(രചന: Dhanu Dhanu)
വീട്ടുകാർ എതിർത്തപ്പോൾ ഞാൻ അമ്മുവിനെയും വിളിച്ചിറക്കി വീട്ടിലേക്കു പോന്നു..
വരുന്ന വഴിയ്ക്ക് അമ്പലത്തിൽ കേറി ഞാനവളുടെ കഴുത്തിൽ താലികെട്ടുകയും ചെയ്തു..
അന്നുമുതൽ അവളെന്റെ ജീവനായി ജീവിതവുമായി. ഞാൻ ശരിക്കും ജീവിതമെന്താണെന്നു അറിഞ്ഞുതുടങ്ങിയത് അവളെന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ്..
ഇണക്കവും പിണക്കവും പരിഭവവും പരാതിയുമൊക്കെയായി ജീവിതം മുന്നോട്ടു പോകുമ്പോഴും..
അവളുടെ കണ്ണുനിറയുന്നത് പലപ്പോഴായി ഞാൻ കണ്ടിട്ടുണ്ട്.. അതിനു കാരണം ചോദിക്കുമ്പോഴൊക്കെ അവൾ എന്നോട് പറയുമായിരുന്നു..
അവളുടെ അച്ഛന്റെയും അമ്മയുടെയും എട്ടന്റെയും കഥകൾ.. അവരെയൊക്കെ വേദനിപ്പിച്ചു എന്നോടൊപ്പം ഇറങ്ങിവരുമ്പോഴും അവളുടെ മുഖത്ത് അവരോടുള്ള കുറ്റബോധമായിരുന്നു..
ഇത്രയും കാലം വളർത്തി വലുതാക്കി ഒരുപാടു സ്നേഹിച്ചും കൊഞ്ചിച്ചും കൊണ്ടുനടന്നവരെ വേദനിപ്പിച്ചെന്ന കുറ്റബോധം..
ആ കുറ്റബോധം എനിക്കുമുണ്ടായിരുന്നു പക്ഷെ സ്നേഹിച്ചപെണ്ണിനെ മറ്റൊരുതന് വിട്ടു കൊടുക്കാൻ എനിക്കാവില്ല.. എനിക്കെന്നല്ല ആത്മാർഥമായി സ്നേഹിക്കുന്ന ഒരാൾക്കും അതിന് സാധിക്കില്ല.
അവളുടെ കൂടെ ജീവിക്കണം അവളുടെ എല്ലാം എല്ലാമായി ജീവിക്കണം.. അത്ര മാത്രമാണ് ഞാനപ്പോ ചിന്തിച്ചതും പ്രവർത്തിച്ചതും..
അതുകൊണ്ടു എനിക്ക് അവളെ സ്വന്തമാക്കാൻ കഴിഞ്ഞു.. ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം മാത്രമാണുള്ളത്..
ആ സന്തോഷം എന്നും ഞങ്ങളുടെ ജീവിതത്തിലുണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ഞങ്ങളിപ്പോ.
ഈ വിഷുദിനത്തിൽ ഞാനവൾക്കൊരു സർപ്രൈസ് കൊടുക്കുന്നുണ്ട്… ആ സർപ്രൈസ് അവളെയൊരുപാട് സന്തോഷിപ്പിക്കും. ഈ വിഷുകണിയോടൊപ്പം ഞാനാ സർപ്രൈസും അവൾക്ക് സമ്മാനിക്കും.
അന്ന് രാത്രി അവളറിയാതെ ഞാനെല്ലാ പ്ലാനിങ്ങും ചെയ്തുവെച്ചു എന്നിട്ടാണ് ഉറങ്ങാൻ കിടന്നത്…
പിറ്റേ ദിവസം രാവിലെ ഞാൻ നേരത്തെ എണീറ്റ് അവളെ വിളിച്ചുണർത്തി കണ്ണുകെട്ടിയിട്ടു ഞാനവളോട് പറഞ്ഞു മിണ്ടാതെ കൂടെവരാൻ..
ഞാൻ പതുക്കെ അവളെയുംകൂട്ടി കാറിനടുത്തേക്കു നടന്നു എന്നിട്ടവളെ കാറിൽപിടിച്ചിരുത്തി…
എന്നിട്ട് നേരെ അങ്ങോട്ടു വിട്ടു അപ്പോഴും ഞാൻ അവളുടെ കണ്ണിലെ കെട്ട് അഴിക്കാൻ സമ്മതിച്ചില്ല.. അങ്ങനെ കുറച്ചുനേരത്തെ യാത്രയ്ക്കുശേഷം ഞാനാ സ്ഥലത്തെത്തി..
എന്റെ പ്രിയതമയ്ക്കു ഞാൻ കണിയൊരുക്കിയ സ്ഥലം അവൾക്കു ഏറ്റവുംകൂടുതൽ സന്തോഷം നൽകുന്നൊരു സ്ഥലം..
ഞാനവളെ കാറിന്റെ പുത്തേക്കു നിർത്തിയിട്ടു കാറിന്റെ ഡിക്കി തുറന്നു കുറെപടക്കങ്ങൾ എടുത്ത് കത്തിച്ചിട്ടു..
അതിന്റെ ശബ്ദം കേട്ട് അവളൊരു ഞെട്ടലോടെ കണ്ണിലെ കെട്ടഴിച്ചു നോക്കുമ്പോൾ കാണുന്നത് അവളുടെ വീടായിരുന്നു…
ആ വീടിന്റെ ഉമ്മറത്തേക്കു പടകത്തിന്റെ ശബ്ദം കേട്ട് അവളുടെ അച്ഛനും അമ്മയും ഏട്ടനും വന്നുനിൽക്കുന്നുണ്ടായിരുന്നു… അന്നവൾ കണികണ്ടത്.. അവരെയായിരുന്നു..
അതിന്റെ സന്തോഷത്താൽ അവളുടെ കണ്ണുനിറയുന്നത് എനിക്ക് കാണാമായിരുന്നു…
ഞാനവളെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു…’അകലെ നിന്നെങ്കിലും അവർ നിന്നെ അനുഗ്രഹിക്കും..
നമ്മളെത്ര വലിയ തെറ്റുചെയ്താലും നമ്മളോട് ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നവർ ഉണ്ടെങ്കിൽ അത് നമ്മുടെ മാതാപിതാക്കളായിരിക്കും…
അവരുടെ പിണക്കത്തിന് അതികം ആയുസ്സുണ്ടാകില്ല അതാണ് സത്യം..
അതുപോട്ടെ ഞങ്ങളാണെന്നു മനസ്സിലാക്കിയ അളിയൻ വീടിന്റെ മുറ്റത്തിറങ്ങി നിന്നു ചീത്തവിളിക്കാൻ തുടങ്ങി..
ഇനിയും അവിടെനിന്നാൽ പണിപാളുമെന്നു മനസ്സിലാക്കിയ ഞങ്ങൾ ഡിക്കിയിലിരിക്കുന്ന അവാസനത്തെ പടക്കമെടുത്തു അളിയന്റെ അടുത്തേക്ക് കത്തിച്ചിട്ടിട്ടു…
അവിടെ നിന്ന് സ്ഥലംവിട്ടു അടുത്ത വിഷുവിനു അവരോടൊപ്പം ആഘോഷിക്കാമെന്ന പ്രതീക്ഷയോടെ….