(രചന: Kannan Saju)
” കറുമ്പി ആയതിനാൽ എന്റെ വാപ്പി വരെ ഞാൻ അയ്യാളുടെ മോളല്ലെന്നു പറഞ്ഞു. വെളുത്തവർ മാത്രം ഉണ്ടായിരുന്ന കുടുംബത്തിൽ ഞാൻ എന്നും ഒരു അധികപ്പറ്റായി..
എന്റെ അനിയത്തിമാരുടെ നിക്കാഹ് നടക്കുന്നത് സന്തോഷവും സങ്കടവും കലർന്ന് ഞാൻ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്. “
സെമിനാറിൽ നിറഞ്ഞിരിക്കുന്ന സദസിനെ നോക്കി ആയിഷ പറഞ്ഞു…. നിറവയറുമായി ആണ് അവൾ സ്റ്റെജിൽ നിക്കുന്നത്…
” കറുത്തു തടിച്ച ശരീരമുള്ള സൗന്ദര്യത്തിനു നമ്മുടെ സമൂഹം കല്പിച്ചു നൽകിയ ഒരു യോഗ്യതയും ഇല്ലാത്തതിൽ ഞാൻ വിഷമിച്ചു.ഉറങ്ങാത്ത രാത്രികൾ… കുത്തുവാക്കുകൾ…
കണ്ണാടിയിലേക്കു നോക്കുമ്പോൾ സത്യത്തിൽ എനിക്ക് എന്നോട് തന്നെ അറപ്പു തോന്നി തുടങ്ങി… നിരാശ ആയി.. വിഷാദ രോഗത്തിന് അടിമയായി… “
അവളുടെ കണ്ണുകൾ നിറഞ്ഞു…. പയ്യെ കണ്ണുകൾ തുടച്ചു…
” എന്റെ കൂട്ടുകാരി വീട്ടിൽ നിന്നും കള്ളം പറഞ്ഞു വിളിച്ചു കൊണ്ടു വന്നതായിരുന്നു എന്നെ ഡോക്ടർ അഥർവ്വിന്റെ അരികിൽ.എന്റെ ഉള്ളിലെ ദുഖങ്ങളും അനുഭവിക്കുന്ന സാഹചര്യങ്ങളും ഞാൻ അദ്ദേഹത്തിനോട് വിശദമായി പറഞ്ഞു..
” ആയിഷ ഏതു വരെ പഠിച്ചു ? ” അദ്ദേഹം എന്നോട് ചോദിച്ചു
“എം.ടെക് “
” ആയിഷയുടെ സഹോദരിമാരോ? “
” ഒരാൾ പ്ലസ്ടു കഴിഞ്ഞപ്പോ വിവാഹം കഴിച്ചു. ഒരാൾ ഡിഗ്രി പഠിക്കുമ്പോൾ “
” ആയിഷക്കു ഇപ്പൊ ജോബ് ഉണ്ടോ?. “
” ഞാൻ അസിസ്റ്റന്റ് പ്രൊഫസർ ആണ് “
” എന്താണ് ആയിഷയുടെ കല്ല്യാണം നടക്കാൻ നിറം അല്ലാതെ പ്രധാന ബുദ്ധിമുട്ടായി ആയിഷക്കു തോന്നിയത്? “
” പണം… പലരും പണം കണ്ടു വരുന്നവരാണ്.. ജോബ് കണ്ടു വരുന്നവരാണ്… അവർ എന്നെ കുറിച്ച് ചോദിക്കുന്നതിനേക്കാൾ എന്റെ ജോലിയെ കുറിച്ചും ശമ്പളത്തെ കുറിച്ചും ആണ് എന്നോട് ചോദിക്കുന്നത്..അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു… “
” ഭാവി വരനെ പറ്റി ആയിഷയുടെ സങ്കല്പം എന്താണ് ? “
” അങ്ങനെ ഒന്നും ഇല്ല സർ… ” അതിനു ശേഷം അദ്ദേഹം എന്നെ സൂക്ഷിച്ചൊന്നു നോക്കി…
” ആയിഷ… ആദ്യത്തെ പ്രശ്നം ആയിഷക്കു വേണ്ട ഭാവി പങ്കാളിയെ പറ്റി വ്യക്തമായ ഒരു കാഴ്ച്ചപാട് ഇല്ലെന്നുള്ളതാണ്.. തനിക്കു വരാൻ പോവുന്ന ആൾ തന്നെ നല്ല പോലെ കെയർ ചെയ്യുന്നതായി സങ്കൽപ്പിക്കുക…
ആദ്യം അയാൾക്ക് ആയിഷ മനസിൽ കാണുന്ന ഉയരവും താടിയും ഭാവവും ഒക്കെ സങ്കൽപ്പിക്കുക…
അങ്ങനൊരാളെ കിട്ടാൻ അകമഴിഞ്ഞ് പ്രാർത്ഥിക്കുക.. വാസ്തവത്തിൽ പ്രാർത്ഥനകൾ നമ്മുടെ മനസ്സിന് നൽകുന്ന നിർദേശങ്ങൾ കൂടിയാണ്.. അത് വ്യക്തമായ ഇമേജോടു കൂടി നല്കാനായാൽ അത്രയും നല്ലത്….
എന്നും ഉണരുമ്പോഴും ഉറങ്ങും മുന്നേയും അങ്ങനെ സങ്കൽപ്പിക്കുക… വൈകാതെ അതുപോലൊരാൾ ആയിഷയുടെ ലൈഫിൽ വന്നു ചേരും..
പിന്നെ സൗന്ദര്യം… അത് ആസ്വദിക്കുന്നവന്റെ കണ്ണുകൾക്കും കാതുകൾക്കും സ്പര്ശങ്ങള്ക്കും വിധേയമാണ്… അതിനു കറുപ്പെന്നോ വെളുപ്പെന്നോ ഭേദങ്ങൾ ഇല്ല…
വേഗം മുഷിയുന്ന വെളുപ്പിന് എങ്ങനെ ആണ് കറുപ്പിനേക്കാൾ മേന്മ ഉണ്ടാവുക.. സത്യത്തിൽ നിങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവരുടെ സൗന്ദര്യ സങ്കല്പം നിങ്ങള്ക്ക് ഉപകാരപ്പെടുകയാണ് ഉണ്ടായതു.. നിങ്ങളുടെ ഇളയ സഹോദരിയെ മീന്കാരന് വിവാഹം ചെയ്തു..
അവൾക്കുള്ളത് പ്ലസ്ടു വിദ്യാഭ്യാസം മാത്രം.. രണ്ടാമത്തെ സഹോദരി ഡിഗ്രി പൂർത്തിയാക്കും മുന്നേ ഡെലിവറി ബോയിയെ വിവാഹം കഴിക്കേണ്ടി വന്നു…
എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടെങ്കിലും എല്ലാവരും ഉയർന്ന നിലവാരത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആണ്.. അവർക്കാർക്കും കിട്ടാത്ത വിദ്യാഭ്യാസ യോഗ്യത നിങ്ങക്ക് കിട്ടി.. ആരും കൊതിക്കുന്ന ശമ്പളം ഉള്ള ജോലി കിട്ടി..
നാളെ ഒറ്റക്കായാലും നിങ്ങള്ക്ക് സുഖമായി ജീവിക്കാം.. അനിയത്തിമാരോ? ഒരു അടിവസ്ത്രം വാങ്ങാൻ, കുട്ടിക്ക് ഉടുപ്പ് വാങ്ങാൻ ഒന്നെൻങ്കിൽ കൂലിപ്പണിക്ക് പോണം അല്ലെങ്കിൽ ഭർത്താവിന് മുന്നിൽ കൈ നീട്ടണം..
ഇതിപ്പോ നിങ്ങളുടെ പ്രസവ ചെലവ് പോലും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ നോക്കാൻ നിങ്ങൾ പ്രാപ്‌തയായി… സത്യത്തിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുകയാണ് ചെയ്തതെന്ന് നിങ്ങൾ മനസ്സിലാക്കണം. “
അന്ന് മുതൽ എന്റെ നിറവും രൂപവും ഞാൻ ഒരു അനുഗ്രഹമായി കണ്ടു… അദ്ദേഹം പറഞ്ഞപോലെ എന്നും ഞാൻ അങ്ങനൊരു ഭർത്താവിനെ മനസ്സിൽ സങ്കൽപ്പിക്കാൻ തുടങ്ങി..
ഒരു മാസ്സം തികയും മുന്നേ ഫെഡറൽ ബാങ്കിൽ മാനേജർ ആയ ഇക്കയുടെ ആലോചന എനിക്ക് വന്നു.. ഇന്ന് ഞാൻ ആറു മാസ്സം ഗർഭിണി ആണ്…. ഈ ഗര്ഭത്തിന് കാരണം ഡോക്ടർ അഥർവ്വ് ആണ്..
അതുകേട്ടു ഡോക്ടറും ഹാളിൽ ഉള്ളവരും ചിരിച്ചു…
സോറി.. ഞാൻ ഉദേശിച്ചത് ഇതിനെല്ലാം കാരണം മൈൻഡ് പവർ ട്രെയിനിങ് ഞാൻ അറ്റൻഡ് ചെയ്തതുകൊണ്ടാണ്.. ഈ സെമിനാർ കഴിയുമ്പോ നിങ്ങളുടെ ലൈഫും മാറും എന്ന് എനിക്കുറപ്പുണ്ട്..
അവളുടെ ഭർത്താവുമായി സ്റ്റേജിലേക്ക് വന്നു അഥർവ്വ് അദ്ദേഹത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തി.. അങ്ങനെ ഒന്ന് രണ്ട് പേർ കൂടി അദേഹത്തിന്റെ സെമിനാറിന് ശേഷം തങ്ങളുടെ ലൈഫിൽ ഇണ്ടായ മാറ്റങ്ങളെ കുറിച്ച് വാചാലരായി….
” നമ്മൾ എന്ത് ചിന്തിക്കുന്നുവോ.. നമ്മൾ അതായി തീരും.. എപ്പോഴും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക.. ചിന്തകൾ നാളെ സംഭവങ്ങളായി മാറും…
നിങ്ങൾ ആഗ്രഹിക്കുന്ന എന്തും പേടി എന്ന മതിലിനു അപ്പുറം ആണ്.. അത് ചാടിക്കടക്കാൻ ധൈര്യമുള്ളവർ ആയിരിക്കണം നമ്മൾ എല്ലാവരും.. “
അഥർവ്വ് ഈ വാക്കുകളോടെ അന്നത്തെ ദിവസം അവസാനിപ്പിച്ചു.. കോരിത്തരിച്ചു എല്ലാവരും പുറത്തേക്കിറങ്ങി….
ഒരു വീട്..
” ഹാ ഇങ്ങനെ കരയല്ലേ അഥർവ്വ്… തനിക്കു ഇന്ത്യയിലെ ഏറ്റവും മികച്ച മോട്ടിവേഷണൽ ട്രെയിനർ ആവാൻ കഴിയും “
തനിക്കു മുന്നിൽ ചങ്കത്തടിച്ചു കരഞ്ഞുകൊണ്ടിരുന്നു ഡോക്ടർ അഥർവിനെ ആശ്വസിപ്പിച്ചു കൊണ്ടു കേരളത്തിലെ നമ്പർ വൺ സൈക്കാട്രിസ്റ്റ് ആയ വിമൽ രാജ് പറഞ്ഞു..
” എല്ലാവരേയും മോട്ടിവേറ്റ് ചെയ്യുന്ന എനിക്ക് എന്താണ് ഡോക്ടർ സ്വയം മോട്ടിവേറ്റഡ് ആവാൻ കഴിയാത്തതു “
” താനാദ്യം ആ മൂക്കട്ട തുടച്ചു കള ” ഡോക്ടർ അഥർവിനു നേരെ ടിഷ്യൂ പേപ്പർ നീട്ടി..
” ഓഹ് സോറി ഡോക്ടർ ” അവൻ മുഖം തുടച്ചു..
” അഥർവ്വ്.. ഭ്രാന്തിനു ചികിത്സിക്കുന്നവർക്കൊക്കെ ഒരു അരവട്ടുണ്ടാവും.. സ്വാഭാവികം…
പിന്നെ മറ്റുള്ളവരുടെ പ്രശ്നം നമ്മുടെ പ്രശ്നം അല്ലാത്തതുകൊണ്ട് ഉപദേശിക്കാനും ചെയ്യിപ്പിക്കാനും നമുക്കു എളുപ്പമാണ്.. പക്ഷെ നമ്മുടെ സ്വന്തം പ്രശ്നം വരുമ്പോൾ നമ്മൾ തളരും “
” എല്ലാം സഹിക്കാം… അവളുടെ കുത്ത് വാക്കുകളും സഹിക്കാം.. ഉടുക്കുത്ത ഇടിയാണ് ഡോക്ടർ… അത് താങ്ങാൻ പറ്റില്ല ” അഥർവ്വ് വീണ്ടും വിതുമ്പി..
” ഹാ.. ഇങ്ങനെ കരയാതെടോ.. ഞാൻ പറഞ്ഞപോലെ ചെയ്യ്… അവൾ അങ്ങനാണെന്നു താൻ അംഗീകരിക്കു ആദ്യം..
അപ്പോ തന്നെ ഇടിയുടെ വേദന കുറയും. എന്നും വീട്ടിലേക്കു പോവും മുന്നേ അവൾ ഇടിക്കും എന്ന സത്യം അംഗീകരിക്കുക.. അപ്പോ ഇടിക്കുമ്പോൾ പ്രത്യേകിച്ച് ഉണ്ടാവുന്ന ഈ വിഷമം മാറി കിട്ടും..
പിന്നെ പയ്യെ പയ്യെ അവളുമായി സ്നേഹത്തിൽ ഇടപഴുകുന്നതും കെട്ടി പിടിക്കുന്നതും ഒക്കെ ചിന്തിക്കുക.. പതുക്കെ എല്ലാം മാറിക്കോളും… ഭാരതത്തിലെ ഏറ്റവും വലിയ മോട്ടിവേഷണൽ സ്പീക്കർ.. ആ പദവിക്കു മുന്നിൽ ഭാര്യയുടെ ഇടിയൊക്കെ എന്ത്..
അഥർവ്വ് പാതി സമാധാനത്തോടെ വീട്ടിലേക്കു മടങ്ങി.. വിമൽ രാജി ദീര്ഘ ശ്വാസം വിട്ടു… അവിടേക്കു അയ്യാളുടെ ഭാര്യ വന്നു…
” നിങ്ങളോടു വെള്ളം ചൂടാക്കാൻ പറഞ്ഞിട്ട് എന്ത്യേ മനുഷ്യ? “
” ഞാൻ നമ്മുടെ അഥർവ്വിനെ കൗൺസിലിംഗ് കൊടുക്കുവായിരുന്നു.. വെള്ളം അടുക്കളയിൽ ചൂടാക്കി വെച്ചിട്ടുണ്ടല്ലോ ? “
” പ്പാ.. നിങ്ങടെ അപ്പൻ വന്നു എടുത്തൊഴിക്കുവോ ബാത്റൂമിലേക്കു… പോയി ഒഴിക്കു മനുഷ്യ ” വിമൽ രാജ് എണീറ്റു അടുക്കളയിലേക്കു ഓടി..