പുളിയുറുമ്പ്
(രചന: എൽബി ആന്റണി)
ഫോണിൻറെ ശബ്ദം കേട്ടുകൊണ്ടാണ് ഗിരി ഉറക്കത്തിൽനിന്ന് എഴുന്നേറ്റത്. “ഹലോ അച്ഛാ ..പറയൂ “
“ഗിരി പറ്റിയാൽ നീയൊന്ന് ലീവിന് വരണം ചെറിയ ഒരു കാര്യം ഉണ്ടായിരുന്നു ….”
“എന്താ…?? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ അച്ഛാ??”
” വലിയ പ്രശ്നമൊന്നുമില്ല മോനേ ആശയ്ക്ക് മനസ്സിന് എന്തോ ഒരു വിഷമം ഉണ്ട് നീ പറ്റിയാൽ എത്രയും പെട്ടെന്ന് തന്നെ വാ ബാക്കിയെല്ലാം നേരിൽ കാണുമ്പോൾ പറയാം”
ഗിരി വാട്ട്സാപ്പിൽ നോക്കി ആശയുടെ ലാസ്റ്റ് സീൻ മൂന്നു ദിവസം മുമ്പാണ് സെക്കൻഡ് ഷിഫ്റ്റ് ആയതുകൊണ്ട് ജോലി കഴിഞ്ഞു വന്നു കിടന്നു കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസം ജോലിക്ക് പോകുന്നതിനു മുൻപേ എഴുന്നേക്കൂ. ജോലിസ്ഥലത്ത് ഫോണ് അലൗവ്ട് അല്ലാതതുകൊണ്ട് ഫോൺ മേശപ്പുറത്തു വെച്ചിട്ടാണ് പോകാറുള്ളത്.
സാധാരണയായി അവൾ എന്തെങ്കിലും പറയാനുണ്ടെങ്കിൽ വോയിസ് മെസ്സേജ് വിടുകയാണ് പതിവ് ഇപ്പോൾ മൂന്നുദിവസമായി ലാസ്റ്റ് സീൻ ഞാനും അത് ശ്രദ്ധിച്ചിരുന്നില്ല .
പതിവായി അവൾ അയക്കുന്ന മെസ്സേജിന് മറുപടിയായി ഫോൺ വിളിക്കുന്നത് അല്ലാതെ വേറെ വിളികൾ കുറവായിരുന്നു. ഞാൻ ഒരു അരരസികൻ ഭർത്താവ് ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എങ്കിലും പ്രവാസത്തിന്റെ മടുപ്പ് കാരണം അത് തിരുത്താൻ ഞാൻ മുതിർന്നിരുന്നില്ല.
പെട്ടെന്ന് അലാറം ഓൺ ആയി അവിടുത്തെ ഷിഫ്റ്റിനുള്ള സമയമായി ഗിരി വേഗം എഴുന്നേറ്റു കബോർഡിൽനിന്ന് ഒരു ഷർട്ട് എടുത്തിട്ടു ഇതൊന്നും ഇടാൻ അവസരം കിട്ടാറില്ല.
യൂണിഫോം ആണ് കൂടുതലും ഉപയോഗിക്കുന്നത് അയാൾ മാനേജറിനെ വിളിച്ചു
“സാർ എനിക്ക് ഇന്ന് ലീവ് വേണം”
മാനേജർ : ‘എന്തുപറ്റി ഗിരി സിക്ക് ആണോ ??’
“അല്ല സർ ഞാൻ ഓഫീസിലേക്ക് വരുന്നുണ്ട് നേരിട്ട് പറയാം”
പുറത്തേക്കിറങ്ങി ഒരു ടാക്സി വിളിച്ചു. കോട്ടയംകാരൻ ഒരു അച്ഛായ്യനാണ് ഗിരിയുടെ മാനേജർ അയാൾ ഓഫീസിലെത്തി മാനേജരെ കണ്ടു
“സാർ എനിക്ക് എത്രയും പെട്ടെന്ന് ഒരു എമർജൻസി ലീവ് വേണം നാട്ടിൽ നിന്നും ഫോൺ ഉണ്ടായിരുന്നു വൈഫിന് സുഖമില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് “
ഒരുവിധം കാര്യങ്ങളെല്ലാം പറഞ്ഞു ശരിയാക്കി റൂമിലേക്ക് തിരിച്ചുപോരുമ്പോൾ അവൻ ആശയുടെ ഫോണിൽ വിളിച്ചു നോക്കി സ്വിച്ച് ഓഫ് ആണ്
ഗിരി ഫോണെടുത്ത് അച്ഛനെ വിളിച്ചു
“അച്ഛാ എന്താ കാര്യം ” അച്ഛൻ: “ആശ അമ്മയുടെ കൈ കത്തികൊണ്ട് ഒന്ന് വെട്ടി ദൈവാനുഗ്രഹം ഉള്ളതുകൊണ്ട് വലുതായി ഒന്നും സംഭവിച്ചില്ല…. ഷോൾഡറിൽ മൂന്ന് സ്റ്റിച്ച് ഉണ്ട് അവൾ ഇപ്പോൾ അടുത്ത് ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ് ഡോക്ടറാണ് പറഞ്ഞത് നിന്നെ വിളിച്ചു വരുത്തുവാൻ”.
ഗിരി എന്ത് പറയണം എന്ത് ചോദിക്കണം എന്ന് അറിയാതെ ഫോൺ കട്ട് ചെയ്തു..
ആശ അവൾ എന്തിന്…… അവന് ഒരു പിടിയും കിട്ടിയില്ല.
ടിക്കറ്റ് ഒക്കെയായി എന്ന് ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞു, പ്രതീക്ഷിക്കാത്ത യാത്രയായതിനാൽ കയ്യിൽ കിട്ടിയ ഒരു ബാഗിൽ എന്തൊക്കെയോ കുത്തിനിറച്ചു അവിടെ നിന്നും പുറപ്പെട്ടു
എയർപോർട്ടിലേക്കുള്ള യാത്രയിൽ ഗിരിയുടെ മനസ്സിൽ നിറയെ ചോദ്യങ്ങളായിരുന്നു
ആശ അവൾ എന്തിന്??
അവളിൽ നിന്ന് ഒരിക്കലും താൻ ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല പൂച്ചയെപോലെ ഇരുന്നു അവൾ എൻറെ അമ്മയെ .. എന്നാലും എന്തായിരിക്കും സംഭവിച്ചിരിക്കുന്നത്.. അവൻറെ ചിന്തകൾ നാലുവർഷം പുറകിലേക്ക് പോയി…….
“ഞങ്ങൾക്ക് വയസും പ്രായവും എല്ലാമായി ഈ വീട്ടിലെ കാര്യങ്ങൾ ഞാൻ ഒറ്റയ്ക്ക് കൂട്ടിയാൽ കൂടാതെ ആയിരിക്കുന്നു എനിക്ക് ഒരു കൂട്ട് വേണം നീ അങ്ങു ഗൾഫിൽ പോയാൽ ഞങ്ങൾക്ക് ആരാ ഒരു തുണ…?”
അമ്മയുടെ ഈ സ്ഥിരം പല്ലവി കേട്ടാണ് ആശയെ പെണ്ണുകാണാൻ ആയി അവളുടെ വീട്ടിലേക്ക് ചെല്ലുന്നത് ആശയുടെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചിരുന്നു അമ്മയുടെ തണലിലാണ് വളർന്നത് വിവാഹപ്രായമായ പെണ്‍മക്കള്‍ ഉള്ള എല്ലാ അമ്മമാരുടെയും ആവലാതി ആ അമ്മയുടെയും കണ്ണിൽ ഞാൻ കണ്ടു.
കുറച്ചു വർഷങ്ങൾക്കു മുമ്പ് എൻറെ പെങ്ങമ്മാരുടെ കല്യാണത്തിന് ഞാൻ അനുഭവിച്ച അങ്കലാപ്പാണ് ആ അമ്മയില്ലും ഞാൻ കണ്ടത് അതുകൊണ്ടുതന്നെ അധികം കൊടുക്കൽവാങ്ങലുകളെ കുറച്ച് ഞാൻ കൂടുതല്‍ സംസാരിപ്പിച്ചില്ല.
അമ്മയും അച്ഛനും കണ്ടെത്തിയ പെണ്ണായിട്ട് കൂടി എൻറെ ഈ നയത്തിൽ അവർക്ക് എന്നോട് ഒരു ഈർഷം തോന്നിയിരുന്നു.
ആശ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴായിരുന്നു കല്യാണം ഏതൊരു പെണ്ണിനെ പോലെയും കൊച്ചുകൊച്ചു സ്വപ്നങ്ങളുമായി അവളും എൻറെ ജീവിതത്തിലേക്ക് കടന്നുവന്നു.
കല്യാണ പുതുമോടി മാറുന്നതിനു മുമ്പ് തന്നെ ലീവ് തീർന്നു വീണ്ടും പ്രവാസത്തിലേക്ക് മടങ്ങി പോകേണ്ടി വരുമ്പോൾ അവളെ ഒന്നും അടുത്ത് മനസ്സിലാക്കാനുള്ള സമയം പോലും എനിക്ക് കിട്ടിയില്ല
അതിനുള്ള സമയം ഞാൻ കണ്ടെത്തിയില്ല എന്ന് പറയുന്നതായിരിക്കും ശെരി ഏതൊരു പ്രവാസിയും പോലെ മറ്റുള്ളവർക്കുവേണ്ടി എരിഞ്ഞുതീർന്ന അപ്പോൾ എനിക്ക് വേണ്ടി എരിയുന്ന അവളെ ഞാൻ കണ്ടില്ല വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തിരിച്ചു പോയെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും പതിവ് ചോദ്യത്തിനുള്ള മറുപടി, അവൾ ഒരു ചിരി കൊണ്ട് തീർത്തു …
നീണ്ട രണ്ടു വർഷങ്ങളുടെ ഇടവേളയിൽ ഞാൻ വീണ്ടും നാട്ടിൽ എത്തിയപ്പോൾ അവളുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ ഉണ്ടായിരുന്നു. മനോഹരമായ അവളുടെ വിരലുകൾക്ക് മാറ്റം സംഭവിച്ചിരിക്കുന്നു
വിരലുകളിൽ നിറയെ കത്തി കൊണ്ട് മുറിഞ്ഞ പാടുകൾ മുടിയെല്ലാം അലങ്കോലമായി പാറിപ്പറന്നു കിടക്കുന്നു ഇട്ടിരിക്കുന്ന നൈറ്റിയിൽ കരിയും അഴുക്കും എല്ലാം പറ്റിയിരിക്കുന്നു. ഡിഗ്രീ പഠനം വിവാഹത്തോടെ അവസാനിപ്പിച്ചു.
രണ്ടു വർഷത്തെ ഇടവേളകളിൽ തന്നെ വര്‍ഷങ്ങൾ പഴക്കമുള്ള ഒരു കുടുംബിനിയെ ഞാൻ കണ്ടു.
അമ്മയ്ക്ക് അവളുടെമേൽ ചെറിയൊരു നീരസം ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു ഈ കാര്യം ഞാനവളോട് ചോദിച്ചപ്പോൾ ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും എന്നാണ് അവൾ എന്നോട് പറഞ്ഞത്.
“കഴുത്തിലും കാതിലും കിടക്കുന്ന ഈ നൂല് അല്ലാതെ വേറൊന്നും കൊണ്ടുവന്നില്ല”
എന്നുള്ള അമ്മയുടെ പല്ലവി ഒരിക്കൽ ഞാൻ കേട്ടപ്പോൾ ദേഷ്യം സഹിക്കാനാവാതെ ഞാൻ പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങി പോയ രണ്ടെണ്ണം എൻറെ ചോരനീരാക്കിയ നൂൽ ഇട്ടാണ് ഇപ്പോഴും ജീവിക്കുന്നത്. അതിൽ പിന്നെ എന്റെ ചെവിയില്‍ ഇങ്ങനെ ഉള്ള കുത്തു വാക്കുകള്‍ ഒന്നും കേട്ടിട്ടില്ല.
അങ്ങനെ അവധി കഴിഞ്ഞ് ഞാൻ തിരിച്ചു, അവളുടെ വയറ്റിൽ എൻറെ ചോര തുടിക്കുന്ന സന്തോഷത്തിലാണ് ഞാൻ തിരികെ എത്തിയത് അങ്ങനെ ചെറിയ മാറ്റങ്ങൾ എല്ലാം എൻറെ ജീവിതത്തിലും വന്നു തുടങ്ങിയിരുന്നു
എന്നാൽ ആ സന്തോഷത്തിന് വെറും മൂന്ന് മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ കുഞ്ഞിന് ഹാർട്ട് ബീറ്റ് ചെറിയ വേരിയേഷൻ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു പിന്നീട് അറിഞ്ഞത് അബോഷൻ ആയിരിക്കുന്നു എന്നാണ്.
ഏതൊരു പെണ്ണും തൻറെ ഭർത്താവ് അടുത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു നിമിഷമാണ് എന്നാൽ പ്രാരാരാപ്തം കാരണം എനിക്ക് അപ്പോൾ നാട്ടിൽ പോകാൻ കഴിഞ്ഞില്ല. അവളെന്നോട് വരുവാനും പറഞ്ഞില്ല
പിന്നീട് ഞങ്ങൾ തമ്മിൽ ചോദ്യവും പറച്ചിലും എല്ലാം വളരെ കുറവായിരുന്നു ജോലിത്തിരക്ക് കാരണം ഞാൻ അതിലും വീട്ടിലെ തിരക്കുകളിൽ
അവളും മുഴുകിയിരുന്നു.
അവളുടെ മൗനത്തെ മനസ്സിലാക്കാൻ ഞാൻ ഒരു ശ്രമം പോലും നടത്തിയില്ല നീണ്ട 12 ഈ വർഷത്തെ പ്രവാസത്തിൽ എൻറെ മനസ്സും ഒരു മരുഭൂമിയായി മാറിയിരുന്നു. പ്രായമായ അമ്മയ്ക്കും അച്ഛനും ഒരു കൂട്ടായി അവളും അവിടെ കഴിഞ്ഞു പോന്നിരുന്നു….
ഫ്ലൈറ്റ് ലാൻഡിംഗ് അനോൻസ്മെൻറ് വന്നു ഏറെനേരത്തെ ചിന്തകളെല്ലാം തട്ടിമാറ്റി എയർപോർട്ടിൽ നിന്നും ഒരു ടാക്സി എടുത്ത് വീട്ടിലേക്ക് എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു വീട്ടിൽ ആകെ മ്ലാനമായ ഒരു അന്തരീക്ഷം ഗിരി കോളിംഗ് ബെൽ അടിച്ചു അച്ഛൻ വന്നു വാതിൽ തുറന്നു അകത്തേക്ക് കയറിയപ്പോൾ കയ്യിൽ വലിയ ഒരു കെട്ടുമായി ഇരിക്കുന്ന അമ്മ.
ഗിരിയെ കണ്ടപ്പോൾ അമ്മ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു
“കണ്ടോ മോനെ ആ മൂദേവി ചെയ്തത്… അവൾക്ക് വട്ടാണ് എന്ന് ഞാൻ നിൻറെ അച്ഛനോട് നേരത്തെ പറഞ്ഞതാണ് പക്ഷേ ഇയാൾ അത് കൂട്ടാക്കിയില്ല…
ഇപ്പൊ കണ്ടില്ലേ ആ മൂദേവി എൻറെ കഴുത്തിന് നെരെയാ അരിവാൾ വീശിയത് ഞാൻ ഒഴിഞ്ഞുമാറിയത് കൊണ്ട് രക്ഷപ്പെട്ടു ..
.ഇല്ലെങ്കിൽ പട്ടിൽ പൊതിഞ്ഞ എൻറെ ശരീരമാണ് ഈ വരവിൽ നീ കാണേണ്ടിയിരുന്നത്….”
അവൻ ഒന്നും പറയാതെ റൂമിലേക്ക് കയറി റൂം ആകെ അലങ്കോലമായി കിടക്കുന്നു അവനു പുറകെ അച്ഛനും റൂമിലേക്ക് കയറി വന്നു ഗിരി അച്ഛൻറെ മുഖത്തേക്ക് നോക്കി അച്ഛൻ താഴേക്ക് നോക്കി പറഞ്ഞു തുടങ്ങി
“കുട്ടി അലസി പോയതിനു ശേഷം അവൾക്ക് ആരോടും വലിയ മിണ്ടാട്ടം ഒന്നും ഉണ്ടായിരുന്നില്ല നിൻറെ അമ്മ ശാരദയുടെ മുന വെച്ചുള്ള വാക്കുകളും ഈ വീടിൻറെ ശൂന്യതയും എല്ലാം ആശ മോളെ ഈ അവസ്ഥയിലേക്ക് എത്തിച്ചു. ഈയടുത്ത കുറച്ചുദിവസങ്ങളായി രാത്രിയിൽ എല്ലാം ഞെട്ടിയെഴുന്നേറ്റു അലറി കരയുമായിരുന്നു …
ആ സമയത്ത് നിൻറെ അമ്മ അവൾക്ക് ഭ്രാന്താണ് എന്ന് പറഞ്ഞു അവളെ കുറ്റപ്പെടുത്തും…, എനിക്ക് എല്ലാം നോക്കി നിന്ന് കാണുവാൻ മാത്രമേ കഴിഞ്ഞുള്ളൂ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.”
‘ കൂടുതലൊന്നും ഞാൻ പറയുന്നില്ല എല്ലാം നീ അറിയും ഇനി നാളെ രാവിലെയെ ഡോക്ടറെ കാണാൻ പറ്റൂ വൈകിട്ട് 7 ന് ശേഷം അവിടെ സന്ദർശകരെ അനുവദിക്കില്ല നാളെ നീ അവിടെവരെ പോയി ഡോക്ടർ വിശ്വനാഥനെ ഒന്ന് കാണണം. നിനക്ക് കഴിക്കാൻ എടുക്കട്ടെ …?’
ഗിരി ഒന്നും പറഞ്ഞില്ല..
എല്ലാം കേട്ടുകൊണ്ട് അവൻ റൂമിലെയ്ക്ക് തന്നെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞ് അച്ഛൻ കഞ്ഞിയും പയറും കൊണ്ടുവന്ന് മേശപ്പുറത്തുവച്ചു……
കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു പുലർച്ചെ ആയപ്പോഴാണ് യാത്രാക്ഷീണം കൊണ്ട് ഒന്ന് കണ്ണടച്ചത്. പെട്ടെന്ന് ആശയുടെ മുഖം തെളിഞ്ഞു വരുന്നതും ഉറക്കം എഴുന്നേറ്റതും ഒരുമിച്ചായിരുന്നു. കണ്ണുചിമ്മി ചുറ്റും നോക്കി റൂമിൽ തുണികളും പേപ്പറും കൊണ്ട് ആകെ വൃത്തികേടായി കിടക്കുന്നു
മുഖമൊന്നു കഴുകി ഒരു ഷർട്ടുമിട്ട് ആശുപത്രിയിലേക്ക് ഇറങ്ങി .
“ഡോക്ടർ വിശ്വനാഥൻ റൗൺസ് കഴിഞ്ഞതിനുശേഷം പത്തരയ്ക്കേ ഒപിയിലേക്ക് എത്തൂ”” നഴ്സ് പറഞ്ഞു.
കുറച്ചുകഴിഞ്ഞ് ഒരു 50 വയസ്സ് പ്രായമുള്ള ഒരാൾ ഡോക്ടറുടെ റൂമിലേക്ക് കയറി പോകുന്നത് കണ്ടു നാലഞ്ച് പേർ മാത്രമേ ഡോക്ടറെ കാണാൻ പുറത്തു വെയിറ്റ് ചെയ്യുന്നുള്ളൂ ഈ ബിൽഡിങ്ങിൽ ഈയൊരു ഏരിയ മാത്രമാണ് ഹോസ്പിറ്റലിലെ പ്രതീതി ബാക്കിയെല്ലാം വീട് പോലെ തന്നെ തോന്നുന്ന രീതിയിൽ പണിതിരിക്കുന്നു മുമ്പിൽ നല്ലൊരു പൂന്തോട്ടവും ഒരു ചെറിയ അക്വേറിയവും ഉണ്ട്.
“”” മിസ്റ്റർ ഗിരീഷ്””” സിസ്റ്റർ പേര് വിളിച്ചു ഞാൻ അകത്തേക്ക് കയറി. ഞാൻ ഉദ്ദേശിച്ച ആൾ തന്നെയാണ് ഡോക്ടർ…. ഡോക്ടർ : “”ആ.. മിസ്റ്റർ ഗിരീഷ് അല്ലേ ????
ആശയുടെ ഹസ്ബൻഡ്… ഗിരി ചെറുതായൊന്ന് തലയാട്ടി
“”ഗിരീഷ് എപ്പോ എത്തി??””
” ഇന്നലെ രാത്രി “
“””ഓക്കേ …സീ മിസ്റ്റർ ഗിരീഷ് ആശയുടെ ഒരു സ്പെഷ്യൽ കേസ് ഒന്നുമല്ല ഇവിടെ വരുന്ന ലേഡീസ് 90% പേരും ഇതേ അവസ്ഥയിലാണ് ഇങ്ങോട്ട് എത്തുക അതിൽ ഒരു 80 ശതമാനം പേരും നിങ്ങളെപ്പോലുള്ള പ്രവാസികളുടെ ഭാര്യമാരാണ് …..മെഡിക്കൽ ടെമ്സിൽ ഇതിനെ Posttraumatic stress disorder എന്ന് പറയും പി റ്റി എസ് ഡി എന്ന് ഓമനപ്പേരിട്ട് ഞങ്ങൾ വിളിക്കും.
പേരുകേട്ട് പേടിക്കുക ഒന്നും വേണ്ട …പണ്ടുമുതലേ ഒരുവിധം എല്ലാ കുടുംബങ്ങളിലും ഈ അവസ്ഥയിൽ ഉള്ള സ്ത്രീകൾ ഉണ്ടായിരുന്നു. ഇന്നത്തെ ന്യൂക്ലിയാർ കുടുംബവും മറ്റു ചില സന്ദർഭങ്ങളും കാരണം ഈ അവസ്ഥയിൽ ഉള്ള വ്യക്തികൾ ഇന്ന് ഇതുപോലെ ഉള്ള ആശുപത്രിയില്‍ എത്തുന്നു..
ഡിപ്രഷൻ സ്റ്റേജുകൾ എല്ലാവർക്കും ലൈഫിൽ ഉണ്ടാകാറുണ്ട് എന്നാൽ ഇങ്ങനെ ഉള്ള വ്യക്തികൾക്ക് ഈ സ്റ്റേജിലേക്ക് എത്തി കഴിഞ്ഞാൽ അതിൽ നിന്നും പുറത്തുകടക്കാൻ പറ്റാതെ ആകുന്നു. അങ്ങനെ ഉള്ളവര്‍ ആണ് ചികില്‍സക്കായി എത്തുന്നത്… എന്നാല്‍ ഇവര്‍ക്കൊപ്പം ഇതിലേക്ക് വഴി ഒരുക്കിയ സാഹചര്യങ്ങളെയും ചികില്‍സിക്കെണ്ടതുണ്ട് .
കുട്ടി നഷ്ടപ്പെട്ട നിരാശയും ഇത്രയും കാലം മനസ്സിൽ അടക്കി വെച്ചിരുന്ന സങ്കടങ്ങളും സംഘർഷങ്ങളും എല്ലാം കൂടി അവളുടെ മനസ്സിനെ പിടിമുറിക്കിയപ്പോഴാണ് നിങ്ങളുടെ അമ്മയോട് അന്ന് അങ്ങനെ അവൾ പ്രതികരിച്ചത് ഒരുപരിധിവരെ നിങ്ങളുടെ അമ്മയും അതിനൊരു കാരണക്കാരി ആണ്…
ഇപ്പോൾ ട്രീറ്റ്മെൻറ് ആയതുകൊണ്ട് ഞങ്ങൾ കൊടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം കേസ് ഒന്നും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല…..
ആശയുമായി അടുത്ത് സംസാരിച്ചപ്പോഴാണ് അവളുടെ മനസ്സിൻറെ സംഘർഷം എത്രത്തോളം വലുതാണ് എനിക്ക് മനസ്സിലായത് ഇന്നത്തെ കാലത്ത് കേൾക്കാൻ ഒരാൾ ഇല്ല എന്നുള്ളത് വളരെ ഭീകരമായ ഒരു അവസ്ഥയാണ്… 90 ശതമാനം വ്യക്തികളും ഈ അവസ്ഥയില്‍ ആണ് ഇന്ന് ജീവിക്കുന്നത്.
ഞാൻ ഗിരീഷിനെ കുറ്റപ്പെടുത്തുന്നതല്ല ഗിരിയെ പോലുള്ള ഒരുപാട് ഭർത്താക്കന്മാർ ഇവിടെ വരാറുണ്ട് നിങ്ങളെല്ലാം എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല..
‘ടോ … വയസ്സായ മാതാപിതാക്കൾക്ക് ഒരു കൂട്ട് എന്ന നിലയ്ക്കാണ് നിങ്ങളെപ്പോലുള്ള വിവാഹം കഴിക്കുന്നത് അതോടെ നിങ്ങളുടെ സൈഡ് നിങ്ങൾ സേഫ് ആക്കി എന്നാൽ കൂട്ടിനായി കെട്ടി കൊണ്ടുവരുന്നത് ഒരു പട്ടിയോ പൂച്ചയോ ഒന്നും അല്ല ജീവനുള്ള ഒരു പെണ്ണാണ് അത് നിങ്ങളെപ്പോലുള്ളവർ മറന്നുപോകുന്നു നിങ്ങളെപ്പോലുള്ളവരുടെ ക്ലീഷേ ചോദ്യമുണ്ട്
അവൾക്ക് എന്താണ് അവിടെ കുറവുള്ളത് നിങ്ങളുടെ കാഴ്ചപ്പാടില്‍ അവൾക്ക് വസ്ത്രം ഭക്ഷണം പാർപ്പിടം എല്ലാം ഉണ്ടാക്കാം എന്നാൽ ഒരു ഭർത്താവിൽനിന്ന് അവൾ ആഗ്രഹിക്കുന്നത് അതൊന്നുമല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം…
ഗിരിയുടെ അവസ്ഥയും എനിക്ക് മനസ്സിലാകുന്നുണ്ട് എന്നാലും എവിടെയൊക്കെയോ നിങ്ങൾക്കും തെറ്റുപറ്റിയിട്ടുണ്ട് ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ആ കുട്ടി ഇവിടെ വരില്ലായിരുന്നു ….
രണ്ടു വർഷത്തിനു ശേഷം അവൾ ഒരു അമ്മയാകാൻ പോയപ്പോൾ സന്തോഷത്തേക്കാൾ ഉപരി അവൾക്ക് അതൊരു ആശ്വാസമായിരുന്നു
അവളുടെ ജീവിതത്തിലും ഒരു കൂട്ടു വരുന്നു എന്നുള്ള ആശ്വാസം എന്നാൽ അത് നഷ്ടപ്പെട്ടപ്പോൾ വീണ്ടും നിരാശയായി ഈ അവസ്ഥയിലേക്ക് എത്തിച്ചേർന്നത് ഇപ്പോൾ ഇവിടെ വന്നിട്ട് അഞ്ചു ദിവസം കഴിഞ്ഞു ഡിപ്രഷൻ കുറയ്ക്കാനുള്ള ചെറിയ ടാബ്ലെറ്റുകൾ മാത്രമാണ് ആശക്ക് ഇപ്പോൾ ഉള്ളത്. കുറച്ചു ദിവസത്തിനുശേഷം ഡിസ്ചാർജ് ആവും തനിക്ക് കാണണമെങ്കിൽ ഇപ്പോൾ പോയി കാണാം”” ഡോക്ടർ പറഞ്ഞു നിർത്തി.
നെടുവീർപ്പിട്ടു കൊണ്ട് ഗിരി എല്ലാം കേട്ടുകൊണ്ടിരുന്നു
ഡോക്ടർ :””ചെറിയ കൗൺസിൽ എല്ലാം ഇപ്പോൾ കൊടുക്കുന്നുണ്ട് അവൾ ഒക്കെയായി തിരിച്ചുവരും പക്ഷേ വീണ്ടും പഴയ അവസ്ഥയിലേക്ക് അവൾ മടങ്ങി പോകേണ്ടി വരരുത്… തനിക്ക് മനസിലാവുന്നുണ്ടോ???””
ഗിരി എല്ലാം കേട്ടുകൊണ്ട് പുറത്തേക്കിറങ്ങി ആശയെ കാണാൻ നിൽക്കാതെ നേരെ വീട്ടിലേക്ക് പോയി വീട്ടിലെത്തിയ ഗിരിയോട് അമ്മ ചോദിച്ചു
“”ഡോക്ടർ എന്തു പറഞ്ഞു….? ആ ഭ്രാന്തിയെ ഇനി നമുക്ക് വേണ്ട …
“”അവൾ അങ്ങനെ ആയതിന് കാരണം ഞാനും നിങ്ങളും തന്നെയാണ് അന്നേ ഞാൻ പറഞ്ഞതാ എനിക്ക് ഒരു വിവാഹം വേണ്ട എന്ന് നിങ്ങളുടെ ഒറ്റ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് ഞാൻ അവളെ വിവാഹം ചെയ്തത് അച്ഛനും അമ്മയും കൂടിയാണ് അവളെ കണ്ടുപിടിച്ചത് നിങ്ങൾക്ക് കൂട്ടായി അവൾ മതി എന്ന് പറഞ്ഞതും
എന്നാൽ കൈ നിറയെ പൊന്ന് ഇല്ല എന്ന് പറഞ്ഞു ഈ അമ്മ തന്നെ അവളെ വേദനിപ്പിച്ചു സമ്പാദിക്കാനായി നിങ്ങളെന്നെ ഗൾഫിൽ വിട്ടു മാതാപിതാക്കൾ ചെയ്യേണ്ടത് ഓരോ ഉത്തരവാദിത്തങ്ങളും എൻറെ വിയർപ്പിലൂടെ ഇവിടെ നടന്നു പോയി എന്നാൽ അതെല്ലാം നാട്ടുനടപ്പ് എന്ന് പറഞ്ഞ് വെള്ളത്തിൽ വരച്ച വര പോലെ ആക്കി എന്നിട്ടും നിങ്ങളുടെ ഓരോ ആവശ്യങ്ങളും ഞാൻ വീണ്ടും നിറവേറ്റി കൊണ്ടിരുന്നു …
ഞാൻ കെട്ടിയ താലിയുമായി ഈ വീട്ടിൽ വന്നവളെ ഇന്ന് ഭ്രാന്താശുപത്രി വരെ എത്തിച്ചതിൽ എനിക്കും നിങ്ങൾക്കും ഒരു പോലെ പങ്കുണ്ട് ”
ഗിരി ഒച്ചയുയർത്തി പറഞ്ഞു…
അവൻറെ മുഖഭാവം ശ്രദ്ധിച്ച അമ്മ കുറച്ചുനേരത്തേക്ക് മിണ്ടാതെ നിന്നു എന്നാൽ ഗിരി അകത്തേക്ക് കയറി പോയപ്പോൾ അമ്മ വീണ്ടും പറഞ്ഞു…
‘ഓ….. ആ ഒരുമ്പെട്ടവൾ ഭ്രാന്ത് അഭിനയിച്ചതാണ്..
അവൻ അങ്ങോട്ട് ചെന്ന് കണ്ടപ്പോൾ നമ്മളെപ്പറ്റി ഇല്ലാത്ത നുണകൾ എല്ലാം പറഞ്ഞു കൊടുത്തു അല്ലെങ്കിൽ പിന്നെ എൻറെ മോൻ ഇങ്ങനെയെല്ലാം എന്നോട് പറയോ ….. പെറ്റ വയറിന് അറിയാടാ നിൻറെ ഭാവമാറ്റം …'””
ഗിരി എല്ലാം കേട്ടു ഒന്നും തിരിച്ചു പറയാൻ നിന്നില്ല. പ്രായമായവരോട് ദേഷ്യത്തോടെ സംസാരിച്ചിട്ട് കാര്യമില്ല എന്നുള്ള ഡോക്ടറുടെ ഉപദേശം അവനോർത്തു.
പിറ്റേന്ന് രാവിലെ ആശയെ ഹോസ്പിറ്റലിൽ പോയി കണ്ടു ഹോസ്പിറ്റലിലെ വരാന്തയിലൂടെ ചെറിയൊരു വാക്കിങ് എക്സസൈസ് ചെയ്യുകയാണവൾ കൂടെ അമ്മയും നഴ്സും ഉണ്ട് എന്നെ കണ്ടപ്പോൾ ഒന്നു നിന്നു എൻറെ കണ്ണുകളിലേക്ക് നോക്കി ശേഷം ഒന്നും പറയാതെ നടന്നുനീങ്ങി എനിക്കും ഒന്നും അവളോട് സംസാരിക്കാൻ കഴിഞ്ഞില്ല.
അടുത്ത ദിവസവും ഗിരി ഹോസ്പിറ്റലിൽ പോയി പരസ്പരം കണ്ടു എന്നല്ലാതെ അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല
അന്ന് ആശയുടെ അമ്മ എന്നോട് സംസാരിച്ചു അവൾ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയത് അമ്മ പോലും അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞ് കരഞ്ഞു. പിന്നീട് എന്തോ പറയാൻ ശ്രമിച്ചു എന്നാൽ അത് എന്താകുമെന്ന് എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു അതുകൊണ്ട് ആ വാക്കുകൾ കേൾക്കാൻ നിൽക്കാതെ ഞാൻ അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങി .
കുറച്ചു ദിവസങ്ങൾക്കു ശേഷം ഡോക്ടർ വിളിച്ചു ഇന്ന് ആശ ഡിസ്ചാർജ് ആകും എന്ന് പറഞ്ഞു “””ആശ ഗിരിയുടെ വീട്ടിലേക്ക് പോകണം എന്നാണ് പറയുന്നത്. “””
അവൻ വേഗം തന്നെ യാത്രയായി ഒരു ടാക്സിയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി.
ഡോക്ടറോട് യാത്രപറഞ്ഞ് സാധനങ്ങൾ ഓരോന്നായി കാറിലേക്ക് എടുത്തുവയ്ക്കുമ്പോൾ ഗിരിയെ കണ്ടഭാവം അവൾക്കുണ്ടായിരുന്നില്ല വീട്ടിലേക്ക് എത്തിയപ്പോൾ ഗിരിയുടെ അമ്മ കയ്യിലെ കെട്ട് കുറച്ചുകൂടി പെരുപ്പിച്ചു കാണിച്ചു ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു ഗിരി ടാക്സിയിൽ നിന്നിറങ്ങിയ സാധനങ്ങൾ എടുക്കാൻ പോയപ്പോൾ അവൾ പറഞ്ഞു “””സാധനങ്ങൾ ഒന്നും എടുക്കേണ്ട…’
ടാക്സിക്കാർ നോട് ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്യാൻ ആശ പറഞ്ഞു ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാതെ ഞാന്‍ നോക്കിനിന്നു ടാക്സിയിൽ നിന്ന് അവൾ മാത്രം പുറത്തേക്കിറങ്ങി വീട്ടിലേക്ക് കയറി.
എൻറെ അമ്മ ഒരു യുദ്ധത്തിന് എന്നപോലെ പൊരുതി നിൽക്കുകയായിരുന്നു എന്നാൽ ഉമ്മറത്തിരുന്ന അമ്മയും മൈൻഡ് ചെയ്യാതെ അവൾ നേരെ റൂമിലേക്ക് കയറി പോയി
ഞാനും പതുക്കെ വീട്ടിലേക്ക് കയറിയപ്പോൾ കയ്യിൽ ഒരു പെട്ടിയുമായി അവൾ തിരിച്ചിറങ്ങി…
“””ആശയെ…..
””ഗിരിയേട്ടാ ..ഞാൻ നിങ്ങളെ ഒത്തിരി സ്നേഹിക്കുന്നു എന്നാൽ ഞാൻ ഇപ്പോള്‍ ഒരു പുളിഉറുമ്പ് ആണ് ജീവിതത്തില്‍ നിന്നും പിടിവിടാനിഷ്ടപ്പെടാത്തെ തിരിച്ചു കയറാൻ ശ്രമിക്കുന്ന പുളിഉറുമ്പ് എൻറെ അമ്മയ്ക്ക് വേണ്ടി ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നേ പറ്റൂ അതുകൊണ്ട് ഈ നിമിഷം ഞാൻ ഈ വീട്ടിൽ നിന്നും പോവുകയാണ്”””
മറുത്തൊന്നും പറയാൻ ഗിരിക്ക് ഉണ്ടായിരുന്നില്ല അവരനെല്ലാം കേട്ടുകൊണ്ടുനിന്നൂ.
പുറത്തേക്കിറങ്ങി പോകുന്ന വഴിയിൽ കാറിലെ പൊടി ഉമ്മറത്തെ തിണയിൽ തട്ടി കളഞ്ഞൂ അവൾ പുറത്തേക്കിറങ്ങി നടന്നു. ടാക്സി വീടിനു മുമ്പിൽ നിന്ന് നീങ്ങുമ്പോൾ നെഞ്ചിൽ വല്ലാത്ത ഒരു ഭാരം അനുഭവപ്പെട്ടു കണ്ണിനു മുമ്പിൽ നിന്നും ടാക്സി മറയുമ്പോൾ ആ ഭാരം താങ്ങാവുന്നതിലും കൂടുതലായി വന്നൂ…’അതെ ഞാൻ അവളെ സ്നേഹിച്ചിരുന്നു’
ആ ചിന്തയിൽ നിന്ന് ഉണർത്തിയത് അമ്മയുടെ ശബ്ദമാണ് “”ഭാഗ്യം ഒഴിഞ്ഞു പോയല്ലോ “””
എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല കൈയിൽനിന്ന് ഒരു തരിപ്പ് തലയിലേക്ക് കയറി വരുന്നത് പോലെ തോന്നി എനിക്ക് തോന്നിയതെല്ലാം ഞാൻ വിളിച്ചു പറഞ്ഞു അമ്മ ഒന്നും മിണ്ടിയില്ല അച്ഛൻ എന്നെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി പോയി..
കാലങ്ങൾ കടന്നുപോയി ആശാ ഒരു ബാങ്കിൽ ക്ലർക്കായി ജോലിക്ക് കയറി എന്ന് അറിഞ്ഞു… അച്ഛൻ ഞങ്ങളെ വിട്ടു പോയി ….
പതിയെ പതിയെ അമ്മയുടെ ജീവിതത്തിലേക്ക് ആശയുടെ ജീവിതത്തിലെ പോലെ ശൂന്യത കടന്നുവന്ന തുടങ്ങി. ഒറ്റക്ക് ഇരിക്കുമ്പോള്‍ ഓരോന്ന് ആലോചിച്ചു ആശയോട് താൻ തെറ്റു ചെയ്തു എന്ന് പറയുന്നത് കേൾക്കാം എന്റെ മോന്റെ ജീവിതം നശിപ്പിക്കലെ ദേവിയെ എന്ന് പറഞ്ഞു കരയുന്നതും കാണാറുണ്ട്.
ഇടയ്ക്കെല്ലാം അവളെ കാണാനായി ഞാൻ പോകാറുണ്ടായിരുന്നു നാൽപതാമത്തെ വയസ്സിൽ എൻറെ ഉള്ളിലെ കാമുകൻ ഉണർന്നത് ഞാനറിഞ്ഞു അവൾ പോകുന്ന ബസിലെ ഒരു സ്ഥിര യാത്രക്കാരനായ ഞാൻ മാറി ജീവിതത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞപ്പോൾ അമ്മയുടെ സ്വഭാവത്തിലും നല്ല മാറ്റങ്ങൾ വന്നു തുടങ്ങി.
ആശയെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. ഇതിനിടയിൽ ഞാൻ പലപ്പോഴായി അവളോട് സംസാരിക്കാൻ നോക്കി എന്നാൽ അവൾ മൈൻഡ് ചെയ്യാതെ കടന്നുപോയി മാസങ്ങൾ കടന്നുപോയി ഒരു ദിവസം റോഡില്‍ തടഞ്ഞു നിര്‍ത്തി ഞാൻ അവളോട് പറഞ്ഞു
“” നിയമപരമായി നീ എൻറെ ഭാര്യയാണ് എനിക്ക് നിന്നോട് പറയാനുള്ളത് കേൾക്കാൻ എങ്കിലും തയ്യാറാകണം.””
“”ഓ… ഭാര്യ എന്നുള്ള ഒരു വാക്ക് ഇപ്പോഴെങ്കിലും നിങ്ങളുടെ നാവിൽ നിന്ന് കേട്ടല്ലോ”””
അവർ മുഖം തിരിച്ച് നടന്നു..
“” തെറ്റ് എൻറെ ഭാഗത്താണ് അത് ന്യായീകരിക്കാൻ നോക്കുന്നില്ല പക്ഷേ എനിക്ക് നിന്നെ വേണം ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നു എന്ന് നീ എൻറെ ജീവിതത്തിൽ നിന്ന് പോയപ്പോഴാണ് എനിക്ക് മനസ്സിലായത് നമുക്ക് ഒരു പുതിയ ജീവിതം തുടങ്ങി കൂടെ””
എന്നാൽ മറുപടി ഒന്നും പറയാതെ അവൾ നടന്ന് അകന്നു. രണ്ട് ദിവസത്തിനുശേഷം എൻറെ ഒരു കൂട്ടുകാരൻ പറഞ്ഞു ഞാനറിഞ്ഞു ആശയുടെ അമ്മ മരിച്ചു ഞാൻ വേഗം അവളുടെ വീട്ടിലേക്ക് പോയി.
അമ്മയുടെ ശരീരത്തിന് അരികെ കരയാതെ നോക്കിയിരിക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് പേടിയാണ് ഉണ്ടായത്. വീണ്ടും പഴയ അവസ്ഥയിലേക്ക് അവൾ പോകരുത് എന്ന് ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിച്ചു. പിറകിലൂടെ ചെന്ന് അവളുടെ ഷോൾഡറിൽ കൈ വെച്ചപ്പോൾ അവൾ എൻറെ മുഖത്തേക്ക് നോക്കി …..
എന്നെ തിരിച്ചറിഞ്ഞതും എന്നെ കെട്ടിപ്പിടിച്ചു അവൾ നിലവിളിച്ചു അവളുടെ തേങ്ങലുകൾ ആ വീട് ആകെ നിറഞ്ഞു. അമ്മയുടെ ശേഷക്രിയകൾ എല്ലാം കഴിഞ്ഞ് എല്ലാവരും വീട്ടിലേക്ക് മടങ്ങിയപ്പോൾ ഞാനവളോട് പറഞ്ഞു “”നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം””
അവൾ ചോദ്യഭാവത്തിൽ എൻറെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു “”നിൻറെ ആശങ്ക എനിക്ക് മനസ്സിലാകും എന്നാൽ എൻറെ അമ്മയ്ക്ക് ഇപ്പോൾ ഒത്തിരി മാറ്റമുണ്ട്. നിന്നോട് ചെയ്തതിനെല്ലാം കുറ്റബോധവും ഉണ്ട്. നിനക്ക് നഷ്ടപ്പെട്ട അമ്മയെ ആ വിട്ടില്‍ ഇനി തിരിച്ചു കിട്ടും ഇതെൻറെ വാക്കാണ് . ..””
“” വിശ്വാസമുണ്ടെങ്കിൽ നിനക്ക് എൻറെ കൂടെ വരാം…”””
ആശയുടെ മനസ്സിൽ പഴയ കാര്യങ്ങൾ ഒരു മിന്നൽ പോലെ കിടന്നു പോയി മനപ്പൂർവ്വം അല്ലെങ്കിലും അന്ന് അമ്മയോട് ചെയ്യ്തതിൽ അവൾക്കും കുറ്റബോധം തോന്നി.
ഈ സമയം അവൾ ആഗ്രഹിച്ച ഒരു ഭർത്താവിനെ ഗിരിയിൽ കണ്ടു. മരിച്ചുപോയ അവളുടെ അമ്മയുടെ ആഗ്രഹം എന്നോണം അവർ ഇരുവരും ഒരുമിച്ച് ഗിരിയുടെ വീട്ടിലേക്ക് യാത്രയായി….