അവളെ കണ്ടതിനു മുഴുവൻ കുറ്റം പറഞ്ഞ് അവരുടെ മോനെ കൊണ്ട് ഇനി കല്യാണം കഴിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞു..

(രചന: J. K)

ഭർത്താവിന്റെ കൈയും പിടിച്ച്‌ ആ പടി കയറുമ്പോൾ വല്ലാത്തൊരു വിജയ ചിരി ഉണ്ടായിരുന്നു അരുന്ധതിയുടെ മുഖത്ത്‌,

ഒരിക്കൽ ഈ മുറ്റത്തു നിന്നാണ് ആട്ടിയിറക്കപെട്ടത്‌ അതും പണമില്ലാത്തതിന്റെ പേരിൽ.

ഇപ്പോൾ ഇങ്ങനെ സർവ്വ ഐശ്വര്യത്തിന്റെയും നെറുകയിൽ ഈ പടി കയറുമ്പോൾ വല്ലാത്തൊരു സന്തോഷം,

അവരെ സ്വീകരിക്കാൻ എന്തോ ഒരു വൈക്ലബ്യം ഉള്ളത് പോലെ തോന്നിയിരുന്നു അമ്മായിയുടെ മുഖത്ത്‌ , വല്ലാത്തൊരു മുഖത്തോടെ അവരോടു ഇരിക്കാൻ പറഞ്ഞു ,

ദേവേട്ടാ ഇരിക്ക് എന്നും പറഞ്ഞ് അരുന്ധതി ഭർത്താവിന് അവിടെയുള്ള കസേര നീക്കി കൊടുത്തു , അയാൾ ചിരിയോടെ ആ കസേരയിൽ ഇരുന്നു. “അജയേട്ടൻ എവിടെ അമ്മായി?”

എന്ന് അരുന്ധതി വെറുതെയാണെങ്കിൽ കൂടി മാലതിയോടു ചോദിച്ചു. അത് കേട്ട് അവരുടെ മുഖം വിവർണ്ണമാകുന്നത് കണ്ടു , അവൻ കേസിന്റെ എന്തോ കാര്യവുമായി പുറത്തേക്കു പോയിരിക്കുകയാ എന്ന് അറച്ചു അറച്ചു അവർ പറഞ്ഞു.

ആ മറന്നു എന്ന് പറഞ്ഞ് ഒരു പൊതി എടുത്ത്‌ അവൾ മാലതിക്ക്‌ നേരെ നീട്ടി, അതിലൊരു വള ഉണ്ടായിരുന്നു, അത് കാണെ മാലതിയുടെ മുഖം വിളറി വെളുത്തു.

അവിടെ നിന്ന് യാത്ര പറഞ്ഞ് അരുന്ധതിയും ദേവനും പുറത്തിറങ്ങി, അപ്പോൾ ദേവൻ ചോദിക്കുന്നുണ്ടായിരുന്നു , ഇപ്പോൾ ഈ മുഖത്ത് നല്ല സന്തോഷം ഉണ്ടല്ലോ എന്ന്, അതിനു മറുപടിയായി ഒന്ന് ചിരിച്ചു അരുന്ധതി.

ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് പോയി, ചെറുപ്പത്തിലേ പറഞ്ഞു വച്ചതായിരുന്നു അജയന്റേയും അരുന്ധതിയുടെയും വിവാഹം,

അരുന്ധതിയുടെ അച്ഛന്റെ പേരിൽ അന്ന് ഒരുപാടു സ്വത്തുക്കൾ ഉണ്ടായിരുന്നു തീയേറ്ററും കുറെ ബസുകളും ഒക്കെ ആയി, അമ്മയില്ലാത്ത അരുന്ധതിയെ വലിയ കാര്യമായിരുന്നു മാലതി അപ്പച്ചിക്ക്,

പക്ഷെ ഒരു പ്രത്യേക സാഹചര്യത്തിൽ എല്ലാം തകർന്നു ഒന്നും ഇല്ലാത്തവനായി തീർന്നു മാലതിയുടെ അച്ഛൻ,

അയാളെക്കൊണ്ട് അത് സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടുതന്നെ ഒരു മുഴം കയറിൽ സ്വന്തം മകളെ പറ്റിപോലും ഓർക്കാതെ അയാൾ ജീവൻ ഒടുക്കി,

അരുന്ധതിക്കും മറ്റാരും ഉണ്ടായിരുന്നില്ല, ഒടുവിൽ അപ്പച്ചിക്ക് തന്നെ അവളെ വീട്ടിലേക്കു കൂടി കൊണ്ട് വരേണ്ടി വന്നു. പക്ഷെ അത് വരെ കണ്ട അപ്പച്ചിയെ ആയിരുന്നില്ല പിന്നീടങ്ങോട്ട് കണ്ടത്,

അവളെ കണ്ടതിനു മുഴുവൻ കുറ്റം പറഞ്ഞ് അവരുടെ മോനെ കൊണ്ട് ഇനി കല്യാണം കഴിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞു.

സ്വത്തും പണവുമൊന്നു മില്ലാത്ത തെണ്ടി പെണ്ണിനെ അവർക്കിനി വേണ്ടത്രേ, അവൾക്കു അത് സഹിക്കാൻ പറ്റിയില്ല..

ഇത്രയും നാൾ സ്വന്തമായി കണ്ടവർ സ്വന്തം അമ്മയെപ്പോലെ കണ്ട ആളാണ് ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് അരുന്ധതി ആകെ തളർന്നു പോയിരുന്നു അവൾക്ക് എന്തുവേണമെന്ന് പോലും അറിയില്ലായിരുന്നു പക്ഷേ ഒന്ന് തീരുമാനിച്ചിരുന്നു.

ഇനി ഒരു നിമിഷം പോലും അവിടെ നിൽക്കില്ല എന്ന്…

മറ്റാരും സഹായത്തിനില്ല എന്നറിയുന്നത് കൊണ്ട് തന്നെ അമ്മയുടെ ഒരു അകന്ന ബന്ധുവിനെ അവൾ വിളിച്ചു വരുത്തി..

തങ്ങളുടെ നല്ല സമയത്ത് വീട്ടിൽ സഹായത്തിനായി നിന്നിരുന്നത് അവരായിരുന്നു…

പക്ഷേ അവരുടെ കൂടെ പറഞ്ഞയച്ചാൽ അത് അപ്പച്ചിക്ക് മോശമാകും നാട്ടുക്കാർ അതും ഇതും പറയും എന്നുള്ളത് കൊണ്ട് മാത്രമാണ് അന്ന് ഇങ്ങോട്ട് കൊണ്ടുവന്നത്…

അന്നേ അവർ പറഞ്ഞിരുന്നു മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഇങ്ങോട്ട് വരാമെന്ന്.. മൂന്ന് നേരം കഞ്ഞിയെ ഉണ്ടാകു.. പക്ഷേ അതെങ്കിലും കുടിച്ചു സമാധനത്തോടെ കിടക്കാം എന്ന്..

അങ്ങനെ അമ്മയുടെ അകന്ന ഒരു ബന്ധുവിൻറെ കൂടെ അവൾ പോയി , തലയിൽ നിന്നും രക്ഷപെട്ടല്ലോ എന്ന് മാത്രം കരുതി മാലതിയും അജയനും.

ആളുകളെ സ്നേഹിക്കാതെ സ്വത്തിനെ മാത്രം സ്നേഹിച്ച മാലതി മകന് വേണ്ടി വലിയൊരിടത്തുനിന്നും പെണ്ണിനെ കണ്ടു പിടിച്ചു കൊടുത്തു.

നിശ്ചയം പറഞ്ഞു വച്ചിരുന്നു അന്ന് അവർ ഇട്ടു കൊടുത്തതായിരുന്നു ആ വള പക്ഷെ അത് പോലും ഓർക്കാതെ അവനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചപ്പോൾ അവൾ നോവുന്നതു പോലും അവർ നോക്കിയില്ല,

പക്ഷെ ജീവിക്കണം എന്ന ദൃഢനിശ്ചയം അരുന്ധതിക്കും ഉണ്ടായിരുന്നു അതുകൊണ്ടാണ് ദേവനാരായണൻ എന്നൊന്നു വക്കീലിനെ കണ്ടതും അച്ഛന്റെ സ്വത്തിന്റെ പേരിലുള്ള കേസ് നടത്താൻ അവൾ തീരുമാനിച്ചതും,

തന്റെ പേരിൽ കുറച്ചു സംഖ്യ അച്ഛൻ പണ്ട് നീക്കി വച്ചിട്ടുണ്ട് അത് കല്യാണത്തിന് എന്ന് പറഞ് ആയിരുന്നു നീക്കിവച്ചിരുന്നത് അതെടുത്തു കേസ് നടത്താം എന്നാണവൾ കരുതിയിരുന്നത്

പക്ഷെ ദേവനാരായണൻ അവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞപ്പോൾ അലിവ് തോന്നി അയാൾ അവളുടെ കയ്യിൽ നിന്ന് ഒറ്റ രൂപ ഫീസ് പോലും വാങ്ങാതെ അവൾക്കു വേണ്ടി വാദിച്ചു കേസ് ജയിച്ചു.

സ്വത്തെല്ലാം തിരിച്ചു കിട്ടിയപ്പോൾ അവൾ വലിയ പണക്കാരി തന്നെ ആയി മാറിയിരുന്നു ഒടുവിൽ ദേവനാരായണൻ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ അവൾക്കു മറ്റൊന്നും നോക്കാനില്ലായിരുന്നു ആ ജീവിതം സ്വീകരിക്കുകയല്ലാതെ ,

അതിനു ശേഷമാണ് അപ്പച്ചിയുടെ അടുത്തേക്ക് കാണാൻ പോകണം എന്ന് അവൾ ആവശ്യപ്പെട്ടത്,

അപ്പോൾ തന്നെ ദേവൻ പറഞ്ഞിരുന്നു അവരുടെ കേസും വാദിക്കാൻ അയാളുടെ അടുത്തേക്കാണ് വന്നിട്ടുള്ളത് എന്ന്, എന്ത് കേസ്? എന്ന് ചോദിച്ചപ്പോൾ പറഞതു ഡിവോഴ്സ് കേസ് എന്നാണ്.

ആ വലിയ പണക്കാരിക്ക് അവരുടെ വീട്ടിലെ ജീവിതവുമായി ഒത്തുപോകാൻ കഴിയുന്നില്ല,

അവരാണത്രെ ഡിവോഴ്സ് വേണം എന്ന് പറഞ് കേസ് കൊടുത്തിരിക്കുന്നത് ഒപ്പം അമ്മയുടെയും മകന്റെയും പേരിൽ പീഡനത്തിനു വേറെയും. അതുകേട്ടപ്പോൾ അരുന്ധതിക്ക്‌ സഹതാപം മാത്രമാണ് തോന്നിയത് ,

അവഗണിച്ചവരോട് ചെറിയ പകയും തോന്നാതിരുന്നില്ല അതുകൊണ്ടാണ് ദേവനെയും കൂട്ടി തകർച്ചയിൽ നിൽക്കുന്ന അവരെ ഒന്ന് കാണാൻ പോകാൻ തീരുമാനിച്ചത് പണ്ട് അച്ഛന് വാക്ക് കൊടുത്തതായിരുന്നു,

അരുന്ധതിയെ വിവാഹം കഴിച്ചു പൊന്നു പോലെ നോക്കിക്കോളാം എന്ന് പക്ഷെ പണം ഇല്ല ഒന്നുമില്ല എന്ന് കണ്ടപ്പോൾ ആ വാക്കെല്ലാം അവർ മറന്നു അത് കൊണ്ട് തന്നെ ആ വള ഒന്ന് ഇടുക പോലും ചെയ്യാതെ അവൾ സൂക്ഷിച്ചു വച്ചത്.

അത് അവർക്കു തന്നെ തിരിച്ചു കൊടുക്കണം എന്നത് അവളുടെ തീരുമാനമായിരുന്നു.

അതും കൊണ്ട് അവൾ അങ്ങോട്ട് ചെന്നു അവർക്കു അത് തിരിച്ചു കൊടുത്തു, ഇറങ്ങാൻ നേരം മാലതി അവളോട് മാപ്പു പറഞ്ഞിരുന്നു. അവർ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഈ അനുഭവിക്കുന്നത് എന്നെല്ലാം പറഞ് അവർ അവളോട് മാപ്പു ചോദിച്ചു ,

അവളുടെ കാലിൽ വീഴാൻ അവരെ അനുവദിച്ചില്ല പകരം അവരെ ചേർത്ത് പിടിചിട്ടു പറഞ്ഞു എനിക്ക് നിങ്ങളോട് ഒരു ദേഷ്യവുമില്ല അപ്പച്ചി, അന്നും ഇന്നും നിങ്ങളെ സ്നേഹിച്ചിട്ടു മാത്രമേ ഉള്ളു ,

പിന്നെ യോഗം ഇതാണെന്നു കരുതിയാൽ മതി ഇപ്പോൾ ഞാൻ സന്തുഷ്ടയാണ് അജയേട്ടനോടുകൂടി ജീവിക്കുന്നതിനേക്കാൾ സന്തുഷ്ട.

എനിക്കിതുമതി ഞാൻ എന്റെ ജീവിതവുമായി മുന്നോട്ടു പോകും, അജയേട്ടനോട് ധൈര്യമായിരിക്കാൻ പറയു എന്ന് പറഞ് അവൾ പടിയിറങ്ങി.

പണത്തിനു പിന്നാലെ പാഞ്ഞു ജീവിതം കൈവെള്ളയിലൂടെ ചോർന്നു പോകുന്നത് മനസ്സിലാക്കി വല്ലാത്തൊരു ഭാവത്തോടെ മാലതി അപ്പോഴും അവിടെ നിന്നിരുന്നു…