുറത്ത് നിന്നും ആയത് കൊണ്ടും കുറച്ചു ദിവസം അടുപ്പിച്ചു മഴ പെയ്തിരുന്നത് കൊണ്ടും നന്നേ പായൽ പിടിച്ചിരുന്നു സ്റ്റെപ് ആകെ..””

പതുക്കെ ആ പടികൾ സൂക്ഷിച് കയറി മുകളിൽ എത്തുമ്പോൾ കിതപ്പ് അവളെ മൂടി.. ഒപ്പം ഏഴു മാസം ആയ പുറത്തേക്ക് ഉന്തിയ വയർ അവൾ താങ്ങി പിടിച്ചു… “” വഴു വഴുപ്പ് ഉള്ള ടെറസിൽ താൻ അലക്കി താഴെ വിരിച്ച ശരത്തിന്റെ ഡ്രെസ് വരെ ഉണ്ടായിരുന്നു…

അത് അമ്മയുടെ പണി ആണ്… താൻ എന്ത് ചെയ്താലും അതിൽ ഒരു പടി കൂടുതൽ ചെയ്യണം… ശരത്തിന് ചോറും കറിയും വിളമ്പി കൊടുത്താൽ അമ്മ ആ നിമിഷം പപ്പടം ചുട്ട് കൊണ്ട് വരും… എന്നേക്കാൾ മകനെ സ്നേഹിക്കുന്നു എന്ന് കാണിക്കാൻ…

ശരതിന്റെ തുണി താഴെ ഞാൻ വിരിച്ചത് ശരിക്ക് ഉണങ്ങില്ല അത് അമ്മ മുകളിൽ വിരിച്ചു ഉണക്കി എന്ന് കാണിക്കാൻ ആണെന്ന് തനിക് അറിയാം.. ”

അവൾ ചെറു പുച്ഛത്തോടെ തുണികൾ ഓരോന്നും എടുത്തു കയറിയത് പോലെ താഴേക്ക് ഇറങ്ങി… “”

നാല് സ്റ്റെപ് മുകളിലേക്ക് കയറിയപ്പോൾ നിന്റ ഗർഭം ഒന്നും ഊർന്നു പോന്നില്ലല്ലോ… ഇതാ പറഞ്ഞത് പണി എടുക്കണം എന്ന്…. “”
ശാരി അവളെ കളിയാക്കി ചോദിക്കുമ്പോഴും അവൾ നന്നേ അണച്ചിരുന്നു..

പണി എടുക്കാതെ പണി എടുക്കുമ്പോൾ ആരായാലും അണയ്ക്കും… പിന്നെ സ്റ്റെപ് കയറി എന്ന് പറഞ്ഞു രണ്ട് മണിക്കൂർ വിശ്രമിക്കാൻ നിക്കണ്ട… എടുത്ത തുണി മുഴുവൻ മടക്കി വെച്ചോ അതും ഒരു എക്സർസൈസ് ആണ്… അവൾക് നിർദ്ദേശം കൊടുത്തു കൊണ്ട് മോളും അമ്മയും മുറിയിൽ കയറി കതക് അടച്ചു…

പിന്നീട് അങ്ങോട്ട് ഇത് തന്നെ ആയിരുന്നു അവസ്ഥ… അന്ന് രാവ് ഏറെ ചെന്നിട്ടും അവളെ ഉറങ്ങാൻ സമ്മതിച്ചില്ല ശാരി….രാത്രിയിൽ എല്ലാവർക്കും ചപ്പാത്തിയും ചിക്കൻ കറിയും മതി എന്നുള്ള അവരുടെ നിർദ്ദേശത്തിൽ ബലി ആട് ആയത് വീണ ആണ്…

നിറ വയറും താങ്ങി ഓരോ പണികൾ എടുക്കുമ്പോൾ അവൾ പലപ്പോഴായി താഴെ വീഴും എന്ന് തോന്നി..

കണ്ടോടാ ഇപ്പോ നിന്റ ഭാര്യ പണി എടുക്കുന്നത്… പെണ്ണുങ്ങൾ വരേണ്ടി വന്നു അതിന്..”

അവൾ അഭിമാനത്തോടെ അമ്മയെയെയും ശരത്തിനെയും നോക്കുമ്പോൾ രണ്ട് പേരും ഊറി ചിരിച്ചു…

ചേച്ചി വന്നപ്പോൾ പണി എടുക്കാൻ നിനക്ക് അറിയാം അല്ലെ.. “ഇപ്പോ നിനക്ക് ഒരു കുഴപ്പവും ഇല്ലല്ലോ… താടി ഉള്ള അപ്പനെ പേടി ഉള്ളു എന്ന് പറയുന്നത് ഇതാ.. “”

രാത്രിയിൽ കിടപ്പറയിൽ ശരത് അവളെ കളിയാക്കി പറയുമ്പോൾ നടുവ്‌ പൊട്ടി പോകുന്ന വേദന കടിച്ചമർത്താൻ പാട് പെട്ടവൾ..

അയ്യോ ഇങ്ങോട്ട് കേറിയപ്പോൾ തന്നെ തുടങ്ങി അവടെ വേദന.. “”

അത് നിസാരമായി തള്ളി കളഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു കിടക്കുമ്പോൾ ആ വേദനയേക്കാൾ അവളെ ചുട്ട് പൊള്ളിച്ചത് അവന്റ പെരുമാറ്റം ആയിരുന്നു…

പിറ്റേന്ന് രാവിലെ തുടങ്ങിയ പണിയിൽ പലപ്പോഴായി ഒന്ന് കിടക്കാൻ അവൾ ആഗ്രഹിക്കുമ്പോൾ എല്ലാം ശാരി അവളെ തടഞ്ഞു..ഓരോ പണികൾ അവൾക്ക് ആയി നൽകി…

നേരം പതിനൊന്നു ആയി… മുറ്റത്തേ തണലു പോകും മുൻപ് ചുറ്റും അടിച്ചു വാരി ഇടാൻ നോക്ക്.. “”

അടുക്കളയിൽ ഒരു പണി പൂർത്തി ആക്കും മുൻപേ ശാരി അകത്തേക്ക് വന്നു..

ചേച്ചി എനിക്ക് നല്ല ക്ഷീണം ഉണ്ട്…. മാത്രമല്ല നടുവ് പൊട്ടി പോകുന്ന വേദനയും… ഞാൻ ഒന്ന് കിടന്നിട്ട് വൈകുന്നേരം അടിച്ചു വാരാം.. “”

വീണ പറയുമ്പോൾ ശാരിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു..

ആഹാ.. “‘ രാവിലെ ചെയ്യണ്ടത് രാവിലെ തന്നെ ചെയ്യണം.. വൈകുന്നേരം നീ ഒന്നൂടെ അടിച്ചു വാരിക്കോ…. മാസം ഇങ്ങ് അടുത്തു വന്നു സുഖ പ്രസവം നടക്കണം എങ്കിൽ ഇതൊക്കെ സഹിച്ചേ മതി ആകൂ..””

അവർ അവളെ തള്ളി പുറത്തേക്ക് കൊണ്ട് വന്നു വലിയ ചൂല് പാതി വെച്ചു മുറിച്ചു അവളുടെ കയ്യിൽ കൊടുത്തു..

നന്നായി കുനിഞ്ഞു തൂത്തോ.. “”

പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് പോകുമ്പോൾ നടുവ് വേദന കാരണം പാതി പോലും കുനിയാൻ കഴിയാതെ പാട് പെട്ടു വീണ… എങ്കിലും നടുവ് വളച്ചവൾ തൂത്ത് വാരാൻ ശ്രമം നടത്തും തോറും ശരീരം തളർന്നു താഴേക്ക് പോകും പോലെ തോന്നി..

💠💠💠💠

കുറെ നേരം ആയല്ലോ അവള് അടിച്ച് വാരാൻ ഇറങ്ങിയിട്ട്… അടിച്ചു വാരി അടിച്ച് വാരി അയൽക്കാരുടെ പറമ്പ് കൂടി അടിച്ചു വരിയോ.. “”

ശരത്തിന്റെ അമ്മ മുടി വാരി പൊത്തി പുറത്തേക്ക് ഇറങ്ങുമ്പോൾ ചായ കുടിച്ചു കൊണ്ട് പത്രം വായിക്കുന്ന ശാരി ഒന്ന് ചിരിച്ചു..

“”””””അയ്യോ എന്റെ മോളെ….”””””

പുറത്തേക്ക് പോയതിലും വേഗത്തിൽ അമ്മയുടെ ശബ്ദം ഉയരുമ്പോൾ ശാരിയുടെ കയ്യിൽ നിന്നും ചായ ഗ്ലാസ് താഴേക്ക് വീണു…

ആ നിമിഷവും അമ്മയുടെ കരച്ചിൽ ഉയരുമ്പോൾ ഓടി ചെന്നവൾ നോക്കുന്ന മാത്രയിൽ സ്തംഭിച്ചു പോയി…

മുറ്റത് തൂത്ത് കൂട്ടിയ കരിയിലക്കൾക്ക് ഇടയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന വീണ……

നിമിഷ നേരങ്ങൾക്ക് അകം ടാക്സിയിൽ അവളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അമ്മയും മകളും വാവിട്ട് കരഞ്ഞു….

💠💠💠💠

സോറി… “” അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ ഞങ്ങള്ക് ആയില്ല.. ”

Icu വിന് പുറത്ത് വന്നു ഡോക്ടർ പറയുമ്പോൾ ശരത് ദേഹം തളർന്നു ചുവരിലേക്ക് ചാരി….

ഞങൾ നേരത്തെ തന്നെ നിങ്ങളോട് പറഞ്ഞത് ആണ് കോംപ്ലികേഷൻ ആണ് സൂക്ഷിക്കണം എന്ന്….. “” ലാസ്റ്റ് ചെക് അപ്പിൽ റസ്റ്റ്‌ പറഞ്ഞു വിട്ടത് അല്ലെ… എന്നിട്ട് അത് പാലിച്ചില്ല.. “” എല്ലാം ദൈവത്തിന്റെ കൈകളിൽ ആണ്.. “” മ്മ്.. “”

ഡോക്ർ ശരത്തിന്റെ കയ്യിൽ ഒന്ന് തട്ടി പോകുമ്പോൾ ശാരിയുടെ ശബ്ദംഅവിടെ ഉയർന്നു..

സ്വന്തം ആരോഗ്യം സൂക്ഷിക്കേണ്ടത് ഗർഭിണികളുടെ ഉത്തരവാദിത്തം ആണ്.. അത് സൂക്ഷിക്കാത്തത് കൊണ്ട് ആർക്ക് പോയി…. ഞങ്ങടെ ചെറുക്കന് അവന്റെ കുഞ്ഞ് പോയി.. “”

തകർന്നു നിൽക്കുന്ന വീണയുടെ അച്ഛന്റെയും അമ്മയുടെയും മുൻപിൽ ഇരുന്നവൾ പറഞ്ഞതും നിയന്ത്രണം വിട്ട ശരത്തിന്റെ കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു…

ഇനി ഒരു അക്ഷരം നിങ്ങൾ മിണ്ടരുത്… നിങ്ങടെ വാക്ക് കേട്ടത് കൊണ്ട് ആണ് എനിക്ക് എന്റെ പെണ്ണിനേയും കുഞ്ഞിനെയും നഷ്ടം ആയത്…… പെൺ കോന്തൻ അല്ലായിരുന്നു ഞാൻ..നിങ്ങടെ വാക്കിനു തുള്ളി കളിക്കുന്ന കുരങ്ങൻ ആയിരുന്നു…. വെറുതെ അല്ല എന്റെ ചേട്ടൻ ഭാര്യയയെയും കൊണ്ട് നേരത്തെ രക്ഷപെട്ടത്….

ഹ്ഹ ഞാനും… ഞാനും അങ്ങനെ ചെയ്തിരുന്നു എങ്കിൽ ഇന്ന്… ഇന്ന് അവൾ എന്റെ കൂടെ കണ്ടേനെ ഞങ്ങളുടെ കുഞ്ഞിനെ കണ്ടേനെ… ” തിരിച്ചറിയാൻ താമസിച്ചു പോയി ഞാൻ… എന്റെ തെറ്റ്… എന്റെ മാത്രം അല്ല വീട്ടുകാരുടെ താളത്തിനു തുള്ളുന്ന ഓരോ പുരുഷൻമാരുടെയും വിധി ആണ് ഇത്….

ശരത് ചുവരിലേക്ക് ചാരുമ്പോൾ അവനെ താങ്ങാൻ ആരും ഉണ്ടായില്ല… എരിവ് കേറ്റിയ അമ്മയോ പെങ്ങളോ ആരും തന്നെ…..

നഷ്ടപെടൽ കൊണ്ട് മാത്രം തിരിച്ചറിവ് വന്നവൻ ഉറക്കെ ഒന്ന് കരയാൻ പോലും കഴിയാതെ വിങ്ങി പൊട്ടി…അവളോട് ഉള്ള മാപ്പ് പറച്ചിൽ പോലെ….