അതെ ഏട്ടാ പെട്ടന്ന് പോയ്‌ വിളിച്ചോണ്ട് വാ, നാത്തൂന്റെ ശബ്ദം ഇല്ലെങ്കി ഈ വീട്ടില് ആകെ..

നീയും ഞാനും
(രചന: Binu Omanakkuttan)

“അച്ചുവേട്ടാ… എഴുന്നേറ്റെ എന്ത് ഉറക്കാ  ഇത്… സമയം കുറേ ആയിട്ടോ…” ഉച്ചമയക്കത്തിലാണ്ടുപോയ അച്ചൂനെ തന്റെ കുഞ്ഞനുജത്തി തട്ടിവിളിച്ചുണർത്തി…

“എന്താടി…? ” ഉറക്കം പൂർത്തിയാക്കാത്തതിന്റെ  ദേഷ്യത്തോടെയാണ് അച്ചു അവളോട് സംസാരിച്ചത്…..

“മീനാക്ഷിയേച്ചി കുറേ നേരം വിളിച്ചു.. അത് പറയാൻ ഉണർത്തിയതാ.. വിളിച്ചത് തെറ്റായിപ്പോയെങ്കിൽ ഉറങ്ങിയേക്ക്…ഞാൻ പോയേക്കുവാ..”

ആതിര റൂമിന് വെളിയിലേക്കിറങ്ങി…

“എടി ആതു… ഒന്ന് നിന്നെ…”

“മ്മ് എന്താ..?”

“എന്റെ ഫോൺ ഓഫായിരുന്നല്ലോ.. പിന്നെങ്ങനെ call വന്നു….?”

“അയിന് എന്റെ ഫോണിലാ  വിളിച്ചത്…”

“മ്മ് അവളെന്താ പറഞ്ഞത്…?”

“അതൊക്കെ പറയണമെങ്കിൽ,  എനിക്കെന്താ പ്രയോജനം..?  പറയില്ല സർ… എനിക്കപ്പുറത്ത് പണിയുണ്ട്… നിനക്കെന്തെലും അറിയണമെങ്കിൽ അങ്ങോട്ട് വാ…”

“അവസരം മുതലാക്കണോ നീ..?”

“മ്മ് അങ്ങനെയെങ്കിൽ അങ്ങനെ..”

“ആതു…. ചേട്ടന്റെ കയ്യില് ഓട്ട വീണ വെള്ളിനാണയം, പോലുമില്ലെന്ന് നിനക്കറിയാലോ…? വാശി പിടിക്കാതെ പറഞ്ഞാൽ ജോലി ഉള്ളപ്പോ ഒരടിപൊളി ലാച്ച വാങ്ങി തരാം…”

“ഓക്കേ… അതൊക്കെ സമ്മതിച്ചു. അതിനുമുൻപ് എന്തിനാ രണ്ടുംകൂടി തല്ലുണ്ടാക്കിയതെന്നുകൂടി പറയണം… രണ്ട് ഭാഗവും കേക്കണോലോ…”

“ഞാനിപ്പോ എങ്ങനെയാ നിന്നോട് അത് പറയുന്നേ…? “

“മോളന്നു കോളേജിൽ പോയില്ലേ,

” ഉം…. കനത്തിൽ അവളൊന്ന് മൂളി…

അന്ന് ഉച്ചക്ക് ഞാനും അവളൂടെ ചെറുതായൊന്നു വഴക്കിട്ടു… വേറൊന്നുമില്ല, എന്റെ ജോലി ആയിരുന്നു ചർച്ച വിഷയം..

പെട്ടന്ന് അവിടുന്ന് ഇറങ്ങേണ്ടി വന്നപ്പോൾ,
അവളുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല,
മാസം അടുത്തോണ്ടിരിക്കയല്ലേ…?? ജയേട്ടന്റെ കൂടെ പെയിന്റിങ്ങിന് പോകാൻ പറഞ്ഞപ്പോൾ
അന്നേരത്തെ  ദേഷ്യത്തിന് അറിയാതെ കൈകൊണ്ടു ഒന്ന് തല്ലി…

അടിച്ചു കഴിഞ്ഞപ്പോ ശരിക്കും കുറ്റബോധം തോന്നി, വേണ്ടായിരുന്നുന്ന്…. പക്ഷെ, അവള് പെട്ടെന്ന് വീട്ടിലേക്ക് പോയ്‌…”

“കല്യാണം കഴിഞ്ഞിട്ട് ഞാനവളെ ഇന്നേവരെ തല്ലിയിട്ടില്ല… പക്ഷെ, അന്ന് പറ്റിപ്പോയി… ഈ സമയം കൂടി ആയോണ്ട്…”

” അവൾക്ക് നല്ല വിഷമം കാണും… എല്ലാരേയും ഉപേക്ഷിച്ചു വന്നതല്ലേ…? “

അപ്പോഴേക്കും അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… അവളില്ലാതെ ഒരു നിമിഷം മുന്നോട്ട് പോകാൻ പറ്റാത്തൊരുതരം അവസ്ഥ…

“ഇത്രേ ഉള്ളോ…? അവിടുന്ന് നാത്തൂൻ എന്താ പറഞ്ഞെന്ന് അറിയുവോ..??

വഴക്കിന് തുടക്കം പുള്ളിക്കാരി തന്നെയാ…. ജോലി ഇല്ലാതെ വന്നപ്പോ കക്ഷിക്ക് വിഷമം ഉണ്ടായി…

അതാണ്…അന്ന് വഴക്കിന് കാരണം. ഒരു ഗർഭിണിപെണ്ണ് വിശന്നിരിക്കേണ്ട അവസ്ഥ വന്നാൽ അതിനുത്തരവാദി അവളുടെ പുരുഷൻ ആണെങ്കിലും, അയാളുടെ അവസ്ഥ മനസിലാക്കി പെരുമാറാൻ എനിക്ക് കഴിഞ്ഞില്ല എന്നാ പറഞ്ഞത്… പുള്ളിക്കാരി കരയുന്നുണ്ടായിരുന്നു…

പിന്നെ അടിച്ചതിനൊന്നുമല്ല വിഷമം…അന്ന് വൈകിട്ട് തന്നെ ഏട്ടൻ വിളിക്കാൻ പോകാത്തതിന്റെയാണ്…”

“സത്യാണോ ആതു….??  അവള് വിളിച്ചു പറഞ്ഞതാണോ…?? “

“അതെ ഏട്ടാ…. പെട്ടന്ന് പോയ്‌ വിളിച്ചോണ്ട് വാ….
നാത്തൂന്റെ ശബ്ദം ഇല്ലെങ്കി, ഈ വീട്ടില് ആകെ ശോകമാ… അമ്മയില്ലാത്ത എനിക്ക്  അമ്മയാണ് എന്റെ നാത്തൂൻ…”

ഇന്നാ കയ്യിലെ വളയൂരി ആതു അച്ചുവിന് നേരെ നീട്ടി…….

“ഇത്കൊണ്ട് വിക്കുവോ പണയം വെക്കുവോ ചെയ്യ്…. എന്നിട്ട് ഏട്ടത്തിക്ക് വല്ലോം വാങ്ങി കൊടുക്ക്…. പെട്ടന്ന് പോയ്‌ കൊണ്ട് വാ… എനിക്ക് ഏട്ടത്തിയെ കാണാൻ കൊതിയാവുന്നു…”

സന്തോഷം കൊണ്ടോ..? സങ്കടം കൊണ്ടോ…?
അച്ചുവിന്റെ കണ്ണ് അയാളറിയാതെ നിറഞ്ഞു… വളയും വാങ്ങി നേരെ മീനാക്ഷിയുടെ അരികിലേക്ക് യാത്ര തിരിച്ചു…..

സന്ധ്യസമയം….

ഗെയിറ്റ് പതിയെ തുറന്ന് ആ വലിയ വീടിന്റെ മുന്നിൽ എത്തിയപ്പോ ഞാനറിയാതെ എന്റെ കാലുകൾ പിന്നിലേക്ക് പോയി…. പ്രണയമെന്ന അനന്തമായ അവസ്ഥ  ഞങ്ങളിലേക്ക് കടന്നുവന്ന നിമിഷം…

ഒരു അത്താഴപട്ടിണിക്കാരന് സ്വന്തമായി ഒരു രാജ്യവും,  കൊട്ടാരവുമുള്ള സുന്ദരിയും,
വിദ്യാസമ്പന്നയുമായ മീനാക്ഷിയോട് തോന്നിയ അടങ്ങാത്ത പ്രണയം… വാനോളം വളർന്ന്‌,  വളർന്ന്‌…

ആ കൊട്ടാരത്തിലെ രാജകുമാരിയേയും,  തട്ടിയെടുത്ത് നാട് വിട്ടപ്പോ…. ആ കൊട്ടാരത്തിലെ രണ്ട് മനുഷ്യർക്ക് നഷ്ടായത് അവരുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിരുന്നു…

അവൾക്കായ്‌ കരുതിയ പൊന്നും പണവും ഒക്കെ അവിടത്തന്നെ വച്ചു,  ഇട്ടിരുന്ന വസ്ത്രം മാത്രമെടുത്ത് അവളെയും കൊണ്ട് ആ രാത്രിയിലെ ഞങ്ങളുടെ ജീവിതയാത്ര തുടങ്ങുമ്പോ  തന്നിഷ്ടക്കാരിയായ മോളെ ഓർത്ത് ആ മനസുകൾ കരഞ്ഞിരുന്നു…

എനിക്ക് ഒരിക്കലും മാപ്പ് കിട്ടാത്ത ഈ മുറ്റത്ത്  കയറാൻ പോലും അവകാശമില്ല…. കൈ വിറച്ചുകൊണ്ടാണ് കോളിംഗ് ബെല്ലിൽ അമർത്തിയത്… ഒരു കുരുവിക്കുഞ്ഞിന്റെ ശബ്ദം വീടിനുള്ളിൽ പടർന്നു…

ഡോറിൽ ആരോ വന്നു പിടിച്ചതിന്റെ കുലുക്കം കേട്ടപ്പോൾ തന്നെ പേടിച്ചിട്ട് മുട്ടുകൾ  കൂട്ടിമുട്ടി… ഡോർ തുറന്നത് അവളുടെ അമ്മയായിരുന്നു…

“ആ അച്ചുവായിരുന്നോ…? കയറിവാ മോനെ…
അവിടെന്താ നിക്കുന്നെ…?” ആ മുഖത്തെ ദേഷ്യമൊക്കെ മറികടന്നു ചിരിയിലേക്ക് കൊണ്ടെത്തിച്ചത് എങ്ങനെയെന്ന് മനസിലാകാതെ ഞാൻ മീനാക്ഷിയെ അന്വേഷിച്ചു…

“നീ അകത്ത് കയറിയിരിക്ക്; ഈ വീടിന്റെ മരുമകൻ വെളിയിലാണോ വന്നു നിക്കണ്ടെ…? ” എന്നെ പരിഹസിക്കുകയാണോ എന്ന് ഒരു നിമിഷം ആലോചിച്ചു..

വിറച്ചു വിറച്ചാണ് പടികൾ കയറിയത്.. അകത്തേ വലിയ ഹാളിൽ,  പതുപതുപ്പൻ സോഫയിലേക്ക് നിലയുറക്കുമ്പോ എനിക്ക് ചമ്മലായിരുന്നു…

എങ്ങനെയെങ്കിലും മീനാക്ഷിയേ ഒന്ന് കണ്ടിരുന്നെങ്കിൽ വല്ലാതെ കൊതിച്ചുപോയ നിമിഷം ആയിരുന്നു അത്… അപ്പോഴേക്കും അവളുടെ അച്ഛനും, വന്നു…  അയാളെന്നെ കൊല്ലാൻ വരുന്ന പോലെ തോന്നി… അടുത്തേക്ക് വന്നിരുന്നുകൊണ്ട്,

” മോനെപ്പോ വന്നു…?”

എന്ന് ചോദിച്ച നിമിഷം…എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ആ കാലിൽ വീണു ആയിരം മാപ്പുകൾ പറയാൻ എനിക്ക് തോന്നി…

“അയ്യേ എന്താടോ ഇത്…? ” ഞങ്ങൾക്ക് ഒരു മോളെ,  ദൈവം തന്നുള്ളുവെങ്കിലും, മരുമകനായി നിന്നെ ഞങ്ങൾക്ക് കിട്ടിയില്ലേ..?? ഞങ്ങൾക്ക് ഒരു  മകൾ മാത്രമല്ല,ഒരു മകനും കൂടിയുണ്ട് ഇപ്പോൾ…”

“അച്ഛാ… എന്നോട് ക്ഷമിക്ക്… ഞാൻ…”

“എന്തിനാണ് ക്ഷമ പറച്ചിലൊക്കെ…?

എന്റെ മകൾ, അവൾ സന്തോഷത്തോടെ ജീവിക്കുന്നത് പോലും നിന്റെ കൂടെ ആയത് കൊണ്ടല്ലേ…? നിങ്ങളെ ഇത്രയും കാലം വന്നു വിളിക്കാതിരുന്ന ഞങ്ങളല്ലേ…. മാപ്പ് പറയേണ്ടത്…? “

“അച്ഛാ… ഞാൻ… ഞാനൊന്ന്… കെട്ടിപ്പിടിച്ചോട്ടെ… അച്ഛനെ…? “

“എന്താ മരുമോനും അച്ഛനും കൂടെ…?”

“ഏയ്… ഞങ്ങളൊന്ന് സ്നേഹം പങ്കുവെച്ചതാ…
നീ പോയ്‌ മോളെ വിളിച്ചിട്ട് വാ… എല്ലാർക്കുടെ ഇരുന്നു സംസാരിക്കാം…”

അമ്മ കിച്ചണിലേക്ക് അവളെ വിളിക്കുവാൻ പോയ്‌… നാണം കൊണ്ട് ചുവന്ന കവിളുമായിട്ട് കുണുങ്ങി കുണുങ്ങി എന്റെ പിന്നിൽ വന്നവൾ നിന്നു… അച്ഛൻ അതൊക്കെ കണ്ട് നല്ല സന്തോഷത്തിലാണ്… അമ്മയും അച്ഛനും എന്തൊക്കെയോ അടക്കം പറയുന്നുണ്ട് കണ്ണുകൾ കൊണ്ട്….

“എന്താടാ പട്ടി…?  ഞാൻ വിളിച്ചാലേ നീയെന്നെ വിളിക്കാൻ വരൂള്ളോ..?” പിറകിൽ നിന്ന്, പതിയെ തല താഴ്ത്തി ചെവിയിൽ അവർ കാണെ ചിരിച്ചുകൊണ്ട് അവൾ മെല്ലെ പറഞ്ഞു…

“റൂമിലേക്ക് വാ വച്ചിട്ടുണ്ട് നിനക്ക്…”

“ബാ…പോവാം…”

“എവിടേക്ക്…? “

“ഇവിടിരി ഞാൻ പോയ്‌ ചായ എടുത്തോണ്ട് വരാം..”

അവൾ വീണ്ടും അടുക്കളയിൽ പോയ്‌… പെടുന്നന്നെ ചായയുംകൊണ്ട് വന്നു… ഒരുമിച്ച് ചായ കുടിച്ച് സൊറപറച്ചിലൊക്കെ കഴിഞ്ഞ് ഞങ്ങൾ റൂമിലേക്ക് ചെന്നു… കാതടിപ്പിക്കുന്ന ശബ്ദത്തോടെയാണ്  ഡോർ അടച്ചത്…

“എന്താടി…? നിനക്ക് വട്ടായോ…? “

“മ്മ്.. വട്ടായി…”

“അവിടുന്ന് വന്നിട്ട് ദിവസം മൂന്ന് കഴിഞ്ഞു,  എന്നെ ഒന്ന് വിളിച്ചോ നീ..?  ദുഷ്ടൻ… നിന്റെ കൂടെ തന്നെയാണല്ലോ എല്ലാം ഉപേക്ഷിച്ചു ഞാൻ വന്നത്…” ഞാൻ ഒന്നും മിണ്ടാതെ നിന്നു..

“എന്നോട് ഇത്തിരി സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ…അന്ന് തന്നെ വരില്ലായിരുന്നോ…?? “

“അതൊക്കെപ്പോട്ടെ…എന്ത് കൈവിഷമാ നീ  അച്ഛനും അമ്മയ്ക്കും കൊടുത്തത്…??  എന്താ സ്നേഹം എന്നോട്…”

“ഓഹോ… അറിയണോ അതൊക്കെ..?? “

“പിന്നെ അറിയണ്ടേ…? “

“ഈ മൂന്ന് ദിവസം ഞാൻ എന്ത് പറഞ്ഞാലും അതിലൊക്കെ നീയുണ്ടായിരുന്നു… അവർക്ക് കേട്ട് കേട്ട് മടുത്ത് കാണും…”

“വഴക്കുണ്ടായതൊക്കെ പറഞ്ഞോ..?”

“ഏയ് ഇല്ല…”

“അത് പറയണ്ടായിരുന്നോ…? “

“അത് പറയാൻ തോന്നിയില്ലടോ..” അപ്പോഴേക്കും അവളും ഞാനും അത്രക്ക് അടുത്തു…

അരയിലൂടെ കയ്യിട്ട് ചുറ്റിപ്പിടിച്ചു കവിളിൽ ചുംബനത്തിന്റെ പെരുമഴ പെയ്യിപ്പിച്ചു, കാതിൽ കടിക്കുന്നതിനിടക്ക് പതിയെ പറഞ്ഞു “നമുക്ക് പോകാടീ….ആതു ഒറ്റക്കെ ഉള്ളു… അവിടെ…”

“മ്മ് ഒരുപാട് ഇരുട്ടി… പോകാം…” അവളും സന്തോഷത്തോടെ അത് പറയുമ്പോ ജീവിതത്തിൽ കിട്ടിയ ഭാഗ്യം എന്റെ പെണ്ണാണെന്ന് എനിക്ക് മനസ്സിലായിരുന്നു…..

വീണ്ടും ഹാളിലേക്ക് ഞങ്ങളെത്തി…

“എന്താ പോവണോ രണ്ടുപേരും…? ”
അച്ഛൻ ചോദിച്ചു…

“ഉടനെ വരാം… ആതിര ഒറ്റക്കെ ഉള്ളു അവിടെ… “

“ശരി മക്കളെ പോയിട്ട് വാ…” അച്ഛന്റെയും അമ്മയുടെയും കണ്ണിൽ സ്നേഹത്തിന്റെ പുഞ്ചിരി ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു…

“അതെ ഇവളെന്ത് കൊണ്ടാണ് ഇങ്ങോട്ട് വന്നതെന്ന് പറഞ്ഞിരുന്നോ..?

“ഏയ് ഒന്നും പറഞ്ഞില്ല…. എന്തെ..??  മോനെവിടൊ പോയെന്ന് പറഞ്ഞിരുന്നു…”

“ഏയ് അതൊന്നുമല്ല… വീട്ടിൽ ചെറുതായൊന്നു വഴക്കിട്ടിരുന്നു… ഒരു മാസത്തിന് മുന്നേ ജോലി ചെയ്തോണ്ടിരുന്ന സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വന്നു… അങ്ങനെ സാമ്പത്തികമായി ഒരുപാട് പരുങ്ങലിൽ ആയിപ്പോയി…

മകളെ പട്ടിണിക്കിട്ടതിൽ എന്നോട് ക്ഷമിക്കണം…
ഞാൻ ആകെ പെട്ടുപോയി.. അതുകൊണ്ടാണ്…
പിന്നെ ജോലി ഒക്കെ ശരിയായി.. അതാ പെട്ടന്ന് വന്നത്…  എനിക്കിവളെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല…. കുറച്ചു ദിവസം കഴിഞ്ഞു കൊണ്ട് വരാം…”

യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങുമ്പോ
മനസ്സിൽ നല്ല സന്തോഷം തോന്നി.. എന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചിരുന്നു…

“ആട്ടെ ജോലി ശരിയായോ ഏട്ടാ..? “

“ആ ഫിനാൻസ് വർക്കിന്‌ ഞാൻ പോകുന്നില്ലെടീ…
വരുന്ന വഴിക്ക് ജയേട്ടനെ കണ്ടു…എനിക്ക് നിന്നെ പോറ്റാൻ അധികം പൈസേടെ ആവശ്യം ഒന്നുല്ല…”

“ദിവസവും വൈകിട്ട് ജോലിയും കഴിഞ്ഞു…
എണ്ണൂറ് രൂപ ശമ്പളവും വാങ്ങി പൊന്നിന് വേണ്ടതൊക്കെയും വാങ്ങി, ഒരു കവറിൽ കുറച്ചു മീനും,  പലഹാരവും ഒക്കെയായി വന്നു കയറുമ്പോ…. ചൂട് കട്ടൻ ചായ തന്ന് എന്നെ സ്വീകരിക്കുന്ന….

എന്റെ നെഞ്ചോട് ഒട്ടിനിന്ന് ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു,  എന്റെ വിയർപ്പിന്റെ ഗന്ധം നിറഞ്ഞ ഷർട്ട് ഊരി മുഖത്ത് പിടിച്ചു, തന്റെ പുരുഷന്റെ ഗന്ധത്തിൽ പോലും എന്നോട് സ്നേഹം കണ്ടെത്തുന്ന കാന്താരി പെണ്ണായ് നമുക്ക് ജീവിക്കാം…”

അപ്പോഴേക്കും ഞങ്ങൾ ഗെയിറ്റ് കടന്നു…

“മോനെ ഇതാ… വണ്ടി കൊണ്ട് പൊ…
ഇരിട്ടിയില്ലെ അവളെയും കൊണ്ട് പോകണ്ടേ…? ” കാറിന്റെ ചാവി നീട്ടിക്കൊണ്ട് അച്ഛൻ തിരികെ വിളിച്ചു..

“പോയ്‌ വാങ്ങിക്ക് ഏട്ടാ…” മറുത്തൊന്നും പറയാതെ അത് വാങ്ങി… ഞങ്ങൾ യാത്ര തിരിച്ചു…

വീട്ടിൽ എത്തിയപ്പോൾ തന്നെ ആതു സന്തോഷത്തോടെ വെളിയിലേക്ക് ഇറങ്ങി വന്നു…. നാത്തൂനെ  കെട്ടിപ്പിടിച്ചു…

“മിസ്സ്‌ യൂ…. നാത്തൂനെ.. കാണാഞ്ഞിട്ട് കണ്ണ് കൊതിച്ചു ട്ടോ..”

ഞങ്ങൾ വീട്ടിലേക്ക് കയറുമ്പോ വീണ്ടും ഫോണിൽ ഒരു കോൾ വന്നു.. ഒറ്റമകൾക്ക് വേണ്ടി കാത്തുവച്ചതൊക്കെ കാറിലുണ്ട് എന്ന് സന്തോഷത്തോടെ പറഞ്ഞുകൊണ്ടൊരു കോൾ…

എന്തോ പതിവില്ലാതെ പുറത്ത് മഴ പെയ്യുവാൻ തുടങ്ങി…. അവൾക്ക് മഴ ഭയങ്കര ഇഷ്ടാണ്…
ജനാലയിലൂടെ പുറത്തേക്ക് നോക്കി,  മഴ ആസ്വദിച്ചു നിൽക്കുന്ന മീനാക്ഷിയുടെ പിന്നിലൂടെ ചെന്ന്,  അരയിലൂടെ എന്റെ കൈ വിരൽ ചേർത്തു…

ഇക്കിളിതോന്നിയിട്ടാകണം പെട്ടെന്നവൾ നാണത്തോടെ ഞെട്ടിത്തിരിഞ്ഞത്…

ഇടുപ്പിലേക്ക് എന്റെ കൈവിരലുകൾ ചേരുമ്പോൾ എവിടെനിന്നോ എത്തിയ ശീതക്കാറ്റ്,  മഴയുടെ കുളിരിനൊപ്പം ഞങ്ങളിലേക്ക് വർഷിച്ചു… കുളിര്കോരി അവൾ എന്റെ നെഞ്ചിലേക്ക് വീണു…

തണുത്തുറഞ്ഞ ശരീരം ഒന്ന് ചേരുമ്പോൾ ഞങ്ങൾക്കിടയിൽ നേർത്ത ചൂട്  ഉടലെടുത്തു… അവളുടെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു…..

എന്റെ കൈക്കുമ്പിളിൽ അവളുടെ വിങ്ങിപ്പൊട്ടിയ മുഖം കോരിയെടുത്ത്; പരൽ മീനിനെപ്പോലെ തുടിക്കുന്ന കണ്ണുകളിൽ ചുംബനം കൊണ്ട് പൊതിഞ്ഞു…

ഈറനണിഞ്ഞ കണ്ണുകളിൽ സ്നേഹത്തിന്റെ മന്ദഹാസം നിറഞ്ഞിരുന്നു… തക്കാളി പോലെ ചുവന്ന കവിളിൽ,  ചുണ്ടമരുമ്പോൾ  അവളെന്നിലേക്ക്  കൂടുതൽ അലിഞ്ഞു, ചേർന്നു…

നാസികയുടെ മുകളിലത്തെ കറുത്ത മറുകിലായിരുന്നു അവളുടെ ചന്തം വർധിച്ചത്…
എന്റെ ചുംബനങ്ങളിൽ നാണം കൊണ്ട മറുക്… ഞങ്ങൾക്കായ് പെയ്യുന്ന പാതിരാമഴയും,  കുളിരണിയിക്കാൻ എത്തിയ കാറ്റിനോടും പ്രണയം തോന്നിയ നിമിഷം…

ചെറിയ ചെറിയ പിണക്കങ്ങളും പരാതികളുമൊക്കെ പാതിരാത്രിയിലെ പ്രണയസല്ലാപത്തിൽ അലിഞ്ഞില്ലാതെയായ്….. വീണ്ടും വസന്തങ്ങൾ ഞങ്ങൾക്കായി വന്നുപോയി…

കിഴക്ക് സൂര്യൻ  ജ്വവലിച്ചു… ഇന്നും ആ ജനാലയിലൂടെ സൂര്യന്റെ കിരണങ്ങൾ വന്ന് കണ്ണിൽ പതിച്ചപ്പോഴാണ് കണ്ണ് തുറന്നത്…

രാത്രിയിലെ പ്രണയത്തിൽ ചിന്നിച്ചിതറിയ മുടിയിഴകൾ ചുറ്റിക്കെട്ടി അവൾ വിളിച്ചു തുടങ്ങി….

“അച്ചുവേട്ടാ….” “അച്ചുവേട്ടോ…” “ഒന്നെഴുന്നേൽക്ക് മനുഷ്യാ…” “നേരം വെളുത്തു…”

Leave a Reply

Your email address will not be published. Required fields are marked *