(രചന: Kannan Saju)
” കെട്ടു കഴിഞ്ഞു നിക്കണ കല്യാണ പെണ്ണിന്റെ മേലെ ചെറുക്കന്റെ കൂട്ടുകാരൻ പൂമാല ഇടെ ?? ഇതൊക്കെ തമാശയായി കാണാൻ ഞങ്ങക്ക് ബുദ്ധിമുട്ടുണ്ട്.. ആ കുട്ടീടെ കണ്ണ് നിറഞ്ഞിരിക്കണ നോക്ക്യേ ? “
കല്യാണ മണ്ഡപത്തിൽ ചാടിക്കയറിയ യൂസഫിക്ക പറഞ്ഞു.
എല്ലാവരും നിശ്ശബ്ദരായി… യൂസഫിനൊപ്പം പെണ്ണിന്റെ നാട്ടുകാരും മണ്ഡപത്തിലേക്ക് കയറി…
” ഇപ്പോഴത്തെ പിള്ളേരുടെ ഓരോ തമാശകൾ അല്ലേ ഇതൊക്കെ… വിട്ടു കളയെന്നെ ” ചെറുക്കന്റെ അച്ഛൻ തമാശയായി പറഞ്ഞു…
” ഇതങ്ങനെ വിട്ടു കളയാൻ ഒന്നും പറ്റത്തില്ല… ഇങ്ങനുള്ളൊരു തമാശയും വേണ്ട..
ഞങ്ങടെ പെങ്കൊച്ചിനെ കരയിച്ചിട്ടാണോ നിങ്ങട തമാശ ??
എത്ര ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ളിൽ നിറച്ചു നിക്കുന്ന ഒരു പെണ്ണിന്റെ പവിത്രമായൊരു നിമിഷം ആണിത്… അവിടെ ഇങ്ങനാ പെരുമാറുക?? ‘
യൂസഫിന്റെ ഭാര്യ ഷാഹിന ഏറ്റു പിടിച്ചു
” നിങ്ങള് നാട്ടുകാർക്ക് മാത്രേ കുഴപ്പുള്ളല്ലോ…. പെണ്ണിന്റെ അച്ഛൻ ഒന്നും മിണ്ടുന്നില്ലല്ലോ ” എല്ലാവരും അദ്ദേഹത്തെ നോക്കി.. അദ്ദേഹം തല താഴ്ത്തി നിന്നു..
” മോളേ കരയിപ്പിച്ചിട്ടു അവന്മാര് നിന്നു പ്രസംഗിക്കുന്ന ചേട്ടൻ കണ്ടില്ലേ?? വാ തുറന്നു വല്ലതും പറയു കൃഷ്ണേട്ടാ ” ഷാഹിന അദേഹത്തെ നോക്കി പറഞ്ഞു…
കൃഷ്ണൻ തല കുനിച്ചു തന്നെ നിക്കുന്നത് കണ്ടു അവർക്കും ഒപ്പം കല്യാണ പെണ്ണ് രാഗിണിക്കും അത്ഭുതം തോന്നി…
” ഒരു കല്യാണവുമ്പോ ചില നീക്കു പോക്കുകൾ ഒക്കെ ഉണ്ടേ.. അതൊക്കെ കൃത്യമായി ചെയ്തു വാക്ക് പാലിക്കാൻ പറ്റിയില്ലെങ്കിൽ ചിലപ്പോ ഇങ്ങനെ ഒന്നും മിണ്ടാതെ നിക്കണ്ടി വരും “
പെണ്ണിന്റെ അച്ഛൻ പറഞ്ഞു… യൂസഫിനു കാര്യം മനസ്സിലായി.. അയ്യാൾ ചെറുക്കന്റെ അടുത്തേക്ക് ചെന്നു…
” മോനേ ഇങ്ങനാണോ നിന്റെ കൂട്ടുകാർ പെരുമാറേണ്ടത്? നിന്റെ ജീവിതത്തിലേക്കു വരണ്ട പെണ്ണാ അവള്…
അവളെ നീ താലി കെട്ടിയതിന്റെ മുകളിൽ വിവാഹ മണ്ഡപത്തിൽ മറ്റൊരുവൻ വന്നു മാല അണിയിക്കുക ഞങ്ങൾക്കാർക്കും അത്ര തമാശയായി തോന്നുന്നില്ല..
പ്രത്യേജിച്ചും ജീവിതത്തിൽ ഏറ്റവും സന്തോഷിക്കേണ്ട നിമിഷത്തിൽ അവൾ നിറകണ്ണുകളോടെ നിക്കുന്നത് നീ കണ്ടില്ലേ ??
ഒന്നെങ്കിൽ നീ അത് തടയണമായിരുന്നു.. അല്ലെങ്കിൽ കുറഞ്ഞ പക്ഷം അവരോടു ഈ വേദിയിൽ തന്നെ അവളോട് മാപ്പ് പറയാൻ പറയണം “
” ഒരു മാല ഇട്ടെന്നല്ലേ ഉളളൂ.. എന്റെ ഭാര്യ അല്ലേ ? ഞാൻ സഹിച്ചു ‘
യൂസഫ് ഞെട്ടി… യോസേഫിനേ തള്ളി മാറ്റി ഷാഹിന മുന്നോട്ടു വന്നു…
” നിന്റെ ഭാര്യ എന്നാൽ നിന്റെ അടിമ എന്നല്ല അർത്ഥം… നിനക്കവളെ തീറെഴുതി തന്നിട്ടും ഇല്ല… അവൾക്കും ഉണ്ട് ആത്മാഭിമാനം “
” എന്റെ കൂടെ ജീവിക്കുമ്പോൾ ഇത്രേം ആത്മാഭിമാനം ഒക്കെ മതി ചേച്ചി…. ആത്മാഭിമാനം ഉള്ളവരാണെങ്കിൽ പറഞ്ഞ തുക ഇന്നലെ വീട്ടിൽ എത്തിച്ചേനെ… ഇതൊരുമാതിരി നാണം കെട്ട വർഗ
അത്രേം പറഞ്ഞതും ഷാഹിന അവന്റെ മുഖത്തടിച്ചു… ചിറക്കന്റെ വീട്ടുകാർ അവൾക്കു നേരെ വന്നു.. യൂസഫും കൂട്ടരും അവരെ അടിച്ചു ഓഡിറ്റോറിയത്തിന് പുറത്തേക്കു ഓടിച്ചു…
കഴുത്തിൽ മാല ഇട്ട കൂട്ടുകാരനെ പെണ്ണിന്റെ ആങ്ങളയും യൂസഫിന്റെ മോനും കൂടി കഴുത്തിനു പിടിച്ചു ഓഡിറ്റോറിയത്തിന് ചുറ്റും വലിച്ചു കൊണ്ടു നടന്നു… അവൻ നല്ല മദ്യ ലഹരിയിൽ ആയിരുന്നു…
രംഗം ഒന്ന് തണുത്തു… ഭയത്താൽ ചെറുക്കന്റെ അച്ഛനും കൂട്ടരും മാപ്പ് പറയാൻ തയ്യാറായി
” അച്ഛാ, യൂസഫിക്ക എനിക്കീ ചെറുക്കനെ വേണ്ട… നമുക്കിത് വേണ്ടെന്നു വെക്കാം ” രാഗിണി കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു…
” നീയെന്താ മോളേ ഈ പറയണേ… അവൻ നിന്റെ കഴുത്തിൽ താലി കെട്ടിയില്ലേ? “ഷാഹിന ഞെട്ടലോടെ ചോദിച്ചു…
” ഇത്ത… ഇങ്ങനെ മനോഭാവം ഉള്ള ഒരാൾക്കൊപ്പം എങ്ങിനെ ഞാൻ ജീവിക്കുന്നെ ??? എനിക്കറിയാം, എനിക്ക് വേണ്ടി നിങ്ങൾ എല്ലാവരും കഷ്ട്ടപ്പെട്ടിട്ടാണ് ഇങ്ങനൊരു ദിവസം ഉണ്ടായതു..
എന്നാലും ഇന്ന് എന്റെ കഴുത്തിൽ അയ്യാൾ മാല ഇട്ടപ്പോൾ തടയതിരുന്ന ഇയ്യാൾ നാളെ എന്ന അവൻ മറ്റെന്തെങ്കിലും ചെയ്താലും തടയില്ലെന്ന് എന്താ ഉറപ്പ്? നിങ്ങൾ എത്ര പറഞ്ഞിട്ടും എന്റെ ഭാഗത്തു നിന്നു ഒന്ന് ചിന്തിക്കാൻ പോലും അദ്ദേഹം തയ്യാറായില്ലല്ലോ…
ഇപ്പൊ താലി കെട്ടിയിട്ടല്ലേ ഉളളൂ…. പിന്മാറാൻ ഇനിയും സമയം ഉണ്ട്.. ഈ താലിയുടെ മഹത്വം എനിക്കറിയാം പക്ഷെ എന്റെ ജീവിതത്തിനു അതിനേക്കാൾ വിലയുണ്ടന്നു ഞാൻ കരുതുന്നു “
” മോളേ ” അവളുടെ അച്ഛൻ ഞെട്ടലോടെ അവളെ വിളിച്ചു…
” കൃഷ്ണേട്ടാ അവളെ തടയേണ്ട… അവള് പറഞ്ഞതാ ശരി… ഇപ്പൊ അവളുടെ കൂടെ നമ്മൾ നിക്കണം..
ഇവിടെ വന്നവരെല്ലാം എന്താ നടന്നതെന്ന് കണ്ടതല്ലേ? മാത്രല്ല ഇങ്ങനൊരു വീട്ടിലേക്കു അവളെ വിട്ടാൽ ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഭാവിയിൽ അവൾക്കു കിട്ടില്ല..
ബ്രഹ്മാസ്ത്രം വില്ലു കുലക്കാൻ അറിയാത്തവന്റെ കയ്യിൽ ഇരുന്നാൽ എത്രത്തോളം ഉപയോഗ ശൂന്യമാണോ അത്രത്തോളം ഉപയോഗ ശൂന്യമാണ് അതിന്റെ മഹത്വം അറിയാത്തവൻ കെട്ടിയ താലിയും… ” യൂസഫ് പറഞ്ഞു നിർത്തി…
രാഗിണി താലി ഊരി ചെറുക്കന്റെ കയ്യിൽ കൊടുത്തു…. അവളുടെ കൈ പിടിച്ചു ഷാഹിനയും കൂട്ടരും മണ്ഡപത്തിൽ നിന്നും ഇറങ്ങി നടന്നു.