(രചന: Kannan Saju)
” പുരുഷന് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള സ്ത്രീകളുടെ ലക്ഷ്യമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.. വാസ്തവത്തിൽ പെണ്ണ് എന്തിനാണ് ഇങ്ങനെ പണിക്കു പോകുന്നത് ?
അവർക്കു കായിക ബലം കുറവുള്ളതിനാൽ അല്ലേ നമ്മുടെ പൂർവ്വികർ അവരെ വീട്ടിൽ ഇരുത്തുകയും ആണുങ്ങളായ നമ്മളെ പണിക്കു വിടുകയും ചെയ്തത് ?
പുറത്തു തനിയെ നടന്നാൽ അപഹരിക്ക പെടുമെന്നതിനാൽ അല്ലേ അവരെ വീടുകളിൽ സുരക്ഷിതയായി ഇരുത്തിയത്?
സ്വന്തമായി വരുമാനം വന്നു തുടങ്ങിയാൽ അവർ അഹങ്കാരികൾ ആവും അവർ ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയാൽ അവർക്കു തോന്നിയ ആണുങ്ങളെ അവർക്കു വിളിച്ചു വീട്ടിൽ കയറ്റാമല്ലോ ?
തുടകളും മറ്റും കാണിച്ചു ഇറുകിയ വസ്ത്രങ്ങൾ ധരിച്ചു അവർ പുരുഷന്മാരെ മോഹിപ്പിക്കുക അല്ലേ ചെയ്യുന്നത്? ഒന്ന് ചിന്തിച്ചു നോക്കു, രാത്രി കാലങ്ങളിൽ തുടയും കാണീച്ചു നടക്കുന്നവളെ കാണുമ്പൊൾ നമുക്ക് എന്താണ് പുരുഷന്മാരെ തോന്നുക?
നമ്മളെ പോലെ നല്ല ആണുങ്ങൾ ഉള്ള വീട്ടിൽ നമ്മൾ നമ്മുടെ പെണ്ണുങ്ങളെ രാത്രി കറങ്ങുവാൻ വിടുമോ? മറ്റൊരു പുരുഷനുമൊത്തു സംസാരിക്കാനും കോഫി പങ്കിടുവാനും അനുവദിക്കുമോ?
ഒന്നോർത്തു നോക്കു, നമ്മളോട് ഒരു സ്ത്രീ അടുപ്പം കാണിച്ചാൽ എങ്ങനെയും അവളെ വളയ്ക്കാനും നമ്മുടെ ഉദ്ദേശം സാധിക്കാനും അല്ലേ നമ്മൾ ശ്രമിക്കുക…
ആയതിനാൽ ഇതറിയാവുന്ന നമ്മൾ നമ്മുടെ സ്ത്രീകളെ ഒരു കാരണ വശാലും അനാവശ്യ സ്വാതന്ത്ര്യം നൽകി പുറത്തു വിടരുത്..
അപ്പോൾ ഈ നാട്ടിലെ ബലാത്സംഘങ്ങളും അക്രമങ്ങളും കുറയും.അല്ലെങ്കിൽ എന്നെ പോലെ കർമ്മ നിരതൻ ആവണം… കല്ല്യാണം കഴിക്കാതെ പെണ്ണല്ല ജീവിതം എന്ന് മനസ്സിലാക്കി യഥാർത്ഥ ജീവിതം ആസ്വദിക്കാൻ കഴിയണം. “
വിജിത് സാറിന്റെ പ്രസംഗം കേട്ടു സദസിൽ ഇരുന്ന സദാചാര ബോധം തുളുമ്പുന്ന പുരുഷന്മാരും, തങ്ങളെന്നും പുരുഷന്റെ കാലു കഴുകി വെള്ളം കുടിക്കാൻ ഭാഗ്യം ചെയ്തവർ ആണെന്ന് കരുതുന്ന സ്ത്രീകളും കയ്യടിച്ചു…
പ്രസംഗം കഴിഞ്ഞു അയ്യാൾ നേരെ തന്റെ ഒരു ആരാധികയുടെ വീട്ടിലേക്കു പോയി.. അവിടെ അവളുമൊത്തു മദ്യപാനവും സ്വിമ്മിംഗ് പൂളിലെ നീന്തലും ഉല്ലസിക്കലും എല്ലാം കഴിഞ്ഞു ഇറങ്ങാൻ നിക്കവേ അയ്യാളുടെ ഫോൺ റിങ് ചെയ്തു.
” പെണ്ണല്ല ജീവിതം തനിക്കു വിവാഹവും സ്ത്രീ സുഖവും വേണ്ട… അല്ലേ ? “
” ആരാ നീ… ? എന്താ നിനക്ക് വേണ്ടത് ? ” തന്റെ നരച്ച കൊമ്പൻ മീശ പിരിച്ചു വെച്ചു കൊണ്ടു അയ്യാൾ ചോദിച്ചു
” നീ ഇപ്പൊ നടത്തിയ പേക്കൂത്തുകളത്രയും ഞങ്ങൾ ഷൂട്ട് ചെയ്തു കഴിഞ്ഞു.. ഇത് പുറത്തു വിട്ടാൽ നീ ഇത്രയും നാളും കെട്ടി പൊക്കിയതെല്ലാം ചില്ലുകൊട്ടാരം പോലെ തകർന്നടിയും ” ഫോണിലെ ഭീഷണി കേട്ടു അയ്യാൾ നടുങ്ങി…
” എത്ര രൂപയാണ് ഉദ്ദേശിക്കുന്നത് ? എവിടെ കൊണ്ടു വരണം? “
” എനിക്ക് പണം വേണ്ട… “
” പിന്നെ ? “
” നാളെ ഒരു ദിവസം നീ ഞങ്ങൾക്കായി മാറ്റി വെക്കണം “
” മനസ്സിലായില്ല”
” ഒരു പെൺകുട്ടി ഇപ്പൊ വരും.മുകളിലെ മുറിയിലേക്ക് അവൾക്കൊപ്പം ചെല്ല്.. പോവുന്നതിനു മുൻപ് വാട്സാപ്പിൽ ഞാൻ അയച്ച വിഡിയോയും കണ്ടോളു…. “
അയ്യാൾ ഫോൺ കട്ട് ചെയ്തു… വീഡിയോ കണ്ട വിജിത് സർ ഞെട്ടി.. അയ്യാൾ ഒന്നും മിണ്ടാത അവിടേക്കു കയറി വന്ന പെൺകുട്ടിക്ക് ഒപ്പം മുറിയിലേക്ക് പോയി.
നേരം വെളുത്തു… വിജിത് സാറിനെ അസൽ പെണ്ണാക്കി സാരി ഉടുപ്പിച്ചു അവൾ പുറത്തേക്കു ഇറക്കി.. കണ്ണാടിയിൽ നോക്കിയാ വിജിത് തന്നെ തന്റെ രൂപം കണ്ടു ഞെട്ടി. പെൺകുട്ടി ഫോൺ അയ്യാളുടെ കയ്യിൽ കൊടുത്തു
” ഇന്ന് രാത്രി പന്ത്രണ്ടു മണി വരെ എന്ത് വന്നാലും ഈ വേഷം അഴിക്കരുത്.. 11.59 നു താൻ ഇതഴിച്ചാലും ഞാൻ വീഡിയോ പുറത്തു വിടും… തനിക്കു പോകേണ്ട സ്ഥലങ്ങൾ ഞാൻ വാട്സാപ്പ് ചെയ്തിട്ടുണ്ട്…. വാഹനം ഉപയോഗിക്കരുത് “
അയ്യാൾ ഫോൺ വെച്ചു..
മുലകൾ വെച്ചു കെട്ടി തനി പെണ്ണിനെ പോലെ അയ്യാളെ ഒരുക്കി ഇരിക്കുന്നു.. എന്നാൽ കുലസ്ത്രീ സങ്കല്പം തുളുമ്പുന്ന രീതിയിൽ സാരി ഉടുപ്പിച്ചാണ് നിർത്തിയിരുന്നത്..
ഇപ്പോഴത്തെ സമൂഹം വിശ്വസിക്കുന്ന ഏറ്റവും മികച്ച വസ്ത്രം രീതി. അയ്യാൾ കണ്ണാടിയിൽ നോക്കി.. ചുണ്ടിലെ ലിപ്സ്റ്റിറ്റിക്ക് പോലും പറയില്ല താൻ ആണ് പെണ്ണായതാണെന്നു..
വാട്സാപ്പ് നോക്കി… ആദ്യം കീച്ചേരിപ്പടി ബസ്സ് സ്റ്റോപ്പിൽ നിന്നും പ്രൈവറ്റ് ബസ്സിന് കയറുക.. 8 നും 9 നും ഇടയിൽ കയറണം.. നല്ല സ്കൂൾ പിള്ളേരുടെ തിരക്കുള്ള സമയം.. ബസ്സിൽ കയറുമ്പോൾ സ്ത്രീകളുടെ സെക്ഷനിൽ ഏറ്റവും പിന്നിൽ ആയി നിക്കണം എന്ന് പ്രത്യേകം എഴുതിയിരുന്നു…
ബസ്റ്റോപ്പിൽ എത്തി… പതിവില്ലാത്ത വിധം ഉള്ള ആണുങ്ങളുടെ നോട്ടം അയ്യാളെ അസ്വസ്ഥനാക്കി.. അയ്യാൾ വസ്ത്രങ്ങൾ ശരിയല്ലേ എന്ന് പരിശോധിച്ചു… സൈഡിൽ ഇരുന്ന ആൾ തന്റെ പൊക്കിളിലേക്കു തന്നെ നോക്കുന്നത് അയ്യാളെ ദേഷ്യം പിടിപ്പിച്ചു..
ഓപ്പോസിറ്റ് നിക്കുന്ന കോളേജ് പയ്യന്മാർ ഏതോ അമ്മായി ആണെന്ന് കരുതി ഇരുത്തി നോക്കുന്നുണ്ട്.. അതിൽ ഒരുവൻ ഒന്നും അറിയാത്ത പോലെ അടുത്തു വന്നു നിന്നു.. ഒരു നിമിഷം താൻ ശരിക്കും പെണ്ണാണെന്ന് അയാൾക്ക് തോന്നി പോയി.. അയ്യാളുടെ കാലുകൾ കൂട്ടി ഇടിക്കാൻ തുടങ്ങി
” നമ്പർ തരാമോ ? ” അവൻ മുഖത്ത് നോക്കാതെ ചോദിച്ചു… അയ്യാൾ മിണ്ടാതെ നിന്നു..
” പേടിക്കണ്ട… ഞാൻ വേറെ ആർക്കും കൊടുക്കില്ല” അപ്പോഴേക്കും ബസ്സ് വന്നു….
അയ്യാൾ ബസ്സിൽ ഓടി കയറി.. ഒരു ദീർഘ ശ്വാസം വിട്ടു.. അടുത്ത സ്റ്റോപ്പ് എത്തിയപ്പോഴേക്കും തിരക്ക് കൂടി.. അയ്യാൾ കുറച്ചു കൂടി പിന്നിലേക്ക് ഇറക്കപ്പെട്ടു.. മെല്ലെ എന്തോ ഒന്ന് തന്റെ വയറിൽ തട്ടുന്ന പോലെ അയാൾക്ക് തോന്നി.. ആരുട എങ്കിലും ബാഗിന്റെ വള്ളി ആവും…
അത് വീണ്ടും തട്ടാൻ തുടങ്ങിയതോടെ അയ്യാൾ കൈകൊണ്ടു അത് തട്ടി മാറ്റി.. ഞെട്ടലോടെ അയ്യാൾ തിരിഞ്ഞു നോക്കി .. ചിരിച്ചുകൊണ്ട് ഒരുവൻ പിന്നിൽ നിക്കുന്നു.. താഴേക്ക് നോക്കാൻ അയാൾക്ക് ധൈര്യം ഉണ്ടായില്ല…
അപ്പോഴേക്കും തിരക്ക് കൂടി . പിന്നിൽ നിന്നവന്റെ കൈകൾ അയ്യാളുടെ നിതംബങ്ങളിലൂടെ ഓടി കളിച്ചു . എന്ത് ചെയ്യണം എന്നറിയാതെ അയ്യാൾ വിറക്കാൻ തുടങ്ങി..
ബസ് സ്റ്റാൻഡിൽ എത്തും വരെ അത് പോലെ മൂന്ന് പേർ മാറി മാറി വന്നു കാര്യം കണ്ടു പോയി… മുന്നിലേക്ക് നീങ്ങി നിക്കാനോ മാറി നിക്കാനോ കഴിഞ്ഞില്ല.. എന്ത് വന്നാലും ബസ്സിൽ നിന്നും ഇറങ്ങരുതെന്ന നിബന്ധനയും..
ബസ്സിൽ നിന്നും ഇറങ്ങിയ അയ്യാൾ എന്തൊക്കയോ ഓർത്തു കുറച്ചു നേരം അങ്ങനെ നിന്നു.. മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത..
അടുത്ത ടാസ്ക് സ്റ്റേഷനിൽ ചെല്ലണം.. തന്നെ ഒരാൾ കടന്നു പിടിച്ചെന്നും അവനെ അറിയില്ലെന്നും കണ്ടു പിടിച്ചു അവനെതിരെ കേസ്സെടുക്കണം എന്നും പറയണം.
” എന്റെ കൊച്ചെ ഇവിടെ ബലാത്സംഗം ചെയ്തവൻ ആരാന്നറിഞ്ഞിട്ടും ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റുന്നില്ല.. അപ്പോഴാണ് വഴിയിൽ അറിയാത്ത ഒരുത്തൻ കയറി പിടിച്ചെന്നും പറഞ്ഞു…. ഒന്ന് പിടിച്ചല്ലേ ഉളളൂ.. വിട്ടു കള “
si കേസെടുക്കാൻ താല്പര്യം ഇല്ലാതെ പറഞ്ഞു
” മൊത്തമായി ചെയ്താൽ മാത്രമാണോ സാറെ പീഢനം? അനുവാദം ഇല്ലാതെ കയറി പിടിക്കുന്നതും പീഢനം അല്ലേ ? “
പെണ്ണിന്റെ ശബ്ദം മാക്സിമം ഒപ്പിച്ചു അയ്യാൾ പ്രതികരിച്ചു.. ദൈവമേ.. ഇപ്പൊ ഞാൻ തന്നെയാണോ ഈ പറഞ്ഞത്? അയ്യാൾ സ്വയം ചോദിച്ചു
” അയ്യാള് നിന്റെ എവിടെയാ പിടിച്ചത്? ” si അയ്യാളെ അടിമുടി നോക്കിക്കൊണ്ടു ചോദിച്ചു..
ആ നോട്ടത്തിൽ താൻ ഇല്ലാതാവുന്ന പോലെ അയാൾക്ക് തോന്നി.. എന്താണിങ്ങനെ? എനിക്ക് നീതി തരുന്നതിനു പകരം ഇയ്യാളെന്നെ ആസ്വദിക്കാൻ ശ്രമിക്കുവാണോ?
” പറ കൊച്ചെ… അയ്യാള് എവിടാ പിടിച്ചേ? ” si കുറച്ചു കൂടി മുന്നോട്ടു ആഞ്ഞു കൊണ്ടു ചോദിച്ചു
” എനിക്ക് പരാതി ഇല്ല സർ… ” അയ്യാൾ വേഗത്തിൽ എണീറ്റു..
” അപ്പൊ മോളു വേഗം വിട്ടോ “
അവൾ ഇറങ്ങി നടന്നു… ഇടവഴിയിലൂടെ മെയിൻ റോഡിലേക്ക് നടക്കുമ്പോൾ ആളൊഴിഞ്ഞ പ്രദേശത്തു നിക്കുന്ന മധ്യവയസ്കൻ അയ്യാളെ നോക്കുന്നുണ്ടായിരുന്നു… മധ്യവയസ്കന് അരികിലൂടെ കടന്നു പോവുമ്പോൾ തന്റെ കാലുകൾ വിറയ്ക്കുന്ന പോലെ അയാൾക്ക് തോന്നി…
” മോളേ… എനിക്കൊരു സഹായം ചെയ്യുമോ? ” ദയനീയതയോടെ ഉള്ള അയ്യാളുടെ ചോദ്യം കേട്ടു വിജിത് തിരിഞ്ഞു നിന്നു
” എന്താ ചേട്ടാ? ” സ്നേഹത്തോടെ പെൺവേഷം കെട്ടിയ വിജിത് ചോദിച്ചു…
” ഇതൊന്നു പിടിച്ചു തരുവോ? ” അയ്യാൾ അപ്രതീക്ഷിതമായി തന്റെ മുണ്ടു പൊക്കി പിടിച്ചു കൊണ്ടു പറഞ്ഞു…
വിജിത് ഭയത്തോടെ തിരിഞ്ഞോടി… ആ നിമിഷങ്ങളിൽ താനൊരു ആണാണെന്ന സത്യം തന്നെ അയ്യാൾ മറന്നിരുന്നു…
പാർക്കിൽ കുറച്ചു നേരം ഇരുന്നു.. മൂത്ര ശങ്ക സഹിക്കാൻ പറ്റുന്നില്ല… പെണ്ണാണല്ലോ ഇപ്പൊ, കാണുന്നിടത്തെല്ലാം നിന്നു മുള്ളാനും പറ്റില്ല.. പാർക്കിന്റെ ബാത്റൂമിൽ 5 രൂപ കൊടുത്തു സ്ത്രീകളുടെ ബാത്റൂമിൽ കയറി..
നാറ്റം സഹിക്കാൻ വയ്യ.. പുറത്തിരുന്നവന്റെ നോട്ടം കണ്ടിട്ട് തുണി അഴിക്കാൻ പേടിയാവുന്നു… അയ്യാൾ ചുറ്റും നോക്കി.. വെല്ല ഒളി കാമറയും വെച്ചിട്ടുണ്ടാവുമോ…. ഭയത്താൽ മൂത്രം ഒഴിക്കാതെ അയ്യാൾ ഇറങ്ങി പോന്നു..
നേരം സന്ധ്യ മയങ്ങി… രാത്രി ആയി
പാർക്കിനു പിന്നിലെ വിജനമായ റോഡിലൂടെ ഒറ്റക്കു നടക്കണം… അടുത്ത ടാസ്ക്… വിജിത് മുന്നോട്ടു നടന്നതും പിന്നിൽ വന്ന കാർ സ്ലോ ആയി… ചില്ലു താത്തിയ ഒരുത്തൻ
” വരുന്നോ… ഞാൻ കൊണ്ടാക്കാം ” അടിമുടി കണ്ണോടിച്ചു അയ്യാൾ പറഞ്ഞു
” വേണ്ട “
വിജിത് മുന്നൊട്ടു നടന്നു. അവർ വണ്ടി വട്ടം വെച്ചു ഇറങ്ങി…മൂന്നാലു പേർ വണ്ടിയിൽ നിന്നും ഇറങ്ങി വന്നു
” നോക്കു നിങ്ങൾ ഉദ്ദേശിക്കുന്ന പോലൊരു ആളല്ല ഞാൻ… “
പിന്നെ രാത്രി നിനക്കെന്താ ഇവിടെ പണി?
” ഞാനെന്റെ വീട്ടിലേക്കു പോവുന്നതാണ്.. ഇത് റോഡല്ലേ ? ” വിജിത് അതിശയത്തോടെ ചോദിച്ചു…
” ആരേലും വന്നെന്നു മുൻപ് പിടിച്ചു വണ്ടീ കേറ്റടാ..”
വിജിത് നിലവിളിച്ചിട്ടും അവർ പിടിച്ചു വണ്ടിയിൽ കയറ്റി… സത്യം വിജിത് ആയി ആരോടും പറയരുതെന്നത് നിയമം ആണ്.. പറഞ്ഞാലും ഭീഷണി പെടുത്തിയവാൻ അറിയുവാൻ പോവുന്നില്ലായിരുന്നു..
അയ്യാൾ ഉദേശിച്ചത് പാർക്കിനു പിന്നിൽ സ്ഥിരം കള്ള് കുടി ആയിരിക്കുന്നവരുടെ കമന്റുകൾ മാത്രമായിരുന്നു… പക്ഷെ വിജിത് അവരുടെ ബലത്തിന് മുന്നിൽ മൗനം പാലിച്ചു..
” അയ്യേ.. ഇത് മറ്റേതാടാ… “
വണ്ടിയിൽ ഇരുന്ന ഒരുവൻ പറഞ്ഞു…
” എന്നായാൽ എന്ന കയറ്റിയതല്ലേ… “അതും പറഞ്ഞു ഒരുവൻ വിജിത്തിന് അരികിലേക്കിരുന്നു “
അല്പ സമയം കഴിഞ്ഞു വിജിത് ഇന്നർ മാത്രം ധരിച്ചു റോഡിലേക്ക് വീണു… വസ്ത്രങ്ങളും ഫോണും പിന്നാലെ അവർ എറിഞ്ഞിട്ടു സ്ഥലം കാലിയാക്കി…
റോഡരുകിൽ ഇരുന്നു അയ്യാൾ ഛർദ്ധിച്ചു… സമയം 12 ആവും വരെ അയ്യാൾ അങ്ങിനെ ആൾ സഞ്ചാരമില്ലാത്ത ആ വഴിയിൽ ഇരുന്നു.
ഒരു ദിവസം പെൺവേഷം കെട്ടിയപ്പോളേക്കും തന്നെ വേട്ടയാടിയ മൃഗങ്ങൾ.. ആണുങ്ങളിൽ ഇത്രയും നീചന്മാർ ഉണ്ടോ… തനിക്കറിയില്ലായിരുന്നു…
മാറേണ്ടത് മനോഭാവം ആണ്… ഒരു പെണ്ണല്ലാന്നു അറിഞ്ഞിട്ടും തന്നെക്കൊണ്ട് എന്തൊക്കെയാണ് അവരു ചെയ്യിച്ചത്.. മറ്റെതാണ് പോലും.. ഒരു മനുഷ്യ വിഭാഗത്തിനോട് അവർക്കുള്ള ആറ്റിറ്റ്യൂഡ്..
അയ്യാളുടെ ഫോൺ റിങ് ചെയ്തു
” ഇത്രയും നേരം ഞാൻ നിങ്ങളെ പാർക്കിനു പിന്നിലെ റോഡിൽ കാത്തിരുന്നു… നിങ്ങൾ നിയമം തെറ്റിച്ചിരിക്കുന്നു വിജിത് “
” നിങ്ങൾ ആരാണെന്നു എനിക്കറിയില്ല.. നിയമം ഞാൻ തെറ്റിച്ചിട്ടില്ല… ഇനി തെറ്റിക്കുകയും ഇല്ല “
” മനസ്സിലായില്ല “
” പെണ്ണിനെ അറിയാതെ പറഞ്ഞു പോയ വാക്കുകൾക്ക് ശിക്ഷയായി അവളെ അറിയാത്ത ഈ സമൂഹത്തിൽ ഈ പെൺവേഷം ഞാൻ എന്നെന്നേക്കുമായി സ്വീകരിക്കുകയാണ് “
” വിജിത് നിങ്ങൾ… “
” മാനസികവും ശാരീരികവുമായ എത്ര ഭയാനകമായ സന്ദര്ഭങ്ങളിലൂടെ പെണ്ണുങ്ങൾ ഒരു ദിവസം കടന്നു പോകുന്നതെന്ന് ഞാൻ അറിയുന്നു… നിങ്ങള്ക്ക് നന്ദി.. അവർക്കായി ഒരുപാടു കാര്യങ്ങൾ എനിക്ക് ചെയ്യുവാൻ ഉണ്ട് “
” വിജിത്.. നിങ്ങളെ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പരിമിതികൾ ഒക്കെ ഒന്ന് മനസ്സിലാക്കി തരണം.. അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ..
ആരാധന മൂത്തു നിങ്ങള്ക്ക് കിടന്നു തരുന്ന പെണ്ണുങ്ങൾ മാത്രമല്ല വലിയൊരു ലോകം പുറത്തുണ്ടന്നു കാണിക്കണം, അത്രേ ഉളളൂ വിജിത്.”
” ആയിരിക്കാം.. പക്ഷെ നാളെ മുതൽ ഞാൻ വിജിത് അല്ല… വിജിത ആയിരിക്കും.. പെണ്ണാവുക അനുഗ്രഹം ആണ്…
പക്ഷെ നമ്മുടെ നാട്ടിൽ പെണ്ണായി പിറക്കുക ശാപവും ആണ്.. ഇതെല്ലം ഇന്ന് ഞാൻ അറിയുന്നു… ഈ ചെന്നായ്ക്കളുടെ മുന്നിൽ പെണ്ണായി ഞാൻ ജീവിക്കും സുഹൃത്തേ.. ജീവിക്കും”