പക്ഷേ, ഇവിടെ എന്റെ ഭാര്യ ഒരു പടി എനിക്ക് താഴെ നിന്നാൽ മതി. കേട്ടല്ലോ അവന്റ പുച്ഛത്തോടെ ഉള്ള വാക്കുകൾ..

(രചന: ദേവൻ)

എനിക്ക് കുറച്ചു കാശ് ആവശ്യമുണ്ട്, നിന്റ ATM ഒന്ന് തന്നെ ”

അവളുടെ കയ്യിൽ നിന്നും കാർഡ് വാങ്ങിപ്പോയ രാഹുൽ പിൻവലിച്ച കാശ് കണ്ട് അവളൊന്ന് അമ്പരന്നു.

കല്യാണസമയത്ത് അച്ഛൻ തന്റെ അക്കൗണ്ടിൽ ഇട്ടതും പിന്നെ സാലറിയും എല്ലാം ചേർത്ത് ഉണ്ടായിരുന്ന കാശിൽ നിന്ന് ഒരു ലക്ഷം രൂപയാണ് മൂന്ന് ദിവസമായി അയാൾ പിൻവലിച്ചത്.

” രാഹുൽ.. ഇതെന്തിനാ ഇത്രേം കാശ് പിൻവലിച്ചത്, അതും ഒന്ന് ചോദിക്കുകപ്പോലും ചെയ്യ്തില്ലല്ലോ. ”

അവൾ ചോദിച്ചത് സ്നേഹത്തോടെ ആയിരുന്നു. ആ ചോദ്യത്തിൽ പ്രശ്നമുണ്ടെന്ന് തോന്നിയതും ഇല്ല.
പക്ഷേ ഉടനടിയുള്ള അവന്റെ ദേഷ്യവും മറുപടിയും അവളെ ആകെ അമ്പരപ്പിച്ചു.

” ഓഹ്… വന്നു കേറുംമുന്നേ തുടങ്ങിയോ കാശിന്റെ കണക്ക് പറച്ചിൽ.
നിനക്കുള്ളത് എന്റേം കൂടെ ആണെന്ന് കരുതി. അതുകൊണ്ട് ചോദിക്കാൻ നിന്നില്ല, അതിലെന്താ ഇത്ര തെറ്റ് ”

ഒരു കൂസലുമില്ലാത്ത മറുപടി അവളിൽ തെല്ലൊന്നുമല്ല ദേഷ്യം ഉണ്ടാക്കിയത്.

” കണക്ക് പറഞ്ഞതോ എടുത്തതിൽ പ്രശ്നമുണ്ടായിട്ടോ അല്ല, അങ്ങനെ ആണെങ്കിൽ എന്റെ കാർഡ് ഞാൻ തരില്ലല്ലോ. പക്ഷേ ഇത്രേം വലിയൊരു തുക പിൻവലിക്കുമ്പോൾ ഒന്ന് പറയാമായിരുന്നല്ലോ.
എന്തിനാണെന്ന് ഞാൻ കൂടെ അറിയുന്നതിൽ ന്താ പ്രശ്നം. ”
നമ്മളൊരുമിച്ചു ജീവിക്കാൻ തുടങ്ങിയത് മുതൽ എന്നിൽ രാഹുലിന് ഉള്ള അവകാശം പോലെ എനിക്ക് തിരിച്ചും ഇല്ലേ? അതോ ഇതൊക്കെ ആണുങ്ങൾക്ക് മാത്രം എന്നാണോ? ”

മുഖത്തു നിന്ന് കണ്ണെടുക്കാതെ ഉള്ള അവളുടെ ചോദ്യം കേട്ടപ്പോ അവനൊന്നു പതറി. പക്ഷേ അത് മുഖത്തു പ്രതിഫലിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവൻ.

” നിന്നെ കെട്ടിയത് ഞാൻ ആണ്. അല്ലാതെ നീ എന്നെ അല്ലല്ലോ കെട്ടിയത്? അപ്പൊ എനിക്ക് നിന്റ മേൽ കുറച്ചു അധികാരം കൂടുതൽ ഉണ്ടെന്ന് കൂട്ടിക്കോ.
പിന്നെ ജോലിയും കയ്യിൽ പത്തു കാശും ഉള്ളതിന്റെ അഹങ്കാരത്തിൽ ആണ് ങ്ങനെ പേടിയില്ലാതെ സംസാരിക്കുന്നതെങ്കി അത് വേണ്ട.
ഇവിടെ ഞാൻ പറയുന്നതേ നടക്കൂ.. എന്റെ ഭാര്യ ആകുന്നത് വരെ നിന്റ വീട്ടിൽ നീ എങ്ങനെ ആയിരുന്നു എന്ന് എനിക്ക് അറിയണ്ട, പക്ഷേ, ഇവിടെ എന്റെ ഭാര്യ ഒരു പടി എനിക്ക് താഴെ നിന്നാൽ മതി. കേട്ടല്ലോ ”

അവന്റ പുച്ഛത്തോടെ ഉള്ള വാക്കുകൾ കേട്ടപ്പോൾ എന്തോ അത് വരെ തോന്നത്തൊരു വെറുപ്പ് തോന്നിതുടങ്ങി ആ മനുഷ്യനോട് അവൾക്ക്.

” ഞാൻ ഒന്ന് ചോദിക്കട്ടെ… ഇവിടെ ഞാനിപ്പോ എന്ത് അഹങ്കാരം കാണിച്ചു എന്നാണ് നിങ്ങൾ പറയുന്നത്. എന്റെ അക്കൗണ്ടിൽ നിന്ന് ഇത്രേം വലിയ തുക പിൻവലിച്ചതിന്റെ ആവശ്യം എന്താണെന്ന് ചോദിച്ചതോ അതോ ഒരു പെണ്ണ് ഒന്ന് നിവർന്നു നിന്ന് മുഖത്തു നോക്കി സംസാരിച്ചതോ?

ഇത് രണ്ടാണെങ്കിലും അതിൽ നിങ്ങൾ കണ്ടെത്തിയ അഹങ്കാരം എനിക്ക് ഉണ്ടെന്ന് കൂട്ടിക്കോ.
തെറ്റ് ചെയ്യാത്തിടത്തോളം കാലം ആരുടേയും മുന്നിൽ തല കുനിക്കേണ്ട ആവശ്യം ഇല്ലെന്ന് പറഞ്ഞതെന്റെ അച്ഛനാ…
അതൊരു അഹങ്കാരമല്ല ഞങ്ങൾക്ക്, കോൺഫിഡൻസ് ആണ്.
നേർക്ക് ചൂണ്ടുന്ന വിരലിനെ പുഞ്ചിരിയോടെ നേരിടാൻ പെണ്ണിനും കഴിയുമെന്ന വിശ്വാസം.

പിന്നെ കേറി വന്നപ്പോഴേ തുടങ്ങിയെന്നു പറഞ്ഞല്ലോ. ആ വാക്ക് ഞാൻ നിങ്ങളോട് ആണ് പറയേണ്ടത്.
അത് പറയാത്തത് എന്റെ മര്യാദ.

പിടിച്ച് വാങ്ങേണ്ടതല്ല ഈ അവകാശം..
അത് പരസ്പ്പരം അറിഞ്ഞും സ്നേഹിച്ചും നൽകേണ്ട ഒന്നാണ്… അതിനെ നിലനിൽപ്പ് ഉള്ളൂ…

ന്തായാലും തുടക്കം കയ്ച്ചു.. ഇനി അങ്ങോട്ട് മധുരിക്കുമൊ എന്ന് കണ്ടറിയാം…. ”

അവൾ അത്രയും പറഞ്ഞ് അവന്റ അരികിൽ നിന്ന് തിരികെ നടക്കുമ്പോൾ അവൾ അവസാനം പറഞ്ഞ വാക്കിൽ നിന്ന് അവൻ ഒന്ന് വായിച്ചെടുത്തിരുന്നു

ദാമ്പത്യം മുന്നോട്ട് പോകണമെങ്കിൽ അവകാശം പറഞ്ഞ് അടക്കിനിർത്താൻ നിൽക്കണ്ട, ഇത് പെണ്ണ് വേറെ ആണ് എന്ന്……