(രചന: J. K)
സ്വന്തം മകന്റെ ജീവനില്ലാത്ത ശരീരം കണ്ണിന്റെ മുന്നിൽ, അയാൾ എത്രമാത്രം തളർന്നിട്ടുണ്ട് എന്ന് അയാളുടെ മുഖം വിളിച്ചു പറഞ്ഞിരുന്നു..
ഞാനൊരു നല്ല അച്ഛനായിരുന്നുവോ അയാൾ വെറുതെ ഒന്ന് ചിന്തിച്ചു നോക്കി…
അല്ല… കൂടുതൽ സ്നേഹിച്ചാൽ മകൻ വഷളായി പോകും എന്നായിരുന്നു താൻ കരുതിയത് അതുകൊണ്ടുതന്നെ എത്ര സ്നേഹമുണ്ടോ അതൊന്നു താൻ അവനു മുന്നിൽ പ്രകടിപ്പിച്ചിരുന്നില്ല എപ്പോഴും അവന് മുമ്പിൽ ഗൗരവമുള്ള ഒരു മുഖം മാത്രമേ പ്രകടിപ്പിച്ചിരുന്നുള്ളൂ….
അവൻ തന്നെ സ്നേഹിച്ചിരുന്നുവോ??
അറിയില്ല അവന്റെ മുഖത്തെപ്പോഴും തന്നോടുള്ള ഭയം മാത്രമേ കണ്ടിട്ടുള്ളൂ..
ചെറുപ്പത്തിലെ മരിച്ചതായിരുന്നു എന്റെ അച്ഛൻ വളർന്നു മുഴുവൻ അമ്മയുടെ വീട്ടിൽ നിന്നാണ് അമ്മാവന്മാരായിരുന്നു എല്ലാ ചെലവുകളും നോക്കിയിരുന്നത്… വലിയ പ്രമാണികൾ അവർ കുട്ടികളോട് ഒന്നും ഒരു അടുപ്പവും കാണിച്ചിരുന്നില്ല… കുട്ടികൾ തിരിച്ചും… തനിക്കൊന്നും ചെറുപ്പത്തിൽ ഒരു ആവശ്യം പോലും നിറവേറിയിരുന്നില്ല എന്ത് വേണമെങ്കിലും പറയാൻ ഭയമായിരുന്നു. ആദ്യം അമ്മയോട് പോയി പറയും… ന്യായം ആണെങ്കിൽ അമ്മ അമ്മാവന്മാരോട് പറഞ്ഞു കിട്ടിയാലായി അതിപ്പോ എഴുതാനുള്ള ഒരു പെൻസിൽ ആണെങ്കിൽ പോലും..
അതുകൊണ്ട് അന്നേ തീരുമാനിച്ചിരുന്നു, അച്ഛനെപ്പോലെ അകാലത്തിൽ താൻ ഇല്ലാതായാലുംമക്കൾ കഷ്ടപ്പെടരുത് എന്ന്… മക്കൾക്ക് എന്ത് ആവശ്യം വന്നാലും അതിനവർ ആരുടെയും മുന്നിൽ കൈ നീട്ടാൻ ഇട വരരുത് അവർക്കായി കുറേ സമ്പാദിച്ച് ബാങ്കിലിട്ടു..
അവരെ ഏറ്റവും നല്ല സ്കൂളിൽ ആയച്ചു പഠിപ്പിച്ചു… ഒരു കുറവും വരുത്താതെ നോക്കി..
പക്ഷേ ഒരു പ്രായം കഴിഞ്ഞപ്പോൾ അവരെ അകറ്റി നിർത്തി..
അല്ലെങ്കിൽ അവർ വഷളായാലോ…
മൂത്തതാണ് കണ്ണൻ ഇപ്പോൾ മുന്നിൽ ഇങ്ങനെ കിടക്കുന്നവൻ..
ഇളയത് മോളാണ് മിന്നു..
രണ്ടുപേരും എന്റെ പ്രാണനാണ് പക്ഷേ അത് അവരുടെ മുന്നിൽ കാണിച്ചിട്ടില്ല..
അവന് കോളേജിലേക്ക് പോകാൻ ഒരു ബൈക്ക് വേണം എന്ന് അമ്മയോട് പറഞ്ഞപ്പോൾ ആദ്യം വെറുതെ അവർ കേൾക്കാൻ ഒന്ന് എതിർത്തു പറഞ്ഞു… എന്തും ആവശ്യപ്പെട്ടാൽ അപ്പോൾ തന്നെ വാങ്ങിക്കൊടുത്താൽ അവരത് കാണും പിന്നെ എന്തെങ്കിലും കിട്ടിയിട്ടില്ലെങ്കിൽ അവർക്ക് സഹിക്കാൻ പറ്റില്ല എന്നൊക്കെ ആയിരുന്നു എന്റെ വിശ്വാസം… ഒരു അളവ് വരെ അതിൽ കാര്യമുണ്ട് താനും..
അവനായുള്ള ബൈക്ക് വാങ്ങി താക്കോൽ അവന്റെ കയ്യിൽ കൊടുക്കുമ്പോൾ ആ മുഖത്തെ സന്തോഷം ഇപ്പോഴും മനസ്സിലുണ്ട്…
അതുകണ്ട് എന്റെ മനസ്സുനിറഞ്ഞെങ്കിലും അവന്റെ മുന്നിൽ ഞാൻ അത് പ്രകടിപ്പിച്ചില്ല…
മോളുടെയും മോന്റെയും ഓരോ സന്തോഷത്തിന്റെ നിമിഷങ്ങളും എന്റെ മനസ്സിൽ അതുപോലെ നിൽപ്പുണ്ട്..
ഇതാണ് സ്നേഹം എന്നായിരുന്നു എന്റെ വിചാരം പക്ഷേ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത് രണ്ടുദിവസം മുമ്പ് അവനവന്റെ അമ്മയോട് പറയുന്നത് കേട്ടപ്പോഴാണ്..
കോളേജിൽ നിന്ന് എല്ലാവരും ടൂർ പോകുന്നുണ്ട് അവനും പോകണം എന്നുണ്ട് അതിന് അവസാനദിവസം നാളെയാണ് പൈസ കൊടുക്കാൻ… അവന് അടയ്ക്കാനുള്ള പൈസ വേണം എന്ന് അവൻ അവന്റെ അമ്മയോട് ചോദിച്ചപ്പോൾ,
അവൾ പറയുന്നത് കേട്ടു നിന്റെ അച്ഛനോട് ചോദിക്ക് എന്ന്..
അപ്പോഴാണ് അവൻ പറഞ്ഞത്,
“”” എങ്ങനെ ചോദിക്കാനാണ് അച്ഛന് ഞങ്ങൾ എന്തെങ്കിലും ആവശ്യപ്പെടുന്നതൊക്കെ ദേഷ്യം അല്ലേ എന്ന്.. അവന് എന്നോട് സംസാരിക്കാൻ പോലും പേടിയാണെന്ന്…
അപ്പോൾ മുതൽ ഞാൻ ചിന്തിക്കുന്നതാണ് എനിക്ക് എന്തെങ്കിലും തെറ്റുപറ്റിയോ എന്ന്..
മനസാക്ഷി സൂക്ഷിപ്പുകാരനായ കൂട്ട് കാരനോട് പറഞ്ഞപ്പോഴും അവനും അങ്ങനെ തന്നെയാണ് പറഞ്ഞത്..
എടോ ഈ സ്നേഹം എന്ന് പറയുന്നത് നല്ല മധുരമുള്ള ഒരു സാധനമാ അതിങ്ങനെ മനസ്സിൽ അടക്കിപ്പിടിച്ച് വയ്ക്കാനുള്ളതല്ല ഇടയ്ക്കൊക്കെ തുറന്നുകാണിക്കാനും ഉള്ളതാണ് എന്ന്..
എടോ താൻ നല്ലൊരു അച്ഛനാണ് പിന്നെ എന്തിനാണ് ഈ മസില് പിടിച്ചു നിൽക്കുന്നത് തന്റെ കുഞ്ഞുങ്ങളല്ലെടോ… അതങ്ങ് വിടടോ എന്നിട്ട് അതുംങ്ങളുടെ കൂട്ടത്തിൽ കൂട്..
അവൻ പറയുന്നത് ശരിയാണെന്ന് തോന്നി..
എന്റെ മനോഭാവത്തിൽ മാറ്റം വരുത്തണം എന്ന് എനിക്കും തോന്നി..
പക്ഷേ പിന്നെ അറിഞ്ഞത് വേഗത്തിൽ പോയിരുന്ന ഒരു കാറിടിച്ച് അവന്റെ ബൈക്ക് ആക്സിഡന്റ് ആയി എന്റെ പൊന്നുമോൻ……
സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു…
ആകെ തളർന്ന് അവന്റെ മരവിച്ച ശരീരത്തിന് മുന്നിൽ ഞാൻ ഇരുന്നു..
“‘””അങ്കിൾ “”
എന്ന് വിളിച്ച് ഒരു പെൺകുട്ടി എന്റെ അരികിൽ വന്നിരുന്നു…
“” ഞാൻ, മനുവിന്റെ ഫ്രണ്ട് ആണ് എന്ന് അവൾ എന്റെ കൈ പിടിച്ചുപറഞ്ഞു..
അറിയാതെ ഉള്ളിൽ നിന്നൊരു തേങ്ങൽ വന്നു…
അവന്റെ ഒരു കാര്യങ്ങളും അറിയില്ലായിരുന്നു.. അവന്റെ ഫ്രണ്ട്സിനെയോ… ഇഷ്ടങ്ങളോ ഒന്നും…
“” അവൻ എന്നെ പറ്റി എന്തെങ്കിലും പറയാറുണ്ടോ?? “”
എന്ന് ചോദിച്ചപ്പോഴേക്ക് അയാളുടെ സ്വരം ആകെ പതറി പോയിരുന്നു..
“”‘ മനുവിന് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ളത് അവന്റെ അച്ഛനെയാ… അതവൻ എപ്പോഴും ഞങ്ങളോട് പറയാറുണ്ട്…””
പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…
പൊട്ടി പൊട്ടി കരഞ്ഞു…
അവൾ അത്രയും നേരം എന്റെ അരികിൽ തന്നെ ഇരുന്നു എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം..
“”‘ സത്യമാണ് അവൻ പറഞ്ഞ് ഞങ്ങൾക്കും ഏറെ ഇഷ്ടമാണ് അച്ഛനെ..””
“‘പക്ഷേ ഞാനൊന്നും.. അവനെ… അവനെ ഒന്ന് ചേർത്ത് പിടിച്ചിട്ട് പോലുമില്ല മോളെ…”””
ഒരു കുറ്റസമ്മതം പോലെ അയാൾ അവളോട് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു…
“”‘ എന്നാലും അവന് അറിയാമായിരുന്നു അങ്കിളേ… ഒത്തിരി സ്നേഹമുള്ള അവന്റെ അച്ഛനെ.. അവൻ പറയുന്നതെല്ലാം മേടിച്ചു കൊടുത്ത് വിട്ടു നിന്ന് അവരെ സ്നേഹിക്കുന്ന അവന്റെ അച്ഛനെ പറ്റി പറയുമ്പോൾ പലപ്പോഴും അവൻ വാചാലൻ ആകാറുണ്ട്….
ഒരച്ഛന്റെ സ്നേഹം കിട്ടാതെ, വരണ്ട ബാല്യമുള്ള അവന്റെ അച്ഛൻ പക്ഷേ മക്കളുടെ ബാല്യം തന്റേതു പോലെ ആവാതിരിക്കാൻ അവർക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു നാളെ ഒരു ബുദ്ധിമുട്ടും അവർക്ക് ഉണ്ടാവരുത് എന്ന് ആത്മാർത്ഥമായി മോഹിച്ച തന്റെ അച്ഛനെ അവന് മനസ്സിൽ ദൈവത്തിന്റെ ഒപ്പമായിരുന്നു സ്ഥാനം..”””
നല്ലപോലെ അവനോടൊന്ന് സ്നേഹം കാണിച്ചിട്ട് പോലുമില്ല.. ദേഷ്യപ്പെട്ടിട്ടേ ഉള്ളൂ. എന്ത് ചോദിക്കും വാങ്ങി തരില്ല എന്ന് ആദ്യം പറഞ്ഞിട്ടുള്ളൂ പിന്നീട് അത് വാങ്ങി കൊടുത്തിട്ടുണ്ടെങ്കിൽ പോലും.. എന്നിട്ടും ഇത്രമേൽ തന്നെ മനസ്സിലാക്കിയ മകനെ ഓർത്ത് ആ പിതാവിന്റെ ഉള്ളു വേദനിച്ചു…
“”മോളുടെ പേര്?””
എന്ന് ചോദിച്ചപ്പോൾ അവന്തിക എന്ന് അവൾ പറഞ്ഞു അവൻ എന്ന് അവർ ഒരുമിച്ചാണ് പഠിച്ചിരുന്നത് ഞങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നു എന്ന്…
മോൾ ഇരിക്ക് എന്ന് പറഞ്ഞ് അയാൾ എഴുന്നേറ്റു…
അവിടെ തളർന്നിരുന്നാൽ ശരിയാവില്ല എന്ന് അയാൾക്ക് മനസ്സിലായിരുന്നു..
തന്നെക്കാൾ തളർന്ന് അവന്റെ അമ്മയും അനിയത്തിയും അവിടെ ഇരിക്കുന്നുണ്ട് അവർക്ക് താൻ മാത്രമേ ഉള്ളൂ ധൈര്യം കൊടുക്കാൻ ഇപ്പോൾ താൻ തളർന്നു പോയിട്ടുണ്ടെങ്കിൽ പിന്നെ അവരും അതിന്റെ പതിന്മടങ്ങായി തകർന്നുപോകും അതുകൊണ്ട് തന്നെ അയാൾ എണീറ്റ് ചെന്ന് അയാളുടെ ഭാര്യയെയും മകളെയും ചേർത്തുപിടിച്ചു..
ഇത്രയും വലിയൊരു നഷ്ടത്തിൽ ചാരാൻ ഒരു തോൾ വേണമായിരുന്നു അവർക്ക്..
അവരെ ചേർത്തുപിടിച്ച് മിഴികൾ അടച്ചു..
നികത്താനാവാത്ത നഷ്ടമാകുന്നവർക്ക് ഉണ്ടായത് അറിയാമായിരുന്നു ഇനി അതിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ചിലപ്പോൾ വിധി അങ്ങനെയാണ് രംഗബോധമില്ലാത്ത കോമാളിയെ പോലെ ജീവിതത്തിലേക്ക് കടന്നുവരും പ്രിയപ്പെട്ടത് എന്ന് കരുതുന്ന പലതും തട്ടിയെടുത്തു കൊണ്ടുപോകും…
മനുഷ്യർക്ക് നിസ്സഹായനായി അത് നോക്കി നിൽക്കാൻ മാത്രമേ ആകൂ..
ഇവിടെയും അതുപോലെ തന്നെ..
എല്ലാം കഴിഞ്ഞ് അവിടെ നിന്നും വിട പറഞ്ഞു പോകുന്നതിനു മുന്നേ അവന്തിക അങ്കിളിനെ കാണാൻ ചെന്നിരുന്നു…
രണ്ടു കൈകളും കുപ്പി അയാൾ അവൾക്ക് നന്ദി പറഞ്ഞു ഒരുപക്ഷേ അവൾ പറഞ്ഞതൊന്നും അറിഞ്ഞില്ലായിരുന്നെങ്കിൽ അയാൾക്ക് സ്വയം നഷ്ടപ്പെട്ടേനെ…
ഭ്രാന്ത് പിടിച്ചേനെ…
പക്ഷേ എങ്കിലും അതിനുശേഷം ചിലപ്പോഴെങ്കിലും മകൾ ചേർത്ത് പിടിക്കാൻ അയാൾ തയ്യാറായിരുന്നു അവളോട് സ്നേഹം കാണിക്കാനും..
പ്രിയപ്പെട്ട കൂട്ടുകാരൻ പറഞ്ഞതായിരുന്നു അപ്പോഴും അയാളുടെ മനസ്സിൽ ഈ സ്നേഹത്തിന് വല്ലാത്ത മധുരമാണ്, അതൊരിക്കലും ഒളിപ്പിച്ചു വയ്ക്കാനുള്ളതല്ല പകർന്നു കൊടുക്കാനുള്ളതാണ് എന്ന്..