(രചന: Kannan Saju)
“ഹാ അവളോട് എന്ത് ചോദിയ്ക്കാൻ? അല്ലെങ്കിൽ തന്നെ പെൺപിള്ളേരോട് ആരെങ്കിലും അനുവാദം ചോദിക്കുമൊ?
ജാതക പൊരുത്തം ശരിയായ സ്ഥിതിക്കും മോന്റെ അച്ഛനും അമ്മയും പറഞ്ഞ തുക തരാൻ ഞങ്ങൾ തയ്യാറായ സ്ഥിതിക്കും ഇനി എത്രയും വേഗം മുഹൂർത്തം കുറിക്കുക.. “
പെൺകുട്ടിയുടെ അച്ഛന്റെ വാക്കുകൾ കേട്ടു ഒരു നിമിഷം ആനന്ദ് തരിച്ചിരുന്നു.. അവൻ അമ്മയെ നോക്കി…..
” എത്രയാണമ്മേ ഞാനിഷ്ടപ്പെട്ട പെണ്ണിന് നിങ്ങളിട്ട വില ??? ” അത്രയും പേരുടെ മുന്നിൽ അങ്ങനൊരു ചോദ്യം ആരും പ്രതീക്ഷിച്ചിരുന്നില്ല…
ട്രേയും കയ്യിൽ പിടിച്ചു അതുവരെ ചെറുക്കന്റെ മുഖത്ത് പോലും നോക്കാതെ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതി നിന്നവൾ ഞെട്ടലോടെ മുഖമുയർത്തി ആനന്ദിനെ നോക്കി…..
പെണ്ണിന്റെ അച്ഛൻ എന്ത് പറയണം എന്നറിയാതെ തന്റെ ബന്ധുക്കളെ മാറി മാറി നോക്കി…
” ഇവളെ ഞാൻ ആദ്യം കാണുന്നത് വണ്ടി ബ്രേക്ക് ഡൗൺ ആയി നിക്കുമ്പോൾ ഒരു സഞ്ചിയുമായി റേഷൻ കടയിലേക്ക് വരുന്ന വഴിക്കാണ്…
കണ്ടു.. എനിക്കിഷ്ടപ്പെട്ടു.. അവളോട് ചോദിക്കും മുന്നേ ഞാൻ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു..
കുട്ടിയെ പറ്റി അന്വേഷിക്കാനും പെണ്ണ് കാണാൻ ഒരു ദിവസം വരട്ടെ എന്ന് ചോദിക്കാനും… അല്ലതെ ഇവിടെ വന്നു ഇവൾക്ക് വിലയിടാൻ ഞാൻ ആരോടും പറഞ്ഞിരുന്നില്ല ” കാർത്തികയുടെ അച്ഛനോട് അയ്യാൾ പറഞ്ഞു..
” അല്ല മോനേ.. ഇതൊക്കെ ഒരു നാട്ടു നടപ്പല്ലേ… അച്ഛനും അമ്മയും ചോദിച്ചതിൽ എന്താ തെറ്റ് ? “
” ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത്.. നിങ്ങളാ കുട്ടിയുടെ അച്ഛൻ തന്നെ ആണോ ??? “
” ആനന്ദ്… നീ എന്തൊക്കെയാ ഈ പറയുന്നേ ??? ” ആനന്ദിന്റെ അച്ഛൻ ഇടയ്ക്കു കയറി.. എന്നാൽ ആനന്ദ് അയാൾക്ക് മുഖം കൊടുത്തതെ ഇല്ല..
കാർത്തികയുടെ വീട്ടുകാർ എന്ത് പറയണം എന്നറിയാതെ പകച്ചിരുന്നു.
” എനിക്ക് വേണെങ്കിൽ എന്റെ ഇഷ്ടം അവളോട് നേരിട്ട് പറയാമായിരുന്നു..
ഒരു പക്ഷെ നിങ്ങൾ വീട്ടുകാർ എന്തെങ്കിലും കാരണത്താൽ എതിർത്താൽ അവളുടെ മനസ്സ് വിഷമിപ്പിക്കേണ്ടി വരുമല്ലോ എന്നോര്ത്താണ് ഞാൻ ഞാൻ അങ്ങിനെ ചെയ്യാതെ ഇവരെ പറഞ്ഞു വിട്ടത്.. “
” അല്ല മോനേ… ഇതിപ്പോ സ്ത്രീധനം ചോദിക്കുന്ന ആദ്യത്തേ ആളൊന്നും അല്ലല്ലോ മോന്റെ അച്ഛനും അമ്മേം.. തന്നെയല്ല ഇപ്പൊ ഇവക്കു കൊടുത്താലും താഴെ ഒരുത്തൻ നിപ്പുണ്ടല്ലോ.. അവൻ കിട്ടുമ്പോ അത് തിരിച്ചു കിട്ടിക്കോളില്ലേ ??? “
കാർത്തികയുടെ അമ്മയുടെ വാക്കുകൾ കേട്ടു ആനന്ദ് ചിരിച്ചു……
” ഇതെന്താണ് ആന്റി പെണ്ണ് കച്ചവടമോ? ജാതകവും മുഹൂർത്തവും പൊരുത്തവും തൊട്ടു എല്ലാം നോക്കുന്ന നിങ്ങള്ക്ക് അവളുടെ ഇഷ്ടം കൂടി ചോദിയ്ക്കാൻ ഒരു അഞ്ചു നിമിഷം പോലും ഇല്ലേ ???
അതോ അവൾക്കു എന്തെങ്കിലും മാറാ രോഗം ഉണ്ടോ?? അതോ ഒരു പ്രായം കഴിഞ്ഞും കെട്ടിച്ചില്ലെങ്കിൽ കല്ല്യാണം നടക്കില്ലെന്നു ഓർത്താണോ ???
” അല്ല മോനേ എല്ലാരും ഇങ്ങനല്ലേ..? “
” എല്ലാരേം പോലെ നമ്മലും ആവണം എന്നുണ്ടോ അച്ഛാ??? കൊടുക്കാൻ നിങ്ങൾ തയ്യാറാവുന്നത് കൊണ്ടല്ലേ വില പേശാൻ അവരും തയ്യാറാവുന്നത്…
എന്റെ മകളെ ഞാൻ കച്ചവടം ചെയ്യില്ലെന്ന് നിങ്ങൾ ഓരോരുത്തരും തീരുമാനിച്ചാൽ എത്ര നാൾ പെണ്ണില്ലാതെ ഇവിടുത്തെ ആണുങ്ങൾ ജീവിക്കും… ഇപ്പൊ തന്നെ ഈ വീടിന്റെ അവസ്ഥ എത്ര ശോകമാണ് ???
പത്തിലും പ്ലസ്ടുവിലും മികച്ച മാർക്കുണ്ടായിട്ടും മെഡിസിന് പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും എന്ട്രന്സ് പോലും എഴുതിക്കാതെ അതിനൊന്നും പൈസ ഇല്ലന്നും പറഞ്ഞു നിങ്ങൾ അവളെ ഡിഗ്രി ക്ക് വിട്ടു.. പേരിനൊരു വിദ്യാഭ്യാസം…
അതു തീർത്തു എത്രയും വേഗം കെട്ടിച്ചു വിട്ടു ഭാരം ഒഴിവാക്കണം.. അവളുടെ വിദ്യാഭ്യാസത്തിനു പോലും ചെലവാക്കാതെ അവളുടെ കല്യാണത്തിന് സ്വർണം വാങ്ങാനും മറ്റും ആയി നിങ്ങൾ പൈസ കൂട്ടി വെച്ചു കൊണ്ടിരുന്നു അല്ലേ ???
ആ പൈസ കൊണ്ടു അവൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം അവൾക്കു നൽകി ഇരുന്നെങ്കിൽ ഇന്ന് സ്വന്തമായി അധ്വാനിക്കാനും സ്വന്തം കാലിൽ നിക്കാനും അവൾക്കു കഴിയുമായിരുന്നില്ലേ അച്ഛാ ??
അതോ ഇനി പെണ്മക്കൾ പഠിച്ചു സമ്പാദിച്ചാൽ കുടുംബത്തിലേക്ക് കിട്ടില്ല വല്ലവന്റേം വീട്ടിലേക്കു പോവും എന്നോർത്താണോ ???
ഞാനിവളെ കെട്ടി.. നാളെ ഞാൻ മരിച്ചു പോയാൽ ഇവളെങ്ങനെ ജീവിക്കും ?? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ??? നിങ്ങൾ പണം കൊണ്ടു സ്വന്തം പെൺമക്കൾക്ക് വിലയിടുമ്പോൾ പലരും വരുന്നത് മക്കളെ കണ്ടിട്ടല്ല പണം കണ്ടിട്ടാണ്…
അതുകൊണ്ടാണ് പാമ്പ് കൊത്തിയും വിഷം കഴിച്ചും ഒക്കെ ഒരു രാത്രിയിൽ അവരുടെ ജീവിതം ഇങ്ങനെ അവസാനിക്കുന്നത്.. അതിലും ഏറെ എത്രയോ ജീവിതങ്ങൾ ഭർത്താവിന്റെ കാൽ ചുവട്ടിൽ കിടന്നു ഇന്നും നരകിക്കുന്നുണ്ട്.. പുറം ലോകം അറിയാതെ…
സ്വന്തമായി ഒരു അടിവസ്ത്രം പോലും വാങ്ങാൻ പ്രാപ്തി ഇല്ലാത്തവരാക്കി വില പറഞ്ഞു നിങ്ങൾ അവരെ വിൽക്കുമ്പോൾ വാങ്ങുന്നവർ അവരെ അടിമയായി കണ്ടില്ലെങ്കിൽ അത്ഭുതം ഉള്ളൂ…
എന്തായാലും ഒന്ന് നിങ്ങൾ ഓർത്തു വെച്ചോ… ഒരു ദിവസം ശ്വാസം നിലച്ചു ഈ തറയിൽ നിങ്ങളെ പുതപ്പിച്ചു കിടത്തുമ്പോൾ ഒന്ന് കെട്ടി പിടിച്ചു കരയാൻ പോലും നിങ്ങൾക്കു പെണ്ണായി പിറന്ന ഇവൾ മാത്രമേ ഉണ്ടാവൂ…
അവൻ എഴുന്നേറ്റു… കാർത്തികയുടെ മുന്നിലേക്ക് ചെന്നു
” എടി പെണ്ണെ… എന്റെ മുഖത്തേക്ക് നോക്ക്.. കണ്ണിലേക്കു നോക്ക് ” അവൾ മുഖം ഉയർത്തി അവന്റെ കണ്ണുകളിലേക്കു നോക്കി…
” എന്നെ ഇഷ്ടമാണൊന്നു “
” അറിയില്ല “
” നിന്റെ സമയം എടുക്കു… ആലോചിക്ക്…. മറുപടി പ്രതീക്ഷിക്കുന്നു… ഇഷ്ടമാണെങ്കിൽ ഞാൻ വരും.. ഇവരു സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ കൊണ്ടു പോവും… ” അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു..
ആനന്ദിന്റെ അച്ഛനും അമ്മയും ഭയത്തോടെ അവരുടെ വീട്ടുകാരെ നോക്കി… കാർത്തികയുടെ വീട്ടുകാർ ആ ഞെട്ടലിൽ നിന്നും മാറിയിട്ടുണ്ടായിരുന്നില്ല
” എനിക്കിഷ്ടമാണ് ” അവൾ മറുപടി പറഞ്ഞു… അവൻ അവളുടെ അച്ഛനെ നോക്കി..
” അടുത്തു ഏതെങ്കിലും അമ്പലത്തിൽ.. വേണ്ടപ്പെട്ട സ്വന്തക്കാർ മാത്രം…. ഈശ്വരാ സന്നിധിയിൽ ഏതു മുഹൂർത്തവും ശുഭ മുഹൂർത്തം ആവും എന്ന് ഞാൻ വിശ്വസിക്കുന്നു..
നിങ്ങളുടെ മുഖം വാടിയതു ഞാൻ കണ്ടു.. സ്ത്രീധനം തന്നില്ലല്ലോ എന്ന ഒരു ദുരഭിമാനവും വേണ്ട… നിങ്ങളുടെ മകളെന്ന സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനം… എനിക്ക് അത് മതി “
ഉറച്ച നിലപാടോടെ ആ പുരുഷൻ വീടിന്റെ പടിയിറിങ്ങി… അവൻ വണ്ടിയിൽ കയറുന്നതും നോക്കി അവൾ ഉമ്മറത്ത് നിന്നു….
വണ്ടി മുന്നോട്ടു നീങ്ങുമ്പോൾ വിൻഡോയിലൂടെ അവൻ ഒന്ന് തിരിഞ്ഞു നോക്കി…. കാർത്തികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
കരച്ചിലും ചിരിയും ഒരുമിച്ചാക്കി അവൾ അവനെ നോക്കി കൊണ്ടിരുന്നു…. ആ കണ്ണുനീരാണ് ആനന്ദ കണ്ണീർ…