സീമേ… പെണ്ണുങ്ങളെ വളച്ചെടുക്കാൻ പ്രത്യേക കഴിവുള്ളവനാ അവൻ എന്നാ ഞാൻ അറിഞ്ഞത്… ഒന്ന് കെയർ ആയിക്കോണേ..

(രചന: ഗിരീഷ് കാവാലം)

“ഡീ…നമ്മുടെ സ്കൂൾ ക്ലാസ്സ്‌മേറ്റ് സുധീഷ് നാളെ എന്റെ വീട്ടിൽ വരുന്നുണ്ട്… നല്ല ഒരു ട്രീറ്റ്‌ തരണം എന്നാ കക്ഷി പറഞ്ഞേ …”

“ഏത് 10 D യിൽ പഠിച്ച സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന സുധീഷോ ”

“അതേടീ…അവന്റെ വൈഫിന്റെ PSC ടെസ്റ്റ്‌ ഞങ്ങളുടെ പഞ്ചായത്തിന് അടുത്തുള്ള പഞ്ചായത്തിലെ ഒരു സ്കൂളിലാ.. അപ്പൊ വൈഫിനെ എക്സാം ഹാളിൽ കയറ്റിയിട്ട് ഇങ്ങോട്ട് വരാമെന്നു പറഞ്ഞു ”

“ഞങ്ങൾ തമ്മിൽ പഠിത്തം കഴിഞ്ഞ ശേഷം പിന്നെ ഇതുവരെ കണ്ടിട്ടേയില്ല..ഞാൻ ഇപ്പോഴും ഓർക്കുന്നു നമ്മുടെ സ്കൂളിലെ ഏറ്റവും ഡീസന്റ് ആയിട്ടുള്ള വിദ്യാർത്ഥി അവൻ അല്ലായിരുന്നോ ”

“നിന്റെ നമ്പർ അവന് എങ്ങനെ കിട്ടി ”

“വൈഫിന്റെ എക്സാം സെന്റർ ഇവിടെ അടുത്താണെന്നറിഞ്ഞു സ്കൂളിനെ കുറിച്ച് അറിയാൻ എന്റെ നമ്പർ തപ്പി പിടിച്ചെടുത്തു എന്നെ വിളിച്ചതാ..”

“ആള് ഇപ്പൊ ഒത്തിരി മാറിപോയെടീ നല്ല അട്രാക്റ്റീവ് സംസാരമാ ആളുടെ.. ഓരോ ഡയലോഗ്കൾ പറഞ്ഞു എന്നെ ചിരിച്ചു മണ്ണ് കപ്പിച്ചു അവൻ ”

“എടീ സീമേ നീ വിചാരിക്കുന്ന ആളല്ല അവൻ.. ”

“നിന്റെ ഹസ്ബന്റ് ഉണ്ടോ വീട്ടില്..?

“ഇല്ല ദുബായിലല്ലേ അടുത്ത മാസമേ വരൂ..”

“മക്കൾ വീട്ടിൽ ഉണ്ടാകുമോ?

“പിന്നെ മക്കൾ സ്കൂളിൽ പോകില്ലേ… അല്ല പിന്നെ നീ എന്താടീ വിദ്യേ ഒരുമാതിരി പെണ്ണുങ്ങളെ പോലെ ഇങ്ങനെ ചോദിക്കുന്നെ”

“എടീ അവന്റെ ക്യാരക്ടർ മോശമാന്നാ ഞാൻ അറിഞ്ഞേ .. അവൻ പണ്ടത്തെ ആ നല്ല പയ്യൻ അല്ല ”

“ആര് എങ്ങനെയൊക്കെ ആയാലും നമ്മളുടെ കയ്യിലിരിപ്പ് പോലെ ഇരിക്കും നമ്മോളോടുള്ള ആളുകളുടെ പെരുമാറ്റം”

“സീമേ…പെണ്ണുങ്ങളെ വളച്ചെടുക്കാൻ പ്രത്യേക കഴിവുള്ളവനാ അവൻ എന്നാ ഞാൻ അറിഞ്ഞത്…ഒന്ന് കെയർ ആയിക്കോണേ”

“എടീ അവന്റെ സെൻസ് ഓഫ് ഹ്യൂമർ ഭയങ്കരമാ… നല്ല രസികനാ ആൾ ”

“ഓ ആളുകൾ പലതും ഒക്കെ അങ്ങനെ പറയും.. നമ്മൾ നമ്മളെ സൂക്ഷിച്ചാൽ മതിയല്ലോ ”

“ആ ശരിയെടീ ”

“ഓക്കേ ഡീ ”

അടുത്ത ദിവസം ഭാര്യയെ PSC പരീക്ഷഹാളിൽ എത്തിച്ചശേഷം തന്റെ കാറിൽ പറഞ്ഞ സമയത്ത് തന്നെ സുധീഷ്, സീമയുടെ വീട്ടിൽ എത്തി

“ഹായ് സീമ.. തനിക്ക് ഒരു മാറ്റവും ഇല്ലല്ലോ..”

“സ്ലിം ബ്യൂട്ടി ആയിരിക്കുന്നതിന്റെ ടിപ്സ് ഒന്ന് പറഞ്ഞു തരണേ ”

” സുധീഷേ നീയും ആളങ്ങ് മാറിയല്ലോ… ഒരു സിനിമ നടൻ ലുക്ക്‌ ഉണ്ട് ട്ടോ ”

സിറ്റൗട്ടിൽ ഇരുത്തിയ അവനോട് സീമ പറഞ്ഞു

“പകൽ മുഴുവൻ ഒറ്റക്ക് എങ്ങനെ ഈ വീട്ടിൽ കഴിയും ബോറടി അല്ലെ ”

സുധീഷ് പറഞ്ഞു

” ഓ എന്ത് ചെയ്യാനാ you ട്യൂബ് നോക്കി സമയം കളയും ”

“എന്തായാലും ആളുകളെ ചിരിപ്പിക്കാൻ ഉള്ള നിന്റെ സെൻസ് ഓഫ് ഹ്യൂമർ അപാരം തന്നെയാ ”

“എല്ലാം ഒരു നിമിത്തം തന്നെയാ.. അല്ലെ സീമേ ”

“അതെന്താ?

“അല്ലേൽ ഈ ഏരിയയിൽ തന്നെ വൈഫിന്റെ എക്സാം സെന്റർ വന്നില്ലായിരുന്നെങ്കിൽ നമ്മൾ തമ്മിൽ കണ്ടുമുട്ടുമായിരുന്നോ ”

“ഉം അതേ സുധീഷ് ….”

“ഡിയർ… ദൈവം വിധിച്ചിട്ടുണ്ട് ഓരോ കണ്ടുമുട്ടലുകളും അതൊക്കെ നടക്കുകതന്നെ ചെയ്യും ”

” സൗത്ത് ആഫ്രിക്കയിൽ ഞങ്ങളുടെ ജോലി സ്ഥലത്ത് നടന്ന ഒരു വിറ്റ് ഞാൻ പറയാം ചിരിച്ചു നെഞ്ച് വേദന വരല്ലേ ”

“ഉം….ഒരു നിമിഷം ”

സീമ ആർക്കോ ഒരു മെസ്സേജ് സെന്റ് ചെയ്തു

“ഹസ്ബൻഡാ… ഇന്നും നാളെയും പുള്ളിക്ക് ലീവാ ”

“പുള്ളി ദുബായിൽ ആണെങ്കിലും നാട്ടിൽ കഴിയുന്നപോലാ ”

“ഇവിടുത്തെ ഓരോ അനക്കവും പുള്ളി അവിടിരുന്നു കാണുന്നുണ്ട് ”

ഇപ്പോൾ ആൾ ലൈവ് കാണുന്നുണ്ട്.. ഞാൻ സുധീഷ് എത്തിയെന്നാ മെസ്സേജ് അയച്ചത് ”

സിറ്റൗട്ടിലെ CCTV ക്യാമറയെ വിരൽ ചൂണ്ടി അവൾ പറഞ്ഞതും സുധീഷിന്റെ കണ്ണ് അങ്ങോട്ട് പോയി

“എന്നാ അകത്തോട്ടു ഇരിക്കാം.. സീമയുടെ വീടിന്റെ അകം ഒന്ന് കാണാമല്ലോ ”

അതുവരെ ഉണ്ടായിരുന്ന മുഖഭാവം മാറിയ സുധീഷ് അല്പം പരിഭ്രമത്തോടെ പറഞ്ഞു

സുധീഷ് പറഞ്ഞതും അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു സ്വീകരണ മുറിയിൽ ഇരുത്തിയ ശേഷം ചായ എടുക്കുവാനായി അടുക്കളയിലേക്ക് പോയി

“ദേ സ്വീകരണ മുറിയിലും, CCTV ക്യാമറ വച്ചിട്ടുണ്ട് അതും ഓഡിയോ റെക്കോർഡിങ് ആണ്….കാലം പോയ പോക്കേ ”

“അല്ല ജോലി സ്ഥലത്ത് രസകരമായ സംഭവം എന്താ നടന്നതെന്ന് പറയ്‌ ”

സുധീഷിന് ചായ കൊടുത്തുകൊണ്ട് സീമ പറഞ്ഞു

സുധീഷിന്റെ മുഖത്തെ ചിരി പെട്ടന്ന് അപ്രതീക്ഷിതമായി..

“അല്ല എന്ത് പറ്റി മുഖം വല്ലാണ്ടിരിക്കുന്നെ ”

സീമ ചോദിച്ചതും സുധീഷ് എഴുന്നേറ്റു

” വളരെ സന്തോഷം സീമ… ഞാൻ ഇറങ്ങട്ടെ കണ്ടതിൽ സന്തോഷം ഞങ്ങളുടെ അടുത്തുള്ള വേറെ ഒരു പെണ്ണും ടെസ്റ്റ് എഴുതുന്നുണ്ട് ”

“പുള്ളിക്കാരിയുടെ ഹസ്ബന്റ് അവിടെ ഒറ്റക്കാ.. ഞാൻ അങ്ങോട്ട്‌ പോകട്ടെ..”
കുടിച്ച ചായ തൊണ്ടയിൽ കയറി ഇടറിയ ശബ്ദത്തോടെ സുധീഷ് പറഞ്ഞതും ബൈ പറഞ്ഞു വേഗം കാറിനടുത്തേക്ക് നടന്നു..

“സുധീഷ് ഗേറ്റ് കടന്നു പോയതും കേടായി വെറുതെ കിടന്ന ആ പഴയ CCTV ക്യാമറ സ്വീകരണ മുറിയിൽ കെട്ടി വച്ചിരുന്നത് അഴിച്ചു മാറ്റി ഡസ്റ്റ് ബിന്നിൽ ഇട്ട സീമയുടെ മുഖത്ത് വന്ന ചിരി ഒതുക്കാൻ അവൾ നന്നേ പാടുപെട്ടുപോയി …..