വൈകിവന്ന വസന്തം – അവസാനഭാഗം
(രചന: Bibin S Unni)
അടുത്ത നിമിഷം തന്നെ തന്റെ തോളിലൊരു കരസ്പർശം വന്നു ചേർന്നതും അവൾ പെട്ടെന്ന് അ കരത്തിന്റെ ഉടമയേ നോക്കി അവിടെ അപ്പോഴും കണ്ണുകളിൽ ദേഷ്യം നിറച്ചു നിൽക്കുന്ന ഉണ്ണിയെയാണ് കണ്ടത്…
അഭിരാമിയെ പിടിച്ചേണീപ്പിച്ചതും അവൾ അതിശയത്തോടെ അവന്റെ മുഖത്തെയ്ക്കും അതോടൊപ്പം തന്നെ മുന്നിലേക്കും നോക്കി…
അതു കണ്ടു ഉണ്ണി, അഭിരാമിയുടെ കൈയിൽ നിന്നും പെട്ടിയും വാങ്ങി മുന്നിലെ അ വീട്ടിലെക്ക് ചെന്നതും അവിടെ ഒരമ്മ കത്തിച്ചു പിടിച്ച നിലവിളക്കുമായി ആ വീടിന്റെ മുന്നിൽ തന്നെയുണ്ടായിരുന്നു…
കൂട്ടത്തിൽ ഒന്നു രണ്ടു പെൺകുട്ടികളും മുന്നാൽ ആണുങ്ങളും..
അപ്പോഴേക്കും കാർ തന്റെ വീട്ടിൽ പാർക്ക് ചെയ്തു അരുണും അവിടെയ്ക്ക് വന്നിരുന്നു… അതെല്ലാം കണ്ടു അത്ഭുതതോടെ നിൽക്കുവാണ് അഭിരാമി…
” വലതു കാൽ വച്ചു കയറു മോളേ.. ”
ആ അമ്മ നിലവിളക്ക് അഭിരാമിയ്ക്ക് നേരെ നീട്ടികൊണ്ടു പറഞ്ഞതും അവൾ ഉണ്ണിയേ നോക്കി….
” മേടിക്ക്… ”
ഉണ്ണി പറഞ്ഞതും അവൾ ആ അമ്മയുടെ കൈയിൽ നിന്നും വിളക്ക് വാങ്ങി വലത് കാൽ വച്ചവൾ ആ വീട്ടിലേക്ക് കയറി..
” ഇതെന്റെ അമ്മയാട്ടൊ… പിന്നെ ഇതെന്റെ ഭാര്യയും… ”
അരുൺ അമ്മയെയും അവിടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയെയും ചേർത്തു പിടിച്ചു അഭിരാമിയ്ക്ക് പരിചയപെടുത്തി കൊടുത്തു..
ഒപ്പം അവിടെയുണ്ടായിരുന്ന ഉണ്ണിയുടെ മറ്റു ഫ്രണ്ട്സിനെയും അവൾ പരിചയപെട്ടു… അവർ മുഖേനയാണ് ഈ വീടിപ്പോൾ കിട്ടിയതെന്ന് അവരുടെ സംസാരത്തിൽ നിന്നും അവൾക്ക് മനസിലായിരുന്നു…
കുറച്ചു നേരം അവരുടെയൊപ്പം സംസാരിച്ചിരുന്നതും അഭിരാമിയ്ക്ക് അവളുടെയുള്ളിലേ വിഷമമെല്ലാം മാഞ്ഞു പോയപോലെ തോന്നി…. ഉണ്ണി ഒരു മുറിയിലേക്ക് കയറി പോകുന്നത് കണ്ടതും അഭിരാമിയും ഉണ്ണിയുടെ പുറകെ ആ മുറിയിലേക്ക് കയറി വാതിലടച്ചു…
” ഉണ്ണിയേട്ടാ… ”
അവൾ ചെന്നു വിളിച്ചതും അവന്റെ ഭാഗത്തുന്നു മറുപടിയൊന്നും തന്നെയുണ്ടായില്ലാ…
” സോറി ഉണ്ണിയേട്ടാ… ”
അവൾ ഉണ്ണിയുടെ നെഞ്ചിലേക്ക് വീണു അവനെ ഇറുകെ പൂണർന്നു കൊണ്ടു പറഞ്ഞു…
” അമ്മയുടെ വാക്ക് കേട്ട് ഞാൻ നിന്നെ ഉപേക്ഷിക്കുമെന്ന് കരുതിയൊ… ”
അവൻ അലിവോടെ അവളുടെ നെറുകയിൽ മുത്തം കൊടുത്തു കൊണ്ടു ചോദിച്ചതും…
” മ്മ്… ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം ഏട്ടൻ എന്റെ അടുത്തെയ്ക്കൊന്ന് വരുക പോലും ചെയ്തില്ലല്ലോ…
പിന്നെ അമ്മ പറഞ്ഞതുകൂടെയായപ്പോൾ എനിക്ക് മരിച്ചാൽ മതിയെന്ന് പോലും തോന്നി പോയി… ഉണ്ണിയേട്ടനില്ലാതെ ഒരു ജീവിതം എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല…. ”
അവൾ കരച്ചിലോടെ അവനോടു പറഞ്ഞു…
” നിന്നെ ഉപേക്ഷിച്ചൊരു ജീവിതമെനിക്കുണ്ടാകുമെന്ന് നിനക്ക് കരുതിയൊ… അതിനാണോ എല്ലാവരും എതിർത്തിട്ടും ഒരു ജോലി പോലും എനിക്കില്ലാഞ്ഞിട്ടു കൂടിയും നിന്നെ ഞാൻ സ്വന്തമാക്കിയത്…. ”
” ഏട്ടനൊരു കുഞ്ഞിനെ തരാൻ പോലെ എനിക്ക് കഴിയുന്നില്ലല്ലോ… ”
” കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ് അഭി… നമുക്കുള്ള സമയമാകുമ്പോൾ ഒരു കുഞ്ഞു അഭിയൊ ഉണ്ണിയൊ നമ്മുടെ ഇടയിലേക്ക് തന്നെ വരും. അത് വരെ നമ്മൾക്ക് സ്നേഹിക്കാടി…
പിന്നെ ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം നിന്നെ കാണാൻ ഞാൻ മനഃപൂർവം വരാഞ്ഞതാ… നിന്റെ വിഷമം കാണാൻ എനിക്ക് വയ്യായിരുന്നടി… അത് നിന്നെ ഇത്രയും തളർത്തുമെന്ന് ഞാൻ കരുതിയില്ല… സോറി മോളേ… ”
” എന്നെ ഇങ്ങനെയൊന്നു ചേർത്തു നിർത്തിയാൽ മതി എന്റെ വിഷമം മുഴുവൻ മാറിക്കോളും… ”
അവൾ ചിരിക്കാൻ ശ്രെമിച്ചുകൊണ്ടു പറഞ്ഞു… അപ്പോഴേക്കും പുറത്തു എല്ലാവരും ബഹളം വച്ചത് കൊണ്ടു അവർ മുറിയിൽ നിന്നും പുറത്തെക്കിറങ്ങി… പിന്നെ എല്ലാവരും കൂടെ നല്ലൊരു സദ്യയുമുണ്ടാക്കി കഴിച്ചിട്ടാണ് പിരിഞ്ഞത്…
അവസാനം അരുണും അവന്റെ അമ്മയും ഭാര്യയും കൂടെ പോകനായിറങ്ങിയതും…
” ഒരു മതിലിനപ്പുറമാണ് ഞങ്ങളുടെ വീട്, എന്താവിശ്യമുണ്ടേലും ഒരു വിളിക്കപ്പുറം ഞങ്ങൾ കാണും… ”
ഇറങ്ങാൻ നേരം അഭിരാമിയേ ചേർത്തു പിടിച്ചു കൊണ്ടു അരുണിന്റെ ഭാര്യ രെമ്യ പറഞ്ഞു… അതിനു മറുപടിയായി അഭിരാമിയൊന്നു ചിരിച്ചു…
അവരെല്ലാം പോയി കഴിഞ്ഞതും ഉണ്ണിയും അഭിരാമിയും മാത്രമായി ആ വീട്ടിൽ… അഭിരാമിയേ ഡ്രെസ്സ് മാറാൻ പറഞ്ഞു വിട്ട ശേഷം ഉണ്ണി തന്റെ ഫോൺ എടുത്തു…
അതിൽ അമ്മയുടെ എഴുപത്തിരണ്ടു മിസ്സ് കാൾ കണ്ടു അവൻ അനിയത്തി അനുവിനെ വിളിച്ചു താൻ അഭിരാമിയുടെ കൂടെ ഒരു വാടക വീട്ടിലാണെന്നും അഭിരാമിയേ അംഗീകരിക്കാത്ത ആ വീട്ടിലേക്കിനി തിരിച്ചു വരുന്നില്ലന്നും അറിയിച്ചു….
അത് കേട്ട് അനുവോരു ചിരിയോടെ ഉണ്ണി പറഞ്ഞകാര്യങ്ങൾ അമ്മയോട് പറഞ്ഞു… അത് കേട്ട് ഉണ്ണിയുടെ അച്ഛന്റെ ചുണ്ടിലും ചെറിയൊരു ചിരി വിരിഞ്ഞു… ആ ചിരിയിൽ നിനക്കങ്ങനെ തന്നെ വേണമടി എന്നൊരു ധ്വനിയുള്ള പോലെ അമ്മയ്ക്ക് തോന്നി…
ദിവസങ്ങൾ വീണ്ടും പലതു കടന്നു പോയി… അന്ന് വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ഒരിക്കൽ പോലും ഉണ്ണിയും അഭിരാമിയും ആ വീടിന്റെ പടികൾ ചവിട്ടിയില്ല… പക്ഷെ അനു പലപ്പോഴും ഉണ്ണിയുടെ വീട്ടിൽ തന്നെയായിരുന്നു…
വെറുതെയിരുന്നാൽ വിഷമം കൂടുമെന്ന് പറഞ്ഞു അരുണിന്റെ ഭാര്യ ജോലി ചെയുന്നിടത്തു അഭിരാമിയ്ക്കും ഒരു ജോലി ശെരിയാക്കി കൊടുത്തു…
ഉണ്ണിയുടെയും അഭിരാമിയുടെയും ജീവിതത്തിൽ പിന്നെ സന്തോഷത്തിന്റെ നാളുകളായിരുന്നു… ഇടയ്ക്കു ചില പിണക്കങ്ങൾ വരുമെങ്കിലും, ആ പിണക്കങ്ങളെല്ലാം ഒരു രാത്രിയിൽ കൂടുതൽ കടക്കാതെ ആവർ ശ്രെദ്ധിച്ചിരുന്നു…
അങ്ങനെ ദിവസങ്ങൾ പലതും വീണ്ടും കടന്നു പോയി ഒരു ദിവസം ഉണ്ണി വൈകുന്നേരം വീട്ടിലേക്ക് ചെന്നപ്പോൾ വീട്ടിൽ വെളിച്ചമൊന്നുമില്ലായിരുന്നു.. സാധാരണ അഭിരാമിയാണ് ആദ്യം വരുന്നത്…
വീട് പൂട്ടി കിടക്കുന്നത് കൂടെ കണ്ടപ്പോൾ ഉണ്ണിയുടെയുള്ളിലൊരു ഭയം നിറഞ്ഞു…. അഭിരാമിയേ വിളിക്കാനായി ഫോൺ എടുത്തപ്പോൾ അതിൽ അഭിരാമിയുടെയും രെമ്യയുടെയും മിസ്സ് കാൾ കണ്ടു അവൻ പെട്ടെന്ന് തന്നെ അഭിരാമിയുടെ ഫോണിലേക്കു വിളിച്ചു….
” ഹലോ.. ഞങ്ങൾ ഇപ്പോൾ എത്തും… ”
ഉണ്ണി എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് തന്നെ അപ്രത്ത് നിന്നും ഇത്രയും പറഞ്ഞു കാൾ കട്ടായി…
അവൻ വീണ്ടും വിളിക്കാനായി ഫോൺ എടുത്തതും അരുണിന്റെ കാർ അവിടെയ്ക്ക് വന്നു നിന്നു.. കാറിൽ നിന്നും അരുണും അഭിരാമിയേ പിടിച്ചു കൊണ്ടു രെമ്യയുമിറങ്ങി…
” അയ്യോ. അഭിക്കെന്തു പറ്റി.. ”
രെമ്യ അഭിയേ പിടിച്ചെക്കുന്നത് കണ്ടു വെപ്രാളത്തൊടെ ഉണ്ണി ചോദിച്ചുകൊണ്ടു അവരുടെ അടുത്തേക്ക് ചെന്നു…
” പേടികുവൊന്നും വേണ്ട… സന്തോഷം തരുന്ന വാർത്ത തന്നെയാണ്…. ”
രെമ്യ, ഉണ്ണിയോട് പറഞ്ഞതും അവൻ കാര്യം മനസിലാകാതെ അഭിരാമിയേ നോക്കിയെങ്കിലും അവൾ അവനെ നോക്കിയതേയില്ല.. അത് കണ്ടു ഉണ്ണി അഭിരാമിയേയും പിടിച്ചു വീടിനുള്ളിലേക്ക് കയറി… അവളെ മുറിയിൽ കൊണ്ടു ചെന്നു കിടത്തി…
” ഉണ്ണിയേട്ടന്റെ ഫോണിനെന്തുപറ്റി.. ഞങ്ങൾ എത്ര തവണ വിളിച്ചു… ”
” അത് പിന്നെ… മീറ്റിംങ്ങിന് കയറിയപ്പോൾ സൈലന്റാക്കിയതാ.. പിന്നെ ഓൺ ചെയ്യാൻ മറന്നു പോയി.. എന്താ രെമ്യ എന്റെ അഭിയ്ക്ക് പറ്റിയത്…”
“അത് അഭി ഓഫിസിൽ വച്ചൊന്ന് തല ചുറ്റി വീണു… എത്ര വിളിച്ചിട്ടും അവൾ ഉണരാത്തത് കണ്ടു അവളെയും കൊണ്ടു ഹോസ്പിറ്റലിൽ പോയി.. ഉണ്ണിയേട്ടനെ വിളിച്ചു കിട്ടാഞ്ഞിട്ട് അവസാനം ഞാൻ അരുണേട്ടനെ വിളിച്ചു പറഞ്ഞത്… ”
രെമ്യ പറഞ്ഞു…
” അല്ല അവൾക്കേന്തെങ്കിലും .. ”
ഉണ്ണി ഭയത്തോടെ ചോദിച്ചതും…
” ഏയ് പേടിക്കാനൊന്നുമില്ല… ബാക്കി അവൾ തന്നെ പറയും… എന്തായാലും ചിലവ് വേണം… ”
രെമ്യയൊരു ചിരിയോടെ പറഞ്ഞതും ഉണ്ണിയൊന്നും മനസിലാകാത്ത പോലെ നിന്നു…
” നീയിങ് വാ.. ഇനി അവരായി അവരുടെ പാടായി… ”
അരുൺ പെട്ടെന്ന് രെമ്യയെയും വിളിച്ചു വീടിന് പുറത്തേക്കു പോയത് കണ്ടു ഉണ്ണി വേഗം അഭിരാമിയുടെ അടുത്തേക്ക് ചെന്നു… അവളപ്പോൾ ഒരു കൈ വയറിൽ മറു കൈ കണ്ണുകൾക്ക് മുകളിലും വച്ച് കിടക്കുവായിരുന്നു… ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴികികൊണ്ടേയിരുന്നു….
” മോളേ വേദനയുണ്ടോ.. ”
അവളുടെ കിടപ്പ് കണ്ടു ഉണ്ണി ചോദിച്ചതും കണ്ണുകൾക്ക് കുറുകെ വെച്ചിരുന്ന കൈ മാറ്റിയവൾ അവനെ നോക്കിയ ശേഷം പതിയെ കട്ടിലിൽ നിന്നും എണീറ്റു… ശേഷം ഉണ്ണിയുടെ അടുത്തായി വന്നു നിന്നു…
” എന്താ മോളേ പറ്റിയത്… രെമ്യ എന്തൊക്കെയൊ പറയുന്നു… നീയാണെൽ കരഞ്ഞു കൊണ്ടേയിരിക്കുന്നു.. എന്താണെലും എന്നോട് പറയടി.. ഇങ്ങനെ ടെൻഷനടുപ്പിക്കാതെ… ”
ഉണ്ണിയുടെ പേടിച്ചുള്ള നിൽപ്പും പറച്ചിലും കേട്ട് അഭിയ്ക്ക് ചിരി വന്നു… പിന്നെ ഉണ്ണിയുടെ കൈ പിടിച്ചവൾ അവളുടെ വയറിനോട് ചേർത്തു വെച്ചു…. അത് കണ്ടു ഉണ്ണി സംശയത്തോടെ അവളെ നോക്കിയതും….
” ഒരു കുഞ്ഞ് ഉണ്ണിയൊ അഭിയൊ… ഉടനെ വരും അവരുടെ അച്ഛനെ കാണാൻ… ”
അഭി ചിരിയോടെ പറഞ്ഞതും ഉണ്ണിയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു… അവൻ അവളുടെ മുന്നിൽ മുട്ടെക്കുത്തിയിരുന്നു…. പിന്നെ അവളുടെ വയറിനെ മറച്ചിരുന്ന സാരി പതിയെ മാറ്റി അവളുടെ അണിവയറിൽ അമർത്തി ചുംബിച്ചു…
ഒരേ സമയം തന്നെ ഉണ്ണിയുടെയും അഭിരാമിയുടെയും കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി… ഇത്തവണ സന്തോഷത്തിന്റെതായിരുന്നെന്ന് മാത്രം…
അഭിരാമി പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു ഉണ്ണിയുടെ ഫ്രെണ്ട്സും അനിയത്തിയും അച്ഛനും കൂടെ അവളെ കാണാൻ വന്നിരുന്നു… അവർക്കും സന്തോഷം മാത്രമായിരുന്നു…
വല്ല്യ കുഴപ്പങ്ങളൊന്നുമില്ലാതെ ആദ്യ രണ്ടു മാസങ്ങൾ കഴിഞ്ഞു പോയി… കൂടുതൽ ശ്രെദ്ധ വേണമെന്നുള്ളത് കൊണ്ടു അഭിരാമി ജോലിയിൽ നിന്നും റിസൈൻ ചെയ്തിരുന്നു….
രാവിലെ അരുണിന്റെ അമ്മ അഭിരാമിയ്ക്ക് കൂട്ടായി അവളുടെ കൂടെയിരുന്നു… അടുത്ത മാസം തന്നെ രെമ്യയും പ്രെഗ്നന്റായി… അതോടെ രണ്ടു മക്കളെയും നോക്കേണ്ട ഉത്തരവാദിത്വം അരുണിന്റെ അമ്മ സ്വയം ഏറ്റെടുത്തു..
മൂന്നാം മാസം മുതൽ അഭിരാമിയ്ക്ക് ശർദ്ധിൽ തുടങ്ങി… അതോടൊപ്പം ഷീണവും… ഉറക്കമില്ലായിമയും…
” ഏട്ടാ.. ഉണ്ണിയേട്ടാ.. ”
രാത്രിയിൽ ഉറങ്ങികിടന്ന ഉണ്ണിയേ അഭിരാമി വിളിച്ചുണർത്തി…
” എന്താടാ ശർദ്ധിക്കാൻ വരുന്നുണ്ടോ.. ”
ഉണ്ണി വേവലാതിയോടെ ചോദിച്ചു…
” ഇല്ല എനിക്ക് പച്ചമാങ്ങാ വേണം… ”
” ആഹ്. അത്രയുള്ളോ… ”
ഉണ്ണി ഇതും പറഞ്ഞു തിരിഞ്ഞു കിടന്നു…
” ഉണ്ണിയേട്ടാ… ”
ഉണ്ണി തിരിഞ്ഞു കിടന്നത് കണ്ടു അഭിരാമി അവനെ വീണ്ടും തട്ടി വിളിച്ചു….
” എന്താ പെണ്ണെ… ”
” എനിക്ക് പച്ചമാങ്ങ തിന്നണമെന്ന്.. ”
” തിന്നണെ തിന്നണം, അതിനു എന്തിനാ എന്നെ വിളിക്കുന്നത്… ”
” അപ്രത്ത് പോയി മാങ്ങാ പറച്ചു കൊണ്ടു വാ… ”
അവൾ കുസൃതി ചിരിയോടെ പറഞ്ഞപ്പോഴാണ് ഉണ്ണിയ്ക്ക് കാര്യം കത്തിയത്…
” ഇപ്പോൾ തന്നെ വേണോ.. നാളെ പോരെ… ”
” പോരാ ഇപ്പോൾ വേണം.. നിങ്ങളുടെ കുഞ്ഞ് ഇവിടെ കിടന്നു ബഹളമാ പച്ചമാങ്ങാ വേണമെന്ന് പറഞ്ഞു … ”
അവൾ വയർ തൊട്ടു പറഞ്ഞതും…
” ആഹ്.. അച്ഛയുടെ മോൾക്ക് പച്ചമാങ്ങ വേണോ അച്ഛ ഇപ്പോൾ കൊണ്ടു വരാട്ടൊ..”
ഉണ്ണി, അഭിയുടെ വയറിൽ മൂത്തമിട്ടു കൊണ്ടു വീടിന് പുറത്തേക്കിറങ്ങി…
” ആഹ് നല്ല നിലാവ്… ഹോ ഇനി ഈ മാവേ കയറി മാങ്ങാ പറിക്കണമല്ലോ… ”
ഉണ്ണി, അരുണിന്റെ വീടിന് മുന്നിൽ നിൽക്കുന്ന മാവേ നോക്കി പറഞ്ഞു കൊണ്ട് മതിൽ ചാടി കടന്നു മാവിന്റെ അടുത്തേക്ക് ചെന്നു.. പതിയെ പിടിച്ചു പിടിച്ചു കയറി…
” മൂന്നാലെണ്ണം പറച്ചിക്കാം എന്നുമെന്നും പറിക്കേണ്ടല്ലോ… ”
കൈ എത്തിച്ചു മുന്നാല് മാങ്ങ പറിച്ചപ്പോഴേക്കും…
” ആരാടാ അത്… ”
അരുൺ വീടിന് പുറത്തേ ലൈറ്റ്ട്ടിണ്ടു കൊണ്ടു ചോദിച്ചു …
” അളിയാ കല്ലേറിയത് ഇതു ഞാനാ.. ”
ഉണ്ണി ഒരു ചിരിയോടെ അരുണിനോട് പറഞ്ഞു…
” ഓഹ്.. മോൻ രാത്രിയിൽ പച്ച മാങ്ങാ പറിക്കാൻ കയറിയതാല്ലെ… ”
“ഈൗ ”
” ആഹ് ഏതായാലും കയറിയതല്ലേ മുന്നാലെണ്ണം കൂടെ പറിച്ചോ.. ഇനി ഞാൻ വലിഞ്ഞു കയറെണ്ടല്ലോ… ”
അരുൺ പറഞ്ഞതും ഉണ്ണിയൊരു ചിരിയോടെ തന്നെ കൈയിലിരുന്നതിൽ മുന്നാല് മാങ്ങാ അവനു എറിഞ്ഞു കൊടുത്തു.. കുറച്ചു മാങ്ങാ കൂടെ പറിച്ചു അവനും മാവിൽ നിന്നുമിറങ്ങി.. ശേഷം വീട്ടിലെക്ക് ചെന്നു..
” ഉണ്ണിയേട്ടാ കുറച്ചു മുളക് പൊടിയും ഉപ്പും കൂടി എടുത്തേക്കണേ… ”
ഉണ്ണി വീടിനുള്ളിൽ കയറിയത് അറിഞ്ഞപോലെ അഭിരാമി വിളിച്ചു പറഞ്ഞു…
“ഓഹ്.. കൊണ്ട് വരാവേ…”
ഉണ്ണി പറഞ്ഞു കൊണ്ടു അടുക്കളയിൽ ചെന്നു മാങ്ങ കഴുകി, ഒരു പാത്രത്തിൽ വച്ച് പാത്രത്തിന്റെ സൈഡിലായി കുറച്ചു മുളക് പൊടിയും അതിലേക്ക് ഉപ്പും കൂടെ ചേർത്തു മിക്സ് ചെയ്തു വച്ച ശേഷം ഒരു കത്തിയുമെടുത്തു മുറിയിലേക്ക് നടന്നു…
ഉണ്ണി മുറിയിലേക്ക് ചെന്നപ്പോൾ തന്നെ ഒരു മാങ്ങയെടുത്തവൾ കടിച്ചതും ആ മാങ്ങായുടെ പുളി അവളുടെ പല്ലിലേക്ക് അരിച്ചു കയറി…
അത് കണ്ടൊരു ചിരിയോടെ ഉണ്ണി ഒരു മാങ്ങാ എടുത്തു പൂളി അതിലേക്ക് മുളക് പൊടിയും ഉപ്പും ചേർത്ത മിസ്രിതം ചേർത്ത് അവളുടെ വായിലേക്ക് വച്ച് കൊടുത്തു… അവൾ ആ മാങ്ങാ കുറച്ചു കടിച്ചുതും അവളുടെ നാവിലേക്ക് ഉപ്പും പുളിയും എരിവും കൂടെ ഒരുമിച്ചു ചേർന്നുള്ള രുചി കീഴടക്കി…
അങ്ങനെ ഒരു മാങ്ങാ മുഴുവൻ കഴിച്ചവൾ കിടന്നു…
അങ്ങനെ രാത്രിയിലും പകലിലുമായി അഭിരാമി ഉണ്ണിയേ ഓരോ ആഗ്രഹങ്ങൾ പറഞ്ഞോടിച്ചും കഴിക്കുന്നതെല്ലാം ദേഹിക്കുന്നതിന് മുൻപ് തന്നെ ശർദ്ധിച്ചും അതെല്ലാം ഉണ്ണി കോരി കളഞ്ഞും ദിവസങ്ങൾ പലതു കടന്നു പോയി…
ഒരു ദിവസം രാത്രിയിൽ അഭിരാമിയുടെ വയറിൽ തല ചേർത്ത് ഉണ്ണി കഥകൾ പറഞ്ഞു കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഉണ്ണികിട്ടൊരു ചവിട്ടു കിട്ടി… കുഞ്ഞിന്റെ ആദ്യം സ്പർശനം അവർ രണ്ടുപേരും ഒരുമിച്ചറിഞ്ഞു… അന്നവരുടെ സന്തോഷത്തിനും അതിരില്ലായിരുന്നു…
ഏഴാം മാസത്തിലെ ചടങ്ങ് നടത്താൻ ആരുമില്ലാന്നു പറഞ്ഞു അഭിരാമി സങ്കടപെട്ടിരുന്നപ്പോൾ അവിടെയും ഉണ്ണിയുടെ കൂട്ടുകാർ അവരെ ഞെട്ടിച്ചു… ഏഴ് കൂട്ടം പലഹാരങ്ങളുമായി വന്നു അവർ ആ ദിവസം ആഘോഷിച്ചു…
കൂട്ടത്തിൽ വല്ല്യൊരു ബാഗുമായി ഉണ്ണിയുടെ അനിയത്തി അനുവും ആ വീട്ടിലേക്ക് താമസം മാറ്റി… ഒരു വിളിക്കപ്പുറം എപ്പോഴും അനുവിന്റെ കരുതൽ അഭിരാമിയ്ക്കുണ്ടായിരുന്നു…
അടുത്ത മാസം തന്നെ രെമ്യയേ അവളുടെ വീട്ടുകാർ വന്നു വിളിച്ചു കൊണ്ട് പോയപ്പോൾ അഭിരാമിയ്ക്ക് ചെറിയ വിഷമം തോന്നിയെങ്കിലും ഉണ്ണിയും അനുവും അവളെ ചേർത്തു പിടിച്ചു….
എട്ടാം മാസവും ഒൻപതാം മാസവും നടുവ് വേദനയായിട്ടും കാലിൽ നീര് കേറിയുമൊക്കെ അവളെ വിഷമിപ്പിച്ചിരുന്നേങ്കിലും ഉണ്ണിയുടെ സ്നേഹവും സാമിപ്യവും അവളുടെ വേദനകളിൽ നിന്നൊക്കെ ഒരു പരുധി വരെ അവൾക്കാശ്വാസം കൊടുത്തു…
പ്രെസവത്തിൽ കുറച്ചു പ്രശ്നങ്ങളുള്ളത് കൊണ്ടു തന്നെ ഒൻപതാം മാസം പകുതിയാപ്പോൾ അഭിരാമിയേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു… പ്രൈവറ്റ് റൂം ആയിരുന്നത് കൊണ്ടു പകൽ അനുവും രാത്രിയിൽ ഉണ്ണിയും മാറി മാറി ഹോസ്പിറ്റലിൽ നിന്നു…
പല ദിവസങ്ങളിലും കാലിലെ മസിൽ കയറിയുണ്ടാകുന്ന വേദന കാരണം അഭിരാമിയ്ക്കൊപ്പം അവളുടെ കാലുകൾ തിരുമി ഉണ്ണിയും ഉറങ്ങാതെ അവൾക് കാവൽ നിന്നു….
ഡേറ്റ് പറഞ്ഞതിലും ഒരാഴ്ച മുന്നേ തന്നെ അഭിരാമിയ്ക്ക് പ്രേസവവേദന വന്നു….
അഭിരാമി തന്റെ വയറിൽ പിടിച്ചു അലറിവിളിച്ചതും അവളുടെ വെപ്രാളം കണ്ടു ഉണ്ണി പെട്ടെന്ന് തന്നെ നഴ്സിനെ വിളിച്ചു കാര്യം പറഞ്ഞു.. അവർ വന്നു നോക്കിയിട്ട് അപ്പോൾ തന്നെ ഡോക്ടറേ വിളിച്ചതും അഭിരാമിയേ എത്രയും പെട്ടെന്ന് ഓപറേഷൻ തീയറ്ററിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞു…
അത് കണ്ടു ഉണ്ണി കൂടെ കൂടി അഭിയേ ബെഡിൽ നിന്നും സ്ട്രെക്ച്ചറിലേക്ക് എടുത്തു കിടത്തി… ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുമ്പോൾ അവളുടെ വലുത് കൈയിലേക്കവൻ തന്റെ കൈ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു….
അപ്പോഴും വേദന കൊണ്ടവളുടെ കണ്ണ് നിറഞ്ഞു വന്നെങ്കിലും ഉണ്ണിയേ വിഷമിപ്പിക്കാതിരിക്കാനായി അവളുടെ ചുണ്ടിൽ അവനായി ഒരു ചിരി വിരിഞ്ഞു….
” ഉണ്ണിയേട്ടന് ഞാനൊരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട്…. ഞാൻ തിരിച്ചു വന്നില്ലേ… ”
” നീ തിരിച്ചു വരും.. എന്റെ പെണ്ണായിട്ട്… എന്റെ കുഞ്ഞിന്റെ അമ്മയായി… അരുതാത്തതൊന്നും ഓർക്കേണ്ട…. ”
അഭിരാമി പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഉണ്ണി അവളോട് പറഞ്ഞു… അത് കെട്ടൊരു ചിരിയോടെ അവൾ ഓപ്പറേഷൻ തിയറ്ററിനുള്ളിലേക്ക് കയറി…
അത് കണ്ടു ഉണ്ണി ഓപ്പറേഷൻ തിയറ്ററിന്റെ മുൻപിലായിരുന്നു…. പിന്നെ ഫോൺ എടുത്തു തന്റെ വീട്ടലേക്കും ഫ്രണ്ട്സിനെയും അഭിരാമിയുടെ വീട്ടിലേക്കും വിളിച്ചു പറഞ്ഞു…
അഭിരാമിയുടെ വീട്ടുകാർ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു… അവനത് പ്രതീക്ഷിച്ചിതായിരുന്നെങ്കിലും അവന്റെയുള്ളം വിങ്ങി…
കുറച്ചു സമയം കഴിഞ്ഞതും ഒരു ഡോക്ടറും നേഴ്സും കൂടെ ഉണ്ണിയുടെ അടുത്തേക്ക് വന്നു സിസേറിയൻ ചെയ്യാനുള്ള സമ്മതപത്രവും വാങ്ങി തിരിച്ചു പോയി… അതൂടെ കഴിഞ്ഞതും ഉണ്ണിയുടെ മനസിൽ എന്തോ ഒരു ഭയം നിറഞ്ഞു….
കുറച്ചു സമയം കഴിഞ്ഞതും ഉണ്ണിയുടെയും അഭിരാമിയുടെയും ഫ്രണ്ട്സും അനുവും കൂടി അവിടെയ്ക്ക് വന്നു… വിഷമിച്ചു നിന്ന ഉണ്ണിയേ ആശ്വസിപ്പിച്ചവർ അവന്റെ കൂടെ തന്നെ നിന്നു. ഏകദേശം രണ്ടു മണീക്കൂർ കഴിഞ്ഞതും….
” അഭിരാമിയുടെ ഹസ്ബൻഡ് ആരാ… ”
ഒരു നേഴ്സ് വന്നു ചോദിച്ചതും ഉണ്ണി എണീറ്റു അവരുടെ അടുത്തേക്ക് ചെന്നു.. ഒപ്പം അവരുടെ ഫ്രെണ്ട്സും….
” ഞാനാണ് ”
ഉണ്ണി പറഞ്ഞതും നേഴ്സ് കുഞ്ഞിനെ എടുത്തു ഉണ്ണിയുടെ കൈകളിലേക്ക് കൊടുത്തു…
” പെൺ കുട്ടിയാണ്..”
നേഴ്സ് പറഞ്ഞതും എല്ലാവരുടെയും ചുണ്ടിലൊരു ചിരി വിരിഞ്ഞു…
” സിസ്റ്റർ അഭിരാമി… ”
” സുഖമായിയിരിക്കുന്നു നാളെ മുറിയിലേക്ക് മാറ്റും… ”
” എനിക്കൊന്ന് കാണാൻ… ”
” ഇപ്പോൾ ഒരാൾക്ക് വേണേൽ കയറി കാണാം ”
നേഴ്സ് പറഞ്ഞതും ഉണ്ണി ആശ്വാസത്തോടെ ആ കുഞ്ഞു മാലാഖയുടെ നെറ്റിയിലായി ഒരു മുത്തം കൊടുത്തു… അപ്പോഴേക്കും ഓപ്പറേഷൻ തീയറ്റിറിന്റെ വാതിൽ വീണ്ടും തുറന്നു…
” അഭിരാമിയുടെ കുഞ്ഞാണ്… ”
മൂന്ന് മാലാഖമാർ മൂന്ന് കുഞ്ഞുങ്ങളെ കൂടെ കൊണ്ടു വന്നു ഉണ്ണിയുടെ മുന്നിൽ നിന്നതും ഒരു നിമിഷം എല്ലാവരുമൊന്നു ഞെട്ടി നിന്നു…
പിന്നെ ആ മാലാഖമാരുടെ കൈയിൽ നിന്നും അനുവും ഉണ്ണിയുടെയും അഭിരാമിയുടെയും ഫ്രെണ്ട്സ് കുഞ്ഞുങ്ങളെ വാങ്ങി…
ഒരു കുഞ്ഞിനെ സ്വപ്നം കണ്ടിരുന്നവരുടെ ഇടയിലേക്ക് നാല് പെൺകുട്ടികൾ… എല്ലാവരെയും കൂടെ കണ്ടതും ഉണ്ണിയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു…. അൽപ്പ സമയം കഴിഞ്ഞതും കുഞ്ഞുങ്ങളെയും കൊണ്ടു മാലാഖമാർ തിരിച്ചു പോയി…..
അവരോടൊപ്പം ഉണ്ണിയും അകത്തേക്ക് കയറി… ഓപ്പറേഷൻ തിയറ്ററിലെ ഒരു കട്ടിലിൽ വാടിയ ചേമ്പിൻ തണ്ട് പോലെ അഭിരാമി കിടക്കുന്നത് കണ്ടതും ഉണ്ണിയുടെ നെഞ്ചോന്ന് വിങ്ങി… അവൻ പതിയെ അവളുടെ അടുത്തു പോയിരുന്നു അവളുടെ കൈയിൽ പിടിച്ചൊന്നു മുത്തിയതും അവൾ പതിയെ കണ്ണുകൾ തുറന്നു….
” എങ്ങനെയുണ്ട് എന്റെ സർപ്രൈസ്… ഇഷടായില്ലേ… ”
വേദനയ്ക്കിടയിലും അവളൊരു ചിരിയോടെ പറഞ്ഞതും ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു… അവൻ അവളുടെ നെറ്റിയിലായി ഒരു ചുംബനം കൊടുത്തു… അവൾ നിറഞ്ഞ മനസാലെ അത് ഏറ്റു വാങ്ങുകയും ചെയ്തു….
അൽപ്പ സമയം കഴിഞ്ഞു ഉണ്ണി തിരിച്ചിറങ്ങി വന്നതും എല്ലാവരും സന്തോഷം കൊണ്ടു ഉണ്ണിയേ കെട്ടിപിടിച്ചപ്പോൾ അവരുടെ കൂട്ടത്തിലെ പെൺകുട്ടികൾ അവനെ ചിരിയോടെ നോക്കി നിന്നു….
അടുത്ത ദിവസം രാവിലെയാണ് അഭിരാമിയേയും നാല് കണ്മണികളെയും റൂമിലേക്ക് മാറ്റിയത്… ഒരു കട്ടിലിൽ അഞ്ചു പേർക്കും കിടക്കാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ടയിരിന്നു….
ഉണ്ണി അഭിരാമിയുടെ അടുത്തായി ചെന്നിരുന്നു അവളുടെ നെറ്റിയിലൊരു മുത്തം കൊടുക്കാൻ തുനിഞ്ഞതും കുട്ടികളിലൊരാൾ കരയാൻ തുടങ്ങി… അത് കണ്ടൊരു ചിരിയോടെ അഭി ഉണ്ണിയേ മാറ്റി നിർത്തി ആ കുഞ്ഞിനെ എടുത്തതും അടുത്തവളും കരയാൻ തുടങ്ങി…
അതു കണ്ടു ഉണ്ണി ചെന്നു ആ കുഞ്ഞിനെ അടുത്തതും അടുത്തവളും കരയാൻ തുടങ്ങി…
എന്തോ ഭാഗ്യം കൊണ്ടു ആ സമയം അനു അവിടെയുണ്ടായിരുന്നത് കൊണ്ടു അവൾ ആ കുഞ്ഞിനെയുമെടുത്തപ്പോൾ മൂന്നു പേരും സംശയത്തോടെ നാലാമത്തെ കുഞ്ഞിനെ നോക്കി അവൾ കരുയുന്നില്ലാന്നു കണ്ടു ആശ്വാസത്തോടെ കരയുന്ന മൂന്ന് പേരെയും സമാധാനപെടുത്താൻ നോക്കുമ്പോൾ നാലാമത്തവളും കരഞ്ഞു…
അത് കണ്ടു അഭിരാമി അവളെയും കൂടെ എടുക്കാൻ നോക്കുമ്പോഴെക്കും റൂമിലേക്ക് കയറി വന്ന അഭിരാമിയുടെ അമ്മ ആ കുഞ്ഞേ എടുത്തു തന്റെ നെഞ്ചോടു ചേർത്തിരുന്നു… കുറച്ചു സമയം കൊണ്ടു തന്നെ നാളുകൾക്ക് ശേഷം അഭിരാമിയുടെ വീട്ടുകാരുടെ പരിഭവം അവർ പറഞ്ഞു തീർത്തിരുന്നു…
അൽപ്പ സമയം കഴിഞ്ഞതും ഉണ്ണിയുടെയും വീട്ടുകാർ അവിടെയ്ക്ക് വന്നിരുന്നു…
നാല് കുഞ്ഞുങ്ങളുടെ ചിരിയും കളിയും കണ്ടപ്പോൾ ഉണ്ണിയുടെ അമ്മയുടെയും പരിഭവം പതിയെ മാറിയിരുന്നു…. അവർ അഭിരാമിയെയും മോളായി തന്നെ അംഗീകരിച്ചു.. അല്ലേൽ കുറച്ചു നാളത്തെ മക്കളുടെ അവഗണന അ അമ്മയേ കൊണ്ടു അങ്ങനെ ചിന്തിപ്പിച്ചു…
കുറച്ചു നാളുകൾക്ക് ശേഷം…..
അത്രയും നാളും അഭിരാമിയേ കരയിച്ചത്തിനും ഉപദ്രവിച്ചതിനും പകരമായി നാലു കുറുമ്പികളും ഒരേ പോലെയുള്ള ഉടുപ്പുകളിട്ട് ഒരേ പോലെ ഒരുങ്ങി ഒരേ പോലെ തന്നെ ഉണ്ണിയുടെ അമ്മയേ വട്ടം ചുറ്റിക്കുവാണ്…
അതെല്ലാം കണ്ടൊരു ചിരിയോടെ അഭിരാമിയും അവളുടെ തോളിലൂടെ കൈയിട്ട് ഉണ്ണിയും, ഉണ്ണിയുടെ അടുത്തായി തന്നെ അച്ഛനും പെങ്ങളും അവർക്കടുത്ത് തന്നെയുണ്ടായിരുന്നു…
അപ്പോൾ ആ അമ്മയുടെ ചുണ്ടിലും നിറഞ്ഞ ചിരി മാത്രമായിരുന്നു….
Nb: കഴിഞ്ഞ ദിവസം വനിതയുടെ പേജിൽ വായിച്ച ഒരു ജീവിതം എന്റെ ഭാവനയിലൂടെ നിങ്ങളിലേക്കെത്തിക്കാൻ ഒരു ശ്രെമം നടത്തിയതാണ്.. എത്രത്തോളം നന്നായിട്ടുണ്ടന്നറിയില്ല…
സ്ത്രീധനത്തിന്റെയും കുട്ടികളുണ്ടാകാത്തതിന്റെയും പേരിൽ പഴി കേൾക്കുന്ന എല്ലാ സ്ത്രീകൾക്കുമൊരു സമർപ്പണം…
(ഗെർഭിണികൾക്കുണ്ടാവുന്ന വയാഴികയും ബുദ്ധിമുട്ടൊന്നും എനിക്ക് വല്ല്യ പിടിയില്ല… നിങ്ങളെ പോലെ ഞാനുമൊരു വായനക്കാരനാണ് ചില കഥകളിൽ ഞാൻ വായിച്ചറിഞ്ഞ കുറച്ചു കാര്യങ്ങളാണ് മുകളിൽ എഴുതിയെക്കുന്നത്… തെറ്റുകളുണ്ടെൽ ഷെമിച്ചേക്കണേ…)