കല്യാണത്തിന് മുൻപ് ഇതൊക്കെ ചെയ്യുന്നത് തെറ്റൊന്നും അല്ല അനു, അവളെ സ്വാധീനിക്കാൻ..

(രചന: Kannan Saju)

” കല്യാണത്തിന് മുൻപ് ഇതൊക്കെ ചെയ്യുന്നത് തെറ്റൊന്നും അല്ല അനു ” അവളെ സ്വാധീനിക്കാൻ വിശാൽ ശ്രമിച്ചു കൊണ്ടേ ഇരുന്നു….

ബെഡിൽ ഇരുന്നു കൊണ്ടു ചാടി കിടന്ന മുടി ചെവിക്കു പിന്നിലേക്ക് വലിച്ചിട്ടു തന്റെ തൂവെള്ള കണ്ണുകളിൽ കറുത്തു മിന്നുന്ന…

കൃഷ്ണമണികളിൽ പോലും അവനെ ആകർഷിച്ചു കൊണ്ടു അനുഷ വിശാലിനെ നോക്കി ” തെറ്റാണെന്നു ഞാനും പറഞ്ഞില്ല.. പക്ഷെ എനിക്ക് പറ്റില്ല “

” നിന്നെ ഈ റൂമിലേക്ക് വിളിക്കുമ്പോൾ നിനക്കറിയില്ലായിരുന്നോ എന്തിനാണെന്നു?  ” വിശാലിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു..

” അറിയാം ” യാതൊരു കൂസലും ഇല്ലാതെ അവൾ പറഞ്ഞു

” പിന്നെ എന്തിനാണ് അനു ഈ പ്രഹസനം ?  “

” അതുകൊള്ളാം… ഞാൻ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ തന്നെ പറഞ്ഞതാണ് വിശാൽ, എനിക്ക് കല്യാണത്തിന് മുന്നേ അങ്ങനൊന്നും വേണ്ടാന്ന്.. അന്ന് നീയും അത് സമ്മതിച്ചതാണല്ലോ?”

” അതിപ്പോ എല്ലാരും പറയുന്നതല്ലേ…  അത്രയേ ഞാനും കരുതിയുള്ളൂ… പക്ഷെ പ്രേമിച്ചു കഴിഞ്ഞാൽ എല്ലാരും ഇതൊക്കെ ചെയ്യുന്നതല്ലേ?  “

” ആയിരിക്കാം… ഞാൻ പറഞ്ഞില്ലേ അതിൽ എനിക്ക് ഒരു തെറ്റും തോന്നുന്നില്ല.. അതൊരാളുടെ ഇഷ്ടമാണ് ഈ ലോകത്തു എങ്ങനെ ജീവിക്കണം എന്നുള്ളത്..  ഞാൻ ഇങ്ങനാണ്.. എനിക്ക് പറ്റില്ല “

” എന്തുകൊണ്ട്?  ” വിശാൽ ചാടി എണീറ്റു

” വിശാൽ, നീ ഓവറാക്കല്ലേ  അതിനുള്ള കാരണം ഓക്കെ ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്.. എനിക്ക് ലൈഫിൽ ഒരാളുടേതു മാത്രമായി ഇരിക്കാൻ ആണ് താല്പര്യം”

” ഓഹ് പിന്നെ… ഒരു പുണ്ണ്യാളത്തി… എന്ന് പറഞ്ഞാൽ നിന്നെ ഇതുവരെ ആരും തൊട്ടിട്ടില്ലായിരിക്കും ഞാൻ വിശ്വസിച്ചു “

അനുവിന്റെ മുഖം മാറി… കണ്ണുകൾ മിഴിച്ചു അവൾ വിശാലിന്റെ മുഖത്തേക്ക് നോക്കി..

” നീ നോക്കുവൊന്നും വേണ്ട….  ഏറ്റവും പോക്ക് കേസുകളാണ് ഇമ്മാതിരി ചീപ് ശോ കാണിക്കുന്നേ”

” ആരാ നിന്റെ അമ്മയാണോ അത് പറഞ്ഞു തന്നെ?  “

” ദേ അമ്മക്ക് പറഞ്ഞാൽ ഉണ്ടല്ലോ ” അവൻ അവൾക്കു നേരെ കഴുത്തിനു പിടിക്കാനായി വന്നു..അനു കൈ തടഞ്ഞു…..

” അധികം മല്ലു പിടുത്തം ഒന്നും വേണ്ട വിശാൽ… അത് നല്ലതിനാവില്ല… “

” എന്തെ നീ പീഡന കേസ് കൊടുക്കുവോ ?  “

” നമുക്കു പോവാം… ഇനി ഇവിടെ നിന്നാൽ ശരിയാവില്ല… “

” എങ്ങോട്..  നീ എന്ന കാണാൻ ഈ റൂമിൽ വന്നതാ.. പുറത്ത് പോയി നിന്നെ ഞാൻ എന്തെങ്കിലും ചെയ്തെന്നു പറഞ്ഞാലും ഒരാളും എന്നെ കുറ്റം പറയില്ല “

” കുറ്റം പറയില്ലായിരിക്കും.. പക്ഷെ എന്നെ തൊട്ടാ പിന്നെ നിന്റെ തല കാണത്തില്ല.. ഞാൻ എന്റെ അച്ഛനോട് പറഞ്ഞിട്ടാ വന്നത് ഇങ്ങോട വരുന്നതെന്ന്… “

വിശാൽ അതിശയത്തോടെ നിന്നു ” അച്ഛനോടോ? “

” ആ…  എന്റെ നിലപാടുകളും തീരുമാനങ്ങളും എന്റെ അച്ഛന് നല്ല പോലെ അറിയാം… അതുകൊണ്ട് ഒന്നിൽ നിന്നും അദ്ദേഹം എന്നെ തടയാറില്ല വിശാൽ..

പിന്നെ പ്രണയം എന്ന് പറയുന്നത് ആണിന് മാത്രം തീരുമാനങ്ങൾ എടുക്കാൻ ഉള്ളതല്ല..

ആണിനും പെണ്ണിനും ഒരുമിച്ചു തീരുമാനങ്ങൾ എടുക്കാൻ ഉള്ളതാണ്.. പരസ്പരം മനസ്സിലാക്കി.. ഞാൻ നിന്നോടു ഇഷ്ടമാണെന്നു പറഞ്ഞപ്പോ എന്റെ നിലപാട് പറഞ്ഞതാണ്…

നിനക്ക് അത് പറ്റില്ലെങ്കിൽ അപ്പോൾ പറയണമായിരുന്നു.. അല്ലാതെ മുതലെടുക്കാൻ അവസരങ്ങൾ കാത്തു നിലക്കരുതായിരുന്നു.. നിനക്കെന്നോടുള്ളത് എന്റെ ശരീരത്തോടുള്ള പ്രണയം മാത്രമാണ്..

കല്യാണത്തിന് മുന്നേ ലൈംഗീകതയോടു താല്പര്യം ഉള്ളവരും കല്ല്യാണം തന്നെ വലിയ കാര്യമായി കാണാത്തവരും ഇഷ്ടം പോലെ ഉണ്ടല്ലോ.. അങ്ങനൊരാളെ സ്നേഹിക്കണം..

ആദ്യം അതിനു പെണ്ണിന്റെ ഇഷ്ടങ്ങളെ അറിയാൻ പഠിക്കണം..എല്ലാവരും ഒരുപോലെ അല്ല വിശാൽ.. ആവണം എന്ന് വാശിയും പിടിക്കരുത്…

നിന്നെ നഷ്ടപ്പെടുത്താൻ പോവുന്നതിൽ എനിക്ക് വിഷമവും ഉണ്ട്…കാരണം നിന്നെ അത്രമേൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നു വിശ്വസിച്ചിരുന്നു…. എന്റെ ഇഷ്ടങ്ങളെ നീ മനസ്സിലാക്കും എന്ന് കരുതി… പക്ഷെ..”

” സോറി അനു… ഞാൻ “

” വേണ്ട വിശാൽ.. നിന്റെ ലൈഫിൽ വന്നു പോയ പെൺകുട്ടികളെ പോലെ നീയും എന്നെ കണ്ടിട്ടുള്ളു.. എന്നെങ്കിലും പോവും അതിനു മുന്നേ പരമാവധി മുതലാക്കാം അല്ലേ..?  കഷ്ടം ഉണ്ട്…

അത് നീ ലൈംഗീകത ആഗ്രഹിച്ചതിൽ അല്ല… അതൊരു വികാരമാണ്.. പക്ഷെ ഞാനെന്റെ ഇഷ്ടം പറഞ്ഞിട്ടും നീ സ്നേഹം അഭിനയിച്ചു…

സത്യം പറ നിനക്കു ശരിക്കും എന്നെ ഇഷ്ടമായിരുന്നോ?  അല്ലല്ലോ?  ഞാൻ കിടന്നു തരാത്തതിന്റെ എല്ലാ വിഷമവും നിന്റെ മുഖത്തുണ്ട്..

നോ പറയുന്നവർ എല്ലാം പോക്ക് കേസുകൾ അല്ല വിശാൽ ചിലർക്ക് അത് ഒരാൾക്ക് മാത്രം കൊടുക്കാനാവും ഇഷ്ടം,

ചിലർക്ക് താല്പര്യം ഇല്ലാത്തതു കൊണ്ടാവും, ചിലർക്ക് അപ്പൊ പാടില്ലാത്തതു കൊണ്ടാവും.. എന്ത് തന്നെ ആയാലും അതവളുടെ ഇഷ്ടം ആണ് വിശാൽ..

ഇനി ഒരാളെ സമീപിക്കുമ്പോൾ എങ്കിലും നീ ആഗ്രഹിക്കുന്ന പെണ്ണല്ലെങ്കിൽ വെറുതെ കള്ളം പറഞ്ഞും മോഹം കൊടുത്തും അഭിനയിച്ചു വിശ്വസിപ്പിക്കരുത്…  ” പ്രണയം എല്ലാം ചെയ്യാനുള്ള ലൈസൻസല്ല  “.

അനു തന്റെ നിലപാടിൽ ഉറച്ചു ഇറങ്ങി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *