(രചന: Kannan Saju)
എന്റെ നിറ വയറിൽ തടവി അവൻ ചുംബിച്ചു… ” ഇവനെ ആദ്യം നീ അമ്മയുടെ കയ്യിൽ കൊടുക്കാൻ പറയണം… അമ്മയെ പോലെ ഇവനെ എടുക്കാൻ കൊതിക്കുന്ന മറ്റാരും ഉണ്ടാവില്ല “
നിറവയറുമായി കസേരയിൽ ഇരിക്കുന്ന എന്റെ മുന്നിൽ നിലത്തു മുട്ടിൽ ഇരുന്നു മുഖമുയർത്തി നോക്കിക്കൊണ്ടു ഏട്ടനത് പറയുമ്പോൾ ആ കണ്ണുകൾ കലങ്ങിയിരുന്നു….
” പോവാതിരിക്കാൻ പറ്റില്ല അല്ലേ ഏട്ടാ??? ” എന്നെ ഇട്ടിട്ടു പോവല്ലേ എന്ന് ഞാൻ പറയാത്തെ പറഞ്ഞു.. പക്ഷെ രാജ്യത്തിന്റെ അതിർത്തിയുടെ കാവൽക്കാരന് പോവാതിരിക്കാൻ കഴിയില്ല എനിക്കറിയാമായിരുന്നു…
ആ തലമുടിയിൽ തലോടി വളരെ പണിപ്പെട്ടു കുനിഞ്ഞുകൊണ്ടു ആ നെറ്റിയിൽ ചുംബിക്കുമ്പോളും ഉള്ളിൽ ഇനിയെന്ന് കാണും എന്ന ചിന്തയായിരുന്നു.
വണ്ടി ദൂരെ മറയും വരെ അമ്മയുടെ തോളിൽ ചാരി നോക്കി നിന്നു… പക്ഷെ അന്ന് അറിയില്ലായിരുന്നു ഏട്ടനെ താൻ അവസാനമായി കാണുന്ന നിമിഷം ഇതായിരിക്കും എന്ന്..
ഉണ്ണി പിറന്നു… അമ്മ മറഞ്ഞു.. അവൻ വളർന്നു… അതിർത്തിയിൽ നിന്നും കാണാതായ പട്ടാളക്കാരെ അന്യ രാജ്യക്കാർ കൊന്നു കളഞ്ഞെന്ന് വാർത്തകൾ വന്നെങ്കിലും…
അവരുടെ പന്ത്രണ്ടു പേരുടെയും മൃതുദേഹങ്ങൾ കിട്ടാഞ്ഞതിനാൽ ഏട്ടൻ മരിച്ചെന്നു അംഗീകരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു.
പട്ടാളക്കാരന്റെ ഭാര്യ എന്നും എല്ലാവര്ക്കും പറഞ്ഞു ചിരിക്കാനുള്ള അവിഹിത പെണ്ണാണ്.. എന്തിനു സിനിമകളിലും സ്റ്റേജ് കോമഡികളിലും പോലും അങ്ങിനെ തന്നെ….
അതെ കാഴ്ചപ്പാടോടെ ചേർത്തു പിടിക്കാനും ആശ്വസിപ്പിക്കാനും വന്നവർ നിരവധി ആണ്…
മറ്റൊന്ന് കെട്ടുവാൻ എല്ലാവരും നിർബന്ധിച്ചു.. ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ കെട്ടിച്ചു തരാമെന്ന് അദേഹത്തിന്റെ അനിയൻ പോലും പറഞ്ഞു..
കാലങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു… എന്നാൽ എന്റെ സ്വയം തുടകൾ ഈറനണിയുക ഏട്ടന്റെ ആദ്യ സ്പര്ശനത്തെ കുറിച്ച് ഓർക്കുമ്പോൾ ആണ്…
ജീവിതത്തിൽ ആദ്യമായി പിന്കഴുത്തിൽ കിട്ടിയ ചുംബനത്തിൽ കൊമ്പൻ മേശകൾ കുത്തി ഉണർത്തിയ വികാരങ്ങളെ ഓർക്കുമ്പോഴാണ്…
അതെ മറ്റുള്ളവർ പറയുംപോലെ സുഖം അനുഭവിക്കാൻ ഞാനും കൊതിച്ചിരുന്നു.. പക്ഷെ എന്റെ ഏട്ടന്റെ കൂടെ… അത്രത്തോളം അദ്ദേഹം എന്നിൽ ആഴത്തിൽ ഇറങ്ങിയിരുന്നു…
പിറന്നാൾ ആഘോഷിക്കാൻ കൂട്ടുകാരന്റെ വീട്ടിൽ എത്തുമ്പോൾ അവിടെ വേലക്കാരി ആയിരുന്ന അമ്മയെ സഹായിക്കാൻ കൂട്ടിനു വന്ന എന്നെ കണ്ടു ഇഷ്ട്ടപ്പെട്ടതാണ് ഏട്ടൻ.
ആ നിമിഷങ്ങൾ എത്ര സുന്ദരമായിരുന്നു… ഭയന്നു വിറച്ചു മുറിയിലേക്ക് കയറി ചെന്ന ആദ്യരാത്രി എനിക്ക് കിട്ടിയത് ഭർത്താവിനെ മാത്രമായിരുന്നില്ല, ഈ ലോകത്തിലെ ഏറ്റവും മികച്ച കൂട്ടുകാരനെയും ആയിരുന്നു.
എന്റെ ഭൂതകാലങ്ങളെ ചികയാതെ ചേർത്തിരുത്തി എന്നിലെ ഇഷ്ടങ്ങളെ ചോദിച്ചറിയുമ്പോൾ അറിയാതെ ഞാനാ താളുകളിൽ ചായ്ഞ്ഞു പോയിരുന്നു…
എത്രയോ വർഷങ്ങൾ പ്രണയിച്ച അനുഭൂതി എന്നിൽ നിമിഷങ്ങൾ കൊണ്ടു നിറഞ്ഞു… എന്നിലെ പെണ്ണിനെ തഴുകി ഉണർത്തിയത് വിരലുകൾ കൊണ്ടായിരുന്നില്ല…
മനസ്സിൽ നിന്നും പിറവിയെടുത്ത വാക്കുകൾ കൊണ്ടായിരുന്നു… എന്റെ മനസ്സ് പൂർണ്ണമായും കീഴ്പ്പെട്ടപ്പോൾ അറിയാതെ ഞാനും കൊതിച്ചു പോയി ആ നിമിഷങ്ങളിൽ ആ വിരലുകൾ എന്നിൽ തലോടിയിരുന്നെങ്കിൽ എന്ന്…
അദേഹത്തിന്റെ സ്പർശനം നൽകിയ സുഖം തരുവാൻ ഈ ലോകത്തു വേറൊരു ആണിനും കഴിയില്ല..
അദ്ദേഹം മനസ്സിലാക്കിയ പോൽ ഈ കുഞ്ഞു മനസ്സിനെ മനസ്സിലാക്കാൻ ഈ ലോകത്തു ഒന്നിനും കഴിയില്ല.. ഇതാണോ പ്രണയം..? അങ്ങനെ ചോദിച്ചാൽ അറിയില്ല..
മകൻ അറിവ് വെച്ചപ്പോൾ അവനും പറഞ്ഞു.. അമ്മക്കൊരു കൂട്ട് വേണമെങ്കിൽ ഞാൻ എതിരല്ലെന്ന്… അമ്മക്ക് കൂട്ട് വേണമായിരുന്നു..
അവന്റെ അച്ഛന്റെ കൂട്ട്.. അമ്മക്ക് വിഷമം വരുമ്പോൾ ചായ്ഞ്ഞു കിടക്കണമായിരുന്നു അവന്റെ അച്ഛന്റെ തോളിൽ…
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും അവനൊരു മകൻ പിറന്നപ്പോഴും കോലായിൽ നിന്നു എന്നും ദൂരേക്ക് നോക്കിയത് ഞാൻ നിർത്തിയില്ല… കാരണം എനിക്കുറപ്പായിരുന്നു മരിക്കും മുന്നേ ഒരു നാൾ എന്റെ ഏട്ടൻ എന്നെ തേടി വരുമെന്ന്..
ഉമുപ്പതു വര്ഷങ്ങള്ക്കു ശേഷം അന്യ രാജ്യക്കാർ തടവിൽ പാർപ്പിച്ചിരുന്ന ഇന്ത്യൻ പട്ടാളക്കാരിൽ ജീവനോടെ ഉള്ള രണ്ട് പേരെ വിട്ടയച്ചെന്ന വാർത്ത കേട്ടപ്പോൾ പേര് പറഞ്ഞില്ലെങ്കിലും എനിക്കറിയാമായിരുന്നു അതിൽ ഒന്ന് എന്റെ ഏട്ടനാവും എന്ന്…..
ഉമ്മറത്തെ ചാരു കസേരയിൽ വാർദ്ധക്യത്തെ അതി ജീവിച്ചു ഞാനിങ്ങനെ കിടക്കുമ്പോൾ ഉമ്മറത്തേക്ക് വന്ന കാർ ഹോണടിച്ചു.. അവൾ ഞെട്ടലോടെ ചാടി എഴുന്നേറ്റു.. തന്റെ കണ്ണട എടുത്തു വെച്ചു മുറ്റത്തേക്കിറങ്ങി..
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം എന്റെ ഏട്ടനെ കാണാൻ പോവുകയാണ്.. എന്റെ ഉള്ളൂ പിടഞ്ഞു… എന്തായിരിക്കും ഇപ്പോഴത്തെ കോലം.. ആ കൊമ്പൻ മീശ ഇണ്ടാവുമോ? അവർ അദ്ദേഹത്തെ എന്തെങ്കിലും ചെയ്തു കാണുമോ…
കാറിൽ നിന്നും വടിയും കുത്തി പിടിച്ചു ഒരു കാലുള്ള മനുഷ്യൻ ഇറങ്ങി…..
ഞാൻ പ്രതീക്ഷയോടെ വീണ്ടും കാറിനു അകത്തേക്ക് നോക്കി… ഡ്രൈവർ അല്ലാതെ മറ്റാരും ഇല്ല
” മീനാക്ഷി ?. “
” ഞാൻ ആണ് “
” ഞാൻ ഫിറോസ്.. കണ്ണന്റെ കൂടെ ഉണ്ടായിരുന്നതാണ്.. “
എന്റെ കണ്ണുകൾ നിറഞ്ഞു…. ഏട്ടൻ ജീവനോടെ ഇല്ലെന്നു എനിക്കുറപ്പായി…
” ഇത് എന്നെങ്കിലും എനിക്ക് നാട്ടിൽ വരാൻ പറ്റിയാൽ നിങ്ങളെ ഏൽപ്പിക്കണം എന്ന് പറഞ്ഞു കണ്ണൻ തന്നതാണ്.. ” അയ്യാൾ കത്തു എന്റെ നേരെ നീട്ടി… വിറയ്ക്കുന്ന കൈകളോടെ ഞാൻ അത് വാങ്ങി.
” ഞാൻ വരട്ടെ… കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത് ” അയ്യാൾ നിറ കണ്ണുകളോടെ വണ്ടിയിൽ കയറി.. ഞാനാ പേപ്പർ തുറന്നു…
” വിഷമിക്കാതെ പെണ്ണെ… ഇനിയുമൊരു ജന്മത്തിൽ എനിക്ക് വിശ്വാസമില്ല.. നിനക്കായി ഞാൻ കാത്തിരിക്കും…
കർമ്മങ്ങൾ എല്ലാം അവസാനിക്കുമ്പോൾ നീ വരണം… മനസ്സിൽ വിളിച്ചാൽ മതി പെണ്ണെ.. ഏട്ടൻ വന്നു കൊണ്ടു പോവും നിന്നെ “
ഞാൻ ആകാശത്തേക്ക് നോക്കി… മേഘങ്ങൾ വന്നു മൂടിയിരിക്കുന്നു… ഭാര്യ ആയിരുന്നു അമ്മയായി അമ്മൂമ്മ ആയി…
ഇനി നിങ്ങളുടെ താളുകളിൽ വിശ്രമിക്കാൻ സമയമായി കണ്ണേട്ടാ… ഈ കാത്തിരിപ്പു അവസാനിപ്പിക്കണം.. എന്നെ കൂട്ടാൻ വരുമോ… എന്റെ മനസ്സ് ശൂന്യതയിലേക്ക് നോക്കി പറഞ്ഞു…
നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്ന പോലെ.. ഞാൻ നെഞ്ചിൽ കൈ വെച്ചു.. എനിക്ക് ശ്വാസം കിട്ടുന്നില്ല.. കാലുകൾ തളർന്നു… ഞാൻ നിലത്തേക്ക് വീണു…
അവസാന ശ്വാസത്തിനായി പിടയുമ്പോൾ ഞാൻ കണ്ടു.. വിദൂരതയിൽ നിന്നും ഏട്ടൻ എന്നെ നോക്കി പുഞ്ചിരിക്കുന്നു.