അച്ഛൻ്റെ ഉഴപ്പൻ
(രചന: Josbin Kuriakose Koorachundu)
രാവിലെ ഭക്ഷണം കഴിക്കാനിരിയ്ക്കുമ്പോൾ അയാൾ ഭാര്യയോട് പറഞ്ഞു.. എന്തിയേ നിൻ്റെ പുന്നാരമോൻ ? ഇതുവരെ ഏറ്റില്ലേ സമയം 9 മണിയായി.
അത് എങ്ങനെയാണ് ഉത്തരവാദിത്വമെന്നൊരു സാധനം നിൻ്റെ മകനുണ്ടോ? ദീപ ഞാൻ ഇനി അവൻ്റെ ഒരു കാര്യത്തിലും ഇടപ്പെടില്ല.
ഏട്ടൻ എന്താണ് പറയുന്നത് അവൻ നമ്മുടെ മോനല്ലേ? എന്തെങ്കിലും തെറ്റുപറ്റിയാൽ തിരുത്തേണ്ടത് നമ്മളല്ലേ?
ഒരു അച്ഛൻ്റെ ബഹുമാനം അവൻ എനിയ്ക്കു തന്നിട്ടുണ്ടോ? ഞാൻ പറയുന്നത് അവൻ അനുസരിക്കാറുണ്ടോ?
എനിയ്ക്കു അങ്ങനെ ഒരു മോനില്ലന്നു തന്നെ ഞാൻ വിചാരിച്ചോളും
ഉണ്ണിയേട്ടാ ചുമ്മ വായിൽ തോന്നുതൊന്നും വിളിച്ചു പറയണ്ട. അച്ഛനെന്നു പറഞ്ഞാൽ മനുവിന് പേടിയും ബഹുമാനവുമാണെന്ന് ഉണ്ണിയേട്ടനറിയാം..
അവൻ പ്ലസ്ടു കഴിഞ്ഞു നിന്നപ്പോൾ ഉണ്ണിയേട്ടൻ
എഞ്ചിനീയറിംങ്ങിന് പോകാൻ പറഞ്ഞു അത് അവൻ കേട്ടില്ല അത് ശരിയാണ്.. അവനിഷ്ട്ടം ഡിഗ്രിയ്ക്കു പോകുന്നതായിരുന്നു. ഡിഗ്രിയ്ക്കു പോയിട്ടും അവൻ തോറ്റൊന്നുമില്ലലോ
ഡിഗ്രിയ്ക്കു പോയ കാര്യമൊന്നും നീ പറയണ്ട.
മൂത്ത രണ്ടാളും ഞാൻ പറഞ്ഞതു കേട്ടു അതു കൊണ്ട് ഇവനെപ്പോലെ കണ്ട ചുമരിന് പേയിൻ്റടിച്ചു നടക്കുവല്ല അവർ.. അമേരിക്കയിൽ നിന്ന് മാസമാസം എൻ്റെ അക്കൗണ്ടിൽ പണം വരുന്നു..
ഇവനോ സ്വന്തം ചിലവിനുള്ള പണം കണ്ടെത്താൻ കഴിയുന്നുണ്ടോ? ഉണ്ണിയേട്ട മനുവും ഇടയ്ക്കു വീട്ടിലേയ്ക്കു സാധനങ്ങൾ വാങ്ങാറില്ലേ?
ചിലവിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് വൈദ്യുതി ബില്ല് അടയ്ക്കാനായിട്ടുണ്ട്.. ഗ്യാസും തീരാനായി അതും ബുക്കു ചെയ്യണം
എൻ്റെ ദീപ അടുത്ത മാസം അഞ്ചാം തിയതിയാവാതെ എൻ്റെ കൈയിൽ പണമുണ്ടാവില്ല.
കഴിഞ്ഞ മാസം അവരിട്ട പൈസയും എൻ്റെ കൈയിലിരുന്ന കുറച്ചു പൈസയുമിട്ട് പള്ളിയ്ക്കടുത്ത് 20 സെൻ്റ് സ്ഥലം വാങ്ങിയത് നീയും അറിഞ്ഞതല്ലേ?
ഇന്ന് അവിടെ തേങ്ങ പറിയ്ക്കാൻ ആളു വരുന്നുണ്ട്. എനിയ്ക്കു അവിടെവരെ പോകണം..
പൈസയ്ക്കു അത്ര അത്യാവിശ്യമുണ്ടെങ്കിൽ അവനോടും ചോദിയ്ക്കു ഡിഗ്രി പഠിച്ചു വലിയ പെയിൻ്ററായതല്ലേ കൈയിൽ പൂത്ത കാശായിരിക്കും.
ആരെയും കളിയാക്കണ്ട ഉണ്ണിയേട്ടാ അവനും ഒരു നല്ലകാലമുണ്ടാകും..
നിന്നോട് തർക്കിക്കാൻ എനിയ്ക്കു സമയമില്ല.. തേങ്ങ പറിയ്ക്കാൻ വരുന്നവർ എന്നെ കണ്ടില്ലേൽ മുങ്ങും പിന്നെ അവരെ കിട്ടാനും ബുദ്ധിമുട്ടാണ്..
കാറുമെടുത്ത് ഉണ്ണി പോകുന്നതും നോക്കി നില്ക്കുന്ന മായയുടെ കണ്ണുപൊത്തി മനു.
മതി കണ്ടത് കടുവ പോയോ?
മനു നീ വേണ്ടാത്തതൊന്നും പറയണ്ട പറഞ്ഞാൽ എൻ്റെ കൈയിൽ നിന്ന് നല്ലത് കിട്ടും നിനക്ക്..
പോയി പല്ലുതേച്ചു വാ ഞാൻ ചായ എടുത്തു വയ്ക്കാം…
ബൈക്കു കഴുക്കിയിട്ടു ചായ കുടിച്ചോളാം മമ്മി…
ഓഹ് അച്ഛനെയും എന്നെക്കാളും ഇഷ്ട്ടമാണല്ലോ നിനക്ക് ഈ ബൈക്ക്.. അച്ഛനോട് വാശി കാണിച്ചു വാങ്ങിയതല്ലേ നീ ഈ ബൈക്ക്..
ഞാൻ ആരോടും വാശി കാണിച്ചില്ല.
പെയിൻ്റിംങ്ങു പണിക്കു കൊണ്ടുപോകാൻ അച്ഛൻ്റെ വണ്ടി തരില്ലെന്നു പറഞ്ഞപ്പോൾ
വാങ്ങിയതല്ലേ? പെയിൻ്റിംങ്ങാണെന്നു പറഞ്ഞു രാവിലെ പോയാൽ രാത്രി പത്താകാതെ നീ വന്നിട്ടുണ്ടോ? നാട്ടിലെ ചന്തകൾ മുഴുവൻ നിൻ്റെ കൂട്ടുകാരാണെന്നും അച്ഛൻ പറഞ്ഞല്ലോ?
കുറച്ചു കാലമായി നേരത്തും കാലത്തും നീ വീട്ടിൽ വരുന്നതു കൊണ്ടാണ് അച്ഛൻ്റെ മുന്നിൽ നിന്നെ ഞാൻ സപ്പോർട്ടു ചെയ്യുന്നത്…
മമ്മി ഇനി ചായ വേണമെന്ന് തോന്നുന്നില്ല.
വയറു നിറഞ്ഞു. മനു നിൻ്റെ ഫോൺ ബെല്ലടിക്കുന്നത് കേൾക്കുന്നില്ലേ നീ ആ ഫോൺ എടുത്തേ അതോ എന്നെ കണ്ടത് കൊണ്ടാണോ എടുക്കാത്തത്…
മനു ഫോണെടുത്തു…
ഹലോ, ചിക്കു പറയട, ഒക്കെ ഞാൻ വരാം
മമ്മി എനിക്കു ചായ വേണ്ട എനിയ്ക്കൊന്നു പുറത്തു പോകണം.
ഇതു തന്നെയാണ് അച്ഛൻ പറയുന്നത്. നിൻ്റെ താന്നോന്നി തരം കൂടുന്നുണ്ട്. മമ്മിയുടെ വാക്കുകൾ കേൾക്കാൻ നില്ക്കാതെ മനു വേഗം ബൈക്കുമെടുത്ത് പുറത്തേയ്ക്കു പോയി…
അമല ഹോസ്പിറ്റലിനു മുന്നിലെത്തുമ്പോൾ മനുവിൻ്റെ കണ്ണിലൂടെ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങിയിരുന്നു..
മനുവിനെ കാത്ത് മനുവിൻ്റെ ഫ്രണ്ട്സ് അവിടെയുണ്ടായിരുന്നു.. പേടിക്കാനൊന്നുമില്ല മച്ചാനെ ഉണ്ണിയേട്ടൻ രാഘവേട്ടൻ്റെ കടയുടെയടുത്ത് ഒന്നു കുഴഞ്ഞു വീണു.. ഞങ്ങൾ കൃത്യസമയത്ത് ഇവിടെയെത്തിച്ചു.. ഹാർട്ടിന് ചെറിയൊരു ബ്ലോക്കുണ്ടന്നാണ് ഡോക്ടർ പറഞ്ഞത്.
മനു അച്ഛനെ കയറി കണ്ടു.. ഡോകടറോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു..
ബ്ലോക്കു മാറ്റാൻ ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടര് മനുവിനോട് പറഞ്ഞു.’ അമ്പതിനായിരം രൂപ ഇപ്പോൾ കെട്ടി വയ്ക്കണം.. ബ്ലഡും കരുതണം. പൈസയും ബ്ലഡും മനുവും കൂട്ടുക്കാരും ചേർന്നു റെഡിയാക്കി….
അച്ഛൻ്റെ അവസ്ഥ കണ്ട് കലങ്ങിയ കണ്ണുകളോടെയിരിക്കുന്ന അമ്മയ്ക്കു ധൈര്യം നല്കിയതും മനുവാണ്..
ഒരു നിഴൽപ്പോലെ ആച്ഛൻ്റെയും അമ്മയുടെയും അരികിലവനുണ്ടായിരുന്നു. ഏട്ടാമത്തെ ദിവസം അച്ഛനെ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേയ്ക്കു കൊണ്ടുവന്നു.
പിറ്റേന്ന് കുറച്ചു ലേറ്റായി ജോലിക്കു പോകാനിറങ്ങുമ്പോഴാണ് TV കണ്ടു കൊണ്ട് അച്ഛനും അമ്മയും ഇരിക്കുന്നത് അവൻ കണ്ടത്…
അച്ഛനെ നോക്കിയവൻ പുഞ്ചിരിച്ചു.
മനു നീ ഭക്ഷണം കഴിക്കുന്നില്ലേ?
ഇല്ല മമ്മി.
ചിക്കു ഇപ്പോൾ വരും എൻ്റെ വണ്ടി സർവ്വീസിന് കൊടുത്തതുകൊണ്ട് ചിക്കു എന്നെ കൂട്ടാൻ വരും പോരാത്തതിന് ഇന്ന് കുറച്ചു ലേറ്റായി.. പുറത്തു നിന്ന് ചിക്കുവിൻ്റെ വണ്ടിയുടെ ഹോണടി കേട്ടപ്പോൾ മനു ഓടി പുറത്തേയ്ക്കു പോയി.. എടി ഇത്ര പ്രായമായിട്ടു നിൻ്റെ മോന് നന്നായി ഒരു നുണ പറയാനും അറിയില്ലലോ.
അവൻ്റെ വണ്ടി സർവ്വീസിന് കൊടുത്തുപ്പോലും..
എൻ്റെ ഓപ്പറേഷനും പണം തേടിയുള്ള ഓട്ടത്തിൽ അവൻ അവൻ്റെ ബൈക്കു വിറ്റു എന്നതല്ലേ സത്യം.?
ഉണ്ണിയേട്ട ഒത്തിരി കൊതിച്ചു വാങ്ങിയതായിരുന്നു അവൻ ആ ബൈക്ക്..
അതിലും കൊതിയും ഇഷ്ടവും നമ്മളോടുള്ളതുകൊണ്ടല്ലേ അവൻ അത് വിറ്റത്.. ഞാൻ എത്ര കുറ്റം പറഞ്ഞാലും നിനക്കറിയാലോ അവൻ്റെ നന്മയ്ക്കു വേണ്ടിയാണ് ഞാൻ പറയുന്നതെന്ന്..
അവൻ ഇങ്ങനെ ഉഴപ്പി നടക്കുന്ന കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.. അതാണ് ഞാൻ ഇടയ്ക്കു എന്തെങ്കിലും പറഞ്ഞു പോകുന്നത്. അര മണിക്കൂർ കഴിഞ്ഞപ്പോൾ മനു തിരികെ വന്നു..
എന്നിട്ടു കൈയിലിരുന്ന ലെറ്റർ മമ്മിയുടെ കൈയിൽ കൊടുത്തവൻ പറഞ്ഞു
കുറച്ചു നാൾ മുമ്പ് ഞാൻ താമസിച്ചു വന്നതിനുള്ള മറുപടി ഇതിലുണ്ട്. കത്ത് തുറന്നു നോക്കിയ ദീപ കാണുന്നത് സംസ്ഥാന പോലിസിൽ SI ആയി കൊണ്ട് മനുവിന് വന്ന നിയമനത്തിൻ്റെ കത്താണ്..
ദീപയുടെ കണ്ണുനിറഞ്ഞു.. മനുവിനെ കെട്ടിപിടിച്ചവൾ കരഞ്ഞു… നോക്കു ഉണ്ണിയേട്ടാ നമ്മുടെ മനുവിന് പോലിസിൽ കിട്ടി…
ഉണ്ണിയുടെ കണ്ണു നിറഞ്ഞു..
അഭിമാന നിമിഷത്തിലും അച്ഛൻ്റെ മുഖത്ത് തലയെടുപ്പോടെ നോക്കാൻ ഭയമായിരുന്നു. മനുവിന്, മനുവിനെ കെട്ടിപിടിച്ചയാൾ പറഞ്ഞു മിടുക്കൻ..