(രചന: Bhadra Madhavan)
സത്യം പറയടി…. ആരാടി നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ഉത്തരവാദി.. അടച്ചിട്ട മുറിയ്ക്കുള്ളിൽ ഭദ്രയുടെ മുടിക്ക് കുത്തിപിടിച്ചു അലറുകയായിരുന്നു ചന്ദ്രോത്ത് കേശവപണിക്കർ എന്ന ഭദ്രയുടെ അച്ഛൻ …
എന്റെ മനുഷ്യാ ഒന്ന് പതുക്കെ… ഒച്ചയെടുത്ത് നാട്ടുകാരെ കൂടി അറിയിക്കാതെ …. ഭദ്രയുടെ അമ്മ സുമിത്ര അയാളോട് പറഞ്ഞു
നീയാണ്…. നീ ഒരുത്തിയാണ് ഇവളെ വഷളാക്കിയത്….ഒന്നേയുള്ളു എന്ന് കരുതി ലാളിച്ചു വഷളാക്കിയിട്ട് കണ്ടില്ലേ…..
ഏതോ ഒരുത്തന്റെ അവിഹിത ഗർഭവുമായി നിൽക്കുന്നത്. ആയിക്കോ അമ്മയും മോളും കൂടി എന്ത് വേണേൽ ആയിക്കോ…
ചുമലിൽ കിടന്ന തോർത്ത്മുണ്ടെടുത്തു കുടഞ്ഞു കൊണ്ട് കേശവപണിക്കർ വാതിൽ തുറന്നു പുറത്തേക്ക് പോയി….
മോളെ ഭദ്രേ…. നീ അമ്മയോടെങ്കിലും പറ….. ആരാണ് മോളോട് ഈ ചതി ചെയ്യ്തത്..
അതോ അമ്മയുടെ ഭദ്രമോൾക്ക് ആരോടെങ്കിലും എന്തെങ്കിലും ഇഷ്ടം ഉണ്ടായിരുന്നോ?? അമ്മയോട് പറ…. അച്ഛനെ കൊണ്ട് അമ്മ സമ്മതിപ്പിക്കാം
സുമിത്ര അടിയേറ്റു തിണർത്ത ഭദ്രയുടെ കവിൾതടങ്ങളിൽ തലോടി കൊണ്ട് പറഞ്ഞു …
ഭദ്ര സുമിത്രയുടെ കണ്ണുകളിലേക്ക് നോക്കി…..ദയവായി എന്നോട് ഒന്നും ചോദിക്കല്ലേ അമ്മേ…..ഞാൻ പറയില്ല എന്നെ നിർബന്ധിക്കരുത്
പിന്നെന്താണ് ഉദ്ദേശം… അച്ഛനില്ലാത്ത ഈ കുഞ്ഞിനെ പ്രസവിച്ചു വളർത്താമെന്നോ….. എത്ര നാൾ ഇത് മറ്റുള്ളവരിൽ നിന്നും മറച്ചു വെയ്ക്കാൻ സാധിക്കും….
അറിയില്ല അമ്മേ…. എനിക്കൊന്നും അറിയില്ല…. ഭദ്ര സുമിത്രയെ കെട്ടിപിടിച്ചു കരഞ്ഞു …
എന്തായി സുമിത്രെ???? അവൾ എന്തെങ്കിലും പറഞ്ഞോ….. കേശവപണിക്കർ ഭാര്യയോട് ചോദിച്ചു….
ഇല്ല…. അവളൊന്നും പറയുന്നില്ല
പറയണ്ട….. ഇനിയെന്ത് വേണമെന്ന് എനിക്കറിയാം.. സുമിത്ര ചോദ്യഭാവത്തിൽ ഭർത്താവിനെ നോക്കി…..
നീ അറിയില്ലേ വടക്കുംപ്പാട്ടെ കല്യാണിടെ പൊട്ടൻ ചെക്കൻ ഉണ്ണിയെ….അവനു പെണ്ണ് നോക്കുന്നുണ്ടെന്നു കേട്ടു….
അഞ്ചു തലമുറ കഴിയാനുള്ള സ്വത്ത് ഉള്ള തറവാടാണ്…..ഭദ്രയോട് ഒരുങ്ങി ഇരിക്കാൻ പറഞ്ഞേക്കു….ഞാൻ നോക്കിയിട്ട് ഇനി അതേ വഴിയുള്ളു
നിങ്ങളെന്താണ് പറയുന്നത്??? ഭദ്ര നമ്മുടെ മോളല്ലേ… അവളെ ആ പൊട്ടൻ തമ്പുരാന് കെട്ടിച്ചു കൊടുക്കണമെന്നോ.
ഇല്ല ഞാൻ ജീവനോടെ ഇരിക്കുമ്പോൾ എന്റെ മോളുടെ ജീവിതം കുരുതി കൊടുക്കാൻ ഞാൻ സമ്മതിക്കില്ല
പിന്നെന്താ ഞാൻ ചെയ്യണ്ടേ….അവളെ തല്ലികൊന്നു അമ്പലകുളത്തിൽ കൊണ്ട് പോയി കെട്ടിതാക്കണോ…..
അതോ എല്ലാരും കൂടി വി ഷം കുടിച്ചു ആ ത്മ ഹ ത്യാ ചെയ്യണോ??? അവൻ അത്രയ്ക്ക് പൊട്ടൻ ഒന്നുമല്ല സുമിത്രേ… അത്യാവശ്യം വകതിരിവ് ഒക്കെയുണ്ട്…. അത് മതി… അത്രയും മതി
നിറഞ്ഞ കണ്ണുകളെ ചുമലിലെ തോർത്താൽ ഒപ്പികൊണ്ട് കേശവപണിക്കർ പുറത്തേക്ക് ഇറങ്ങി…
അ ടി യേ റ്റു നീലിച്ച കവിൾതടങ്ങളും അഴിഞ്ഞുലഞ്ഞ മുടിയുമായി ഒരു ഭ്രാന്തിയെ പോലെ പുറത്തെ ഇരുളിലേക്ക് നോക്കിയിരിക്കുമ്പോൾ ഭദ്രയ്ക്ക് സേതുവിനെ ഓർമ വന്നു…..
കാവിലെ ഉത്സവത്തിന് ആദ്യമായി കണ്ട..ചുരുണ്ടു നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയും ചെമ്പൻ കണ്ണുകളും ഒത്ത പൊക്കവും വണ്ണവുമുള്ള ആ സുന്ദരനെ……
കാവിലെ മേളങ്ങൾക്കും വർണകാഴ്ചകൾക്കും ഇടയിലൂടെ തന്നെ പിന്തുടരുന്ന ആ ചെമ്പൻ കണ്ണുകളെ ആദ്യമൊക്കെ കണ്ടില്ലെന്ന് നടിച്ചെങ്കിലും അധികം പിടിച്ചു നിക്കാനായില്ല…..
കാന്തികശക്തിയുള്ള ആ കണ്ണുകൾക്ക് ആരെയും വലിച്ചു അടുപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു….ആരുമറിയാതെയുള്ള കൂടികാഴ്ചകൾ….
ഭാവിജീവിതം സ്വപ്നം കണ്ട് എഴുതിയ പ്രണയം തുളുമ്പുന്ന കത്തുകൾ…. അവൻ സമ്മാനിച്ച കുപ്പിവളകളെയും താലോലിച്ചു കിടന്ന രാവുകൾ…. അങ്ങനെ അങ്ങനെ ലോകം സേതുവിലേക്ക് മാത്രം ഒതുങ്ങിയ നിമിഷങ്ങൾ……
എപ്പോഴോ ഏതോ നിമിഷത്തിൽ മനസിനൊപ്പം ശരീരവും പങ്കു വെച്ച ആ നിമിഷം….നാട്ടിൽ പോയി അച്ഛനെയും ബന്ധുക്കളെയും കൂട്ടി വന്നു പെണ്ണ് ചോദിക്കാമെന്ന് പറഞ്ഞു പോയ സേതു….
ഓരോന്നും ഓർത്തു ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
ഇന്ന് താൻ സേതുവിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു…സേതു പോയിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും ഒരു കത്ത് പോലും അയച്ചിട്ടില്ല……
അവൾ തന്റെ കരം ഉദരത്തോട് ചേർത്തു…..താൻ ചതിക്കപെട്ടുവെന്നും സേതു ഇനി തിരിച്ചു വരില്ലെന്നും അവളുടെ മനസ് പറഞ്ഞു… ഇരുളിലേക്ക് നോക്കി ഭദ്ര ആർത്തലച്ചു കരഞ്ഞു…..
പൊട്ടൻ തമ്പുരാനെന്നു നാട് മൊത്തം ഒരേ സമയം കളിയാക്കുകയും സഹതപിക്കുകയും ചെയ്യുന്ന ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിക്ക് മുൻപിൽ താലിയ്ക്കായി തല കുനിക്കുമ്പോൾ അവളുടെ കണ്ണുകൾ ആരെയോ വൃഥാ തിരഞ്ഞു….
ആൾക്കൂട്ടത്തിനിടയിൽ എവിടെയെങ്കിലും ആ ചെമ്പൻ കണ്ണുകൾ കാണാൻ കഴിയുന്നുണ്ടോ…
ഇല്ല…. ഇനി സേതുവില്ല….. എല്ലാം അവസാനിച്ചിരിക്കുന്നു…സേതുവിനൊപ്പം താൻ സ്വപ്നം കണ്ട ജീവിതം ഈ പൊട്ടൻ തമ്പുരാന് മുൻപിൽ ഭദ്ര അടിയറവ് വെച്ചിരിക്കുന്നു…..
കണ്ടവരും കേട്ടവരും മൂക്കത്തു വിരൽ വെച്ചു….. പൊട്ടൻ തമ്പുരാന്റെ ഒരു യോഗം നോക്കണേ ചെമ്പകപൂ പോലൊരു പെണ്ണിനെയാണ് ഭാര്യയായി കിട്ടിയത്
ഇട്ടു മൂടാനുള്ള വകയില്ലേ…. പിന്നെ കിട്ടാതെയിരിക്കുമോ…. അങ്ങനെ നല്ലതും മോശവും പറഞ്ഞു ആളുകൾ പിരിഞ്ഞു
രാത്രി പാലുമായി ഭദ്രയെ മണിയറയിലേക്ക് പറഞ്ഞു വിടുമ്പോൾ ഉണ്ണിയുടെ അമ്മ ഭദ്രയുടെ കൈകൾ കൂട്ടി പിടിച്ചു
പാവാണ് എന്റെ ഉണ്ണി….. സ്നേഹിക്കാൻ മാത്രേ അറിയൂ…നാട് മൊത്തം പൊട്ടൻ എന്ന് വിളിച്ചോട്ടെ…. പക്ഷെ മോളങ്ങനെ കാണരുത്….. എന്റെ കുട്ടിക്ക് ആവശ്യത്തിന് തിരിച്ചറിവൊക്കെയുണ്ട്… മോളെ അവൻ പൊന്ന് പോലെ നോക്കും
മുറിയിൽ ചെന്ന് പാൽ ആ കയ്യിൽ കൊടുക്കുമ്പോഴാണ് ഭദ്ര ആ മുഖം ശരിക്കും കാണുന്നത്….നന്നേ വെളുത്ത ആർക്കും ഓമനത്തം തോന്നുന്ന ഒരു മുഖം…..ഒറ്റ നോട്ടത്തിൽ ബുദ്ധിമാന്ദ്യം ഉണ്ടെന്നാരും പറയില്ല….
നെഞ്ചിലെ തിങ്ങിയ രോമങ്ങൾക്ക് കുറുകെ ഒരു നേർത്ത പൂണൂൽ…. നെറ്റിയിൽ ഭസ്മകുറി…..വൃത്തിയിൽ വെട്ടിയൊതുക്കിയ മീശയും….. നിഷ്കളങ്കമായ ചിരിയും
ഉണ്ണി അവളെ നോക്കി ചിരിച്ചു….ശേഷം പാല് മൊത്തം ഒറ്റ വലിക്ക് കുടിച്ചു….. ശേഷം ചുണ്ടുകൾ തുടച്ചു കൊണ്ട് അവളുടെ അരികിലേക്ക് വന്നു….
ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ചു വിട്ടത് പോലെ തന്റെ നഗ്നമായ മേനിയിൽ ഉണ്ണി പടർന്നു കയറുമ്പോൾ നിറഞ്ഞ കണ്ണുകൾ ഭദ്ര ഇറുക്കിയടച്ചു…
മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു….നീറുന്ന മനസും ഉടലുമായി ഭദ്ര ആ തറവാട്ടിൽ ഒതുങ്ങി കൂടി…..
പതിവില്ലാതെ പുലർച്ചെ കിണറ്റിൻ കരയിൽ നിന്ന് ഛർദിക്കുന്ന ഭദ്രയെ ഉണ്ണിയുടെ അമ്മ ആശ്ചര്യത്തോടെ നോക്കി
എന്റെ ഉണ്ണിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോവുന്നു….എന്റെ ഉണ്ണി പൊട്ടനല്ല…. അവനൊരു ആൺകുട്ടിയാണ്…..ഭദ്ര ഗർഭിണി ആണെന്ന് അവർ തിരിച്ചറിഞ്ഞു അവർ സന്തോഷത്തോടെ കണ്ണ് തുടച്ചു
പൊട്ടൻ പണി പറ്റിച്ചല്ലോ…. മാസം ഒന്ന് തികഞ്ഞപ്പോൾ തന്നെ പെണ്ണിന് വിശേഷായി ആളുകൾ അതിനെയും പൊടിപ്പും തെങ്ങലും വെച്ച് പാടി നടന്നു
ഭദ്രകുട്ടീടെ വയറ്റില് ഉണ്ണിവാവയുണ്ടോ….. കുളിച്ചു ഈറൻ മാറുകയിരുന്ന ഭദ്രയെ പിന്നിൽ നിന്ന് വാരി പുണർന്നു കൊണ്ട് ഉണ്ണി ചോദിച്ചു
ഉം…. ഭദ്ര വെറുതെ മൂളി..
ഉണ്ണി കുനിഞ്ഞു അവളുടെ സാരി വകഞ്ഞു മാറ്റി പുക്കിൾ ചുഴിയിൽ അമർത്തി ചുംബിച്ചു……തീ പൊള്ളൽ ഏറ്റത് പോലെ ഭദ്ര പുളഞ്ഞു പോയി….
ഞാൻ വാവയ്ക്ക് ഉമ്മ കൊടുത്തത് ആണ് ഭദ്രകുട്ടി പേടിചോ…. ഉണ്ണി നിഷ്കളങ്കതയോടെ ചോദിച്ചു…..
അവൾക്കപ്പോൾ സേതുവിനെ ഓർമ വന്നു…..കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു അവളുടെ കാഴ്ചയെ മറച്ചു…….
മാസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു…. അതോടൊപ്പം അവളുടെ വയറും വലുതായി….. ഉണ്ണിയുടെ അമ്മ ഭദ്രയെ കൈ കുമ്പിളിൽ കൊണ്ട് നടന്നു….
തന്റെ മകന്റെ രക്തത്തിൽ ഒരു കുഞ്ഞ് ജനിക്കാൻ പോവുന്നു എന്ന സത്യം അവരെ അത്രയ്ക്കും സന്തോഷിപ്പിച്ചിരുന്നു…..
നമ്മുടെ വാവ എന്നെ പോലെ ആയിരിക്കുമോ ഭദ്രകുട്ടി…. എന്നെ പോലെ നല്ല നിറമൊക്കെ ഉണ്ടാവോ…. ഭദ്രകുട്ടിയുടെ പോലെ വലിയ ഉണ്ടകണ്ണൊക്കെ കിട്ടോ…..
തന്റെ വയറിൽ കൈ വെച്ചു കൊഞ്ചുന്ന ഉണ്ണിയോട് ഭദ്രയ്ക്ക് സഹതാപം തോന്നി…….ഇത് ഉണ്ണിയുടെ വാവയല്ല ഇത് സേതുവിൻറെ കുഞ്ഞാണ് അവൾ ഉള്ളിൽ തേങ്ങി…..
അവൾക്ക് വേണ്ടി ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കൊണ്ട് വന്നു കൊടുക്കുമ്പോഴും അവളുടെ ഉദരത്തിൽ ചെവി വെച്ചു കുഞ്ഞിനോട് കിന്നാരം പറയുകയും ചെയ്യുമ്പോൾ
ശരിക്കും ഉണ്ണിയുടെ ബുദ്ധിമാന്ദ്യം അവൻ അഭിനയിചിരുന്നതാണോ എന്ന് പോലും ഒരു വേള ഭദ്രയ്ക്ക് തോന്നിപോയി…..
അത്രയധികം താൻ ഒരു അച്ഛൻ ആവാൻ പോവുന്നു എന്ന തിരിച്ചറിവ് ഉണ്ണിയെ മാറ്റിയിരുന്നു…
ഭദ്രേ………അമ്പലകുളത്തിലെ കുളി കഴിഞ്ഞു വീട്ടിലേക്കുള്ള ഇടവഴി തിരിയുമ്പോഴാണ് ഞെട്ടലോടെ ആ വിളി അവൾ തിരിച്ചറിഞ്ഞത്….. സേതു….. സേതുവേട്ടൻ
ഉള്ളിലെ കുരുന്ന് ഒന്ന് പിടഞ്ഞു….തന്റെ അച്ഛന്റെ സാമിപ്യം ആ കുഞ്ഞ് തിരിച്ചറിഞ്ഞു
ഭദ്രേ…… അവളുടെ വീർത്ത വയറിലേക്ക് വിസ്മയത്തോടെ നോക്കികൊണ്ട് സേതു വിളിച്ചു…….
സേതുവേട്ടാ….. എവിടെയായിരുന്നു ഇത്രയും നാൾ….എന്നെ മറന്നു ഇത്രയും നാൾ എങ്ങനെ ജീവിക്കാൻ കഴിഞ്ഞു സേതുവേട്ടാ ഭദ്രയുടെ കണ്ണ് നിറഞ്ഞൊഴുകി…..
പറ്റിപ്പോയി ഭദ്രേ…..വീട്ടിൽ നമ്മുടെ ബന്ധം അവരാരും അംഗീകരിച്ചില്ല…. എല്ലാവരും കൂടി എന്നെ നിർബന്ധിച്ചു വേറെ വിവാഹവും കഴിപ്പിച്ചു…. അവിടെ നിന്നെയോർത്ത് ഉരുകുകയായിരുന്നു ഞാൻ…..
ഇപ്പോൾ എല്ലാം ബന്ധങ്ങളും ഉപേക്ഷിച്ചു വന്നിരിക്കുകയാണ് ഞാൻ…. അവരാരുമല്ല നീയാണ് എനിക്ക് വലുത്… നീ എനിക്കൊപ്പം വരണം…. നിന്നെ കൊണ്ട് പോവാൻ ആണ് ഞാൻ വന്നത്…..
ഭദ്ര പകച്ച മുഖത്തോടെ എല്ലാം കേട്ട് നിന്നു…. ഇന്ന് രാത്രി ഞാൻ വരും നിന്നെ കൂട്ടാൻ…. നീ ഇറങ്ങി വരണം
ഭദ്രയ്ക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ അത്രയും പറഞ്ഞു സേതു ഇടവഴി കേറി മറഞ്ഞു……
നീ എന്താ ഭദ്രേ മടിച്ചു നിൽക്കുന്നത്…. ആരെങ്കിലും എണീക്കും മുൻപേ നമുക്ക് പോണം…..
രാത്രിയിൽ വീട്ടിൽ എത്തിയ സേതുവിൻറെ മുൻപിൽ മിടിക്കുന്ന ഹൃദയത്തോടെ ഭദ്ര നിന്നു
അവൾ തല തിരിച്ചു ഉറങ്ങുന്ന ഉണ്ണിയെ നോക്കി…. എവിടെയോ ഉള്ളിലൊരു നീറ്റൽ ഉടലെടുക്കുന്നത് അവൾ തിരിച്ചറിഞ്ഞു
നിറഞ്ഞു തൂവുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു സേതുവേട്ടൻ എന്നോട് പൊറുക്കണം…. എനിക്ക് സേതുവേട്ടനൊപ്പം വരാൻ കഴിയില്ല
അതെന്താ ഭദ്രേ….നിന്നെ കൊണ്ട് പോവാനല്ലേ ഇത്രയും ദൂരം താണ്ടി ഞാൻ വന്നത്
അതൊക്കെ ശരിയാവും….. ഒരിക്കൽ സേതുവേട്ടനെ കാത്തിരുന്ന ഒരു ഭദ്രയുണ്ടായിരുന്നു…. പക്ഷെ ആ ഭദ്ര മരിച്ചു…. ഞാനിന്നു ഒരു ഭാര്യയാണ്…. ഇവിടുത്തെ ഉണ്ണിയുടെ ഭാര്യ എനിക്ക് സേതുവേട്ടനൊപ്പം വരാൻ കഴിയില്ല
ഭാര്യയാണ് പോലും…. ആ പൊട്ടനല്ലേ നിന്റെ ഭർത്താവ്
സേതുവേട്ടാ നിർത്ത്…. നിങ്ങൾക്ക് ഒക്കെ ഉണ്ണി പൊട്ടൻ ആയിരിക്കും…. പക്ഷെ ഈ ഭദ്രയ്ക്ക് അങ്ങനെയല്ല…
അഗ്നിസാക്ഷിയായി എന്നെ താലി കെട്ടിയ എന്റെ ഭർത്താവാണ്…. എനിക്ക് അദ്ദേഹത്തെ മറന്നു കൊണ്ട് സേതുവേട്ടന്റെ കൂടെ വരാൻ പറ്റില്ല…
ഭദ്രേ….. നിന്റെ വയറ്റിൽ വളരുന്നത് എന്റെ കുഞ്ഞാണ് അത് മറക്കരുത്…..
നിങ്ങളുടെ കുഞ്ഞോ…. അല്ല ഇത് നിങ്ങളുടെ കുഞ്ഞല്ല…. ഇത് ഉണ്ണിയുടെ കുഞ്ഞാണ്…. എന്റെയും ഉണ്ണിയുടെയും ജീവന്റെ പാതി…. അത്കൊണ്ട് ആ അവകാശം പറഞ്ഞു എന്നെ തേടി വരരുത്…. ഭദ്ര വാതിൽ വലിച്ചടച്ചു…
കരഞ്ഞു കൊണ്ട് അവൾ ജനലരുകിലേക്ക് ഓടി….. നിലാവത്ത് പടിപ്പുര കടന്നു സേതു പോവുന്നത് ചങ്കു പിളരുന്ന വേദനയോടെ ഭദ്ര നോക്കി നിന്നു……… ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല സേതുവേട്ടാ……പക്ഷെ ഇതാണ് ശരി
ഭദ്രക്കുട്ടി…….. പിന്നിൽ നിന്നു ഉണ്ണിയുടെ വിളി കേട്ട് ഭദ്ര ഞെട്ടി ..
എന്താ ഉണ്ണി അവൾ പതർച്ചയോടെ ചോദിച്ചു ..
ഭദ്രക്കുട്ടി ആരോടാ സംസാരിച്ചേ…
ഞാനോ ഞാൻ നമ്മുടെ വാവയോട് സംസാരിക്കുകയിരുന്നു.. ഭദ്ര ഉണ്ണിയുടെ അരികിലേക്ക് നടന്നു ഉണ്ണിയുടെ കയ്യെടുത്തു തന്റെ വയറിലേക്ക് ചേർത്ത് വെച്ചു
ഉണ്ണിയുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു
ഉണ്ണി……. ഭദ്ര സ്നേഹത്തോടെ വിളിച്ചു
എന്താ ഭദ്രകുട്ടി?????
ഉണ്ണിക്ക് ഭദ്രയെ ഇഷ്ട്ടാണോ …
ഇഷ്ട്ടാണ് ഒരുപാട് ഇഷ്ടം കുന്നോളം ഇഷ്ടം കടലോളം ഇഷ്ടം ഉണ്ണി പൊട്ടിച്ചിരിച്ചു
ഭദ്ര ഉണ്ണിയെ വാരി പുണർന്നു കവിളിലും നെറ്റിയിലും മാറി മാറി ചുംബിച്ചു അവരുടെ സ്നേഹത്തിനു സാക്ഷിയായി പുറത്തൊരു മഴ ആർത്തു പെയ്യ്തു…..
അന്ന് ആദ്യമായി നിറഞ്ഞ മനസോടെ ഭദ്ര ഉണ്ണിയുടെ വിരിമാറിൽ ചേർന്ന് കിടന്നു….
അവളുടെ കണ്ണിലെ ഉപ്പ് കലർന്ന കണ്ണീർമുത്തുകൾ അവന്റെ നെഞ്ചിലെ രോമങ്ങളെ തലോടി താഴേക്ക് ഊർന്നു വീണു…