നാട്ടുകാരെ കൊണ്ട് പെണ്ണ് കിട്ടാത്തവർ എന്ന് പറയിപ്പിക്കാതെ ഏതെങ്കിലും ഒന്നിനെ..

പരിണയം
(രചന: Aparna Aravind)

സകലദൈവങ്ങളെയും വിളിച്ചാണ് രാവിലെ തന്നെ എഴുന്നേറ്റത്.. പത്തുമണിയായാലും പോത്തുപോലെ കിടന്നുറങ്ങുന്ന എനിക്ക് ഉറക്കമില്ലെന്നോ.. എനിക്കെന്നോട് തന്നെ അത്ഭുതം തോന്നി..

ഇതിപ്പോ പരീക്ഷക്ക് പോലും ഇത്രേം ടെൻഷൻ അടിച്ചിട്ടില്ല.. അമ്മ പൂജാമുറിയിൽ വിളക്കുവെക്കുന്നത് കണ്ട് വേഗം പോയ്‌ പ്രാർത്ഥിച്ചു… ന്റെ ഉണ്ണിക്കണ്ണാ…

നിന്നെ പോലെ പതിനായിരം ഗോപികമാർ ഒന്നും വേണമെന്നില്ല..

നാട്ടുകാരെ കൊണ്ട് പെണ്ണ് കിട്ടാത്തവർ എന്ന് പറയിപ്പിക്കാതെ ഏതെങ്കിലും ഒന്നിനെ സെറ്റ് ആക്കിത്തരണേ..

ആ ഗോപാലേട്ടന്റെ അറിവിൽ ഏതോ ഒരു പെൺകുട്ടി ഉണ്ടത്രേ..അതിനെ ഒന്ന് പോയ്‌ കാണാൻ ഇന്നാണ് മുഹൂർത്തം കിട്ടിയത്. പെണ്ണുതപ്പി നടന്നിട്ട് തേഞ്ഞ ചെരുപ്പിന് കണക്കില്ല.

എന്റെ കൃഷ്ണാ. ഇനി വയ്യ.. എങ്ങനെയെങ്കിലും ഇതൊന്നു റെഡിയാകണേ.. അമ്മയും ഒടുക്കത്തെ പ്രാർത്ഥനയിലാണ്.. എങ്ങനെയെങ്കിലും എന്നെ ഒന്ന് കെട്ടിക്കണം എന്നുള്ള ഉദ്ദേശമാണ് വീട്ടുകാർക്കും നാട്ടുകാർക്കും.

ജോലിയായിട്ടും ഗൗതമിന് പെണ്ണുകിട്ടാത്തതെന്താണെന്ന് എല്ലാവർക്കും സംശയമാണ്.. ജാതകത്തിലെ വെള്ളിയും ശനിയുമൊക്കെ എന്റെ ജീവിതം കുട്ടിച്ചോറാക്കുമെന്നാണ് തോന്നുന്നത്..

മോനെ … അച്ഛന്റെ വിളിയാണല്ലോ ദൈവമേ.. എന്തോ ഉപദേശം തരാനുള്ള ബെൽ ആണ് മുഴങ്ങിയത്..

എന്താ അച്ഛാ.. പല്ലുപോലും തേച്ചില്ല.. രാവിലെ തന്നെ തുടങ്ങിയോ ഉപദേശം.. ഞാൻ കളിയാക്കികൊണ്ട് ചോദിച്ചു..

ടാ ചെക്കാ.. കളിക്കല്ലേ, പെൺവിഷയത്തിൽ ഇത്തവണയെങ്കിലും തോൽകാതിരിക്കാനാ ഉപദേശം തരാമെന്നു കരുതിയത്.. വേണ്ടങ്കിൽ വേണ്ട.. നീ പോ മോനെ ദിനേശാ..

പിണങ്ങല്ലേ ന്റെ അച്ഛൻ നായരേ… ഇത് ഞാൻ പൊളിക്കും.. നോക്കിക്കോ.. പെണ്ണിനേം കൊണ്ടേ ഞാൻ പൊരുള്ളൂ.

എന്തൊക്കയോ ലൊട്ടുലൊടുക്ക് ഡയലോഗ് അടിച്ച് അച്ഛന്റെ കൈയിൽ നിന്നും തലയൂരി.. എല്ലാം നിന്റെ കൈകളിലാണെന്റെ കണ്ണാ..

പല്ലുതേപ്പും കുളിയും ഫുഡ്‌ അടിയും കഴിഞ്ഞ് ഗണപതിക്കൊരു തേങ്ങയും ഉടച്ച് പെണ്ണുകാണാൻ പുറപ്പെട്ടു.. ഗോപാലേട്ടനാണ് കൂടെയുള്ളത്.. മൂപ്പരാകുമ്പോ കുഴപ്പമില്ല.. ആ കരിവിളക്കിനടുത്ത് ഞാനെന്ന നിലവിളക്ക് നിന്നാൽ ഒരു ചന്തമൊക്കെ തോന്നും..

വേറെ ഏതെലും സുന്ദരകുട്ടപ്പന്മാരെ കൂടെ കൂട്ടിയാൽ ചിലപ്പോ എന്റെ മാർക്ക്‌ കുറഞ്ഞുപോയെങ്കിലോ.. എന്തൊക്കയോ ചിന്തകൾക്കിടയിലൂടെ അവസാനം അവളുടെ നാട്ടിലെത്തി.. പടച്ചോനെ.. മിന്നിച്ചേക്കണേ..

ജാതകം നോക്കിയപ്പോ പൊരുത്തം ഉണ്ടെന്ന് കണ്ടത് കൊണ്ടാണ് ഇന്നിപ്പോ പെണ്ണ് കാണാൻ ഇറങ്ങിയത്.

അത് വലിയൊരാശ്വാസം ആണ്.. ഇല്ലെങ്കിൽ ജാതകമാണ് എന്റെ മെയിൻ വില്ലൻ..നാട്ടുകാരോടൊക്കെ വഴി ചോദിച്ച് അവസാനം വീടെത്താറായി.. അശ്വതി എന്നാണ് നമ്മടെ നായികയുടെ പേര്..

“അശ്വതി ഗൗതം”…. ആഹാ.. എന്താ ഒരു മാച്ച്… ഈ പേരിന്റെ മാച്ച് എങ്കിലും നോക്കി നീ ഓളെ നിക്ക് കെട്ടിച്ച് തരണേ ന്റെ കണ്ണാ..

വയലുകൾക്കിടയിലൂടുള്ള റോഡ് കടന്ന് ചെന്നത് ഒരു ഭഗവതി ക്ഷേത്രത്തിന്റെ അരികിലായിരുന്നു.. അവിടുന്ന് വലത് കയറി മൂന്നാമത്തെ വീടാണ് ന്റെ അശ്വതി കുട്ടിയുടെ വീട്..

അങ്ങനെ തപ്പി പിടിച്ചു വീടെത്തി.. പൂന്തോട്ടം ഏറെ അഴക് പകരുന്ന ഒരു കൊച്ചുവീട്.

മുന്നിൽ പത്രപാരായണത്തിലായിരുന്ന അശ്വതിയുടെ അച്ഛൻ ഞങ്ങളെ സ്വീകരിച്ച് അകത്തു കയറ്റി.. അമ്മ വന്ന് ഓരോ കുശലങ്ങൾ ചോദിക്കുന്നുണ്ട്..

കേട്ടോ ഗൗതം.. തന്നെ ഞങ്ങള്ക്ക് ഏറെ ഇഷ്ടായി.. അതോണ്ടാ പെണ്ണുകാണാൻ വന്നോളാൻ പറഞ്ഞത്.. അശ്വതിക്ക് താഴെ ഒരു അനിയത്തിയാണ്. അവള് പത്തിൽ പഠിക്യാണ്. അശ്വതി മോൾക് ഇഷ്ടാവാണെങ്കിൽ നമുക്ക് ബാക്കി കാര്യങ്ങളൊക്കെ നോക്കാം..

മനസ്സിൽ നാലഞ്ചു ലഡുകൾ കൂട്ടത്തോടെ പോട്ടി.. ഹോ ന്റെ അശ്വതിയേ ഇനി നിന്നെ കൂടെ ഒന്ന് കണ്ടാൽ…

പെട്ടന്നാണ് ചായയും കൊണ്ട് അശ്വതിയും അനിയത്തിയും വന്നത്.. നല്ല കുട്ടി.. എനിക്കൊരുപാട് ഇഷ്ടായി. പക്ഷെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്ല്ലോ ..ഇനി എന്റെ സ്വപ്നങ്ങളിൽ ആയിരുന്നോ..

മനസ്സിൽ വല്ലാത്തൊരു കുളിര് തോന്നി. അടുത്തുള്ള നാടാണല്ലോ..

അമ്പലത്തിന്ന് വല്ലോം ആവും.. സാരിയുടുത്ത് ചന്ദനം തൊട്ട് അവളെ കണ്ടപ്പോൾ ഇപ്പൊ തന്നെ വീട്ടിൽ കൊണ്ട് പോയാലോ എന്ന് തോന്നി പോയി.

മോളോട് എന്തെങ്കിലും സംസാരിക്കാം കേട്ടോ.. അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

അനു.. ചേട്ടനെ ചേച്ചിടെ അടുത്തേക്കൊന്നു കൊണ്ട് പൊയ്ക്കോ.. അവർക്ക് എന്തെകിലും സംസാരിക്കാനുണ്ടാകും. എന്ത് സ്നേഹമുള്ള അച്ഛൻ. ഞാൻ മനസ്സിൽ ചിരിച്ചു.

അനിയത്തികുട്ടി എന്നെ മുറ്റത്തുള്ള നെല്ലിമരത്തിന്റെ തണലിലേക്ക് കൂട്ടികൊണ്ട് പോയി. അവൾ തിരിഞ്ഞുനിന്ന് കുറച്ച് ഗൗരവത്തിൽ പറഞ്ഞു..

അതെ ചേട്ടാ.. പിന്നെ ഉണ്ടല്ലോ..ചേച്ചിക്ക് ചേട്ടനെ ഇഷ്ടായില്ലാട്ടോ.. അവൾക് വേറെ ഒരാളെ പണ്ടേ ഇഷ്ടാ..

തലയിൽ തേങ്ങ വീണപോലെ ഞാൻ തരിത്ത് നിന്നുപോയി..

എന്താ നീ പറയുന്നത് എന്ന് ചോദിക്കാൻ പോലും എന്റെ ഒച്ച പൊങ്ങുന്നുണ്ടായിരുന്നില്ല

ന്നാലും ന്റെ കണ്ണാ… എന്നോടിത് വേണ്ടായിരുന്നു.. ഞാൻ അങ്ങോട്ട് വരട്ടെ.. ഗണപതിക്ക് ഉടച്ച തേങ്ങ വാങ്ങി നിങ്ങടെ തലക്കിട്ട് പൊട്ടിക്കണം.. പെണ്ണ് കിട്ടാതെ ജീവിക്കാൻ പറ്റുമ്മോ എന്ന് ഞാനൊന്നു നോക്കട്ടെ.. മനസ്സ് ദേഷ്യം കൊണ്ട് വെന്തുരുകുന്നുണ്ട്….

ഇനി അച്ഛന്റെ മുഖതെങ്ങനെ നോക്കും.. നാട്ടുകാരുടെ ചൊറിച്ചിൽ ഇനിയും സഹിക്കാണല്ലോ ന്റെ ഭഗവാനെ… ഇതിപ്പോ ഇടിവെട്ടിയവന്റെ തലക്ക് പാമ്പ് കടിച്ചപോലായി.. ആകെ തലക്ക് പ്രാന്തെടുക്കുന്നുണ്ട്

അതെ… ഗൗതം ചേട്ടാ..

അശ്വതിയാണ്.. ഈ പിശാശിന് ഇനി എന്താണാവോ വേണ്ടത്.. മോളെ എന്ന് പറഞ്ഞ നാവുകൊണ്ട് വേറെ വല്ലോം ഇവൾ വിളിപ്പിക്കും..

ഹം… എന്താ.. ഇഷ്ടമായില്ല എന്ന് പറയാൻ ആണെങ്കിൽ അതൊക്കെ ഞാനറിഞ്ഞു..നേരത്തെ പറയായിരുന്നെങ്കിൽ വെറുതെ വേഷം കെട്ടി വരില്ലായിരുന്നു.. ഞാൻ മുഖം കുറച്ച് കറുപ്പിച്ചു തന്നെ പറഞ്ഞു..

ആഹാ.. ചേട്ടന് ചൂടാവാൻ ഒക്കെ അറിയുമല്ലേ.. അതെ.. എന്നെ കണ്ടിട്ട് എന്തെങ്കിലും പരിജയം തോന്നുന്നുണ്ടോ.. അവൾ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി..

അത്… എനിക്ക്…

എന്റെ പൊന്നു ഗൗതം ചേട്ടാ..ഇത് ഞാനാ അച്ചു.. പണ്ട് ഒരു പൂ തന്ന് ചേട്ടനെ ഇഷ്ടാണെന്ന് പറഞ്ഞപ്പോ ചേട്ടന് ഏതോ പെണ്ണിനെ ഇഷ്ടാണെന്ന് പറഞ് എന്നെ കരയിച്ചതോർക്കുന്നുണ്ടോ…

എന്റെ കൃഷ്ണാ..നീ ആയിരുന്നോ.. താൻ ആകെ മാറിപ്പോയല്ലോടോ… ഇപ്പൊ കുറച്ച് സുന്ദരി ആയി.. ഞാൻ അവളെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു…

ഹമ്മ്.. അതൊക്കെ പോട്ടെ.. അപ്പൊ ചേട്ടന്റെ പഴയ ചേച്ചി എവിടെ, അതിനെ പെണ്ണ് കാണാൻ പോവാതെ എന്താ ഈ വഴിക്കൊക്കെ…

ഹോ.. ശവത്തിൽ കുത്താതെ ന്റെ അച്ചുവേ.. അവൾ വേറെ കെട്ടി, ഇപ്പൊ അവള്ടെ കുട്ടി ഒന്നാം ക്ലാസ്സിൽ പഠിക്യാ..

അത് കേട്ട് അവൾ ചിരിക്കുന്നത് കണ്ടപ്പോ… ഹോ ആ ചിരിയിൽ..

അവൾക്ക് വേണ്ടി എന്റെ ഹൃദയം വല്ലാതെ തുടിക്കുന്നത് ഞാനറിഞ്ഞു..
പണ്ട് ആ പൂവ് വാങ്ങി ഒരു i love you അങ്ങ് പറഞ്ഞിരുന്നെങ്കിൽ.. ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം..ചത്ത കുഞ്ഞിന്റെ ജാതകം നോക്കിട്ട് കാര്യമില്ലല്ലോ

ഹം.. അപ്പൊ ശരി.. തന്റെ കാര്യങ്ങളൊക്കെ നടക്കട്ടെ.. കല്യാണത്തിന് എന്നെ വിളിക്കാൻ മറക്കണ്ട..

ഇനിയിപ്പോ വേറെ വല്ല പെണ്ണുകാണലിനും യോഗമുണ്ടോന്ന് ഞാനൊന്നു നോക്കട്ടെ.. ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി ഞാൻ പതിയെ തിരിഞ്ഞു നടന്നു.

അതെ ചേട്ടാ..

ഹം.. ന്താ…

എനിക്ക് ഇപ്പോളും നിങ്ങളെ വല്യ ഇഷ്ടം തന്നെയാണ്‌ട്ടോ.. നിങ്ങളാണ് പെണ്ണുകാണാൻ വരുന്നത് എന്ന് അറിഞ്ഞിട്ടാണ് ഞാൻ ഓക്കേ പറഞ്ഞത്..

നിക്ക് വേറെ പ്രണയം ഒന്നുല്ല്യാ….. പിന്നെ.. എന്നെ കുറെ കരയിച്ചതല്ലേ.. ഞാനും ഒരു ഷോക്ക് തരാമെന്ന് കരുതി.. അത്രയേ ഉള്ളു.. ചേട്ടന് ഇഷ്ടാണെങ്കിൽ ഞാൻ കെട്ടാൻ റെഡി ആണുട്ടോ..

ന്റമ്മോ… ഒരുനിമിഷം ഈ ലോകം തന്നെ തലകീഴായ് മറയുന്നപോലെ തോന്നി. എനിക്ക് ചുറ്റിലും പാട്ടുപാടി മാലാഖമാർ നൃത്തം വെക്കുന്നപോലെ തോന്നി..

ഇഷ്ടമാണെന്നും പറഞ് അകത്തേക്കോടിയ എന്റെ പെണ്ണിനെ ഏറെ ഇഷ്ടത്തോടെ ഞാൻ നോക്കിനിന്നു..

അച്ഛനോട് വീട്ടിൽ നിന്ന് എല്ലാവരെയും കൂട്ടിവരാമെന്നു പറഞ്ഞിറങ്ങുമ്പോൾ ഞാൻ ഓർത്തു അന്ന് പൂവും കൊണ്ട് വന്നപ്പോ ഇഷ്ടാന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്നിപ്പോ പ്രേമിച്ചു സുഖിച്ചു നടക്കായിരുന്നു… അല്ലെങ്കിലും എല്ലാം ദൈവത്തിന്റെ കൈയിലല്ലേ..

രാധയെ പ്രേമിച്ച് രുക്മിണിയെ സ്വന്തമാക്കിയ കൃഷ്ണനെ പോലെ അച്ചുവിന്റെതാകാനാകും എന്റെ തലവര..

അല്ലെങ്കിലും അങ്ങനാണല്ലോ.. എന്റെ പാതി എനിക്ക് വേണ്ടി എന്തായാലും കാത്തിരിക്കും..

അതിപ്പൊ ഞാൻ വേണ്ടെന്ന് പറഞ്ഞാൽ പോലും.. പ്രണയമേ നന്ദി.. എന്നിലേക്ക് വീണ്ടും ഒഴുകിവന്നതിന് ഒരായിരം നന്ദി. ഇനി അവളുമൊത്ത് ജീവിതം പ്രണയിച്ചുതീർകണം ഒരു മായാലോകത്തെന്നോണം..

Leave a Reply

Your email address will not be published. Required fields are marked *