എനിക്കൊരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞപ്പോൾ രണ്ട് വർഷം കൂടി കാത്തിരിക്കാൻ അവൾ..

(രചന: Kannan Saju)

“ഉള്ള എല്ലാ ആണുങ്ങളോടും അവർ കൊഞ്ചിക്കുഴയുമായിരുന്നു മാഡം.. ഒരുപക്ഷെ ആരെങ്കിലും അവളെ വഞ്ചിച്ചു കാണും.. അതായിരിക്കണം അവളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് “

രോഷ്‌നിയുടെ മുഖത്ത് നോക്കാതെ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു….

” അതെ മാഡം.. അവളുടെ ഭർത്താവു ഒരു സാധു ആണ്… അയ്യാൾ അവൾക്കു എന്തിനും സമ്മതം മൂളിയിരുന്നു.. ഒരു തരം പെങ്കോന്തൻ…

ഞങ്ങളെ ആരെയും ഞങ്ങളുടെ ഭർത്താക്കന്മാർ ത്രീ ഫോർത്തും ബനിയനും ഇട്ടു കടയിൽ പോവാൻ പോയിട്ട് മുറ്റത്തുന്നു പുറത്തേക്കിറങ്ങാൻ അനുവദിക്കില്ല ” പ്രസിഡന്റ്‌ ഹേമ കൂട്ടി ചേർത്തു…

” അതുപോലെ രാത്രിയെന്നോ പകലെന്നോ ഒന്നും ഇല്ല മാഡം.. പ്രത്യേകിച്ചും ഈ പാട്ട് പാടൽ ഒക്കെ തുടങ്ങിയതിൽ പിന്നെ…. ആരൊക്കയോ വിളിക്കാൻ വരും..

ആരൊക്കയോ കൊണ്ടു വിടും… ഒരു പോക്ക് കേസായിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്… ” ഭാര്യ ഗൾഫിൽ ഉള്ള ഇക്കിളി അമ്മാവൻ പ്രസ്താവിച്ചു.

റോഷ്‌നി സെക്യൂരിറ്റി പയ്യനെ നോക്കി.. അവന്റെ മുഖം കണ്ടാൽ അറിയാം അവർ പറഞ്ഞതൊന്നും അവനു ദഹിച്ചിരുന്നില്ല എന്ന്..

” ഈ എത്ര നാളായി ഇവിടെ ജോലിക്കു കയറിയിട്ട് ? “

” അവരു വരുന്നെന്നു മുന്നേ വന്നതാണ് ” മുഖത്ത് നോക്കാതെ കള്ള ലക്ഷണത്തോടെ ഉള്ള അവന്റെ മറുപടി രോഷ്നിക്ക് പിടിച്ചില്ല..

” അവരെ പറ്റി നിനക്കെന്താ പറയാൻ ഉള്ളതു ?  “

” പ്രത്യേകിച്ച് ഒന്നും ഇല്ല… ഒരു പാവം സ്ത്രീ ആയിരുന്നു ” അതും പറയുന്നതിൽ എന്തോ കള്ളത്തരം ഉള്ള പോലെ അവൾക്കു തോന്നി

” ഇവർക്കെല്ലാം മോശം അഭിപ്രായം ആണല്ലോ… ?  പിന്നെ നിനക്ക് മാത്രം എന്താ ?  “

” അവനു കാശൊക്കെ കൊടുക്കാറുണ്ട് ഇടക്ക്.. ഇനി അത് കൂടാതെ വേറെ വല്ല ഇടപാടുകളും ഉണ്ടായിരുന്നോ എന്ന് ആർക്കറിയാം ” ഇക്കിളി അമ്മാവൻ സംശയം പറഞ്ഞു…

” നിനക്കെന്തിനാ അവർ പണം തന്നിരുന്നത്?  “

” എനിക്കറിയില്ല…  ഇടയ്ക്കു വരും എന്റെ കാര്യങൾ തിരക്കും.. പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടാക്കുന്ന ദിവസങ്ങളിൽ വീട്ടിൽ വിളിച്ചു ഭക്ഷണം തരും..

അവർക്കു പാട്ടു റെക്കോർഡിങ് ഉള്ള ദിവസങ്ങളിൽ മടങ്ങി വരുംപോ ആയിരമോ രണ്ടായിരമോ തന്നു എന്നോട് വെച്ചോളാൻ പറയും ” അത് പറയുമ്പോഴും അവന്റെ നോട്ടം വേറെ എവിടേയോ ആയിരുന്നു…

” അവളുട അഴിഞ്ഞാട്ടം ആരോടും പറയാതിരിക്കാൻ ഉള്ള കൈക്കൂലി… അല്ലാതെന്തു ?  ” സെക്രട്ടറി ആരോപിച്ചു.

” ഞാൻ അവരെ ഒരിക്കലും ആരുടേയും കൂടെ മോശമായ രീതിയിൽ കണ്ടിട്ടില്ല മാഡം.. അവരുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോഴും അവർ ഒരു സഹോദരനെ പോലെയേ എന്നോടും പെരുമാറിയിട്ടുള്ളു…

ഒരിക്കൽ വണ്ടിയുടെ ടയറു മാറി ഇടാൻ സഹായിക്കാമെന്നും പറഞ്ഞു കുനിഞ്ഞിരുന്ന അവരുടെ ശരീരത്തിൽ പിടിച്ചതിനു അവർ സെക്രട്ടറിയുടെ മുഖത്തടിച്ചതായി എന്നോട് പറഞ്ഞിരുന്നു… അതിന്റെ ദേഷ്യമാണ് ഇയ്യാൾ ഇങ്ങനെ അപവാദം പറഞ്ഞുണ്ടാക്കുന്നതു.”

റോഷ്‌നി സെക്രട്ടറിയെ നോക്കി

” ഇല്ല മാഡം അങ്ങനെ…

” അടി വയറിനു ലാത്തി കേറുമ്പോൾ ഇപ്പൊ കാണുന്ന സന്തോഷം ഒന്നും ഉണ്ടാവാതില്ല കെട്ടോ.. മര്യാദക്ക് ഉള്ളത് പറഞ്ഞോ.. “

” അത് അന്ന് അങ്ങനൊരു കയ്യബദ്ധം പറ്റി പോയി മാഡം.. ക്ഷമിക്കണം.. തുട കാണിച്ചുള്ള നിക്കറും സ്ലീവ്‌ലെസ് ബനിയനും ഒക്കെ ഇട്ടു ബാൽക്കണിയിൽ ഇരുന്നു എക്സർസൈസ് ഒക്കെ ചെയ്യുന്നത് കാണുമ്പോൾ ഞാൻ വിചാരിച്ചിരുന്നു അവർ എന്നെ കാണിക്കാൻ ചെയ്യുന്നതാണെന്ന്”

റോഷ്‌നി ദേഷ്യം കടിച്ചമർത്തി…

” അയ്യാള് മാത്രം അല്ല മാഡം… ഈ ഇക്കിളി അമ്മാവനും അതുപോലെ ചെയ്തിട്ടുണ്ട്… അയ്യാളുടെ പ്രായം കാരണം തല്ലിയില്ല …

പക്ഷെ എന്നോട് നമ്പർ വാങ്ങി ഗൾഫിൽ ഉള്ള ഭാര്യയെ വിളിച്ചു പറഞ്ഞു. അതിന്റെ ദേഷ്യമാണ് ഇയ്യാൾക്ക്..

ഹേമാ മാഡത്തിന് ആണേൽ എപ്പോഴും ഭർത്താവു ചേച്ചിയെ പറ്റി പറയുന്നത് കൊണ്ടുള്ള ദേഷ്യവും.. അല്ലാതെ ചേച്ചിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.. ആത്മഹത്യ ചെയ്യാൻ മാത്രം ഒന്നും ഉണ്ടായിരുന്നതായി തോന്നുന്നില്ല.

” അവരുടെ ഭർത്താവിനെ പറ്റി ?  “

” പാവമാണ് മാഡം.. അവർക്കു നല്ല സ്വാതന്ത്ര്യം നൽകിയിരുന്നു…. “

കണ്ടാൽ നാൽപതു വയസ്സ് തോന്നിപ്പിക്കാത്ത ചുരുളൻ മുടികൾ ഉള്ള അയാൾക്ക്‌ മുന്നിൽ റോഷ്‌നി ഇരുന്നു…

“അറിഞ്ഞിടത്തോളം നിങ്ങൾ അവരുടെ എല്ലാ കാര്യങ്ങളിലും പിന്തുണയോടെ നിന്നിരുന്ന ഒരു നല്ല പാതി ആയിരുന്നു… അപ്പൊ നിങ്ങള്ക്ക് അറിയാത്ത എന്തെങ്കിലും അവർക്കുണ്ടായിരുന്നതായി ചിന്തിക്കാൻ ബുദ്ധിമുട്ടാണ് നീലേഷ്”

അയ്യാളെ സംശയത്തിന്റെ മുൾമുനയിൽ കൊണ്ടുവരുവാൻ റോഷ്‌നി പരിശ്രമം ആരംഭിച്ചു.

” മഞ്ചിമക്കു എന്തെങ്കിലും വിഷമം ഉള്ളതായി എനിക്ക് തോന്നിയിരുന്നില്ല.. അതാണ് ഇപ്പോഴും എന്നെ അത്ഭുദപ്പെടുത്തുന്നത് “

അയ്യാളുടെ വാക്കുകൾ ദൃഢമായിരുന്നു.. ഭാര്യ നഷ്ട്ടപെട്ട ഭർത്താവിന്റെ വിഷമം ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.

” അവരുടെ സിനിമ സുഹൃത്തുക്കളെ ആരെയെങ്കിലും താങ്കൾ സംശയിക്കുന്നുവോ?  പാടാൻ കൊണ്ടു പോവാറുള്ളവരും മറ്റും “

” ഏയ്‌.. ഒരിക്കലും ഇല്ല.. അവരൊക്കെ നല്ല സഹോദരങ്ങൾ ആയിരുന്നു… അവൾക്കു ആളുകളെ നല്ല പോലെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു.. അവരരുമായി പ്രശ്നങ്ങൾ ഉണ്ടായതായി പറഞ്ഞിട്ടില്ല.. ‘

” ഇവിടെയോ?  “

” ഇവിടെ ഒന്ന് രണ്ട് പേർ മോശമായി പെരുമാറിയ കാര്യങ്ങൾ പറഞ്ഞിരുന്നു.. പക്ഷെ അവർക്കെല്ലാം ഉള്ളത് അവൾ തന്നെ കൊടുത്തിരുന്നതിനാൽ ഞാൻ അത് വിട്ടു കളഞ്ഞു.. “

അയ്യാൾ മുന്നിൽ ചന്ദന തിരി എരിയുന്ന മഞ്ചിമയുടെ ഫോട്ടോയിലേക്കു നോക്കി ..

” കുട്ടികൾ ഉണ്ടാവാത്തതു ?  “

” ശ്രമിച്ചു…  പിന്നെ ഡോക്ടറെ കാണണം എന്ന് കരുതിയപ്പോഴേക്കും.. “

” എന്താണിത്രയും വൈകി വിവാഹം കഴിക്കാൻ കാരണം ?  “

” എന്റെ കാഴ്ചപ്പാടുകൾ കുറച്ചു മോഡേൺ ആയിരുന്നു.. അപ്പൊ അതുപോലൊരു പെൺകുട്ടി വരണം എന്ന് ആഗ്രഹിച്ചിരുന്നു. “

” പിന്നെന്തിനാണ് നീലേഷ് പാവം അവളെ കൊന്നു കളഞ്ഞത് ?  ” ഒരു ഞെട്ടലോടെ അയ്യാൾ ചാടി എണീറ്റു..

” മാഡം.. നിങ്ങള്ക്ക് തെളിവുകൾ ഒന്നും കിട്ടിയില്ലെന്നു കരുതി കിട്ടിയവനെ പിടിച്ചു പ്രതി ആക്കരുത് ” അയ്യാൾ കുപിതനായി…

” നീലേഷ് ഇരിക്ക്… ഇരിക്കുന്നെ ” അയ്യാൾ ഇരുന്നു..

” ഉനൈസ് “

രോഷ്‌നിയുടെ വിളി കേട്ടു ഉനൈസ് ഒരു പ്ലസ്‌ടു കാരൻ പയ്യനുമായി വന്നു…

” ആൽഫി ” അയ്യാൾ ഞെട്ടലോടെ പറഞ്ഞു.. ” ഇവനെ എന്തിനാണ് നിങ്ങൾ പിടിച്ചോണ്ട് വന്നിരിക്കുന്നത്?  “

” പറയാം… നീലേഷ് എപ്പോഴെങ്കിലും ബാത്റൂമിന്റെ പിന്നിലെ ജനാലക്കരികിൽ പോയി നോക്കിയിട്ടുണ്ടോ ?  “

” ഇല്ല.. ” അയ്യാളുടെ കണ്ണുകളിൽ അതിശയം നിറഞ്ഞു ..

” എന്നാൽ ഞങ്ങൾ നോക്കി… അവിടെ ബാത്റൂമിനോട് ചേർന്നുള്ള മാവിൽ ഒരു മടക്കിലയുടെ മുകൾ ഭാഗം ഒരാൾക്ക് ചവിട്ടി കയറാൻ പാകത്തിന് വെച്ചിരുന്നു..

അതിൽ ചവിട്ടി മറ്റു രണ്ട് പോത്തുകളിലും ചില്ലകളിലും ചവിട്ടിയാൽ മുകളിലെ എരത്തിൽ സുഖമായി കയറി ഒരുന്നു ബാത്‌റൂമിൽ കുളിക്കുന്നത് കാണാം …

മഞ്ചിമ കുളിക്കുന്നത് ആരോ അവിടെ ഇരുന്നു സ്ഥിരം കാണാറുണ്ടായിരുന്നു എന്നുറപ്പായ ഞങ്ങൾ വിരലടയാളങ്ങൾ കിട്ടുമോ എന്ന് നോക്കി.. അനായാസം കിട്ടി . “

അയ്യാൾ കുപിതനായി എണീറ്റു… ഉനൈസ് ആൽഫിയെ പിന്നിലേക്ക് നിർത്തി..

” പക്ഷെ മഞ്ചിമ മരിക്കുന്ന അന്ന് കുളിക്കുന്നതു കാണാൻ കയറിയ ആൽഫി നിരാശനായി.. പതിവ് സമയം കഴിഞ്ഞും അവൾ വരാത്തത് കണ്ട ആൽഫി മടങ്ങി പോവാൻ ഒരുങ്ങവെ ആണ് നിങ്ങൾ തമ്മിൽ ഉള്ള തർക്കം മുറുകുന്നത് .

മറ്റുള്ളവർ കാണാത്ത ഒരു നീലേഷിനെ അന്ന് ആൽഫി കണ്ടു… ഭാര്യയയിൽ സംശയാലു ആയ, അവളിൽ അസ്സൂയ പൂണ്ട നീലേഷിനെ… നിങ്ങള്ക്ക് അവളോട് അസൂയ ആയിരുന്നു.. അവളുടെ പെട്ടന്നുണ്ടായ വളർച്ച നിങ്ങളിലെ ആണിനെ അപമാനപ്പെടുത്തി “

” മതി… ” അയ്യാൾ അലറി…

എല്ലാവരും ഞെട്ടലോടെ നിന്നു

” അവളെ പുകഴ്ത്തി പറയുന്നത് കേട്ടു കേട്ടു ഞാൻ മടുത്തു പെണ്ണാണുന്നു കരുതി ഇച്ചിരി സ്വാതന്ത്ര്യം കൊടുത്തപ്പോ അവളങ്ങു വകർന്നു പന്തലിച്ചു…  “

” നിങ്ങൾ തന്നെയാണ് അവളെ സപ്പോർട് ചെയ്തത് നീലേഷ് “

” അതെ . അത് തന്നെയാണ് എനിക്ക് പറ്റിയ തെറ്റ്… അല്പം സ്വാതന്ത്ര്യം കൊടുത്തപ്പോൾ അവൾ അത് മുതലെടുത്തു… മറ്റുള്ളവരുമായി കൊഞ്ചി കുഴയാൻ തുടങ്ങി..

തോന്നിയ സമയത്തു പോയി വരാൻ തുടങ്ങി.. എന്നേക്കാൾ വരുമാനം വന്നപ്പോൾ ഭർത്താവിനേക്കാൾ മേലെ ആണ് ഭാര്യ എന്ന് അവൾക്കു തോന്നി തുടങ്ങി “

” അവൾ അങ്ങനെ പെരുമാറിയോ?  “

” എന്തിനിങ്ങനെ പെരുമാറണം?  മനസ്സിലാക്കാവുന്നതല്ലേ ഉളളൂ… അവൾ ഭർത്താവിന്റെ വാക്കിനപ്പുറം നടന്നപ്പോൾ എല്ലാവരുടെയും മുന്നിൽ ഞാൻ പെങ്കോന്തനായി..

അവൾ സ്വന്തമായി കാറ്‌ വാങ്ങി…പെണ്ണായ അവൾക്കെന്തിനാണ് കാർ?  ഞാൻ കൊണ്ടു വിടില്ലേ?  എന്നെ ഒഴിവാക്കി അവളു ചെറുപ്പക്കാർ പയ്യന്മാരുമായി ചങ്ങാത്തം തുടങ്ങി…

എനിക്കൊരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞപ്പോൾ രണ്ട് വര്ഷം കൂടി കാത്തിരിക്കാൻ അവൾ പറഞ്ഞു.. ഞാനാണ് ഭർത്താവ്.. അവളല്ല… അവൾ ഭാര്യയാണ് എനിക്ക് അടിമപ്പെട്ടവൾ ആണെന്ന് അവൾ മറന്നു “

അയ്യാൾ വെറുമൊരു സദാചാര വാദിയെ പോലെ പെരുമാറി…

” ഇതാണോ നിങ്ങളുടെ മോഡേൺ ചിന്താഗതി നീലേഷ്?  എന്ന് മുതലാണ് ഭാര്യ ഭർത്താവിന്റെ അടിമയായി തുടങ്ങിയത്?  “

” ഹും.. അങ്ങനെ ഞാനും ചിന്തിച്ചതാണ് എന്റെ തെറ്റ്.. പെണ്ണിന് സ്വാതന്ത്ര്യം നൽകിയാൽ അവൾ അത് മുതലെടുക്കും എന്ന് പറയുന്നത് എത്രയോ ശരിയാണ്”

” നീലേഷ്, പെണ്ണിന് സ്വാതന്ത്ര്യം നൽകുന്നതിനെ കുറിച്ച് പറയുമ്പോൾ ഉടനെ അത് ലൈംഗീകതയുമായി ബന്ധപ്പെടുത്തുന്നതു എന്തിനാണെന്ന് മനസ്സിലാവുന്നില്ല… അത് മാത്രമാണോ സ്വാതന്ത്ര്യം ?  “

” സ്വന്തം വീടിന്റെ ബാൽക്കണിയിൽ എക്സർസൈസ് ചെയ്യുന്നവളെ എത്തി നോക്കി അവൾ അത് തന്നെ കാണിക്കാൻ ആണെന്ന് ചിന്തിക്കുന്നത് അവളുടെ തെറ്റോ?  അതോ ചിന്തിക്കുന്നവന്റെ തെറ്റോ?

ഒരു ഭാര്യ പൂർണ്ണ സ്വാതന്ത്ര്യത്തോടെ അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുകയും അവർക്കിഷ്ടമുള്ള ഫ്രണ്ട്സിനൊപ്പം സഞ്ചരിക്കുകയും അവൾക്കിഷ്ടമുള്ള പ്രൊഫഷനിൽ തിളങ്ങുകയും ചെയ്യുമ്പോൾ ഒരു ഭർത്താവെന്ന നിലയിൽ നിങ്ങൾ വിജയമായിരുന്നു നീലേഷ്…

അല്ലാതെ അതുകൊണ്ടു നിങ്ങൾ പെങ്കോന്തൻ ആവുന്നില്ല.. അത് കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ് .

പിന്നെ കുഞ്ഞു.. നിങ്ങൾ ആണുങ്ങൾക്ക് അത് ഒരു രാത്രിയുടെ മെനക്കേട്‌ ആണെങ്കിൽ ഞങ്ങൾ പെണ്ണുങ്ങൾക്ക് അത് ഒരു വര്ഷം നീണ്ടു നിക്കുന്ന ശാരീരിക മാനസിക സംഘർഷങ്ങളുടെ കാലഘട്ടമാണ്…

അപ്പോൾ അതിനുള്ള തയ്യാറെടുപ്പിനു തീരുമാനം എടുക്കാൻ അവൾക്കും തുല്യ അവകാശമില്ലേ?  ഭാര്യ പങ്കാളി ആണ് നീലേഷ്… അടിമ അല്ല..

ഭർത്താവു അളന്നു കുറിച്ച് നൽകേണ്ടതല്ല അവളുടെ സ്വാതന്ത്ര്യം… അധ്വാനിച്ചു പണമുണ്ടാക്കുമ്പോൾ അവൾ കൂടുതൽ സമ്പാദിച്ചാൽ നിങ്ങളുടെ ഭാരം അത്രയും കുറയുകയും അല്ലേ ചെയ്യുക നീലേഷ്?  “

” നിങ്ങൾ എത്ര ന്യായെകരിച്ചാലും പെൺബുദ്ധി എന്നും പിൻബുദ്ധി തന്നെയാണ് മാഡം “

” അങ്ങനൊരു കാലം ഉണ്ടായിരുന്നിരിക്കാം നീലേഷ്.. അതൊക്കെ പണ്ട്.. അടച്ചു പൂട്ടി വീട്ടിൽ അടുക്കളപ്പണിക്കും കഴപ്പ് തീർക്കാനും പെറ്റു പോറ്റാനും മാത്രം അവരെ അജുവദിച്ചിരുന്ന കാലത്തു…

ഒരു പക്ഷെ അന്നത്തെ പ്രായോഗിക വിദ്യാഭ്യാസമോ പുറത്തിറങ്ങി ഉള്ള പരിചയമോ ഇല്ലാത്ത പെണ്ണുങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോ മണ്ടത്തരങ്ങൾ ആയിരുന്നിരിക്കാം..

ഇന്നെല്ലാവർക്കും വിദ്യാഭ്യാസം ഉണ്ട്.. ലോക പരിചയം ഉണ്ട്.. അവർ സ്വന്തം ചിറകുകൾ വെച്ചു പറന്നു തുടങ്ങി.. അതുകണ്ടു അസൂയപ്പെടുന്നതിന് പകരം അഭിമാനിക്കണമായിരുന്നു നീലേഷ്..

നിങ്ങൾ അന്ന് മഞ്ചിമയോട് പറഞ്ഞ കുത്തുവാക്കുകൾ അത്രയും ആൽഫി ഞങ്ങളോട് പറഞ്ഞു..അവൾ ആത്മഹത്യാ ചെയ്തതായിരിക്കാം.. പക്ഷെ കാരണം നിങ്ങളാണ്… നിങ്ങൾ കൊന്നതാണ് അവളെ…

ഈഗോ തലയ്ക്കു പിടിച്ച ഒരു പുരുഷന്റെ ഭ്രാന്ത്.. മനസാക്ഷിയുടെ കോടതിയിൽ നിങ്ങൾ എന്നെങ്കിലും മറുപടി പറയേണ്ടി വരും നീലേഷ്…. കാലം നിങ്ങളുടെ കൈകളിൽ വിലങ്ങണിയിക്കുന്ന കാലം വിദൂരമല്ല…

അപ്പോഴും അയ്യാൾ പുഞ്ചിരിച്ചു… പെണ്ണിനെ തുല്യനായി കാണാൻ ഒരിക്കലും കഴിയാത്തവന്റെ കൊലച്ചിരി…

Leave a Reply

Your email address will not be published. Required fields are marked *