സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ മാത്രം വൃത്തികെട്ടവനാണോ എന്റെ അനിയൻ..

(രചന: Bhadra Madhavan)

അഴയിൽ അലക്കി വിരിചിട്ടിരുന്ന തന്റെ വസ്ത്രങ്ങൾ ആരും കാണാതെ ഷർട്ടിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചു തന്റെ അനിയൻ എടുത്തുകൊണ്ട് പോവുന്നത് സിന്ധു പകപ്പോടെ നോക്കി നിന്നു

ഉണങ്ങാനിടുന്ന തന്റെ അടിവസ്ത്രങ്ങൾ തന്റെ അമ്മായിയപ്പൻ എടുത്തുകൊണ്ട് പോവാറുണ്ടെന്ന് ഒരു കൂട്ടുകാരി വെറുപ്പോടെ പറഞ്ഞത് സിന്ധുവിന് ഓർമ വന്നു

സ്വന്തം ചേച്ചിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ മാത്രം വൃത്തികെട്ടവനാണോ എന്റെ അനിയൻ കണ്ണൻ. സിന്ധുവിന്റെ ഉടലാകെ വിറച്ചു. അവൾ പതിയെ ശബ്ദം ഉണ്ടാക്കാതെ അവന്റെ മുറിയിലേക്ക് നടന്നു.

വാതിൽ ചാരിയിട്ടേയുള്ളു. സിന്ധു വാതിലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി

കണ്ണൻ അകത്തു കണ്ണാടിക്ക് മുൻപിൽ നിന്ന് തന്റെ ഷർട്ട് ഊരി മാറ്റുകയാണ്. ശേഷം അവൻചുറ്റുമൊന്ന് നോക്കികൊണ്ട് തന്റെ സാരി ബ്ലൗസ് എടുത്തു ധരിക്കുന്നത് കണ്ട് സിന്ധു വാ പൊളിച്ചുപോയി

അവൾ മിണ്ടാതെ നിന്ന് അവന്റെ പ്രവൃത്തികളെ വീക്ഷിച്ചു

ബ്ലൗസ് ധരിച്ച ശേഷം അവൻ ഒളിപ്പിച്ചു കൊണ്ട് വന്ന അടിപാവാടയെടുത്തു ധരിച്ചു… അതിനു മേലെ അമ്മയുടെ സാരിയും വാരി ചുറ്റുന്നു. ശേഷം മേശയുടെ പുറത്തിരുന്ന ഒരു ബോക്സ്‌ തുറക്കുന്നു

സിന്ധു ആ ബോക്സിൽ എന്താണെന്നറിയാൻ സൂക്ഷിച്ചു നോക്കി. അതിൽ നിറയെ പൊട്ടുകളും കണ്മഷിയും കുങ്കുമവുമായിരുന്നു.

കണ്ണൻ അതിൽ നിന്നൊരു പൊട്ടെടുത്തു നെറ്റിയിൽ ഒട്ടിച്ചു വെച്ചു. കണ്ണും നീട്ടിയെഴുതി തൃപ്തിയോടെ കണ്ണാടിയിൽ നോക്കി … സിന്ധുവിന്റെ ഉടലാകെ പെരുത്തു കയറി. കണ്ണൻ ചെറുപ്പം മുതലേ കുറച്ചു നാണംകുണുങ്ങിയാണ്.

ആണുങ്ങളെ കാണുമ്പോൾ ഒരു നാണവും ഒളിച്ചുകളിയുമൊക്കെ താനും കണ്ടിട്ടുണ്ട്. അതൊന്നും താൻ കാര്യമാക്കിയിട്ടില്ല പക്ഷെ അവൻ ഇങ്ങനെയാണ് എന്ന് ഒരിക്കലും കരുതിയിരുന്നില്ല

കണ്ണാ സിന്ധു അലർച്ചയോടെ വാതിൽ തള്ളി തുറന്നു … കണ്ണൻ ഞെട്ടി തരിച്ചു സിന്ധുവിനെ നോക്കി

സിന്ധു ദേഷ്യത്തിൽ അവന്റെ ദേഹത്ത് കൈ വീശി അടിച്ചു …

തല്ലല്ലേ ചേച്ചി…തല്ലല്ലേ കണ്ണൻ കൈ കൊണ്ട് അടി തടയാൻ ശ്രമിച്ചു …സിന്ധു കലി തീരാതെ വീണ്ടും അവനെ അടിച്ചു.

ശേഷം അവന്റെ കയ്യും പിടിച്ചു ഹാളിലേക്ക് നടന്നു കണ്ണൻ പിടി വിടുവിക്കാൻ ആവതു ശ്രമിച്ചെങ്കിലും സിന്ധുവിന്റെ പിടി മുറുകിയതേയുള്ളു

ഹാളിൽ ചെന്ന് സിന്ധു അച്ഛനെയും അമ്മയെയും വിളിച്ചു… വലിയ വായിലുള്ള സിന്ധുവിന്റെ വിളി കേട്ട് ഹാളിലേക്ക് വന്ന അച്ഛനും അമ്മയും സിന്ധുവിന്റെ ഭർത്താവും കണ്ണനെ കണ്ട് ഞെട്ടി

ഇതെന്താ ഇവൻ ഇതൊക്കെ എടുത്തു ഇട്ടേക്കുന്നെ. കണ്ണന്റെ അച്ഛൻ ചോദിച്ചു

ഇവന്റെ നാണം കുണുങ്ങിയുള്ള ചിരിയും നടപ്പും കണ്ട് നിങ്ങളൊക്കെ എന്തായിരുന്നു പറഞ്ഞിരുന്നത്. അത് പ്രായത്തിന്റെ ആണെന്ന് അല്ലേ

എന്നാലേ ഇത് പ്രായത്തിന്റെ ഒന്നുമല്ല. ഇവൻ 9ആണ് 9… സിന്ധു ദേഷ്യത്തിൽ കണ്ണനെ നോക്കി … കണ്ണന്റെ അച്ഛനും അമ്മയും പകച്ച മുഖത്തോടെ കണ്ണനെ നോക്കി… അവരുടെ നോട്ടം താങ്ങാതെ കണ്ണൻ മുഖം കുനിച്ചു

നീ എന്തൊക്കെയാ സിന്ധു ഈ പറയുന്നേ?? അവരുടെ അച്ഛൻ ഒന്നും മനസിലാവാതെ സിന്ധുവിനെ നോക്കി

അതെ അച്ഛാ.. എന്റെയും അമ്മയുടെയും ഡ്രസ്സ്‌ ഒക്കെ ആരുമറിയാതെ എടുത്തുകൊണ്ടു പോയി അതൊക്കെ ഉടുത്തു സ്വയം നിർവൃതി അടയലാണ് അവന്റെ പണി

അതവൻ തമാശയ്ക്ക് ചെയ്തതാവും.. അല്ലേടാ മോനെ… അച്ഛൻ കണ്ണനെ നോക്കി

തമാശ ഒന്നുമല്ല. ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. കണ്ണൻ ലിപ്സ്റ്റിക് ഇടുന്നതും ഒക്കെ. ഞാൻ ആരോടും പറഞ്ഞില്ലെന്നേയുള്ളു… സിന്ധുവിന്റെ ഭർത്താവ് പറഞ്ഞു

ആണോടാ. ഇവര് പറഞ്ഞതൊക്കെ സത്യമാണോ?? കണ്ണന്റെ അമ്മ കണ്ണന്റെ തോളിൽ പിടിച്ചു കുലുക്കി

കണ്ണൻ ഒന്നും മിണ്ടാതെ കൈ വായിലേക്ക് ചേർത്ത് വിങ്ങി കരഞ്ഞു

കണ്ടോ കണ്ടോ അവൻ കരയുന്നത് നോക്കിക്കെ… പെണ്ണുങ്ങളെ പോലെ ചുമലൊക്കെ കുലുക്കി….. സിന്ധുവിന്റെ ദേഷ്യം വർധിച്ചു

പറയടാ…ഇവര് പറഞ്ഞതൊക്കെ ഉള്ളതാണോ? കണ്ണന്റെ അമ്മ ഉള്ളിൽ ഇരമ്പി വന്ന സങ്കടത്താൽ അവനെ പിടിച്ചു കുലുക്കി

അതെ…. സത്യമാണ് കണ്ണൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു

എന്റെ ദൈവമേ നീ ചതിച്ചല്ലോ… കണ്ണന്റെ അമ്മ ശക്തിയോടെ നെഞ്ചത്തടിച്ചു

ഇനിയിപ്പോ കരഞ്ഞിട്ട് എന്താ കാര്യം. ഇവന് അഞ്ചോ പത്തോ അല്ലല്ലോ പ്രായം… 27അല്ലേ.. ഇത്രയും നാളായിട്ട് ഇവൻ ഇങ്ങനെയാണെന്നു നിങ്ങൾക്ക് മനസിലായില്ലേ?? സിന്ധുവിന്റെ ഭർത്താവിന്റെ ചുണ്ട് പുച്ഛത്താൽ കോടി

എനിക്ക് പണ്ടേ സംശയം ഉണ്ടായിരുന്നു രവിയേട്ടാ. ഒരിക്കൽ അമ്മയോട് ഞാനത് പറഞ്ഞതുമാ അന്നേരം പൊന്നുമോനോടുള്ള സ്നേഹം കാരണം അമ്മ അത് കേട്ടില്ല.. ഇനി രണ്ടും കെട്ട ഇവനെ എല്ലാരും കൂടി അങ്ങ് സഹിച്ചേക്ക്…. സിന്ധു ദേഷ്യത്തിൽ മുറിയിലേക്ക് പോയി… അവൾക്ക് പിന്നാലെ ഭർത്താവും

കണ്ണൻ നിറഞ്ഞ കണ്ണുകളുമായി സ്വന്തം മുറിയിലേക്ക് നടന്നു

മുറിയിലെ കട്ടിലിലേക്ക് വീണു അവൻ പൊട്ടിക്കരഞ്ഞു

ഇത്രയും കാലം ആരുമറിയാതെ താൻ കാത്തു സൂക്ഷിച്ച രഹസ്യം എത്ര പെട്ടന്നാണ് സിന്ധുവേച്ചി കണ്ട് പിടിച്ചത്.. ഒന്നാമതെ ചേച്ചിക്ക് കലി ഇത്തിരി കൂടുതലാണ്… ഇത് കൂടിയായപ്പോൾ പൂർത്തിയായി..

കണ്ണൻ കണ്ണുകൾ തുടച്ചു ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഭഗവാന്റെ ചിത്രത്തിന് നേരെ നോക്കി

എന്തിന് ഭഗവാനെ നീ എന്നെ ഇങ്ങനെ ജനിപ്പിച്ചു…..

കിടക്കയിലിരുന്നു കണ്ണീർ വാർക്കുന്ന ഭാര്യയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്നറിയായതെ ദിവാകരൻ കുഴഞ്ഞു

എന്റെ സുധേ നീ ഇങ്ങനെ കരയാതെ… അയാൾ ഭാര്യയുടെ തോളിൽ അമർത്തി പിടിച്ചു …ഞാൻ ഇതെങ്ങനെ സഹിക്കും ഏട്ടാ.. ആകെയുള്ള ഒരാൺതരി ഇങ്ങനെ രണ്ടും കെട്ടതായി പോയത് ആരെങ്കിലും അറിഞ്ഞാലെന്താവും അവസ്ഥ….

ഞാൻ എന്താ സുധേ നിന്നോട് പറയണ്ടേ… എല്ലാം നമ്മുടെ തെറ്റാണ്… നമ്മൾ അവന്റെ കാര്യങ്ങളിൽ കുറച്ചു കൂടി ശ്രദ്ധ കൊടുക്കണമായിരുന്നു…

എന്നാലും ഏട്ടാ… എന്റെ മോൻ…. സുധ സങ്കടത്തോടെ ഭർത്താവിന്റെ തോളിൽ ചാരി … നീ കരയാതിരിക്ക് സുധേ…. ഞാനൊരു വഴി കണ്ടിട്ടുണ്ട് ..

എന്ത് വഴി …

അവനെ നമുക്ക് ഒരു പെണ്ണ് കെട്ടിക്കാം… എല്ലാ അർത്ഥത്തിലും ഒരു പെണ്ണിന്റെ സാമിപ്യം ഉണ്ടായാൽ ഒരു പക്ഷെ അവൻ ശരിയാകും… പക്ഷെ അവൻ സമ്മതിക്കുമോ…

സമ്മതിയ്ക്കും..ഇല്ലെങ്കിൽ സമ്മതിപ്പിക്കാൻ എനിക്കറിയാം.. ദിവാകരന്റെ കണ്ണ് ചുവന്നു …

പിറ്റേന്ന് രാവിലെ…… കണ്ണാ…. കിടക്കയിൽ തളർന്നു കിടക്കുകയായിരുന്ന കണ്ണൻ കടുപ്പത്തിലുള്ള ശബ്ദം കേട്ട് വാതിൽക്കലിലേക്ക് നോക്കി

അച്ഛൻ….

അവൻ ഞെട്ടി പിടഞ്ഞു എണീറ്റു… ദിവാകരൻ കടുപ്പത്തിൽ മകനെയൊന്നു നോക്കി…നീ വേഗം റെഡി ആവ്… ഒരിടം വരെ പോവാനുണ്ട്…

എങ്ങോട്ടാ അച്ഛാ… കണ്ണൻ ചിലമ്പിച്ച ശബ്ദത്തിൽ ചോദിച്ചു

നിന്നെ ഇങ്ങനെ വിടാൻ എനിക്ക് പറ്റില്ലല്ലോ…ഞാൻ നിന്റെ അച്ഛനായി പോയില്ലേ.. എനിക്ക് കുറച്ചു കടമകളില്ലേ

കണ്ണൻ ഒന്നും മനസിലാവാതെ അച്ഛനെ നോക്കി

ഞാൻ ഇന്നലെ രാത്രി ആ ബ്രോക്കർ ദാസനെ വിളിച്ചിരുന്നു…ദാസൻ നിനക്ക് പറ്റിയൊരു പെണ്ണുണ്ടെന്ന് പറഞ്ഞു… നമുക്ക് പോയൊന്നു കാണാം

ഇല്ല അച്ഛാ ഞാൻ വരില്ല… കണ്ണൻ എതിർപ്പോടെ ചുമൽ കുലുക്കി

പിന്നെന്താ നിന്റെ ഉദ്ദേശം… ഇങ്ങനെ രണ്ടും കെട്ട് ജീവിക്കാനാണോ… ദിവാകരൻ ദേഷ്യത്തിൽ മകനെ നോക്കി

എന്റെ മനസും ചിന്തകളും ഒരു പെണ്ണിന്റെയാണ് അച്ഛാ… എനിക്ക് ഒരിക്കലും ഒരു പെണ്ണിന്റെ കൂടെ ജീവിക്കാൻ കഴിയില്ല

നീ ഞാൻ പറയുന്നത് കേട്ടാൽ മതി… ദിവാകരൻ പറഞ്ഞു

ഇല്ല അച്ഛാ അറിഞ്ഞു കൊണ്ട് ഒരു പെണ്ണിന്റ ജീവിതം ഞാൻ തകർക്കില്ല… കണ്ണന്റെ സ്വരത്തിന് കട്ടികൂടി

നീ എന്തിനാടാ ഇങ്ങനെ ജീവിക്കുന്നത് നാണം കെട്ടവനെ…. ദിവാകരൻ പല്ലിറുമ്മി…

ഞാൻ എന്ത് തെറ്റ് ചെയ്യ്തു അച്ഛാ….ഞാൻ അറിഞ്ഞു കൊണ്ടാണോ ഇങ്ങനെ ജനിച്ചത്… എനിക്ക് ഇങ്ങനെയൊരു ജന്മം തന്ന അച്ഛനല്ലേ ശരിക്കും തെറ്റുകാരൻ…

എന്ത് പറഞ്ഞെടാ അസത്തെ…… ദിവാകരൻ ദേഷ്യത്തിൽ മേശയിലിരുന്ന കണ്ണന്റെ ബെൽറ്റ്‌ എടുത്തു കണ്ണനെ ശക്തിയിൽ തുരുതുരാ അടിച്ചു

വേദനയാൽ അലറി കരഞ്ഞു കണ്ണൻ ഹാളിലേക്ക് ഓടി…. ഹാളിൽ കാലിടറി വീണ കണ്ണനെ അവന്റെ അച്ഛൻ വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു

നോവ് സഹിക്കാൻ കഴിയാതെ കണ്ണൻ അലറി കരഞ്ഞു… അവന്റെ കരച്ചിൽ കേട്ട് അമ്മയും സിന്ധുവും ഓടിവന്നു

അമ്മേ അടിക്കല്ലേന്നു പറയമ്മേ…. കണ്ണൻ അമ്മയെ നോക്കി കെഞ്ചി

സുധ ഉടനെ ഭർത്താവിന്റെ കയ്യിൽ കേറിപിടിച്ചു . ദിവാകരൻ അരിശത്തോടെ കയ്യിലെ ബെൽറ്റ്‌ തറയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് നിന്നു കിതച്ചു

ഞാൻ ഒന്ന് പുറത്തു പോകുവാ…. തിരിച്ചു വരുമ്പോൾ ഇവനെ ഇവിടെ കാണരുത്…. കൊല്ലുകയോ തിന്നുകയോ എന്ത് വേണമെങ്കിൽ ആയിക്കോ…. അയാൾ കണ്ണിൽ പൊടിഞ്ഞ കണ്ണുനീരിനെ അവരിൽ നിന്നും മറച്ചു പിടിച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി

അടിയേറ്റു തളർന്ന കണ്ണനെ സിന്ധു താങ്ങി പിടിച്ചു എണീപ്പിച്ചു മുറിയിൽ കൊണ്ടാക്കി

മോനെ കണ്ണാ… നീ എന്താടാ ഇങ്ങനെ…. സിന്ധുവിന്റെ കണ്ണ് അറിയാതെ നിറഞ്ഞു

ചേച്ചി !!! അവൻ അവളെ കരച്ചിലോടെ കെട്ടിപിടിച്ചു

നീ കിടന്നോ….ചേച്ചി പിന്നെ വരാം സിന്ധു കണ്ണീരോടെ പുറത്തേക്ക് നടന്നു

പകലൊക്കെ അമ്മ ഭക്ഷണം കഴിക്കാൻ അവനെ വിളിച്ചെങ്കിലും അവൻ മുറി വിട്ടു പുറത്തിറങ്ങിയില്ല

രാത്രി…..ആരും കാണാതെ സുധ മകന്റെ മുറിയിലേക്ക് നടന്നു … മോനെ കണ്ണാ…. അവർ കിടക്കയിൽ തളർന്നു കിടക്കുന്ന മകന്റെ മുടിയിൽ തലോടി…

അമ്മേ….. ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനെ…. കണ്ണന് കരച്ചിൽ വന്നു

അവർ അവനെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു…. ചോറും കറികളുമെടുത്തു അവന് വാരി കൊടുത്തു. പതിവില്ലാതെ അമ്മ ചോറ് വാരി തന്നത് കൊണ്ടും നല്ല വിശപ്പ് ഉള്ളത് കൊണ്ടും അവനത് മൊത്തം കഴിച്ചു

മുഖം കഴുകി വന്ന കണ്ണന്റെ നെറ്റിയിൽ സുധ അമർത്തി ഉമ്മ വെച്ചു
ശേഷം കയ്യിൽ കരുതിയ കുറച്ചു പണമെടുത്തു അവനെ ഏല്പിച്ചു…

കണ്ണൻ ഒന്നും മനസിലാവാതെ അമ്മയെ നോക്കി …

പൊയ്ക്കോ എങ്ങോട്ടാന്ന് വെച്ചാൽ പൊയ്ക്കോ…. സുധയ്ക്ക് കണ്ണീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…

അമ്മേ…. കണ്ണൻ പിടച്ചിലോടെ അമ്മയെ നോക്കി …

പോടാ എവിടെയെങ്കിലും പോയി ജീവിക്കാൻ നോക്ക്… ഇവിടെ നിന്നാൽ എല്ലാരും കൂടി നിന്നെ കൊന്നു തിന്നും….നീ ഇങ്ങനെ നരകിക്കുന്നത് കാണാൻ പെറ്റമ്മയായ എനിക്ക് വയ്യ… പോ എങ്ങോട്ടെങ്കിലും പോ…. സുധ മകനെ വാതിൽക്കലേക്ക് തള്ളി

കണ്ണൻ കണ്ണീരോടെ ഒന്ന് തിരിഞ്ഞു നോക്കി… പിന്നെ കണ്ണീർ തുടച്ചു പുറത്തേ ഇരുട്ടിലിറങ്ങി നടന്നു

സുധ വാതിൽ വലിച്ചടച്ചു മകനെയോർത്തു പൊട്ടി കരഞ്ഞു..

എറണാകുളത്തേക്കുള്ള ബസിന്റെ സൈഡ് സീറ്റിലിരുന്നു കണ്ണൻ കണ്ണ് തുടച്ചു

എങ്ങോട്ട് പോവും… എങ്ങനെ ജീവിക്കും…. അവനു ഒന്നുമറിയില്ലായിരുന്നു

അവന്റെ മനസിൽ അമ്മയുടെ മുഖം തെളിഞ്ഞു….. സഹിക്കാൻ കഴിയാത്ത വേദനയിൽ അവൻ കണ്ണ് അടച്ചു

എറണാകുളം…. എറണാകുളം…. കണ്ടക്ടറുടെ ശബ്ദം കേട്ടാണ് കണ്ണൻ മയക്കത്തിൽ നിന്നും ഉണരുന്നത്

അവൻ ബസ് ഇറങ്ങി എങ്ങോട്ട് എന്നറിയാതെ കുറെ നടന്നു… മേലൊക്കെ നന്നായി വേദനിക്കുന്നുണ്ട്.. ചെറുതായി തല ചുറ്റുന്നു….കണ്ണിൽ ഇരുട്ട് കേറുന്നു…..ബോധം മറയുന്നു….

അടി തെറ്റി നിലത്തു വീണ കണ്ണൻ തന്റെ കണ്ണടയും മുൻപ് തന്നെ ആരോ താങ്ങിയത് തിരിച്ചറിഞ്ഞു…അവൻ കണ്ണ് വലിച്ചു തുറന്നു നോക്കി…. ചായം തേച്ച രണ്ട് മുഖങ്ങൾ അവൻ കണ്ടു….ആളെ വ്യക്തമാവും മുൻപ് കണ്ണന്റെ ബോധം മറിഞ്ഞു …

ഒരു വർഷത്തിന് ശേഷം

എറണാകുളത്ത് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണ് സിന്ധു…. ഇന്റർവ്യൂ കഴിഞ്ഞ് തിരിച്ചു വീട്ടിലേക്കുള്ള ബസ് കാത്തു നിൽക്കുകയാണ് അവൾ

ചേച്ചി……തന്റെ അരികിലായി വന്നു നിന്ന സ്ത്രീ അവളെ വിളിച്ചപ്പോൾ സിന്ധു തല തിരിച്ചു നോക്കി

അവൾ ആ സ്ത്രീയേ അടിമുടി നോക്കി… പിന്നെ അറിയാതെ ഞെട്ടി

കണ്ണൻ…….. സിന്ധുവിന്റെ ചുണ്ട് വിറച്ചു

അതെ ചേച്ചി കണ്ണനാ….

അവർ രണ്ടാളും പുറത്തേക്ക് നടന്നു……

നമുക്കൊരു ചായ കുടിക്കാം ചേച്ചി…. കണ്ണൻ പറഞ്ഞു

മ്മ്…സിന്ധു അതിശയം വിട്ട് മാറാത്ത കണ്ണുകളോടെ അവനെ നോക്കി മൂളി

കോഫി ഷോപ്പിലെ ടേബിളിനു ഇരുവശത്തുമിരുന്നു ചായ കുടിക്കവേ സിന്ധു അനിയനെ സൂക്ഷിച്ചു നോക്കി

ഇളം നീല സാരി അതിമനോഹരമായി ഞൊറിഞ്ഞു ഉടുത്തിരിക്കുന്നു… നീണ്ട കമ്മലും വളയും മാലയും മൂക്കുത്തിയുമെല്ലാം ധരിച്ചിട്ടുണ്ട്…മുൻപ് ഉണ്ടായിരുന്ന മീശയിപ്പോ ഇല്ല… പുരികങ്ങൾ ത്രെഡ് ചെയ്തു കണ്ണ് എഴുതി…. കണ്ടാൽ അസ്സലൊരു പെണ്ണ്….

മോനെ…. നീ എന്താ ആരോടും പറയാതെ ഇറങ്ങി പോയത്….?? എവിടെയെല്ലാം നിന്നെ തിരഞ്ഞു…. അച്ഛൻ നിന്നെ കാണാതെ എത്ര വിഷമിക്കുന്നുണ്ടെന്നറിയോ നിനക്ക്….

ഞാനിപ്പോ പഴയ കണ്ണനല്ല ചേച്ചി…. ഗൗരി… അതാണിപ്പോ എന്റെ പേര്

ഗൗരിയോ???

അതെ…. ഗൗരി

കണ്ണന്റെ മനസിലേക്ക് ഒരു വർഷം മുൻപുള്ള ആ രാത്രി തെളിഞ്ഞു

അന്ന് ബോധം തെളിയുമ്പോൾ കണ്ടത് പരിഭ്രാന്തി നിറഞ്ഞ ഭംഗിയുള്ള ഒരു മുഖമായിരുന്നു….

ഒറ്റനോട്ടത്തിൽ മനസിലായി.9എന്ന് തന്നെ പോലെ മറ്റുള്ളവർ കളിയാക്കുന്ന ഒരാളാണെന്ന്

താൻ അവരുടെ വീട്ടിലായിരുന്നു…തല തിരിച്ചു ചുറ്റും നോക്കവേ അത്തരത്തിൽ ഒരുപാട് പേരെ തനിക്ക് ചുറ്റും കണ്ടു

പല പ്രായത്തിൽ ഉള്ളവർ….എല്ലാ മുഖത്തും ഒരേ വികാരം…. കാരുണ്യം

മോന്റെ പേരെന്താ???

ആദ്യം കണ്ട സ്ത്രീ ചോദിച്ചു …

കണ്ണൻ…

അവർ അവരെ അടിമുടി നോക്കി

പിന്നെ എല്ലാരേയും പുറത്താക്കി വാതിലടച്ചു…. എല്ലാം ചോദിച്ചറിഞ്ഞു…. സങ്കടത്തോടെ… കണ്ണീരോടെ തന്റെ കഥ പറഞ്ഞു തീർന്നപ്പോൾ അവർ തന്നെ സ്നേഹത്തോടെ കെട്ടിപിടിച്ചു

നീ ഒന്നും കൊണ്ടും പേടിക്കണ്ട… നിന്നെ പോലെ ഒരുപാട് അവഗണനകൾ അനുഭവിച്ച ആളുകളാ ഇവിടെ ഉള്ളവരൊക്കെയും…. നിന്നെ ഞങ്ങൾക്ക് മനസിലാവും…. സ്വന്തം ഇഷ്ട്ടങ്ങൾക്ക് അനുസരിച്ചു മാന്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിനക്ക് ഇവിടെ കഴിയാം….. അവർ അവന്റെ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു

അവരെ എല്ലാവരും അമ്മയെന്നാണ് വിളിച്ചിരുന്നത്.. പതിയെ താനും അങ്ങനെ വിളിച്ചു തുടങ്ങി….അവരാണ് തന്നെ ഒരു പെണ്ണാക്കി ഒരുക്കിയതും ആത്‌മവിശ്വാസത്തോടെ പുറത്തിറങ്ങാൻ ശക്തി തന്നതും….

അവിടെ നിന്നാണ് താൻ ബ്യൂട്ടിഷൻ പഠിച്ചതും ഇപ്പൊ അന്തസായി ജോലിയെടുത്തു ജീവിക്കുന്നതും…… തനിക്ക് ഇപ്പോൾ സന്തോഷമാണ്…. സ്നേഹിക്കാനും ചേർത്ത് പിടിക്കാനും തന്നെ പോലെയുള്ള ഒരുപാട് സഹോദരിമാർ തനിക്കിപ്പോഴുണ്ട്

സിന്ധുവിനോട് നിറഞ്ഞ മനസോടെ എല്ലാം പറയുമ്പോൾ എന്തിനെന്നറിയാതെ കണ്ണന്റെ കണ്ണ് നിറഞ്ഞു

നിനക്ക് വീട്ടിലേക്ക് വന്നു കൂടെ കണ്ണാ…

ഇല്ല ചേച്ചി… ഇപ്പോഴൊന്നും വരില്ല… പക്ഷെ വരും ഒരിക്കൽ…തലയുർത്തി പിടിച്ചു തന്നെ വരും….. കണ്ണൻ പുഞ്ചിരിച്ചു …

പെട്ടന്ന് കണ്ണന്റെ ഫോൺ ഇരമ്പി … അവൻ ഫോൺ എടുത്തു നോക്കി.
അമ്മയാണ്… എന്റെ പോറ്റമ്മ…എന്നെ ഞാൻ ആക്കിയ എന്റെ അമ്മ….ഇന്ന് അമ്മയുടെ പിറന്നാൾ ആണ്…ചെല്ലാൻ വൈകുന്നത് കൊണ്ട് വിളിക്കുന്നതാ….. കണ്ണന്റെ മുഖം സന്തോഷത്താൽ തിളങ്ങി

കണ്ണൻ തന്റെ ചുണ്ട് തുടച്ചു കൊണ്ട് എണീറ്റു….

പോട്ടെ ചേച്ചി…. ഞാൻ വരും ഒരിക്കൽ…. ഇപ്പൊ ഞാൻ പോട്ടെ……..

മ്മ്… സിന്ധു നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു….

അവന്റെ സന്തോഷം ഇതാണെങ്കിൽ അവൻ ഇങ്ങനെ തന്നെ ജീവിക്കട്ടെ… സിന്ധു അവന്റെ കയ്യിൽ അമർത്തി പിടിച്ചു

കണ്ണൻ ചേച്ചിയെ നോക്കി ഒന്ന് കണ്ണിറുക്കിചിരിച്ചു … പിന്നെ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ഒതുക്കി വെച്ചു ചുണ്ടിൽ നിറഞ്ഞൊരു ചിരിയുമായി പുറത്തിറങ്ങി നഗരതിരക്കിൽ അലിഞ്ഞു ചേർന്നു….

Leave a Reply

Your email address will not be published. Required fields are marked *