(രചന: Bhadra Madhavan)
നോക്കടി ദേ ദേവികടെ കെട്ട്യോൻ അവളുടെ പാവാട കഴുകിയിടുന്നു
ആരുടെയൊക്കെയോ പുച്ഛം നിറഞ്ഞ സംസാരവും കൂട്ടചിരിയും കേട്ട് അയയിൽ തുണി വിരിക്കുകയായിരുന്ന വിഷ്ണു തല തിരിച്ചു നോക്കി
ചുണ്ടിലൊരു പുച്ഛചിരിയുമായി തന്നെ നോക്കി നിൽക്കുന്ന നാലഞ്ചു പെൺകുട്ടികളെ കണ്ടപ്പോൾ വിഷ്ണു തുടയ്‌ക്കൊപ്പം മടക്കി ഉടുത്തിരുന്ന മുണ്ട് അഴിച്ചിട്ടു
ആരാ?
ഞങ്ങൾ ദേവൂന്റെ ഫ്രണ്ട്സാ…അവളുടെ സ്കൂട്ടി എവിടെയോ തട്ടിമറിഞ്ഞു കാലിനു പ്ലാസ്റ്റർ ഇട്ട് കിടക്കുവാണെന്ന് അവൾ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. അപ്പൊ ഒന്ന് കാണാമെന്നു കരുതി വന്നതാണ്. കൂട്ടത്തിലൊരുത്തി പറഞ്ഞു
ആണോ എന്നാ വാ വിഷ്ണു പുഞ്ചിരിയോടെ അവരെ അകത്തേക്ക് ക്ഷണിച്ചു
ദേ ദേവൂ നിന്റെ കൂട്ടുകാര് വന്നേക്കുന്നു..
കണ്ണടച്ചു കിടക്കുകയായിരുന്ന ദേവികയെ വിഷ്ണു തട്ടിവിളിച്ചു
ക്ഷീണത്തോടെ കണ്ണ് തുറന്ന ദേവികയെ വിഷ്ണു താങ്ങി പിടിച്ചിരുത്തി
നിങ്ങൾ ഇരിക്ക് ട്ടോ.. ഞാൻ ചായ എടുക്കാം വിഷ്ണു വേഗത്തിൽ അടുക്കളയിലേക്ക് നടന്നു
അല്ല ദേവു നിന്റെ ഭർത്താവ് ബാങ്ക് മാനേജർ ആണെന്നല്ലേ നീ പറഞ്ഞത്? കൂട്ടത്തിലെ രേവതി ചോദിച്ചു
അതേലോ… വിഷ്ണുവേട്ടൻ ബാങ്കിലാണല്ലോ.. എന്തേ ചോദിച്ചത്?
അല്ല ഇവിടുത്തെ അടുക്കള പണിയൊക്കെ കഴിഞ്ഞിട്ട് നിന്റെ ഭർത്താവിന് ജോലിക്ക് പോവാനൊക്കെ ടൈം കിട്ടുന്നുണ്ടോ?
അതിന് വിഷ്ണുവേട്ടനിവിടെ അടുക്കളപണിയാണെന്ന് നിന്നോടൊക്കെ ആരാ പറഞ്ഞെ?? ദേവികയുടെ സ്വരത്തിനു കടുപ്പം കൂടി
അല്ല ഞങ്ങള് വരുമ്പോൾ നിന്റെ കെട്ട്യോൻ തുണി അലക്കുകയായിരുന്നു. ദേ ഇപ്പൊ ചായയും ഉണ്ടാക്കാൻ ഓടിയിരിക്കുന്നു.
ഇതൊക്കെ ആണുങ്ങൾക്കുള്ള പണിയാണോ? പെണ്ണുങ്ങളല്ലേ ഇതൊക്കെ ചെയ്യേണ്ടത്
അങ്ങനെ ആണിന് വേറെ പണി പെണ്ണിന് വേറെ പണി എന്നൊക്കെയുണ്ടോ രേവതി?
ചെറുപ്പം മുതലേ വിഷ്ണുവേട്ടന്റെ അമ്മ എല്ലാ ജോലികളും ചെയ്യിപ്പിച്ചാണ് വിഷ്ണുവേട്ടനെ വളർത്തിയത്. ഒരു സ്ത്രീ ചെയ്യുന്ന ജോലികളെല്ലാം വിഷ്ണുവേട്ടൻ ചെയ്യും
അപ്പൊ കരുതും വിഷ്ണുവേട്ടനാണ് ജോലി മൊത്തം ചെയ്യുന്നതെന്ന്.
ഒരിക്കലുമല്ല. അദ്ദേഹം തിരക്കുള്ള ഒരു ഉദ്യോഗസ്ഥനാണ്. ഞാനൊരു ടീച്ചറും. രാവിലെ ഒരുമിച്ചു എണീക്കുന്നത് മുതൽ പാചകം തൊട്ട് തുടങ്ങും ഞങ്ങളുടെ സഹകരണം.
ഞാൻ ചോറിനു അരിയിടുമ്പോൾ വിഷ്ണുവേട്ടൻ കറിക്ക് നുറുക്കുകയായിരിക്കും. ഞാൻ പാത്രം കഴുകുകയാണെങ്കിൽ വിഷ്ണുവേട്ടൻ കഴുകിയ പാത്രങ്ങൾ ഒതുക്കി വെയ്ക്കുകയാവും.
എനിക്കൊന്നു വയ്യെന്ന് പറഞ്ഞാൽ ഇതൊക്കെ വിഷ്ണുവേട്ടൻ തനിയെ ചെയ്യും. ഇപ്പോൾ എനിക്ക് സുഖമില്ലാത്തത് കൊണ്ടും അമ്മയൊക്കെ നാട്ടിലായത് കൊണ്ടും
എല്ലാം പുള്ളിയാണ് ചെയ്യുന്നത്
സ്വന്തം ഭാര്യയെ ഒന്ന് സഹായിച്ചെന്നു കരുതി ഒരു പുരുഷനും ഒന്നും സംഭവിക്കാൻ പോവുന്നില്ല. പരസ്പര സഹകരണത്തോടെ മുന്നോട്ട് ജീവിച്ചാൽ ജീവിതമെന്നും കളറായിരിക്കും.
ഞങ്ങൾക്ക് ജീവിക്കാനായി ഞങ്ങൾ ഒരുമിച്ചാണ് പുറത്തു പോയി ജോലി ചെയ്യുന്നത്. അത്പോലെ വീടിന്റെ അകത്തും എല്ലാ ജോലിയും ഒന്നിച്ചാണ് ചെയ്യുന്നത്.
അതൊരിക്കലും ആണത്തമില്ലായിമ ഒന്നുമല്ല. താൻ താലി കെട്ടി തനിക്ക് വേണ്ടി എല്ലാം ചെയ്യ്തു തരുന്ന ഭാര്യയെ അവൾക്കൊപ്പം നിന്ന് സഹായിക്കുന്ന പുരുഷമാരാണ് ശരിക്കും നട്ടെല്ലുള്ള ഭർത്താവ്.
അല്ലാതെ പുരുഷൻ എന്നാൽ ഭരിക്കുന്നവൻ സ്ത്രീ എന്നാൽ അടിമ എന്ന് കരുതുന്നവർ ഈ നൂറ്റാണ്ടീലൊന്നും ജീവിക്കേണ്ടിയിരുന്നവരല്ല.
അല്ലേലും നീ പണ്ടേ ഫെമിനിസത്തിന്റെ ആളാണല്ലോ.
കൂട്ടുകാരികൾ വീണ്ടും കളിയാക്കി
ഇത് ഫെമിനിസം ഒന്നുമല്ലടി. നീ ആലോചിച്ചു നോക്കിക്കേ നീ ആഗ്രഹിച്ചിട്ടില്ലേ…
അടുക്കളയിൽ കിടന്നു കഷ്ട്ടപെട്ടു നടു തളരുമ്പോൾ ഒരു കൈ സഹായിക്കാൻ ഭർത്താവൊന്നു വന്നിരുന്നുവെങ്കിലെന്ന്? ഇല്ലേ
അത് പിന്നെ….രേവതിയൊന്നു വിക്കി
ങ്ങാ അത് തന്നെയാ പറഞ്ഞത്… നമ്മൾ എല്ലാരും ഇതൊക്കെ ആഗ്രഹിക്കും പക്ഷെ പുറത്തു ആരെങ്കിലും ഇതൊക്കെ ചെയ്യുന്നത് കാണുമ്പോൾ ഉടനെ അവനെയങ്ങു പെങ്കോന്തൻ ആക്കും
നിങ്ങളിപ്പോ എന്ത് വിചാരിച്ചാലും കുഴപ്പമില്ല. അദ്ദേഹത്തെ പോലൊരു പങ്കാളിയെ കിട്ടിയതിൽ ഞാൻ എന്നും സന്തോഷവതിയാണ്…..
അടിയില്ല വഴക്കില്ല ബഹളങ്ങളില്ല ഞാൻ വലുത് നീ ചെറുത് അങ്ങനെയുള്ള വേർതിരിവില്ല….vസന്തുഷ്ട ജീവിതം…. ദേവിക സംതൃപ്തിയോടെ പുഞ്ചിരിച്ചു
പെട്ടന്ന് ചായയുമായി വിഷ്ണു കടന്ന് വന്നു അയാൾ ഓരോത്തർക്കും ചായകപ്പെടുത്തു നീട്ടി
നല്ലപോലെ മധുരമിട്ട ചായ ഒരു കവിൾ കുടിച്ച ശേഷം കൂട്ടുകാരികൾ യാത്ര പറഞ്ഞു പോവാനിറങ്ങി….
വാതിൽ പടിയിൽ വിഷ്ണുവിന്റെ കരവലയത്തിലൊതുങ്ങി നിന്ന് തങ്ങൾക്ക് നേരെ കൈ വീശുന്ന ദേവികയെ നോക്കി കാണവേ അവർക്കും തോന്നി …
ഭർത്താവ് എന്നാൽ ഭരിക്കുന്നവൻ എന്നും ഭാര്യയെന്നാൽ ഭരിക്കപ്പെടേണ്ടവളുമല്ലെന്ന്…