തിരികെ പോകാനുള്ള ദിവസങ്ങൾ അടുത്തപ്പോൾ ആണ് വീണ്ടും അപ്പച്ചിയെ ഓർമവന്നത് പെട്ടന്നുള്ള ഒരു..

‌പ്രാർത്ഥന
(രചന: ലക്ഷിത)

“ചേട്ടാ  എത്ര രൂപയായി”

“150′

“നൂറ്റമ്പതോ?”

“കൊടുത്തിട്ട് വാ പെണ്ണേ വല്ലപ്പോഴും കൂടി ഓട്ടം വിളിച്ചാൽ വരണ ചെക്കനാ അവനെ പിണക്കാതെ”

അമ്മ പതിയെ പറഞ്ഞുകൊണ്ട് കുഞ്ഞിനെ എടുത്തു തോളിലിട്ട് മുന്നോട്ട് നടന്നു ഞാൻ ഓട്ടോക്കാരൻ ചെക്കനെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് കാശ് എണ്ണി കൊടുത്തു

കുറച്ചു മുന്നേ വാങ്ങി വെച്ച ഫ്രൂട്സിന്റെയും ബേക്കറി ഐറ്റംസിന്റെയും പാക്കറ്റുകൾ കൂടി എടുത്തു മുന്നോട്ട് നടന്നു.

റോഡിൽ നിന്നും ഓട്ടോ പോലും കടന്നു പോകാത്ത ഒരു കുഞ്ഞ് ഇടവഴി അവിടെ നിന്നും താഴേക്ക് കൃത്യം പതിനേഴു പടികൾ ഇറങ്ങി ചെല്ലുന്നിടത്താണ് വള്ളി അപ്പച്ചിയുടെ വീട്.

രത്നവല്ലി എന്നാണ് അപ്പച്ചിയുടെ പേര് എങ്കിലും ഞങ്ങൾ കുട്ടികൾക്കെല്ലാം അവർ വള്ളി അപ്പച്ചിയാണ് വള്ളിയുടെ രൂപം അല്ലാ അവർക്ക് എങ്കിലും ചെറുപ്പത്തിൽ എന്നോ വിളിച്ചു വിളിച്ചു ഞങ്ങളുടെ ഒക്കെ നാവിൽ പതിഞ്ഞു പോയ പേരമായിരുന്നു അത്.

അമ്മ പടിക്കെട്ടുകളുടെ അടുത്ത് കുഞ്ഞിനേയും കൊണ്ട് ഇറങ്ങാൻ മടിച്ചു നിൽക്കുകയാണ്. ഞാൻ കുഞ്ഞിനെ വാങ്ങി പാക്കെറ്റുകൾ അമ്മയെ ഏൽപ്പിച്ചു പതിയെ പടിക്കെട്ടുകൾ ഇറങ്ങി. പിന്നാലെ അമ്മയും.

മുറ്റത്തേക്ക് കയറുമ്പോൾ വള്ളി അപ്പച്ചി ഇലയട ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. വരും എന്ന് വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് എനിക്ക് വേണ്ടി ഉണ്ടാക്കാറുള്ള സ്പെഷ്യൽ ഇലയട. കുറച്ചു ദിവസങ്ങൾക്കു മുന്നേ അപ്പച്ചിയുടെ ഒരു ഫോൺ കാൾ വന്നു

“നിന്നെ ഒന്ന് കാണണം മോളേ മാമന് വയ്യ അല്ലെങ്കിൽ ഞാൻ വന്നേനെ”

അവധിക്ക് നാട്ടിൽ വന്നെങ്കിലും കോറോണയെ പേടിച്ച് കുഞ്ഞിനേയും കൊണ്ട് എവിടെയും പോകാറില്ല.

വരാം എന്ന് അപ്പോൾ വെറുതെ പറഞ്ഞെങ്കിലും പിന്നെ ഞാൻ അത് മറന്നു തിരികെ പോകാനുള്ള ദിവസങ്ങൾ അടുത്തപ്പോൾ ആണ് വീണ്ടും അപ്പച്ചിയെ  ഓർമവന്നത്

പെട്ടന്നുള്ള ഒരു തോന്നലിലാണ് ഇവിടേക്ക് ഇറങ്ങി പുറപ്പെട്ടത് പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് വെക്കേഷന് സമയങ്ങളിൽ ഞാൻ സ്ഥിരം ഇവിടെ ആയിരുന്നു.

ഓരോ അവധി വരുമ്പോഴും എന്നെ കൂട്ടാൻ അപ്പച്ചി വീട്ടിൽ വരും. എന്റെ അനിയത്തി മാരും ഇളയച്ഛൻ മാരുടെ മക്കളും അടക്കം പത്തോളം കുട്ടികൾ വേറെ ഉണ്ടായിരുന്നു എങ്കിലും അപ്പച്ചിയോടൊത് വെക്കേഷന് ആഘോഷിച്ചത് ഞാൻ മാത്രം ആയിരുന്നു.

മക്കളില്ലാത്ത അപ്പച്ചിക്ക് ഞങ്ങൾ ഒക്കെ ഒരു ആശ്വാസം ആയിരുന്നു എങ്കിലും എന്നോട് അപ്പച്ചിക്ക് മറ്റുള്ളവരോട് ഉള്ളതിനേക്കാൾകൂടതൽ സ്നേഹം ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്

അതിന്റെ കാരണം ഇന്നും എനിക്ക് അറിയില്ല   ഞങ്ങളെ കണ്ടതും അപ്പ ചിരിയോടെ വന്നു അകത്തേക്ക് കൂട്ടികൊണ്ട് പോയി

“എവിടെ കുഞ്ഞിപ്പെണ്ണിനെ നോക്കട്ടേ “

അപ്പച്ചി മോളേ എന്റെ കയ്യിൽ നിന്നും വാങ്ങി ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവൾ ചിണുങ്ങി കരയാൻ തുടങ്ങി. ഞാൻ അവളെ തിരികെ വാങ്ങി കരച്ചിൽ മാറ്റാനായി അവളെ തോളത്തു കിടത്തി മുറ്റത്ത്‌ കൂടെ നടന്നു അപ്പച്ചിയും അമ്മയും ഉമ്മറത്തിരുന്ന് വർത്താനം പറയാൻ തുടങ്ങി.

കാക്കേം കോഴിയെയും ഒക്കെ കണ്ടപ്പോൾ കുഞ്ഞിപ്പെണ് ഉഷാറായി മുറ്റത്തൂടെ പിച്ച വെച്ചു നടക്കാൻ തുടങ്ങി. അവളെയും നോക്കി ഞാൻ ഉമ്മറത്തിണ്ണയിൽ ഇരുന്നു. അമ്മയും അപ്പച്ചിയും കൂടി ചായയും ഇലയടയും ആയി എന്നോടൊപ്പം കൂടി

“ഇത് നിന്റെ മോള് തന്നെ കുറുമ്പി പെണ്ണ് ”
ഓടി കളിക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഇലയട തീറ്റിക്കാൻ ഞാൻ പിന്നാലെ നടക്കുന്നത് കണ്ട്
അപ്പച്ചി ചിരിയോടെ പറഞ്ഞു

“അട ഒന്ന് കൂടി കൊണ്ടു വരാം”

അപ്പച്ചി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി പെട്ടെന്ന് അകത്തു നിന്നും മുറ്റത്തേക്ക് നഗ്നനായ ഒരു പുരുഷൻ പ്രാഞ്ചി പ്രാഞ്ചി നടന്നു വന്നു അയാളെ കണ്ടു ഞാൻ മോളെയും എടുത്തു തിരിഞ്ഞു നിന്നു അമ്മയും അത് കണ്ട് മാറി എങ്ങോട്ടോ നോക്കി നിന്നു

‘അയ്യോ’ ന്ന് വിളിച്ചു കൊണ്ട് അപ്പച്ചി അടുത്തേക്ക് വരുകയും അയാളെ അകത്തേക്ക് പിടിച്ചു കൊണ്ടു പോകുകയും ചെയ്തു

“മാമനാ…. ഇപ്പൊ ഓർമ്മയൊന്നും ഇല്ല അൽഷിമേൽസാ.. “

അമ്മയുടെ വാക്കുകൾ കേട്ടു ഞാൻ അന്തിച്ചു നിന്നു അപ്പയോട് ഒത്തു ഒത്തിരി നാൾ നിന്നിട്ടുണ്ടെങ്കിലും മാമനും ആയി അത്ര അടുപ്പമില്ല ആറടി ഉയരവും ഒത്ത തടിയും സദാ ഗൗരവം നിറഞ്ഞ മുഖവും എട്ടു ദിക്കും പൊട്ടുമാറുള്ള ഒച്ചയും ഒക്കെ കാരണം ഞങ്ങൾ കുട്ടികൾക്ക് എല്ലാവർക്കും മാമനെ വല്യ പേടി ആയിരുന്നു.

അപ്പയോടൊത്തു നിൽക്കുന്ന കാലത്ത് മാമൻ വീട്ടിൽ ഉള്ളപ്പോൾ ഒക്കെയും അപ്പയെ ചുറ്റിപ്പറ്റി അടുക്കളയിൽ തന്നെ നിൽക്കും മാമൻ ഭക്ഷണം കഴിക്കാനോ മറ്റോ അടുക്കളയിൽ വന്നാൽ ഉമ്മറത്തേക്ക് ഓടി മാറും കൺമുന്നിൽ പെടാതെ ഒളിച്ചു കളി പോലെ നിൽക്കും.

“”ഓർമ്മയൊന്നും ഇല്ലേ… അതാ “

അപ്പച്ചി പുറത്തേക്കു വന്ന് ഒരു ക്ഷമാപണം പോലെ മുഖത്തു നോക്കാതെ പറഞ്ഞിട്ട് ചായ ഗ്ലാസ്സുകളും ആയി അകത്തേക്ക് പോയി മാമൻ അകത്തുനിന്നും വീണ്ടും പ്രാഞ്ചി പ്രാഞ്ചി പുറത്തേക്കു വന്നു മുറ്റത്ത്‌ കൂടി രണ്ടു ചാൽ നടന്നു
“ഡേയ് നമ്മള അമ്മേ കണ്ടാ “

കനത്ത ശബ്ദത്തിൽ എന്നോട് ചോദിച്ചു ഞാൻ എന്ത് പറയണം എന്നറിയാതെ അന്തിച്ചു മാമന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു
“ഞാൻ ഇവിടെ തന്നെ ഒണ്ട് “

അപ്പച്ചി പുറത്തേയ്ക്ക് വന്നുകൊണ്ടു പറഞ്ഞു അപ്പച്ചിയെ കണ്ട സന്തോഷത്തിൽ ചിരിയോടെ അടുത്തേക്ക് ചെന്നു

“”അമ്മാ ഞാൻ ഒന്നും തിന്നില്ല എനിക്ക് വയറ് വെശക്കണ് “.

“ഇപ്പ താരം..
ഇവിടെ ഇരി “

മാമനെ ഉമ്മറത്തിണ്ണയിലേക്ക് പിടിച്ചിരുത്തിയിട്ട് അപ്പ അകത്തേക്ക് പോയി ചായയും ഇലയടയും ആയി പുറത്തേക്ക് വന്നു മാമന്റെ അടുത്തിരുന്നു പതിയെ കഴിപ്പിക്കാൻ തുടങ്ങി ഒരു സിംഹത്തിനെ പോലുള്ള ഗാഭീര്യവും ആയി നടന്ന ആ മനുഷ്യൻ കുംഞുങ്ങളുടെ ഭാവത്തോടെ ഇരിക്കുന്നത് കണ്ട് കണ്ണുകൾ അറിയാതെ നിറഞ്ഞു

“വയസു കാലത്ത് എനിക്ക് അമ്മന്ന് ഒള്ള വിളി കേക്കാൻ പറ്റി “

അപ്പച്ചി ഒരു തമാശ പോലെ ചിരിയോടെ പറഞ്ഞു പക്ഷേ ആ കണ്ണുകൾ നിറഞ്ഞിരുന്നു. കഴിച്ചു കഴിഞ്ഞു വായ കൂടി കഴുകിച്ചു കഴിഞ്ഞപ്പോൾ മാമൻ വീണ്ടും എഴുന്നേറ്റ് മുറ്റത്ത്‌ കൂടി നടന്നു
“ഓർമയില്ല ഒന്നും ഓർമയില്ല കുഞ്ഞിപ്പിള്ളേരെ പോലെയാ ഇപ്പൊ “

അപ്പച്ചി ഒരു നെടുവീർപ്പോടെ പറഞ്ഞു
“നമുക്ക് ഇറങ്ങാം അമ്മേ”

ഞാൻ അസ്വസ്ഥതയോടെ പറഞ്ഞു അവരുടെ അവസ്ഥ എന്നെ ശ്വാസം മുട്ടിക്കാൻ തുടങ്ങി പെട്ടെന്ന് അവിടന്ന് രക്ഷപെട്ടു പോകണം എന്ന തോന്നൽ ശക്തമായി.

“ഉം”

അമ്മ പതിയെ മൂളി “നിന്നേം നിന്റെ മോളേം ഒന്ന് കാണണോന്ന് ഉണ്ടായിരുന്നു അടുത്ത അവധിക്ക് നിങ്ങൾ വരുമ്പോ ഞാൻ ഉണ്ടായില്ലെങ്കിലൊന്ന് ഒരു തോന്നൽ..”

അപ്പച്ചി അടുത്തേക്ക് വന്ന് എന്റെ കയ്യിലിരുന്ന കുഞ്ഞിന്റ കവിളിൽ തലോടിക്കൊണ്ട് പതിയെ പറഞ്ഞു “ഒരു പ്രാർത്ഥനയെ ഉള്ളു അങ്ങേര് മരിച്ചിട്ടേ ഞാൻ മരിക്കാവൂ.”

ഒരു നെടുവീർപ്പോടെ അപ്പ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി ചിരിയിലും ഒളിപ്പിച്ച കണ്ണുനീർ കണ്ടു എനിക്ക് ശ്വാസംമുട്ടി കരച്ചിൽ തൊണ്ടയിൽ ഉറഞ്ഞു തൊണ്ട കഴച്ചു. ഞാൻ മാമന്റെ നേർക്ക് നോക്കി തന്റെ പാതി തന്നെ വിട്ടു പോയതറിയാതെ.

അവളോടൊപ്പം മരണം എന്തെന്ന് പോലും അറിയാതെ വിശപ്പും ദാഹവും മാത്രം തിരിച്ചറിഞ്ഞു ആ വീട്ടിൽ ആരുടെയും സഹായം  ആവശ്യപ്പെടാൻ പോലും അറിയാതെ നിൽക്കേണ്ടി വരുന്ന അവസ്ഥ ആ ഓർമയിൽ തന്നെ ശരീരം ആകെ വെട്ടി വിയർത്തു.

തളർച്ച ബാധിച്ചവളെ പോലെ ഞാൻ നിന്നു “അമ്മാ ഞാൻ ഒന്നും തിന്നില്ല എനിക്ക് വിശക്കണ് ” മാമന്റെ ശബ്ദത്തിൽ ഞാൻ ഞെട്ടി ഉണർന്നു
ഞാനും മൗനമായി പ്രാർത്ഥിച്ചു “അപ്പക്ക് ദീർഘായുസ്സ് ഉണ്ടാകണേ ദൈവമേ “

Leave a Reply

Your email address will not be published. Required fields are marked *