അകലങ്ങളിലേക്ക്
(രചന: ഭാവനാ ബാബു)
ഓഫീസിലെ അത്യാവശ്യം ചില വർക്കുകൾ ധൃതിയിൽ തീർത്ത്, ലാപ്പ് പോലും ഓഫ് ചെയ്യാതെ എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് എനിക്ക് പോലും അറിയില്ല…. പെട്ടെന്നാണ് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാനറി ഞ്ഞത്……..
ഞെട്ടലോടെ നോക്കിയപ്പോൾ സുധിയുടെ ഏഴ് മിസ്സ്ഡ് കോൾസ്…..
ഈശ്വരാ , എന്റെ ഒരു ഉറക്കം. സ്വയം കുറ്റപ്പെടുത്തി ധൃതിയിൽ ഞാനാ ഫോൺ അറ്റൻഡ് ചെയ്തു….
വേദ, ഞാനെത്ര നേരമായി തന്നെ വിളിക്കുന്നു? എവിടെയായിരുന്നു താൻ….?
സോറി സുധി, ഫോൺ സൈലന്റിൽ ആയിരുന്നു.ഇടയിൽ ഞാനെപ്പോഴോ ഉ റങ്ങിപ്പോയി.
“അതൊക്കെ പോട്ടെ മോൾക്കിപ്പോൾ എങ്ങനെയുണ്ട്”
അവൾക്ക് കുഴപ്പമൊന്നുമില്ല.റിപ്പോർട്ട് ഒക്കെ നോർമലാണ്… മിക്കവാറും മറ്റന്നാൾ ഡിസ്ചാർജ് ആകും….
സുധി ഇപ്പോൾ ഹോസ്പിറ്റലിൽ ആണോ….
“അല്ല അവിടെ ഇപ്പോൾ സ്വപ്ന ഉണ്ട്…. ഞാൻ ഓഫീസിലാണ്….കുറച്ചു ദിവസത്തെ ഉറക്കം പെൻഡിങ്ങാണ്…… റൂമിലെത്തിയിട്ട് വേഗം എല്ലാം ഒന്ന് സെറ്റാക്കാൻ “.
സ്വപ്നയുടെ പേര് കേട്ടതും ഞാൻ വല്ലാതെ ആസ്വസ്ഥയായി….പക്ഷെ അത് സുധി അറിയരുതെന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഒരു കോൾ വരുന്നെന്നു പറഞ്ഞു ഞാൻ വേഗം ഫോൺ കട്ടാക്കി
വേദ, രണ്ടു ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു നീ വല്ലാതെ ഡിസ്റ്റർബ് ആണല്ലോ എന്ത് പറ്റി? നീയും സുധിയും തമ്മിൽ എന്തെങ്കിലും പ്രോബ്ലം? ”
പിന്നിൽ നിന്നും അമ്മയുടെ ചോദ്യം കേട്ടതും ഞാൻ വല്ലാതെയായി.
ഏയ് അതൊക്കെ അമ്മക്ക് വെറുതെ തോന്നുന്നതാ. ഞാൻ അതും പറഞ്ഞു നടക്കാൻ ഒരുങ്ങിയതാണ്… പക്ഷെ അമ്മ എന്നെ വിടുന്ന മട്ടില്ല….
വേദ നീ വളരെ ബോൾഡ് ആയിട്ടുള്ള ഒരു പെൺകുട്ടിയാണ് …സത്യത്തിൽ ഞാനങ്ങ നെയാണ് നിന്നെ വളർത്തിയത്…. എന്നിട്ടും നിന്റെ ലൈഫിലെ ചില തീരുമാനങ്ങൾ എടുക്കാൻ നിനക്കിപ്പോഴും പറ്റുന്നില്ല ”
“അമ്മ വിചാരിക്കും പോലെ ഇതൊക്കെ സ്വിച്ച് ഇടുന്നപോലെ അത്രക്ക് എളുപ്പമാണോ?
വേണമെന്ന് വച്ചാൽ എല്ലാം നടക്കും വേദ, പക്ഷെ വിചാരിക്കണം… സത്യത്തിൽ സുധി എന്ന നിന്റെ ചോയ്സ് എനിക്ക് ഇപ്പോഴും ഇഷ്ടമല്ല.
ഭാര്യയും ഒരു കുഞ്ഞുമുള്ള നിന്നെക്കാൾ പത്തു വയസ്സ് മുതിർന്ന ഒരാളെ അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.പിന്നെ അവനെ മതിയെന്ന നിന്റെ വാശിക്ക് മുന്നിൽ ഞാൻ തോറ്റു തന്നു.നിന്റെ ആദ്യ വിവാഹം ഒരു തകർച്ചയിലേക്ക് പോകുന്നുവെന്ന് തോന്നിയപ്പോൾ നീ ആദ്യം പറഞ്ഞത് എന്നോടാണ്..
നിനക്ക് അവനിൽ നിന്നും മ്യൂച്ചുവൽ ഡിവോഴ്സ് വേണമെന്ന്
പറഞ്ഞപ്പോഴും ഒന്ന് ചോദ്യം ചെയ്യുവാൻ പോലും നിൽക്കാതെ ഞാൻ നിന്റെയൊപ്പം നിന്നു. കാരണം എന്റെ മകളുടെ തീരുമാനങ്ങളെല്ലാം ശരിയാണെന്ന അന്ധമായ വിശ്വാസം.
ഒടുവിൽ സുധിയെ നീ ഇഷ്ടപ്പെട്ടപ്പോഴും, മനസ്സില്ല മനസോടെ ഞാൻ സമ്മതം തന്നു പക്ഷെ ഇപ്പോൾ അത് നിന്റെ എടുത്തുചാട്ടം ആയിപ്പോയോ എന്നെനിക്കൊരു സംശയം ഇതുവരെ അവൻ ഡിവോഴ്സ് പോലും ഫയൽ ചെയ്തില്ല.എനിക്ക് വല്ലാത്ത സങ്കടമുണ്ട് മോളെ നിന്റെയീ അവസ്ഥയിൽ.”
അമ്മ പറയുന്നതൊക്കെ ശരിയാണ്…. പക്ഷെ ഞാനിതൊക്കെ സുധിയോട് സംസാരിക്കുമ്പോൾ അവൻ പറയുന്നതാണ് ശരിയെന്നു തോന്നും.അവന്റെ അവസ്ഥ ഞാനെങ്ങനെയാണ് അമ്മയെ ബോധ്യ പ്പെടുത്തേണ്ടതെന്ന് എനിക്ക് അറിയില്ല.
അതാണ് ഞാൻ പറഞ്ഞു വരുന്നത്, നീ ആളാകെ മാറിയെന്നു. ആ ബോൾഡ് ആയിട്ടുള്ള എന്റെ മകളെ എനിക്ക് നഷ്ടപ്പെട്ടപോലെ…നീയിപ്പോൾ സുധിയുമായി വല്ലാതെ അറ്റാച്ഡ് ആയി. ശരി തെറ്റുകൾ പോലും വേർതിരിച്ചു അറിയാൻ കഴിയാത്ത വിധം നീ അവനെ ഭ്രാന്തമായി സ്നേഹിക്കുന്നു.
അറ്റാച്ഡ് എന്ന വാക്ക് കേട്ടതും ഞാൻ വല്ലാതെയായി…. അമ്മയുടെ ടെൻഷൻ എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു …. “ഓക്കേ അമ്മേ , ഞാൻ രണ്ട് ദിവസത്തിനകം സുധിയുമായി സംസാരിച്ചു ഒരു തീരുമാനത്തിലെത്തും. ഇനിയിതിലൊരു മാറ്റവും ഉണ്ടാകില്ല….
” കഴിഞ്ഞ രണ്ടു വർഷമായിട്ട് ഞാനിത് കേൾക്കുന്നു. ഒരാഴ്ച ഞാൻ നിനക്ക് ടൈം തരാം അതിനുള്ളിൽ നീയൊരു തീരുമാനത്തിൽ എത്തിയില്ലെങ്കിൽ മുംബൈയിലെ ആ ജോലി നീ അക്‌സെപ്റ്റ് ചെയ്യണം. ഇന്നലെയും സംഗീത അതെന്നെ വിളിച്ചു ഓർമ്മിപ്പിച്ചിരുന്നു…. നല്ലൊരു ജോബ് എന്നതിനേക്കാൾ സത്യത്തിൽ അതിപ്പോഴൊരു ചേഞ്ച് ആകും.”
ഓക്കേ അമ്മേ … ഇപ്രാവശ്യം ഞാനൊരു ഉറച്ച തീരുമാനത്തിലെത്തും…. ഇല്ലെങ്കിൽ ഞാൻ അമ്മ പറഞ്ഞത് പോലെ നേരെ മുംബൈക്ക് വിടും.ഒരൽപ്പം ഇടർച്ചയോടെ ഞാൻ പറഞ്ഞു.
മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് സുധിയൊന്ന് ഫ്രീ ആയത്…. ഞങ്ങൾ ആദ്യം പരിചയപ്പെട്ട കോഫി ഷോപ്പിലേക് ഞാനവനെ വിളിച്ചു.
എന്നെ കണ്ടതും ആ മുഖത്ത് സുഖമുള്ളൊരു പുഞ്ചിരി വിടർന്നു. അത് കണ്ടപ്പോൾ എനിക്കും സന്തോഷമായി.
എന്താടോ തനിക്കൊരു ഉന്മേഷം ഇല്ലാത്തത്… എന്റെ കരം കവർന്നു കൊണ്ടവൻ ചോദിച്ചു….
സുധി ഞാനാകെ ടെൻഷനിലാണ്…. അമ്മ എനിക്കിന്നലെ ലാസ്റ്റ് വാർണിങ് തന്നു.ഇനിയും അമ്മയെ സങ്കടപ്പെടുത്താൻ എനിക്ക് വയ്യ. നമ്മുടെ കാര്യത്തിൽ ഉടനെയൊരു തീരുമാനം എടുത്തേ പറ്റൂ……
ഓ അമ്മ വീണ്ടും ഡിവോഴ്സ് എടുത്തിട്ടു അല്ലെ? എന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നി….. എന്തേലും കൊനഷ്ട് ആകുമെന്ന്
സുധിയുടെ സ്വരത്തിലെ ആ ഇഷ്ടമിലായ്‌മ എന്നെ ചെറുതായി ദേഷ്യം പിടിപ്പിച്ചു.പക്ഷെ അവനോട് തല്ലു കൂടി എല്ലാം കുളമാക്കാൻ എനിക്കപ്പോൾ തോന്നിയില്ല….
അതെന്താ സുധി, നമുക്കെന്നും ഇങ്ങനെ സ്നേഹിച്ചു നടന്നാൽ മതിയോ? വിവാഹം കഴിച്ചു ഒരുമിച്ച് ജീവിക്കണമെന്ന സ്വപ്നമൊന്നും തനിക്കില്ലേ? ഞാൻ തന്നെ സ്നേഹിക്കുന്നതിന്റെ നൂറിലൊരു അംശം തനിക്ക് എന്നോട് തിരിച്ചുണ്ടോ “?
വേദ, ഞാൻ തന്നോട് എത്രയോ പ്രാവശ്യം പറഞ്ഞതാണ് എന്റെ പ്രോബ്ലംസ്… ഒരു ഡിവോഴ്സ് എന്നതിനേക്കാൾ, എന്റെ മോളെ പിരിയുന്നതാണെന്റെ ഏറ്റവും വലിയ വിഷമം ഡിവോഴ്സ് കിട്ടിയാൽ സ്വപ്ന, മോളെയും കൊണ്ട് ഇവിടെനിന്നു ഷിഫ്റ്റ് ചെയ്യും.എനിക്ക് കുറച്ചു ടൈം വേണം…അവന്റെ കണ്ണുകളിലെ ആ വിഷമം എന്നെ നോവിച്ചെങ്കിലും, ഞാനത് കണ്ടതായി ഭാവിച്ചില്ല……..
സോറി സുധി, ഇനിയെനിക്കിത് നീട്ടി കൊണ്ടുപോകാൻ പറ്റില്ല…. ഞാൻ തന്നോട് പറഞതല്ലേ, മുംബൈയിലെ ആ ജോബ് ഓഫർ…. കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ഒക്കെ ആണെങ്കിൽ ഞാനത് അക്‌സെപ്റ്റ് ചെയ്യും….
വേദ….. അപ്പൊ താനെന്നെ വിട്ട് പോകുമെന്നാണോ പറയുന്നത്…. എടാ താൻ പോയാൽ ഞാനാകെ തകർന്ന് പോകും…. എനിക്ക് സ്വപ്നയോട് യാതൊരു ഫീലിങ്‌സും ഇല്ലെന്ന് തനിക്കറിയില്ലേ. കുറച്ചു വൈകിയാലും നമ്മളൊരുമിച്ചു ഒരു ലൈഫ് ഉണ്ടാകും……”
” എനിക്ക് സങ്കടം ഇല്ലെന്നാണോ താൻ കരുതുന്നത്, പക്ഷെ എനിക്ക് ഇങ്ങനെ ഇനി കണ്ടിന്യൂ ചെയ്യാൻ പറ്റില്ല…. ഇറ്റ്സ് ഫൈനൽ …ഇയാൾക്ക് എന്നെ വേണമെന്നുണ്ടെങ്കിൽ, സ്വപ്നക്ക് ഡിവോഴ്സ് നോട്ടീസ് അയക്കണം.നമ്മൾ സ്നേഹിച്ചു തുടങ്ങിയ സമയത്തു താൻ ഇങ്ങനെയൊന്നുമല്ല എന്നോട് പറഞ്ഞത്. ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ്…. പിന്നെ മാര്യേജ്…… സൗകര്യം പോലെ ഇപ്പോൾ സുധിയെല്ലാം മറന്നു.
ഓക്കേ വേദ, ഞാൻ നാളെ തന്നെ സ്വപ്നയെ വിളിക്കാം…. നീയെന്റെ ലൈഫിൽ വരുന്നതിന് മുന്നേ, ഞാൻ മ്യൂച്ചുവൽ കൊടുക്കാൻ അവളെ വിളിച്ചതാണ്… അന്ന് അവൾക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞു. ഒരിക്കൽ കൂടി ട്രൈ ചെയ്യാം . ഓക്കേ ആണെങ്കിൽ അങ്ങനെ മൂവ് ചെയ്യാം. ഇല്ലെങ്കിൽ ഡിവോഴ്സ് നോട്ടീസ് അയക്കാം.
സുധിയുടെ വാക്കുകൾ സത്യത്തിൽ എനിക്ക് വല്ലാത്തൊരു ആശ്വാസമാണ് പകർന്നത് അവനെ കുറച്ചു വേദനിപ്പിച്ചെങ്കിക്കും ഒക്കെ നല്ലതിനാണല്ലോ എന്നോർത്തപ്പോൾ മറ്റെല്ലാം മറക്കാൻ ഞാൻ തീരുമാനിച്ചു….
അമ്മയോട് സുധിയുടെ തീരുമാനം അറിയിച്ചെങ്കിലും “മോളുടെ കാര്യത്തിൽ അ വനിപ്പോഴും കൺഫ്യൂഷൻ ഉണ്ടല്ലോ “എന്ന് മാത്രം പറഞ്ഞു….
ഇനിയുള്ള ആറു ദിവസങ്ങൾ….. കോളിലൂടെയും, മെസ്സേജിലൂടെയും ഞാൻ സുധിയെ ടെൻഷൻ ആക്കിയില്ല. എന്റെ സ്നേഹവും, സ്വപ്നങ്ങളുമെല്ലാം ഞാൻ അവനോട് പങ്ക് വച്ചു.എന്റെ സ്നേഹം നിറഞ്ഞ ഉമ്മകൾ കൊണ്ട് ഞാനവനെ ശ്വാസം മുട്ടിച്ചു….
സ്വപനയ്‌ക്ക് മ്യൂച്ചുവൽ താല്പര്യമില്ലെന്നും, അതിനാൽ ഡിവോഴ്സ് നോട്ടീസ് അയക്കുവാൻ പോകുകയാണെന്നും സുധി പറഞ്ഞപ്പോൾ, നാലഞ്ചു വർഷമായി ഇഷ്ടമില്ലാത്ത ഒരു ബന്ധത്തിൽ കടിച്ചു തൂങ്ങിക്കിടക്കുന്ന സ്വപ്നയോടെനിക്ക് വല്ലാത്ത ദേഷ്യം തോന്നി.
ഡിവോഴ്സ് കേസ് ഒക്കെ വര്ഷങ്ങളോളം നീണ്ടു പോകുമെന്ന ചിന്ത എന്നെ വല്ലാതെ ആസ്വസ്ഥപ്പെടുത്തി. എങ്കിലും സുധി എന്നെങ്കിലും എന്റേത് ആകുമല്ലോ എന്നോർത്തപ്പോൾ, ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ആറു ദിവസങ്ങൾ വളരെ പതുക്കെയാണ് ഇഴഞ്ഞു നീങ്ങിയത്….. ഇന്ന് സുധി സ്വപ്നയ്ക്ക് നോട്ടീസയക്കും….. സുധിയും ഞാനുമായുള്ള ജീവിതത്തിലേക്കുള്ള ആദ്യത്തെ ചുവട്വയ്പ്പ്.
സുധിയുടെ ഗുഡ് മോർണിങ് മെസ്സേജ് കാണാത്തത് കൊണ്ട് ഞാൻ ചെറിയ ടെൻഷനിലായി. ചിലപ്പോൾ തിരക്കിലാകും. അപ്പോൾ അങ്ങനെ സമാധാനിക്കാനാണ് എനിക്ക് തോന്നിയത് പക്ഷെ ഉച്ചയായിട്ടും ഒരു വിവരവും ഇല്ലാത്തത്കൊണ്ടാണ് ഞാൻ സുധിയെ വിളിച്ചത്..
ഏറെ നേരം വിളിച്ചിട്ടും, സുധി ഫോൺ അറ്റൻഡ് ചെയ്തില്ല… എനിക്കെന്തോ വല്ലാത്ത ഒരു പേടി തോന്നി…. ഏകദേശം വൈകുന്നേരത്തോട് അടുപ്പിച്ചാണ് സുധിയുടെ കോൾ വന്നത്….
“എന്താ സുധി, എത്ര നേരമായി, ഇത് വരെ ഒരു മെസ്സേജ് പോലുമില്ല, ഞാനെത്ര പേടിച്ചുവെന്നറിയോ?
“വേദ, താനാദ്യം ഒന്ന് സമാധാനമായി ഞാൻ പറയുന്നതൊന്നു കേൾക്ക്…. അവൻ ദീർഘ ശ്വാസമെടുത്ത് പറഞ്ഞു
“എന്താ, സുധി, താനാകെ ടെൻഷനിൽ ആണല്ലോ .
” സ്വപ്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഞാനിപ്പോ അവൾക്കൊപ്പമാണ് വേദ …. രാവിലെ ഞാൻ അഡ്വക്കേറ്റിന്റെ ഓഫീസിൽ ഇരുന്നപ്പോളാണ് മോളുടെ കോൾ…. സ്വപ്ന റൂമിൽ ബോധം കെട്ട് കിടക്കുകയാണെന്ന് സെർവന്റ് അമ്മിണിചേച്ചി മോളുടെ കല്യാണം ആയത് കൊണ്ട് നാട്ടിൽ പോയിരിക്കയാണ്..
പിന്നെ ഞാൻ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നു..കുറച്ചു ടെസ്റ്റുകളൊക്കെ ചെയ്യണമെന്ന് പറഞ്ഞു ഡോക്ർ അവളെ അഡ്മിറ്റ് ചെയ്തു… ഇവിടെ ഇപ്പോൾ അവളുടെ ബൈസ്റ്റാൻഡർ ആയിട്ട് ഞാൻ മാത്രമേ ഉള്ളൂ.
സുധിയുടെ സംസാരം കേട്ടതും എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെയായി….കണ്ണുകളിലേക്ക് ഇരുട്ട് കയറുന്ന പോലെ.
“അപ്പൊ ഡിവോഴ്സ് നോട്ടീസ് അയക്കാൻ പറ്റിയില്ല അല്ലെ “? ദേഷ്യവും സങ്കടവും അടക്കിപ്പിടിച്ചു ഞാൻ ചോദിച്ചു.
“സോറി വേദ, ഇനിയിപ്പോൾ ഇതൊക്കെ ഒന്ന് സെറ്റിൽ ആകട്ടെ. ടൈം എടുക്കും. എങ്കിലും എല്ലാം ഞാൻ നേരെയാക്കും വേദ.”
“ഇനിയെനിക്ക് ആ ഒരു പ്രതീക്ഷ ഇല്ല സുധി. ഒക്കെ ഇവിടെ അവസാനിച്ചു “കരച്ചിൽ അടക്കിയാണ് ഞാനത് അവനോട് പറഞ്ഞത്.
“എന്താടോ താനിങ്ങനെയൊക്കെ, എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്.എനിക്കറിയാം തനിക്ക് ഒത്തിരി സങ്കടം ആയെന്ന്. മോഹിപ്പിച്ചിട്ട് ഞാൻ തന്നെ ചീറ്റ് ചെയ്‌തെന്ന് താൻ കരുതിയോ?താനില്ലാതെ എനിക്ക് പറ്റില്ലെഡോ ”
സുധിയുടെ ഒരു സാന്ത്വനവും എന്നെ സമാധനപ്പെടുത്തിയില്ല….. അമ്മ പറയുന്നതാണ് ശരി…. സുധിക്ക് ഇതുവരെ എന്റെ സ്നേഹം മനസ്സിലായിട്ടില്ല…. അത്കൊണ്ട് തന്നെ അവനൊരു ഡിസിഷൻ എടുക്കാനും പോകുന്നില്ല.
ആ രാത്രി, ഞാൻ നിശബ്ദമായി കരഞ്ഞു, സുധിയുമായുള്ള നല്ല നിമിഷങ്ങൾ ഓർക്കുംതോറും എന്റെ സങ്കടം കൂടി വന്നു…മറക്കാൻ ശ്രമിക്കുന്തോറും അവന്റെ മുഖം എന്റെ മുന്നിലേക്ക് കൂടുതൽ തെളിഞ്ഞു വന്നു…… ഈ രാത്രി ഒന്ന് വേഗം പുലർന്നെങ്കിൽ……..
രാവിലെ,എന്റെ സങ്കടം നിറഞ്ഞ മുഖം കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടി…..
നടന്നതൊക്കെ ഞാൻ അമ്മയോട് തുറന്നു പറഞ്ഞു…..
മോളെ, എന്തൊക്കെ പറഞ്ഞാലും, സുധിക്ക് ഒരു മകൾ ഉണ്ട്….. അതാണ് അവരെ വേർപിരിക്കാതെ നിർത്തുന്നതും…. നാളെ ഒരു പക്ഷെ അവർ ഡിവോഴ്സ് ആയാലും, ആ കുഞ്ഞു നിങ്ങൾക്കിടയിൽ ഒരു പ്രശ്നമാകും….. അവരെ അവരുടെ വഴിക്ക് വിടുന്നതല്ലേ മോളെ നല്ലത്…..
ആ കുഞ്ഞിന്റെ അച്ഛനെയും, അമ്മയെയും വേർപിരിച്ചു എന്ന പഴി കൂടി ചിലപ്പോൾ നിന്റെ തലയിലേക്ക് വരും. സുധിക്ക് നിന്നെ വേണം എന്നുണ്ടായിരുന്നെങ്കിൽ അവനെ ഇതൊന്നും ബാധിക്കില്ല. അത്കൊണ്ട് അതൊക്കെ നീ മറക്കണം..ഇപ്പോൾ നിനക്കൊരു മാറ്റമാണ് ആവശ്യം.അതിന് നീ ഈ നാട്ടിൽ നിന്നും മാറി നിൽക്കുന്നതാണ് നല്ലത്.
“അമ്മേ, എനിക്ക് സുധിയെ മറക്കുവാൻ പ്രയാസമാണ്…. അത്രത്തോളം ജീവനായി ഞാൻ അവനെ സ്നേഹിക്കുന്നു ”
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട്, അമ്മയ്ക്കും സങ്കടമായി….
“കാലം ഉണക്കാത്ത മുറിവുകൾ ഇല്ല മോളെ…. നിനക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ്, നിന്റെ അച്ചൻ മരിക്കുന്നത്……. അന്ന് എന്റെ അവസ്ഥയും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലായിരുന്നു…. എന്നിട്ട് നിനക്ക് വേണ്ടി ഞാൻ ജീവിച്ചു…. ഇന്ന് നീ എനിക്ക് വേണ്ടി ജീവിക്കണം….. സുധിയെ മറക്കണം….. ഒരു ഉറപ്പുമില്ലാത്ത ജീവിതത്തിന് പിന്നാലെ പോകുന്നത് മണ്ടത്തരമാണ്….. സുധിക്ക് നീ ഈപറയുന്ന സ്നേഹം ഉണ്ടായിരുന്നെങ്കിൽ അവൻ നിന്നെ ഇതിനോടകം സ്വന്തമാക്കാനുള്ള വഴികൾ തേടുമായിരുന്നു……
“ശരി അമ്മേ, ഞാൻ നെക്സ്റ്റ് ഫ്ളൈറ്റിനു തന്നെ മുംബൈക്ക് പോകാം ….. അവന്റെ ഓർമകളുള്ള ഈ നഗരം എനിക്ക് മതിയായി….
ഇറങ്ങും മുന്നേ സുധിയെ ഒന്ന് വിളിക്കണം എന്നുണ്ടായിരുന്നു.പിന്നെ അത് വേണ്ടെന്ന് വച്ചു.സംഗീത പറഞ്ഞത് പോലെ പുതിയൊരു സിം എടുക്കണം.അവന്റെ ഓർമ്മകളെ പൂർണ്ണമായും ഒഴിവാക്കിയാണ് എന്റെ യാത്ര.എങ്കിലും ആ നിമിഷങ്ങൾ എന്റെ മിഴികളിലേക്ക് ഒരു നനവ് പടർന്നു. പ്രണയത്തിന്റെ നോവുകൾ മാറോട് അടക്കി പിടിച്ച് പുതിയ സ്വപ്‌നങ്ങൾ തേടിയുള്ള മറ്റൊരു പാലായനം ……