ഇതിപ്പോ എല്ലാ മാസവും വരുന്നതല്ലേ, പക്ഷെ ഇത്തവണ എന്താ ഇത്രയും വേദനയും ബുദ്ധിമുട്ടും..

(രചന: Bhadra Madhavan)

നിനക്കെന്താ വയ്യേ….അതിരാവിലെ തന്നെ നടുവിന് കൈ കുത്തി നിന്ന് തനിക്കുള്ള ദോശ ചുടുന്ന കാർത്തികയോട് അരുൺ ചോദിച്ചു

മ്മ് പുറത്താ… കാർത്തിക ചിലമ്പിച്ച ശബ്‍ദത്തിൽ പറഞ്ഞു

ഓ ഇന്ന് നാലാം തീയതിയാണല്ലേ.. ഞാനത് മറന്നു….

അരുൺ ചെറുചിരിയോടെ ബ്രഷിൽ പേസ്റ്റ് തേച്ചു കിണറ്റിൻകരയിലേക്ക് നടന്നു

അരുൺ പല്ല് തേച്ചു വരുമ്പോൾ കാർത്തിക അടുപ്പിനു അരികിൽ നിന്ന് വയർ തടവുകയാണ്… അരുണിന് വല്ലാത്ത സങ്കടം തോന്നി…

അയാൾ കാർത്തികയെ അടുക്കളയിൽ കിടന്ന കസേരയിൽ പിടിച്ചിരുത്തി

ഇന്ന് ബ്രേക്ക്‌ഫാസ്റ്റ് ഞാൻ ഉണ്ടാക്കിക്കോളാം… ഒന്നുമില്ലേലും നിന്നെ കെട്ടും മുൻപ് മുംബൈയിൽ ഒറ്റയ്ക്ക് താമസിച്ചു ജോലി ചെയ്തവനല്ലേ ഞാൻ….അരുൺ ദോശമാവിന്റെ പാത്രം കയ്യിലെടുത്തു

അരുൺ ദോശ ചുടുന്നത് കാർത്തിക ചിരിയോടെ നോക്കിയിരുന്നു

ഇതിപ്പോ എല്ലാ മാസവും വരുന്നതല്ലേ. പക്ഷെ ഇത്തവണ എന്താ ഇത്രയും വേദനയും ബുദ്ധിമുട്ടും… അരുൺ കാർത്തികയെ നോക്കി

അറിയില്ല അരുണേട്ടാ… ഇത്തവണ ബ്ലീഡിങ് കൂടുതൽ ആണ്… സഹിക്കാൻ പറ്റണില്ല

അരുൺ ദോശ ചുടുന്നതിനു ഇടയിൽ വേഗം ഒരു പാത്രത്തിൽ കുറച്ചു ഉലുവയിട്ട് വെള്ളം തിളപ്പിച്ചു

ദാ ഇത് കുടിക്ക്.. വയർ വേദന കുറയും…. അയാൾ ഉലുവവെള്ളം ഭാര്യക്ക് നേരെ നീട്ടി

ങേ പെണ്ണുങ്ങൾക്കുള്ള ഈ മരുന്നൊക്കെ അരുണേട്ടന് എങ്ങനെ അറിയാം… കാർത്തികയുടെ കണ്ണ് വിടർന്നു

പണ്ട് നമ്മുടെ അഭിരാമിയ്ക്ക് മാസമുറ വരുമ്പോൾ അമ്മ ഇതുപോലെ വെള്ളം കൊടുക്കുന്നത് കണ്ടു മനസിലാക്കിയതാ

കാർത്തിക ആശ്വാസത്തോടെ ആ ചൂട് വെള്ളം ഊതികുടിച്ചു

പിന്നെ അരുണേട്ടാ നാളെ എന്റെ പിറന്നാൾ അല്ലേ… നമുക്ക് അമ്മുവിനെയും കൊണ്ട് പുറത്ത് പോണം…. കഴിഞ്ഞ തവണത്തെ പോലെ ഒഴിവൊന്നും പറഞ്ഞേക്കരുത് കേട്ടോ

ഇല്ലടി.. ഞാൻ നാളെ ലീവ് എടുത്തേക്കാം പോരെ

മതി…. കാർത്തിക ചിരിച്ചു

ഞാൻ പോയി അമ്മു എണീചോന്നു നോക്കട്ടെ … ഇന്നലെ ചെറുതായി പനിക്കുന്നുണ്ടായിരുന്നു….

കാർത്തിക ഒഴിഞ്ഞ ഗ്ലാസ്‌ അടുക്കള സ്ലാബിനു മുകളിൽ വെച്ചു മുറിയിലേക്ക് നടന്നു

കാർത്തിക പോവുന്നത് നോക്കി അരുൺ നിന്നു.. പെട്ടന്നാണ് അയാളത്‌ കണ്ടത്….കാർത്തിക ധരിച്ചിരുന്ന ഇളം നീല ചുരിദാറിനു പുറകിലൊരു വലിയ രക്തകറ

അയാൾ ഗ്യാസ് ഓഫാക്കി ഭാര്യയുടെ കയ്യും പിടിച്ചു വേഗം മുറിയിലേക്ക് നടന്നു

എന്താ അരുണേട്ടാ…. കാർത്തിക പരിഭ്രമത്തോടെ അയാളെ നോക്കി

ഡ്രെസ്സിന്റെ ബാക്കിൽ രക്തം…

ഓ അതായിരുന്നോ… അതിനാണോ ഇത്രയും ബഹളം വെച്ചത്….. അതൊക്കെ ഈ സമയത്ത് പതിവല്ലേ

കാർത്തിക ഭർത്താവിനെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കൊണ്ട് അലമാരയിൽ നിന്നുമൊരു നൈറ്റിയെടുത്തു ബാത്‌റൂമിലേക്ക് നടന്നു

ഞാനിന്നു ഓഫീസിൽ പോണോ മോളെ???

കുളിച്ചിറങ്ങിയ കാർത്തികയെ അരുൺ സങ്കടത്തോടെ നോക്കി

പോവാണ്ടിരിക്കാനും മാത്രം ഇവിടിപ്പോ എന്താ ഉണ്ടായേ

അല്ല നീ ഇങ്ങനെ വയ്യാതെ ഇരിക്കുമ്പോൾ എനിക്ക് പോവാൻ തോന്നുന്നില്ല

ആഹാ കൊള്ളാം…..ഡ്രെസ്സിന്റെ ബാക്കിലെ കുറച്ചു രക്തകറ കണ്ടിട്ടാണോ ഇങ്ങനെ ടെൻഷൻ ആവുന്നത്

കാർത്തിക അരുണിന്റെ മുടിയിൽ അരുമയായി തഴുകി

ഇതൊക്കെ എല്ലാ പെണ്ണുങ്ങളും അനുഭവിക്കുന്നതല്ലേ അരുണേട്ടാ….ഈ വേദനയും ബുദ്ധിമുട്ടും ഞങ്ങൾക്ക് വല്ലാത്തൊരു തലവേദന തന്നെയാണ്

ഈ സാനിറ്ററിനാപ്കിന്റെ പരസ്യത്തിലൊക്കെ വെറുതെ ഓരോന്ന് കാണിക്കുന്നതാ… ശരിക്കും ഈ പീരിയഡ്‌സ് എന്തുമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണെന്നറിയോ…ഓരോ നാലു മണിക്കൂറും പാഡ് മാറണം….

എപ്പോഴും കുളിച്ചു വൃത്തിയായിരിക്കണം.. നടുവേദനയും വയറുവേദനയും പാഡ് വെച്ചു രഹസ്യഭാഗത്തും തുടയിലും ഉണ്ടാവുന്ന നീറ്റലും പുകച്ചിലും സഹിക്കണം…

പെട്ടന്നുണ്ടാവുന്ന കരച്ചിലും ദേഷ്യവുമെല്ലാം നിയന്ത്രിക്കണം…

എവിടെയെങ്കിലും ഇരുന്നു എണീറ്റാൽ നേരത്തെ സംഭവിച്ച പോലെ ബ്ലഡ്‌ ലീക് ആയോ എന്ന് നോക്കണം….പുറത്ത് പോയാൽ നല്ലൊരു ടോയ്ലറ്റ് ഇല്ലെങ്കിലോ ഇതൊക്കെ നാലിരട്ടിയായി അനുഭവിക്കണം…

അല്ല ഞാൻ ഇതൊന്നും അരുണേട്ടന് പറഞ്ഞു തരണ്ടേ കാര്യമില്ലല്ലോ…. എല്ലാവർക്കും അറിയാവുന്നതല്ലേ….

കാർത്തിക ഉറങ്ങികിടക്കുന്ന അമ്മുവിനെ നോക്കികൊണ്ട് അരുണിനോട് പറഞ്ഞു

എന്നാൽ ഞാനിന്നു എന്തായാലും ഓഫീസിൽ പോവുന്നില്ല… ഇന്നൊരു ദിവസം ഞാൻ നോക്കിക്കോളാം മോളെയും വീടുമൊക്കെ…. അരുൺ കാർത്തികയെ ചേർത്ത് പിടിച്ചു

അയ്യടാ അതൊന്നും വേണ്ട…ഇത്രയും നാള് ഇങ്ങനെ ആയിരിക്കുന്നസമയത്തും ഞാൻ തന്നെയല്ലേ എല്ലാം നോക്കി നടത്തിയിരുന്നത്…

എന്നാലും…. അരുൺ മടിയോടെ കാർത്തികയെ നോക്കി

ഒരു എന്നാലുമില്ല…. ഇതൊക്കെ ഞങ്ങൾ സ്ത്രീകൾ കാര്യമാക്കാറില്ല….

സ്വന്തം കുടുംബത്തിനും ഭർത്താവിനും കുട്ടികൾക്കും വേണ്ടി എന്ത് വേദനയും മറന്നു ജോലി ചെയ്യാനുള്ള വലിയൊരു കഴിവ് ദൈവം ഞങ്ങൾക്ക് തന്നിട്ടുണ്ട്….

മാത്രല്ല ആ ഉലുവ വെള്ളം കുടിച്ചതോടെ എനിക്ക് നല്ല കുറവുണ്ട്…. അത്കൊണ്ട് അരുണേട്ടൻ വേഗം മടിയൊക്കെ മാറ്റി ഓഫീസിൽ പോവാൻ റെഡിയാവ്….

പിന്നീട് തർക്കിക്കാൻ നിൽക്കാതെ മനസില്ല മനസോടെ അരുൺ യാത്രയായി ഓഫീസിൽ പോയി

ഓഫീസിൽ എല്ലാവരും ഊണ് കഴിക്കാനായി പോയപ്പോൾ അരുൺ അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു…..

രാവിലെ വയ്യാത്ത കാർത്തികയെ ബുദ്ധിമുട്ടിക്കാതെയിരിക്കാൻ അയാൾ ലഞ്ച്ബോക്സ്‌ എടുക്കാതെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്

ഭക്ഷണം കഴിച്ച ശേഷം അയാൾ ഓഫീസിലെ തന്റെ സീറ്റിലിരുന്നു…. ഇനി അര മണിക്കൂർ ലഞ്ച് ബ്രേക്ക്‌ ആണ്… അയാൾ ഫോൺ എടുത്തു ഫേസ്ബുക് തുറന്നു

കൂട്ടുകാരുടെ പോസ്റ്റുകൾക്ക് ലൈകും കമെന്റും ഇട്ട് പോവുമ്പോഴാണ് ഫ്രണ്ട് ലിസ്റ്റിലുള്ള ഒരു പെൺകുട്ടിയുടെ പോസ്റ്റ് അയാളുടെ ശ്രദ്ധയിൽ പെടുന്നത്

“മെൻസ്ട്രൽ കപ്പും ആർത്തവവും”

പോസ്റ്റിനു ഒരുപാട് ഷെയർ പോയിരിക്കുന്നത് കൊണ്ട് തന്നെ അയാളത്‌ വായിക്കാൻ തുടങ്ങി

ആദ്യത്തെ പാരഗ്രാഫ് ഏറെക്കുറെ രാവിലെ കാർത്തിക പറഞ്ഞ കാര്യങ്ങൾ തന്നെ…..

രണ്ടാമത്തെ പാരഗ്രാഫിലെ മെൻസ്ട്രൽ കപ്പെന്ന വാക്ക് അയാൾക്ക് തീരെ പരിചയമില്ലായിരുന്നു

സാധാ പാഡ്സിനേക്കാൾ ആർത്തവ സമയത്ത് സ്ത്രീകൾക്ക് ഉപകാരപ്രദമായ സിൽക്കണിൽ നിർമിച്ച ചെറിയൊരു കപ്പാണ് ഇത് …..

ഒരു വർഷം പാഡ് വാങ്ങുന്ന പൈസ കണക്കാക്കിയാൽ അതിനേക്കാൾ ഒരുപാട് കുറഞ്ഞ വിലയിൽ ഒരു കപ്പ് വാങ്ങിയാൽ ഏഴെട്ടു വർഷം വരെ ഉപയോഗിക്കാം…

പാഡും മറ്റും വലിച്ചെറിഞ്ഞു കൊണ്ടുള്ള പരിസരമലിനീകരണവും ഒഴിവാക്കാം…

കൂടാതെ പാഡ് ഉപയോഗിച്ചുണ്ടാവുന്ന സ്കിൻ പ്രോബ്ലെംസോ ഒന്നും ഉണ്ടാവുന്നില്ലെന്നു മാത്രമല്ല ബ്ലഡ്‌ ലീക് ആവുകയുമില്ല….

കപ്പിൽ അടയാളപെടുത്തിയിരിക്കുന്ന അളവ് നോക്കിയാൽ എത്രത്തോളം രക്തം ശരീരം പുറംതള്ളുന്നുണ്ടെന്നറിയാം…

പല സൈസിലും ലഭ്യമായ ഇവ ഓൺലൈനിലും അടുത്തുള്ള മെഡിക്കൽ സ്റ്റോറിലും കിട്ടും….

അയാൾ പോസ്റ്റ് വായിച്ചു നിർത്തി

ആഹാ ഇത് കൊള്ളാമല്ലോ..പക്ഷെ ഇത് ഉള്ളതാണോ എന്നറിയണ്ടെ… അയാൾ പോസ്റ്റിന്റെ കമെന്റ്സ് വായിച്ചു നോക്കി

പല സ്ത്രീകളും അത് ഉപയോഗിച്ച ശേഷം തങ്ങൾക്ക് ഒരുപാട് മാറ്റം ഉണ്ടായെന്നും നല്ലൊരു പ്രോഡക്റ്റ് ആണെന്നും മറ്റും കമെന്റ് ഇട്ടിരിക്കുന്നതും കണ്ടപ്പോൾ അയാൾക്ക് വിശ്വാസമായി

അയാൾ യൂട്യൂബിൽ പേരടിച്ചു സെർച് ചെയ്തു നോക്കവേ…

കേരളത്തിലെ അറിയപ്പെടുന്ന ഒട്ടുമിക്ക സ്ത്രീരോഗ വിദഗ്ദ്ധരും ഇതിനെ കുറിച്ച് നല്ല അഭിപ്രായം പറയുകയും എല്ലാർക്കും സജസ്റ്റ് ചെയ്തിരിക്കുന്നതും കണ്ടു

ഇതിനെ കുറിച്ച് കുറച്ചു കൂടി നേരത്തെ അറിയേണ്ടതായിരുന്നു എന്നയാൾ മനസ്സിൽ ചിന്തിച്ചു കൊണ്ട് തന്റെ പേഴ്സ് തുറന്നു നോക്കി

ആവശ്യത്തിന് പൈസയുണ്ട്… അയാൾ വേഗം ഓഫീസിനു വെളിയിലിറങ്ങി അടുത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് നടന്നു

ഷോപ്പിലെ പെൺകുട്ടിയോട് എങ്ങനെ പറയുമെന്ന് അറിയാതെ അയാളൊന്നു പരുങ്ങി

എന്താ സാറെ വേണ്ടത് …. ആ പെൺകുട്ടി തെളിഞ്ഞ മുഖത്തോടെ അരുണിനെ നോക്കി

ഒരു മെൻസ്ട്രൽ കപ്പ്…. അരുൺ എങ്ങനെയോ പറഞ്ഞൊപ്പിച്ചു

ഏത് സൈസ് ആണ് വേണ്ടത് സാർ

അരുണിന്റെ ഓർമയിലേക്ക് നേരത്തെ വായിച്ച പോസ്റ്റ് തെളിഞ്ഞു

കാർത്തികയുടേത് സിസേറിയൻ ആയിരുന്നു…അപ്പൊ മീഡിയമെ ആവശ്യമായി വരൂ അയാൾ മനസ്സിലോർത്തു

മീഡിയം സൈസ് മതി മോളെ….

ആ പെൺകുട്ടി ഭംഗിയായി മെൻസ്ട്രൽ കപ്പിന്റെ ബോക്സ്‌ പൊതിഞ്ഞു അയാളെ ഏല്പിച്ചു

ഭാര്യക്കാവും അല്ലേ സാറെ….ഷോപ്പിലെ പെൺകുട്ടി അയാളെ നോക്കി പുഞ്ചിരിച്ചു

അതെ…. അരുണും ചിരിച്ചു

നല്ല കാര്യം സാറെ…..അരുണിന് ബാലൻസ് പൈസ കൊടുത്തു കൊണ്ട് അവൾ പറഞ്ഞു

മറുപടിയായി വീണ്ടുമൊരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു അയാൾ തിരികെ ഓഫീസിൽ എത്തി

ബാഗിൽ ബോക്സ്‌ സൂക്ഷിച്ചു എടുത്തു വെയ്ക്കവേ അയാൾക്ക് കാർത്തികയെ ഓർമ വന്നു

അവള് ഇതിനെ കുറിച്ചൊന്നും കേട്ടിട്ട് പോലുമുണ്ടാവില്ല… ആകെ അറിയുന്നത് കുറച്ചു എഴുതാനും വായിക്കാനും മാത്രം….

ഫേസ്ബുക് നോക്കാനോ മറ്റും അവൾക്കൊരു ആഗ്രഹവുമില്ല….
അല്ല ഒന്ന് നോക്കിയാൽ അത് തന്നെയാണ് നല്ലത്….

അരുൺ ചിരിയോടെ തന്റെ ജോലി തുടർന്നു

രാത്രി ഓഫീസിൽ നിന്നും വന്ന അരുണിന് കാർത്തിക ചോറ് വിളമ്പി…. ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി കിടന്ന കാർത്തികയെ അരുൺ എണീപ്പിച്ചു തന്നിലേക്ക് ചേർത്ത് പിടിച്ചു

നാളെ നിന്റെ പിറന്നാൾ അല്ലേ….. എന്റെ കാർത്തുവിന് ഞാനൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്

എന്താ ഏട്ടാ…. പുതിയ സാരിയാണോ…കാർത്തികയുടെ മുഖം തെളിഞ്ഞു

അല്ല…

പിന്നെന്തുവാ….

സാരിയെക്കാളുമൊക്കെ വിലപിടിപ്പുള്ള നിനക്ക് ഏറ്റവും നന്നായി ഉപകാരപെടുന്ന ഒന്ന്

ഒന്ന് വേഗം താ ഏട്ടാ…. കാർത്തിക ചിണുങ്ങി

അരുൺ തന്റെ ബാഗിൽ നിന്നും ആ ബോക്സ്‌ എടുത്തു അവളുടെ കയ്യിൽ കൊടുത്തു

കാർത്തിക ആകാംക്ഷയോടെ ബോക്സ്‌ തുറന്നു മെൻസ്ട്രൽ കപ്പെടുത്തു

ഇതെന്തുവാ ഏട്ടാ… അവൾ കണ്ണ് മിഴിച്ചു ഭർത്താവിനെ നോക്കി

അരുൺ ഭാര്യയെ ചേർത്ത് പിടിച്ചു കിടക്കയിൽ ഇരുന്നു താൻ വായിച്ച പോസ്റ്റിനെ കുറിച്ച് വിശദമായി അവളോട് പറഞ്ഞു… ശേഷം താൻ കണ്ട വീഡിയോസ് അവൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു

കാർത്തികയുടെ കണ്ണ് തുളുമ്പി…. അവൾ സ്നേഹത്തോടെ അയാളുടെ കയ്യിൽ ഉമ്മ വെച്ചു

എനിക്കറിയാം….. എന്റെ അരുണേട്ടന് എന്നെയും എന്റെ അവസ്ഥകളെയും മനസിലാവുമെന്ന് അതല്ലേ ഇത് എനിക്ക് വേണ്ടി വാങ്ങിയത്… കാർത്തിക വിതുമ്പി

എനിക്കും നമ്മുടെ മോൾക്കും വേണ്ടി സകല വേദനയും മറന്നു ജീവിക്കുന്ന നിനക്ക് വേണ്ടി ഞാനെന്തെങ്കിലും എന്റെ ഭാഗത്തു നിന്നും ചെയ്യണ്ടേ…ആർത്തവം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി അനുഭവിക്കാനൊന്നും പറ്റില്ലല്ലോ കാർത്തു…

അപ്പോൾ ഇങ്ങനെയെങ്കിലും നിന്നെ ഞാൻ സഹായിക്കണ്ടേ…. അരുൺ സ്നേഹത്തോടെ ഭാര്യയുടെ നെറ്റിയിൽ ചുണ്ടമർത്തി

പിന്നെ അവളുടെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു

ഇങ്ങനെ ഇരുന്നാൽ മതിയോ…. നാളെ ഞാൻ ലീവ് ആണ്…. പിറന്നാൾ ആയിട്ട് നമുക്ക് അടിച്ചു പൊളിക്കണ്ടേ… അരുൺ കുസൃതിയോടെ കാർത്തികയെ നോക്കി

വേണം….. കാർത്തിക അവന്റെ മാറിലേക്ക് ഒന്നുടെ ചേർന്നിരുന്നു

എന്നാൽ നമുക്ക് ഉറങ്ങിയാലോ….

മ്മ് ഉറങ്ങാം….

മുറിയിലെ ലൈറ്റണഞ്ഞു…..

ഭാര്യയെ മനസിലാക്കുന്ന ഭർത്താവിനെ കിട്ടുകയെന്നത് ഏതൊരു പെണ്ണിന്റെയും ഭാഗ്യമാണ്….. തനിക്ക് ആ ഭാഗ്യമുണ്ട്….. നിറഞ്ഞ മനസോടെ അരുണിന്റെ മാറിൽ തല ചേർത്ത് കാർത്തിക കണ്ണടച്ചു..

ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ ആണെങ്കിലും എന്റേതായ കുറച്ചു ഭാവനയും കൂട്ടി ചേർത്ത്,

എല്ലാ പെൺകുട്ടികൾക്കും എല്ലാ ഭാര്യമാർക്കും അവരുടെ സ്നേഹം നിറഞ്ഞ ഭർത്താക്കന്മാർക്കും വേണ്ടി എഴുതിയതാണ്…

Leave a Reply

Your email address will not be published. Required fields are marked *