താൻ നെഞ്ചിൽ കൊണ്ട് നടക്കുന്നവളുടെ കല്യാണക്കാര്യത്തിനു തന്നോട് തന്നെ അഭിപ്രായം..

ശിവപാർവതി
(രചന: ധ്വനി)

അവനെന്നും ഇഷ്ടം അക്ഷരങ്ങളോടും പുസ്തകങ്ങളോടും തന്നെയായിരുന്നു പക്ഷെ ഇടയ്ക്കെപ്പോഴോ ആ പാവടക്കാരിയും അവന്റെയുള്ളിലെ ഇഷ്ടങ്ങളിലൊന്നായി മാറി

കണ്ണുകളിൽ അഗ്നിയൊളിപ്പിച്ച ഹൃദയത്തെ പിടിച്ചുലക്കുന്ന നോട്ടങ്ങളും ഓരോ താളത്തിലും മതിമറന്നു ആടുന്ന ചിലങ്കയണിഞ്ഞ അവളുടെ ചുവടുകളുമായിരുന്നു അതിന് കാരണമായത്

ആ ചുവടുകളുടെ താളത്തിലോരോന്നിലും അവന് മാത്രമായി രചിച്ച പ്രണയത്തിന്റെ വരികൾ അവൾ ഒളിപ്പിച്ചതായി പലപ്പോഴും അവന് തോന്നിയിട്ടുണ്ട്

അത് സത്യമാണെന്ന് തിരിച്ചറിഞ്ഞത് കരിമഷിയെഴുതുന്ന കണ്ണുകൾ തന്നെ നോക്കുമ്പോൾ മാത്രം കൂടുതലായി തിളങ്ങുന്നത് കണ്ടപ്പോഴാണ് അന്ന് മുതൽ അവനവളെന്നും ഒരു സ്വപ്നമായിരുന്നു

സ്വന്തമാക്കണമെന്ന് അത്രയേറെ മോഹിച്ചു മനസിന്റെ ഓരോ കോണിലും

അണുവിലും ആരും അറിയാതെ ആരോടും പറയാതെ അവൾക്കായി മാത്രം അവനൊളിച്ചുവെച്ച സുന്ദര സ്വപ്നം

അവൾ തന്റേതാവുന്ന നിമിഷത്തിൽ തുറന്നുകാട്ടാൻ മാത്രമായി ഹൃദയത്തിന്റെ ഒരു കോണിൽ അവളെന്നെ സ്വപ്നത്തെ അവൻ കാത്തുവെച്ചു

ഇന്ന് അമ്മയുടെ കണ്ണുനീരിനെ കണ്ടില്ലെന്ന് നടിച്ചു പടിയിറങ്ങാൻ അവനാവുന്നില്ല ഇനിയും പറഞ്ഞില്ലെങ്കിൽ നഷ്ടമായേക്കും അതുകൊണ്ട് ചോദിക്കുവാ സ്വന്തമാക്കിക്കോട്ടെ നിന്നെ ഞാൻ
ശിവന്റെ മാത്രം പാറുവായി – ശിവൻ.

എഴുതിയ വരികളെ ഒന്നുകൂടി തലോടി ആ പേപ്പർ മടക്കി ഭദ്രമായി പോക്കറ്റിൽ വെച്ചു പതിയെ പടികളിറങ്ങി ഉമ്മറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും എതിരെ വന്നയാളുമായി കൂട്ടിയിടിച്ചതും ഒന്നിച്ചായിരുന്നു

“എന്തുവാ ശിവേട്ടാ ഒന്ന് നോക്കി നടന്നൂടെ എന്നെ ഇപ്പോൾ തള്ളിയിട്ടേനല്ലോ ”

“ഇങ്ങോട്ട് കേറിവന്നു ഇടിച്ചിട്ട് ഇപ്പോൾ എനിക്കയോ പാറു കുറ്റം ”

“ഞാൻ ഇടിച്ചാൽ എന്ത് പറ്റാനാ അതുപോലാണോ ശിവേട്ടൻ ഇടിച്ചാൽ ”

“അതെന്താപ്പോ ?? നീ ഇടിച്ചാൽ ഒന്നും പറ്റില്ലെന്ന് ആര് പറഞ്ഞു ”

“ഹോ ഒന്ന് നിർത്ത് കുട്ടികളെ കണ്ടാൽ കീരിയും പാമ്പുമാണ് രണ്ടും ”
അടുക്കളയിൽ നിന്നും കൈ സാരിത്തലപ്പിൽ തുടച്ചുകൊണ്ട് ഇറങ്ങി വന്ന സീതാ പറഞ്ഞു

“ഞാൻ അല്ല അപ്പച്ചി ഈ ശിവേട്ടനാ ”

“ഞാനോ ഞാൻ അല്ല അമ്മേ ഇവൾ ”

“ആഹ് മതി മതി എനിക്ക് മനസിലായി രണ്ടും മിണ്ടണ്ട ”

“അപ്പച്ചി ദേ പായസം ”

“പായസമോ ഇന്നെന്താ പ്രേത്യേകത ”

“കണ്ടോ അപ്പച്ചി മറന്നു ല്ലേ ” ചെറിയ പരിഭവത്തോടുകൂടി പാറു മുഖം തിരിച്ചു

“അമ്മേ ഇന്നാണ് ഭൂമിക്ക് ഭാരമായി ചിലരൊക്കെ ജനിച്ച ദിവസം ”

“അയ്യോ ഇന്ന് ആണല്ലെ അപ്പച്ചിടെ പാറുട്ടിയുടെ പിറന്നാൾ അപ്പച്ചി മറന്നു പോയി മോളെ ”

അവളുടെ നെറുകയിൽ തലോടി കവിളിൽ അമർത്തി ചുംബിച്ചതും അതുവരെയുള്ള പരിഭവത്തിന്റെ കെട്ടഴിച്ചു അവളാമാറിലേക്ക് വീണു

കൈപിടിച്ചു കൂട്ടുകാരികളെ പോലെ നടന്നകലുന്ന രണ്ടുപേരെയും കണ്ണിമ വെട്ടാതെ നോക്കി നിന്നു കുറച്ച് കഴിഞ്ഞപ്പോൾ തിരിഞ്ഞു നിന്ന് തന്നെ കോക്രി കുത്താനും അവൾ മറന്നില്ല

ശിവാ …ശിവങ്കുട്ട്യേ ….

ചിരിയോടെ അവരെ നോക്കി ആലോചനയിൽ അങ്ങനെ നിന്നപ്പോഴാണ് അമ്മാവന്റെ വിളി ഉമ്മറത്ത് നിന്നും വന്നത്

അടുത്തേക്ക് ചെന്നതും ഉമ്മറത്തെ ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടക്കുന്ന അമ്മാവനെയാണ് കണ്ടത്

പതിവിലും ഗൗരവം ആ മുഖത്ത് സ്ഥാനം പിടിച്ചിട്ടുണ്ട് ഉത്കണ്ഠയോടെ ആ മുഖത്തേക്ക് ഉറ്റുനോക്കി അതിനർത്ഥം മനസിലായി എന്നോണം എന്തെങ്കിലും ചോദിക്കും മുന്നേ മറുപടി എത്തിയിരുന്നു

ശിവപുരത്ത് നിന്ന് ഒരു ആലോചന വന്നിരിക്കുന്നു ബാങ്ക് മാനേജർ ആണ് പയ്യൻ നല്ല പേരുകേട്ട കുടുംബം അച്ഛന് പഴയ തഹസിൽദാർ പയ്യൻ കാണാനും സുമുഖൻ അതങ്ങോട്ട് ഉറപ്പിച്ചാലോന്നാ .. എന്താ നിന്റെ അഭിപ്രായം

കാർമേഘങ്ങളുടെ ചീളുകൾ തകർത്തു ആകാശത്തെയും ഭൂമിയെയും പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നൽപിണർ പോലെയാണ് ആ ശബ്ദം കാതുകളിലേക്ക് പതിഞ്ഞത്

താൻ നെഞ്ചിൽ കൊണ്ട് നടക്കുന്നവളുടെ കല്യാണക്കാര്യത്തിനു തന്നോട് തന്നെ അഭിപ്രായം ചോദിക്കുകയാണ് എന്താ പറയേണ്ടത് എന്നറിയാതെ ഉഴറി

“അത് പിന്നെ അവൾ പഠിക്കുവല്ലേ … അതുകഴിയാതെ ഇപ്പോഴേ …..”

ഒരുവിധം പറഞ്ഞൊപ്പിക്കുമ്പോഴും വാക്കുകൾ ഇടറാതിരിക്കാൻ നന്നേ പാടുപെട്ടു

“പഠിത്തം ഒക്കെ വിവാഹം കഴിഞ്ഞും ആവാലോ തറവാട്ടുകാരാ അവൾ ജോലിക്ക് പോയി കൊണ്ട് വരേണ്ട കാര്യമൊന്നുമില്ല ”

“എന്നാലും ഏട്ടാ ഇതിപ്പോ പെട്ടെന്ന് …”
അകത്തളത്തിൽ നിന്നിറങ്ങി വന്ന സീതയും ശ്രീധരനോടായി ചോദിച്ചു

“പെട്ടെന്ന് അല്ലല്ലോ സീതേ അവൾക്കിന്ന് 20 തികഞ്ഞു അമ്മയില്ലാത്ത കുട്ടിയല്ലേ പിന്നെ ഒരുപാട് പഠിപ്പിച്ചിട്ട് എന്തിനാ എനിക്കുള്ളതെല്ലാം അവൾക്ക് മാത്രമുള്ളതാ എന്റെ കണ്ണടയും മുന്നേ അവളെ ഒരു കൈപിടിച്ചു കൊടുക്കണം ”

ആ വാക്കുകൾക്ക് എന്തെങ്കിലും മറുത്ത് പറയാൻ തനിക്കോ അമ്മക്കോ ആവതുണ്ടായിരുന്നില്ല.. ശരിയാണ് ..

അമ്മയില്ലാത്ത കുട്ടിയെ ഇത്രയും നാളും ഒരു കുറവുമില്ലാതെ വളർത്തി കൊണ്ടുവന്ന ഒരു അച്ഛന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അത് മാത്രമാണ് ശരി പക്ഷെ പാറു

ആ ചോദ്യം എങ്ങനെ എന്നോർത്തപ്പോഴേക്കും അമ്മ അത് ചോദിച്ചു കഴിഞ്ഞിരുന്നു

“അല്ലേട്ടാ പാറു എന്ത് പറഞ്ഞു ”

“അവളോട് പറഞ്ഞിട്ടില്ല പറയണം പോയി വന്നിട്ട് പറയാമെന്നു കരുതി ”

അതും പറഞ്ഞു അമ്മാവൻ ഇറങ്ങിനടന്നു ആ പോക്ക് നോക്കി നിൽക്കാനേ ആ സമയം തനിക്കായൊള്ളു

എന്താ ചെയ്യണ്ടതെന്നറിയാതെ ഉഴറിയ നിമിഷങ്ങളിൽ പലപ്പോഴും മനസു കൈവിട്ട് പോകും പോലെ തോന്നി അവൾ മറ്റൊരാളുടേത് ആകുന്നത് ചിന്തിക്കാനുള്ള ശേഷി പോലും തനിക്കില്ല

ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് തോന്നിയപ്പോൾ കുളപ്പടവിലേക്ക് ചുവടുവെച്ചു മനസിൽ നുരഞ്ഞു പൊന്തുന്ന സങ്കടത്തിന്റെയും ദേഷ്യത്തിന്റെയും പ്രതിഫലനം എന്നോണം കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകിക്കൊണ്ടിരുന്നു

ഓളങ്ങളിൽ നോക്കി ഇരിക്കുമ്പോഴും അവയിൽ തെളിയുന്ന തന്റെ പ്രിയപെട്ടവളുടെ മുഖം വീണ്ടും ഉള്ളു ചുട്ടുപൊളിച്ചുകൊണ്ടിരുന്നു

പോക്കറ്റിൽ മടക്കിവെച്ച കടലാസ് കഷ്ണം കുളത്തിലേക്ക് എറിയനൊരുങ്ങിയതും പുറകിൽ നിന്നൊരു കാൽപ്പെരുമാറ്റം കേട്ടു..

പെട്ടെന്ന് അത് പോക്കറ്റിലേക്ക് തന്നെ ഇട്ടു കണ്ണുകളമർത്തി തുടച്ചു.

പടവിലിരുന്ന് മുകളിലേക്ക് നോക്കിയതും കണ്ടു മുണ്ടും നേര്യതുമുടുത്ത് മെടഞ്ഞിട്ട മുടി അഴിച്ചിട്ടു ചെറിയൊരു കാശിമാലയും അണിഞ്ഞു

ചന്ദനക്കുറിയും തൊട്ട് ഒരുങ്ങി ഇറങ്ങി വന്ന പെണ്ണിനെ ഒരു നിമിഷത്തേക്ക് തന്റെ ഹൃദയം പോലും മിടിക്കാൻ മറന്നു അവളെ നോക്കിനിന്നുപോയി

അടുത്ത നിമിഷം തന്നെ സ്വബോധം വീണ്ടെടുത്ത് അവളിൽ നിന്ന് നോട്ടം മാറ്റി വീണ്ടും ദൂരേക്ക് മിഴികൾ പായിച്ചിരുന്നു അവളുടെ കാൽപ്പെരുമാറ്റം ഏറെ അടുത്തെത്തി എന്ന് തോന്നിയതും വെമ്പാറായ മിഴികളെ ഒന്നുകൂടി അമർത്തി തുടച്ചു എഴുന്നേറ്റു നിന്നു

പിന്നിൽ നിന്നും രണ്ട് കൈകൾ തന്നെ ആവരണം ചെയ്തതും ശാസിച്ചുനിർത്തിയ മിഴികളിൽ വീണ്ടും നീർമുത്തുകൾ സ്ഥാനം പിടിച്ചു പക്ഷെ അതവളിൽ നിന്നും മറച്ചുപിടിച്ചു വേഗം ആ കൈകളിൽ പിടിത്തമിട്ടു നേരെ നിർത്തി

ചെറിയൊരു പരിഭവം അവളുടെ മുഖത്ത് തെളിഞ്ഞത് കണ്ടുവെങ്കിലും അവയെ കണ്ടില്ലെന്ന് നടിച്ചു മുഖം തിരിച്ചു

“കണ്ടോ ശിവേട്ടാ അപ്പച്ചി എനിക്കായി തന്ന പിറന്നാൾ സമ്മാനമാണ് ഈ മുണ്ടും നേര്യതും പിന്നെ ഈ കാശിമാലയും കൊള്ളാമോ ??”

“മ്മ്”

മറുപടി ഒരു മൂളലിൽ ഒതുക്കിയതുകൊണ്ടാവാം വീണ്ടും ആ മുഖത്ത് പരിഭവം നിറഞ്ഞത് അതും താൻ കാര്യമാക്കുന്നില്ല എന്ന് കണ്ടതും പെണ്ണ് വീണ്ടും ഓരോന്ന് പറയാൻ തുടങ്ങി

“പിറന്നാളായിട്ട് ശിവേട്ടൻ എനിക്കെന്ത് സമ്മാനമാ തരാൻ പോണത് ”

“ഞാൻ ഒന്നും കരുതിയിട്ടില്ല ”

താല്പര്യമില്ലാത്ത തന്റെ മറുപടിയിൽ അവളുടെ ചുണ്ട് കൂർപ്പിക്കുന്ന പ്രതിബിംബം ആ ഓളങ്ങളിൽ തെളിഞ്ഞത് കൗതുകത്തോടെ ഒരുവേള നോക്കി നിന്നുപോയി

പക്ഷെ പെട്ടെന്ന് തന്നെ എന്തോ ആശയം മനസിൽ തെളിഞ്ഞതുപോലെ പെണ്ണിന്റെ മുഖം വിടർന്നു

“ശരി എനിക്ക് സമ്മാനമൊന്നും വേണ്ടാ പക്ഷെ ഞാൻ ഒരു സമ്മാനം കരുതിയിട്ടുണ്ട് ”

അതും പറഞ്ഞു ചെറുചിരിയോടെ തന്റെ കവിളിലേക്ക് അവളുടെ ചുണ്ടുകൾ ചേർക്കാനൊരുങ്ങിയത് കണ്ടതും പെട്ടെന്ന് തോന്നിയ ഒരു ദേഷ്യത്തിൽ തന്റെ കൈകൾ അവളുടെ കവിളിലമർന്നു

ചെയ്ത് കഴിഞ്ഞാണ് എന്താണ് ചെയ്‌തെന്ന ബോധം തന്നിലുടലെടുത്തത് അപ്പോഴേക്കും പാറുവിന്റെ കണ്ണുനീർ തന്നിൽ നോവുണർത്തികൊണ്ടിരുന്നു

അവളെ നെഞ്ചോട് ചേർക്കണമെന്നും ആ കണ്ണുനീർ ഒപ്പണമെന്നും ഉള്ളിന്റെയുള്ളിൽ തോന്നിയെങ്കിലും എന്തോ അതിന് കഴിയാതെപോയി

“പാറു ഞാൻ ”

പറയാനൊരുങ്ങിയതും കൈകൾ ഉയർത്തി അവൾ തന്നെ തടഞ്ഞിരുന്നു വേഗം എഴുന്നേറ്റ് തന്നെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവളോടിയകന്നിരുന്നു

എനിക്കറിയാം പെണ്ണെ നിന്റെയുള്ളിൽ ഞാൻ മാത്രമേയുള്ളു പക്ഷെ ഇപ്പോൾ എനിക്ക് വേറെ വഴികളൊന്നുമില്ല ഇപ്പോഴത്തെ എന്റെ പെരുമാറ്റം നിന്നെ എത്രമേൽ വേദനിപ്പിച്ചെന്നും എനിക്കറിയാം

പക്ഷെ നിന്റെ നിറഞ്ഞ കണ്ണുകൾ കാൺകെ നിന്നെക്കാൾ നോവുന്നതെനിക്കാണ് ഇപ്പോൾ നിനക്കെന്നോട് ദേഷ്യമാവും

പക്ഷെ ഞാൻ ഈ ദേഷ്യത്തിന്റെ മുഖമൂടി അണിഞ്ഞത് നിനക്ക് വേണ്ടി തന്നെയാണ്

നീ അർഹിക്കുന്ന നല്ലൊരു ജീവിതം ഞാൻ കാരണം ഇല്ലാതാവരുത് നിന്റെ അച്ഛന്റെ കണ്ണുകൾ ഞാൻ കാരണം നിറയരുത് ഇപ്പോൾ അത് മാത്രമേ എന്റെ മനസ്സിലുള്ളു അതിന് വേണ്ടി എനിക്കിത് ചെയ്തേ മതിയാവൂ

ദിവസങ്ങൾ വേഗം കൊഴിഞ്ഞു വീണു .. പോകെ പോകെ പാറുവിനോട് ശിവനുള്ള അകലം കൂടിക്കൂടി വന്നു ആദ്യമൊക്കെ എതിർത്തെങ്കിലും ഒടുവിൽ അച്ഛന്റെ കണ്ണുനീരിനു മുന്നിൽ പാറുവിനും തോൽവി സമ്മതിക്കേണ്ടി വന്നു

അങ്ങനെ ഇന്നാണ് ആര്യൻ മാധവുമായുള്ള പാർവതിയുടെ വിവാഹം എല്ലാത്തിനും അമ്മാവന് കൂട്ടായി ശിവയും മുന്നിലുണ്ട് വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി വന്ന മകളെ കണ്ണിമയ്ക്കാതെ ശ്രീധരൻ നോക്കി നിന്നു

അച്ഛനും അപ്പച്ചിക്കും ദക്ഷിണ നൽകി അനുഗ്രഹവും വാങ്ങി കാറിലേക്ക് കേറവേ നിറഞ്ഞ മിഴിയോടെ ഒന്നുകൂടി അവൾ ശിവനെ നോക്കി പക്ഷെ ആ നോട്ടത്തെ പാടെ അവഗണിച്ചു അവൻ തിരിഞ്ഞു നീന്നു

മണ്ഡപത്തിൽ ഓരോ തിരക്കുകളുമായി ഓടി നടക്കുമ്പോഴും ക്രമാതീതമായി തന്റെ ഹൃദയമിടിപ്പ് ഉയരുന്നത് അവനറിഞ്ഞു

നിമിഷങ്ങൾക്കപ്പുറം തന്റെ പ്രാണന്റെ കഴുത്തിൽ മറ്റൊരാളുടെ താലി വീഴും പൂർണമായും അവൾ തനിക്ക് അന്യയാവും അതോർക്കേ ഹൃദയം പൊട്ടുന്ന പോലൊരു നോവ് തന്നിൽ വന്നു നിറയുന്നതവനറിഞ്ഞു

പക്ഷെ സന്തോഷത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ വന്നവരെ സ്വീകരിച്ചിരുത്തുന്ന അമ്മാവന്റെ മുഖം കണ്ടതും ആ സങ്കടം ചിരിയിലേക്ക് വഴിമാറി

അതോടൊപ്പം ശ്രീധരന്റെ മുഖത്തെ പുഞ്ചിരി മായവേ അത് ശിവനിലും ഒരു ആശങ്കയുണർത്തി

ഓടിച്ചെന്നു ആ തോളിലേക്ക് കൈകൾ അമർത്തിയതും ഒരു കരച്ചിലോടെ തന്റെ നെഞ്ചിലേക്ക് ആ മനുഷ്യൻ വീണു

“ചതി പറ്റിപ്പോയി ശിവങ്കുട്ട്യേ ചതിപറ്റിപോയി ”

അടുത്തുനിന്ന രാഘവൻ ഇളയച്ഛനിൽ നിന്നുമറിഞ്ഞു ചെറുക്കനും കൂട്ടരും എത്തില്ലെന്ന് ഒരു നടുക്കത്തോടെ അമ്മാവന്റെ മുഖത്തേക്ക് നോക്കിയതും നിസ്സഹായത ആണ് ആ മുഖത്ത് കാണാൻ കഴിഞ്ഞത്

എവിടെ നിന്നോ വാർത്തയറിഞ്ഞു ഓടിയെത്തിയ അമ്മയുടെ വാക്കുകളിൽ ഒരുവേള പകച്ചുപോയെങ്കിലും അമ്മാവന്റെ മുഖത്തേക്ക് നോക്കവേ

അവിടെ യാചനയോടെ ഉള്ള നോട്ടമായിരുന്നു സമ്മതം എന്ന് മൂളിയതും ആരൊക്കെയോ തന്നെ വിളിച്ചുകൊണ്ട് പോയി പുതിയ ഷർട്ടും വെള്ളമുണ്ടുമുടുത്ത് മണ്ഡപത്തിലേക്ക് ചെന്നിരുന്നതും ഒരു ചിരിയോടെ തന്റെയടുത്തവൾ സ്ഥാനമുറപ്പിച്ചു

“കുറച്ച് നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ പാർവതി ശിവന്റെ മാത്രമാവും ശിവന്റെ മാത്രം പാറു “പതിയെ തന്റെ കാതോരം ചേർന്നവൾ മന്ത്രിച്ചു

സംശയത്തോടെ നോക്കിയതും മറുപടി എന്നോണം ഒരു കടലാസാവൾ തന്റെ കൈകളിലേക്ക് വെച്ചുതന്നു

“മുറിയിൽ നിന്ന് അടിച്ചുമാറ്റിയതാ ” ചിരിയോടെ അവൾ പറഞ്ഞതും ആ ചിരി തന്റെ ചുണ്ടിലേക്കും പടർന്നു

“ഇന്ന് ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നെങ്കിലോ ??”

“സംഭവിക്കുമല്ലോ ഈ നാടകത്തിൽ ആര്യൻ മാധവും എന്റെ അപ്പച്ചിയും പങ്കാളികളാണ് … എന്റെ കൂട്ടുകാരിയുടെ കഴുത്തിൽ ഇപ്പോൾ അയാൾ താലി ചാർത്തിയിട്ടുണ്ടാവും … എല്ലാവരും വിഷമിച്ചിരുന്ന ഈ സമയത്ത് ഇങ്ങനെയൊരു ആശയം മുന്നോട്ട് വെക്കാനുള്ള ചുമതല അപ്പച്ചിയുടേതായിരുന്നു ”

“ഹോ അപ്പോൾ എല്ലാരും well planned ആയിരുന്നല്ലേ അപ്പോൾ ഞാനും അമ്മാവനും മാത്രം ഒന്നുമറിഞ്ഞില്ല ”

“ഇപ്പോൾ അറിഞ്ഞല്ലോ അതുമതി .. ഈ ജന്മം പാറു ശിവന്റെ സ്വന്തമാണ് ”

“ഈ ജന്മം മാത്രമല്ല പെണ്ണെ ഇനിയുള്ള ജന്മങ്ങളിലെല്ലാം പാറു ശിവന്റേത് മാത്രമാണ് ഇനി മുതൽ നീ പാർവതി ശിവൻ ആണ് ”

അവളുടെ കാതിൽ മന്ത്രിച്ചുകൊണ്ട് ശിവൻ പാറുവിന്റെ കഴുത്തിൽ താലി ചാർത്തി അവൾ ശിവന്റെ മാത്രം പാറുവായി..

Leave a Reply

Your email address will not be published. Required fields are marked *