നീയിവന് തിന്നാൻ ഒന്നും കൊടുക്കുന്നില്ലേ ആകെ ക്ഷീണിച്ചിരിക്കുന്നു, ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ..

(രചന: ലിസ് ലോന)

“നീയിവന് തിന്നാൻ ഒന്നും കൊടുക്കുന്നില്ലേ ആകെ ക്ഷീണിച്ചിരിക്കുന്നു.”

ഇന്നലെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കെട്ട്യോന്റെ ബന്ധുവിൽ നിന്നാണ് ചോദ്യം..
ചോദ്യം കേട്ടാൽ മൂപ്പര് പണ്ട് സുമോ ഗുസ്തിക്കാരനാരുന്നെന്ന് തോന്നും.

കണ്ടുമുട്ടിയ കാലം തൊട്ട് 6.2 അടി നീളവും ഇതേ വണ്ണവുമുള്ള ആകാശഗന്ധർവനെന്ന കെട്ട്യോന് എന്നാണ്  അമ്മാതിരി തടിയുണ്ടായിരുന്നതെന്ന് സംശയം തീർക്കാനൊന്നും നിന്നില്ല..

“ഓ ഞാൻ ബേബി സിറ്റിംഗ് നടത്തുന്നില്ല കോരിക്കൊടുക്കാൻ.. തന്നെക്ക് കഴിക്കാനായവർക്ക് എത്ര വേണമെങ്കിലും തിന്നാം..”

മറുപടി പെട്ടെന്നായത്കൊണ്ടാകും ബന്ധുവിന്റെ മുഖം കൊറോണവൈറസിന്റെ പച്ചനിറം…

പണ്ട് ലേലത്തിൽ സോമേട്ടൻ പറഞ്ഞപോലെ ലേശം ഔട്ട്സ്പോക്കണും ഇർറെവറൻസും കുട്ടിയുടെ കൂടപ്പിറപ്പാണെന്ന് ഓര്ക്ക് അറിയില്ലാരുന്നു..

നെറ്റി ചുളിച്ച് സൂക്ഷിച്ചു നോക്കിയ കെട്ട്യോനോട് എന്നെ പറ്റി ആര് ഇങ്ങനെ ചോയ്ച്ചാലും ഇങ്ങളും അങ്ങനെ പറഞ്ഞോളീന്ന് ഫ്രീയായി ഒരു ഉപദേശവും കൊടുത്ത്..

അല്ല പിന്നെ… തമാശക്കല്ലേ ശീലങ്ങളല്ലേ നാട്ടുനടപ്പല്ലേ സുഖവിവരം ചോദിച്ചതല്ലേ എന്നൊക്കെ ന്യായികരണങ്ങൾ ഉണ്ടാകാം

ശീലമാണെങ്കിൽ അത് മാറ്റാനുള്ള ഒറ്റമൂലിയാണ് ..
തമാശയാണെങ്കിൽ ഇമ്മാതിരി തമാശ ഔട്ട് ഓഫ് ഫാഷൻ ആയി..

സുഖമന്വേഷിക്കലല്ല ഇതൊരു സൂക്കേടാണ്..
എവിടുത്തെ നാട്ടുനടപ്പ്.. തടിച്ചാൽ റേഷൻ മുഴുവൻ നിനക്കണോന്ന് കുറ്റം.. തടിയില്ലെങ്കിൽ സൂക്കേടാണോ?..

വണ്ണം വച്ച് ഒരിച്ചിരി വയറുണ്ടേൽ ഗർഭമുണ്ടോ? എത്ര മാസമായി ?…

ഡയറ്റ് എടുത്ത് കഷ്ടപ്പെട്ട് വണ്ണം കുറച്ചാൽ ഷുഗറുണ്ടോ?.. എന്തെല്ലാം ചോദ്യങ്ങളാ..

പിള്ളേരെ കണ്ടാലും ഉണ്ട് ഇതുപോലുള്ള ചോദ്യങ്ങൾ അതും വേറെ കുട്ടികളെയും താരതമ്യം ചെയ്തുകൊണ്ട് എല്ലാരുടെയും മുൻപിൽ വച്ച് തന്നെ..

എന്താ ഈ കൊച്ചിന് ഒന്നും തിന്നാൻ കൊടുക്കുന്നില്ലേ? ഇതെന്താ ഇങ്ങനെ ആകെ കറുത്ത് കരുവാളിച്ച് കോലം കെട്ടിരിക്കുന്നെ?..

പിള്ളേരെ പട്ടിണിക്കിട്ട് ഉണക്കമീൻ ഉണക്കാൻ വെക്കുന്നപോലെ വെയിലത്തുണക്കാൻ വെക്കുന്ന  അമ്മയല്ലെന്ന് അവർക്കും ഇനി ഈ കുട്ടിക്ക് കൊടുത്തുനോക്കാൻ ഒന്നും ബാക്കിയില്ലെന്നും നമുക്കും വ്യക്തമാണല്ലോ.

അടുത്തതവണ ഇങ്ങനത്തെ ചോദ്യവുമായി വരുമ്പോൾ .. തടിച്ചു ഗുണ്ടുമണിയായില്ലെങ്കിലും എന്റെ കൊച്ച് ആരോഗ്യത്തോടെ ഇരിക്കുന്നുന്നതിനും ഓടിച്ചാടി കാറ്റിലും മഴയിലും വെയിലിലും കളിക്കുന്നതിനും   തമ്പുരാനോട് നന്ദി പറഞ്ഞ് ..

കരിങ്കല്ലാ സാധാരണ പാലിൽ പൊടിച്ചുകൊടുക്കാറുള്ളെ മാറ്റമൊന്നും കാണാത്ത സ്ഥിതിക്ക് ഇനി മാറ്റി ഇരുമ്പ് ലേശം അരച്ചുകൊടുത്തു നോക്കണമെന്ന് ഉത്തരം കൊടുത്താൽ അമ്മാതിരി ചോദ്യമിനി ഉണ്ടാകില്ല..

അഹങ്കാരിയെന്ന അവാർഡ് വീട്ടിൽ വെക്കാം എന്നാലും മനസ്സിന് സമാധാനമുണ്ടാകും.

വല്ല കാലത്തും കണ്ടാൽ സുഖമാണോ സന്തോഷമാണോ എന്നൊക്കെ ചോദിക്കാൻ എന്നാണ് നമ്മൾ പഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *