അയാൾ കാര്യം കഴിഞ്ഞപ്പോൾ പൊടിയും തട്ടിപ്പോയി അപ്പോഴാണ് അമ്മ ഗർഭിണിയാണ് എന്നറിഞ്ഞത്…

(രചന: Jk)

“”” ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ!!!”

എന്ന് ആരോ പറഞ്ഞപ്പോൾ പെണ്ണിന് പുറകെ ചെന്നു ഹരീഷ്,

അവൾ നടന്ന മുറ്റത്തെ മാവിൻചുവട്ടിലേക്കാണ് പോയത്.. മുഖത്തേക്ക് നോക്കാനുള്ള മടി കൊണ്ട് ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു ആ പെണ്ണ്. കാണാൻ ഐശ്വര്യമുള്ള ഒരു കുട്ടി..
ഒറ്റനോട്ടത്തിൽ തന്നെ ഹരീഷിന് നിമിഷയെ ഇഷ്ടമായിരുന്നു..

പക്ഷേ തനിക്ക് ഇഷ്ടപ്പെടുന്നതിനേക്കാൾ ഇനിയും ഒരുപാട് കടമ്പകൾ ഉണ്ട് എന്നത് അവന് അറിയാമായിരുന്നു..

“” എടോ എനിക്ക് തന്നോട് ഒന്നു സംസാരിക്കണം എനിക്ക് പറയാനുള്ളതെല്ലാം കേട്ട് കഴിഞ്ഞിട്ട് തീരുമാനിക്കാം ഈ വിവാഹവുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന്!””

ഹരീഷ് അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ നിമിഷ ഉറപ്പിച്ചിരുന്നു ഏതോ തേപ്പ് കിട്ടിയ കഥയാകും എന്ന് എന്തായാലും കേൾക്കാം എന്ന് കരുതി ഇരുന്നപ്പോഴാണ് ഹരീഷ് പറഞ്ഞു തുടങ്ങിയത്..

“” എന്റെ അമ്മയുടെ ഭർത്താവ് മരിച്ചു കഴിഞ്ഞ് ഉണ്ടായ മകനാണ് ഞാൻ!!””

“”എന്താ??”””

ഹരീഷ് പറഞ്ഞത് മനസ്സിലാകാതെ നിമിഷ വീണ്ടും ചോദിച്ചു..

“”” അതേടോ എന്റെ അമ്മ വിവാഹം കഴിച്ചിരുന്ന ആള് മരിക്കുമ്പോൾ അമ്മയ്ക്ക് രണ്ട് പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവരെയും നോക്കി ദാരിദ്ര്യവും പട്ടിണിയുമായി കഴിഞ്ഞു കൂടുകയായിരുന്നു അമ്മ…
നന്നേ ചെറുപ്പത്തിൽ തന്നെ വിധവയാകേണ്ടി വന്ന അമ്മയ്ക്ക് ആ രണ്ട് പെൺകുട്ടികളെ വളർത്താൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു…

മറ്റൊരു വിവാഹത്തെ പറ്റി ആരോ സൂചിപ്പിച്ചെങ്കിലും അമ്മ തന്നെയാണ് വേണ്ട എന്ന് വച്ചത്..

ഈ മനുഷ്യമനസ് വല്ലാത്തൊരു സംഗതിയാണ് അത് എപ്പോഴാണ് മാറുക അല്ലെങ്കിൽ അനുചിതമായി പ്രവർത്തിക്കുക എന്നൊന്നും പറയാൻ പറ്റില്ല അത് തന്നെയാണ് അമ്മയുടെ ജീവിതത്തിൽ സംഭവിച്ചതും എല്ലാ സഹായവുമായി ഒരു കുടുംബക്കാരൻ എത്തിയതും അമ്മ അയാളുടെ സ്നേഹത്തിൽ വിശ്വസിച്ചു..

അയാൾ അമ്മയോടും തിരിച്ച് വല്ലാത്ത സ്നേഹം കാണിച്ചു എന്റെ രണ്ടു ചേച്ചിമാരെയും പൊന്നുപോലെ നോക്കുന്നതായി അഭിനയിച്ചു അമ്മ അതിൽ വീണുപോയി… മക്കളെ സ്വന്തം പോലെ കാണുന്ന ഒരാൾ വരുമോ എന്ന് സംശയത്തിലാണ് ഒരു വിവാഹം പോലും അമ്മ വേണ്ട എന്ന് വച്ചിരുന്നത്!!!

ഇതിപ്പോ അയാൾക്ക് ആ കുട്ടികൾ സ്വന്തം പോലെ തന്നെയാണ് അതിൽ കൂടുതൽ ഒന്നും അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നില്ല പക്ഷേ അയാൾ കാര്യം കഴിഞ്ഞപ്പോൾ പൊടിയും തട്ടിപ്പോയി അപ്പോഴാണ് അമ്മ ഗർഭിണിയാണ് എന്നറിഞ്ഞത്.

വേണമെങ്കിൽ അമ്മയ്ക്ക് എന്നെ വയറ്റിൽ വച്ച് തന്നെ ഇല്ലാതാക്കാമായിരുന്നു പക്ഷേ അമ്മ അതിനു മുതിർന്നില്ല പകരം എന്നെ പ്രസവിച്ച് എന്നെ വളർത്തി..

പക്ഷേ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു അമ്മ ഒരു വഴി പിഴച്ചവൾ ആണെന്ന് സമൂഹം മുദ്രകുത്തി രണ്ടു പെൺമക്കൾ അമ്മയുടെ കൂടെ നിന്നാൽ ചീത്തയാകും എന്നും പറഞ്ഞു അവരെ അച്ഛന്റെ പെങ്ങൾ വന്ന് അവരെ രണ്ടുപേരെയും കൊണ്ടു പോയി…!!

അത്രയും നാൾ ഇല്ലാതിരുന്ന ബന്ധുക്കളെല്ലാം അപ്പോൾ പൊന്തിവന്നു കുറ്റപ്പെടുത്താൻ വേണ്ടി മാത്രം അമ്മയെ ഒറ്റപ്പെടുത്താൻ വേണ്ടി മാത്രം. പക്ഷേ അവിടെയൊന്നും അമ്മ തളർന്നില്ല എനിക്ക് വേണ്ടി അമ്മ ജീവിച്ചു എന്നെ പ്രസവിച്ചു ഇതാ ഇത്രയും വലുതാക്കി ഇപ്പോഴും ചേച്ചിമാരോ അല്ലെങ്കിൽ അച്ഛന്റെ കുടുംബക്കാരോ തിരിഞ്ഞു പോലും നോക്കിയില്ല അമ്മ പണിയെടുത്താണ് എന്നെ വളർത്തിയത്!!!

അമ്മയെ ഈ സ്ഥിതിയിലാക്കിയ ആള് ഭാര്യയും കുഞ്ഞുങ്ങളുമായി ഇപ്പോഴും മാന്യനായി കഴിയുന്നുണ്ട്… അയാളെ സമൂഹത്തിന്റെ മുന്നിൽ തുറന്നു പറയില്ല എന്ന് അമ്മ തന്നെ തീരുമാനിച്ചിരുന്നു.

കാരണം നട്ടെല്ലില്ലാത്തവന്റെ കുഞ്ഞാണ് തന്റെ വയറ്റിൽ കിടക്കുന്നത് എന്ന് ആളുകൾ അറിയുന്നതിനേക്കാൾ നല്ലത് എന്റെ കുഞ്ഞിന് അച്ഛനില്ല എന്ന് പറയുന്നത് തന്നെയാണെന്ന് വിശ്വസിച്ചു അമ്മ…

ചേച്ചിമാരുടെ വിവാഹം പോലും അമ്മയെ അറിയിച്ചില്ല അമ്മയ്ക്ക് അതെല്ലാം ഒരുപാട് സങ്കടം ഉണ്ടാക്കിയിരുന്നു ഞാൻ പറയുമായിരുന്നു എന്റെ കല്യാണം അമ്മ മുന്നിൽ നിന്ന് നടത്തി തരണം എന്ന്…

ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അമ്മ
ഞാനും അമ്മയും തനിച്ചായിരുന്ന രാത്രികളിൽ ഞങ്ങളുടെ വാതിലിൽ മുട്ടാത്തവരായി ആരുമില്ല പല പകൽ മാന്യന്മാരുടെയും വൃത്തികെട്ട മുഖം ഞങ്ങളിപ്പോൾ കണ്ടിട്ടുണ്ട് പക്ഷേ അന്നും എന്റെ അമ്മ എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച് ധീരമായി തന്നെ എല്ലാത്തിനെയും നേരിട്ടു..

പക്ഷേ അപ്പോഴും അമ്മയ്ക്കുള്ള ചീത്തപ്പേര് മാറിയിരുന്നില്ല.. എന്നോട് അമ്മ എപ്പോഴും പറയുമായിരുന്നു ഇതെല്ലാം മാറണമെങ്കിൽ നീ പഠിക്കണം നല്ലൊരു ജോലി നേടണം എന്ന് അതെല്ലാം ചെയ്തു.. ഇന്ന് നല്ലൊരു ജോലിയും അത്യാവശ്യം കേറിക്കിടക്കാൻ നല്ലൊരു വീടും ഞാൻ ഉണ്ടാക്കി ഇതുവരെ താമസിച്ചിരുന്നിടത്തല്ല അവിടെ നിന്നും കുറച്ചു ദൂരെ മാറി..

ആർക്കും ഞങ്ങളെ പറ്റി കൂടുതൽ ഒന്നും അറിയാത്തതുകൊണ്ട് ഇപ്പോൾ താമസിക്കുന്നിടത്ത് നല്ല നിലയും വിലയും ആണ് അതുകൊണ്ടുതന്നെയാണ് അവിടെ നിന്ന് ധാരാളം കല്യാണ ആലോചനകളും വന്നിരുന്നത് പക്ഷേ എനിക്ക് നിർബന്ധമുണ്ട് എന്റെ പാസ്റ്റ്,

എന്നെപ്പറ്റി എല്ലാതും അറിഞ്ഞ ഒരു പെൺകുട്ടി മാത്രമേ എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പാടുള്ളൂ എന്ന് കാരണം പിന്നീട് ഇതൊരു പ്രശ്നമാവരുതല്ലോ!!!””

ഹരീഷ് പറഞ്ഞതെല്ലാം കേട്ടുകൊണ്ട് നിന്നു നിമിഷ..

“”” ഞാൻ ഞാനെന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല ഒരുപക്ഷേ ഇതെല്ലാം വീട്ടിലറിഞ്ഞാൽ അവർ ഈ വിവാഹത്തെ എതിർക്കും ആയിരിക്കും!!!”””

നിമിഷ അങ്ങനെ പറഞ്ഞപ്പോൾ എന്തോ ഹരീഷിന്റെ മുഖം ഒന്ന് വാടി അവളെ കണ്ടപ്പോൾ തന്നെ ഇഷ്ടമായതാണ് നല്ല ഐശ്വര്യമുള്ള ഒരു കുട്ടി എവിടെയൊക്കെയോ ഉള്ള ഒരു നിഷ്കളങ്കത എല്ലാം അവനെ വല്ലാതെ ആകർഷിച്ചിരുന്നു…

അൽപനേരത്തെക്കെങ്കിലും അവൾ തന്റെ ജീവിതസഖിയായി വന്നിരുന്നെങ്കിൽ എന്ന് മോഹിച്ചു പോയി പക്ഷേ സാരമില്ല

കാരണം ഓരോന്ന് മോഹിക്കുന്നതും അതെല്ലാം കയ്യിൽ നിന്ന് അകന്നു പോകുന്നതും ഒന്നും തനിക്ക് പുത്തരിയല്ല ചെറുപ്പം മുതലേ അവഗണനയും കുത്തുവാക്കുകളും സഹിച്ചാണ് വളർന്നത് അതുകൊണ്ടുതന്നെ ആ തരത്തിൽ രൂപപ്പെട്ടിട്ടുണ്ട് മനസ്സും ശരീരവും..
എന്നുവച്ച് ഒട്ടും സങ്കടമില്ല എന്നല്ല എന്റെ സങ്കടം വന്നാലും അത് സഹിക്കാനുള്ള ഒരു മനസ്സും ഉണ്ട്..

“”” സാരമില്ലടോ അതുകൊണ്ടുതന്നെയാണ് ഞാൻ എല്ലാം തന്നോട് തുറന്നു പറഞ്ഞത് ഒരുവിധം ആളുകൾക്കൊന്നും ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല!! ചിലപ്പോൾ നമ്മുടെ തെറ്റല്ലാത്തതിനു പോലും ശിക്ഷ അനുഭവിക്കേണ്ടിവരും… എനിക്കിപ്പോ അതൊക്കെ ശീലമായി!! പോട്ടെ!!!””

അതും പറഞ്ഞ് നടന്നവനെ പുറകിൽ നിന്ന് വിളിച്ചു നിമിഷ..

“”” ഞാൻ പറയുന്നത് മുഴുവൻ ആയിട്ടില്ല!!! അതെ അങ്ങനെ വീട്ടിൽ എതിർപ്പ് ഉണ്ടായാലും ഞാൻ സമ്മതിച്ചു കൊള്ളാം… എനിക്ക് ഒന്നു മറച്ചുവയ്ക്കാതെ എല്ലാം തുറന്നുപറഞ്ഞ് ഇയാളെ തന്നെ മതി എന്ന് പറഞ്ഞോളാം!!!””

അത് കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ആദ്യമായിട്ടാണ് മോഹിച്ചത് തന്റെ കയ്യിൽ വന്ന് ചേരുന്നത്…

നിമിഷ പറഞ്ഞതുപോലെ സത്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അവരുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു..

“”” ഇതിൽ ഹരീഷേട്ടൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് നിങ്ങൾ പറഞ്ഞ് താ!!””

എന്ന് അവൾ ചോദിച്ചപ്പോൾ അവർക്ക് ആർക്കും മറുപടിയുണ്ടായിരുന്നില്ല..
കുറേ അവരോട് കരഞ്ഞ് പറഞ്ഞപ്പോൾ അവരും ഹരീഷിന്റെ ഭാഗത്തുനിന്ന് ചിന്തിക്കാൻ തയ്യാറായി പിന്നെ അവരുടെ സമ്മതത്തോടെ ഈ വിവാഹവും നടന്നു…

തന്നെ മനസ്സിലാക്കിയവളെ!! ആദ്യമായി ചേർത്തുപിടിച്ച് പ്രാണനെ പോലെ തന്നെയായിരുന്നു ഹരീഷും കൊണ്ട് നടന്നത്..

സ്വർഗ്ഗം പോലുള്ള അവരുടെ ജീവിതം കണ്ട് നിമിഷയുടെ വീട്ടുകാർക്ക് മനസ്സിലായിരുന്നു തങ്ങൾക്ക് തെറ്റുപറ്റിയിട്ടില്ല എന്ന്…