ഭാര്യ പണി എടുത്തപ്പോ അവനു നൊന്തു, അമ്മേം മനുഷ്യ സ്ത്രീ തന്നെയാ മോനേ യന്ത്രം ഒന്നും..

(രചന: Kannan Saju)

” അച്ചു എന്തെ വരാത്തേ അമ്മേ?  ” മുറിയുടെ വാതിക്കൽ നിന്നുകൊണ്ട് ഗിരി അമ്മയോട് ചോദിച്ചു…

ഊണുമേശയിൽ ഇരുന്നു എന്തൊക്കയോ കണക്കുകൾ കൂട്ടിക്കൊണ്ടിരിക്കുകയായിരുന്ന അമ്മ അവനെ നോക്കാതെ മറുപടി പറഞ്ഞു

” അവള് പാത്രം കഴുകി കഴിഞ്ഞില്ല.. അടുക്കളയും കൂടി തുടച്ചിട്ടെ വരൂ ” അവൻ ലൈറ്റ് ഓഫ് ചെയ്തു കിടന്നു…

രാവിലെ കണ്ണ് തുറക്കുമ്പോഴും അവൾ അടുത്തില്ല… കണ്ണുകൾ തിരുമി കോട്ടുവാ ഇട്ടുകൊണ്ട് അടുക്കളയിലേക്കു കണ്ണോടിച്ചു..

അടുക്കളയിൽ കുളിച്ചു തോർത്തും തലയിൽ കെട്ടി തലങ്ങും വിലങ്ങും തീക്കുമ്പാവുമായി അവൾ ഓടുന്നുണ്ട്…

അവൻ പല്ലു തേച്ചു വന്നു… അപ്പോഴേക്കും കുളിക്കാനുള്ള വെള്ളം അച്ചു ചൂടാക്കി ബാത്റൂമിൽ ഒഴിച്ചിരുന്നു… അവൾ വീണ്ടും അടുക്കളയിൽ കയറി.. അമ്മ പെൻഷനായതിന്റെ ആഘോഷം ആണ്.. എല്ലാ കൂട്ടുകാരും വീട്ടിലേക്കു വരുന്നുണ്ട്..

ഭക്ഷണം ഓർഡർ ചെയ്യാം എന്ന് പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചില്ല അവൾ ഉണ്ടാക്കട്ടെ എന്ന് പറഞ്ഞു.

ഓരോരുത്തർ ആയി വന്നു തുടങ്ങി… ഗിരി മുണ്ടും ഷർട്ടും ഒക്കെ ഉടുത്തു റെഡി ആയി.. അപ്പോഴും അവൾ അടുക്കളയിൽ തന്നെ ആയിരുന്നു…

മുറ്റം വൃത്തിയായി കിടക്കുന്നു.. ഇതിനിടെക്കു എപ്പോ മുറ്റമടിച്ചു ആവോ പാവം.. അമ്മ ഇവളെ ഇങ്ങനെ കഷ്ട്ടപ്പെടുത്തുന്നത് ശരിയല്ല..

ഓരോരുത്തരായി വന്നു.. അമ്മയും മകനും അവരെ സ്വീകരിച്ചു… സൽക്കാരത്തിന് ഭക്ഷണം വിളമ്പുന്ന കണ്ട അച്ചുവിനെ നോക്കി ആരോ ചോദിച്ചു ” ഇവിടത്തെ ജോലിക്കാരിയായ ?  “

അച്ചുവിന്റെ മുഖം വാടുന്നത് ഗിരി കണ്ടു…

” അല്ല എന്റെ മോൻ കെട്ടിക്കൊണ്ടു വന്നതാ “

അപ്പോഴും എന്റെ മോളെന്നോ മരുമോളെന്നോ പറയാത്തതിൽ ഗിരിക്ക് വിഷമം തോന്നി..

വന്നവരെല്ലാം ആർത്തിയോടെ വാരി വലിച്ചു തിന്നു… അച്ചു ആവശ്യത്തിന് വിളമ്പിയും കൊടുത്തു…

അങ്ങനെ എല്ലാവരും യാത്രയായി .. വരവ് ചെലവ് കണക്കുകൾ നോക്കി അമ്മ ഊണ് മേശയിൽ ഇരുപ്പായി..

ഇന്ന് എന്തായാലും അവൾ വന്നിട്ടെ ഉറങ്ങൂ എന്നുറപ്പിച്ച ഗിരി അവളെ കാത്തിരുന്നു.. പത്രങ്ങൾ എല്ലാം കഴുകി വെച്ചു കുളി കഴിഞ്ഞു ഒടിഞ്ഞു കുത്തി അച്ചു വന്നു…

അവൾ കട്ടിലിൽ ഇരുന്നു… ഗിരി അവളെ നോക്കി…

” നീ എന്താ വല്ലാതിരിക്കുന്നെ?  “

” ഏയ്‌ ഒന്നുല്ല “

” ഭക്ഷണം കഴിച്ചില്ലേ?  ” അവൾ ഒന്നും മിണ്ടിയില്ല

”  പറ കഴിച്ചില്ലേ?  “

” തികഞ്ഞില്ല ഏട്ടാ.. ബാക്കി ഉണ്ടായിരുന്ന ചോറ് ഞാൻ പാത്രം കഴുകുമ്പോൾ ഉഷ ചേച്ചി എടുത്തോണ്ട് പോയി ” അവനു കലി കയറി…

” അപ്പൊ ഈ അമ്മേടെ വായില് പഴം തള്ളിയിട്ടുണ്ടായിരുന്നോ… അമ്മക്ക് പറയാൻ മേലെ നീ കഴിച്ചിട്ടില്ലന്നു… ഉള്ള പണി മുഴുവൻ പട്ടിയെ പോലെ എടുപ്പിക്കണതും പോരാ

പറഞ്ഞു തിരിഞ്ഞതും അമ്മ വാതിക്കൽ നിക്കുന്നു…

” എന്തെ നിർത്തിയത്?  ബാക്കി പറയടാ ” അവൻ തല താഴ്ത്തി നിന്നു…

” ഭാര്യ പണിയെടുക്കുന്ന കാണാൻ ബുദ്ധിമുട്ടാണെൽ നീ ഒരു ജോലിക്കാരിയെ നിർത്തു”

” ആ ഞാൻ നിർത്തും.. ഇവളെ ഇട്ടു പട്ടിയെ പോലെ പണി എടുപ്പിക്കാൻ അല്ല ഞാൻ ഇങ്ങോടു കൊണ്ടു വന്നത്.. ഞാനാ ഈ വീട് നോക്കുന്നെ…

നാളെ മുതൽ ആരെയന്നു വെച്ച നോക്കിക്കോ.. ഈ വീട്ടിലെ പണി മുഴുവൻ ഇവളെ കൊണ്ടു ചെയ്യിക്കാൻ ഞാൻ സമ്മതിക്കില്ല”

അവൻ ആദ്യമായി അമ്മക്ക് നേരെ അലറി.. അച്ചുവും ഭയത്തോടെ നിന്നു…

” അപ്പൊ അവളെ കൊണ്ടു പണി എടുപ്പിച്ചപ്പോ എന്റെ മോനു നൊന്തു അല്ലേ?  കഴിഞ്ഞ 30 കൊല്ലം ഈ വീട്ടിലെ പണി മുഴുവൻ അമ്മ എടുത്തപ്പോ മോൻ എവിടായിരുന്നു?  അവൻ ഞെട്ടലോടെ അമ്മയെ നോക്കി..

” അമ്മക്ക് നടു വയ്യാതെ വന്നപ്പോ നിന്നോടു വേലക്കാരിയെ വെക്കാൻ പറഞ്ഞു.. അപ്പൊ വേലക്കാരിക്ക് പകരം നീ കണ്ടു പിടിച്ച ഉപാധിയാണ് കല്ല്യാണം.. അല്ലാതെ പണി എടുപ്പിക്കാൻ പെണ്ണ് കെട്ടാൻ ഞാൻ നിന്നോടു പറഞ്ഞില്ല…

അതിന്റെ ബുദ്ധിമുട്ട് നീ ഒന്ന് മനസ്സിലാക്കട്ടെ എന്ന് കരുതിയ ഇവളെ കൊണ്ടു തന്നെ ഞാൻ ഇന്ന് പണി എടുപ്പിച്ചേ… ഭാര്യ പണി എടുത്തപ്പോ അവനു നൊന്തു… അമ്മേം മനുഷ്യ സ്ത്രീ തന്നെയാ മോനേ.. യന്ത്രം ഒന്നും അല്ല… “

മൂവരും കുറച്ചു നേരം മൗനം പാലിച്ചു..  അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

” ഭക്ഷണം തികയില്ലെന്നു എനിക്കറിയായിരുന്നു.. നിനക്കുള്ളത് ഞാൻ മുറിയിൽ എടുത്തു മാറ്റി വെച്ചിട്ടുണ്ടടി കൊച്ചെ.. നീ വന്നു കഴിച്ചിട്ട് കിടന്നാ മതി ” ഗിരിക്ക് സങ്കടം തോന്നി…

ശരിയാണ്…  എത്ര കൊല്ലമായി അടുക്കളയും വീടും പറമ്പും കൂടെ അമ്മേടെ ജോലിയും.. പാവം എത്ര കഷ്ട്ടപ്പെട്ടിട്ടുണ്ടാവും…

എന്തെ ഞാനതു മനസ്സിലാക്കാതെ പോയി? ഞാൻ മാത്രാണോ അതോ എല്ലാരും ഇങ്ങനാണോ? അവൻ ആലോചിച്ചു നിന്നു…

Leave a Reply

Your email address will not be published. Required fields are marked *