(രചന: Kannan Saju)
മകൻ ബൂട്ടിനു ചവിട്ടിയ മുറിവിന്മേൽ ജാനകി മുനീറിന് മരുന്ന് വെച്ചു കൊടുത്തു…. ചുക്കി ചുളിഞ്ഞ മുനീറിന്റെ തൊലിയിൽ കണ്ണട കയറ്റി വെച്ചു അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.
ഇരുവർക്കും ഇപ്പൊ എഴുപതു കടന്നിട്ടുണ്ടാവും… സമ പ്രായക്കാർ… അന്ന് ജാനകിയേയും കൊണ്ടു നാട് വിടുമ്പോൾ സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല…
ഇന്ന് എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവരെ പോലെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു.
” നാളെ നമ്മൾ എങ്ങോട്ടാ പോവാ പെണ്ണെ ??? ” അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് മുനീർ ചോദിച്ചു…
” അത് നാളെയല്ലേ…??? നമുക്ക് അപ്പൊ ആലോചിക്കാം ” മുനീർ അവളെ സൂക്ഷിച്ചൊന്നു നോക്കി.. തന്റെ മുഖത്ത് നോക്കാൻ അവൾ പാടു പെടുന്നത് അവനു മനസ്സിലായി…
” നിനക്ക് നല്ല വിഷമിണ്ടല്ലേ ?? “
ജാനകിയുടെ മുഖത്ത് നിന്നു കണ്ണെടുത്തു കൊണ്ടു ജനാലയിലൂടെ പുറത്തേക്കു നോക്കി മുനീർ ചോദിച്ചു..
കാരണം അവനറിയാം ആ ചോദ്യത്തിന് ഇപ്പുറം അവളുടെ നോട്ടം പതിയുക തന്റെ മുഖത്തായിരിക്കും എന്ന്….
തെറ്റിയില്ല… ജാനകി ആ മുഖത്തേക്ക് നോക്കി… അവൾക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. ആ കണ്ണുകൾ നിറഞ്ഞു… കണ്ണ് നീർ തുള്ളി മുനീറിന്റെ നെഞ്ചിലേക്ക് ചാടി…
” ഹയ് കരയാ എന്റെ കുട്ടി ?? “
മുനീർ ഞെട്ടലോടെ മുഖം തിരിച്ചു
പൊട്ടിക്കരഞ്ഞു കൊണ്ടു കട്ടിലിൽ കിടക്കുന്ന അവന്റെ നെഞ്ചിലേക്ക് അവൾ മുഖം ചേർത്തു…
അവൾക്കു കരയാതിരിക്കാൻ കഴിയില്ലെന്ന് മുനീറിന് അറിയാമായിരുന്നു…. ഭർത്താവിനെ കണ്മുന്നിൽ ഇട്ടു ആര് തല്ലിയാലും അവനെ സ്നേഹിക്കുന്ന ഭാര്യക്ക് അത് സഹിക്കില്ല..
അപ്പൊ സ്വന്തം മക്കൾ തന്നെ കണ്മുന്നിൽ ഇട്ടു തല്ലി ചാത്തക്കുന്നതു കാണേണ്ടി വന്ന അമ്മയുടെ ഒരു ഭാര്യയുടെ ഗതികേട് അവനറിയാം…
” എന്നാലും അവരിങ്ങനെ ചെയ്തല്ലോ… എനിക്ക് സഹിക്കാൻ പറ്റണില്ല… “
മുനീർ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു..
” വയസ്സും പ്രായവും ഒക്കെ ആവുമ്പൊ കുട്ടികൾ അങ്ങനാടൊ… ഇനി അവർക്കു നമ്മുടെ അവസ്ഥ മനസ്സിലാവണമെങ്കിൽ അവരുടെയും ആരോഗ്യം ക്ഷയിച്ചു തുടങ്ങണം…
വാർദ്ധക്യം അവരെ വിഴുങ്ങണം… അല്ലാതെ അവർക്കിതൊന്നും മനസ്സിലാവില്ല “
” രാത്രി ഏതു നേരവും ആരെയാ ഫോൺ ചെയ്യുന്നേ എന്നല്ലേ നിങ്ങള് മരുമോളോട് ചോദിച്ചുള്ളൂ… അതൊരു അച്ഛന്റെ കടമയല്ലേ ?? “
” മോൻ അങ്ങനെ ചെയ്തതിൽ ഞാൻ അത്ഭുത പെട്ടില്ല, പക്ഷെ നമ്മുടെ മോളും എന്തിനടി അവന്റെ കൂടെ കൂടി എന്നെ തല്ലിയത് ??? ആ.. സ്വത്തെല്ലാം എഴുതി വാങ്ങിയില്ലേ ജാനു…
നിന്നോടു ഞാൻ പറഞ്ഞതല്ലേ വീടും പറമ്പും എങ്കിലും നിന്റെ കാല ശേഷം മക്കൾക്ക് എന്ന് എഴുതാൻ “
” എനിക്ക് ഒന്നും വേണ്ട.. എനിക്ക് നിങ്ങള് മാത്രം മതി… “
” ജാനു “
” ഉം “
” അപ്പൊ ഞാൻ പോയ പിന്നെ നീ എന്ത് ചെയ്യൂടി ??? “
” നിങ്ങളുടെ ചിതയിൽ ഞാനും ചാടി ചാവും “
” അതിനു എനിക്ക് ചിത അല്ലാലോ ” മുനീർ ചിരിക്കാൻ ശ്രമിച്ചു…
” നിങ്ങളെ അടക്കുന്ന കുഴിയിൽ ജീവനോടെ എന്നെയും മണ്ണിട്ട് മൂടാൻ പറയുവോ ??? ” അവൾ ദയനീയതയോടെ അവന്റെ കണ്ണുകളിലേക്കു നോക്കി
” നിങ്ങളില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കണ്ട “
മുനീർ ആ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി… മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞ അതെ വാക്കുകൾ…. അതെ പ്രണയം ജ്വാലയായ് ആ കണ്ണുകളിൽ കത്തി എരിയുന്നു.
” എങ്ങിനാ പെണ്ണെ ഇപ്പോഴും നിനക്കതുപോലെ പ്രണയിക്കാൻ കഴിയുന്നെ ?? എനിക്കത്ഭുതം തോന്നുന്നു “
” എങ്ങനെയാണോ നിങ്ങൾക്കെന്നെ പഴയതു പോലെ പ്രണയിക്കാൻ കഴിയുന്നത് അതുപോലെ തന്നെ ” മുനീർ തല ഉയർത്തി അവളുടെ നെറ്റിമേൽ ചുംബിച്ചു….
വീട്ടിൽ നിന്നും അടിച്ചിറക്കിയപ്പോൾ പതിനഞ്ചു വർഷമായി അവിട വേലയ്ക്കു നിന്നിരുന്ന ഷണ്മുഖനും സെല്വിയും ആണ് അവരെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്..
ആ ഒറ്റ മുറി വീട്ടിൽ അവരെ അകത്തു കിടത്തി ഷണ്മുഖനും സെല്വിയും മകളും പുറത്തു മുറ്റത്തു കട്ടിൽ ഇട്ടു കിടക്കുന്നു.. സെൽവി നാല് മാസം ഗർഭിണി ആണ്…
” ജാനു “
” ഉം “
” എനിക്ക് നമ്മുടെ ആ കവിത കേൾക്കാൻ തോന്നുന്നു.. നീ ഒന്ന് പാടുമോ ???, “
‘ ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം ‘
” ഹാ കരയാതെ പാടു പെണ്ണെ “
” നിക്ക് പറ്റുന്നില്ല “
” നീ കിടന്നേ… എന്നും കിടക്കാറുള്ളത് പോലെ കിടന്നേ “
അവൾ അവനോടു പറ്റി ചേർന്ന് കിടന്നു കൊണ്ടു നെഞ്ചിൽ തലവെച്ചു.. മുനീർ ആ തലയിൽ തലോടിക്കൊണ്ടിരുന്നു…
” ജാനു.. ചില സിനിമയിലും സീരിയലുകളിലും ഒക്കെ നീ കേട്ടിട്ടില്ലേ… നമുക്ക് വേണ്ടപ്പെട്ടവർ നമ്മളെ വിട്ടു പോയാലും നമ്മൾ പോണമെന്നില്ല..
എന്നെങ്കിലും ഒരു നാൾ നമുക്കു ഇഷ്ടപ്പെടും പോലെ നമ്മുടെ ജീവിതം മാറും.. നമ്മൾ പോലും അറിയതെ നമുക്കു ചെയ്തു തീർക്കേണ്ട ഒരുപാട് കാര്യങ്ങൾ പടച്ചോൻ തീരുമാനിച്ചു വെച്ചിട്ടുണ്ടാകും “
” എന്ത് തീരുമാനിച്ചു വെച്ചാലും നിങ്ങള് പോയാ ഞാനും പോവും.. എന്നെ ഒറ്റക്കാക്കിട്ടു പോവാന്നു കരുതണ്ട നിങ്ങള് ” മുനീർ ചിരിച്ചു
” എന്റെ സുന്ദരിക്കുട്ടി ” അവൾ ചിരിച്ചു..
” മിണ്ടാതിരി മനുഷ്യാ “
” കണ്മണി “
” ഇങ്ങേരെ കൊണ്ടു ” അവൾ തല ഉയർത്തി മുനീറിനെ നോക്കി.
” ആഹാ എന്റെ കുട്ടീടെ സങ്കടം ഒക്കെ പോയല്ലോ… ഇനി പാട്.. ” മുനീർ അവളെ നോക്കി പറഞ്ഞു. അവൾ പാടി തുടങ്ങി..
” ചിതറി തെറിക്കുന്ന….. ” പതിയെ നെഞ്ചിൽ തല വെച്ചതും അനക്കം ഇല്ല…
അവൾ ചാടി എണീറ്റു… അതെ ആ കണ്ണുകൾ മിഴിച്ചിരിക്കുന്നു… ജാനകി നിശ്ശബ്ദയായി…
പിറ്റേന്ന് ഷണ്മുഖൻ ഇടപെട്ടു കബറടക്കം നടത്തി…. ശേഷം അവർ തിരഞ്ഞെങ്കിലും ജാനകിയെ എവിടെയും കണ്ടില്ല…
മരിക്കണം എന്ന ഉറച്ച തീരുമാനത്തോടെ അവൾ കടൽ തീരത്തെത്തി… വെള്ളം പാദത്തിൽ മുട്ടി… അവൾ നീണ്ടു നിവർന്നു കിടക്കുന്ന കടലിലേക്ക് നോക്കി… മരിക്കണം … അദ്ദേഹം ഇല്ലാത്ത ലോകത്തു താനെന്തിനു ജീവിക്കണം…
അടുത്ത അടി മുന്നോട്ടു വെക്കാൻ തുടങ്ങിയതും ഒരു മുത്തശ്ശി തന്റെ പേരക്കുട്ടിയെയും കൊണ്ടു മണൽ തരികളിൽ കളിക്കുന്നത് അവൾ കണ്ടു..
തന്റെ മക്കൾക്ക് കുഞ്ഞുണ്ടാവും മുന്നേ പടിയിറങ്ങേണ്ടി വന്നല്ലോ…. അവളുടെ ഉള്ളൂ പിടഞ്ഞു.. പേരക്കുട്ടിയെ താലോലിക്കാൻ യോഗം ഇല്ലായിരിക്കാം എന്ന് ചിന്തിക്കവേ അവൾക്കൊപ്പം രണ്ട് കാൽപാദങ്ങൾ കൂടി വന്നു.. ഷണ്മുഖാന്റെ ഭാര്യ സെൽവി..
” ചോദിക്കാനുള്ള അർഹത ഉണ്ടോ എന്നറിയില്ല… തെറ്റാണെങ്കിൽ പൊറുക്കണം… ആദ്യ പ്രസവത്തിനു എന്റെ അമ്മ അടുത്തുണ്ടായിരുന്നു.. അതുകൊണ്ടു ഞാൻ വേദന അറിഞ്ഞില്ല…
എനിക്ക് എല്ലാത്തിനും ഉള്ള മരുന്ന് എന്റെ അമ്മ ആയിരുന്നു… ആ അമ്മ ഇപ്പൊ ഇല്ല.. ഒന്നിന് പകരമാവില്ല ഒന്നും എങ്കിലും എനിക്കൊരമ്മയെ വേണം..
സങ്കടങ്ങളിൽ കെട്ടിപ്പിടിക്കാൻ സന്തോഷങ്ങളിൽ മാറോടു ചേരാൻ, എന്റെ മക്കൾക്ക് കഥകൾ പറഞ്ഞു കൊടുക്കാൻ…. വരുന്നോ അമ്മ എന്റെ കൂടെ ??? “
അവൾ നിറ കണ്ണുകളോടെ സെൽവിയെ നോക്കി
” ഉള്ളതുകൊണ്ട് പോന്നു പോലെ നോക്കിക്കോളാം ഞങ്ങൾ “
ജാനകി സെൽവിയെ കെട്ടിപ്പിടിച്ചു… ഷണ്മുഖനും മൂത്ത മകളും വന്നു… മുനീറിന്റെ വാക്കുകൾ സത്യമായി… ആ അമ്മയുടെ കയ്യും പിടിച്ചു അവർ വീട്ടിലേക്കു നടന്നു.