ഇന്ന് താനതിനെ വെറുക്കുമായിരിക്കാം, എന്നാൽ ഒരു നാൾ താനും ഒരമ്മയാകും മനസ്സുകൊണ്ട്..

വിടവ്
(രചന: Sana Hera)

തളർച്ചയോടെ വീർത്ത കൺപോളകൾ വലിച്ചുതുറന്നതും കൈകൾ യാന്ത്രികമായി ഒഴിഞ്ഞ വയറിലേക്ക് നീണ്ടു,

ശേഷം ബെഡിന്റെ ഇരുവശത്തും പരതിനൊക്കവേ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ഒരു നോക്കുകാണാൻ പോലും തനിക്കായില്ലല്ലോ എന്നോർത്ത് ആ പെണ്ണിന്റെ ഹൃദയം പിളർന്നു, കണ്ണിൽ നിന്നും ചോ രപൊടിഞ്ഞു.

തലയുയർത്തി നോക്കാൻ പോലുമുള്ള ശേഷിയില്ലാത്തതുപോലെ അരികിൽ നേഴ്സ് ഇരിക്കുന്നുണ്ടെങ്കിലും കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു.

മാറിൽ നനവു പടരുന്നതറിഞ്ഞതും സമനിലതെറ്റിയവളെ പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് മുഖം പൊത്തി.

ഏങ്ങലടികളുയർന്നു കേട്ടുതുകൊണ്ടാവാം അടുത്തിരുന്ന അവർ എഴുന്നേറ്റുവന്ന് നെറുകയിൽ തലോടിക്കൊണ്ടിരുന്നു.

“കൊണ്ടുപോയി അല്ലേ….. ഒരു നോക്ക്…. ഒരു നോക്ക് കാണാൻ പറ്റീല്ലല്ലോ എനിക്ക്…. ഞാൻ…..”

വിതുമ്പുന്ന അധരങ്ങൾ വാക്കുകളെ മുറിച്ചുകൊണ്ടിരിക്കുമ്പോഴും കാതുകളിൽ ഒരു കുരുന്നിന്റെ ചിണുങ്ങലുകൾ മുഴങ്ങിക്കൊണ്ടിരുന്നു. ആശ്വാസവാക്കുകൾക്ക് പ്രസക്തിയില്ലാത്തതുപോലെ തോന്നി.

ശരീരം കൊണ്ടും മനസ്സുകൊണ്ടും താനൊരു അമ്മയായി മാറുന്നതവൾ വേദനയോടെ തിരിച്ചറിയുകയായിരുന്നു. തന്നിലെ പെണ്ണിനെ സ്വയം പഴിച്ചിരുന്ന അവളിൽ ഒരു ചുടുകാറ്റുപോലെ ഓർമ്മകൾ വീശി മനസ്സിനെ വീണ്ടും വീണ്ടും പൊള്ളിച്ചുകൊണ്ടിരുന്നു. കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു….

“എനിക്ക്…. ഒരു നോക്ക് കാണാൻ പറ്റ്വോ? ഒന്നു കണ്ടാൽ മതി…. വേറൊന്നും വേണ്ടാ….”

കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റ് ചുവരുതാങ്ങിനിന്ന് കൈകൂപ്പിയവൾ വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോൾ നഴ്സിന്റെ നോട്ടം വാതിൽക്കൽ നിൽക്കുന്ന വ്യക്തിയിലേക്ക് നീണ്ടു.

“തന്റെ കുഞ്ഞിനൊന്നും പറ്റിയിട്ടില്ല. പ്രീ മെച്ച്വർ ഡെലിവറി കൊണ്ടുള്ള ഒരു ചെറിയ ബ്രീത്തിങ് പ്രോബ്ലം. ഇൻക്യൂബേറ്ററിലേക്ക് മാറ്റിയെന്നെയുള്ളൂ….”

അവളിലെ മരുഭൂമിയിലേക്ക് ഒരു മഴപോലെ പെയ്തിറങ്ങിയ ഡോക്ടറുടെ വാക്കുകൾ കേട്ടതും എവിടെനിന്നോ ഒരൂർജ്ജം കൈവന്നതുപോലെ തോന്നിയിരുന്നു.

ഒരു കാറ്റുപോലെ അയാൾക്കരികിലേക്കു പാഞ്ഞുചെന്ന ആ പെണ്ണ് കണ്ണീർ തിളക്കത്തിലും പുഞ്ചിരിക്കുകയായിരുന്നു.

“എനിക്കൊന്നു കാണാൻ…..”

പ്രതീക്ഷയുടെ മൊട്ടുകൾ അവളുടെ കണ്ണുകളിൽ തളിരിടുന്നത് അയാൾ ഒരു വേള നോക്കിനിന്നു.

കുറച്ചു നാൾ മുൻപുവരെ സ്വന്തം വിധിയേയോർത്ത് പഴിച്ചിരുന്നവളിൽ നിന്നും ഇന്ന് തന്റെ മുന്നിൽ നിൽക്കുന്നവളിലേക്കുള്ള ദൂരം, അത് അമ്മയെന്ന തിരിച്ചറിവുതന്നെയാണ്.

വേച്ചു വേച്ചവൾ ഡോക്ടറോടൊപ്പം നടക്കുമ്പോഴും ചുണ്ടിൽ ആ ചിരി മായാതെ നിന്നു. ചില്ലുവാതിലിലൂടെ ആ കുഞ്ഞു മുഖം ആദ്യമായി കാണുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

കൈനീട്ടിയത് തുടക്കാൻപോലും മുതിരാതെ കൺകുളിർക്കേ തന്റെ കുഞ്ഞിനെയവൾ കണ്ടു. ചില്ലിൽ ചുണ്ടുചേർത്ത് വാത്സല്യത്തിന്റെ ആദ്യചുംബനം ആ കുഞ്ഞുരൂപത്തിന് നൽകിക്കൊണ്ടവൾ ഡോക്ടറെ ആകാംഷയോടെ നോക്കി.

“മോളാണോ?”

അതേയെന്നയാൾ പതിയെ തലയാട്ടിയതും കണ്ണുകളമർത്തിത്തുടച്ചു കൊണ്ടവൾ ദീർഘമായി നിശ്വസിച്ചു.

“എപ്പോഴാ എനിക്കൊന്ന് കയ്യിലെടുത്ത് ഉമ്മവക്കാൻ പറ്റുന്നത്?”

വീണ്ടും കണ്ണുകളാൽ കുഞ്ഞിനെ തഴുകിക്കൊണ്ടവൾ ചോദിച്ചു.

“ഉടനെ….”

തളർന്നു തുടങ്ങിയ ശരീരം പതിയെ അവളെ ദുർബലയാക്കിക്കൊണ്ടിരുന്നത് ശ്രദ്ധിച്ച അയാൾ ഒരു വീൽചെയർ നീക്കിയിട്ട് അതിലേക്കവളെ പിടിച്ചിരുത്തി.

നെഞ്ചിലെ നനവ് പടർന്ന് ധരിച്ചിരുന്ന നൈറ്റിയുടെ മുൻവശം നനഞ്ഞിരുന്നത് അപ്പോഴാണയാളുടെ ശ്രദ്ധയിൽപ്പെട്ടത്. മറുത്തൊന്നും ചിന്തിക്കാതെ സ്വന്തം കോട്ടഴിച്ചവളെ പുതപ്പിച്ച് വീൽചെയറുരുട്ടി അവളുടെ മുറി ലക്ഷ്യമാക്കിയയാൾ പതിയെ നടന്നു.

തന്നിലേക്ക് നീളുന്ന സഹതാപത്തിന്റെ ദൃഷ്ടികൾ കണ്ടില്ലെന്നു നടിച്ച് അയാൾ മുന്നോട്ടു ചുവടുവക്കുമ്പോൾ അവൾ പാതിമയക്കത്തിലായിക്കഴിഞ്ഞിരുന്നു.

“ഡോക്ടർ, കോട്ട്?”

നഴ്സിന്റെ സഹായത്തോടെ അവളെ കിടക്കയിലേക്ക് കിടത്തി മുറിക്കുപുറത്തേക്ക് നീങ്ങവേ പിന്നിൽ നിന്നവർ ഉറക്കെ വിളിച്ചുപറഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ അയാൾ മുന്നോട്ടു നടന്ന് വരാന്തയിലെ ഇരുമ്പുബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.

അതുവരെ അടക്കിവച്ച കണ്ണീർ അണപൊട്ടിയൊഴുകിത്തുടങ്ങവേ ഓർമകളുടെ വില്ലുവണ്ടി അയാളെക്കൊണ്ടെത്തിച്ചത് മാസങ്ങൾക്കു മുന്നേയുള്ള ആ ദിവസത്തിലേക്കായിരുന്നു.
അവളെന്ന അദ്ധ്യായം അയാൾക്കുമുന്നിൽ തുറക്കപ്പെട്ട ആ ദിവസത്തിലേക്ക്….

അടക്കിപ്പിടിച്ച തേങ്ങലോടെ ഡോക്ടർക്കു മുന്നിൽ തലതാഴ്ത്തിയിരുന്നിരുന്ന ഒരു ഇരുപത്തഞ്ചു വയസ്സുകാരി. അവജ്ഞയോടെ അവൾക്കരിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നത് അവളുടെ അമ്മയായിരുന്നിരിക്കണം.

‘Victim’….. ഒരപകടത്തിന്റെ ബാക്കിപത്രത്തിനു സമൂഹം ചാർത്തി നൽകിയ വിശേഷണം. അതിന്റെ കറ മാഞ്ഞുപോകും മുൻപെ സഹതാപത്തിന്റെ എരിതീയിൽനിന്നും പരിഹാസത്തിന്റെ വറചട്ടിയിലെക്കെടുത്തെറിയപ്പെട്ടവൾ.

അവളുടെ ജീവന് ഭീഷണിയാണെന്ന താക്കീതിനെ വകവെക്കാതെ അപമാനമായി വളരുന്ന ആ തുടിപ്പിനെയില്ലാക്കണമെന്ന ആവശ്യവുമായി അയാൾക്കുമുന്നിൽ എത്തിയ ഒരമ്മ.

“സോറി……. ഇതിനു നിങ്ങളെ സഹായിക്കാനെനിക്കാവില്ല. ഞാനൊരു ഡോക്ടറാണ്. നിങ്ങൾ നേരിടേണ്ടിവന്ന അപമാനം, അതെത്രതന്നെയായാലും എന്റെ മനസ്സാക്ഷിയുടെ തുലാസിൽ ഈ രണ്ടു ജീവനുകളുടെ തട്ടാണ് താഴ്ന്നിരിക്കുന്നത്.

ഒന്നിനെയില്ലാതാക്കുമ്പോൾ മറ്റൊന്നും കൂടിയില്ലാതാവുമെന്ന സത്യം നിങ്ങൾക്കറിയാവുന്നതാണല്ലോ!”

മറുത്തൊന്നും പറയാതെ അവർ എഴുന്നേറ്റ് പുറത്തേക്കുപോയതും പൊട്ടിക്കരഞ്ഞുകൊണ്ടവൾ ടേബിളിൽ തലചായ്ച്ചു കിടന്നു.

“ഇനി ഞാനെന്താ ചെയ്യേണ്ടത്?”

ഏങ്ങലടികൾക്കിടയിൽ അവളിൽ നിന്നുയർന്ന നേരിയ സ്വരം തന്നെ എത്രത്തോളം ആ മനസ്സ് തകർന്നിരുന്നെന്നതിന്റെ തെളിവായിരുന്നു.

“ഹിമാ, കൂൾ ഡൗൺ. ജീവിതം ഇവിടെ തീരുന്നില്ലടോ…. തനിക്കു സംഭവിച്ചതിനെ ലോകം എന്തു പേരെടുത്തു വിളിച്ചാലും ഏറിയാൽ ഒരു വർഷം, അതിനപ്പുറം ആരെങ്കിലും ഇതെല്ലാമോർത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ?

ഇന്ന് ഇത്രയേറെ പ്രതിസന്ധികൾ നേരിട്ട് താനെന്റെ മുന്നിലിരിക്കണമെന്നിൽ ഇനിയും തന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ടെന്ന് വിശ്വസിക്കൂ….
പിന്നെ ഈ കുഞ്ഞ്, ഒരു ജീവനല്ലേ വളരട്ടെ…. ഇന്ന് താനതിനെ വെറുക്കുമായിരിക്കാം. എന്നാൽ ഒരു നാൾ താനും ഒരമ്മയാകും മനസ്സുകൊണ്ട്….. ”

“അമ്മ…..”

ആ വാക്കുച്ചരിക്കവേ അവളുടെ കണ്ണുകൾ അടഞ്ഞുകിടന്ന കതകിലേക്ക് നീണ്ടു, അവ വീണ്ടും ഈറനായി.

“തെറ്റൊരിക്കലും എന്റേതല്ലാതിരുന്നിട്ടു കൂടി ഒന്ന് ചേർത്തു നിർത്താനുയരാത്ത കൈകളായിരുന്നു അമ്മയുടേത്….

അന്ന് ഒരു പെണ്ണിന് വിലപ്പെട്ടതെല്ലാം എനിക്ക് നഷ്ടമായപ്പോൾ അതിലേറെയെന്നെ നോവിച്ചത് മകൾക്ക് സംഭവിച്ചതറിഞ്ഞ ഷോക്കിൽ അച്ഛനുമില്ലാതായെന്ന വാർത്തയായിരുന്നു….

അച്ഛൻ മരിക്കാൻ കാരണമായവൾ എന്ന മുദ്രകൂടി എന്നിൽ ചാർത്തപ്പെട്ടപ്പോൾ എല്ലാ വേദനകളിലും കൂടെയുണ്ടാവുമെന്ന് ഞാൻ വിശ്വസിച്ച അമ്മപോലും……. ഇന്ന് എനിക്കുമുന്നിൽ കൊട്ടിയടഞ്ഞ ആ വാതിൽ, അത് അമ്മയുടെ മനസ്സിലേക്കുള്ളതു കൂടിയാണ്.

അനുജന്മാരുടെ ഭാവി ഇല്ലാതാക്കരുതെന്നും ഇതിനെ നശിപ്പിക്കാൻ സമ്മതിക്കണമെന്നുമുള്ള ഭീഷണികേട്ടൊന്ന് കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ ഏറെ ആഗ്രഹിച്ച് ആ ദേഹത്തൊന്ന് തൊട്ടപ്പോൾ, അറപ്പോടെയമ്മ കൈ തട്ടിമാറ്റി.

ഈ കുഞ്ഞിനെ സ്നേഹിക്കുന്ന നല്ലൊരമ്മയാവാൻ എനിക്കൊരിക്കലും കഴിയില്ല ഡോക്ടർ. വെറുപ്പാണെനിക്ക്, വേണ്ടപ്പെട്ടവരെ എന്നിൽ നിന്ന് എന്നെന്നേക്കുമായകറ്റിയ ഈ ജീവനോട്‌.”

കരഞ്ഞുതളർന്ന മുഖം ഷാളു കൊണ്ടു തുടച്ച് ഇരുന്നിടത്തുനിന്നെഴുന്നേറ്റ് അവൾ കതകിനെ ലക്ഷ്യമാക്കി നടന്നു.

“ഞാനല്ലെങ്കിൽ മറ്റൊരാളുടെ സഹായത്തോടെ തനിക്കീ കുഞ്ഞി നെയി ല്ലാതാക്കാൻ സാധിക്കും. പക്ഷേ ഇല്ലാതാവുന്നത് ഒരു ജീവനാണ്, അതിലൂടെ ചിലപ്പോൾ താനും ഇല്ലാതായേക്കാം. കാശു മാത്രം മോഹിച്ചിരിക്കുന്ന ഒരാൾക്ക് അതൊന്നും ഒരു പ്രശ്നമല്ല, പക്ഷേ ഞാനൊരിക്കലും അറിഞ്ഞുകൊണ്ടതിനനുവദിക്കില്ല”

അയാളെത്തന്നെയുറ്റുനോക്കുന്ന രണ്ടുകണ്ണുകളിൽ നിസ്സഹായത നിറഞ്ഞുനിന്നിരുന്നു.

“ഒരു കുഞ്ഞെന്ന സ്വപ്നം നിറവേറ്റാനായി ഒരുപാടുപേർ എനിക്കുമുന്നിൽ എത്താറുണ്ട്. അതിൽ പലർക്കും ഇന്നും അതൊരു സ്വപ്നം മാത്രമാണ്. അഡോപ്ഷൻ എന്ന ഒരേയൊരു മാർഗ്ഗമാണ് അവർക്കു മുന്നിലുള്ളത്. അവരിലൊരാളെയെങ്കിലും സഹായിക്കാൻ തന്നെക്കൊണ്ടാവില്ലേ?”

അന്നവളെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുമ്പോൾ അയാളവളുടെ രക്ഷിതാവെന്ന ചുമതലയുമേറ്റെടുക്കുകയായിരുന്നു.

സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായപ്പോൾ പതിയെ പതിയെ തന്നിലെ മാറ്റങ്ങളെ അവളും സ്നേഹിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിനെ വിട്ടുനൽകാൻ തയ്യാറല്ലെന്ന തീരുമാനത്തിലവളെത്തിയിരുന്നു.

കുഞ്ഞിനെ ഇൻക്യൂബേറ്ററിൽ നിന്നും മുറിയിലേക്കയാൾ കൊണ്ടുവരുമ്പോൾ വാതിൽക്കൽതന്നെ കണ്ണുനട്ട് അവളുണ്ടായിരുന്നു.

കൈകളിലേക്ക് കുരുന്നിനെ നൽകുമ്പോൾ ആവേശത്തോടെയവൾ ആ കുഞ്ഞുമുഖത്തും കൈകളിലും മാറിമാറിയുമ്മവച്ചുകൊണ്ടിരുന്നു.

നെഞ്ചോടുചേർത്ത് അവളിലെ മാതൃത്വം
പകർന്നുനൽകുമ്പോൾ ആ കാഴ്ച അയാളിൽ നോവുണർത്തി. കൺസൽറ്റേഷൻ റൂമിൽ വന്നിരിക്കുമ്പോൾ അയാളുടെയുള്ളം ശൂന്യമായിരുന്നു.

“വിനയ്…. എന്തിരിപ്പാടോ ഇത്?”

പിടിച്ചുനിൽക്കാനാവാതെ തന്റെ സഹപ്രവർത്തകനെ കെട്ടിപ്പിടിച്ചയാൾ പൊട്ടിക്കരയുമ്പോൾ ആശ്വാസവാക്കുകൾ നിർവീര്യമായിരുന്നു.

“നീ ഈ ചെയ്തതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല വിനയ്. എന്തൊക്കെപ്പറഞ്ഞാലും അച്ഛനായ നിനക്ക് എങ്ങനെ സ്വന്തം കുഞ്ഞിനെ മറ്റൊരാൾക്ക്‌ നൽകാൻ കഴിഞ്ഞു?”

ചോദ്യങ്ങൾ നേരിടാനാവാതെ അയാൾ തലതാഴ്ത്തി നിന്നു.

“എന്റെ മീര….. പോയില്ലേ അവൾ….. ഒരു കോംപ്ലിക്കേഷനും ഇല്ലാതിരുന്നിട്ടും എനിക്കവളെ നഷ്ടമായില്ലേ…. ഡോക്ടർ എന്നതിലുരി ഒരു ഭർത്താവായ ഞാനവിടെ തോറ്റുപോയെടോ. ഒരുമിച്ചു ഞങ്ങൾ നെയ്ത സ്വപ്നങ്ങളെല്ലാം വ്യർത്ഥമായില്ലേ….

താളം തെറ്റിയ മനസ്സോടെയാണ് ഹിമയുടെ ഡെലിവറി ഞാൻ ഹാൻഡിൽ ചെയ്തത്. അതിലൂടെ അവളുടെ കുഞ്ഞ്….. ഐ ഡോണ്ട് ബിലോങ്ങ് ടു ദിസ്‌ പ്രൊഫെഷൻ എനി മോർ…..
ജീവിതത്തിലും ജോലിയിലും ഞാൻ തോറ്റെടോ എന്നെന്നേക്കുമായി”

കഴുത്തിൽ നിന്നും സ്റ്റെതസ്കോപ്പ് മേശയിലേക്ക് വലിച്ചെറിഞ്ഞ് അയാൾ മുഖംപൊത്തി.

“നോ വിനയ്, സ്വന്തം ഭാര്യയെ നഷ്ടപ്പെട്ടിട്ടും താൻ ആ വേദനയും ഉള്ളിലൊതുക്കി ഡ്യൂട്ടിക്ക് പ്രാധാന്യം നൽകിയപ്പോൾ തന്നെ ഒരു ഡോക്ടർ എന്ന നിലയിൽ താൻ വിജയിച്ചു. താൻ ഈ വെള്ളക്കോട്ട് ധരിക്കാൻ കാരണം മീരയാണെന്നുള്ളത് മറക്കരുത് വിനയ്.

പ്രീമെച്ച്വർ ഡെലിവറിയുടെ ഒരുപാട് കോംപ്ലിക്കേഷൻസ് ആ കുട്ടിയുടെ ഡെലിവറിയിൽ ഉണ്ടായിരുന്നു. ഒരാളെയെങ്കിലും ജീവനോടെ തിരികെ കിട്ടിയത് തന്റെ കഴിവുകൊണ്ടു മാത്രമാണ്. യു ഡിഡ് യുവർ ഡ്യൂട്ടി വിത്ത്‌ ഫുൾ ഡെഡിക്കേഷൻ.

എന്നിട്ടും അതിനു പ്രായശ്ചിത്തമായി സ്വന്തം കുഞ്ഞിനെയല്ലേ…..”

“പിന്നെ ഞാനെന്ത്‌ ചെയ്യണമായിരുന്നു? എന്റെ കണ്മുന്നിൽ രണ്ടു ജീവനുകളാണ് ഇല്ലാതായത്. അറിഞ്ഞുകൊണ്ട് മറ്റൊരു ജീവൻകൂടി കുരുതി കൊടുക്കാൻ മനസ്സനുവദിച്ചില്ലടോ.

കുഞ്ഞിനെ നഷ്ടമായെന്നറിഞ്ഞാൽ ഹിമയുടെ കണ്ടിഷൻ കൂടുതൽ മോശമാകും. ജീവിതം ആ കുട്ടിക്ക് വേദനകൾ മാത്രമാണ് നൽകിയിട്ടുള്ളത്. ഇതുകൂടെ അറിഞ്ഞാൽ അവൾ തകർന്നുപോകും എന്നെന്നേക്കുമായി. പിന്നെ എനിക്കിനി നഷ്ടമാകാനൊന്നുമില്ലല്ലോ….. ”

മുഷ്ഠിച്ചുർട്ടി തലക്കുപിറകിൽ വച്ചുകൊണ്ട് അയാൾ കണ്ണുകൾ ഇറുക്കിയടക്കവേ കണ്ണീർക്കണങ്ങൾ കവിളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.

“താൻ പൊയ്ക്കോള്ളൂ. കുറച്ചു നേരം എനിക്കൊറ്റക്കിരിക്കണം.”

തളംകെട്ടിനിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് അയാളുടെ ഉറച്ചസ്വരം വീണ്ടും അവിടെ മുഴങ്ങിക്കേട്ടു.

“ഒരു ഡോക്ടറെന്നതിലുപരി യു ആർ എ ഗുഡ് ഹ്യൂമൻ വിനയ്.”

കതകുവലിച്ചുതുറക്കുന്നതിനിടയിൽ തന്നെനോക്കിപ്പറഞ്ഞ വാക്കുകൾ അയാളുടെ മിഴികളെ വീണ്ടും ഈറനണിയിച്ചു.

ടേബിളിൽ തലചായ്ച്ചുകിടന്ന് പോക്കറ്റിൽ നിന്നും ഫോണെടുത്തയാൾ ഡിസ്പ്ലേ പിക്ചറിലൂടെ വിരലോടിച്ചു.

“സോറി മീരാ…. രണ്ടു ജീവനുകൾ നിലനിർത്താൻ ഞാനത് ചെയ്യണമായിരുന്നു. ഒരമ്മയുടെ വിടവ് കുഞ്ഞിലും കുഞ്ഞിന്റെ വിടവ് അമ്മയിലുമേൽപ്പിക്കാതെ രണ്ടു വേദനകളെയും ഞാനേറ്റെടുക്കുമ്പോൾ എനിക്കറിയാം നീയിപ്പോൾ സന്തോഷിക്കുന്നുണ്ടാവുമെന്ന്.

നിനക്ക് ഞാൻ വാക്കുതരുന്നു, ഒരച്ഛന്റെ സ്നേഹമൊരിക്കലും നമ്മുടെ കുഞ്ഞിനന്ന്യമായിരിക്കില്ല നിഴൽപോലെ ഞാനുണ്ടാകും….

എന്നാലെന്റെ ദൗത്യം ഇവിടെയവസാനിക്കുന്നില്ല ഒരുപാടു ജീവനുകളിനിയും എന്നിലൂടെ കടന്നു പോകുമ്പോൾ എന്നിലെ കരുത്തായി കൂടെയുണ്ടാവില്ലേ നീ……”

കണ്ണുനീരാൽ മങ്ങിയ കാഴ്ചയിലും പുഞ്ചിരിക്കുന്ന ഒരുവളുടെ മുഖം അയാളിലപ്പോഴും തെളിഞ്ഞുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *