വേലക്കാരി
(രചന: ഗ്രീഷ്മ)
എത്രയോ കാലത്തെ ശ്രമത്തിനു ശേഷം എനിക്ക് ആനന്ദിന്റെ ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടി . കുട്ടികൾക്ക് സ്കൂളിലും ഞങ്ങൾക്ക് ഓഫീസിലും പോകാൻ സൗകര്യത്തിന് ഒരു വീട് അന്വേഷിക്കുന്നതായി പിന്നത്തെ ശ്രമം .
കിട്ടിയതോ, ആവശ്യത്തിനും നാലിരട്ടി വലിപ്പത്തിലൊരു വീട് .ഏതോ അമേരിക്കകാരുടേതാണ് .താങ്ങാൻ പറ്റാത്ത വാടകയും ഇല്ല . ഒന്നും നോക്കാതെ അങ്ങോട്ട് മാറി.
ഇത്രയും കാലം നാട്ടിൽ അമ്മയുടെ കൂടെ ആയിരുന്നതുകൊണ്ട് ഒരു ടെൻഷനും അറിഞ്ഞിരുന്നില്ല.
ഇതിപ്പോ രാവിലെ എണീറ്റ് ജോലിയെല്ലാം തീർത്ത് കൈയ്യിൽ കിട്ടിയ ചുരിദാറും ഇട്ട് ഓടി പുറത്തെത്തുമ്പോഴേക്കും ഓഫീസിൽ പോകാൻ വൈകിയതിന് ആനന്ദ് ശകാരം തുടങ്ങിയിട്ടുണ്ടാവും. തിരിച്ചു വന്നാലും തിരക്കോടു തിരക്ക് തന്നെ .
വീട് ഒരാഴ്ചക്കുള്ളിൽ ആൾക്കാരെ കേറ്റാൻ കഴിയാത്ത വിധം അലങ്കോലപ്പെട്ടു .ഒരു വേലക്കാരി കൂടിയേതീരൂ എന്നായപ്പോൾ അന്വേഷിച്ചു കണ്ടുപിടിക്കാനുള്ള ബാധ്യത ഓഫീസിലെ ആയമ്മയെ ഏൽപ്പിച്ചു .
രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ,ഒരു ഞായറാഴ്ച, വേലക്കാരി റെഡി ആയിട്ടുണ്ടെന്ന് അവർ അറിയിച്ചു .ഫോൺ വച്ച് അധികനേരമാവും മുമ്പേ രണ്ടുപേരും എത്തി .കൂടെ വന്ന പെണ്ണിൻറെ സൗന്ദര്യം കണ്ട് ഞങ്ങൾ കുടുംബസമേതം വായും പൊളിച്ചു ഇരുന്നുപോയി .
വെളുത്തു മെലിഞ്ഞു മാന്മിഴികളും ചെഞ്ചുണ്ടുകളും ചുരുൾമുടിയുമൊക്കെയായി പത്തിരുപത്താറ് വയസ്സുള്ള ഒരു സുന്ദരി .വന്നപാടെ എന്റെ കാലിൽ വീണ് കരഞ്ഞു തുടങ്ങി .
കാശുള്ള ഒരു അമ്മയുടെ വീട്ടിലായിരുന്നുവത്രെ ഇത്രയും നാൾ ജോലി ചെയ്തത് .അവർ മരിച്ചപ്പോൾ മക്കൾ വീട് വിൽക്കാനുള്ള ഒരുക്കമായി..
ആരോരുമില്ലാത്ത അവൾ തെരുവിലുമായി. ഇതാണ് അവളുടെ കഥ .ഇപ്പോൾ അവൾക്ക് സുരക്ഷിതമായി താമസിക്കാൻ ഒരിടം വേണം .ശമ്പളം ഒരു പ്രശ്നമല്ല .
“ഇതുപോലുള്ള രൂപഭാവമുള്ളതിനെയൊന്നും ഇവിടെ വെക്കേണ്ട ” ആനന്ദ് ശബ്ദം താഴ്ത്തി പറഞ്ഞു .
അത് ഊഹിച്ചാവും അവൾ ഒടിച്ചെന്നു പൊട്ടിക്കരഞ്ഞു ആനന്ദിന്റെ കാലിലേക്കൊരു വീഴ്ച .അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞങ്ങൾ അവളെ വേലക്കാരിയായി പ്രഖ്യാപിച്ചു.
അവൾ ചെയ്യുന്ന പണികളൊക്കെ ഗംഭീരം തന്നെ. എനിക്ക് വീട്ടിൽ ഒരു ജോലിയുമില്ല . ഒരുങ്ങിക്കെട്ടി ഓഫീസിൽ പോണം വരണം.
കുട്ടികളാണെങ്കിൽ പഠിപ്പും കളിയുമെല്ലാം അവളുടെ കൂടെയാക്കി .ആനന്ദിനും അവളോട് ആദ്യമുണ്ടായിരുന്ന എതിർപ്പൊക്കെ മാറി .
അവൾ വന്നു മൂന്നു നാലു മാസമായിക്കാണും , ഒരു ദിവസം രാവിലെ ഒരു ഛർദിയും തലകറക്കവുമൊക്കെ . ഡോക്ടറുടെ അടുത്ത് പോകാൻ നിർബന്ധിച്ചിട്ടും അവൾ വന്നില്ല . ‘ഒറ്റയ്ക്ക് തന്നെ പൊയ്ക്കോളാ’ മെന്ന് .
പിന്നീടുള്ള ദിവസങ്ങളിലും ഇത് ആവർത്തിച്ചപ്പോൾ എൻ്റെ ഉള്ളിൽ തീ ആളിതുടങ്ങി .ജീവിതത്തിൽ ആദ്യമായി ഞാൻ ആനന്ദിനെ സംശയിച്ചു.
അവളുടെ വിവരങ്ങൾ പറഞ്ഞപ്പോൾ അവളെ എത്രയും വേഗം പറഞ്ഞുവിട്ടേക്കാനാണ് അയാൾ പറഞ്ഞത് .പിന്നീടുള്ള ദിവസങ്ങളിൽ അവർ പരസ്പരം ഇടപഴകുന്നത് വീക്ഷിക്കുന്നതായി എന്റെ പ്രധാന ജോലി .സംശയിക്കത്തക്കതായി ഞാനൊന്നും കണ്ടില്ല .
പതിനാറു വയസ്സുള്ള മകൻറെ പിറകെയായി പിന്നീടുള്ള എൻ്റെ നടത്തം . അവനോട് പറയാൻ പറ്റുന്ന ഭാഷയിൽ അവൾ പ്രഗ്നൻറ് ആണെന്ന് ഞാൻ അറിയിച്ചപ്പോൾ ‘അതിന് ആ ചേച്ചി കല്യാണം കഴിച്ചോ ‘എന്ന് നിഷ്കളങ്കമായി അവൻ തിരിച്ചു ചോദിച്ചു .
അവളോട് ചോദിച്ചപ്പോൾ അവൾക്ക് ഈ രക്തത്തിൽ പങ്കില്ല എന്ന മട്ടിലാണ് ഉത്തരം . ഇതെന്തു മറിമായം യേശു ദേവൻ്റെ തിരുപ്പിറവിപോലെ വല്ലതും ആണോ .
അഞ്ചാറു മാസമായപ്പോൾ വയർ ചെറുതായി പുറത്തേക്കു കാണാൻ തുടങ്ങി . ഒരുനാൾ മെഡിക്കൽ ഷോപ്പിൽ പോകുന്നത് കണ്ടതല്ലാതെ മറ്റാരുമായും ഇടപഴകുന്നത് ഞാൻ കണ്ടേ ഇല്ല .എന്തിൻറെ മരുന്നാണോ എന്തോ .
ഏതായാലും മരുന്ന് കഴിച്ച് അബോർഷൻ ചെയ്യാനുള്ള സ്റ്റേജ് ഒക്കെ കഴിഞ്ഞിരിക്കുന്നു
അവളുടെ വീർത്തുവരുന്ന വയർ ആനന്ദും ശ്രദ്ധിച്ചു കാണും “അവൾക്കെന്താ വയ്യേ ” എന്ന് ചോദിച്ചപ്പോൾ ഞാൻ ചെറിയ ചൊടിയോടെ പറഞ്ഞു.
“ഇക്കാലത്ത് ആർക്കും ആരെയും വിശ്വസിക്കാൻ കൊള്ളില്ല “
“നീ എന്നെ സംശയിക്കുന്നുണ്ടോ? “
മറുപടിയായി ഞാൻ ‘ഉണ്ട് ‘എന്ന അർത്ഥത്തിൽ നോക്കുകമാത്രം ചെയ്തു
“ഓഹോ ,എന്നാൽ അവൾ പ്രസവിച്ചു കുട്ടിയുടെ DNA ടെസ്റ്റും നടത്തിയിട്ടേ ഇവിടുന്ന് പറഞ്ഞു വിടുന്നുള്ളൂ ” അയാൾ വാശിയോടെ പറഞ്ഞു .
ആൾക്കാർ തിരിച്ചറിയാതിരിക്കാൻ കുറെ നാളായി ഞാൻ അവളെ പുറത്തേക്കൊന്നും വിട്ടില്ല. ഒരെത്തുംപിടിയും കിട്ടാത്ത രണ്ടുമാസം കൂടി എൻ്റെ മുന്നിലൂടെ കടന്നുപോയി .
ഒരു ദിവസം പെട്ടന്ന് അവളുടെ കരച്ചിൽ കേട്ട് ഞങ്ങൾ ഓടി എത്തി. പ്രസവവേദന തുടങ്ങി എന്ന് മനസ്സിലായപ്പോൾ ഞങ്ങൾ അവളെ ആശുപത്രിയിൽ പോകാൻ വിളിച്ചു .അവൾക്ക് പോകണ്ട .
“പിന്നെ നീ ഇവിടെ കിടന്നാണോ പ്രസവിക്കാൻ പോകുന്നത്. വെറുതെ ഞങ്ങൾക്ക് പണിയാക്കല്ലേ ” ആനന്ദ് അലറിക്കൊണ്ട് അവളുടെ തോളിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിക്കാൻ തുടങ്ങി .
‘ഈ സമയത്ത് അങ്ങനെയൊന്നും ചെയ്യരുത് ‘എന്ന് വിലക്കിക്കൊണ്ട് ഞാനും അവളെ കാറിനടുത്ത് എത്തിക്കാൻ സഹായിച്ചു.
പരിശോധിച്ച ഉടൻ ഡോക്ടർ അവളെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി .പിന്നെ കുറച്ചു സമയത്തേക്ക് അവിടെ ഒരു ബഹളമായിരുന്നു .
നഴ്‌സുമാരും ഡോക്ടർമാരും അങ്ങോട്ടുമിങ്ങോട്ടും തിരക്കിട്ട് ഓടുന്നു ,എന്തൊക്കെയോ വിളിച്ചു പറയുന്നു .ഞങ്ങൾക്കൊന്നും മനസ്സിലായില്ല .
കുറച്ചുകഴിഞ്ഞു ഡോക്ടർ പരവശനായി പുറത്തു വന്നു “സോറി , ഞങ്ങൾക്ക് ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല “
ഞങ്ങൾ ഞെട്ടിവിറച്ചുകൊണ്ട് തിരക്കി “അപ്പോൾ കുഞ്ഞോ ?”
“കുഞ്ഞോ ,ആരുപറഞ്ഞു അവൾ പ്രഗ്നൻറ് ആയിരുന്നു എന്ന് . “
ഗർഭപാത്രത്തിൽ വളർന്നുകൊണ്ടിരുന്ന വലിയൊരു ട്യൂമർ ആയിരുന്നുവത്രെ അവർ നീക്കം ചെയ്തത്…