ജീവിതം
(രചന: Bhadra Madhavan)
തുഫ്ഫ്ഫ്…. വായിലേക്ക് വച്ച ചോറ് ദീപു പുറത്തേക്ക് നീട്ടി തുപ്പി…. ഒപ്പം കറിപാത്രമെടുത്തു അടുത്ത് നിന്ന രേവതിയുടെ മുഖത്തേക്ക് വലിചെറിയുകയും ചെയ്തു… എരിവുള്ള കറിയുടെ ചാറ് രേവതിയുടെ മുഖത്തൂടെ ഒലിച്ചിറങ്ങി…..
നേരെ ചൊവ്വേ ഒരു കറി പോലും ഉണ്ടാക്കാൻ അറിയില്ലേ നിനക്ക്????? ദീപുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു
കറിക്ക് കുഴപ്പം ഒന്നുല്ലല്ലോ ഏട്ടാ…. അച്ഛനും അമ്മയുമെല്ലാം അത് കൂട്ടിയല്ലേ ചോറുണ്ടത്….
ഉപ്പുമില്ല…മുളകുമില്ല….മനുഷ്യൻ ജോലി കഴിഞ്ഞു വരുമ്പോൾ വിശപ്പിനു എന്തെങ്കിലും കഴിക്കാമെന്ന് വെച്ചാൽ അവൾ ഉണ്ടാക്കി വെച്ചിരിക്കുന്ന കണ്ടില്ലേ????? നിന്നെ പറഞ്ഞിട്ട് കാര്യമില്ലെടി…..
നേരെ ചൊവ്വേ മോളെ വളർത്താത്ത നിന്റെ അമ്മയെ വേണം പറയാൻ
ദീപുവേട്ടാ…ആവശ്യമില്ലാതെ എന്റെ അമ്മയെ പറയരുത്
പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി ചൂലേ….. ദീപു അവളുടെ മുഖത്ത് എച്ചിൽ പുരണ്ട കൈ കൊണ്ട് വീ ശി യ ടി ച്ചു
അ ടി യുടെ ശക്തിയിൽ രേവതി വേച്ചു പോയി…. അവൾക്ക് കവിള് പുകയുന്നത് പോലെ തോന്നി…കണ്ണിൽ നിന്നും കണ്ണീരൊഴുകി
അവളെ വെറുപ്പോടെ നോക്കിയ ശേഷം ദീപു തറയിലെ ചോറിൻവറ്റുകളെ ചവിട്ടിയരച്ചു കൊണ്ട് കൈ കഴുകാൻ പോയി
രാത്രി….. തിരിഞ്ഞു കിടന്നുറങ്ങുന്ന ദീപുവിനെ ഒന്ന് നോക്കിയ ശേഷം രേവതി തന്റെ അടി കൊണ്ട കവിളിലൊന്ന് തടവി….
കവിൾ ചെറുതായി നീറുന്നുണ്ടോ??? അവൾ മേശ പുറത്തിരുന്ന കണ്ണാടിയെടുത്തു പരിശോധിച്ചു….
ഉവ്വ് അടിയിൽ കയ്യിലെ മോതിരത്തിന്റെ അരിക് തട്ടി ചെറുതായി പോറിയിട്ടുണ്ട്… അവൾക്ക് അറിയാതെ കരച്ചിൽ വന്നു…
കവിളിലൂടെ ഒഴുകി വന്ന കണ്ണുനീർ കവിളിലെ പോറലിന്റെ നീറ്റൽ വർധിപ്പിച്ചു….അവൾ കണ്ണുകൾ തുടച്ചു കൊണ്ട് കിടക്കയുടെ ഓരത്തായി കിടന്നു
ഉറക്കത്തിലേക്ക് വഴുതി വീണ അവളുടെ അരകെട്ടിലൂടെ ദീപു കെട്ടിപിടിച്ചു…. അവൾ ഞെട്ടി…ദീപു അവളുടെ പിൻകഴുത്തിൽ തന്റെ ചുണ്ടുകൾ അമർത്തി….
ഇരുട്ടിൽ അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അവൻ അഴിച്ചുമാറ്റി… ആർത്തിയോടെ അവളുടെ മാറിടത്തിൽ അയാൾ കയ്യമർത്തിയ നിമിഷം തന്നെ അയാൾ അറപ്പോടെ കൈ വലിച്ചു….
അയാൾ നിരാശയോടെ ടേബിൾ ലാബ് ഓൺ ചെയ്യ്തു….കലങ്ങിയ കണ്ണുകളുമായി രേവതി അയാളെ നോക്കി….
അവളുടെ ചുളിഞ്ഞു വര വീണ വയറും തൂങ്ങിയ മാറിടങ്ങളും അയാളിൽ നിരാശയുളവാക്കി….. അയാൾ അവളെ അവജ്ഞയോടെ നോക്കികൊണ്ട് ലൈറ്റ് ഓഫ് ആക്കി തിരിഞ്ഞു കിടന്നു
എന്തൊരു വൃത്തികെട്ട ശരീരമാണ്…. നിനക്കിനി എന്നെ തൃപ്തിപെടുത്താൻ കഴിയില്ലെടി….. അയാൾ പിറുപിറുത്തത് അവൾ വ്യക്തമായി കേട്ടു….
അവൾക്ക് ഹൃദയം നീറിപിടയുന്നത് പോലെ വേദനിച്ചു….ഒരിക്കൽ ആരും മോഹിക്കുന്ന ഒരു ശരീരം തനിക്ക് ഉണ്ടായിരുന്നു…
പക്ഷെ ഇന്ന്….അവളുടെ കണ്ണ് തുളുമ്പി….ഓമനത്തം നിറഞ്ഞൊരു കുരുന്നിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു…..
അറിയാതെ അവളുടെ അയഞ്ഞ മാറിടങ്ങൾ ചെറുതായി വിങ്ങി…..
തന്നിൽ നിന്നും വലിച്ചെറിയപ്പെട്ട വസ്ത്രങ്ങൾ എടുത്തു ധരിക്കാൻ പോലും കഴിയാതെ തന്റെ മാറിടങ്ങൾ അവൾ കിടക്കയിലേക്ക് അമർത്തി വെച്ച് വിങ്ങി കരഞ്ഞു…
രാവിലെ എണീറ്റ് പ്രാതലും ഒരുക്കി വെച്ച് അവൾ മുഷിഞ്ഞ തുണികളുമായി അലക്കുകല്ലിനു അടുത്തേക്ക് നടന്നു…. മുഷിഞ്ഞ തുണികൾ ഓരോന്നായി അവൾ അലക്കികൊണ്ടിരുന്നു….
സോപ്പ്പത തട്ടി…പച്ചക്കറി അരിയുമ്പോൾ കത്തിയാൽ ഉണ്ടായ മുറിവൊന്നു നീറി….ഒപ്പം അവളുടെ മനസും…. വാഷിംഗ് മെഷീൻ ഉണ്ടായിട്ടും കാര്യമില്ല…. തുണികൾ കല്ലിൽ തല്ലിയലക്കിയാലേ തുണി വെളുക്കൂ പോലും..അതമ്മയ്ക്ക് നിർബന്ധമാണ് ..
അവൾ നീറ്റൽ അവഗണിച്ചുകൊണ്ട് മുഷിഞ്ഞ ദീപുവിന്റെയൊരു ജീൻസ് എടുത്തു വെള്ളത്തിൽ മുക്കി…. സോപ്പ് തേയ്ക്കവെ ജീൻസിന്റെ പോക്കറ്റിൽ നിന്നും കയ്യിലെന്തോ തടഞ്ഞു….
ഒരിക്കൽ അലക്കുമ്പോൾ ഷർട്ട്ന്റെ പോക്കറ്റിൽ കിടന്ന നൂറിന്റെ നോട്ട് കാണാതെ പോയതിനു കേട്ടതൊക്കെ അവൾക്ക് ഓർമ വന്നു…. അവൾ വെപ്രാളത്തിൽ പോക്കറ്റിൽ കയ്യിട്ടു….കയ്യിൽ കിട്ടിയത് നോട്ടോ നാണയമോ ആയിരുന്നില്ല… അത് രണ്ട് ഗർഭനിരോധന ഉറകളായിരുന്നു…..
അവൾ അമ്പരപ്പോടെ അവ പരിശോധിച്ചു… ഒന്ന് ശൂന്യമായ പാക്കറ്റ് ആയിരുന്നു… മറ്റേത് ഉപയോഗിക്കാത്തത്….. അവൾക്ക് തലചുറ്റുന്നത് പോലെ തോന്നി…..
അവളുടെ കയ്യിലിരുന്നു അവ വിറച്ചു…. ഇന്നലെ ഇട്ടിരുന്ന ഡ്രസ്സ് ആയിരുന്നില്ലേ ഇത്….പതിവില്ലാതെ വൈകി വന്നപ്പോൾ ഓഫീസിൽ തിരക്കായിരുന്നു എന്നായിരുന്നല്ലോ കാരണം പറഞ്ഞത്…..
തന്നെ അടിക്കുന്നതും തെറി വിളിക്കുന്നതുമൊക്കെ സഹിക്കാം…. പക്ഷെ വേറെ ഒരാളുമായി…….അത് സഹിക്കാൻ കഴിയില്ല
അവൾ അലക്ക് മതിയാക്കി മുറിയിലേക്ക് കേറിചെന്നു…അവൾ ചെല്ലുമ്പോൾ ദീപു ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു…. അവളെ കണ്ടതും അയാൾ ഫോൺ കട്ട് ചെയ്ത് അവളെ ചോദ്യഭാവത്തിൽ ഒന്ന് നോക്കി
ഇതെന്തുവാ ദീപുവേട്ടാ…. അവൾ കയ്യിലിരുന്ന പായ്ക്കറ്റുകൾ കിടക്കയിലേക്കിട്ടു…..
ദീപു പകപ്പോടെ അവളെ നോക്കി…. അത് രേവതി…അത് എന്റെ ഒരു കൂട്ടുകാരന് വേണ്ടി വാങ്ങിയതാ… അവന് മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങാൻ മടിച്ചിട്ട് എന്നെ ഏല്പിച്ചതാ… ദീപു എങ്ങനെയോ പറഞ്ഞൊപ്പിച്ചു
ഇങ്ങനെയാണോ മെഡിക്കൽ സ്റ്റോറിൽ നിന്ന് തന്നത്??? അവൾ ഒഴിഞ്ഞ പാക്കറ്റ് കയ്യിലെടുത്തു അയാളെ കത്തുന്ന കണ്ണുകളോടെ നോക്കി
അത്…പിന്നെ.. ഞാൻ…. ദീപു നിന്ന് വിയർത്തു
രേവതി കരഞ്ഞുകൊണ്ട് അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു…എന്തിനു എന്നോട് ഈ ചതി ചെയ്തു… ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നെയിങ്ങനെ വേദനിപ്പിക്കുന്നത്….
രാവിലെ മുതൽ രാത്രി വരെ ഒരു അടിമയെ പോലെ ഇവിടെത്തെ പണിയെല്ലാം ചെയ്തു അടങ്ങിയൊതുങ്ങി ജീവിച്ചിട്ടല്ലേയുള്ളു ഞാൻ…എന്നിട്ടും.. അവൾക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല
ദീപു വല്ലായ്മയോടെ അവളുടെ കൈ തട്ടിമാറ്റി….അതെ ഡി അത് ഞാൻ എനിക്ക് തന്നെ വാങ്ങിയതാ…. നിന്നെ പോലെയൊരു ശവത്തിന്റെ കൂടെ ജീവിച്ചു മടുത്തു….
ഞാൻ ചോരയും നീരുമുള്ള ആണാ… ആണുങ്ങൾ അങ്ങനെ പലതും ചെയ്‌തെന്ന് ഇരിക്കും….
നിന്നെ പോലെ കിടപ്പറയിൽ ചത്തത് പോലെ കിടന്നു തരുന്ന പെണ്ണുങ്ങളേക്കാൾ എപ്പോഴും നല്ലത് കാശ് കൊടുത്താൽ കിട്ടുന്ന ചുറുചുറുക്കുള്ള പെണ്ണുങ്ങളാണ്… അയാൾ വീറോടെ പറഞ്ഞു
പെട്ടന്ന് അയാളുടെ ഫോൺ ശബ്‌ദിച്ചു… രേവതി വേഗം ഫോൺ എടുത്തു….
ഹലോ ആരാ അവൾ ചോദിച്ചു…. പെട്ടന്ന് കാൾ കട്ട് ആയി….സീമ എന്നായിരുന്നു ആ നമ്പർ സേവ് ചെയ്തിരുന്നത്…രേവതി വെറുപ്പോടെ ഫോൺ തറയിലേക്ക് വലിച്ചെറിഞ്ഞു… അത് രണ്ടായി പൊട്ടിചിതറി
എടി മൂ ദേ വി….. ദീപു ഓടിവന്നു അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു… രണ്ട് കവിളിലും മാറിമാറിയടിച്ചു….. നിലത്തു വീണ അവളെ അയാൾ തന്റെ കാല് കൊണ്ട് പലതവണ തൊഴിച്ചു…..
എന്നിട്ടും കലി തീരാതെ മുറിയിലെ മേശപ്പുറത്തിരുന്ന സാധനങ്ങളെല്ലാം തട്ടി താഴെയിട്ടു…. രേവതിയുടെ ചുണ്ട് പൊട്ടി ചോര കിനിഞ്ഞു…. എണീക്കാൻ സാധിക്കാതെ അവൾ തറയിൽ ചുരുണ്ടു കിടന്നു …..
സമയം ഏറെ കടന്നുപോയി…. അടിയേറ്റു തളർന്നു കിടന്ന രേവതി പതിയെ കണ്ണ് തുറന്നു…പതിയെ കൈ കുത്തി അവൾ എണീറ്റു…. മേലാകെ വേദനിക്കുന്നു…അവൾ വേച്ചു വേച്ചു കട്ടിലിൽ ചെന്നിരുന്നു….ചുണ്ട് അടികൊണ്ട് നീലിച്ചിരുന്നു….
വയ്യ… ഇനിയും ഇവിടെ തുടരാൻ വയ്യ….സഹിക്കാവുന്നതിലും അപ്പുറം സഹിച്ചു കഴിഞ്ഞിരിക്കുന്നു….
ഇവിടുത്തെ അച്ഛനും അമ്മയ്ക്കും വേണ്ടത് ഒരു മരുമകളെയല്ല…. കൂലിയില്ലാതെ പണിയെടുക്കേണ്ടേ ഒരു വേലക്കാരിയെ യാണ്…. ഭർത്താവിന് വേണ്ടത് ഭാര്യയെയല്ല ഒരു അടിമയെയാണ്….
കഴിഞ്ഞ അഞ്ചു കൊല്ലങ്ങളായി തനിക്ക് ഇവിടുള്ള സ്ഥാനം എന്തായിരുന്നു…
ഒരു നായക്ക് തുല്യമായിരുന്നില്ലേ….
രാവിലെ മുതൽ അന്തിയാവും വരെ പണി തന്നെ പണി….കഴിക്കാനും കുടിക്കാനും ഉണ്ടാക്കി വെച്ച് വീട് അടിച്ചു തുടച്ചു വസ്ത്രങ്ങൾ അലക്കി തേച്ചും എച്ചിൽ പാത്രങ്ങൾ കഴുകിയും നടക്കുന്ന ജീവനുള്ള ഒരു യന്ത്രം…..
എല്ലാം പോട്ടെയെന്നു വെയ്ക്കാം…. പക്ഷെ ഈ അടിയും തല്ലും തന്നോടുള്ള അവഗണനയും സഹിക്കാൻ വയ്യ… പോരാത്തതിന് ഇപ്പൊ വേണ്ടാത്ത പുതിയ ബന്ധങ്ങളും…… വയ്യ ഇനിയും സഹിക്കാൻ വയ്യ
അവൾ മുറിയിലെ അലമാര തുറന്നു തന്റെ നല്ല കുറച്ചു വസ്ത്രങ്ങൾ ഒരു ബാഗിൽ അടുക്കിവെച്ചു…
ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന തന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ അവൾ കയ്യിലെടുത്തു…..അതിൽ പത്തിലും പ്ലസ്ടുവിലും അവൾ ഉയർന്ന മാർക്കുകൾ വാങ്ങിയ സർട്ടിഫിക്കറ്റുകൾ ആയിരുന്നു…..
എത്ര നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു താൻ… പക്ഷെ അമ്മയ്ക്ക് തന്നെ പഠിപ്പിക്കുന്നതിനോട് യോജിപ്പില്ലായിരുന്നു…. പ്ലസ് ടു ജയിച്ചപ്പോൾ പിന്നെ പഠിക്കാൻ വിട്ടില്ല…. അനിയൻ പഠിക്കട്ടെയെന്ന്…..
അല്ലെങ്കിലും അമ്മയ്ക്ക് മോനോട് ആയിരുന്നില്ലേ ഇഷ്ടക്കൂടുതൽ…. കരഞ്ഞും കാല് പിടിച്ചും ഏറെ പറഞ്ഞു നോക്കി…. പക്ഷെ സമ്മതിച്ചില്ല….
ചോറ് വെയ്ക്കാനും കൊച്ചിനെ പെറാനും ഇത്രേം പഠിപ്പ് മതിയെന്ന്….രേവതിയുടെ ചുണ്ടിൽ വേദന നിറഞ്ഞൊരു ചിരി വിടർന്നു
സ്വന്തം വീട്ടിൽ പോലും തനിക്ക് എന്ത് നരകജീവിതമായിരുന്നു…മകളേക്കാൾ മകനെ സ്നേഹിക്കുകയും അവനെ മാത്രം പരിഗണിക്കുകയും ചെയ്യ്തിരുന്ന ഒരമ്മ…..
ചേച്ചിയെ എന്നുമൊരു അധികപറ്റായി കണ്ടിരുന്ന അനിയൻ…..ഒന്നും വേണ്ട പെണ്ണിനെ മാത്രം മതിയെന്ന് ബ്രോക്കർ വന്നു പറഞ്ഞപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി തന്നെ ഈ നരകത്തിലേക്ക് തള്ളിവിടുകയായിരുന്നില്ലേ അവർ……
ഇവിടെ വന്നതിന് ശേഷമാണു ചെക്കന്റെ സ്വഭാവം കൊണ്ട് പെണ്ണ് കിട്ടാതെ വന്നപ്പോൾ ആണ് സ്ത്രീധനം വേണ്ടെന്ന് പറഞ്ഞു കല്യാണം നടത്തിയത് എന്ന് അറിയുന്നത്….
എല്ലാം അറിഞ്ഞിട്ടും താൻ പുതിയ ജീവിതവുമായി പൊരുത്തപെട്ടില്ലെ…. അയാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചില്ലേ….
മതിയായ വിശ്രമം കിട്ടാതെ താൻ ഒരിക്കൽ തല കറങ്ങി വീണപ്പോൾ നഷ്ടമായത് പൂർണ വളർച്ചയെത്തിയ തന്റെ പൊന്നോമനയെയല്ലേ…ഒരിക്കൽ പോലും തന്റെ വീട്ടുകാർ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല…
ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ ആർക്കോ വേണ്ടിയെന്ന രീതിയിൽ അമ്മ വന്നു നിന്നുവെങ്കിലും തന്നെയൊന്നു സമാധാനിപ്പിച്ചു പോലുമില്ലല്ലോ….
ഒരമ്മയ്ക്ക് ഇത്രയും ക്രൂരയാവാൻ കഴിയുമോ…… തന്റെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ തനിക്ക് ഈ ഗതി വരില്ലായിരുന്നു….പക്ഷെ തനിക്ക് 7വയസുള്ളപ്പോൾ ഈ ലോകം വിട്ടുപോയതല്ലേ…. രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
അവൾ കയ്യിലെ ഫയൽ ബാഗിലേക്ക് വെച്ചു….പ്രെസ്സ് ബട്ടൺ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം പഴകിയ തന്റെ ഫോണും അതിനൊപ്പം എടുത്തു വെച്ചു….
ശേഷം മുഷിഞ്ഞ വസ്ത്രങ്ങൾ മാറി സാരീയെടുത്തു ധരിച്ചു…. ബാത്‌റൂമിൽ പോയി മുഖം തണുത്ത വെള്ളത്തിൽ കഴുകി…. മുടി ചീകി ഒതുക്കി വെച്ചു കണ്ണാടിയിൽ നോക്കി…. നെഞ്ചിലൊരു ഭാരം പോലെ…..
അവൾക്ക് സഹിക്കാൻ കഴിയാത്ത നൊമ്പരം തോന്നി…. മേശപുറത്തു ഇരുന്ന വിവാഹഫോട്ടോയിലേക്കും തങ്ങളുടെ കിടക്കയിലേയ്ക്കും നോക്കി അവൾ മുഖം പൊത്തി കരഞ്ഞു…..
കരഞ്ഞുകൂടാ… അവൾ മുഖം അമർത്തി തുടച്ചു ബാഗുമായി ഹാളിലേക്ക് ഇറങ്ങി…. അവിടെയെങ്ങും ആരെയും കണ്ടില്ല…. അവൾ വിറയ്ക്കുന്ന കാലടികളോട് പുറത്തേക്ക് നടന്നു….
ഗേറ്റ് എത്തിയപ്പോൾ അവളൊന്നു തിരിഞ്ഞു നോക്കി…. നെഞ്ച് പൊട്ടിപിളരും പോലെ…… അഞ്ചു വർഷം ജീവിച്ച വീട്…. ഇനിയൊരു തിരിച്ചു വരവില്ല… എന്നെന്നേക്കുമായി വിട പറയുകയാണ്…….
ബസിൽ എങ്ങോട്ടേക്ക് എന്നറിയാതെ അവളിരുന്നു…..
ഇടയ്ക്ക് മഴയൊന്നു ചാറിയപ്പോൾ സാരിയുടെ മുന്താണിയാൽ അവൾ തല മറച്ചു…. തണുപ്പ് ഏറ്റു അവളുടെ കണ്ണുകൾ അടഞ്ഞു……അവളുടെ മനസിലൂടെ സ്വന്തം ജീവിതവും അവൾ അനുഭവിച്ച ദുഃഖങ്ങളും ഓടിമറഞ്ഞു….
ആരോ തട്ടിവിളിച്ചപ്പോഴാണ് അവൾ കണ്ണു തുറന്നത്
എന്താ ചേച്ചി രാത്രി ഉറക്കം ഒന്നുല്ലേ?? കണ്ടക്ടർ ചെക്കനാണ്
അവൾ ചുറ്റും നോക്കി…. ബസിൽ യാത്രക്കാർ ആരുമില്ല
ഇതാണ് അവസാനസ്റ്റോപ്പ് കണ്ടക്ടർ പറഞ്ഞു
അവൾ ബാഗുമെടുത്തു ബസിറങ്ങി…. കുറച്ചു മുന്നോട്ട് നടന്നപ്പോൾ കുട്ടികൾക്കുള്ള പാർക്ക് കണ്ട് 10രൂപ ടിക്കറ്റ് എടുത്തു അവൾ അകത്തു കേറി….. പാർക്കിലെ മൂലയിൽ കിടന്ന ഒരു ബെഞ്ചിൽ അവൾ പോയിരുന്നു….ഇനിയെന്ത്????
അവളുടെ മനസ് ശൂന്യമായിരുന്നു… അവൾ പാർക്കിൽ കുട്ടികൾ കളിക്കുന്നതും നോക്കിയിരുന്നു…. അച്ഛനും അമ്മയും മക്കളുമൊക്കെയായി അവിടെയുള്ളവരെല്ലാം എന്ത് സന്തോഷത്തിലാണ്…..രേവതിയുടെ നെഞ്ചിലൊരു ഭാരം വന്നു നിറഞ്ഞു…. പെട്ടന്ന് അവളുടെ ഫോൺ ഇരമ്പി
ദീപുവേട്ടൻ കാളിങ്…..
താൻ അവിടെയില്ലെന്നുള്ള കാര്യം ഇപ്പോൾ അറിഞ്ഞു കാണും….. അവൾ ഫോൺ സ്വിച്ചോഫ് ചെയ്യ്തു ബാഗിലേക്ക് വെച്ചു……
സമയം കടന്നു പോയിക്കൊണ്ടിരുന്നു…. ഒന്നിനും ഒരു ഉത്തരം ലഭിക്കാതെ അവൾ കല്ലിച്ച മനസുമായി അവിടിരുന്നു…. സമയം സന്ധ്യയാവാൻ തുടങ്ങിയിരിക്കുന്നു….. അവൾ ബാഗുമെടുത്തു എണീച്ചു നടക്കാൻ തുടങ്ങി
രേവതി…
ആരുടെയോ പരിചയമില്ലാത്ത എന്നാൽ എവിടെയോ കേട്ട് മറന്നൊരു വിളി കേട്ടവളൊന്ന് തിരിഞ്ഞു നോക്കി
ജീൻസും കുർത്തയും ധരിച്ചു സുന്ദരിയായ ഒരു പെണ്ണ് വന്നു അവളെ കെട്ടിപിടിച്ചു….. രേവതി ഒന്നും മനസിലാവാതെ നിന്നു…
നിനക്കെന്നെ മനസിലായില്ലേ രേവു
രേവതി അവളെ സൂക്ഷിച്ചു നോക്കി…. ആര്യ…. ആര്യ മോഹൻ…. പ്ലസ് ടുവിന് പഠിച്ചോണ്ടിരുന്ന കാലത്ത് തന്റെ വാലായി നടന്നിരുന്ന ആ ഗുണ്ടുമണി പെണ്ണ്….. അവളെത്ര മാറിയിരിക്കുന്നു…. മെലിഞ്ഞു സുന്ദരിയായിരിക്കുന്നു
ആര്യ….
അതേടി ആര്യ തന്നെ…..പ്ലസ് ടു കഴിഞ്ഞപ്പോൾ ഞാൻ നിന്നെ കൊറേ തിരക്കി… ഒരു വിവരവുമില്ലായിരുന്നു….. എത്ര കൂട്ടായിട്ട് നടന്നതാ നമ്മള്…. നിനക്ക് അതൊക്കെ ഓർമ്മയുണ്ടോ???
മ്മ്… ഉണ്ട്… രേവതി മൂളി
എന്താടി നിനക്ക് പറ്റിയെ…. ആര്യ രേവതിയുടെ മുഖത്തെ പാടുകൾ കണ്ട് പരിഭ്രാന്തിയോടെ ചോദിച്ചു
മറുപടിയായി രേവതി അവളുടെ തോളത്തേക്ക് ചാഞ്ഞു തേങ്ങി കരഞ്ഞു
ഏയ് രേവു….
ആളുകൾ ശ്രദ്ധിച്ചതോടെ ആര്യ അവളുമായി പാർക്കിനു വെളിയിലേക്ക് ഇറങ്ങി…..അവിടെ പാർക്ക് ചെയ്യ്തിരുന്ന ഒരു കാറിന്റെ ഡോർ തുറന്നു ആര്യ അവളോട് കേറാൻ പറഞ്ഞു
മടിയോടെ രേവതി കാറിൽ കേറി…..കാർ ചെന്ന് നിന്നത് വലിയൊരു രണ്ടുനില വീടിന്റെ മുന്പിലായിരുന്നു…. ആര്യയുടെ കൂടെ രേവതി അകത്തേക്ക് കേറി…….
രേവതിയെ ഹാളിൽ ഇരുത്തിയ ശേഷം ആര്യ അവൾക്ക് കുടിക്കാൻ വെള്ളം കൊടുത്തു…. അവളാ വെള്ളം വാങ്ങി ആർത്തിയോടെ കുടിച്ചു
ഇനി പറ എന്താ നിനക്ക് പറ്റിയെ ആര്യ അവളുടെ അടുത്തിരുന്നു
നിറകണ്ണുകളോടെ രേവതി കഴിഞ്ഞതെല്ലാം അവളോട് പറഞ്ഞു.. എല്ലാം ഒരാളോട് തുറന്നു പറഞ്ഞപ്പോൾ രേവതിയ്ക്ക് ഒരല്പം ആശ്വാസം തോന്നി…..
എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല ആര്യ…. എങ്ങോട്ട് പോകുമെന്നറിയില്ല രേവതി തേങ്ങി കരഞ്ഞു
നീ കരയാതെ രേവു…. നമുക്ക് ശരിയാക്കാം…. നീ തത്കാലം ഒന്ന് വിശ്രമിക്ക്….. ആര്യ വീട്ടിലെ ഒരു മുറിയിലേക്ക് അവളുടെ ബാഗ് എടുത്തു വെച്ചു…..
രേവതിയെ മുറിയിലേക്ക് പറഞ്ഞ വിട്ട ശേഷം ആര്യ ഫോൺ എടുത്തു തന്റെ ഭർത്താവിനെ ഫോൺ ചെയ്തു…. വർഷങ്ങളായി ഗൾഫിൽ ആണ് ആര്യയുടെ ഭർത്താവ്.. നീണ്ട നേരത്തെ സംസാരത്തിന് ശേഷം അവൾ സന്തോഷത്തോടെ രേവതിയുടെ മുറിയുടെ ഡോറിൽ തട്ടി
രേവു നീ വിഷമിക്കണ്ടടി……തത്കാലം നീ ഇവിടെ നിൽക്ക്…. ഞാൻ എന്റെ കെട്ട്യോനോട് ചോദിച്ചു അനുവാദം വാങ്ങിയിട്ടുണ്ട്……. എന്റെ ഇഷ്ട്ടമാണ് പുള്ളിയുടെയും ഇഷ്ടം… ആര്യ കുറച്ചു അഭിമാനത്തോടെ പറഞ്ഞു
രേവതി നന്ദിയോടെ അവളെ നോക്കി
പിന്നെ നിനക്ക് ഈ അച്ചാറും പലഹാരങ്ങളൊക്കെ ഉണ്ടാക്കാൻ അറിയോ
അറിയാം….
എങ്കിൽ നമുക്ക് ടൗണിൽ ചെറിയൊരു കട തുടങ്ങാം…. അതിനുള്ള പൈസയൊക്കെ ഞാൻ മുടക്കിക്കോളാം… ഗുണമേന്മയുള്ള അച്ചാറിനൊക്കെ ഡിമാൻഡ് ഇച്ചിരി കൂടുതൽ ആടി…. ആര്യ രേവതിയുടെ കവിളിൽ നുള്ളി
എങ്കിൽ നാളെ തന്നെ അതിനുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങണം
മ്മ് രേവതി പ്രതീക്ഷയോടെ മൂളി…
പിറ്റേന്ന് തന്നെ ആര്യയും രേവതിയും ടൗണിൽ ഒരു കടമുറി വാടകയ്ക്ക് എടുത്തു….ആദ്യം വീടിന്റെ സൈഡിൽ തന്നെ അടുപ്പ് പൂട്ടി രേവതി ഉണ്ടാക്കിയ അച്ചാറും പലഹാരങ്ങളും ആര്യ പരിചയകാർക്കും മറ്റും കൊടുത്തു….
ഗുണവും രുചിയും ഇഷ്ട്ടപെട്ട ആളുകൾ സാധനങ്ങൾ പിന്നീട് ചോദിച്ചു വാങ്ങാൻ തുടങ്ങി……ഒന്ന് ആത്മവിശ്വാസം വന്നതോടെ അവർ കച്ചവടം കടയിലേക്ക് മാറ്റി…..
ഗുണമേന്മ തിരിച്ചറിഞ്ഞ പലരും സ്ഥിരമായി സാധനങ്ങൾ വാങ്ങുകയും ഒരുപാട് ഹോട്ടല്കളിൽ നിന്ന് ഓർഡർ കിട്ടുകയും ചെയ്തതോടെ കട പിന്നെയും മെച്ചപ്പെട്ടു…..
ഒപ്പം ജോലിയ്ക്കായി ജീവിതത്തിൽ ഒറ്റപെട്ടു പോയ നാലു സ്ത്രീകളെയും ഒപ്പം കൂട്ടി….. കിട്ടുന്നതിൽ ഒരു ഓഹരി അവർക്കും അവകാശപെട്ടതാണ്…..
ഇന്ന് രേവതിയുടെ ജീവിതസാഹചര്യങ്ങൾ ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു…. ആര്യ അവൾക്കായി നൽകിയ പണമെല്ലാം വേണ്ടെന്ന് പറഞ്ഞെങ്കിലും അവൾ തിരിച്ചു കൊടുത്തു……
ഒരിക്കലും അവളോടുള്ള നന്ദിയും കടപ്പാടും രേവതിക്ക് മറക്കാൻ കഴിയില്ലായിരുന്നു…സുഹൃദ്ബന്ധത്തിന്റെ മൂല്യം എന്തെന്ന് മനസിലാക്കി തന്നത് അവളാണ്
ഇനിയും ഉണ്ട് ആഗ്രഹങ്ങൾ ഒരുപാട്…. ഒരു കൊച്ച് വീട് വെയ്ക്കണം…. മുടങ്ങിപ്പോയ തന്റെ പഠിപ്പ് തുടരണം….
എന്നെങ്കിലും തന്നെ മനസിലാക്കി നല്ല മനസുള്ള ഒരാൾ വന്നാൽ ഒരു കുടുംബം വേണം…. കുഞ്ഞുങ്ങൾ വേണം…. ഇനിയുള്ള കാലമെങ്കിലും സന്തോഷത്തോടെ ജീവിക്കണം……
ഈ ജീവിതം തോൽക്കാൻ ഉള്ളതല്ലാ…. വിജയിച്ചു കാണിക്കാൻ ഉള്ളതാണ്…. തളരാൻ തീരുമാനിച്ചാൽ ചവിട്ടി താഴ്ത്താൻ നൂറുപേര് കാണും. തനിക്ക് വിജയിച്ചേ പറ്റൂ.. തുടരും…
ജീവിതം കഥ തുടർന്നു വായിക്കുവാൻ (ഭാഗം 2)