ഒരു ഭ്രാന്തിയുടെ രൂപമാണ് എനിക്കിപ്പോൾ, കീറിപ്പറിഞ്ഞ ചെളിപുരണ്ട വസ്ത്രങ്ങൾ ദേഹം..

ഒരു ഭ്രാന്തിയുടെ രൂപം
(രചന: ഗ്രീഷ്മ)

ഒരു ഭ്രാന്തിയുടെ രൂപമാണ് എനിക്കിപ്പോൾ. കീറിപ്പറിഞ്ഞ ചെളിപുരണ്ട വസ്ത്രങ്ങൾ . ദേഹം മുഴുവൻ ചേറും ദുർഗന്ധവുമാണ് .തിണർത്ത കാല്പാദങ്ങളിലെ പൊട്ടലും കീറലും  കൊണ്ട് നടപ്പുതന്നെ വലിഞ്ഞാണ് .ചെമ്പിച്ച മുടി ജടകെട്ടി …അങ്ങനെ അങ്ങനെ.

ഞാനിപ്പോൾ റോഡിനരികിലെ ഒരു ചവറ്റുകൂനയുടെ അധികം അകലെയല്ലാതെ ചുരുണ്ടുകൂടി ഇരിക്കുകയാണ് .കയ്യിൽ ഒരു കമ്പെടുത്തു നിലത്തു കോറിവരച്ചും അത് പൊട്ടിയപ്പോൾ ഒരു ഓടിൻ കഷ്ണമെടുത്ത് വരപ്പ്‌ തുടരുകയുമാണ് .

വിശന്നു വിശന്നു കുടൽ കരിയാൻ തുടങ്ങിയിരിക്കുന്നു. വേസ്റ്റിൽ നിന്ന് വല്ലതുമെടുത്തു കഴിച്ചാലോ എന്നാലോചിക്കുമ്പോഴേക്കും എൻ്റെ കാലുകൾക്കു മുകളിൽ ഒരു പാക്കറ്റ് വന്നു വീണു .

വലുപ്പമുള്ള പ്ലാസ്റ്റിക് കവറിന്റെ മൂലയിൽ ആരോ കഴിച്ചതിന്റെ ബാക്കി ദോശ കിടപ്പുണ്ട് . അപ്പോഴത്തെ അവസ്ഥയിൽ ആർത്തിയോടെ അതെടുത്തു കഴിച്ചു .

ഒരു ഭ്രാന്തിയുടെ എല്ലാ ലക്ഷണങ്ങളും തികഞ്ഞിരിക്കുന്നു .ഇപ്പോൾ നിങ്ങളോർക്കും ഇത്ര സ്വബോധമുള്ള ഭ്രാന്തിയോ എന്ന് . എൻ്റെ കണ്ണുകളിൽ നോക്കിയാലറിയാം നിർവികാരതയ്ക്കു പകരം ഓജസ്സും ചിന്താശക്തിയും തുടിക്കുന്നത് .

കുറേ ദിവസങ്ങൾക്ക് മുൻപാണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് . അന്ന് ഞാൻ തനിച്ചായിരുന്നില്ല .ഞങ്ങൾ മൂന്നു ന്യൂലി മാരീഡ് കപ്പിൾസ് ഉണ്ടായിരുന്നു . മൂന്നു ബൈക്കുകളിൽ ഒരു ഉല്ലാസയാത്ര .ട്രിപ്പ് പ്ലാൻ ചെയ്ത നിയയും പ്രശോഭും ആയിരുന്നു ഏറ്റവും മുന്നിൽ .

അവർക്കാണ് വഴി സുപരിചിതം . വേദയും അക്ഷയും പിന്നാലെ. ഏറ്റവും പിറകിലെ ബൈക്ക് ഞങ്ങളുടേതായിരുന്നു .നീരജിൻറെ പിറകിൽ ഞാൻ ഞെളിഞ്ഞിരുന്നു .

നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഞാനും നീരജുo  വിവാഹിതരായത് . നിശ്ചയദാർഢ്യമുള്ള കണ്ണുകളും സംസാരത്തിലെ നർമവും എനിക്കൊരുപാട് ഇഷ്ടമായി . പറഞ്ഞുവന്നപ്പോൾ അച്ഛൻറെ ക്ലാസ്മേറ്റിൻറെ മകനും . രണ്ടു വീട്ടിലും പൂർണ സമ്മതം .

നിയയുടെയും പ്രശോഭിന്റെയും ഒളിച്ചോട്ട കല്യാണമായിരുന്നു ആദ്യം നടന്നത് . അവർ തങ്ങളുടെ പ്രണയം ആരോരുമറിയാതെ കൊണ്ടുനടന്നു . വീട്ടിൽ സമ്മതിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് ഞങ്ങൾ കുറച്ചുപേർ മാത്രം പങ്കെടുത്ത് രജിസ്റ്റർ മാര്യേജ് ചെയ്തു .

അക്ഷയിന്റെയും വേദയുടെയും കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച ആയതേ ഉള്ളൂ . വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു അവരുടേത് . ഒരു നാടൻ മണവാട്ടിയുടെ പരിഭ്രമം വേദയുടെ മുഖത്തുനിന്ന് ഇതുവരെ മാഞ്ഞിട്ടില്ല .

മലമുകളിലൂടെയുള്ള ബൈക്ക് യാത്രയെക്കുറിച്ച് നിയയും പ്രശോഭും സൂചിപ്പിച്ചപ്പോഴേക്കും എല്ലാർക്കും ത്രിൽ ആയി .പുലരുന്നതിനു മുൻപ് പുറപ്പെട്ടു .പ്രകൃതി സൗന്ദര്യം ഒന്നാകെ ഇവിടെയാണോ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് തന്നെ തോന്നിപ്പോകും .

മനോഹരമായ കാഴ്ചകൾ നമ്മുടെ നാടിനു തന്നെ ഇത്രയും ഭംഗി ഉള്ളപ്പോൾ എന്തിനാണ് പുറം രാജ്യങ്ങളിലേക്ക് ഹണിമൂണിന് പോകുന്നത് എന്ന് പോലും ഞാൻ ചിന്തിച്ചു .ഒരു ഭാഗം മുഴുവൻ കണ്ണെത്താത്ത മലനിരകളാണ് . എതിർവശം ഇരുൾമൂടിയ ഗർത്തങ്ങൾ .

വളവുകൾ ഒന്നൊന്നായി കുറെയേറെ ദൂരം പിന്നിട്ടു കാണും. മഴ വരുന്ന ലക്ഷണം കാണുന്നുണ്ട് . മുകളിലേക്ക് കയറുന്തോറും ചാറ്റൽ മഴ തുടങ്ങി . ക്രമേണ മഴയുടെ ശക്തിയും വർധിച്ചു. പൊടുന്നനെ വലിയശബ്ദത്തോടെ പാറകൾ ഉരുണ്ടു വീഴാൻ തുടങ്ങി. പുസ്തകങ്ങളിൽ മാത്രം വായിച്ചിട്ടുള്ള ഉരുൾപൊട്ടൽ

നീരജ് ബൈക്ക് നിർത്തി എന്നെയും കൊണ്ട് തിരിഞ്ഞോടി ,ഒരു വളവിൽ   മുന്നോട്ടാഞ്ഞു നിൽക്കുന്ന പാറകൾക്കിടയിൽ മറഞ്ഞു നിന്നു .ഞങ്ങളുടെ ബൈക്കുകൾ പാറകൾക്കടിയിൽ ഞെരിയുന്ന ശബ്ദം കേട്ടു .ആരുടെയോ ദയനീയമായ കരച്ചിൽ .

പാറകൾ ഞങ്ങൾക്ക് മുന്നിലൂടെ കൊക്കയിലേക്ക് ഉരുണ്ടുരുണ്ടു വീണുകൊണ്ടിരുന്നു .എല്ലാം ശാന്തമായപ്പോൾ പ്രാണൻ വീണുകിട്ടിയതുപോലെ ഞങ്ങൾ നടക്കാൻ തുടങ്ങി .മറ്റുള്ളവർക്ക് എന്ത് പറ്റി എന്ന് നോക്കാനുള്ള ധൈര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല .

മുന്നോട്ട് നടന്നു പോകവേ കാലിനടിയിലെ മണ്ണ് അനങ്ങുന്നതായി എനിക്ക് തോന്നി .കാലുകൾ മണ്ണിൽ പൂണ്ടു പോവുകയാണോ ? ‘ഏയ് ‘ എന്ന ശബ്ദത്തോടെ നീരജ് എൻ്റെ കൈ പിടിക്കാൻ ആഞ്ഞു .

എൻ്റെ കൈയ്യും രക്ഷക്കായി നീണ്ടെങ്കിലും ഞാൻ മണ്ണിടിഞ്ഞു താഴേക്കു പോകാൻ തുടങ്ങി .ചിൽഡ്രൻസ് പാർക്കിലെ സ്ലൈഡർ പോലെ ഞാൻ മണ്ണിനു മുകളിൽ ഇരുന്നു താഴേക്ക് പോയിക്കൊണ്ടിരുന്നു . എൻ്റെ പേര് ചൊല്ലിയുള്ള നീരജിൻറെ നിലവിളി അകലെയായി.

മണ്ണിൻറെ ഒഴുക്ക് നിൽക്കുന്നതിന് മുൻപേ തന്നെ ഒരു വള്ളിയിൽ പിടിമുറുക്കാൻ എനിക്ക് സാധിച്ചു .ഒരു അഭ്യാസിയെ പോലെ ,തൊട്ടടുത്ത പാറക്കൂട്ടങ്ങൾക്ക് മുകളിലേക്ക് ഞാൻ ഊർന്നിറങ്ങി .ഞാൻ ഒഴുകി വന്ന ഇടം എത്രയോ മുകളിലാണ് എന്ന് കണ്ടു .വിളിച്ചാൽ വിളി കേൾക്കാത്ത അത്ര ഉയരത്തിലാവും  ഇപ്പോൾ നീരജ് നിൽക്കുന്നത് .

ധരിച്ചിരുന്ന ഉടുപ്പിൻറെ പിറകിലെ നെറ്റ് മുഴുവൻ കീറിപ്പോയിരിക്കുന്നു .ആരുകണ്ടാലും കൊതിച്ചു പോകുന്ന  ,ഓഫ് വൈറ്റിൽ ചുവന്ന റോസാപ്പൂക്കളുള്ള അനാർക്കലി ചൂരിദാർ .അത് ധരിച്ചു പുറത്തു വന്നപ്പോൾ ഒരു രാജകുമാരിയെപ്പോലെ സുന്ദരിയായിരിക്കുന്നുവെന്ന് നീരജ് പ്രശംസിച്ചതുമാണ് .ഇനി പറഞ്ഞിട്ടെന്തു കാര്യം.

ഞാൻ ചുറ്റും നോക്കി .കാടാണ് എന്നൊന്നും പറയാൻ വയ്യ .കുറച്ചു മരങ്ങളൊക്കെ  അവിടവിടെ ഉണ്ട് . കുറച്ചകലെ വരെ പരന്ന പാറയാണ് . പിന്നെ മറ്റൊരു മലയുടെ തുടക്കമാണ് . താഴേക്ക് നോക്കിയപ്പോൾ പേടിച്ച് കണ്ണ് ചിമ്മിപ്പോയി .അധികം അകലെയല്ലാതെ ഒഴുകി വന്ന മണ്ണ് താഴ്വാരത്തിലെ ഗർത്തത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്.ഈ പിടിവള്ളി കിട്ടിയില്ലായിരുന്നെങ്കിൽ ഞാനും അതിൻ്റെ കൂടെ താഴേക്ക് ..ഹോ…

പരന്ന പ്രദലത്തിലൂടെ നടന്നുനോക്കാം .ആരെയെങ്കിലും കാണാതിരിക്കില്ലല്ലോ .ഞാൻ നടന്നുതുടങ്ങി .കുറേ നേരമായിട്ടും ആരെയും കണ്ടു കിട്ടിയില്ല .

മഴ തുടങ്ങിയപ്പോൾ ഒരു മരത്തിനു കീഴിൽ നിന്നു. അതിൽ നിന്നും തേങ്ങയുടെ വലുപ്പമുള്ള പഴങ്ങൾ താഴെ വീണു കിടന്നിരുന്നു . വിശന്നിട്ടു വയ്യ .ഇത് വല്ല വിഷമുള്ള പഴങ്ങളുമാണോ  എന്ന് ചിന്തിച്ച് നല്ലതു നോക്കി ഒരെണ്ണം കൈയ്യിലെടുത്തു .ഓഹോ,മാങ്ങയാണ് . കാട്ടുമാങ്ങ .

അസാമാന്യ വലുപ്പമുള്ള ആ മരം മാവാണെന്ന് വിശ്വസിക്കാനാകുന്നില്ല . ഒന്നും നോക്കാതെ മുഴുവൻ കഴിച്ചു .സത്യം പറയാമല്ലോ
, ഇത്രയും രുചിയുള്ള മാങ്ങ ഞാൻ ഇന്നുവരെ കഴിച്ചിട്ടില്ല .വീട്ടിലെ ജോലിക്കാരിയുടെ മക്കൾ തൊടിയിൽനിന്ന് മാങ്ങ പറിച്ച് കടിച്ചു തിന്നുന്നത് എത്ര അറപ്പോടെയാണ് ഞാൻ നോക്കാറുള്ളത് .

വിശപ്പുമാറി . കുന്നിൻ മുകളിൽ നിന്നും ഒഴുകി വരുന്ന നീർചാലുകളിൽ നിന്ന് വെള്ളവും കുടിച്ചു വീണ്ടും നടന്നു .നേരം സന്ധ്യയായി തുടങ്ങിയിരുന്നു .ഇനി എന്ത് ചെയ്യും ? പാറക്കൂട്ടങ്ങൾക്കിടയിൽ മറ്റെല്ലാ ജീവജാലങ്ങളെയും പോലെ ഞാനും അഭയം പ്രാപിച്ചു .രാത്രി മുഴുവൻ കണ്ണുമിഴിച്ചിരുന്നു . രാവിലെ പിന്നെയും നടത്തം തുടങ്ങി .

വീണ്ടും വിശപ്പ് .മാങ്ങ തന്നെ ശരണം.മാവ് തേടി  നടന്നു .കുറെ അലഞ്ഞപ്പോഴാണ് കണ്ടെത്താനായത് .കീഴിൽ വീണു കിടക്കുന്നത് അധികവും ചീത്ത .പലതും അണ്ണാൻ കടിച്ചത് .തമ്മിൽ നല്ലതു നോക്കി ഒരെണ്ണം കഴിച്ചു .

വലിയ തരക്കേടില്ലാത്ത അഞ്ചാറെണ്ണം പെറുക്കിയെടുത്ത് ഷാളിൻറെ ഒരറ്റത്ത് കെട്ടിത്തൂക്കിയായി പിന്നീടുള്ള നടത്തം . അതേതായാലും നന്നായി . വഴിയിൽ വേറെ മാവൊന്നും കണ്ടില്ല .

അന്നും ഒരു മനുഷ്യനെയും എങ്ങും കണ്ടില്ല .എനിക്ക് ദേഷ്യവും സങ്കടവും തോന്നി .മനുഷ്യജീവികളെ ഭൂമിയിൽനിന്നും പാടെ തുടച്ചു നീക്കിയോ .

പ്രകൃതി നശിപ്പിക്കുന്നതിന് എതിരായി ഞാനും സമരം ചെയ്തിട്ടുണ്ട് .ഇതാ ഇവിടെ വന്നു നോക്ക് .പച്ചപ്പും മലനിരകളുമല്ലാതെ വേറെ എന്താണിതൊക്കെ . മനുഷ്യനില്ലാത്ത ഏതോ ഗ്രഹത്തിലാണെന്നു സങ്കൽപ്പിച്ച് , ഇരുട്ടാറാകുന്നതുവരെ നടന്ന് തളർന്ന് പാറകൾക്കിടയിൽ ഞാൻ ഉറങ്ങിപ്പോയി .

വെട്ടം വീണപ്പോൾ എണീറ്റു. അവസാനത്തെ മാങ്ങയും കഴിച്ചുതീർത്ത് നടന്നു തുടങ്ങി .ചക്കപ്പഴത്തിൻറെ  മണം കാറ്റിൽ ഒഴുകിവന്നപ്പോൾ അങ്ങോട്ട് നടന്നു .

പ്ലാവിൻ ചുവട്ടിൽ ചീഞ്ഞടിഞ്ഞു കിടക്കുന്ന പഴംചക്കകൾക്കിടയിൽ ചുളകൾക്കായി ഞാൻ പരതി. സത്യത്തിൽ ചക്കപ്പഴം എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല .അതിൻ്റെ മണം കേട്ടാൽ തന്നെ എനിക്ക് ഓക്കാനം വരുമായിരുന്നു .എന്നാൽ ഇപ്പോൾ അത് വിലപിടിപ്പുള്ള ആഹാരമായി മാറിയിരിക്കുന്നു .

പ്ലാവിന് മുകളിൽ പഴുത്ത ചക്കകൾ കിട്ടാക്കനിയായി തൂങ്ങിക്കിടന്നു .ചുറ്റും നോക്കിയപ്പോൾ അവിടവിടെ പാറമുള്ളുകൾ വളർന്നു നിൽക്കുന്നു .അതിൽ ഒരുതരം കായ പിടിച്ചിട്ടുണ്ട് .പച്ചനിറത്തിൽ ഉള്ളത് പഴുക്കുമ്പോൾ വയലറ്റ് നിറമാകും .നാട്ടിൻപുറങ്ങളിലെ കുട്ടികൾ ഇത് കഴിക്കുന്നതായി ഞാൻ ഏതോ കഥയിൽ വായിച്ചിട്ടുണ്ട് . ഞാനും കുറേ പറിച്ച് ഷാളിൽ കെട്ടി .ആവശ്യത്തിന് കഴിച്ചു .

പഴങ്ങൾ ശേഖരിക്കുന്നതിനിടയിൽ കൈയ്യിലും കാലിലുമെല്ലാം മുള്ളു തറച്ചു . എന്തൊരു വേദനയാണ് കമ്യൂണിസ്റ്റുകാടിൻറെ തളിരില നുള്ളിയെടുത്തു  നീരെടുത്ത് പുരട്ടി .നീറുന്നു . ഗ്രാമത്തിൽ നിന്ന് വരാറുള്ള പാവപ്പെട്ട ഒരു വല്യമ്മ ഒരിക്കൽ പറഞ്ഞതാണ് ഈ മരുന്നിനെ പറ്റി . അന്ന് അതുകേട്ട് ഉള്ളിൽ പരിഹസിച്ചിരുന്നു .

അന്നും അങ്ങനെ കടന്നുപോയി. പിറ്റേന്ന് ഉണർന്നപ്പോഴേക്കും ഒരു പുതിയ ധൈര്യം എനിക്ക് കൈവന്നിരുന്നു . അതോ  ബുദ്ധിയും ബോധവും മരവിച്ചതാണോ . പേടിയും വേദനയും ദുഃഖവുമെല്ലാം എന്നെ വിട്ട് അകലാൻ തുടങ്ങിയിരിക്കുന്നു . ലക്ഷ്യമില്ലാതെ നടക്കുമ്പോഴും വിദൂരതയിൽ ഒരു പ്രതീക്ഷ മങ്ങാതെ കിടന്നു .

പാമ്പും പഴുതാരയുമെല്ലാം സ്ഥിരം കാഴ്ചകളിൽ ഒന്നായി തീർന്നു . ലദർ ചെരിപ്പിൻറെ  വള്ളികൾ  ഒന്നൊന്നായി പൊട്ടിപ്പോയിരിക്കുന്നു . വെള്ളത്തിലിടാൻ പാടില്ലാത്തതാണ് .പൊട്ടിയത് ഒരുകണക്കിന് നന്നായി. കാല് നീരുവന്ന് വീർത്തതുകൊണ്ട് ചെരുപ്പ് പാകമാവാതെ ഇരിക്കുകയായിരുന്നു .

ഇപ്പോൾ ഷാളിൻറെ അറ്റം കീറി  സോൾ കാലുമായി കൂട്ടിക്കെട്ടി വച്ചിരിക്കുകയാണ് .ഈ വിദ്യ ഞാൻ വഴിയോരത്തെ ഒരു സ്ത്രീയുടെ അടുത്തുനിന്നാണ് പഠിച്ചത് . വിവാഹവസ്ത്രങ്ങൾ എടുക്കാൻ പോയപ്പോൾ ഏതോ ഒരു നാടോടിസ്ത്രീ അവളുടെ കുഞ്ഞിന് ഇതുപോലെ ചെരുപ്പ് കാലിനോട് ചേർത്ത് കെട്ടിക്കൊടുക്കുന്നുണ്ടായിരുന്നു . അച്ഛൻറെ ബെൻസിൻറെ പിറകിലിരുന്ന എനിക്ക് അവരോട്  സഹതാപം തോന്നിയിരുന്നു .

നടന്നു നീങ്ങുമ്പോൾ ഇടയ്ക്കിടെ ചെരുപ്പിൽ കെട്ടിയ കയർ പൊട്ടിക്കൊണ്ടിരിക്കും .കെട്ടിക്കെട്ടി ഷാൾ തീർന്നു തുടങ്ങിയിരുന്നു . മുള്ളിൻപഴങ്ങൾ ശേഖരിക്കാൻ പോലും തികയാതെ വന്നപ്പോൾ ഞാൻ ചെരുപ്പ് ഉപേക്ഷിച്ചു .

അങ്ങനെ എത്രദിവസം നടന്നിട്ടുണ്ടാവും എന്ന് എനിക്ക് കൃത്യമായി പറയാൻ കഴിയില്ല .ഒരു മുളവടിയും കുത്തിപ്പിടിച്ച് അമ്മൂമ്മയെപോലെയാണ് ഇപ്പോൾ കുന്നുകൾ കയറുന്നത്  .അത് നൽകുന്ന താങ്ങ് ചില്ലറയല്ല .

അന്നും ഞാൻ വെയിൽ മൂക്കുന്നതുവരെ നടക്കുകയും മഴചാറിയപ്പോൾ മരത്തിനടിയിൽ കയറി നിൽക്കുകയും ചെയ്തു . മഴ കനത്തു വന്നപ്പോൾ എങ്ങുനിന്നോ ഒരു ശബ്ദം .ഒരു ട്രെയിനിൻറെ ചൂളംവിളി . സന്തോഷം കൊണ്ട് എന്തുവേണമെന്നറിയാതെ ഞാൻ നിലവിളിച്ചു .മഴ കണക്കാക്കാതെ ശബ്ദം കേട്ട വശത്തേക്ക് ഞാൻ വച്ചുപിടിച്ചു .

കരുതിയതിനേക്കാൾ ദൂരമുണ്ടായിരുന്നു . മഴയത്ത് ദൂരെനിന്നുള്ള ശബ്ദം പോലും അടുത്ത് കേൾക്കുമെന്ന് സയൻസിൽ പഠിച്ചത് ഓർത്തു . ഇടയ്ക്ക് പിന്നെയും ചൂളം വിളികൾ കുറേകൂടി അടുത്തുനിന്ന് കേട്ടു . പോകെപ്പോകെ ട്രെയിൻ പോകുന്ന ശബ്ദവും വ്യക്തമായി കേട്ടുതുടങ്ങി .

അങ്ങ് ദൂരെ റയിൽപാളങ്ങൾ കണ്ടുതുടങ്ങിയപ്പോൾ കൈയ്യിലെ വടിയും ഉപേക്ഷിച്ച് ഞാൻ ഓടി .ആരെങ്കിലും ഇപ്പോൾ  വരും എന്ന് പ്രതീക്ഷിച്ച്  അവിടെത്തന്നെ ഇരുന്നു .
കുറേനേരമായിട്ടും ആരെയും അതുവഴി കണ്ടില്ല .ട്രൈനുകൾ ചൂളംവിളിച്ചുകൊണ്ട് മരണസ്പീഡിൽ ഓടി അകലുകയാണ്. ഇത്രയും സ്പീഡിൽ വാഹനങ്ങൾക്ക് ഓടാൻ കഴിയുമോ…

ഒടുവിൽ ഏതെങ്കിലും ഒരു വശത്തുപോയാൽ റെയിൽവേ സ്റ്റേഷൻ എത്താതിരിക്കില്ലല്ലോ എന്ന് കരുതി എഴുന്നേൽക്കാൻ തുടങ്ങിയതായിരുന്നു . കാലുകൾ അനങ്ങുന്നില്ല . സർവ്വവും മറന്ന് ഓടിയതല്ലേ . പിന്നെ വിശപ്പും ദാഹവും . ഒരടിപോലും നടക്കാൻ കഴിയാതെ ഞാൻ അവിടെത്തന്നെ തളർന്നു വീണു

എത്രയോ നേരം കഴിഞ്ഞു കാണും .മഴത്തുള്ളികൾ മുഖത്തുതട്ടിയപ്പോൾ എനിക്ക് ബോധം വീണു . അപ്പോഴേക്കും നേരം വളരെ ഇരുട്ടിയിരുന്നു . റെയിൽവെ സ്റ്റേഷനിലേക്കുള്ള യാത്ര ഞാൻ നാളേക്ക് മാറ്റി .

ഒരു ട്രെയിൻ വരുന്നത് കണ്ടു .ഗുഡ്‌സ് ട്രെയിൻ ആണ് .അതിൻ്റെ ബോഗികളെല്ലാം വലുതും അടഞ്ഞതുമായിരുന്നു .

എൻറെ മുന്നിലൂടെ കടന്നുപോകുന്തോറും അതിൻ്റെ വേഗം കുറഞ്ഞു കുറഞ്ഞു വന്നു . ഒടുവിൽ ഏറ്റവും അവസാനത്തെ ഭാഗം എന്റെ അടുത്തെത്തിയപ്പോൾ നിന്നു നിന്നില്ല എന്ന മട്ടിൽ ഏതാനും സെക്കന്റുകൾ മാത്രം നിന്നപോലെ തോന്നി .

ഒട്ടും സമയം പാഴാക്കാതെ ഞാൻ അതിൽ  വലിഞ്ഞു കയറി . പരന്ന ചെറിയ ഒരു പ്രദലമായിരുന്നു അവിടം . കഷ്ടിച്ച് ഒരാൾക്ക് ചുരുണ്ടു കിടക്കാം . പിടിച്ചു നിൽക്കാൻ പാകത്തിന് ഒരു ഇരുമ്പ് തൂൺ ഉണ്ടായിരുന്നു .

അതിൽ ചുറ്റിപ്പിടിച്ചു കുറച്ചുനേരം ഞാൻ നിന്നു. പതുക്കെ അത് ഇരുത്തവും പിന്നെ കിടത്തവുമായി . ട്രെയിനിനു വേഗം വർദ്ധിച്ചപ്പോൾ അസ്ഥിവരെ തുളച്ചുകയറുന്ന തണുപ്പ് എന്നെ മൂടാൻ തുടങ്ങി .

ഇടയ്ക്കിടെ കൊച്ചുകൊച്ചു റെയിൽവേ സ്റ്റേഷനുകൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു . അവിടെയൊന്നും നിർത്താതെ ഞാൻ കയറിയ ഗുഡ്‌സ് ട്രെയിൻ ചീറിപ്പാഞ്ഞു.

അർദ്ധരാത്രിയോടടുത്തു . ഏതോ ജംഗ്ഷനിൽ വണ്ടി നിന്നു . ഞാൻ കയറിയ ഭാഗം പ്ലാറ്റുഫോമിനും വളരെ പിറകെയായിരുന്നു .

അവിടെ ഇറങ്ങാൻ തുടങ്ങിയപ്പോൾ ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു . ആരൊക്കെയോ ചേർന്ന് തർക്കിക്കുകയാണ് .അവിടെ ഇറങ്ങുന്നത് സുരക്ഷിതമല്ല .ഞാൻ വീണ്ടും പഴയ സ്ഥാനത്തു തന്നെ ഇരിപ്പുറപ്പിച്ചു .

ട്രെയിൻ പിന്നെയും ഓടിത്തുടങ്ങി .നേരം പുലർന്ന് ഏറെ കഴിഞ്ഞാണ് പിന്നീട് വണ്ടി നിന്നത് . ആശ്വാസത്തോടെ ഞാനിറങ്ങി .ഇനി ആരോടെങ്കിലും വഴിചോദിച്ച് എത്രയും പെട്ടെന്ന് വീട്ടിലെത്തണം .

മുന്നിലെ റോഡിലെത്താൻ ഒരിടവഴി കാണുന്നുണ്ട് .അധികമാരും നടക്കാൻ ഉപയോഗിക്കാത്തത് കാരണം കാടുകയറി കിടക്കുകയാണ് . അതിലൂടെ നടന്നെത്തിയത് ഈ ചവറ്റു കൂനയുടെ അരികിലാണ് .

അത് കഴിഞ്ഞാൽ ടാറിട്ട ഒരു റോഡ് .വേസ്റ്റ് കാരണമാകും മറുവശത്തെ ഫുട് പാത്തിലൂടെയാണ് ആളുകൾ നടന്നു പോകുന്നത് .അതുകൊണ്ടു തന്നെ ഞാനും റോഡ് ക്രോസ് ചെയ്യാൻ തുടങ്ങി .

എൻ്റെ കൂടെ ഒരു ഭ്രാന്തിയും റോഡ് ക്രോസ് ചെയ്യുന്നത്   മുന്നിലെ കടയുടെ കണ്ണാടി ചുമരിൽ തെളിഞ്ഞു .പക്ഷെ എവിടെ ഞാൻ ?

സാഹസങ്ങൾക്കിടയിൽ ഞാൻപോലുമറിയാതെ ജീവൻ നഷ്ടപ്പെട്ടു പോയികാണുമോ ?ആത്മാക്കളെ കണ്ണാടിയിൽ കാണാൻ കഴിയില്ലെന്ന് സിനിമകളിലൊക്കെ കാണാറില്ലേ .

തിരിഞ്ഞു നോക്കിയപ്പോൾ ആ ഭ്രാന്തിയെ കാണാനില്ല .അപ്പോൾ ഞാൻ ….

എന്നെയാണ് കണ്ണാടിയിൽ ഭ്രാന്തിയെപ്പോലെ കണ്ടത് .എൻ്റെ പ്രതിബിംബവും നോക്കി പിന്നെയും അവിശ്വസനീയതയോടെ ഞാൻ നിന്നു . കടക്കാരൻ അകത്തുനിന്നും ഇറങ്ങിവന്ന് ആട്ടിപ്പായിക്കുന്നതുപോലെ ശബ്ദമുണ്ടാക്കി .

മറുപടി കേൾക്കും മുൻപേ അയാൾ കടയിലേക്ക് തന്നെ കയറിപ്പോയി .   വഴിയിൽകണ്ട ചിലരോടൊക്കെ ഞാൻ സംസാരിക്കാൻ ശ്രമിച്ചു . അവരൊക്കെ എന്നെ കാണുമ്പോഴേ മാറിപോയ്ക്കൊണ്ടിരുന്നു .

ഈ വേഷത്തിൽ എന്നോടാരും സംസാരിക്കാൻ കൂട്ടാക്കില്ല എന്ന് മനസ്സിലായപ്പോൾ ,മറ്റുള്ളവരുടെ വഴിയിൽ തടസ്സമാവാൻ നിൽക്കാതെ ചവറ്റു കൂനയുടെ വശത്തേക്ക് തന്നെ ഞാൻ മടങ്ങിയെത്തി .

പേപ്പറിൽ വരച്ചും കുറിച്ചുമാണ് ഇപ്പോഴും ഞാൻ ഭാവി പരിപാടികൾ പ്ലാൻ ചെയ്യാറ് . അത് ഒരു ശീലമായിപ്പോയതുകൊണ്ട് ഇവിടെയും കമ്പിൻകഷ്ണമെടുത്ത് നിലത്ത് കുത്തിവരച്ചുപോയി .അപ്പോഴാണ് ദോശ വന്നു വീഴുന്നത് .

മനുഷ്യർ കഴിക്കുന്ന ഭക്ഷണം കണ്ടിട്ട് തന്നെ എത്ര നാളായി ഒന്നും ആലോചിക്കാതെ അത് അകത്താക്കി .പാക്കറ്റ് ചുരുട്ടി കൈയ്യിൽ വച്ചു .അപ്പോഴേക്കും എക്കിൾ വരാൻ തുടങ്ങി .കുറച്ചു വെള്ളം എവിടെ കിട്ടും ?

മുന്നോട്ടു നടന്നപ്പോൾ അടഞ്ഞു കിടക്കുന്ന ഒരമ്പലം കണ്ടു .ഭക്തർക്ക് കാലുകഴുകാനുള്ള  പൈപ്പിൽ നിന്ന് വേണ്ടുവോളം  വെള്ളം കുടിച്ചു .
അമ്പലത്തിന്റെ ഇടതുവശത്തുള്ള ഒരിടവഴിയിലൂടെ നടന്നപ്പോൾ അങ്ങിങ്ങായി കൊച്ചു കൊച്ചു വീടുകൾ . .

ഒരു വീട്ടിനു മുന്നിൽ സാരിയും ബ്ലൗസും പാവാടയും ഉണങ്ങാനിട്ടിരിക്കുന്നു . വീട്ടിൽ ആളനക്കമൊന്നും കണ്ടില്ല . പതുങ്ങിച്ചെന്ന് അത് കൈക്കലാക്കി ,കൈയ്യിലെ പാക്കറ്റിൽ കുത്തിക്കയറ്റി .

ശരിക്കും ഉണങ്ങിയിട്ടില്ല .എവിടെനിന്നാണ് ഇതൊന്ന് ഉടുക്കുക്ക ? ഒന്നാമത് സാരിയുടുക്കാൻ അറിയില്ല .അമ്മ പഠിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെട്ടു പിന്മാറി .

പിന്നെയും മുന്നോട്ടുനടന്നു .വീടുകൾ അവസാനിച്ചിരിക്കുന്നു .ഇപ്പോൾ നീണ്ടുകിടക്കുന്ന തെങ്ങിൻതോപ്പാണ് . അതിനുള്ളിൽ ഒരു പമ്പുഹൗസ് . ആരും കാണല്ലേ എന്ന് പ്രാർത്ഥിച്ച് അകത്ത്  കയറി .പുറത്ത് ഒരു പൈപ്പും പൊട്ടിയ ബക്കറ്റും . ഭാഗ്യം .

കുറെ ബക്കറ്റ് വെള്ളം തലയ്ക്കു മുകളിലൂടെ ഒഴിച്ചു . അത്രയും മണ്ണും ചെളിയും ഒഴുകി പൊയ്‌ക്കൊണ്ടിരുന്നു. ആരെങ്കിലും വരുന്നുണ്ടോ എന്ന് ഒരിക്കൽക്കൂടി എത്തിനോക്കി .വേഗം തന്നെ പഴയവസ്ത്രങ്ങൾ മാറ്റി പകരം സാരിയുടുത്തു .

എത്ര ഭംഗിയായി ഞാനിത് ഉടുത്തിരിക്കുന്നു  അറിയില്ലെന്ന് പറഞ്ഞത് വെറുതെ . ജഡകെട്ടിയ മുടിയിലെ വെള്ളം കുടഞ്ഞുകളയാൻ ഒരു ശ്രമം നടത്തിനോക്കി .രക്ഷയില്ല . തലവഴി സാരിത്തുമ്പു പുതച്ച് പുറത്തിറങ്ങി .

സാരി മോഷണം പോയത് ആ സ്ത്രീ അറിഞ്ഞുകാണുമോ . എങ്കിൽ പിടിക്കപ്പെട്ടത് തന്നെ .വന്നവഴിയിലൂടെ തിരിച്ചുപോകുന്നത് മണ്ടത്തരമാണ് .മുന്നോട്ടു തന്നെ നടന്നു .എതിരെ സാരി കോർത്തുടുത്ത ഒരു സ്ത്രീ വരുന്നുണ്ടായിരുന്നു .

വെറുതെ ഒരു പരീക്ഷണത്തിനെന്നോണം പരിചയഭാവത്തിൽ ഞാൻ അവരോടൊന്നു ചിരിച്ചു നോക്കി .എന്നോടും വെളുക്കെ ചിരിച്ചുകൊണ്ട് അവരുടെ ഭാഷയിൽ എന്തോ ചോദിച്ചു.

എല്ലാം മനസ്സിലായമട്ടിൽ തലയാട്ടിക്കൊണ്ട് ഞാനും ചിരിച്ചു .ആശ്വാസമായി . എനിക്കൊരു മനുഷ്യക്കോലം കൈവന്നിരിക്കുന്നു . തെങ്ങിൻ തോപ്പുകഴിഞ്ഞു വയലാണ് . അത് നേരത്തെ കണ്ട മെയിൻ റോഡിൻറെ അരികുവരെ നീണ്ടു കിടക്കുകയാണ് .

മുന്നിലുള്ള കടയുടെ ബോർഡ് വായിക്കാൻ ശ്രമിച്ചു .ഇതേതു ഭാഷ ദൂരെയല്ലാതെ പോലീസ്‌റ്റേഷൻ എന്നുള്ള ബോർഡ് കണ്ടു. അവിടെ എത്തിയപ്പോഴേക്കും കാവൽക്കാരൻ തടഞ്ഞു നിർത്തി .പരാതി പറയാനാണ് എന്നറിഞ്ഞപ്പോൾ അകത്തു കയറ്റി .

എസ്‌ ഐ പുറത്തുനിന്നും കടന്നു വന്നപ്പോൾ എന്നെ കണ്ടു . നെയിം പ്ലേറ്റിൽ പ്രദീപ് മേനോൻ എന്നുണ്ട്. നല്ല പൊക്കവും വണ്ണവും ഉള്ള വെളുത്തു കഷണ്ടിക്കാരനായ ആളാണ് . വളരെ ഗൗരവത്തോടെ ഒരു കുറ്റവാളിയെ എന്നോണം അയാൾ എന്നെ അടിമുടി നോക്കി .

എന്നാൽ ഞാൻ മലയാളത്തിൽ സംസാരിക്കാൻ തുടങ്ങിയതോടെ അയാളുടെ മുഖത്ത് ചിരി പടർന്നു .പുറംനാട്ടിൽ സെറ്റിൽ ആയ ആൾക്കാർ സംസാരിക്കുന്നതുപോലെ അത്ര സ്പുടതയില്ലാത്ത മലയാളമായിരുന്നു അയാളുടേത് .

സബ്കളക്ടറുടെ മകളാണ് ഞാൻ എന്നറിഞ്ഞപ്പോൾ അയാളുടെ മുഖത്ത് ബഹുമാനം സ്പുരിച്ചു .’മാഡം ഇരിക്കൂ ‘എന്നുപറഞ്ഞുകൊണ്ട് അയാൾ തന്നെ എനിക്ക് പറയാനുള്ളത് മുഴുവൻ പേപ്പറിൽ എഴുതിയെടുക്കുകയും ചിലപ്പോഴൊക്കെ സംശയങ്ങൾ ചോദിക്കുകയും ചെയ്തു .ആ സംഭവത്തെ കുറിച്ച് അയാളും പേപ്പറിൽ വായിച്ചിരുന്നു .

ആ അപകടത്തിൽ നിയയും പ്രശോഭും മരണപ്പെട്ടതും അക്ഷയും വേദയും സാരമായ പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെട്ടതും നീരജ് അദ്‌ഭുതകരമായി തിരിച്ചെത്തിയതും…

പിന്നെ എന്നെ കാണാതായതുമായ കാര്യങ്ങൾ എസ് ഐ എന്നെ അറിയിച്ചു .ഞാൻ അവിടെ എത്തിച്ചേർന്നതിൽ ആശ്ചര്യവും സന്തോഷവും ഉണ്ടെന്നു അയാൾ പറഞ്ഞു .

നീരജിൻറെ മൊബൈലിലേക്കായിരുന്നു എസ് ഐ ആദ്യം വിളിച്ചത് .സംസാരിക്കാനായി ഫോൺ എൻ്റെ അടുത്ത് നീട്ടിയപ്പോഴേക്കും വിറക്കുന്ന സ്വരത്തിൽ നീരജ് എന്റെ പേര് ഉച്ഛരിച്ചു . എന്ത് പറയണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു .

മരിച്ചെന്നു കരുതിയ പ്രീയപ്പെട്ട ഒരാൾ തിരിച്ചുവന്നിരിക്കുന്നു . ജീവിതം തിരിച്ചുകിട്ടിയിരിക്കുന്നു .’ഞാൻ ഇപ്പോൾ തന്നെ വന്നേക്കാം ‘ തേങ്ങിക്കൊണ്ട് അത്രമാത്രം പറഞ്ഞ് നീരജ് ഫോൺ വച്ചു .

പിന്നെ ഞങ്ങളുടെ വീട്ടിലെ ലാൻഡ് ഫോണുകളിലേക്കും ഇതേ സന്ദേശം ഒഴുകിയെത്തി .അവിടെയും തേങ്ങലുകളും ഇപ്പോഴെത്താം എന്ന വാക്കുകളും .

എല്ലാവരുടെയും ശബ്ദം കെട്ടുകഴിഞ്ഞപ്പോഴേക്കും ഇതുവരെയില്ലാതിരുന്ന ഒരു തളർച്ച എനിക്ക് തോന്നി .ദിവസങ്ങളോളം കുന്നും മലകളും താണ്ടി ഇവിടെ എത്തിയതിന്റെ ക്ഷീണം ഇപ്പോഴാണ് ഞാൻ അറിയുന്നത് തന്നെ .

എനിക്ക് തലചുറ്റാൻ തുടങ്ങിയപ്പോൾ മെല്ലെ ടേബിളിലേക്ക് ചാഞ്ഞു .

എസ് ഐ യുടെ ടേബിളിലെ ബെൽ തുടരെ മുഴങ്ങുന്നതും വനിതാ പോലീസ് ഓടിവന്ന് എന്നെ തങ്ങിയതും ഞാൻ ഓർക്കുന്നു .വാഹനത്തിൽ കയറ്റുന്നതും ഏതോ ഹോസ്പിറ്റലിലെ അടഞ്ഞറൂമിൽ കിടക്കുന്നതുമെല്ലാം ഇടയ്ക്കിടെ മയക്കമുണരുമ്പോൾ ഞാൻ അറിഞ്ഞു .

കണ്ണ് തുറന്നപ്പോഴേക്കും നീരജ് എന്റെ കൈ എടുത്തു മടിയിൽ വച്ച് കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ അച്ഛനമ്മമാർ അരികിൽ തന്നെ നിൽപ്പുണ്ടായിരുന്നു.കണ്ണുകളി  ടഞ്ഞപ്പോൾ ഒഴുകിയെത്തിയ ആനന്ദക്കണ്ണീർ എൻ്റെ പുറം കാഴ്ചകളെയെല്ലാം മറച്ചുകൊണ്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *